ഡിസംബര്‍ ഒന്ന്.
എയ്‌ഡ്‌സെന്ന മഹാമാരിയെക്കുറിച്ച് പലരുടെയും ചിന്തകളും ബോധവത്‌കരണങ്ങളും ഈഒറ്റ ദിനത്തില്‍ ഒതുങ്ങുന്നുവോ... അതെക്കുറിച്ചുള്ള കണക്കുകളും ഞെട്ടലുകളും ഇവിടെ തീരുന്നില്ലെ... വെറുമൊരുസംശയമാണോ അത്. എന്നാല്‍ ജീവിതകാലം മുഴുവന്‍ ആ രോഗത്തിന്റെ അഗ്നിയില്‍ വേവുന്ന ഹൃദയവുമായി ജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ നമുക്കിടയില്‍ നരകിച്ച് കഴിയുന്നുണ്ടെന്ന് ആരോര്‍ക്കുന്നു.
അവരില്‍ പുരുഷന്‍മാര്‍ മാത്രമല്ല അമ്മമാരും നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളുമുണ്ട്. മൂന്നുകോടിയോളം മനുഷ്യ ജീവനുകളെയാണ് ഇതിനോടകം ഈ മഹാമാരി കവര്‍ന്നെടുത്തത്. 3. 32 കോടിയോളം മനുഷ്യര്‍ ഇന്നും അണുബാധിതരായി ലോകത്തുണ്ട്. 57 ലക്ഷത്തോളം ആളുകള്‍ ഇന്ത്യയിലുണ്ട്. ഇതില്‍ 5, 70,00 പേര്‍ കുട്ടികളാണ്. മൂന്നുലക്ഷത്തോളം അണുബാധിതര്‍ കേരളത്തിലുമുണ്ടായിരുന്നു. എന്നാല്‍ 55,167 അണുബാധിതരെയൂള്ളൂവെന്നാണ് സംസ്ഥാന എയ്‌ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി കഴിഞ്ഞവര്‍ഷം പുറത്തുവിട്ട കണക്ക്. ഇന്ത്യയില്‍ 2.31 ദശലക്ഷം അണുബാധിതരെയുള്ളൂവെന്നും ആ കണക്കുകള്‍ പറയുന്നു.
കണക്കുകളിലല്ല കാര്യം. നാം എങ്ങനെ ജീവിക്കുന്നു എന്നതിലാണ്. എങ്ങനെ നമ്മെയും നമ്മുടെ വേണ്ടപ്പെട്ടവരെയും ഈരോഗത്തിന് പിടികൊടുക്കാതെ രക്ഷിക്കാം എന്നതിലാണ്. അറിഞ്ഞോ അറിയാതെയോ നമുക്കിടയിലെവിടെ എങ്കിലും അത്തരമൊരാള്‍ ഉണ്ടായാലോ... ഭയപ്പെടരുത്. അവരെ ഒറ്റപ്പെടുത്തരുത്. കുറ്റപ്പെടുത്തുകയുമരുത്.
കാരണം എയ്‌ഡ്‌സ് ഒരു പകര്‍ച്ചാ വ്യാധിയല്ലെന്ന് ആദ്യം തിരിച്ചറിയുക. എച്ച് ഐ വി (ഹ്യൂമണ്‍ ഇമ്മ്യൂണോ ഡെഫിഷെന്‍സി വൈറസ്) എന്നത് വൈറസിന്റെപേരും, എയ്‌ഡ്‌സ് (അക്കേയര്‍ഡ് ഇമ്മ്യൂണോ ഡെഫിഷെന്‍സി സിന്‍ഡ്രോം) എന്നത് ഈ വൈറസ് ബാധിച്ച വ്യക്തി ഒന്നിലേറെ തരത്തിലുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് അടിമപ്പെടുന്ന അവസ്ഥയുമാണ്.
എച്ച് ഐ വി ചിലവ്യക്തികളില്‍ യാതൊരു രോഗലക്ഷണവും പ്രകടിപ്പിച്ചില്ലെന്ന് വരാം. എന്നാല്‍ വൈറസ് മറ്റുള്ളവരിലേക്ക് പകര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുന്നു. ഇത് മനുഷ്യനെ മാത്രം ബാധിക്കുന്ന വൈറസാണ് എച്ച് ഐ വി.
എച്ച് ഐ വി ബാധിതനോട് സംസാരിക്കാം, ശരീരത്തില്‍ സ്‌പര്‍ശിക്കാം. ഒരുമിച്ച് കളിക്കാം, ഷൈക്ക് ഹാന്‍ഡ് കൊടുക്കാം. അടുത്ത് ഇടപഴകാം, ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാം. ഒരേകട്ടിലില്‍ ഉറങ്ങാം. അപ്പോഴൊന്നും രോഗം മറ്റൊരാളിലേക്ക് പകരുന്നില്ല. വിയര്‍പ്പിലൂടെയോ ഉമിനീരിലൂടെയോ കണ്ണുനീരിലൂടെയോ പകരുന്നില്ല, മറിച്ച് രക്തത്തിലൂടെയും മുലപ്പാലിലൂടെയും സ്രവങ്ങളിലൂടെയും മാത്രമെ ഈ വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നുള്ളൂ.
രോഗം ബാധിച്ച സഹജീവിയോട് കരുണയോടെയും സഹകരണത്തോടെയും ഇടപെടുകയാണ് വേണ്ടത്. അവര്‍ക്ക് സഹതാപമല്ല സമൂഹത്തിന്റെ പിന്‍ബലമാണ് വേണ്ടത്. പിന്തുണയാണ്. അതില്ലെങ്കിലോ അവര്‍ പ്രതികാര ദാഹികളാവാം. പൈശാചികമായി ഇടപെടാം. അതെല്ലാം കൂടുതല്‍ അപകടത്തിലേക്കും ദുരന്തങ്ങളിലേക്കുമാവും ചെന്നെത്തിക്കുക.
അസാന്മാര്‍ഗിക ജീവിതം നയിച്ചിരുന്ന സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ ആണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. 1981ലായിരുന്നുവത്. അമേരിക്കയിലെ ഡോക്‌ടര്‍ റോബര്‍ട്ട് സിഗാലോ ആണ് എയ്‌ഡ്‌സ് വൈറസുകളെ കണ്ടെത്തിയത്. 1983ല്‍ അദ്ദേഹം 486 രോഗികളില്‍ നിന്ന് എച്ച് ഐ വി വൈറസുകളെ വേര്‍തിരിച്ചെടുത്തു. അമേരിക്കയിലും ആഫ്രിക്കന്‍രാജ്യങ്ങളിലും പടര്‍ന്ന ആ മഹാമാരി 1988ല്‍ നമ്മുടെ കൊച്ചുകേരളത്തിലുമെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ആദ്യത്തെ രോഗിയായി ഒരു യുവാവെത്തുന്നത്. നിയമപാലകനായിരുന്നു അയാള്‍. 1988മെയ് 27ന് ആദ്യമരണവും അയാളുടേതായി ചരിത്രത്തിലിടം നേടി.
എന്നാല്‍ ഇന്ന് സ്‌ത്രീകളും കുട്ടികളുമാണ് ഈ മഹാമാരിയുടെ ഇരകളായി തീരുന്നതിലേറെയും. അസാന്മാര്‍ഗിക ജീവിതം നയിക്കുന്ന പുരുഷന്‍മാരില്‍ നിന്നോ മറ്റോ സ്‌ത്രീകളിലേക്ക് വൈറസ് പടരുന്നു. അവരില്‍ നിന്ന് നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളിലേക്കുമെത്തുന്നു. ഗര്‍ഭാവസ്ഥയില്‍ തന്നെ എച്ച് ഐ വി ബാധിതയാണെന്നറിഞ്ഞാല്‍ പിറക്കാന്‍പോകുന്ന കുഞ്ഞിനെ ഈ വൈറസില്‍ നിന്ന് രക്ഷിക്കാന്‍ ഒരുപരിധിവരെ സാധിക്കും. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ പലരും ഇതറിയാറില്ലെന്നതാണ് പ്രശ്‌നം സങ്കീര്‍ണമാക്കുന്നത്.
75 ശതമാനം സ്‌ത്രീകള്‍ക്കും ലൈംഗിക ബന്ധത്തിലൂടെയാണ് എച്ച് ഐ വി പകരുന്നത്. രണ്ടാം സ്ഥാനം രക്തം സ്വീകരിക്കുന്നതിലൂടെയാണ്. ഇതിന്റെ തോത് അഞ്ച് ശതമാനമാണ്. അഞ്ചുശതമാനം മറ്റുവഴികളിലൂടെയുമാവാം. വിവിധ ഘട്ടങ്ങളിലായി ഏറ്റവും കൂടുതല്‍ രക്തം സ്വീകരിക്കേണ്ടി വരുന്നതും സ്‌ത്രീകള്‍ക്കാണല്ലോ. രോഗം ബാധിച്ച സ്‌ത്രീകളില്‍ നിന്ന് പുരുഷന് പകരാനുള്ള സാധ്യത ഒരുശതമാനം മാത്രമെയൊള്ളൂ. എന്നാല്‍ പുരുഷനില്‍ നിന്ന് സ്‌ത്രീകള്‍ക്ക് പകരാനുള്ള സാധ്യത പത്തിരട്ടിയാണ്.
രോഗങ്ങളെയും പകര്‍ച്ച വ്യാധികളെയും പ്രതിരോധിക്കുന്നതിന് മനുഷ്യശരീരത്തില്‍ ഒരുപ്രതിരോധ സേന പ്രവര്‍ത്തിക്കുന്നുണ്ട്. രോഗ ബാധകളില്‍ നിന്നും ശരീരത്തെ കാത്തു സൂക്ഷിക്കുക എന്നതാണ് ഇതിന്റെ ധര്‍മം. വിവിധ മാര്‍ഗങ്ങളിലൂടെ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന രോഗാണുക്കളെ ഈ പ്രതിരോധ സേന ചെറുത്തുതോല്‍പ്പിക്കുന്നു.
സിഡി ഫോര്‍ കോശങ്ങളെന്നറിയപ്പെടുന്ന ശരീരത്തിലെ ഒരു വിഭാഗം വെളുത്ത രക്താണുക്കള്‍ രോഗപ്രതിരോധശേഷി കാത്തു സൂക്ഷിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നവയാണ്. ഇതിനെ ശരീരത്തിന്റെ സംരക്ഷകരായാണ് കണക്കാക്കുന്നത്. ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന എച്ച് ഐ വി സിഡിഫോര്‍ കോശങ്ങളിലും എത്തുന്നു. ക്രമേണ ഈ വൈറസുകളുടെ എണ്ണം പെരുകുന്നു. ഇവ സി ഡിഫോര്‍ കോശങ്ങളെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നു. എച്ച് ഐ വി യുടെ ഉപദ്രവം ശക്തമാകുമ്പോള്‍ ആക്രമണത്തെ ചെറുക്കാന്‍ ശരീരം പുതിയ ആന്റിബോഡികളെ ഉത്‌പാദിപ്പിക്കുന്നു. തകര്‍ന്നുപോയ സിഡി ഫോര്‍ കോശങ്ങള്‍ക്കു പകരമായി പുതിയവ രൂപപെട്ടുവരുന്നു. എന്നാല്‍ എച്ച് ഐ വിയെ ചെറുത്ത് നില്‍ക്കാനുള്ള ശക്തി കാലങ്ങളായി ശരീരത്തിനുണ്ടാകില്ല. അതോടെ സി ഡി ഫോര്‍ കോശങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു. അപ്പോള്‍ എച്ച് ഐ വി വൈറസിന്റെ എണ്ണം കൂടുന്നു. ഇങ്ങനെ സിഡിഫോര്‍ കോശങ്ങളുടെ എണ്ണം 200ല്‍ താഴെയാകുമ്പോഴാണ് ശരീരത്തിന് രോഗങ്ങളെ ചെറുക്കാന്‍ കഴിയാതെ വരുന്നത്. അങ്ങനെയാണ് 29ലേറെ രോഗങ്ങള്‍ക്കു മുമ്പില്‍ എച്ച് ഐ വി ബാധിതരുടെ ശരീരം കീഴ്‌പ്പെട്ടുകൊണ്ടിരിക്കുന്നത്.
എയ്‌ഡ്‌സ് ഒരുരോഗമല്ല, ഒരുപാട് രോഗങ്ങളുടെ സാഗരമാണത്. ശരീരത്തിന്റെ പ്രതിരോധശേഷി ക്ഷയിക്കുമ്പോള്‍ സാധാരണ നിലയില്‍ ആരോഗ്യമുള്ളവര്‍ക്ക് ചെറുക്കാന്‍ കഴിയുന്ന ഇടവിട്ടുള്ള രോഗങ്ങള്‍ക്ക് രോഗി വിധേയനാകുന്നു. വയറിളക്കം, ചുമ, പനി, തൂക്കം കുറയല്‍, പൂപ്പല്‍ രോഗങ്ങള്‍, ത്വക്ക് രോഗം, വിവിധ രൂപത്തിലുള്ള അര്‍ബുദം, ഇങ്ങനെ 29ലേറെ രോഗങ്ങളുടെ ആക്രമണങ്ങളാണ് ഒരാളെ മരണത്തിലേക്ക് നയിക്കുന്നത്.
നിരന്തരമായ സഹവാസം കൊണ്ട് എയ്‌ഡ്‌സ് നമുക്കിന്ന് സുപരിചിതമാണ്. അതിന്റെ ഭീതിതമായ സമ്പര്‍ക്കം കൊണ്ട് മരണമാവട്ടെ സജീവ യാഥാര്‍ഥ്യവുമാണ്.
മറ്റുമാറാവ്യാധികളെപോലെ തന്നെ രോഗനിര്‍ണയം ചെയ്‌തു കഴിയുന്നതോടെ എച്ച് ഐ വി ബാധിതന്റെ ദിനചര്യകളും ജീവിതപശ്ചാത്തലവും മാറുന്നു. എന്നാല്‍ എച്ച് ഐ വി എന്നാല്‍ എയ്‌ഡ്‌സല്ല. എയ്‌ഡ്‌സെന്നാല്‍ മരണമാണെന്ന അര്‍ഥം ചമക്കേണ്ടതുമില്ല.
ക്യാന്‍സര്‍, ഹൃദ്രോഗം, മറ്റുമാറാരോഗങ്ങള്‍ എന്നിവ പിടിപെട്ട ഒരാളുടെ ആയൂര്‍ദൈര്‍ഘ്യത്തേക്കാള്‍ എച്ച് ഐ വി ബാധിതര്‍ക്ക് ജീവിച്ചിരിക്കാനാവും. ഓരോരുത്തരുടേയും പ്രതിരോധ ശേഷിയാണ് ആയൂര്‍രേഖയെ നിര്‍ണയിക്കുന്നത്. ക്യാന്‍സറും മറ്റും നേരത്തെകണ്ടെത്തിയാല്‍ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. എന്നാല്‍ എയ്‌ഡ്‌സിന് ഫലപ്രദമായ ചികിത്സയൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗം നേരത്തെ കണ്ടെത്തിയാലും ഇപ്പോഴത്തെ അവസ്ഥയില്‍ പ്രയോജനമില്ല. എങ്കിലും ഇപ്പോള്‍ ലഭിക്കുന്ന ആന്‍ട്രി റിട്രോ വൈറല്‍ തെറാപ്പി കൊണ്ടും വ്യക്തമായ ജീവിതചിട്ടകള്‍ കൊണ്ടും 20 വര്‍ഷം വരെ ആയുസ് ദീര്‍ഘിപ്പിക്കുവാന്‍ സാധിക്കുന്നുണ്ട്. അതായത് ഇപ്പോള്‍ എച്ച് ഐ വി ബാധിതനായ ഒരാള്‍ക്കും 20 വര്‍ഷംവരെ ജീവിച്ചിരിക്കാന്‍ സാധിക്കും. എച്ച് ഐ വി ഒരാളില്‍ പിടിപെട്ടിരിക്കുന്നു എന്ന് തിരിച്ചറിയുന്നതിനുള്ള പ്രാഥമിക ലക്ഷണങ്ങള്‍ വിട്ടുമാറാത്ത പനി, ചുമ, വയറിളക്കം ജലദോശം തുടങ്ങിയവയാണ്. ഇവയെല്ലാം മറ്റു അസുഖങ്ങള്‍ നിമിത്തവുമാകാം. അല്ലെന്ന് ഉറപ്പ് വരുത്താന്‍ വേണ്ട ചികിത്സകള്‍ നടത്തുകമാത്രമെ വഴിയുള്ളൂ. മൂന്ന് ആഴ്‌ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമയും അപകടമാണ്. എച്ച് ഐ വി പകരാനുള്ള പ്രധാനകാരണങ്ങള്‍ രോഗത്തെക്കുറിച്ചുള്ള അജ്ഞതയാണ്. ലൈംഗിക സ്രവങ്ങള്‍, രക്ത സ്വീകരണം എന്നിവക്ക് രണ്ടാംസ്ഥാനമെയൊള്ളൂ.
രോഗനിര്‍ണയത്തിനും അസുഖത്തിനും സൗജന്യ സേവനവും ചികിത്സയും മെഡിക്കല്‍ കോളജുകളില്‍ ലഭ്യമാണ്. ജില്ലാ ആശുപത്രികളിലും ചില താലൂക്ക് ആശുപത്രികളിലും പ്രവര്‍ത്തിക്കുന്ന പുലരി ക്ലിനിക്കുകളില്‍ കൗണ്‍സിലിങ്ങും ലഭ്യമാണ്.
എയ്‌ഡ്‌സ് വളര്‍ച്ചാ ഘട്ടത്തെ നാലായി തരം തിരിച്ചിട്ടുണ്ട്. ലക്ഷണങ്ങളില്ലാത്ത അവസ്ഥ, പലതരം രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്ന അവസ്ഥ. തൂക്കം കുറയല്‍, വായയില്‍ കുരുക്കള്‍ വൃണങ്ങള്‍, ത്വക്ക് രോഗങ്ങള്‍, എന്നിവ പ്രത്യക്ഷപ്പെടുന്നതാണ് ഈഘട്ടം. വയറിളക്കം, പനി, ക്ഷയം, ന്യൂമോണിയ, ശരീരഭാരം പത്ത് ശതമാനത്തിലധികം കുറയല്‍ ഇതാണ് മൂന്നാമത്തെ അവസ്ഥ. ശ്വാസകോശ സംബന്ധമായ രോഗങ്ങളും പ്രശ്‌നങ്ങളും, കരള്‍ രോഗങ്ങള്‍, വയറിളക്കം, ദഹനക്കുറവ്, ഓര്‍മക്കുറവ് തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നതാണ് നാലാംഘട്ടം.
രോഗം ഒരു ശിക്ഷ മാത്രമല്ല, പരീക്ഷണം കൂടിയാണ്. എയ്‌ഡ്‌സ് ഒരു മഹാരോഗമാണ്. അത് വരാതിരിക്കാന്‍ കരുതിയിരിക്കുക. വന്നവരെ ഒറ്റപ്പെടുത്താതിരിക്കുക. കാരണം എയ്‌ഡ്‌സ് ബാധിതനും ഒരു മനുഷ്യനാണ്. രോഗം രോഗിക്കുമാത്രമല്ല സമൂഹത്തിനു കൂടിയുള്ള പാഠമാണ്. ശിക്ഷ വിധിക്കാനോ ശാപം ചൊരിയാനോ നമുക്കാവില്ല. പരിഹാരവും അതല്ല.
എയ്‌ഡ്‌സിനെക്കുറിച്ച് പഠിക്കുക. വരാതിരിക്കാന്‍ ശക്തമായ ബോധവത്‌കരണം നല്‍കുക. സ്വയം സൂക്ഷിക്കുക, ധാര്‍മികമായ ജീവിതം നയിക്കുക. അതുമാത്രമെ പോംവഴിയൊള്ളൂ.
കണക്കുകളിലല്ല കാര്യം. നാം എങ്ങനെ ജീവിക്കുന്നു എന്നതിലാണ്.
മറുപടിഇല്ലാതാക്കൂനമ്മൾ ഓരോരുത്തരും സ്വയം സൂക്ഷിച്ചാൽ, ഭാവിയിലെങ്കിലും നമ്മുടെ സമൂഹത്തെ ഈ വിപത്തിൽ നിന്നും രക്ഷിക്കാം..............
മറുപടിഇല്ലാതാക്കൂ