കുഞ്ഞാലിയുടെ ആദ്യത്തെ ഒളിവ് ജീവിതം അവസാനിച്ചു. അതോടെ ആദ്യത്തെ ജയില്‍ ജീവിതം ആരംഭിച്ചു. ഒളിവില്‍ അന്നവും അഭയവും നല്‍കിയവരോടുള്ള നന്ദിയും കടപ്പാടും എങ്ങനെയാണ് പ്രകടിപ്പിക്കാനാവുക..? ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലും സ്വന്തം സുരക്ഷിതത്വം പോലും അപകടത്തിലാവുമെന്ന് തിരിച്ചറിഞ്ഞിട്ടും ഒരുപോറലുമേല്‍പ്പിക്കാതെ സംരക്ഷിച്ചവരെയൊക്കെ എങ്ങനെയാണ് മറക്കാനാവുക...?
ഊഹിക്കാന്‍ പോലുമാകാത്ത പ്രതികൂല സാഹചര്യത്തില്‍ നിന്നായിരുന്നു അവരതിനെല്ലാം തയ്യാറായത്.
തുറന്ന് സമ്മതിക്കാന്‍ പോലുമാകാത്ത വിഷമഘട്ടങ്ങളും ഭീതിയും അവരെ വേട്ടയാടിയിരുന്നു. ഒരു പക്ഷെ, കുടുംബത്തിന്റെ ഭാവിയെ കുറിച്ചോര്‍ത്തുകൊണ്ടുള്ള ആശങ്കയാകാം, എന്നിട്ടും അവരാരും ഒരസൗകര്യവും പ്രകടിപ്പിച്ചില്ല. മറുത്തൊരു വാക്കും പറഞ്ഞില്ല.
പുന്നപ്പാലയിലെ ഹരിജന്‍ കുഞ്ഞന് 75 വയസ്സെങ്കിലും പ്രായമുണ്ടാകും. ആ വൃദ്ധനും കുടുംബവും പോലും തങ്ങളുടെ അന്നത്തില്‍ നിന്നും ഒരു വിഹിതം തന്നു. അവര്‍ പട്ടിണിയിലായിരുന്നിരിക്കാം. എന്നിട്ടും കുഞ്ഞാലിയെ അവര്‍ പട്ടിണിക്കിട്ടില്ല. പുന്നപ്പാലയിലെ കുണ്ടണ്ണിനായര്‍, അയാളുടെ വീട്ടുകാര്‍, സി.ടി. മാധവന്‍ നമ്പൂതിരി, കെ.പി.കെ നമ്പൂതിരി, വണ്ടൂരിലെ തലാപ്പില്‍ മുഹമ്മദും കുടുംബവും, പുല്ലങ്കോട്ടുകാരന്‍ പെരുമ്പാറയില്‍ ശിവരാമന്‍ നായരും വീട്ടുകാരും, ഇതിനും പുറമെ പേരും മേല്‍വിലാസവും ഒന്നും അറിഞ്ഞു കൂടാത്ത ഒരുപാട് ഉമ്മമാര്‍, സഹോദരങ്ങള്‍.
അവരെയൊക്കെ ഓര്‍ക്കാതിരിക്കാനും മറന്ന് കളയാനുമൊന്നും കുഞ്ഞാലിക്കാവുമായിരുന്നില്ല. കൃത്യമായി ഡയറിഎഴുതുന്ന ശീലമുണ്ടായിരുന്ന കുഞ്ഞാലി അതാത് ദിവസങ്ങളില്‍ അവരെ കുറിച്ചെല്ലാം ഡയറിയില്‍ കുറിച്ചിട്ടു. അവിടെ വന്നുപെട്ട സാഹചര്യങ്ങളും അവരുമായുണ്ടായ സംഭാഷണങ്ങളും പുതിയ അനുഭവങ്ങളുമെല്ലാം വ്യക്തമായി ആ ഡയറിക്കുറിപ്പുകളില്‍ സ്ഥാനം പിടിച്ചു. ഡയറി എഴുത്ത് പണ്ടു മുതല്‍ക്കേയുണ്ടായിരുന്ന ശീലമായിരുന്നു. അന്നത്തെ ദിവസങ്ങളില്‍ ഇവരെ കുറിച്ചല്ലാതെ മറ്റാരെ പറ്റിയാണ് എഴുതുക....?
എന്നാല്‍ ആ കുറിപ്പുകള്‍ പിന്നീട് വരുത്തി തീര്‍ത്തേക്കാവുന്ന ഭവിക്ഷത്തുകളെ കുറിച്ചൊന്നും കുഞ്ഞാലി അപ്പോള്‍ ഓര്‍ത്തു പോയിരുന്നില്ല. മുന്‍കൂട്ടി പ്രവചിക്കുവാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍, സഹായിച്ചവരെ സ്‌മരിക്കുന്നത് അവര്‍ക്ക് തന്നെ അപകടമായി തീരുമെങ്കില്‍.... ആ കുറിപ്പുകളില്‍ നിന്ന് അവരുടെ പേരുകളെങ്കിലും ഒഴിവാക്കുമായിരുന്നു.
ഒഴിവു ദിനങ്ങളുടെ വ്യര്‍ഥമായ പകലുകളിലും ഉറക്കം വരാത്ത രാത്രികളിലും ഉണര്‍ന്നും ഉറങ്ങിയും പ്രവൃത്തികളില്‍ മുഴകിയും പിന്നെയും ശേഷിച്ചു പോകുന്ന സമയങ്ങളിലായിരുന്നു ഒളിവിലെ ഓര്‍മക്കുറിപ്പെഴുത്തുകള്‍ .
ഒളിവില്‍ കഴിഞ്ഞിരുന്ന പാര്‍ട്ടി സഖാക്കളെ മാത്രമായിരുന്നില്ല വേട്ടക്കിറങ്ങിയിരുന്ന പോലീസുകാര്‍ക്കു വേണ്ടിയിരുന്നത്. അവരുടെ കൈവശമുണ്ടായിരുന്ന ലഘുലേഖകളും പുസ്‌തകങ്ങളും ഡയറിക്കുറിപ്പുകളും കമ്മ്യൂണിസം എഴുതാനുപയോഗിച്ചിരുന്ന പേനപോലും വിലപ്പെട്ട രേഖകളും തൊണ്ടി മുതലുകളുമാണ്. അത് ചികഞ്ഞ് പരിശോധിക്കും. ആവശ്യമായവ ഭദ്രമായി സൂക്ഷിക്കും. ശേഷിക്കുന്നവ കത്തിച്ചു കളയുകയുമാണ് പതിവ്.
കുഞ്ഞാലിയുടെ പക്കല്‍ നിന്നും അങ്ങനെ ചില ലഘുലേഖകള്‍ പിടിച്ചെടുത്തു. പുസ്‌തകങ്ങളും ഡയറിക്കുറിപ്പുകളും കണ്ടെടുത്തു. നിയമപാലകര്‍ അവയുടെ വരികള്‍ക്കുള്ളിലേക്ക് ആഴ്‌ന്നിറങ്ങി നിരൂപണം തുടങ്ങി. വാക്കുകളിലെ ഘടനയും വാചകങ്ങളുടെ അന്തസത്തയും ചികഞ്ഞ് പോസ്റ്റുമോര്‍ട്ടം നടത്തി. അക്കൂട്ടത്തില്‍ നിന്നാണ് അഭയമേകിയവരുടെ സ്‌മരണകള്‍ നിറഞ്ഞ ഡയറിക്കുറിപ്പിലെ പേരുകളേയും വിചാരണക്കെടുത്തത്.
അത് പലര്‍ക്കു നേരെയുള്ള സാക്ഷിമൊഴികളായിരുന്നു. അവര്‍ നിയമ ലംഘനം നടത്തി എന്നതിലേക്കുള്ള കുറ്റപത്രമായിരുന്നു. ഡയറിയില്‍ എഴുതപ്പെട്ട സംഭവങ്ങളുടേയും പേരുകളുടേയും അടിസ്ഥാനത്തില്‍ പോലീസ് പിന്നീട് ഒരു പ്രത്യക്ഷ കേസ് തന്നെ ചാര്‍ജ് ചെയ്‌തു. അതായിരുന്നു കുഞ്ഞാലിയുടെ ഡയറികേസ്. ഡയറിയിലെ സംഭവങ്ങളെല്ലാം കുഞ്ഞാലി പോലീസിന് നല്‍കിയ മൊഴയായി കണക്കാക്കിയായിരുന്നു ഈ കേസ് ഫയല്‍ ചെയ്‌തത്. 83 പേരെയായിരുന്നു പ്രതി ചേര്‍ത്തിരുന്നത്.
ഏകദേശം 83 പേര്‍. അത്രയും ആളുകളുടെ പേരും വിലാസവുമേ ഡയറിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസിന് കണ്ടെത്താനായുള്ളൂ. മറ്റു പലരേയും കുറിച്ചുള്ള വിവരങ്ങള്‍ അതിലടങ്ങിയിരുന്നുവെങ്കിലും അവരെയൊന്നും കണ്ടെത്താനായില്ല. വിവരങ്ങള്‍ക്കായി പോലീസ് കുഞ്ഞാലിയെ കുറെ വിരട്ടുകയും മര്‍ദിക്കുകയും ചെയ്‌തുവെങ്കിലും ഫലമുണ്ടായില്ല. പീഡനം ശക്തമാക്കിയിട്ടും കുഞ്ഞാലിയുടെ നാവിന്‍തുമ്പില്‍ നിന്ന് ഒരൊറ്റ പേര്‌പോലും പുറത്തു വന്നില്ല. ഈ കേസില്‍ കുഞ്ഞാലിയുടെ ഉമ്മ ആയുഷുമ്മയും പ്രതിയായിരുന്നു. കുണ്ടോട്ടിയിലേയും പരിസരങ്ങളിലേയും കുഞ്ഞാലിയുടെ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളുമുണ്ടായിരുന്നു.
കേസിന്റെ വിചാരണ കോടതിയിലാരംഭിച്ചു. കുഞ്ഞാലിക്കും സംഘത്തിനും വേണ്ടി അഡ്വ. രാമസ്വാമി അയ്യരായിരുന്നു ഹാജരായിരുന്നത്. രാമസ്വാമി അയ്യരുടെ കുടില തന്ത്രങ്ങള്‍, കുഞ്ഞാലിയുടെ ബുദ്ധിപൂര്‍വ്വമായ മൊഴികള്‍, എല്ലാം കേസിന് അനുകൂലമായി തീര്‍ന്നു. പോലീസിന്റെ പക്കലായിരുന്ന ഡയറി വിചാരണ തുടങ്ങുംമുമ്പ് രാമസ്വാമി അയ്യര്‍ക്ക് തിരിച്ചു വാങ്ങാനായതും ഏറെ ഗുണമായി.
പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കു നേരെ ഉന്നയിക്കപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കുവാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. ഹാജരാക്കിയ തെളിവുകളോ എല്ലാം ദുര്‍ബലങ്ങളായിരുന്നു. അതുകൊണ്ട് മിക്ക പ്രതികളേയും കോടതി വെറുതെ വിട്ടു. കുഞ്ഞാലിയുടെ ഉമ്മ ആയിഷുമ്മക്കു മാത്രം ചെറിയ ശിക്ഷ ലഭിച്ചു. എന്നാല്‍ അവര്‍ കോടതിയില്‍ നല്‍കിയ മൊഴികളും കോടതിയോട് ചോദിച്ച ചോദ്യങ്ങളും കേട്ട് അക്ഷരാര്‍ത്ഥത്തില്‍ കോടതി നടുങ്ങിപ്പോയി.
കോടതിയില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴും അവര്‍ അല്‍പം പോലും പതറിയില്ല. വാക്കുകളില്‍ മയവും കലര്‍ത്തിയില്ല. പോലീസിന് പിടികിട്ടാപ്പുള്ളിയായിരുന്നു കുഞ്ഞാലി. അങ്ങനെയുള്ള കുഞ്ഞാലിയെ നിങ്ങള്‍ ഒളിവില്‍ പാര്‍പ്പിക്കുകയും അയാള്‍ക്ക് ചോറ് കൊടുക്കുകയും ചെയ്‌തില്ലേ...? എന്നായിരുന്നു ജഡ്‌ജിയുടെ ചോദ്യം.
തന്റെമേല്‍ ആരോപിച്ച കുറ്റമൊന്നും അവര്‍ നിഷേധിക്കാന്‍ പോയില്ല. അത് നിഷേധിക്കുവാനും ആയിശുമ്മയെ കിട്ടില്ല. ആരുടെ മുമ്പിലും പതറാതെ, ചെയ്‌ത കാര്യം എവിടെയും തുറന്ന് സമ്മതിക്കുന്നവര്‍. അവര്‍ ജഡ്‌ജിയുടെ മുമ്പില്‍ കുറ്റം ഏറ്റു പറഞ്ഞു.
അവിടെ തീര്‍ന്നില്ല.
കോടതിയാണല്ലോ എന്നൊന്നും അവര്‍ നോക്കിയില്ല. ചില കാര്യം ചോദിക്കാനുണ്ടായിരുന്നു. ചിലത് കൂടി പറയാനും. അവരത് ചോദിച്ചു. പറയാനുള്ളത് പറയുകയും ചെയ്‌തു.
അതേ ഏമാനേ... ഞാനെന്റെ മോന് ചോറും ചായയും കൊടുത്തിട്ടുണ്ട്. ഇനിയും കൊടുക്കും. എന്റെ മോന് ഞാനല്ലാതെ പിന്നെ ആരാ ചോറ് കൊടുക്ക്വാ...? പിന്നെ ഒളിവില്‍ പാര്‍പ്പിച്ചു എന്നാണ് കുറ്റമെങ്കില്‍, ആ കുറ്റവും ആയിഷുമ്മ ചെയ്‌തിട്ടുണ്ട്. ഇപ്പൊ മാത്രമല്ല. പത്തുമാസം ഞാനെന്റെ വയറ്റിലും ഓനെ ഒളിവില്‍ പാര്‍പ്പിച്ചിട്ടുണ്ട് . അതിനിനി എന്ത് ശിക്ഷയാണാവോ വിധിക്കാന്‍ പോകുന്നത്.?
ആ വാക്കുകള്‍ കേട്ട് ജഡ്‌ജി മാത്രമല്ല ഞെട്ടിത്തെറിച്ചത്. കോടതിക്കകത്തുണ്ടായിരുന്നവര്‍ അന്തംവിട്ടു പോയി. അഭിഭാഷകരും മറ്റും പൊട്ടിച്ചിരിച്ചു. വിധി കേള്‍ക്കാന്‍ തടിച്ചു കൂടിയിരുന്ന ജനസഞ്ചയം ആ മാതാവിന്റെ ധീരശബ്‌ദം കേട്ട് കോരിത്തരിച്ചുനിന്നു.
അതൊരു ചരിത്ര സംഭവമായിരുന്നു. കുഞ്ഞാലിയുടെ ജീവിതത്തിലേയും ഏറനാടന്‍ മണ്ണില്‍ കുഞ്ഞാലിയുടെ പ്രസ്ഥാനം വേരുറച്ചു പോയതിന്റേയും പിന്നിലെ സുപ്രധാനമായ ഒരു സംഭവം കൂടിയായിരുന്നു പ്രതിക്കൂട്ടില്‍ നിന്ന് ആയിഷുമ്മ കോടതിയെ വെല്ലുവിളിച്ച സംഭവം.
അടുത്ത ദിവസത്തെ പത്രങ്ങളില്‍ അതൊരു വാര്‍ത്തയായി. അങ്ങനെ കുഞ്ഞാലിയുടെ മാതാവിന്റെ ശബ്‌ദം ലോകം മുഴക്കെ കേട്ടു. അവര്‍ കോടതിയേയും പോലീസുകാരെയും വെള്ളം കുടിപ്പിച്ച സംഭവത്തെ മാക്‌സിം ഗോര്‍ക്കിയുടെ `അമ്മ' എന്ന നോവലിലെ കഥാപാത്രമായ പാവേലിന്റെ വിഖ്യാതമായ അമ്മയോട് പോലും ഉപമിച്ചു പത്രങ്ങള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ