13/2/11

സൗമ്യ...... ആ കുപ്പിവളയോടൊപ്പം വീണുടഞ്ഞത്‌









ശരീരത്തില്‍ ചെറുതും വലുതുമായ നൂറോളം മുറിവുകള്‍. കൊഴിഞ്ഞുവീണത്‌ ഏഴ്‌ പല്ലുകള്‍. തലയോട്ടിയും താടിയെല്ലുകളും പൊട്ടിയിരുന്നു. മരണവെപ്രാളത്തില്‍ പിടയുമ്പോഴും അബോധാവസ്ഥയിലുമായി പ്രതി രണ്ടുതവണയാണ്‌ സൗമ്യയെ പീഡിപ്പിച്ചത്‌.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌

ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷക്കായി കൂടുതല്‍ സംസ്ഥാന പോലീസിനെ നിയോഗിക്കും. വൈകീട്ട്‌ ഏഴിന്‌ ശേഷം എല്ലാ പാസഞ്ചര്‍ ട്രെയിനിലും സംസ്ഥാന പോലീസിന്റെ സാന്നിധ്യം. എല്ലാ യാത്രാ വണ്ടികളിലും വൈകീട്ട്‌ ആറിനുശേഷം ആര്‍ പി എഫിന്റെ സേവനം. വൈകീട്ട്‌ ആറിനുശേഷം സ്‌ത്രീകളെ ആരെയും ഒറ്റക്ക്‌ യാത്രചെയ്യാന്‍ അനുവദിക്കില്ല. വനിതാ കമ്പാര്‍ട്ടുമെന്റ്‌ മധ്യഭാഗത്തേക്കുമാറ്റും.
റെയില്‍വേ ഉന്നതയോഗ തീരുമാനം


ഇങ്ങനെ എന്തെല്ലാം തീരുമാനങ്ങള്‍. പ്രഖ്യാപനങ്ങള്‍. നാടുമുഴുവന്‍ ഉയരുന്നു പ്രതിഷേധത്തിന്റെ അലമുറകള്‍. സൗമ്യ.
ഇതെല്ലാം നിന്റെ ജീവന്റെ വിലയാണ്‌. നിന്റെ മാനത്തിന്‌ അധികൃതര്‍ ഇടുന്ന വിലയാണ്‌. ഒരുകുടുംബത്തിന്റെ സ്വപ്‌നങ്ങളുടെയും പ്രതീക്ഷകളുടെയും ആകെത്തുകയാണ്‌. ശരീരത്തിലെ ഓരോ മുറിവുകളില്‍ നിന്നും ചോരകിനിയുമ്പോഴും നീ കുടിച്ചുവറ്റിച്ച വേദനയുടെ കടലുകളെക്കുറിച്ച്‌ സങ്കല്‍പ്പിക്കുവാന്‍ പോലുമാകുന്നില്ല. പ്രാണനുവേണ്ടി നിലവിളിക്കുമ്പോഴും നിന്നെ പ്രാപിച്ചുകൊണ്ടേയിരുന്ന ആ മനുഷ്യമൃഗവും പിറന്നത്‌ ഒരുമനുഷ്യനായിട്ടാണല്ലോ.. അതുകൊണ്ട്‌, പ്രിയപ്പെട്ട സഹോദരീ മാപ്പ്‌...

ചരക്ക്‌ കൂലിയും യാത്രാക്കൂലിയും വര്‍ധിപ്പിക്കാതെ ലാലു പ്രസാദ്‌ യാദവ്‌ റെയില്‍വേ മന്ത്രിയായിരിക്കെ പ്രഖ്യാപിച്ച സ്വപ്‌ന പദ്ധതികളെന്തൊക്കെയായിരുന്നു. ലാലുമാജിക്കെന്ന്‌ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച പദ്ധതികള്‍ക്ക്‌ ശേഷവും പ്രഖ്യാപനങ്ങളും പദ്ധതികളും മലവെള്ളംപോലെ വന്നു. എന്നാല്‍ അവയില്‍ ഏതെല്ലാം യാഥാര്‍ഥ്യമായി...? ഒരുകാര്യം വ്യക്തമായി തിരിച്ചറിയുന്നു. ട്രെയിനുകളില്‍ യാത്രചെയ്യുന്ന മനുഷ്യ ജീവന്റെ സുരക്ഷിതത്വത്തിന്‌ ഇന്ത്യന്‍ റെയില്‍വേ പുല്ലുവില പോലും കല്‍പ്പിച്ചിരുന്നില്ലെന്ന്‌. അതിന്‌ വേണ്ടി ഒരുപദ്ധതിയും നടപ്പാക്കിയിട്ടുമുണ്ടായിരുന്നില്ല.

അതെല്ലാവരെയും ഓര്‍മിപ്പിക്കാന്‍ മഹാകവി വള്ളത്തോളിന്റെ സമാധി സ്ഥലത്തു നിന്നുതന്നെ ഒരു രക്തസാക്ഷി പിറക്കേണ്ടിവന്നു. മറക്കാതിരിക്കാം നമുക്ക്‌ ആ പെണ്‍കുട്ടിയുടെ ദുര്യോഗം. നാണക്കേടോര്‍ത്ത്‌ ശിരസ്‌ കുനിക്കാം മലയാളികള്‍ക്കൊന്നടങ്കം. ജീവിതംകൊണ്ട്‌ കുടുംബത്തിനും മരണം കൊണ്ട്‌ സമൂഹത്തിനും വെളിച്ചം വിതറി അകാലത്തില്‍ അണഞ്ഞ ആ പെണ്‍കുട്ടി ഒരു പ്രതീകം മാത്രമാണ്‌. നിഷ്‌ഠൂര കരങ്ങള്‍ കശക്കിയെറിഞ്ഞ നിര്‍മലപുഷ്‌പത്തിനാണ്‌ കേരളം മുഴുവന്‍ ഹൃദയാഞ്‌ജലി അര്‍പ്പിച്ചത്‌. അരവയറൂണിന്റെ സമൃദ്ധിയെക്കുറിച്ച്‌ മാത്രം സ്വപ്‌നംകണ്ട്‌ കുടുംബത്തിന്‌ താങ്ങാകാന്‍ തൊഴില്‍തേടിപോയവളുടെ ദുരന്തമുഖവുമായി ഇനിയെങ്കിലും മറ്റൊരു സൗമ്യ ഉണ്ടാവാതിരിക്കുമോ...? 


പുതിയൊരു ജീവിതത്തിലേക്ക്‌ തിരികെയെത്തുന്നതും കാത്തിരുന്നവരുടെ മുന്നിലേക്ക്‌ മരണത്തിന്റെ കോടിപുതച്ച്‌ അവള്‍ കടന്നുവന്നത്‌ നമ്മെ പലതും ഓര്‍മിപ്പിക്കാനായിരുന്നു. അവഗണനയുടെ പാളങ്ങളില്‍ പൊലിയാന്‍ ഇനിയും ഒരുപാട്‌ സൗമ്യമാരുണ്ടെന്ന പാഠം ഉണര്‍ത്താനായിരുന്നു.
ട്രെയിന്‍ യാത്ര ഭീതിതമായ സമീപകാലത്തിന്റെ ആകുലതകള്‍ ചാലിച്ചെടുത്ത്‌ ഒരു മാസിക പുറത്തിറക്കാന്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള തീവണ്ടിയാത്രക്കാരുടെ കൂട്ടായ്‌മ ഒരുങ്ങുകയാണ്‌.അതിന്‌ അവരെ പ്രേരിപ്പിച്ചതും സൗമ്യമാരുടെ ദാരുണാനുഭവങ്ങള്‍ തന്നെയാണ്‌.
ഓഫീസ്‌-വീട്‌ എന്ന രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനുള്ള പരക്കംപാച്ചിലിനിടയില്‍ സഹയാത്രികന്റെ വേദനകളും ദുഖങ്ങളും ശ്രദ്ധിക്കാതെ പോകുന്നു ട്രെയിന്‍ യാത്രക്കാര്‍ പലപ്പോഴും. മനസ്സിലെ ആര്‍ദ്രത വരണ്ടുപോകാതെകാക്കാന്‍ സര്‍ഗാത്മകതയെ തൊട്ടുണര്‍ത്താനാണ്‌ ഈ കൂട്ടായ്‌മയുടെ ശ്രമം. എന്‍ കെ മുരളി, ജി ശ്രീകാന്ത്‌, വിജീഷ്‌ കക്കാട്ട്‌, തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ ഈ കൂട്ടായ്‌മക്ക്‌ നേതൃത്വം നല്‍കുന്നത്‌.

ഇന്ത്യയിലോടുന്ന പതിനൊന്നായിരത്തി നാനൂറ്‌ ട്രെയിനുകളില്‍ 180 ലക്ഷം മനുഷ്യരാണ്‌ പ്രതിദിനം യാത്രചെയ്യുന്നത്‌. അവരില്‍ പകുതിയും സ്‌ത്രീകളാണ്‌. ആണുങ്ങളില്ലാത്ത വീടുകള്‍, ആണുങ്ങളുണ്ടായിട്ടും സ്‌ത്രീകള്‍ക്ക്‌ കുടുംബം പുലര്‍ത്തേണ്ടി വരുന്ന സാഹചര്യം നിലനില്‍ക്കുന്നവര്‍, ഉദ്യോഗസ്ഥകള്‍, നിത്യവൃത്തിക്കു ഗതിയില്ലാത്തവര്‍, ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കപ്പെട്ടവര്‍, വിദ്യാര്‍ഥിനികള്‍ ഇങ്ങനെ ജീവിതം കരുപ്പിടിപ്പിക്കുവാനായി കൂടുവിട്ടു പോകേണ്ടിവരുന്ന പെണ്‍ജന്മങ്ങള്‍ക്കുകൂടിയുള്ള യാത്രാവാഹനമാണല്ലോ ട്രെയിന്‍.


അടുത്ത ദേശത്തേക്ക്‌, അയല്‍ സംസ്ഥാനത്തേക്ക്‌, അന്നവും അറിവുംതേടിയുള്ള സ്‌ത്രീകളുടെ ഒഴുക്ക്‌ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. യാത്രയില്‍ അവര്‍ എത്രമാത്രം സുരക്ഷിതരാണ്‌ എന്നതിനുള്ള ഉത്തരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതോ ഇത്തരത്തിലാണ്‌. സൗമ്യക്ക്‌ അന്ത്യയാത്ര നല്‍കിയ പത്രവാര്‍ത്തകള്‍ക്കിടയില്‍ നിന്നും പിന്നെയും കണ്ടു യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാട്ടാളന്റെ ചിത്രം. തമിഴ്‌നാട്‌ സ്വദേശി തന്നെയായിരുന്നു പ്രതിപ്പട്ടികയില്‍. ഇവരെല്ലാം ആയിരത്തിലൊരുവളുടെ പ്രതിനിധികളാണ്‌. നിത്യവും ട്രെയിന്‍യാത്രക്കിടയിലെ പീഡനങ്ങളും അവഗണനകളും നിശബ്‌ദം ഏറ്റുവാങ്ങേണ്ടിവരുന്നവരുടെ സഹയാത്രികര്‍.
തീവണ്ടിയാത്ര മലയാളിക്കിന്ന്‌ പേടി സ്വപ്‌നമായി മാറിയിരിക്കുന്നു. ഓരോ ചൂളം വിളിക്കൊപ്പവും അപായത്തിന്റെ സിഗ്നല്‍ മുഴങ്ങുന്നു. ജനറല്‍ കമ്പാര്‍ട്ടുമെന്റുകളിലേയും ലേഡീസ്‌ കമ്പാര്‍ട്ടുമെന്റുകളിലേയും ദുരന്ത നിലവിളികളാണ്‌ കൂടുതലായി ഉയര്‍ന്ന്‌ കേള്‍ക്കുന്നത്‌. മലയാളികളുടേതടക്കമുള്ള യാത്രക്കാരുടെ സ്വാര്‍ഥതയും ക്രൂരതയും കാണണമെങ്കിലും തീവണ്ടികളിലെത്തിയാല്‍മതി. സീറ്റിനുവേണ്ടിയുള്ള തര്‍ക്കങ്ങള്‍ മുതല്‍ തുടങ്ങുന്നു സംഘര്‍ഷങ്ങളിലേക്കുള്ള വഴികള്‍. തരംകിട്ടിയാല്‍ സ്‌ത്രീകളെ ഉപദ്രവിക്കാനും ദേഹത്ത്‌ മുട്ടാനും തുനിയുന്ന ഞരമ്പുരോഗികളുടെ ഇഷ്‌ടതാവളം കൂടിയാണിവിടം. എപ്പോഴും കാണുന്ന കാഴ്‌ചകള്‍. 




ഓരോ തീവണ്ടിയാത്രയിലും ശ്രദ്ധിക്കുക. യാത്ര അവസാനിക്കുന്നതിനിടയില്‍ എത്രയോ ഗോവിന്ദ സ്വാമിമാരെ കണ്ടുമുട്ടുന്നു. ദൈന്യത നിറഞ്ഞ നോട്ടവുമായിയെത്തുന്നവര്‍ക്ക്‌ പകല്‍ സമയത്ത്‌ യാചകരുടെ മുഖമാണെങ്കില്‍ രാത്രിയില്‍ കവര്‍ച്ചക്കാരന്റേതാകുന്നു. പിടിച്ചുപറിയും മാനഭംഗവും സ്ഥിരമാക്കിയ വേറൊരുവിഭാഗം. ടിക്കറ്റില്ലായാത്രയുടെ സുഖം അനുഭവിക്കുന്ന മറ്റൊരുകൂട്ടര്‍. വ്യത്യസ്‌തമുഖങ്ങളാണവര്‍ക്ക്‌. തരംകിട്ടിയാല്‍ അവര്‍വേട്ടക്കാരാവും. തക്കംപാര്‍ത്തിരിക്കുന്നവര്‍ക്ക്‌ മുമ്പിലേക്ക്‌ അറിയാതെ ഇരകള്‍ എത്തിപ്പെടുന്നു. ട്രെയിനുകള്‍ ക്രിമിനലുകളുടെ അധോലോകങ്ങളാവുന്നതിനുള്ള പശ്ചാത്തല സൗകര്യം എല്ലായിടത്തുമുണ്ട്‌.


ഇന്ത്യയിലോടുന്ന പതിനൊന്നായിരത്തി നാനൂറ്‌ ട്രെയിനുകളില്‍ 2200 വണ്ടികളില്‍ മാത്രമെ പേരിനെങ്കിലും സുരക്ഷാ ജീവനക്കാരുള്ളൂ എന്നതുതന്നെയാണിവരെ സന്തുഷ്‌ടരാക്കുന്നത്‌. മോഷണത്തിന്‌ സുരക്ഷിതമായ ട്രെയിനുകളെക്കുറിച്ചും ഇവര്‍ക്കറിയാം. കഴിഞ്ഞവര്‍ഷം മാത്രം 28 കൊലപാതകങ്ങളാണ്‌ ട്രെയിന്‍യാത്രക്കിടെ ഉണ്ടായത്‌. 2009ല്‍ 280 കൊള്ളകള്‍ക്കും തീവണ്ടികളുടെ അകത്തളങ്ങള്‍ സാക്ഷിയായി. 2010ല്‍ ആ കണക്കും പഴങ്കഥയായി. 350ലാണത്‌ നിന്നത്‌. ഈ ക്രിമിനലുകളൊക്കെ എന്തുകൊണ്ട്‌ ട്രെയിനുകളെ അവരുടെ വിളനിലമാക്കി മാറ്റുന്നു എന്നതിന്‌ കാരണം തിരയേണ്ടതുണ്ടോ...?
മരണമുഖത്തേക്ക്‌ രണ്ടുപേര്‍ ചാടിയെന്ന്‌ തീര്‍ച്ചയായിട്ടും ചെയിന്‍ വലിക്കാന്‍ ഒരുങ്ങാതെ ഷൊര്‍ണൂര്‍ പാസഞ്ചറിലെ ആ യാത്രക്കാരന്‍ സ്വാര്‍ഥതയുടെ വൈകൃതമുഖമാണ്‌ വ്യക്തമാക്കി തന്നത്‌. എന്തിന്‌ വെറുതെ വയ്യാവേലിയെന്നാണ്‌ അയാള്‍ചിന്തിച്ചത്‌. ചങ്ങലവലിച്ച്‌ ട്രെയിന്‍ നിര്‍ത്തിയാല്‍ പിന്നെ ഇന്ന്‌ വീട്ടിലെത്തുകയുണ്ടാകില്ലെന്ന്‌ മറ്റൊരാളും ഓര്‍മിപ്പിച്ചതോടെയാണ്‌ മനുഷ്യപ്പറ്റില്ലാത്ത മലയാളി മനസിന്റെ ഭീഭത്സമുഖം അനാവൃതമായത്‌. പ്രതികരണശേഷി ഏറെയുണ്ടെന്നഹങ്കരിക്കുന്ന മലയാളികള്‍ തന്നെയാണ്‌ പലപ്പോഴും അനാസ്ഥയുടെ ദുര്‍മുഖങ്ങള്‍ പ്രകടിപ്പിക്കുന്നത്‌. 



~~ഒരു സംഭവമുണ്ടാകുമ്പോഴും അത്‌ വാര്‍ത്താപ്രാധാന്യം നേടുമ്പോഴും മാത്രം ഉണരുകയും വാചാലരാകുകയും ചാനല്‍ ചര്‍ച്ചകളില്‍ പടരുകയും ചെയ്യുന്ന മലയാളികള്‍ രണ്ടുദിവസത്തിനപ്പുറത്തേക്ക്‌ ആയുസില്ലാത്ത ആ സംഭവത്തെ വിസ്‌മരിക്കുന്നതും എത്രപ്പെട്ടന്നാണ്‌.
~~
~2008ല്‍ 20000 കോടി രൂപയായിരുന്നു ഇന്ത്യന്‍ റെയില്‍വേയുടെ ലാഭം. റെയില്‍വേ ലൈനുകളുടെ നീളത്തില്‍ ലോകരാഷ്‌ട്രങ്ങളില്‍ നാലാംസ്ഥാനമാണ്‌ ഇന്ത്യക്കുള്ളത്‌. യു എസ്‌ എ, യു എസ്‌ എസ്‌ ആര്‍, കാനഡ എന്നീ രാഷ്‌ട്രങ്ങള്‍ക്കു താഴെയാണ്‌ ഇന്ത്യ നിലകൊള്ളുന്നത്‌. ചെലവ്‌ കുറഞ്ഞ വിമാനകമ്പനികളോട്‌ മത്സരിക്കേണ്ടിവന്നിട്ടും യാത്രക്കാരുടെ എണ്ണത്തില്‍ അന്‍പത്‌ ശതമാനത്തിന്റെ വര്‍ധന. ചരക്കു കടത്തിലും ഗണ്യമായ മാറ്റം. ഇതെല്ലാം യാത്രക്കാരെ പിഴിഞ്ഞോ അമിതചാര്‍ജ്‌ ഈടാക്കിയോ ആയിരുന്നില്ല. അവരുടെ കൈയടി നേടുന്നനിലയിലും റെയില്‍വേയുടെ തന്നെ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയുമായിരുന്നു. അവഗണനയുടെ കൈപ്പുനീര്‌ മാത്രം പങ്കുപറ്റാറുള്ള കേരളത്തിനും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചും നടപ്പാക്കിയും റെയില്‍വേ മുഖം മിനുക്കികൊണ്ടേയിരിക്കുന്നുണ്ട്‌. 


എന്നാല്‍ അവയില്‍ യാത്രചെയ്യുന്നവരുടെ ജീവന്‌ യാതൊരുസുരക്ഷിതവും ഇല്ലെന്ന്‌ വന്നാല്‍....?രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയെ യാത്രാ ഉപാധിയാക്കുന്നവരുടെ ജീവന്‍ എല്ലായ്‌പ്പോഴും ദുരന്തമുഖത്താണെന്ന്‌ വന്നാല്‍... അതെത്രത്തോളം ഭീതിജനകമാണ്‌..?

നമ്മുടെ വിമാനത്താവളങ്ങളിലൂടെ എന്തുകൊണ്ടാണ്‌ ക്രിമിനലുകള്‍ക്ക്‌ കയറിപറ്റാന്‍ സാധിക്കാത്തത്‌...? അവിടെ ഏര്‍പ്പെടുത്തുന്ന സുരക്ഷിതത്വം പോലെ എന്തുകൊണ്ട്‌ റെയില്‍വേ സ്‌റ്റേഷനുകളിലും കര്‍ശനമാക്കികൂടാ. അപകടവും ദുരന്തങ്ങളും എപ്പോഴും പടികടന്നുവരാം. രാജ്യത്തിന്റെ ക്രമസമാധാനനില മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ മാത്രമെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ചിന്തയും ജാഗ്രതയും ചര്‍ച്ചയും ഉണ്ടാകാന്‍ പാടൊള്ളൂ എന്നുണ്ടോ...? 


മുമ്പ്‌ തീവ്രവാദികളുടെ ഭീഷണി നിലനിന്ന സമയത്ത്‌ ഓരോ റെയില്‍വേ സ്റ്റേഷനുകളും സുശക്തമായിരുന്നു. ഓരോയാത്രക്കാരനേയും ദേഹപരിശോധന നടത്തിയായിരുന്നു അകത്തേക്ക്‌ കടത്തിവിട്ടിരുന്നത്‌. ഈ സംവിധാനം എപ്പോഴും തുടരേണ്ടതില്ലെ.... ടിക്കറ്റില്ലായാത്രികരെ കണ്ടെത്തുന്നതിനും രാജ്യദ്രോഹികളെയും തസ്‌ക്കരരേയും പിടികൂടുന്നതിനും യാത്രക്കാര്‍ക്ക്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ചും ഗൗരവമായി ആലോചിക്കേണ്ടതുണ്ട്‌.


ഇലക്ഷന്‍ കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡോ മറ്റു രേഖകളോ നിര്‍ബന്ധമാക്കുന്നതും നല്ലതായിരിക്കും. വിമാന സര്‍വീസ്‌ പോലെ തന്നെ പ്രധാനപ്പെട്ടതാണ്‌ തീവണ്ടിയാത്രയും. യാത്രക്കാരുടെ ബാഹുല്യം ചൂണ്ടിക്കാണിച്ചും ടിക്കറ്റ്‌ നിരക്കിന്റെ വലിപ്പചെറുപ്പത്തെ താരതമ്യം ചെയ്‌തും യാത്രക്കാരുടെ ജീവന്‍കൊണ്ട്‌ പന്താടാന്‍ ഇനിയും അനുവദിക്കാനാവില്ല. കാരണം ഇന്ത്യന്‍ റെയില്‍വേ എന്നത്‌ വിമാനക്കമ്പനികളെ പോലെ യാത്രക്കാരെ പിഴിയാനുള്ളതല്ലല്ലോ...
ഷൊര്‍ണൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പിടിയിലായ പ്രതി ഒരു തനി ക്രിമിനലാണ്‌. അയാളുടെ പ്രവൃത്തികള്‍ അത്‌ സാക്ഷ്യം വഹിക്കുന്നു. ഇങ്ങനെയൊരു കുറ്റകൃത്യം നടത്തിയിട്ടും ഒരുകുറ്റബോധം പോലും അയാള്‍ക്കില്ലെന്നതാണ്‌ പത്രവാര്‍ത്തകള്‍. ജനസംഖ്യയിലെ പത്തുശമാനം ആളുകള്‍ കുറ്റവാസനയുള്ളവരാണ്‌. ഇവരെ തിരിച്ചറിയാനോ ഇവരിലെ മനുഷ്യമൃഗത്തെ കണ്ടെത്താനോ ശാസ്‌ത്ര സംവിധാനങ്ങള്‍ക്കോ മനുഷ്യര്‍ക്കോ കഴിയുന്നില്ല. ഏതുതരം മാനസിക രോഗമായാലും അത്‌ തിരിച്ചറിയപ്പെടുന്നു. അവയ്‌ക്ക്‌ ചികിത്സയും നിലവിലുണ്ട്‌. എന്നാല്‍ ഇത്തരക്കാരെ തിരിച്ചറിയാന്‍ കഴിയില്ല. ഈ സൈക്കോപതിക്ക്‌ പെഴ്‌സണാലിറ്റിയുള്ളവരെ കയറൂരി വിട്ടിരിക്കുന്നതിനാല്‍ ഇവരിവിടെ കുറ്റകൃത്യങ്ങള്‍ ചെയ്‌തുകൊണ്ടേയിരിക്കുന്നു. ഇവരുടെ പെരുമാറ്റ രീതികള്‍ തന്നെ വിചിത്രമാണ്‌. ചിലര്‍ പോലീസ്‌ പിടിയിലാകുന്നതോടെ ആത്മഹത്യക്കുവരെ ശ്രമിക്കുന്നു. ചെയ്യുന്നത്‌ തെറ്റാണെന്ന തോന്നലെ ഇവര്‍ക്കില്ല. അവര്‍ക്കിടയിലേക്ക്‌ അറിയാതെ ഇരകളുമെത്തിപ്പെടുമ്പോള്‍ ലൈംഗിക പീഡനങ്ങളും പിടിച്ചുപറിയും ഉണ്ടാകുന്നു. ഇവര്‍ക്ക്‌ കുറ്റബോധമില്ല. കടുത്ത ശിക്ഷാവിധികള്‍ കൊണ്ട്‌ ഇത്തരം ക്രിമിനലുകളെ തിരുത്താനുമാവില്ല.സ്വയം ഓരോരുത്തരും ജാഗ്രത പാലിക്കുകയേ മാര്‍ഗമുള്ളൂ. അവനവന്‌ വരാതെ നോക്കുകയേ പരിഹാരവുമുള്ളൂ.
ട്രെയിനുകളില്‍ നിന്ന്‌ യാചകരേയും പിടിച്ചുപറിക്കാരെയും മറ്റും ഉന്മൂലനം ചെയ്യുകയാണ്‌ പ്രധാനമായും ചെയ്യേണ്ടത്‌. അതില്ലാത്തിടത്തോളം കാലം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടും. തീവണ്ടിക്കുള്ളിലും പാളങ്ങളിലും പൊലിയുന്നവരുടെ അംഗസംഖ്യ കൂടും. തീവണ്ടികളിലെ യാത്ര ഒഴിവാക്കാനാവില്ല. എങ്കിലും സ്‌ത്രീകള്‍ ഒഴിവാക്കാനാവാത്തപ്പോള്‍ മാത്രം നടത്തുന്ന ആ യാത്രയില്‍ വേണ്ടപ്പെട്ടവരെ കൂടെ കൂട്ടുക. ഒറ്റക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കുക തന്നെവേണം. ചികിത്സിച്ച്‌ ഭേദമാക്കുന്നതിനേക്കാള്‍ നല്ലത്‌ അസുഖം തന്നെ വരാതെ നോക്കുന്നതല്ലെ.....?

3 അഭിപ്രായങ്ങൾ:

  1. അതെ ...താങ്കള്‍ പറയുന്നപോലെ ടിക്കറ്റിന്റെ വലിപ്പ ചെറുപ്പം നോക്കാതെയുള്ള സുരക്ഷിത നടപടികള്‍ ആണ് ആവശ്യം..

    ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  2. വായിച്ചു എന്താ പറയേണ്ടത് .ഈ സുരക്ഷ കാണിക്കലും അഭിപ്രായം പറച്ചിലുമൊക്കെ ഏതെങ്കിലും സംഭവം നടന്ന് കുറച്ചു ദിവസങ്ങൾ മാത്രമെ ഉണ്ടാകൂ .പത്രങ്ങൾക്കും മാധ്യമങ്ങൾക്കും ഒരാഴ്ച കുശാൽ നഷ്ട്ടം കുടുംബക്കാർക്കു മാത്രം.. താങ്കൾ പറഞ്ഞ പോലെ അവനവന്‌ വരാതെ നോക്കുകയേ പരിഹാരവുമുള്ളൂ.
    ദൈവം കാത്തുരക്ഷിക്കട്ടെ..

    മറുപടിഇല്ലാതാക്കൂ
  3. രാഷ്ട്രീയ പാർട്ടിക്കാർ ചൂണ്ടിക്കാണിക്കുന്നവരെ ഭരണത്തിലേക്കയക്കുന്ന നമ്മളും ഈ അവസ്ഥക്കുത്തരവാദികളാണ്... വിവേകവും, ബുദ്ധിയും,ഓർമയും നശിച്ച നമ്മുടെ നേതാക്കന്മാർ ഭരിക്കുമ്പോൾ നമ്മുടെ നാടിനൊരു മാറ്റം വളരെ വിദൂരത്താണ്.......................

    മറുപടിഇല്ലാതാക്കൂ