9/4/11

തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദയവൈകല്യങ്ങള്‍


ഹൃദ്രോഗവുമായി പിറന്നുവീഴുന്ന നിരവധി കുഞ്ഞുങ്ങളുണ്ട്‌. ഇന്ത്യയില്‍ ഒരു വര്‍ഷം 1,30,000 മുതല്‍ 2,70,000 വരെ കുഞ്ഞുങ്ങള്‍ ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്നു. ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളില്‍ ചിലത്‌ അതീവ അപകടകരമാവാം. ഇങ്ങനെ അടിയന്തര ശ്രദ്ധ ലഭിക്കേണ്ട 80,000 കുട്ടികളെങ്കിലും ഒരു വര്‍ഷം ജനിക്കുന്നുണ്ട്‌. പത്തു ശതമാനത്തോളം നവജാത ശിശുക്കളുടെ മരണകാരണം ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളാണ്‌.
കുട്ടികളില്‍ കാണുന്ന ഹൃദ്രോഗങ്ങളെ രണ്ടായി തിരിക്കാം: ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങള്‍, വാതപനി മൂലം ഉണ്ടാകുന്ന ഹൃദ്രോഗങ്ങള്‍. ഇവയില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്നതും പ്രധാനമായതും ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളാണ്‌. മുപ്പതിലധികം രോഗങ്ങളെ ഇതുമായി ബന്ധപ്പെട്ട്‌ കണ്ടെത്തിയിട്ടുണ്ട്‌. പാശ്ചാത്യ രാജ്യങ്ങളിലെ കണക്കു പ്രകാരം ആയിരം കുഞ്ഞുങ്ങളില്‍ എട്ടു പേര്‍ക്ക്‌ ജന്മനാലുള്ള ഹൃദയ വൈകല്യങ്ങള്‍ ഉണ്ടാകുന്നു.


യഥാക്രമം രോഗം കണ്ടെത്താന്‍ കഴിയാറില്ലെന്നതാണ്‌ നമ്മുടെ നാട്ടിലെ പ്രധാന പോരായ്‌മ. പീഡിയാട്രിക്‌ കാര്‍ഡിയോളജിയില്‍ പരിശീലനം ലഭിക്കുന്ന ഡോക്‌ടര്‍മാര്‍ വളരെ കുറവാണ്‌. പ്രസവം കഴിഞ്ഞാലുടന്‍ നവജാത ശിശുവിദഗ്‌ധരോ ശിശു വിദഗ്‌ധരോ കുഞ്ഞുങ്ങളെ വിശദമായി പരിശോധിക്കുന്ന രീതി ഇവിടെ വ്യാപകമല്ല. ഇത്‌ വലിയ പരിമിതിയാണ്‌. കുട്ടികളുടെ ഹൃദയ ശസ്‌ത്രക്രിയ നടത്താന്‍ സംവിധാനങ്ങളുള്ള ആശുപത്രികളും കുറവാണ്‌. സാധാരണക്കാര്‍ക്ക്‌ താങ്ങാനാവാത്ത ചെലവും മാതാപിതാക്കളുടെ അജ്ഞതയും മറ്റു പ്രശ്‌നങ്ങളാണ്‌.
ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളില്‍ മിക്കതും ഹൃദയത്തിന്റെയോ അതോടനുബന്ധിച്ചുള്ള രക്തക്കുഴലുകളുടെയോ ഘടനയിലുണ്ടാകുന്ന വൈകല്യങ്ങളുടെ ഫലമാണ്‌.

 ഭ്രൂണ വളര്‍ച്ച മൂന്നാഴ്‌ചയോളമാകുമ്പോഴാണ്‌ ഗര്‍ഭസ്ഥശിശുവില്‍ ഹൃദയം രൂപപ്പെട്ടുതുടങ്ങുന്നത്‌. മൂന്നാഴ്‌ച പ്രായമുള്ള ഭ്രൂണത്തില്‍ ഹൃദയത്തിന്റെ ഒരു മൊട്ടു മാത്രമാണ്‌ ഉണ്ടാകുക. ഹൃദയ മുകുളം വിടര്‍ന്നു വികസിച്ച്‌ ഹൃദയത്തിന്റെ യഥാര്‍ത്ഥ ഘടനയിലേക്കെത്താന്‍ ഏകദേശം ആറാഴ്‌ച പിന്നിടണം. ഇടത്തും വലത്തുമുള്ള അറകളും അവയെ പരസ്‌പരം ബന്ധിപ്പിക്കുന്ന വാല്‍വുകളുമൊക്കെ വേര്‍ത്തിരിഞ്ഞ്‌ മൂന്നു മാസമാകുമ്പോഴേക്ക്‌ ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയം ശരിയായി രൂപം കൈക്കൊണ്ടിട്ടുണ്ടാവും. ഇത്തരം സങ്കീര്‍ണ്ണമായ വികാസ കാലഘട്ടത്തിലുണ്ടാകുന്ന ചില തകരാറുകള്‍ ഹൃദയ വൈകല്യത്തിനു കാരണമാകുന്നു.

ശിശു ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ ശ്വസനം നടക്കില്ല. ശ്വാസകോശങ്ങള്‍ രണ്ടും ശരിയായി വികസിച്ചിട്ടുണ്ടാവില്ല. ഹൃദയ പ്രവര്‍ത്തനത്തിന്റെ ഫലമായി രക്തം ശ്വാസകോശങ്ങളിലെത്തി ശുദ്ധീകരണം നടക്കുന്നു. എന്നാല്‍ ഗര്‍ഭത്തിലായിരിക്കുന്ന ശിശുവില്‍ ഈ പ്രക്രിയ നടക്കുന്നില്ല. ഗര്‍ഭസ്ഥ ശിശുവിന്റെ രക്തചംക്രമണം പിറന്നുകഴിഞ്ഞ ശിശുവിന്റേതില്‍ നിന്നും വ്യത്യസ്‌തമായിരിക്കും. പ്രസവാനന്തരം ശിശു ശ്വാസോച്ഛാസ പ്രക്രിയ തുടങ്ങുമ്പോഴാണ്‌ ഹൃദയം സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്‌. അമ്മയുടെ രക്തത്തില്‍ നിന്നാണ്‌ ഗര്‍ഭസ്ഥശിശു ഓക്‌സിജന്‍ സ്വീകരിക്കുന്നത്‌. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ പുറന്തള്ളുന്നതും അവിടേക്കു തന്നെ . ഗര്‍ഭസ്ഥ ശിശുവിന്റെ ശരീരത്തിലെ പ്രത്യേക രക്തപര്യായന വ്യവസ്ഥ നിലനില്‍ക്കുന്നത്‌ ഡക്‌റ്റസ്‌ ആര്‍ട്ടീരിയോസസ്‌ എന്ന പ്രത്യേക കുഴല്‍ മൂലമാണ്‌.


ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയത്തിലെ മേലറകളെ വേര്‍ത്തിരിക്കുന്ന ഭിത്തിയില്‍ ഫൊറാമെന്‍ ഒവേല്‍ എന്നൊരു പ്രത്യേക വാല്‍വുണ്ട്‌. ജനിച്ചയുടന്‍ കുഞ്ഞ്‌ അലറിക്കരഞ്ഞുകൊണ്ട്‌ ശ്വാസോച്ഛാസം ചെയ്യാന്‍ തുടങ്ങുന്നതോടെ ശ്വാസകോശം പ്രവര്‍ത്തിച്ചുതുടങ്ങുകയും വികസിക്കുകയും ചെയ്യുന്നു. അതോടെ ഡക്‌റ്റസ്‌ ആര്‍ട്ടീരിയോസിസ്‌ എന്ന കുഴലും ഫൊറാമെന്‍ ഒവേല്‍ എന്ന ദ്വാരവും അപ്രസക്തമാകും. ഇരുപത്തിനാലു മണിക്കൂറിനകം തന്നെ ഇവ അടഞ്ഞുപോകാറുണ്ട്‌. ഫൊറാമെന്‍ ഒവേല്‍ എന്ന വാല്‍വോടു കൂടിയ ദ്വാരം അടയുന്നതോടെയാണ്‌ രക്തചംക്രമണ വ്യവസ്ഥ സാധാരണ മനുഷ്യരുടേതു പോലെ ആയിത്തീരുന്നത്‌. 


കുഞ്ഞുങ്ങള്‍ ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്നതിന്റെ കാരണം പലപ്പോഴും അവ്യക്തമാണ്‌. പത്തു ശതമാനത്തോളം പ്രശ്‌നങ്ങള്‍ക്കു മാത്രമേ കാരണം തിരിച്ചറിയാനാവൂ. പാരമ്പര്യം, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയൊക്കെ കാരണമാവാമെന്നാണ്‌ അനുമാനം. ക്രോമസോമുകളുടെ എണ്ണത്തിലെ വ്യതിയാനങ്ങള്‍ രോഗങ്ങള്‍ക്ക്‌ ഇടയാക്കാറുണ്ട്‌.


ഗര്‍ഭകാലത്ത്‌ റൂബ്ബെല്ലാ ബാധിച്ച അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക്‌ ചിലതരം ഹൃദ്രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. ഗര്‍ഭകാലത്ത്‌ അമ്മമാര്‍ക്കുണ്ടാകുന്ന അസുഖങ്ങളും ചില മരുന്നുകളുടെ ഉപയോഗങ്ങളുമെല്ലാം പ്രധാനപ്പെട്ടതാണ്‌. പ്രമേഹരോഗമുള്ള അമ്മമാര്‍ക്കു ജനിക്കുന്ന കുഞ്ഞുങ്ങളിലും ഹൃദ്രോഗസാധ്യത കൂടുതലാണ്‌. ഗര്‍ഭകാലത്തുണ്ടാകുന്ന വൈറസ്‌ ബാധ കുഞ്ഞിനെ ദോഷകരമായി ബാധിക്കുന്നു. എക്‌സറേ പോലുള്ള റേഡിയേഷനുകള്‍ കൂടുതല്‍ ഏല്‍ക്കുന്നത്‌ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം. അതിനാല്‍ ഈ സമയത്ത്‌ അമ്മയുടെ ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്‌.
ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളെ ശരീരത്തിനു നീല നിറമുണ്ടാക്കുന്നു. നീലനിറം ഉണ്ടാക്കുന്ന അസുഖങ്ങള്‍ എന്നും നീലനിറം ഉണ്ടാകാത്ത അസുഖങ്ങള്‍ എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. നീല നിറമുണ്ടാക്കുന്ന ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങളെ നീല ശിശുക്കള്‍ എന്നാണ്‌ പറയാറുള്ളത്‌. രക്തത്തില്‍ ഓക്‌സിജന്റെ അളവു തീരെ കുറഞ്ഞുപോകുന്നതാണ്‌ നീലനിറത്തിന്‌ കാരണം. ചുണ്ട്‌, നാവ്‌ വിരലുകള്‍ തുടങ്ങിയ ഭാഗങ്ങളിലാണ്‌ നീലനിറം കൂടുതലായി കാണുന്നത്‌. 



സാധാരണഗതിയില്‍ മനുഷ്യരക്തത്തിലിത്‌ കൂടുതലാണ്‌. ഏതാണ്ട്‌ 85 ശതമാനത്തിലും കുറവായാല്‍ ശരീരത്തില്‍ നീല നിറം കാണാന്‍ തുടങ്ങും.
ഹൃദയത്തിന്റെ താഴത്തെ അറകളെ വേര്‍തിരിക്കുന്ന ഭിത്തിയില്‍ ദ്വാരമുണ്ടാകുന്ന രോഗാവസ്ഥയാണ്‌ വി.എസ്‌.ഡി. ഇടത്‌ വെന്‍ട്രിക്കിളില്‍ നിന്ന്‌ വലത്‌ വെന്‍ട്രിക്കിളിലേക്കും ശ്വാസകോശത്തിലേക്കും ഇതുകാരണം രക്തപ്രവാഹം വര്‍ധിക്കും. ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ്‌ വി.എസ്‌.ഡി. ദ്വാരത്തിന്റെ വലിപ്പം രോഗത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വെന്‍ട്രിക്കിളിനിടയിലെ ഭിത്തിയിലെ നേരിയ തകരാറുകള്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാക്കാറില്ല. വലിയ ഭവിഷ്യത്തുകള്‍ക്കും വഴിവെക്കില്ല.



 എന്നാല്‍ ദ്വാരങ്ങള്‍ക്ക്‌ വലിപ്പം കൂടുമ്പോള്‍ പ്രശ്‌നം ഗുരുതരമാവുന്നു. ഇത്തരം തകരാറുള്ള കുട്ടികള്‍ മുലകുടിക്കുമ്പോള്‍ ശ്വാസം കിട്ടാതെ വിഷമിക്കാറുണ്ട്‌. വളരെ വേഗം ശ്വാസോച്ഛോസം ചെയ്യുന്നത്‌ മറ്റൊരു ലക്ഷണമാണ്‌. ചില കുട്ടികളില്‍ ഇടക്കിടെ പനിയും ചുമയും കാണാറുണ്ട്‌. കഠിനമായ ശ്വാസംമുട്ടലും വരാം. കുഞ്ഞിന്റെ ഹൃദയമര്‍മരത്തില്‍ നിന്നു തന്നെ വിദഗ്‌ധ ഡോക്‌ടര്‍ക്ക്‌ വെന്‍ട്രിക്കിളിലെ ഭിത്തിയിലുണ്ടാകുന്ന ദ്വാരത്തെക്കുറിച്ച്‌ മനസ്സിലാക്കാനാവും. ആദ്യ മാസങ്ങളില്‍ ദ്വാരം കൂടാതിരിക്കുന്നുണ്ടെങ്കിലും കുഞ്ഞിനെ നിരീക്ഷിക്കേണ്ടതുണ്ട്‌. ഇ.സി.ജി., എക്കോ കാര്‍ഡിയോഗ്രാഫി എന്നിവയിലൂടെ രോഗം സ്ഥിരീകരിക്കാനാവും. ചിലപ്പോള്‍ വി.എസ്‌.ഡി താനേ മാറും. പ്രത്യേക ചികിത്സ ആവശ്യമാവില്ല. എന്നാല്‍ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം ആവശ്യമായ പരിശോധനകളും മറ്റും കൃത്യമായി ചെയ്യണം. വെന്‍ട്രിക്കിള്‍ ഭിത്തിയിലെ ദ്വാരം ഉണ്ടാക്കുന്ന പ്രയാസങ്ങള്‍ മൂലം ചില കുഞ്ഞുങ്ങള്‍ക്ക്‌ നേരായവിധം ഭക്ഷണം കഴിക്കാനാവാതെ വരാറുണ്ട്‌. അവര്‍ക്ക്‌ പോഷകമൂല്യമുള്ള ഭക്ഷണം നല്‌കിയാല്‍ മാത്രമേ വളര്‍ച്ചാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവൂ. വി.എസ്‌.ഡി. താനേ മാറുന്നില്ലെങ്കില്‍ കത്തീറ്റര്‍ ചികിത്സയോ ശസ്‌ത്രക്രിയയോ ആവശ്യമായിവരും.

നവജാത ശിശുക്കളില്‍ ധാരാളം കണ്ടുവരുന്ന വൈകല്യമാണ്‌ പേറ്റന്റ്‌ ഡക്‌ടസ്‌ ആര്‍ട്ടീരിയോസിസ്‌ (പി.ഡി.എ) ഗര്‍ഭസ്ഥ ശിശുവില്‍ ശ്വാസകോശ ധമനിയെ മഹാധമനിയുമായി ബന്ധിപ്പിക്കുന്ന കുഴലാണ്‌ ഡക്‌ടസ്‌ ആര്‍ട്ടീരിയോസിസ്‌. സാധാരണ നിലയില്‍ ജനിച്ച്‌ മണിക്കൂറുകള്‍ക്കകം ഈ രക്തക്കുഴല്‍ അടഞ്ഞിരിക്കും. ചില കുട്ടികളില്‍ ഇത്‌ അടയാതിരിക്കും. ഇതാണ്‌ പി.ഡി.എ. ഇങ്ങനെയുണ്ടാകുമ്പോള്‍ മഹാധമനിയിലേക്ക്‌ രക്തം ഒഴുകിയെത്തുന്നു. അതുവഴി ശ്വാസകോശത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിക്കുന്നു. ഈ രക്തം ഹൃദയത്തിന്റെ ഇടത്തെ അറയിലാണ്‌ തിരിച്ചെത്തുന്നത്‌. ക്രമേണ ഇടത്‌ അറയും വികസിക്കുന്നു. സങ്കോചശേഷി കുറയുന്നു. ശസ്‌ത്രക്രിയയിലൂടെ ഈ പ്രശ്‌നം പരിഹരിക്കാം. ആവശ്യമില്ലാത്ത രക്തക്കുഴല്‍ മുറിച്ചുമാറ്റിയോ കെട്ടി അടയ്‌ക്കുകയോ ചെയ്യുകയാണ്‌ പതിവ്‌. രണ്ടു വയസ്സാകും മുമ്പ്‌ ശസ്‌ത്രക്രിയ ചെയ്യുന്നതാണ്‌ നല്ലത്‌. ശസ്‌ത്രക്രിയയില്ലാത്ത കോയില്‍ ഒക്ലൂഷന്‍ എന്ന രീതിയിലൂടെയും പി.ഡി.എ അടയ്‌ക്കാനാവും.


കുഞ്ഞുങ്ങളിലെ മറ്റൊരു പ്രധാന ഹൃദ്രോഗമാണ്‌ ടി.ജി.എ. അഥവാ മഹാധമനികള്‍ക്കുണ്ടാകുന്ന സ്ഥാനമാറ്റം. ശ്വാസകോശ ധമനിയുടെയും മഹാധമനിയുടെയും ഉത്ഭവസ്ഥാനം മാറിപ്പോകുന്നതാണ്‌ ഇവിടുത്തെ പ്രശ്‌നം. സാധാരണയില്‍ നിന്നു വിപരീതമായി ഇടതു വെന്‍ട്രിക്കിളില്‍ നിന്ന്‌ ശ്വാസകോശ ധമനിയും വലതു വെന്‍ട്രിക്കിളില്‍ നിന്നു മഹാധമനിയും പുറപ്പെടുന്നതാണ്‌ രോഗകാരണം. അശുദ്ധരക്തം പോകേണ്ട ശ്വാസകോശത്തിലേക്ക്‌ ശുദ്ധരക്തവും ശുദ്ധരക്തം പോേകണ്ട മറ്റു ശരീര ഭാഗങ്ങളിലേക്ക്‌ അശുദ്ധരക്തവും എത്തുന്നു. ഗൗരവമേറിയ രോഗാവസ്ഥയാണിത്‌. അടിയന്തര ശസ്‌ത്രക്രിയ ആവശ്യമായിവരാം. അല്ലെങ്കില്‍ ദിവസങ്ങള്‍ക്കകം മരണം സംഭവിക്കും.


ഹൃദയ വാല്‍വുകള്‍, രക്തക്കുഴലുകള്‍ എന്നിവയുടെ ചുരുങ്ങലാണ്‌ കുട്ടികളില്‍ കാണുന്ന മറ്റ്‌ ചില ഹൃദയ പ്രശ്‌നങ്ങള്‍. കൊയാര്‍ക്ക്‌ ടേഷന്‍ ഓഫ്‌ അയോര്‍ട്ട ഇതില്‍ പ്രധാനപ്പെട്ടതാണ്‌. മഹാധമനിയുടെ ഒരു ഭാഗം ഇടുങ്ങിപ്പോകുന്നതാണിത്‌. ഇടത്‌ സബ്‌ക്ലേവിയന്‍ ധമനിയുടെ അടുത്തായാണ്‌ തകരാറ്‌ കാണാറുള്ളത്‌. രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ ഇത്‌ വഴിയൊരുക്കും. കുഞ്ഞുങ്ങളിലെ ഹൃദയപ്രവര്‍ത്തനം പരാജയപ്പെടാനുള്ള കാരണവുമാവാറുണ്ട്‌. വൈകല്യം തിരിച്ചറിഞ്ഞാല്‍ ശസ്‌ത്രക്രിയയിലൂടെ പരിഹരിക്കാം.


മൈട്രല്‍ വാല്‍വ്‌ ചുരുങ്ങലാണ്‌ ഹൃദയ പ്രവര്‍ത്തനം തകരാറിലാക്കുന്ന മറ്റൊരു വൈകല്യം. ഹൃദയത്തിന്റെ ഇടത്തെ മേലറയില്‍ നിന്ന്‌ കീഴറയായ വെന്‍ട്രിക്കിളിലേക്ക്‌ തുറക്കുന്ന വാല്‍വാണ്‌ മൈട്രല്‍ വാല്‍വ്‌. അയോര്‍ട്ടിക്‌ സ്റ്റിനോസിസ്‌ ചില കുട്ടികളില്‍ കാണാറുണ്ട്‌. ഇടതു വെന്‍ട്രിക്കിളില്‍ നിന്ന്‌ മഹാധമനിയിലേക്ക്‌ തുറക്കുന്ന വാല്‍വാണ്‌ ചുരുങ്ങിപ്പോകുന്നത്‌. വലതു വെന്‍ട്രിക്കിളില്‍ നിന്ന്‌ ശ്വാസകോശധമനിയിലേക്ക്‌ തുറക്കുന്ന വാല്‍വിലുണ്ടാകുന്ന ചുരുങ്ങലാണ്‌ പള്‍മനറിസ്റ്റിനോഡിസ്‌. വാല്‍വിനുണ്ടാകുന്ന ഇത്തരം തകരാറുകളെല്ലാം ഹൃദയപ്രവര്‍ത്തനത്തെ ബാധിക്കും. വലതു ഭാഗത്തെ കീഴറയ്‌ക്കും മേലറയ്‌ക്കും ഇടയിലുള്ള ട്രൈകസ്‌പിഡ്‌ വാല്‍വ്‌ അടഞ്ഞിരിക്കുന്ന അവസ്ഥയെ ശസ്‌ത്രക്രിയയിലൂടെ പരിഹരിക്കാം.
ജനിച്ച ശേഷവും കുട്ടികളില്‍ പലതരം ഹൃദ്രോഗങ്ങള്‍ ഉണ്ടാകാറുണ്ട്‌. വാതപ്പനിമൂലമൂണ്ടാകുന്ന വാല്‍വിന്റെ അപചയമാണ്‌ ഇതില്‍ പ്രധാനപ്പെട്ടത്‌. ഇതുകൂടാതെ കാര്‍ഡിയോമയോപ്പതി, മയോകാര്‍ഡൈറ്റിസ്‌, ഫൈബ്രോ എലാസ്റ്റോഡിസ്‌ തുടങ്ങിയ അസുഖങ്ങളും കുട്ടികളില്‍ കണ്ടുവരാറുണ്ട്‌. ആര്‍ജ്ജിത ഹൃദ്രോഗങ്ങള്‍ എന്നാണിവ അറിയപ്പെടുന്നത്‌. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഇത്തരം രോഗങ്ങള്‍ അപകടകാരികളാണ്‌. 


വാതപ്പനി അഥവാ റൂമാറ്റിക്‌ ഫീവര്‍ ഹൃദയ വാല്‍വുകളെ തകരാറിലാക്കുന്നു. സ്‌ട്രെപ്‌റ്റോകോക്കസ്‌ ബാക്‌ടീരിയയാണ്‌ വാതപ്പനിക്ക്‌ കാരണം. ശരീരത്തിലെ പ്രധാന സന്ധികളില്‍ വേദനയും വീക്കവും സംഭവിക്കുന്നതു കൊണ്ടാണ്‌ ഈ രോഗത്തിന്‌ വാതപ്പനിയെന്ന പേരുവന്നത്‌. ആന്റിബയോട്ടിക്‌ ചികിത്സയിലൂടെ നിയന്ത്രിക്കാവുന്ന രോഗമാണിത്‌. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ ഈ രോഗം നിയന്ത്രണവിധേയമാക്കി കഴിഞ്ഞു. ഇന്ത്യയില്‍ സ്ഥിതി മോശമാണ്‌.


പത്ത്‌ പതിനഞ്ച്‌ വയസ്സിന്‌ ഇടയിലുള്ള കുട്ടികളിലാണ്‌ വാതപ്പനി സാധാരണ കണ്ടുവരുന്നത്‌. ജലദോഷവും തൊണ്ടവേദനയുമായിട്ടാവും അസുഖം തുടങ്ങുന്നത്‌. ആരംഭത്തില്‍ തന്നെ കണ്ടെത്തി ആന്റിബയോട്ടിക്‌ ചികിത്സ നല്‍കിയാല്‍ രോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനാവും. എന്നാല്‍ വാല്‍വുകള്‍ക്ക്‌ വൈകല്യം സംഭവിച്ചുകഴിഞ്ഞാല്‍ ഔഷധ ചികിത്സഫലം ചെയ്യില്ല. ശസ്‌ത്രക്രിയ കൂടാതെ തന്നെയുള്ള കത്തീറ്റര്‍ ചികിത്സയാണ്‌ ഈ രംഗത്ത്‌ മാറ്റങ്ങള്‍ ഉണ്ടാക്കിയത്‌. ചുരുങ്ങിപ്പോയ വാല്‍വുകളെ വികസിപ്പിക്കാന്‍ ബലൂണ്‍ വാല്‍വുയോപ്ലാസ്‌റ്റി എന്ന രീതിയും നിലവിലുണ്ട്‌.


ഹൃദയ അറകള്‍ വീര്‍ക്കുകയും വികസിക്കുകയും സങ്കോചിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന കാര്‍ഡിയോമയോപ്പതി ഗുരുതരമായ രോഗമാണ്‌. ഡയലേറ്റഡ്‌ കാര്‍ഡിയോമപ്പതി ബാധിച്ചവരുടെ ഹൃദയത്തിന്‌ രക്തം ഫലപ്രദമായി പമ്പ്‌ ചെയ്യാനാവില്ല. ജനിതകകാരണങ്ങള്‍, വൈറസ്‌ ബാധ എന്നിവ ഈ രോഗത്തിന്‌ കാരണമാകാം. വൈറസ്‌ ബാധമൂലമുണ്ടാകുന്ന വളരെ ഗൗരവമുള്ള രോഗമാണ്‌ മയോകാര്‍ഡൈറ്റിസ്‌. വൈറസിനെതിരെ ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന രാസവസ്‌തുക്കള്‍ ഹൃദയ കോശങ്ങള്‍ക്കു കേടുണ്ടാക്കുന്ന അവസ്ഥയാണിത്‌. 

ഇത്‌ ഹൃദയപേശികള്‍ക്ക്‌ നാശമുണ്ടാക്കും.
ചെറിയ കുട്ടിയെ ബാധിക്കുന്ന മറ്റൊരു വൈകല്യമാണ്‌ എറിത്മിയ. ഹൃദയമിടിപ്പില്‍ ഉണ്ടാകുന്ന താളപ്പിഴകളാണ്‌ എറിത്മിയ എന്നറിയപ്പെടുന്നത്‌. ക്രമം തെറ്റിയുള്ള ഹൃദയമിടിപ്പ്‌ ചിലപ്പോള്‍ വേഗത്തിലോ വേഗം കുറഞ്ഞോ ആവാം.


കുട്ടികളിലെ ഹൃദ്രോഗം വളരെ ഗൗരവത്തോടെ കാണണം. എത്രയും വേഗം രോഗം തിരിച്ചറിഞ്ഞ്‌ ചികിത്സിക്കുകയാണാവശ്യം. ഔഷധങ്ങളും ശസ്‌ത്രക്രിയകളും ഇതിനായി ഉപയോഗിക്കുന്നു. ഇവയെല്ലാം പൂര്‍ണ്ണമായി സുഖപ്പെടുത്താന്‍ ശേഷിയുള്ളവയാണ്‌. ആധുനിക ചികിത്സാ രീതിയില്‍ പല ശസ്‌ത്രക്രിയകള്‍ക്കും പകരം നില്‍ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ നിലവിലുണ്ട്‌.

1 അഭിപ്രായം: