ചെറുപ്പത്തില് നമ്മള് കുഞ്ഞുകുട്ടികളെല്ലാരും കണ്ടെത്തിന്റെ വരമ്പില് ചാപ്പ നുള്ളാന്‍ പോകും. തോട്ടില് മീന്‍ പിടിക്കാന്‍ പോകും. ജന്മിമാരെ കാലീനെ മേക്കാന്‍ പോകും. വെറുതെ കാട്ടിലൂടെ നടക്കും. കാട്ടില്‍ കയറിയാല്‍ കാരപ്പയം പറിക്കും. മൊത്തങ്ങാപ്പയം പറിക്കും. കുന്നിപ്പയം തിന്നാ നാവ് ചോന്ന് ചോന്ന് വരും, വലിയ മരങ്ങളില് തേനുണ്ടോന്ന് നോക്കും. മൊളങ്കാട്ടില് കയറി ആനേന്റെ കാലടി ഉണ്ടോന്ന് നോക്കും.
കാട്ടില് കയറിയാല് വെശപ്പറീല. കെഴങ്ങ് മാന്തി തിന്നും. കുടീലൊന്നും വെളക്ക് കത്തിക്കൂലാ. ഇരുട്ടു തന്നെ, ഇരുട്ട് , കത്തീക്കാന്‍ വെളക്കേ ഉണ്ടായിരുന്നില്ല. തീപ്പെട്ടി കണ്ടിട്ടേയില്ല. അടുപ്പ് കത്തിക്കാന്‍ തീകനല് കെടാതെ വെക്കും. കനല് കത്തി കനല് കത്തി അതങ്ങനെ നിക്കും. (സി കെജാനുവിന്റെ ജീവിതകഥ)
ഉരുകി ഉരുകി വിയര്‍ത്തൊലിക്കുന്ന പകല്‍
മരങ്ങള്‍ ഇല പൊഴിച്ച് സസ്യങ്ങള്‍ കരിഞ്ഞുണങ്ങി, കുളങ്ങളും പുഴകളും കാട്ടുചോലകളും വറ്റി വരണ്ടിട്ടും കണിക്കൊന്നയും വാകമരവും അരളിയും മന്ദാരവും എല്ലാം പൂത്തുലഞ്ഞു നില്‌ക്കുന്ന വേനല്‍ക്കാലം. ജ്യോതിശാസ്‌ത്രപ്രകാരമുള്ള ഒരു പുതുവര്‍ഷത്തിന്റെ ആരംഭം കൂടിയാണ് ഈ ഇല പൊഴിക്കും കാലം. വിഷുവിനെ വരവേല്‌ക്കാന്‍ തന്നെയാണെത്രെ നാട്ടിന്‍പുറത്തേയും നഗരങ്ങളിലേയും കണിക്കൊന്നകള്‍ മഞ്ഞപുടവയണിഞ്ഞ് വേനല്‍ പച്ചയിലെ കുളിര്‍ക്കാഴ്‌ചകളില്‍ നിറയുന്നത്.
ഇത് കുട്ടികള്‍ക്ക് കാത്തിരിപ്പിനൊടുവില്‍ വന്നണഞ്ഞ മധ്യവേനലവധി കൂടിയാണ്. നാട്ടുമാഞ്ചുവട്ടില്‍, വേനല്‍ കാര്‍ന്നുകതിന്നുന്ന പുഴയോരങ്ങളില്‍, കൊയ്‌തൊഴിഞ്ഞ നെല്‍പ്പാടങ്ങളില്‍, കളിച്ചു രസിക്കുന്ന കാലം, ആഹ്ലാദത്തിമര്‍പ്പിന്റെ ആരവങ്ങള്‍ക്കൊത്ത് അടിച്ചു പൊളിക്കുന്ന കാലം.
ഈ വേനല്‍ ഉടലിനെ പൊള്ളിക്കുന്നു, വിയര്‍പ്പില്‍ കുളിപ്പിക്കുന്നു. ഒരിറ്റ് ദാഹജലത്തിനായി അമ്മമാര്‍ നെട്ടോട്ടം തുടരന്നു. ഈ കാഴ്‌ചകളെല്ലാം നഷ്‌ട സ്വപ്‌നത്തിന്റെ മധുരമൂറ്റുന്ന ഒരു വേനല്‍ പാടത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നില്ലേ? നാട്ടുമാവിന്‍ ചുവട്ടിലെ ഒത്തുചേരലുകളിലേക്ക്, വെയില്‍ നാളങ്ങള്‍ പടര്‍ന്നു വെന്ത മീനമാസത്തിലെ പകലറുതികളുടെ കളിയാരവങ്ങളിലേക്ക്.
പേരമരത്തണലില്‍ കളിവീട് വെച്ചത്. കണ്ണിമാങ്ങ കൊണ്ട് ബിരിയാണി വെച്ചത്. ഞാവല്‍ പഴം കൊണ്ട് പായസം വിളമ്പിയത്. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആര്‍ദ്രമായ കൂട്ടായ്‌മകള്‍ രൂപവത്‌ക്കരിച്ചത്. നാട്ടുമാവിന്‍ചേട്ടിലെ നിറഞ്ഞു പഴുത്ത മാങ്ങകള്‍ക്കായി തപസിരുന്നത്, വേനലവധിയുടെ വിയര്‍പ്പില്‍ നനഞ്ഞ് പിരിയുമ്പോള്‍ പങ്കുവെച്ച കുന്നിക്കുരുവും കുപ്പിവളപൊട്ടുകളും അങ്ങനെ... അങ്ങനെ സ്‌നേഹത്തിന്റെ മധുരം വിളമ്പുന്ന വിരഹത്തിന്റെ ശോകാര്‍ദ്രരാഗങ്ങള്‍.
ആത് നമ്മുടെ കുട്ടിക്കാലമായിരുന്നു. ഈ വെയിലിന് അന്ന് പൂനിലാവിന്റെ പരിശുദ്ധിയായിരുന്നു. എന്തെന്തു ഓര്‍മകളുമായാണ് ഈ വേനല്‍ക്കാഴ്‌ചകള്‍ മനസിനെ തൊട്ടുണര്‍ത്തുന്നത്. നിഷ്‌ക്കളങ്കമായ ആ ബാല്യകാലത്തിന്റെ പൂമരചുവട്ടിലെ കാഴ്‌ചകള്‍ പറഞ്ഞാല്‍ തീരുന്നവയാണോ? ഓര്‍മപ്പൂപാടങ്ങളില്‍ പൂത്തുതളിര്‍ത്ത മാങ്ങാചുന പൊള്ളിയ കുസൃതിക്കാലത്തെക്കുറിച്ച് പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ പങ്കുവെക്കാനില്ലാത്തത് ആര്‍ക്കാണ്. ബാല്യകാലത്തെ പറയാത്ത, വേനലവധിയെ പുല്‍കാത്ത, മാമ്പഴക്കാലത്തെ പ്രണയിക്കാത്ത ഏത് സാഹിത്യകൃതിക്കാണ് പൂര്‍ണതയിലെത്താനാവുക. ഏത് കൃതിയാണ് നമ്മെ വായനയൂടെ അനുഭൂതികളിലേക്ക് കൂട്ടിക്കൊണ്ടുപോകുക.
മാമ്പഴക്കാലത്തിലേക്കും മജീദിന്റേയും സുഹ്‌റയുടേയും ബാല്യകാലത്തെ കൊച്ചുപിണക്കങ്ങളിലേക്കും വലിയ ഇണക്കങ്ങളിലേക്കുമാണ് ബാല്യകാലസഖി വാതില്‍ തുറക്കുന്നത്. വക്കില്‍ ചോര പുരണ്ടുപോയ ഈ കുഞ്ഞുകൃതിയിലെ സുഹ്‌റയിലും മജീദിലും അവരുടെ മാമ്പഴക്കാലത്തിലും നമുക്കും നമ്മുടെ ബാല്യകാലത്തെ മധുരമായി വീണ്ടെടുക്കാനാവുന്നുണ്ട്.
ഈ കുസൃതികളെ, കുഞ്ഞബദ്ധങ്ങളെ, വലിയ കുരുത്തക്കേടുകളെ കാലമിനിയുമേറെയിരുണ്ടാലും വിഷുവും ഓണവും തിരുവോണവും വന്നു മറഞ്ഞാലും, ഓരോ തിളിരിലും പൂവും കായും വന്ന് നിറഞ്ഞാലും, അപ്പോള്‍ നമ്മള്‍ ആരൊക്കെയായിത്തീര്‍ന്നാലും ഓര്‍മകളില്‍ ഓമനിച്ചു കൊണ്ടേയിരിക്കുകയാവും തീര്‍ച്ച. വേനലവധിക്കു വേണ്ടി അണിഞ്ഞൊരുങ്ങി നിന്നിരുന്ന മാമ്പഴക്കാലത്തിലേക്ക്. നെല്ലിക്കയോളം പോന്ന നാടന്‍ മാങ്ങയുടെ തേനൂറുന്ന മധുരങ്ങളിലേക്ക്, കോലാച്ചി മാങ്ങകളുടെ പുളിയുടെ ചവര്‍പ്പിലേക്ക് ഈ വേനല്‍പ്പിറവിയിലും നിങ്ങള്‍ യാത്ര പോയില്ലേ-നഷ്‌ടബാല്യത്തിന്റെ മാമ്പൂമണത്തേയും വരിക്കചക്കയുടെ കൊതിപ്പിക്കുന്ന ഗന്ധത്തേയും അവിടെ തിരഞ്ഞില്ലേ...
സ്‌കൂളടക്കുന്ന അവധിക്കാലത്തിലേക്ക്, വള്ളിനിക്കറിട്ട് പാടത്തും പുഴയിലും നീന്തിതുടിക്കുന്ന കുഞ്ഞുനാളുകളിലേക്ക്, വല്ലപ്പോഴുമൊരിക്കല്‍ കൈനിറയെ സമ്മാനങ്ങളുമായി എത്തുന്ന ഒരു ബന്ധു. മനസില്‍ നിറയെ സ്‌നേഹവും വാത്സല്യവും കരുതിവെച്ച് അവയെല്ലാം വേനല്‍ക്കാല മധുരത്തിനോടൊപ്പം തിന്നതീര്‍ത്ത് മടങ്ങുന്ന അത്തരം ബന്ധങ്ങള്‍ ഇന്നുള്ള കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്നുണ്ടോ, അവരുടെ മരണാനന്തരവും പൂത്തുതളിര്‍ത്തു നില്‍ക്കുന്ന ഓര്‍മമരങ്ങളെ തൊടാനും തലോടാനുമുള്ള ആ നല്ല മനസ് കൈമോശം വന്നുവോ?
സാഹിത്യത്തിലൂടെ ജീവിതത്തിന്റെ ശക്തി കണ്ടെത്താനുള്ള ശ്രമമാണ് എഴുത്തുകാരനില്‍ നിന്നും ഉണ്ടാകുന്നത്. കാലത്തിന്റെ ആത്മാവുകളെ ഉള്‍കൊണ്ട് അയാള്‍ പുതിയൊരുള്‍ക്കാഴ്‌ചയോടെ ജീവിതത്തെ നിരീക്ഷിക്കുന്നു. ഓരോ കാലത്തിന്റെയും പ്രതിനിധികളെ അതാതുകാലത്തെ സാഹിത്യങ്ങളില്‍ കേന്ദ്രകഥാപാത്രങ്ങളായും പ്രമേയങ്ങളായും സ്വീകരിക്കപ്പെടുന്നു. കത്തിപ്പടരുന്ന വേനലും ഗൃഹാതുരത്വം നിറയുന്ന മാമ്പഴക്കാലവും സാഹിത്യകൃതികളില്‍ പ്രധാന പശ്ചാത്തലമൊരുക്കുന്നതും ഇതുകൊണ്ടാണ്.
വേനല്‍ തൊണ്ട വറ്റുന്ന ഭീതിയാകുമ്പോള്‍, കുടിവെള്ളത്തിനായി നിലവിളികള്‍ എങ്ങും തൊടാതെ അമരുമ്പോള്‍, പാതിരയുടെ രണ്ടാം യാമത്തിലും തെളിനീരു തേടിയുള്ള പാച്ചിലുകള്‍ തുടരുമ്പോള്‍, ജല അതോറിറ്റിയുടെ പൈപ്പ് ചുരത്തുന്നതും നോക്കി നോക്കി മടുക്കുമ്പോള്‍, വേനല്‍ ഒരു യുദ്ധകാലത്തിന്റെ ഓര്‍മ സമ്മാനിക്കുന്നു.
വേനലിലും അവധിക്കാലത്തിലും കാത്തിരിപ്പിന്റെ സുഗന്ധം പുകച്ച് ഓര്‍മകളുടെ ആഴിപ്പരപ്പില്‍ മുങ്ങിക്കിടക്കുമ്പോഴും ആദ്യമെത്തുന്നത് കടവുതോണിയിലെ പള്ളിക്കൂടയാത്ര തന്നെയാണ്. ജീവിതത്തില്‍നിന്ന് ശബ്‌ദങ്ങളും വര്‍ണങ്ങളും അന്യമാകുമ്പോള്‍ ഒറ്റപ്പെടലിന്റെ വിഹ്വലതകളില്‍നിന്നും സമാശ്വാസം തേടാന്‍ യാത്രയാകുന്നത് വയലോലകളില്‍ കൊത്തിപ്പെറുക്കാനെത്തുന്ന കിളികളുടെ കൂതൂഹലങ്ങളിലേക്കാണ്. നഷ്‌ടസ്വപ്‌നങ്ങളുടെ സൗഭാഗ്യങ്ങളിലേക്ക് മനസ് പായിച്ച് കൊതിയൂറുന്നതും വേനല്‍ക്കാല മധുരം പങ്കിട്ടുകൊണ്ടാണ്.
ഓരോ വേനല്‍ക്കാലവും പങ്കിടലിന്റെയും കൊച്ചു പിണക്കങ്ങളുടെയും ചെറു പരിഭവങ്ങളുടേയും ആദ്യപാഠശാലയായ ചക്കരമാവിന്‍ചുവട്ടിലെ ഓര്‍മകളാണ് മടക്കിത്തരുന്നത്. ആണ്‍പെണ്‍ അതിരുകളില്ലാതിരുന്ന ആ കാലം തിരികെവരാന്‍ കൊതിക്കാത്തത് ആരാണ്?. വലുതാവേണ്ടിയിരുന്നില്ല, എന്തിനാണ് വലുതായതെന്ന് സ്വയം ചോദിച്ചു പോകാത്തവരാരുണ്ട്. എന്നിട്ടും നമ്മള്‍ ആസ്വദിച്ച ആ അവധിക്കാലം ഇന്ന് നമ്മുടെ മക്കള്‍ക്ക് അന്യമാക്കുന്നതെന്തിനാണ് ? അവധിക്കാല കോഴ്‌സുകളിലേക്കും അവധിയില്ലാത്ത പഠനത്തിലേക്കും അവരെ തള്ളിവിടുന്നതാരാണ്?
നിന്റെ മക്കള്‍ നിന്റെ മക്കളല്ല. ജീവിതത്തിന്റെ സ്വന്തം അഭിലാഷത്തിന്റെ പുത്രന്മാരും പുത്രികളുമാണവര്‍. അവര്‍ നിന്നിലൂടെ വളരുന്നു. എന്നാല്‍ നിന്നില്‍ നിന്നല്ല. നിനക്ക് നിന്റെ സ്‌നേഹം അവര്‍ക്കായി നല്‍കാം. പക്ഷേ നിന്റെ ചിന്തകള്‍ നല്‍കരുത്. എന്തെന്നാല്‍, അവര്‍ക്ക് അവരുടേതായ ചിന്തകള്‍ ഉണ്ട്.(ഖലീല്‍ ജിബ്രാന്‍)
ഉയര്‍ച്ചയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഒരാള്‍ ഏറെ ഇഷ്‌ടപ്പെടുക തന്റെ കുട്ടിക്കാലത്തെയാവും. അത് പ്രതിസന്ധികളുടെ പ്രളയ നദികള്‍ നീന്തിക്കയറിയബാല്യകാലമാണെങ്കിലും. ശൈശവത്തിന്റെ അനുഭവത്തില്‍ നിന്ന് തന്നെയാണ് ഒരുകുഞ്ഞ് ജീവിതത്തെ നിര്‍മിച്ചുതുടങ്ങുന്നത്. ആ അനുഭവങ്ങളുടെ തീഷ്‌ണതയാണെവനെ ബലവാനും നിസാരനുമാക്കി തീര്‍ക്കുന്നത്. എന്റെ സൗഭാഗ്യങ്ങളെല്ലാം ഞാന്‍ തിരിച്ചു തരാം. എനിക്കെന്റെ ആ പഴയ കുട്ടിക്കാലം മാത്രം തിരിച്ചു തന്നാല്‍ മതി എന്ന് കവി വയലാറിനെക്കൊണ്ട് പറയിപ്പിച്ചത് ആ നഷ്‌ടബോധത്തിന്റെ വില ആഴത്തില്‍ അറിഞ്ഞതു കൊണ്ടാണ്.
ചെറുപ്പത്തിലേ തന്നെ ആകാശത്തിലെ അത്ഭുതങ്ങളും പക്ഷികളുടെ പറക്കലും എന്നെ ഉത്തേജിപ്പിച്ചിരുന്നു. കൊറ്റികളും കടല്‍കാക്കകളും ആകാശത്തിലേക്ക് പറന്നുയരുന്നത് കണ്ട് ഞാനും പറക്കാനാശിച്ചിരുന്നു. കേവലമൊരു ഉള്‍നാടന്‍ ബാലനായിരുന്നുവെങ്കില്‍ പോലും ഒരുനാള്‍ ആകാശത്തേക്ക് ഇതുപോലെ കുതിച്ചുയരാന്‍ കഴിയുന്ന കാര്യത്തില്‍ എനിക്ക് പൂര്‍ണ വിശ്വാസമാണുണ്ടായിരുന്നത്. എന്തായാലും ആകാശത്തിലേക്കു പറന്ന ആദ്യത്തെ രാമേശ്വരത്തുകാരന്‍ ഞാന്‍ തന്നെയായിരുന്നു എന്നത് തീര്‍ച്ച (അഗ്നിച്ചിറകുകള്‍, എ പി ജെ അബ്‌ദുള്‍ കലാം)
സ്വപ്‌നങ്ങളുടെ വിരല്‍തുമ്പ് പിടിച്ചുള്ള ഏകാന്തമായ യാത്ര തുടങ്ങുന്നത് ഈ കാലത്താണ്. കുഞ്ഞുഭാവനകള്‍ ചിറകടിച്ച് പറക്കുന്നത് എവിടെക്കെല്ലാമായിരിക്കും..? അവരുടെ സ്വപ്‌നങ്ങള്‍, സംശയങ്ങള്‍, ആശങ്കകള്‍, അവയിലെ പലതും അസംബന്ധങ്ങളായിരുന്നുവെന്ന് പിന്നീട് സ്വയം തിരിച്ചറിയാനായേക്കും. എന്നാലും നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഈ കിനാവുകളെ ക്രിയാത്മകമായി ആസ്വദിക്കാനും അനുഭവിക്കാനും കഴിയണമെങ്കില്‍ അവരെ സ്വതന്ത്രരാക്കി വിടണം. അവര്‍ക്ക് നല്ല ഓര്‍മകള്‍ കൊടുക്കാന്‍ കഴിയണം. കുട്ടിക്കാലം അനുഭവിക്കാന്‍ വിലക്കുകളില്ലാത്ത ആകാശങ്ങള്‍ അവര്‍ക്കുമുമ്പില്‍ തുറക്കണം. പോയകാലത്തിന്റെ തിരക്കുകളില്‍ പെട്ട് അവധിക്കാല സൗഭഗ്യങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ആസ്വദീക്കാനാകുന്നുണ്ടോ എന്ന് നാം ഗൗരവപൂര്‍വം ആലോചിക്കണം. ഒരു കുട്ടി പലതും ആര്‍ജ്ജിച്ചെടുക്കേണ്ടത് പുറംലോകത്തിന്റെ കാഴ്‌ചകളില്‍ നിന്നാണ്. അല്ലാതെ അവന്‍ ആവശ്യപ്പെടുന്നതെല്ലാം നല്‍കാന്‍ ഏതെങ്കിലും രക്ഷിതാക്കള്‍ക്കാവുമോ?. ഏതെങ്കിലും അധ്യാപകന് സാധിക്കുമോ...?
ഓരോ അവധിക്കാലവും നമുക്കുവേണ്ടി കാത്തിരിക്കുന്നത് ഒരു പന്തീരാണ്ടു കാലത്തിനു മുമ്പുള്ള ഓര്‍മകള്‍ ഉണര്‍ത്തുവാനാണ്. കഴിഞ്ഞ പത്തു മാസവും ഈ ഓര്‍മകള്‍ നമ്മിലുറങ്ങിക്കിടക്കുകയായിരുന്നു. അവ ഇപ്പോള്‍ കണ്ണ് തുറന്നിരിക്കുന്നു. അത് പലതും നമുക്ക് ഓര്‍ത്തെടുക്കുവാനാണ്. ഒപ്പം ഒരു പന്തീരാണ്ടിനു ശേഷം നമ്മുടെ മക്കള്‍ക്കും ഇങ്ങനെ ആര്‍ത്തിരമ്പുന്ന ഓര്‍മകളിലേക്ക് കുതറിയോടാനും അവസരമൊരുക്കിക്കൊടുക്കേണ്ടതില്ലെ...
അതിന് ഇന്നത്തെ കൊയ്‌ത്തൊഴിഞ്ഞ പാവടവും നിറഞ്ഞ് പഴുത്ത മാവുകളും നീര്‍ച്ചാലുകളായ പുഴകളും അവരുടേത് മാത്രമാകണം. ആ സ്വാതന്ത്ര്യമെങ്കിലും നമ്മളവര്‍ക്കു ഓരോ അവധിക്കാലത്തും അനുവദിച്ചു കൊടുക്കുകയും വേണം.
ഓരോ അവധിക്കാലവും നമുക്കുവേണ്ടി കാത്തിരിക്കുന്നത് ഒരു പന്തീരാണ്ടു കാലത്തിനു മുമ്പുള്ള ഓര്‍മകള്‍ ഉണര്‍ത്തുവാനാണ്. കഴിഞ്ഞ പത്തു മാസവും ഈ ഓര്‍മകള്‍ നമ്മിലുറങ്ങിക്കിടക്കുകയായിരുന്നു. അവ ഇപ്പോള്‍ കണ്ണ് തുറന്നിരിക്കുന്നു. അത് പലതും നമുക്ക് ഓര്‍ത്തെടുക്കുവാനാണ്.
മറുപടിഇല്ലാതാക്കൂഒരു മാമ്പഴം കിട്ടാനായി മാവിന്‍ചോട്ടില്‍ അണ്ണാറെ കണ്ണന്‍ വരുമ്പോള്‍ എന്തു സന്തോഷമാണെന്നോ...? മാമ്പഴത്തിന്റെ കവിളില്‍ തൊടുമ്പോള്‍ താഴേക്ക് നിലംപതിക്കുമെന്ന നിമിഷ നേരത്തിന് മുകളില്‌ക്ക് നോക്കി കണ്ണുകഴച്ചിട്ടുണ്ട്.
ആയിടക്കാണ് കുറ്റിക്കാട്ടിലേക്ക് വലിയ മാങ്ങ വന്ന് വീണത്. ഓടിച്ചെന്ന് കുറ്റിക്കാട്ടില്‍ തിരഞ്ഞെടുക്കുമ്പോള്‍ കിട്ടിയതാവട്ടെ വെള്ളാരം കല്ലായിരുന്നു. ഉള്ളം കയ്യില്‍ വെള്ളാരം കല്ല് പിടിച്ച് ചുറ്റും നോക്കിയപ്പോഴാണ് പടിഞ്ഞാറെ പ്ലാവിന്റെ മറവില്‍ അവളുടെ ഒളി കണ്ണുകള്‍ കണ്ടതും അവള്‍ ഓടി രക്ഷപ്പെട്ടതൊക്കെ ആ അവധിക്കാലത്തായിരുന്നു.
ഒരു പക്ഷെ സുഹറയെ പറ്റിക്കാന്‍ മജീദ് കുറ്റിക്കാട്ടിലേക്ക് കല്ലെറിഞ്ഞത് ആ ബാല്യകാലത്തെ അവധിക്കാലത്തായിരിക്കുമോ...?