14/4/11

സമരമുഖങ്ങളിലെ തീപ്പന്തം സഖാവ്‌ കുഞ്ഞാലിയുടെ ജീവിതകഥ എട്ട്‌


ബ്രിട്ടീഷ്‌ ആധിപത്യം ഇന്ത്യയില്‍ വേരുറച്ചതിനുശേഷമായിരുന്നു കാര്‍ഷികവൃത്തി ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി കണ്ടിരുന്ന ജനവിഭാഗങ്ങളെയും സാമ്രാജ്യത്വ വിരുദ്ധ കലാപങ്ങളെക്കുറിച്ച്‌ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുകയുണ്ടായത്‌.ബ്രിട്ടീഷുകാര്‍ കാര്‍ഷിക രംഗത്തും ഭൂനികുതികളിലും വരുത്തിയ മാറ്റങ്ങളായിരുന്നു ഇത്തരം കലാപങ്ങള്‍ക്കു പിന്നിലെ ഹേതുവും.


കര്‍ഷക സമരങ്ങളെ സാമുദായിക കലാപങ്ങളായും വിവരം കെട്ടവരുടെ ബുദ്ധിമോശമായും ചിത്രീകരിക്കുകയായിരുന്നു ബ്രിട്ടീഷുകാര്‍. ചരിത്രത്തിന്റെ ഇടനെഞ്ചില്‍ വൈകൃതങ്ങള്‍ കുത്തിനിറച്ച ശേഷം എഴുതപെട്ടതായിരുന്നു ആദ്യത്തെ ഇന്ത്യാ ചരിത്രം പോലും. ഇന്ത്യയിലെ ആദ്യത്തെ സംഘടിതവും സുപ്രധാനവുമായ കാര്‍ഷിക കലാപം 1885 ലെ സാന്താള്‍ കലാപമായിരുന്നു. ഈ പ്രക്ഷോഭം മുതല്‍ 1921 ലെ മലബാര്‍ കലാപത്തില്‍ പോലും വര്‍ഗീയതയുടെ നിറം കൊടുത്തായിരുന്നു രേഖപ്പെടുത്തിയത്‌.


മലബാര്‍ കലാപം ഏറനാട്‌ വെള്ളുവനാട്‌ താലൂക്കുകളുടെ ആത്മാവുകളെതന്നെ പിളര്‍ത്തിയ മഹാദുരന്തമായിരുന്നു. കലാപം പെയ്‌തൊഴിഞ്ഞിട്ടും ഞെട്ടിക്കുന്ന ഓര്‍മകളില്‍ ആ പ്രദേശങ്ങള്‍ പതിറ്റാണ്ടുകളായി വിറങ്ങലിച്ചു കിടന്നു. പഴയ തലമുറ അപ്പോഴും ഭീതിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കണ്ട്‌ ഞെട്ടി ഉണര്‍ന്നു.
ആലംബമില്ലാതായ കുടുംബങ്ങള്‍, പിതാവ്‌ നഷ്‌ടപ്പെട്ട കുഞ്ഞുങ്ങള്‍, വിധവകള്‍, അവക്കൊന്നിനും രേഖപ്പെടുത്തിയ കണക്കുകളുണ്ടായിരുന്നില്ല. കൊല്ലപ്പെട്ടവരെപോലെ തന്നെ, എല്ലാത്തിനും അപ്പുറത്ത്‌ മുറിവേറ്റു വീണുപോയത്‌ രണ്ടു മതങ്ങള്‍ക്കിടയിലെ പരസ്‌പര വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും നെടും തൂണുകളിലായിരുന്നുവല്ലോ. അത്‌ തിരിച്ചറിയാന്‍ പലര്‍ക്കുമായി. ആ വിശ്വാസത്തിന്റെ ബലത്തിലായിരുന്നു ആ ജനസമൂഹം പിന്നെയും ജീവിതത്തിലേക്ക്‌ പിച്ചവെച്ചു കയറിയത്‌.


എന്നിട്ടും കൊടിയ വേദനകളും ദുരിതങ്ങളും കഷ്‌ടപ്പാടുകളുമാ യിരുന്നു അവരെ കാത്തിരിക്കുവാനുണ്ടായിരുന്നത്‌. ബാക്കിയായ പുരുഷന്‍മാരില്‍ പലര്‍ക്കും കലാപത്തിന്റെ ശേഷിപ്പുകളുമായി ജയിലുകളില്‍ കഴിയേണ്ടി വന്നു. വേറെ ചിലര്‍ നിയമ നടപടികളെ നേരിട്ടു .പീഡന കാലത്തിന്റെ ഇരുള്‍ ദിനങ്ങള്‍ നീന്തി കടന്ന്‌ വീട്ടകങ്ങളില്‍ എത്തിയപ്പോഴേക്കും പലരും രോഗങ്ങളെ പ്രസവിക്കുന്ന യന്ത്രങ്ങളായി തീര്‍ന്നിരുന്നു.


എല്ലാത്തിനും ഒടുവിലായി കൊടിയ പട്ടിണി, ഭക്ഷ്യക്ഷാമം, ഇതിനെ എല്ലാം അതിജീവിച്ച പഴയ തലമുറ യുവാക്കളുടെ ജീവിതം രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്‌ തീറെഴുതുന്നതിനെ തീരെ ഇഷ്‌ടപ്പെട്ടില്ല. സ്വാതന്ത്ര്യദാഹവുമായി നടന്നിരുന്ന ദേശീയ പ്രസ്ഥാനത്തിന്റെ വക്താക്കള്‍ക്ക്‌ ഈ അരക്ഷിതാവസ്ഥയില്‍ കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വന്നു. അതിന്റെ ഫലമായിട്ടായിരുന്നു വീണ്ടും ഏറനാടിന്റെ മണ്ണില്‍ നിന്നും വര്‍ഗ സ്‌നേഹവും ദേശീയ ബോധവുമുള്ള ഒരു തലമുറ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടത്‌. മറ്റു പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുവാനും സന്നദ്ധരായത്‌.


ഇവിടെ അരങ്ങേറിയ സമരങ്ങള്‍ക്കു പിന്നിലെ അടിസ്ഥാന പരമായ ആവശ്യങ്ങള്‍ പ്രധാനമായും രണ്ടാണ്‌. അതിലൊന്ന്‌ സമാധാനമായി ജീവിക്കുക എന്നതായിരുന്നു. ഇതിന്‌ ഒരു പക്ഷേ ലഭ്യമാകുന്ന സൗകര്യങ്ങളോ അനുവദിക്കപ്പെടുന്ന വേതനങ്ങളോ മതിയാവാതെ വരുന്നു. അവയില്‍ നിന്നുണ്ടാകുന്ന ദുസ്സഹമായ ജീവിതങ്ങളുടെ പൊട്ടിത്തെറികള്‍, അരക്ഷിതാവസ്ഥകളുടെ ഭൂകമ്പങ്ങള്‍, പൊറുതിമുട്ടലുകള്‍ ഇവയില്‍ നിന്നും ഉത്ഭവിക്കുന്നതായിരുന്നു കൂലിവര്‍ധനക്കുണ്ടാകുന്ന സമരം.
മറ്റൊന്ന്‌ മണ്ണിനുവേണ്ടിയുള്ളതാണ്‌. സ്വന്തമായി ഒരു തുണ്ട്‌ ഭൂമി. അന്തിയുറങ്ങാനും അന്നന്നത്തെ അന്നത്തിനുള്ളതെങ്കിലും കൃഷി ചെയ്‌ത്‌ കണ്ടെത്താനും വേണ്ടി ഒരിത്തിരി മണ്ണ്‌. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കുവേണ്ടി ഭൂമി നേടി എടുക്കുക എന്ന ആവശ്യവുമായി കേരളത്തില്‍ ഒരുപിടി സമരങ്ങള്‍ അരങ്ങേറിയിട്ടുണ്ട്‌. ഇന്ത്യയിലും സമരങ്ങളുടെ ഘോഷയാത്രയുണ്ടായി. ബംഗാളിലെ സാന്താള്‍ കലാപം, മഹാരാഷ്‌ട്രയിലെ മറാഠാ കലാപം, തിരുവിതാംകൂറില്‍ വേലുത്തമ്പി ദളവ നേതൃത്വം നല്‍കിയ കുണ്ടറ വിളംബരം, 1891 ലെ മലയാളി മെമ്മോറിയല്‍, മലബാര്‍ കലാപം എല്ലാം കര്‍ഷകര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയും ഭൂവുടമകളായ ജെമീന്ദര്‍മാര്‍ക്കെതിരെയും മറ്റും നടത്തിയ കലാപങ്ങളില്‍ ചിലത്‌ മാത്രമാണ്‌.


സെമീന്ദര്‍മാരുടെയും ജന്മിമാരുടേയും കൊട്ടാരങ്ങളിലേക്കും ഗവണ്‍മെന്റുകളുടെ തലസ്ഥാനങ്ങളിലേക്കുമായിരുന്നു പട്ടിണി ജാഥകള്‍. കര്‍ഷകരുടെ അടിയന്തര ആവശ്യങ്ങള്‍ ഭൂവുടമകളേയും അധികാരികളെയും അറിയിക്കുക എന്നതായിരുന്നു ഈ ജാഥകളുടെ ലക്ഷ്യം. കാല്‍നടയായി കര്‍ഷകര്‍ നൂറു കണക്കിന്‌ മൈലുകള്‍ യാത്ര ചെയ്‌തു. ഈ പ്രക്ഷോഭ യാത്ര നാട്ടിന്‍പുറങ്ങളുടെ ആഴങ്ങളിലേക്ക്‌ കടന്നു ചെന്നു. ഓരോ ഗ്രാമത്തിനും കര്‍ഷകരുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്നും അവ നേടി എടുക്കുന്നത്‌ എങ്ങനെയൊക്കെയാണെന്നും ജാഥയില്‍ നേതാക്കള്‍ ഗ്രാമീണര്‍ക്ക്‌ വിവരിച്ച്‌ കൊടുത്തു. 1937 ആയപ്പോഴേക്കും പട്ടിണിജാഥകള്‍ ഏറ്റവും നല്ല സമരമുറയായി പ്രചാരം സിദ്ധിച്ചു. 


കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ സമരങ്ങള്‍, 1936ലെ പട്ടിണി ജാഥ, 1938ലെ തിരുവിതാംകൂര്‍ ജാഥ, കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ എ കെ ജി നടത്തിയ നിരാഹാര സമരങ്ങള്‍, ഇവക്കു പുറമെ ഭൂരഹിതരായ കര്‍ഷകരുടേയും കര്‍ഷക തൊഴിലാളികളുടേയും ആവശ്യം ഉന്നയിച്ച്‌ നടന്ന പ്രക്ഷോഭങ്ങള്‍, ഇതിന്റെയൊക്കെ നേതൃനിരയില്‍ എ കെ ഗോപാലനുണ്ടായിരുന്നു.
ഇതിന്റെ തുടര്‍ച്ച തന്നെയായിരുന്നു 1952ലെ തരിശ്‌ പ്രക്ഷോഭങ്ങളും. എ കെ ജി തന്നെയായിരുന്നു ഈ സമരങ്ങളുടെയും അമരത്ത്‌. അതോടെ കേരളത്തില്‍ ഭൂമിക്കായുള്ള കര്‍ഷക പ്രക്ഷോഭത്തിന്‌ കൂടുതര്‍ കരുത്താര്‍ജിച്ചു. അലകടല്‍ പോലെ ഇളകിവന്നു സമരക്കാര്‍. കേരളത്തിന്റെ ഓരോ കോണിലും കര്‍ഷകര്‍ തരിശ്‌ ഭൂമി കയ്യേറി കുടില്‍കെട്ടി.


വടക്കേ മലബാറില്‍ എ വി കുഞ്ഞമ്പു, കെ പി ആര്‍ ഗോപാലന്‍, ഇ കെ നായനാര്‍ തുടങ്ങിയവരായിരുന്നു നേതൃനിരയില്‍. എറനാട്ടില്‍ ആ പ്രക്ഷോഭത്തിന്റെ നേതൃത്വം കുഞ്ഞാലിക്കായിരുന്നു. കുഞ്ഞാലിയുടെ കരുത്തുറ്റ പിന്‍ബലത്തില്‍ കര്‍ഷകര്‍ മലയോര പ്രദേശങ്ങളിലെ തരിശ്‌ ഭൂമി കയ്യേറി കൃഷിയിറക്കി. ജന്മിമാരും ഭൂവുടമകളും രോഷാകുലരായി. അതൊന്നും കയ്യേറ്റക്കാര്‍ കാര്യമായെടുത്തില്ല. എന്തു വന്നാലും കുഞ്ഞാലിയുണ്ടെന്ന ധൈര്യമായിരുന്നു അവര്‍ക്ക്‌.

കരുവാരക്കുണ്ട്‌, അമരമ്പലം, കാളികാവ്‌, ചുങ്കത്തറ, എടക്കര, മരുത, നിലമ്പൂര്‍, വഴിക്കടവ്‌ തുടങ്ങി വനപ്രദേശങ്ങള്‍ കൂടുതലുണ്ടായിരുന്ന ഭാഗങ്ങളിലെല്ലാം കയ്യേറ്റക്കാരെകൊണ്ട്‌ നിറഞ്ഞു.
സമരക്കാര്‍ക്കു നേരെ പോലീസ്‌ അഴിഞ്ഞാടി. മൃഗീയമായി അവരെ ചവിട്ടിയരക്കപ്പെട്ടു. ഇതിന്‌ ജന്മിമാരുടെ കൈമടക്കും പോലീസ്‌ വാങ്ങിയിരുന്നു. അതിനു ശേഷമായിരുന്നു നരവേട്ട. സമരക്കാര്‍ ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. അവരും അക്രമത്തെ ചെറുത്തു. ആയിരക്കണക്കിന്‌ കര്‍ഷകര്‍ക്കു നേരെ പോലീസ്‌ കേസെടുത്തു. നൂറു കണക്കിനുപേര്‍ അറസ്റ്റിലായി. പോലീസ്‌ നേരത്തെ ഇറക്കി വിട്ടവര്‍ തന്നെ വീണ്ടും അതെ ഭൂമി കയ്യേറി കുടിലുകെട്ടി.


ഏതു മര്‍ദനത്തെയും അതിജീവിക്കാനായിരുന്നു കുഞ്ഞാലിയുടെ നിര്‍ദേശം. കര്‍ഷകര്‍ അതിനെ ശിരസാവഹിച്ചു. കുഞ്ഞാലി എല്ലാവര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി എല്ലായിടത്തും ഓടി നടന്നു. സ്ഥിതി വിവരങ്ങള്‍ വിലയിരുത്തി. പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കാന്‍ ഡോ. ഉസ്‌മാന്‍, കുഞ്ഞുണ്ണി, കുഞ്ഞികൃഷ്‌ണന്‍ ഇങ്ങനെ എന്തിനും തയ്യാറായി നിരവധി സഖാക്കളുണ്ടായിരുന്നു. നിലമ്പൂര്‍ കോവിലകം കുടുംബങ്ങളില്‍പ്പെട്ട കുഞ്ഞുക്കുട്ടന്‍ തമ്പാന്‍, ബാലകൃഷ്‌ണന്‍ തമ്പാന്‍ എന്നിവരുടെ സഹായവും ലഭിച്ചിരുന്നു. ഇവര്‍ക്കൊക്കെ പ്രത്യേക ചുമതലകള്‍ ഏല്‍പ്പിച്ചു കൊടുത്തു.
സമരം ശക്തമായി.

 ഭൂവുടമകളുമായി വാക്കേറ്റങ്ങളും സംഘര്‍ഷങ്ങളും പതിവായി. ശിങ്കിടികളും പോലീസും ഇടപെട്ട്‌ സമരക്കാരെ അടിച്ചൊതുക്കലും ഇറക്കിവിടലും തുടര്‍ന്നു. ഇതിനെതിരെ പ്രക്ഷോഭകര്‍ ഉണര്‍ന്നു. അവരും തിരിച്ചടിക്കാന്‍ തുടങ്ങി. അതൊരു ജീവന്‍ മരണ പോരാട്ടമായി വളര്‍ന്നു.
കുഞ്ഞാലിക്ക്‌ ഊണും ഉറക്കവും ഇല്ലാതായി.
പാതിരാത്രിയിലും അയാള്‍ തളര്‍ച്ചയറിയാതെ സമരക്കാരെ കര്‍മ നിരതരാക്കാന്‍ ഓടി നടന്നു. തരിശ്‌ ഭൂമി പ്രക്ഷോഭം ഏറനാട്ടില്‍ വന്‍വിജയത്തിലേക്ക്‌ കുതിച്ചു. ഭൂവുടമകളുടേയും പോലീസിന്റേയും കണക്കു കൂട്ടലുകള്‍ തെറ്റിച്ച്‌ കൊണ്ടായിരുന്നു കുഞ്ഞാലിയുടെ മുന്നേറ്റം. അവരുടെ നീക്കങ്ങളെ കുഞ്ഞാലി മണത്തറിഞ്ഞു. നിരവധി കേസുകള്‍ ചാര്‍ജ്‌ ചെയ്യപ്പെട്ട കുഞ്ഞാലിക്കെതിരെ അറസ്റ്റ്‌ വാറന്‍ഡുകളും പുറപ്പെടുവിച്ചു. 


എന്നിട്ടും കുഞ്ഞാലിയെ പിടികിട്ടിയില്ല. പോലീസ്‌ തിരച്ചില്‍ ഊര്‍ജിതമാക്കി. നിലമ്പൂര്‍ കോവിലകത്തെ കുഞ്ഞുക്കുട്ടന്‍ തമ്പാന്റേയും ബാലകൃഷ്‌ണന്‍ തമ്പാന്റേയും പ്രക്ഷോഭത്തിനുണ്ടായിരുന്ന പിന്തുണയും കുഞ്ഞാലിക്കും സമരക്കാര്‍ക്കും ഏറെ സഹായകമായി. 


കുഞ്ഞാലിയുടെ വളര്‍ച്ചയെ എന്തു വിലകൊടുത്തും തളര്‍ത്താനും പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യാനും എല്ലാത്തരം കളികളിലും ഏര്‍പ്പെട്ടിരുന്നു ഭൂവുടമകളും ശത്രുപക്ഷത്തുണ്ടായിരുന്നവരും. എന്നിട്ടും മുതലാളിത്വ സംഘശക്തിക്കുനേരെ ഒരു വലിയ നിരതന്നെ ഉയര്‍ന്നു വരുന്നതാണ്‌ കാണാനായത്‌. കുഞ്ഞാലി കൂടുതല്‍ കരുത്തനായി. എതിരാളികളെ പോലും ആകര്‍ഷിച്ച്‌ മുന്നേറിക്കൊണ്ടിരുന്നു.


പോലീസിന്റെ കണ്ണ്‌ വെട്ടിച്ചായിരുന്നു കുഞ്ഞാലിയുടെ സഞ്ചാരം. എന്തെങ്കിലും അപകട സൂചനകളുണ്ടായാല്‍ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ്‌ നല്‍കി. ഒളിവില്‍ നടന്ന്‌ പ്രക്ഷോഭത്തെ നയിച്ച്‌ കൊണ്ടിരുന്നു കുഞ്ഞാലി. പെട്ടെന്നൊരു ദിവസമായിരുന്നു ആ വാര്‍ത്ത പരന്നത്‌.
കേട്ടവര്‍ക്ക്‌ വിശ്വസിക്കാനായില്ല.
പക്ഷെ സത്യമായിരുന്നു. കുഞ്ഞാലിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നു. 

2 അഭിപ്രായങ്ങൾ:

  1. സഖാവ്. കുഞ്ഞാലിയുടെ ജീവിതകഥ സിനിമയാവുന്നു എന്ന് മാധ്യമം പത്രത്തില്‍ വായിച്ചിരുന്നു.. ജീവിത കഥ വായിക്കുന്നു.. നന്ദി..:)

    മറുപടിഇല്ലാതാക്കൂ