പരീക്ഷയെ വിജയകരമായി നേരിടാന്‍ ഇതാ 25 മുന്‍കരുതലുകള്‍
1. ജനുവരിയുടെ തുടക്കത്തില്‍ തന്നെ വാര്‍ഷിക പരീക്ഷയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങാവുന്നതാണ്. തുടര്‍ന്നുള്ള പ്ലാനിങ് പരീക്ഷയെ ലക്ഷ്യം വെച്ചുകൊണ്ടായിരിക്കണം. അവസാനനിമിഷം ധൃതിപ്പെട്ടിട്ടുള്ള തയ്യാറെടുപ്പുകള്‍ കതിരിലെ വളം വയ്പ്പുപോലെ നിഷ്ഫലമായിരിക്കും.
2. പരീക്ഷയ്ക്ക് എട്ടാഴ്ചയെങ്കിലും മുമ്പേ റിവിഷന്‍ പ്ലാന്‍ തയ്യാറാക്കണം. ഓരോ വിഷയത്തിനും പ്രത്യേകം പ്രത്യേകം റിവിഷന്‍ പ്ലാന്‍ വേണം.
3. നേരത്തേ പഠിച്ച ഭാഗങ്ങള്‍ ആവര്ത്തിച്ചുറപ്പിക്കാനുള്ളതാണ് തുടര്‍ന്നുള്ള സമയം, വിഷയങ്ങള്‍ മാറിമാറി റിവിഷന്‍ ചെയ്യാന്‍ ശ്രമിക്കുക. ഒരു വിഷയത്തില്‍ മാത്രം ചടഞ്ഞിരിക്കരുത്. എല്ലാ വിഷയങ്ങളുടേയും ഒരു റൗണ്ട് റിവിഷന്‍ പൂര്‍ത്തിയായി കഴിഞ്ഞ ശേഷം മാത്രം അടുത്ത റൗണ്ടിലേക്കു പ്രവേശിച്ചാല്‍ മതി.
4. ഓരോ വിഷയം പഠിക്കുന്നതിനും വ്യത്യസ്ത രീതികളാണ് നല്ലത്. കണക്ക് ചെയ്തുതന്നെ പഠിക്കുക. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ പഠിക്കാന്‍ ഡെമോണ്സ്ട്രേഷന് (പ്രദര്‍ശിപ്പിച്ചു പഠിക്കുന്ന) രീതി നല്ലതാണ്. ഇംഗ്ലീഷ് ഗ്രാമര്‍ മറ്റൊരാളെക്കൊണ്ട് ക്ലാസ്സെടുപ്പിച്ച് കേട്ട് പഠിക്കുന്നത് നന്നായിരിക്കും. മലയാളം, ഹിന്ദി, ഇംഗ്ലീഷ് പോലുള്ള ഭാഷാവിഷയങ്ങള്‍ വായിച്ച് പഠിക്കാം. പദ്യഭാഗങ്ങള്‍ മന:പഠമാക്കിയാലും തെറ്റില്ല. സൂത്രവാക്യങ്ങള്‍, സമവാക്യങ്ങള്‍, നിര്‍വചനങ്ങള്‍ എന്നിവ ആവര്‍ത്തിച്ച് എഴുതി പഠിക്കുക. ചരിത്രം പഠിക്കാന്‍ ഏറ്റവും പറ്റിയത് സെമിനാര്‍ രീതിയാണ്. കുട്ടികള്‍ നാലുപേരുടെ ഗ്രൂപ്പുകളായി തിരിച്ച് ഒരാള്‍ സെമിനാര്‍ അവതരിപ്പിക്കട്ടെ. മറ്റുള്ളവര്‍ കേട്ടശേഷം സംശയം ചോദിക്കുക.
5. സാധാരണ ദിവസങ്ങളില്‍ എട്ടുമണിക്കൂര്‍ വരെ ഉറങ്ങാമെങ്കിലും പരീക്ഷയടുക്കുമ്പോഴും പരീക്ഷാ ദിനങ്ങളിലും ഇത് ആറുമണിക്കൂറായി ചുരുക്കുന്നതില്‍ തെറ്റില്ല. ദിവസവും ആറു മണിക്കൂറില്‍ കൂടുതല്‍ ഉറക്കമൊഴിച്ചുള്ള പഠിപ്പും ദോഷം ചെയ്തേക്കും.
6. ടൈംടേബിളിന്റെ അടിസ്ഥാനത്തില്‍ ഓരോ ദിവസവും എത്ര പാഠഭാഗങ്ങള്‍ റിവിഷന്‍ ചെയ്തുതീര്‍ക്കുമെന്ന് മുന്‍കൂട്ടി കണക്കാക്കുന്നത് നന്നായിരിക്കും. അത് നിശ്ചിതസമയത്തിനുള്ളില്‍ തന്നെ പൂര്ത്തീകരിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുകയും ചെയ്യാം. ഓരോ ദിവസത്തെയും പഠന പുരോഗതി അന്നന്നുതന്നെ വിലയിരുത്തുക. പോരായ്മകളുണ്ടെങ്കില്‍ അടുത്ത ദിവസം പരിഹരിക്കാനും ശ്രമിക്കുക.
7. ഓരോ വിഷയവും അതിന്റെ ഉപവിഭാഗങ്ങളും റിവ്യൂ ചെയ്യാന്‍ എത്ര സമയം വേണ്ടിവരുമെന്ന് കണക്കാക്കി വേണം സമയത്തിന്റെ വിഭജനം. ഉദ്ദേശിച്ച സമയത്തിനു മുമ്പേ ഏതെങ്കിലും ഭാഗത്തിന്റെ റിവിഷന്‍ തീര്‍ന്നു പോയാല്‍ ഉടന്‍ അടുത്ത ഭാഗം തുടങ്ങാം. അങ്ങനെ ചെയ്യുമ്പോള്‍ ഇവിടെ ലാഭിക്കുന്ന സമയം മറ്റേതെങ്കിലും വിഷയങ്ങള്‍ക്ക് സമയം പോരാതെ വരുമ്പോള്‍ ഉപയോഗപ്പെടുത്താം.
8. പരീക്ഷ ആരംഭിക്കുന്നതിന് 24 മണിക്കൂറെങ്കിലും മുമ്പേ റിവ്യു പൂര്ത്തിയാകുന്നവിധമായിരിക്കണം സമയത്തിന്റെ ക്രമീകരണം. ഒരുവട്ടംകൂടി നോക്കേണ്ടി വരുന്ന പാഠഭാഗങ്ങള്‍ക്കും പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള മാനസികമായ തയ്യാറെടുപ്പിനും സമയം കാണാന്‍ ഈ മുന്‍കരുതല്‍ സഹായിക്കും.
9. പരീക്ഷയുമായി ബന്ധപ്പെട്ട സകലതിന്റേയും - ഉദാഹരണത്തിന് നോട്ടുകള്‍, ചാര്‍ട്ടുകള്‍, അധ്യായങ്ങള്‍ തുടങ്ങിയവയുടെ ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കാന്‍ ശ്രമിക്കുക. ചെക്ക് ലിസ്റ്റ് പാഠഭാഗങ്ങളേയും സമയത്തേയും സൗകര്യപ്രദങ്ങളായ ഭാഗങ്ങളാക്കി പഠനത്തെ ചിട്ടപ്പെടുത്താന്‍ സഹായിക്കും. ചെയ്തു തീര്‍ത്ത കാര്യങ്ങളോരോന്നും ടിക് ചെയ്തുമുന്നേറുമ്പോള് ചെക്ക് ലിസ്റ്റില്‍ ബാക്കി വരുന്ന കാര്യങ്ങള്‍ കൂടി മാത്രമേ ചെയ്യാനുള്ളുവല്ലോ എന്ന ധാരണ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
. പഠിക്കാനുള്ള നോട്ടുകളുടെ സംഗ്രഹങ്ങളെ വര്‍ണശബളമായ മൈന്റ് മാപ്പുകളും, ഡയഗ്രങ്ങളും ചാര്ട്ടുകളുമാക്കി വീട്ടില്‍ ചുമരുകളില്‍ ഒട്ടിച്ചുവയ്ക്കുക. പോസ്റ്ററുകള്‍ കണ്‍വെട്ടത്ത് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുമെന്നതിനാല് നിങ്ങളുടെ ഭാഗത്തു നിന്ന് കാര്യമായ ശ്രമമൊന്നും കൂടാതെതന്നെ മനസ്സില്‍ റിവിഷന്‍ നടന്നുകൊള്ളും.
10. ഫോര്‍മുലകള്‍, നിര്‍വചനങ്ങള്‍, ചിത്രങ്ങള്‍ എന്നിവ സ്കെച്ച് പേനയുപയോഗിച്ച് 3.5 ഇഞ്ച് വലിപ്പമുള്ള കാര്‍ഡുകളില്‍ എഴുതി വിഷയക്രമത്തില്‍ ടാഗ് ചെയ്ത് സൂക്ഷിക്കുന്നത് റിവ്യൂ എളുപ്പമാക്കും. ആശയങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ തിരിച്ചറിയുവാനും സൂചനകളില്‍നിന്ന് പൂര്‍ണ ആശയം ഊഹിച്ചെടുക്കാനും ഉള്ള കഴിവ് കൊണ്ട് ഉണ്ടാകും.
11. പാഠഭാഗങ്ങള്‍ റെക്കോര്‍ഡ് ചെയ്തു കേള്‍ക്കുന്നത് നന്നായിരിക്കും. വിശ്രമസമയങ്ങളിലോ യാത്രാവേളകളിലോ കാര്യമായ മുഷിപ്പോ പ്രയാസമോ കൂടാതെ പാഠങ്ങള്‍ റിവ്യൂ ചെയ്യാന്‍ ഇതുവഴി കഴിയും.
12. മുന്‍കാല ചോദ്യപേപ്പറുകള്‍ സംഘടിപ്പിച്ചു കൂട്ടുകാരോടൊപ്പം ഗ്രൂപ്പായി ചര്‍ച്ച ചെയ്യാം. ചര്‍ച്ചകളില്‍ ഉത്തരങ്ങള്‍ വിശകലനം ചെയ്യുന്നതിനു പുറമേ സാധ്യതയുള്ള ചോദ്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാനും മറക്കരുത്.
13.മുന്‍ ചോദ്യപേപ്പറുകളുപയോഗിച്ച് വീട്ടിലിരുന്ന് സ്വയം പരീക്ഷയെഴുതി മൂല്യനിര്‍ണ്ണയം ചെയ്തു നോക്കുന്നതും ആത്മവിശ്വാസത്തെ ഊട്ടിയുറപ്പിക്കും. ഇത്തരം പരീക്ഷകള്‍ സമയബന്ധിതമാക്കാന്‍ ശ്രദ്ധിക്കണം. ചോദ്യക്കടലാസിന്റെ മാതൃകയുമായി പൊരുത്തപ്പെടുന്നതിനും ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും ഇത് സഹായിച്ചേക്കും.
14. നേരത്തെ എഴുതിയ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ വീണ്ടും പരിശോധിച്ച് പോരായ്മകളെക്കുറിച്ച് മനസ്സിലാക്കി തുടര്‍ന്നുള്ള പരീക്ഷകളില്‍ നികത്താന്‍ ശ്രമിക്കാം. മുന്‍ പരീക്ഷകളില്‍ നികത്താന്‍ ശ്രമിക്കാം. മുന്‍ പരീക്ഷകളിലെ അനുഭവങ്ങളെക്കുറിച്ച് സഹപാഠികള്‍ക്കിടയില്‍ അധ്യാപകരുടെ സാന്നിധ്യത്തില്‍ ഗ്രൂപ്പുചര്‍ച്ചകള്‍ സംഘടിപ്പിക്കുകയുമാവാം.
15. ഓരോ ദിവസവും റിവിഷനുവേണ്ടി ഇരിക്കുന്നതിനുമുമ്പ് തന്നെ പുസ്തകങ്ങള്‍, നോട്ടുകള്‍, പേന, കാല്‍ക്കുലേറ്റര്‍ തുടങ്ങിയവ കൈയ്യെത്തും ദൂരത്ത് വെയ്ക്കുക. പഠനസാമഗ്രികളുടെ തിരച്ചിലിനുവേണ്ടി സമയം നഷ്ടപ്പെടുത്തുന്നത് കൂടുതല്‍ നീട്ടിവെപ്പിനു കാരണമാകും.
16. നിശ്ചിത പഠനസമയമോ പഠനലക്ഷ്യമോ പൂര്‍ത്തീകരിക്കുന്നതുവരെ സീറ്റില്‍ നിന്നെഴുന്നേല്‍ക്കാന്‍ ശ്രമിക്കരുത്. കൂട്ടുകാരുടെയോ മറ്റോ പഠനമുറിയിലേക്കുള്ള പ്രവേശനം സ്നേഹപൂര്‍വം നിരൂത്സാഹപ്പെടുത്തണം.
17. പഠന മുറിയില്‍ ടി.വി.റോഡിയോ, മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, ഇഷ്ടതാരങ്ങളുടെ ചിത്രങ്ങള്‍ എന്നിവ വേണ്ട, ഇവ പഠനത്തില്‍നിന്ന് ശ്രദ്ധ തിരിക്കും,
18. പഠിക്കാനേറെയുണ്ടല്ലോ എന്ന ഭയം റിവിഷനെ പ്രതികൂലമായി ബാധിക്കും. പുസ്തകക്കൂമ്പാരങ്ങള് കാണുമ്പോള്‍ത്തന്നെ പഠനത്തോട് വല്ലാത്ത വിരക്തി അനുഭവപ്പെട്ടേക്കാം. പാഠ്യവിഷയങ്ങളെ കൊച്ചുകൊച്ചു ഭാഗങ്ങളാക്കി ഓരോന്നോരോന്നായി സമയബന്ധിതമായി പഠിച്ചുതീര്ക്കുകയാണ് ഇതിനുള്ള പരിഹാരം. ഒരു സമയം ഒരു ഭാഗത്തില്‍ മാത്രം ശ്രദ്ധിക്കുക. മറ്റുള്ളവയെക്കുറിച്ച് ചിന്തിക്കുകയേ അരുത്.
19. അവസാന നിമിഷങ്ങളിലെ തിടുക്കപ്പെട്ടുള്ള പഠനം അസ്വസ്ഥതയും പിരിമുറുക്കവും ഉണ്ടാക്കും. ഇതുപോലുള്ള അവസ്ഥകള്‍ തരണം ചെയ്താണ് മിടുക്കന്മാരായ കുട്ടികള്‍പോലും പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതെന്ന് മനസ്സിലാക്കി മുന്നേറുക.
20.പരീക്ഷകളെ മത്സരമായിക്കാണുന്നതിനുപകരം സ്വയം വിലയിരുത്താനുള്ള ഉപാധിയായിക്കാണാന്‍ ശ്രമിക്കുക.
21. മിതമായ വ്യായാമം ദിനചര്യയുടെ ഭാഗമാക്കിയാല്‍ പരീക്ഷയോടനുബന്ധിച്ചുള്ള പിരിമുറുക്കം കുറയ്ക്കാം.അമിതമായ വ്യായാമം ശാരീരികക്ഷീണവും ഉത്ക്കണ്ഠയും വര്‍ദ്ധിപ്പിക്കാനേ ഉതകൂ. ദിവസവും പരിശീലിക്കാന്‍ ലഘുവായ ഒരു വ്യായാമം വിശദമാക്കാം.
ഒരു കിടക്കയില്‍ മലര്ന്നുകിടക്കുകയോ ഇരിപ്പിടത്തില്‍ നട്ടെല്ലുവളയാത്തവിധത്തില് നിവര്‍ന്നിരിക്കുകയോ ചെയ്യുക. കണ്ണുകള്‍ സാവധാനത്തിലടച്ച് ശരീരം മുഴുവന്‍ തളര്‍ത്തിയിട്ട് ശ്വാസോച്ഛാസത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. വായു പ്രവഹിക്കുമ്പോള്‍ മൂക്കിനുള്ഭാഗത്തും തൊണ്ടയിലും ശ്വസനനാളത്തിലുണ്ടാകുന്ന സ്പര്ശനാനുഭൂതികളും നേര്‍ത്ത ശബ്ദവും ശ്രദ്ധിക്കുക. വയറ്റിലും നെഞ്ചിലുമുണ്ടാകുന്ന വികാസസങ്കോചങ്ങളും ശ്രദ്ധിക്കുക. ഓരോ പ്രാവശ്യവും ഉച്ഛ്വാസവായുവിനോടൊപ്പം ടെന്‍ഷനും പ്രയാസങ്ങളും പിരിമുറുക്കങ്ങളും പുറത്തേക്കു പ്രവഹിക്കുന്നതായി സങ്കല്‍പ്പിക്കുക. ഇനി പതുക്കെ എണ്ണാന്‍ തുടങ്ങാം. ഓരോ ശ്വാസത്തോടും ഉഛ്വാസത്തോടുമൊപ്പം ഒന്ന്.....രണ്ട്......മൂന്ന്..... എന്നിങ്ങനെ പത്തുവരെ മുകളിലേക്കു എണ്ണുക. ശരീരത്തിനും മനസ്സിനും ശാന്തതയും സമാധാനവും അനുഭവപ്പെടും. അല്‍പ്പനേരം ഇങ്ങനെ കിടന്ന് സാവധാനത്തില്‍ പൂര്‍വ സ്ഥിതിയിലേക്കുമടങ്ങുക.
22.ഫാസ്റ്റ്ഫുഡുകള്‍, കോളകള്‍, വറുത്തതും പൊരിച്ചതും അധികം എരിവും പുളിയുമുള്ളതുമായ ആഹാരസാധനങ്ങള്‍, മാംസാഹാരം എന്നിവ പരീക്ഷാക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം ആഹാരസാധനങ്ങള്‍ ആമാശയത്തിലെ അമ്ലത കൂട്ടുമെന്നതിനാല്‍ മനസ്സിന്റെ പിരുമുറുക്കം വര്‍ധിപ്പിക്കും.
23. റിവിഷന്റെ സമയത്ത് ഉണ്ടാകുന്ന സംശയങ്ങള്‍ അപ്പോള്‍തന്നെ ഒരു നോട്ട് ബുക്കില്‍ എഴുതിവയ്ക്കണം. അധ്യാപകരോടോ സഹപാഠികളോടോ ചോദിച്ച് തൊട്ടടുത്ത ദിവസംതന്നെ സംശയം ദുരീകരിക്കാനും ശ്രമിക്കുക.
24.പഠിച്ചത് ഓര്‍മയില്‍ നില്ക്കാന് നിശ്ചിത ഇടവേളകളില്‍ ക്രമമായി റിവിഷന്‍ നടത്തുക. റിവിഷന്‍ പരീക്ഷയുടെ തലേന്നും തൊട്ട ദിവസങ്ങളിലുമുള്ള ബദ്ധപ്പാടും മാനസികസംഘര്‍ഷവും ഒഴിവാക്കും.
25. പരീക്ഷാ ഹാളിലെത്തിയാല്‍ ഓരോ തരം ചോദ്യത്തിനും സ്വഭാവത്തിനും അനുസരിച്ച് സമയം നിശ്ചയിക്കണം. പൊതുവെ സ്വീകാര്യമായ സമയ വിഭജനം വിശദമാക്കാം. ഒറ്റ വാക്കിന് 15-30 സെക്കന്റ്, ഒബ്ജക്റ്റീവിന് 30.-60 സെക്കന്‍ഡ്. ഒറ്റ വാചകത്തില്‍ ഉത്തരമെഴുതേണ്ടവയ്ക്ക് രണ്ടുമുതല്‍ അഞ്ചോ പത്തോ മിനുട്ട്. എസ്സേ ടൈപ്പിന് 25 മുതല്‍ 30 മിനുട്ട്. ഇതിനുപുറമേ ആദ്യത്തെ പത്തോ മിനുട്ട് ചോദ്യപേപ്പര്‍ വായിച്ചു നോക്കാനും അവസാനത്തെ പത്ത്മിനുട്ട് എഴുതിയ ഉത്തരക്കടലാസ് ഒരുതവണ കൂടി ഓടിച്ചു നോക്കാനും നീക്കിവെക്കാനും ശ്രമിക്കുക. എങ്കില്‍ ഉന്നത വിജയം നിങ്ങളുടെ കയ്യെത്തും ദൂരത്തു തന്നെയുണ്ടാവും തീര്‍ച്ച.
ഉപകാരപ്രദമായ പോസ്റ്റ്
മറുപടിഇല്ലാതാക്കൂആശംസകൾ!
നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂvery gooood
മറുപടിഇല്ലാതാക്കൂ