21/5/11

ജയിലിലും ജ്വലിക്കുന്ന ശൗര്യം ക ഞ്ഞാലിയുടെ ജീവിതകഥ ഒമ്പത്‌


കുഞ്ഞാലിയും സഹപ്രവര്‍ത്തകരുമാണ്‌ ഒന്നിച്ച്‌ അറസ്റ്റിലായിരിക്കുന്നത്‌. കരുവാരക്കുണ്ടില്‍ വെച്ചായിരുന്നു സംഭവം. വാര്‍ത്ത ഏറനാട്ടിലെങ്ങും പരന്നു. തരിശ്‌ പ്രക്ഷോഭം കിഴക്കന്‍ ഏറനാടിനെ ഇളക്കിമറിച്ച സമയമാണ്‌. കുഞ്ഞാലിയുടെ സാന്നിധ്യവും നേതൃത്വവും ആ മണ്ണില്‍ കൂടുതല്‍ ആവശ്യമായി വന്ന സമയം. സമരത്തെ കരുത്തുറ്റതാക്കുന്നതില്‍ വലിയ പങ്ക്‌ വഹിച്ചിരുന്ന 13 പ്രവര്‍ത്തകരും അറസ്റ്റിലായിരിക്കുന്നു.
സമര രംഗത്ത്‌ ഉറച്ചു നില്‍ക്കുന്നവരുടെ ആത്മവിശ്വാസം ചോരാന്‍ ഇതിലപ്പുറമെന്ത്‌ വേണം? ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെല്ലാം വ്യര്‍ഥമായേക്കാം. ഭൂവുടമകള്‍ക്കും പോലീസിനും സമരക്കാരെ ആട്ടിയകറ്റാനും സമരത്തെ പരാജയപ്പെടുത്താനും പറ്റിയ അവസരം. പക്ഷെ പാടില്ല. ഇതുവരെ നടത്തിയ മുന്നേറ്റങ്ങളൊന്നും വെറുതെയായിക്കൂടാ... കര്‍ഷകര്‍ അനുഭവിച്ച മര്‍ദനങ്ങള്‍ക്കൊന്നും ഫലമില്ലാതിരുന്നുകൂടാ.
കുഞ്ഞാലിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്ന കാര്യമായിരുന്നുവത്‌. തന്റെ അറസ്റ്റോ പാര്‍ട്ടി പ്രവര്‍ത്തകരുടെ അസാന്നിധ്യമോ ഒന്നും സമരത്തെ ബാധിക്കരുത്‌. പകരം കരുത്തരായ ആളുകളെ നേതൃസ്ഥാനത്തേക്കയക്കണം. കുഞ്ഞാലി പാര്‍ട്ടി നേതൃത്വത്തിന്‌ രഹസ്യ സന്ദേശങ്ങള്‍ കൈമാറി. തന്റെ അറസ്റ്റിനെക്കുറിച്ച്‌ ഭയപ്പെടേണ്ടെന്നും അയാള്‍ പാര്‍ട്ടിപ്രവര്‍ത്തകരെയും അറിയിച്ചു.
അപ്രതീക്ഷിതമായിരുന്നു പോലീസ്‌ വന്നു വളഞ്ഞത്‌. കരുവാരകുണ്ടിലെ പുല്‍വെട്ടയില്‍വെച്ചായിരുന്നുവത്‌. ഒരു സൂചനപോലും അവര്‍ക്കു ലഭിക്കുകയുണ്ടായില്ല. എങ്കില്‍ കുഞ്ഞാലിയെ എങ്കിലും രക്ഷപ്പെടുത്താന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിക്കുമായിരുന്നു. ജയില്‍ കുഞ്ഞാലിക്ക്‌ പുത്തരിയല്ല. ഒളിവ്‌ ജീവിതവും. പോലീസിന്റെ കണ്‍വെട്ടത്ത്‌ പോലും വരാതെയും അവരുടെ കയ്യൊതുക്കത്തിലെത്തിയിട്ടും പിടികൊടുക്കാതെയും ഇതിനുമുമ്പും അയാള്‍ കടന്നു കളഞ്ഞിട്ടുണ്ട്‌. ജയിലിലായാലും ഒളിവിലായാലും ഒതുങ്ങിക്കഴിയുന്ന പതിവൊന്നും കുഞ്ഞാലിക്കില്ല. അതിനയാള്‍ക്കാവുകയുമില്ല. 


അറസ്റ്റ്‌ ചെയ്യപ്പെട്ട കുഞ്ഞാലിയേയും സഹപ്രവര്‍ത്തകരേയും കൈവിലങ്ങുകള്‍ അണിയിക്കുവാനായിരുന്നു പോലീസിന്‌ തിടുക്കം. അത്‌ രാഷ്‌ട്രീയ വിദ്വേഷത്തിന്റെ പേരില്‍ പോലീസിനുണ്ടായിരുന്ന ആവേശമായിരുന്നു. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെപോലും കയ്യാമം വെക്കാതിരുന്ന കാലമായിരുന്നുവത്‌. അപ്പോഴാണ്‌ രാഷ്‌ട്രീയ കുറ്റത്തിന്‌ പിടിയിലായ കുഞ്ഞാലിയേയും സഹപ്രവര്‍ത്തകരേയും വിലങ്ങണിയിച്ചേ അടങ്ങൂ എന്ന്‌ ചില പോലീസുകാര്‍ വാശിപിടിച്ചത്‌.
അതിനെ അംഗീകരിക്കാന്‍ കുഞ്ഞാലി ഒരുക്കമായില്ല. അയാള്‍ പോലീസുകാരോട്‌ കയര്‍ത്തു. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന്‌ പോലീസ്‌ സ്റ്റേഷനകത്ത്‌ മുദ്രാവാക്യം വിളിച്ചു. പോലീസുകാര്‍ ബൂട്ടണിഞ്ഞ കാലുകള്‍കൊണ്ട്‌ കുഞ്ഞാലിയുടെ നെഞ്ചില്‍ ചവിട്ടി. ഒരു പോലീസുകാരന്‍ തോക്കിന്റെ പാത്തികൊണ്ടിടിച്ചു. മറ്റു സുഹൃത്തുക്കളെയും ചവിട്ടിതേച്ചു. ചിലര്‍ ചോര തുപ്പി. അപ്പോഴും മുദ്രാവാക്യ വിളികള്‍ ഉയര്‍ന്നു. 


? ഒച്ച ഉച്ചത്തിലായി. അടിയുടെ ബഹളവും മുദ്രാവാക്യങ്ങളുടെ മുഴക്കവും പുറത്തേക്ക്‌ അലയടിച്ചെത്തി. പുറത്ത്‌ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും തടിച്ചുകൂടി. രംഗം വഷളാകുമെന്ന്‌ കണ്ടപ്പോള്‍ മാത്രമാണ്‌ പോലീസുകാര്‍ മര്‍ദനം നിര്‍ത്തിയത്‌. കയ്യാമം വെക്കാനുള്ള തീരുമാനവും കുഞ്ഞാലിയുടെ ഇച്ഛാശക്തിക്കുമുമ്പില്‍ ഉപേക്ഷിക്കേണ്ടി വന്നു.
അന്‍പതുകളുടെ പോലീസ്‌ ലോക്കപ്പ്‌. അത്‌ കമ്മ്യൂണിസ്റ്റുകാരുടെ ശവപ്പറമ്പായിരുന്നു. പോലീസ്‌ പീഡനപര്‍വം കഴിഞ്ഞിറങ്ങുന്ന ശരീരങ്ങളില്‍ പിന്നെ അല്‍പം പ്രാണന്‍ ശേഷിച്ചാല്‍ അത്‌ ഭാഗ്യമായി കരുതണം. 1950 ഫെബ്രുവരിലായിരുന്നു കേരളത്തിലെ ആദ്യത്തെ പോലീസ്‌ സ്റ്റേഷന്‍ ആക്രമണം രേഖപ്പെടുത്തിയത്‌. അതിന്‌ നേതൃത്വം നല്‍കിയവര്‍ കമ്മ്യൂണിസ്റ്റുകാരായിരുന്നു. പോലീസുകാര്‍ ലോക്കപ്പിലിട്ട്‌ `സ്‌നേഹിച്ച്‌' കൊതിതീര്‍ത്ത രണ്ടു സഖാക്കളെ മോചിപ്പിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആ ആത്മഹത്യാ സ്‌ക്വാഡിന്റെ ലക്ഷ്യം. സഖാവ്‌ എന്‍ കെ മാധവന്റേയും വറുതുകുട്ടിയുടേയും മോചനം.


ഇടപ്പള്ളി പോലീസ്‌ സ്റ്റേഷനുനേരെ പുലര്‍ച്ചെ 2.15ന്‌ സായുധരായി അവര്‍ കടന്നുവന്നു. കെ സി മാത്യു, കെ യു ദാസ്‌, ജോസഫ്‌ എന്നിവരുടെ നേതൃത്വത്തിലെ ചാവേര്‍ സംഘം. കരിമരുന്നുകൊണ്ട്‌ നിര്‍മിച്ച കൈബോംബും വടിയും വാക്കത്തിയും ഉപയോഗിച്ചായിരുന്നു ആ യുദ്ധം. രണ്ടു പോലീസുകാരെ അവര്‍ കൊന്നു. പക്ഷേ അവരുടെ ലക്ഷ്യം സഫലമായില്ല. കൂട്ടത്തിലുണ്ടായിരുന്ന രണ്ടുപേരെ പോലീസുകാരും മരണത്തിലേക്ക്‌ ചവിട്ടി താഴ്‌ത്തി.
യു കെ ദാസും ജോസഫും. യു കെ ദാസിന്റെ ശരീരത്തെ പോലീസ്‌ ബ്ലേഡ്‌ കൊണ്ട്‌ വരഞ്ഞ്‌ കെട്ടി തൂക്കി ലോക്കപ്പില്‍ പുകയിട്ടു. പിന്നെയും പറന്നകലാന്‍ മടിച്ച ജീവനെ തല്ലിച്ചതച്ച്‌ പുറംപോക്കില്‍ കുഴിച്ചു മൂടി. അവിടെ തുടങ്ങുകയായിരുന്നു ലോക്കപ്പുകളിലെ പോലീസ്‌ ഭീകരത. കമ്മ്യൂണിസ്റ്റുകാരായി കണ്ടവര്‍ക്കെല്ലാം അവര്‍ കാക്കിയുടെ വര്‍ഗസ്‌നേഹം കാണിച്ച്‌ കൊടുത്തു. ഒരുപാട്‌ സഖാക്കള്‍ ആകാശം കാണാനാവാത്ത ആ ഇരുണ്ട ഗുഹക്കുള്ളില്‍ കിടന്ന്‌ ചോര തുപ്പി. അമ്മയുടെ മുലപ്പാല്‍ പോലും അതിനോടൊപ്പം ഒഴുകി എത്തി. ഈ കഥകളുടെയെല്ലാം ഭീകരത കേരളമെങ്ങും അലറി വിളിച്ചുകൊണ്ടിരുന്ന കാലത്തായിരുന്നു കുഞ്ഞാലിയുടെയും സഹപ്രവര്‍ത്തകരുടെയും ഈ അറസ്റ്റും. എന്നിട്ടും അതൊന്നും അയാളെ ഭയപ്പെടുത്തിയില്ല. തോറ്റു കൊടുക്കുവാന്‍ പഠിച്ച്‌ വെച്ചിട്ടുമില്ലായിരുന്നു.


കോഴിക്കോട്ടെ സബ്‌ ജയിലിലേക്കായിരുന്നു കുഞ്ഞാലിയേയും കൂട്ടരേയും കൊണ്ടുപോയത്‌. 14 ദിവസം അവിടെ കസ്റ്റഡിയില്‍ സൂക്ഷിച്ചു. ഒരു തടവുകാരന്റെ അവകാശങ്ങളെക്കുറിച്ച്‌ കുഞ്ഞാലി ബോധവാനായിരുന്നു. ജയിലിലായാലും പോലീസ്‌ കസ്റ്റഡിയിലായാലും തനിക്കും സഹ തടവുകാര്‍ക്കും അവകാശപ്പെട്ടത്‌ നിഷേധിക്കപ്പെട്ടാല്‍ ചോദിച്ചു വാങ്ങുമായിരുന്നു അയാള്‍. എന്തെങ്കിലും ലഭിക്കാതെ വന്നാലോ, പ്രതിഷേധ സ്വരമുയരും. തടഞ്ഞുവെക്കപ്പെട്ടാല്‍ ബഹിഷ്‌ക്കരണ സമരം തുടങ്ങും.
1948ലെ ഒളിവു ജീവിതം. അതിനെ തുടര്‍ന്ന്‌ പിടിയിലായതോടെയാണ്‌ കുഞ്ഞാലി ആദ്യമായി ജയിലിലെത്തുന്നത്‌. അവിടെ വെച്ച്‌ പല അവകാശങ്ങളും നിഷേധിക്കപ്പെട്ടു. ചില കൊള്ളരുതായ്‌മകള്‍ അരങ്ങേറി. അതിനെ ചോദ്യം ചെയ്യുക തന്നെ ചെയ്‌തു. ആവശ്യങ്ങള്‍ നടപ്പാക്കുംവരെ പടപൊരുതി. ആദ്യം സംസ്ഥാന ചീഫ്‌ സെക്രട്ടറിക്കെതിരെയായിരുന്നു യുദ്ധം. അദ്ദേഹത്തിനെതിരെ കേസ്‌ ഫയല്‍ ചെയ്‌തു. 


സാമ്പത്തിക ഭദ്രതയില്ല. സംരക്ഷിക്കാന്‍ ആളില്ല. അധ്വാനിക്കാന്‍ ശേഷിയുമില്ല. വൃദ്ധയായ കുഞ്ഞാലിയുടെ ഉമ്മ മകന്‍ ജയിലിലായതോടെ പട്ടിണിയിലായിരിക്കുന്നു. അതുകൊണ്ട്‌ ജയിലില്‍ നിന്നും പുറത്തിറങ്ങുംവരെ ഉമ്മക്ക്‌ ചെലവിനുള്ള പണം മദ്രാസ്‌ സര്‍ക്കാര്‍ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ആ കേസ്‌.
ഇതിനുശേഷം ജയിലില്‍ മറ്റൊരു സംഭവംകൂടി അരങ്ങേറി. ടിബി രോഗികളായിരുന്ന തടവുകാര്‍ക്ക്‌ ജയിലിലെ ഡോക്‌ടര്‍ പാല്‌ കൊടുക്കാന്‍ വിസമ്മതിച്ചു. കണ്‍മുന്നില്‍ കാണുന്ന അനീതിക്കെതിരെ കണ്ണടച്ച്‌ ഇരുട്ടാക്കാനറിഞ്ഞുകൂടാത്ത കുഞ്ഞാലി ഈ നടപടിയെ ചോദ്യം ചെയ്‌തു. എന്നാല്‍ ഒരു തടവുകാരന്റെ പോക്രിത്തരമായി കണ്ടു ഡോക്‌ടര്‍ കുഞ്ഞാലിയുടെ ഈ ഇടപെടലിനെ. പരിഹസിക്കുക മാത്രമല്ല, കുഞ്ഞാലിയെ മര്‍ദിക്കുകയും ചെയ്‌തു ആ ഡോക്‌ടര്‍.
അതോടെ കുഞ്ഞാലിയുടെ ക്ഷമയറ്റു. അയാള്‍ പരിസരത്തെക്കുറിച്ച്‌ മറന്നു. ഒരുപറ്റം പാവങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അത്‌ ചോദ്യം ചെയ്‌ത തടവുകാരന്റെ ധാര്‍മിക അവകാശത്തെ അപമാനിക്കുകയും ചെയ്‌ത ഡോക്‌ടറുടെ കഴുത്തിന്‌ കുഞ്ഞാലി കുത്തിപ്പിടിച്ചു. കയ്യില്‍ കിട്ടിയത്‌ ഒരു റൂള്‍ വടിയായിരുന്നു. അതുകൊണ്ട്‌ അയാളുടെ കയ്യിന്റെ തണ്ടെല്ല്‌ അടിച്ച്‌ തകര്‍ത്തു.
ഡോക്‌ടറുടെ നിലവിളിയില്‍ ജയിലൊന്നമ്പരന്നു. പിന്നെ ഇളകിയാര്‍ത്തു. പോലീസുകാരും തടവുകാരും ഓടിയെത്തി. അപ്പോള്‍ നിലത്ത്‌ കിടന്ന്‌ കരയുന്ന ഡോക്‌ടറെയാണ്‌ കണ്ടത്‌. യാതൊരു ചാഞ്ചല്യവുമില്ലാതെ നില്‍ക്കുന്ന കുഞ്ഞാലിയേയും. ജയിലില്‍ അതൊരു കോളിളക്കം തന്നെ സൃഷ്‌ടിച്ചു. ഒരു തടവുകാരന്‍ ഡോക്‌ടറുടെ കയ്യിന്റെ തണ്ടെല്ല്‌ അടിച്ച്‌ പൊട്ടിച്ചിരിക്കുന്നു. കുഞ്ഞാലിയെ ജയില്‍ സൂപ്രണ്ടിനു മുമ്പില്‍ ഹാജരാക്കി.


ജയില്‍ ഭീകരതയുടെ ബൂട്ടിട്ട കാലുകള്‍ പിന്നെ അയാളുടെ നെഞ്ചിന്‍കൂട്ടിലൂടെ `തീര്‍ത്ഥയാത്ര'ക്കിറങ്ങി. കാലുകള്‍ ഉയരത്തില്‍ കെട്ടിത്തൂക്കിയിട്ട്‌ ജീവനുള്ള ശരീരം മാത്രം ആട്ടിക്കളിപ്പിച്ചു. പല തവണ ചോര തുപ്പിച്ചു. മര്‍ദനത്തിനിടയില്‍ പലപ്പോഴായി കുഞ്ഞാലി മരണത്തോട്‌ സംവദിച്ചു. ഇച്ഛാശക്തിയുടെ ബലം മാത്രമായിരുന്നു അടുത്തെത്തി നിന്ന മരണത്തെ അസാധ്യമാക്കിത്തീര്‍ത്തത്‌. ആയുസിന്റെ നീളവും.
അലക്ഷ്യമായിട്ടായിരുന്നു ജയില്‍ സൂപ്രണ്ട്‌ കുഞ്ഞാലിയുടെ ഫയലുകള്‍ മറിച്ച്‌ നോക്കാനിടയായത്‌. അപ്പോള്‍ അതില്‍ `എക്‌സ്‌ സര്‍വീസ്‌' എന്ന്‌ രേഖപ്പെടുത്തിയത്‌ കാണാനിടയായി. അയാളും ഒരു പട്ടാളക്കാരനായിരുന്നു. അതുകൊണ്ട്‌ മാത്രം മര്‍ദനം അവസാനിപ്പിച്ചു. കുഞ്ഞാലിയെ താക്കീത്‌ ചെയ്‌ത്‌ പറഞ്ഞയക്കുകയും ചെയ്‌തു. പിന്നീട്‌ ഇതേ പ്രശ്‌നങ്ങളുടെ പേരില്‍ 18 ദിവസം ജയിലില്‍ നിരാഹാരമിരിക്കാനും കുഞ്ഞാലി തയ്യാറായി. ഒടുവില്‍ ആവശ്യത്തിനുമുമ്പില്‍ ജയിലധികൃതര്‍ക്കു വഴങ്ങേണ്ടി വന്നു. അതിനുശേഷം മാത്രമാണ്‌ ആ പ്രശ്‌നവും പരിഹരിക്കപ്പെട്ടത്‌.
കുഞ്ഞാലിയുടേയും സഹപ്രവര്‍ത്തകരുടേയും റിമാന്‍ഡ്‌ കാലാവധി അവസാനിച്ചിരുന്നു. കോഴിക്കോട്‌ സബ്‌ ജയിലില്‍ നിന്നും മലപ്പുറം കോടതിയിലായിരുന്നു അവരെ ഹാജരാക്കേണ്ടിയിരുന്നത്‌. വാര്‍ത്ത കുണ്ടോട്ടിയിലറിഞ്ഞു. അവിടെ ഒരു കൂട്ടമാളുകള്‍ സംഘടിച്ചു. കുണ്ടോട്ടി വഴിയാണ്‌ കുഞ്ഞാലിയേയും സംഘത്തേയും കോടതിയിലേക്ക്‌ കൊണ്ടുപോവുക. കൊണ്ടോട്ടിയിലെത്തുമ്പോള്‍ പോലീസ്‌ വാഹനം തടയണം. കുഞ്ഞാലിയേയും സംഘത്തേയും മോചിപ്പിക്കണം. ഈ ഉദ്ദേശത്തോടെയായിരുന്നു അവര്‍ അവിടെ കാത്തു നിന്നത്‌.


കൊണ്ടോട്ടി നേര്‍ച്ച മൂര്‍ധന്യത്തിലെത്തിയ ദിവസമാണ്‌. ജനത്തിരക്കില്‍ കൊണ്ടോട്ടി അങ്ങാടി വീര്‍പ്പുമുട്ടിനിന്നു. ഈ സമയമായിരുന്നു കുഞ്ഞാലിയേയും സംഘത്തേയും വഹിച്ചു കൊണ്ടുള്ള പോലീസ്‌ വാന്‍ അവിടെ എത്തിച്ചേര്‍ന്നത്‌. വാഹനം വരുന്നത്‌ സംഘം അകലെ നിന്നേ കണ്ടു. അലകടല്‍ പോലെ നിറഞ്ഞ ജനപ്രളയത്തിനിടയിലൂടെ പതിയെയായിരുന്നു വാന്‍ കടന്നു വന്നിരുന്നത്‌. ജനത്തിരക്കില്‍ നിന്നും മുക്തമായ വാനിനു മുമ്പിലേക്ക്‌ ഒരു ജനസഞ്ചയം ഇരച്ചു കയറിയത്‌ പെട്ടെന്നായിരുന്നു.
ഒപ്പം മുദ്രാവാക്യം വിളികളുയര്‍ന്നു. വാന്‍ പെട്ടെന്ന്‌ സഡന്‍ ബ്രേക്കിട്ടു. കൂടെയുണ്ടായിരുന്ന പോലീസുകാര്‍ പരിഭ്രാന്തരായി. കുഞ്ഞാലിയേയും കൂട്ടരേയും വിട്ടയക്കണമെന്നതായിരുന്നു ജനക്കൂട്ടത്തിന്റെ ആവശ്യം. അതവര്‍ ഏകസ്വരത്തില്‍ ആവശ്യപ്പെട്ടു. അവര്‍ക്ക്‌ ചായ വാങ്ങിക്കൊടുക്കണമെന്നും അവര്‍ ശഠിച്ചു. നിയമത്തെക്കുറിച്ച്‌ കൂടുതലൊന്നുമറിഞ്ഞുകൂടാത്ത ഒരുപാവം ജനക്കൂട്ടം മാത്രമായിരുന്നു അത്‌. ഒരു നേതൃത്വമൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. കുഞ്ഞാലിയെ അങ്ങേയറ്റം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്‌തിരുന്ന ഒരു ജനവിഭാഗം.


അവരെ വിട്ടയക്കാതെ തങ്ങള്‍ പിരിഞ്ഞ്‌ പോകില്ലെന്ന്‌ അവര്‍ വാശിപിടിച്ചു. വിരണ്ടുപോയ പോലീസുകാര്‍ അവരുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി ചായ വാങ്ങികൊടുക്കുവാനും തയ്യാറായി. എന്നാല്‍ അവരെ വിട്ടയക്കാന്‍ തങ്ങള്‍ക്കധികാരമില്ലെന്നും ഹെഡ്‌കോണ്‍സ്റ്റബിള്‍ ദയനീയമായി ജനക്കൂട്ടത്തോട്‌ അപേക്ഷിച്ചു. എന്നിട്ടും പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതെ അവര്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. അവസാനം പോലീസുകാര്‍ക്ക്‌ കുഞ്ഞാലിയുടെ സഹായം തന്നെ തേടേണ്ടിവന്നു.

കുഞ്ഞാലിയും കൂട്ടരുമല്ലെ... ഇവിടെ വേണ്ട....

വാനിനകത്തായിരുന്ന കുഞ്ഞാലിയെ പോലീസുകാര്‍ പുറത്തേക്കിറക്കി കൊണ്ടുവന്നു. വാനിന്റെ മുന്‍വശത്ത്‌ നിന്ന്‌ കൊണ്ട്‌ കുഞ്ഞാലി ജനക്കൂട്ടത്തോട്‌ സംസാരിച്ചു. `ഞങ്ങളെ വിട്ടയക്കാനും ശിക്ഷിക്കാനും അധികാരമുള്ളത്‌ കോടതിക്കു മാത്രമാണ്‌. അതിന്‌ കോടതിയില്‍ ഹാജരാക്കാന്‍ വേണ്ടിയാണിപ്പോള്‍ കൊണ്ടുപോകുന്നത്‌. അല്ലാതെ ഞങ്ങളെ വിട്ടയക്കാന്‍ ഈ പോലീസുകാര്‍ക്ക്‌ യാതൊരധികാരവുമില്ല. അതുകൊണ്ട്‌ പ്രശ്‌നമുണ്ടാക്കാതെ എല്ലാവരും പിരിഞ്ഞ്‌ പോകണം. ഞങ്ങളുടെ മോചനം ആഗ്രഹിക്കുന്ന നിങ്ങളോട്‌ കുഞ്ഞാലിയുടെ അഭ്യര്‍ത്ഥനയാണിത്‌.

അതോടെ ജനക്കൂട്ടം വഴിമാറി. ആ ആവശ്യത്തെ ശിരസ്സാ വഹിച്ചു. കാരണം കുഞ്ഞാലി പറഞ്ഞാല്‍ എന്തും അനുസരിക്കുമായിരുന്നു അവര്‍. പോലീസുകാര്‍ക്കും അതോടെ സമാധാനമായി. വാന്‍ നേരെ മലപ്പുറത്തേക്ക്‌ തിരിച്ചു. പിറ്റേ ദിവസമായിരുന്നു അവരെ കോടതിയില്‍ ഹാജരാക്കേണ്ടിയിരുന്നത്‌. ഇനി ഒരു രാത്രികൂടി മലപ്പുറത്തെ ലോക്കപ്പുകളില്‍ പാര്‍പ്പിക്കണം. നേരെ മലപ്പുറം പോലീസ്‌ സ്റ്റേഷനിലേക്ക്‌ തിരിച്ചു.


വരുന്നത്‌ കുഞ്ഞാലിയും കൂട്ടരുമാണെന്ന്‌ സ്റ്റേഷനിലുള്ളവര്‍ക്ക്‌ നേരത്തെ അറിയാമായിരുന്നു. `കലാപകാരി'യായ കുഞ്ഞാലി. അയാളുടെ പൂര്‍വചരിത്രമവര്‍ക്ക്‌ മനഃപാഠമായിരുന്നു. അതുകൊണ്ട്‌ തന്നെ അയാളെ അവര്‍ ഭയപ്പെട്ടു. അറിഞ്ഞ്‌ കൊണ്ട്‌ ഒരു വയ്യാവേലിയില്‍ ചെന്ന്‌ തലവെച്ച്‌ കൊടുക്കുവാനും അവര്‍ മടിച്ചു. അതുകൊണ്ട്‌ അവരെ ഒരു ദിവസം കസ്റ്റഡിയില്‍ വെക്കാന്‍ മലപ്പുറം സ്റ്റേഷനിലുള്ളവര്‍ തയ്യാറായില്ല.
കുഞ്ഞാലിയും കൂട്ടരുമല്ലെ... ഇവിടെ വേണ്ട....
എന്നതായിരുന്നു അവരുടെ പ്രതികരണം. ഇനി എന്തു ചെയ്യും? പോലീസുകാര്‍ മലപ്പുറത്തെ എം എസ്‌ പി ക്യാമ്പ്‌ അധികൃതരുടെ സഹായം തേടി. അവരും അതേ പല്ലവി ആവര്‍ത്തിച്ചു. ഒഴിവാക്കാന്‍ മാത്രമായി ഒരു കാരണം പറഞ്ഞു തിരിച്ചയച്ചു. കൂട്ടത്തില്‍ കുഞ്ഞാലിയുണ്ടെന്നതായിരുന്നു അവരെയും പ്രശ്‌നത്തില്‍ നിന്നും തലയൂരാന്‍ പ്രേരിപ്പിച്ചത്‌. നിരാശരായ രണ്ടു പോലീസുകാര്‍ മഞ്ചേരി സബ്‌ ജയിലിലേക്ക്‌ വണ്ടി തിരിച്ചു.
കുഞ്ഞാലിയും ടീമും അല്ലെ. ഇവിടെ പറ്റില്ല. ഇവിടെ സ്ഥലമില്ല.
ജയിലധികൃതരും ആ ഉത്തരവാദിത്വമേറ്റെടുക്കാതെ കൈമലര്‍ത്തി.
ആകെ 13 തടവുകാര്‍.
അവരില്‍ `കലാപകാരി'യായ കുഞ്ഞാലിയും. ഒരു പോലീസ്‌ സ്റ്റേഷനിലേക്കും അവരെ അടുപ്പിക്കുന്നില്ല. ഒരു പട്ടാള ക്യാമ്പിലും ഒരു ദിവസത്തേക്കവരെ പൊറുപ്പിച്ചു കൂടാ... സബ്‌ ജയിലധികൃതരും അവരെ അടുപ്പിക്കാന്‍ ഭയക്കുന്നു. കാരണം അത്ര `ഭീകരനാണത്രെ' കുഞ്ഞാലി. ജയിലില്‍ വെച്ച്‌ ഡോക്‌ടറുടെ കയ്യിന്റെ തണ്ടെല്ല്‌ അടിച്ചു തകര്‍ത്തിട്ടുണ്ട്‌ കുഞ്ഞാലി. സംസ്ഥാന ചീഫ്‌ സെക്രട്ടറിയെ പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തിയിട്ടുണ്ട്‌. പോലീസുകാരുടെയും ഭൂവുടമകളുടേയും നെഞ്ചിന്‍കൂട്‌ അടിച്ച്‌ കലക്കിയിട്ടുണ്ട്‌. എസ്റ്റേറ്റ്‌ സൂപ്രണ്ടുമാരുടേയും വെള്ളക്കാരുടേയും പരിപ്പെടുത്തിയിട്ടുണ്ട്‌. ന്യായമായ ആവശ്യം ജയിച്ചു കയറാന്‍ 18 ദിവസം ജയിലില്‍ നിരാഹാരം കിടന്ന്‌ വിജയം വരിച്ചിട്ടുണ്ട്‌.
അങ്ങനെ എന്തെല്ലാം കഥകള്‍. `ആ ഭീകരനെ' പോലീസുകാര്‍ പോലും പേടിച്ചു. അത്തരത്തിലുള്ള ഒരു `ഭീകരനേയും' പതിമൂന്ന്‌ `കലാപകാരി'കളേയും കൊണ്ട്‌ രണ്ടു പോലീസുകാര്‍ ഒരു രാത്രിയില്‍ എന്തു ചെയ്യും? എങ്ങോട്ടു കൊണ്ടു പോകും? എല്ലാ വഴികളിലേയും വാതിലുകള്‍ അടഞ്ഞപ്പോള്‍ ധര്‍മസങ്കടത്തിലായ ആ പോലീസുകാര്‍ വീണ്ടും കുഞ്ഞാലിയുടെ സഹായം തേടി. ഇതിനോടകം അവര്‍ അയാളെ മനസ്സിലാക്കി കഴിഞ്ഞിരുന്നു. അയാളെ സമീപ്പിക്കേണ്ട രീതിയറിഞ്ഞ്‌ ഇടപഴകിയാല്‍ മാന്യനായ ഒരു വ്യക്തിയാണ്‌ കുഞ്ഞാലി. അതവര്‍ക്ക്‌ ബോധ്യപ്പെട്ടു കഴിഞ്ഞിരുന്നു.
ഒടുവില്‍ കുഞ്ഞാലി തന്നെ ആ പോലീസുകാരുടെ ഉറക്കം കെടുത്തിയ പ്രശ്‌നത്തിന്‌ പരിഹാരവും കണ്ടു. ഏറ്റവും വലിയ `കലാപകാരി'കളായ തടവുകാരെന്ന നിലക്കായിരുന്നു മഞ്ചേരിയിലേയും മലപ്പുറത്തേയും ഉത്തരവാദപ്പെട്ട പോലീസ്‌, മേധാവികളും പട്ടാള അധികാരികളും അവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഭയപ്പെട്ടത്‌. അതേ കലാപകാരി തന്നെ പ്രശ്‌നത്തിന്‌ പരിഹാരം നിര്‍ദേശിക്കുന്നു. കുഞ്ഞാലി ആ പോലീസുകാരോട്‌ പറഞ്ഞു.
ആ അടച്ചിട്ട സര്‍ക്കാര്‍ ആപ്പീസിന്റെ വരാന്തയില്ലെ... അവിടെ കിടന്നുറങ്ങിക്കോളാം ഞങ്ങള്‍. നിങ്ങള്‍ ഒന്നു കൊണ്ടും ഭയപ്പെടേണ്ട. നാളെ കോടതിയില്‍ ഹാജരാക്കും വരെ ഈ 13 പേരും നിങ്ങളോടൊപ്പമുണ്ടാകും. കുഞ്ഞാലിയാണ്‌ പറയുന്നത്‌.
കുഞ്ഞാലിയുടെ വാക്കുകളെ ആ പോലീസുകാരും വിശ്വസിച്ചു. കാരണം നടപ്പിലാക്കാന്‍ കഴിയാത്ത ഒരു വാക്കും അന്നുവരെ കുഞ്ഞാലി പറഞ്ഞിട്ടില്ലെന്ന്‌ അനുഭവത്തില്‍ നിന്നേ അവരും പഠിച്ചിരുന്നു. അങ്ങനെ `അപകടകാരി'കളെന്ന്‌ അധികൃതര്‍ വിധിയെഴുതിയ ആ 13 പേര്‍ക്കൊപ്പം ഒരു തുറന്ന വരാന്തയില്‍ ആ പോലീസുകാര്‍ അന്ന്‌ അന്തിയുറങ്ങി.
പിറ്റേന്ന്‌ കോടതിയില്‍ ഹാജരാക്കി തിരിച്ചു മടങ്ങുകയും ചെയ്‌തു. 

1 അഭിപ്രായം: