11/3/11

പുഴുക്കളെപോലെ മരിച്ച്‌ ജീവിച്ച ജനത;കുഞ്ഞാലിയുടെ ജീവിതകഥ ഏഴ്‌

വന്‍കിട ഭൂവുടമകള്‍ക്കു കീഴില്‍ കഴുതകളെ പോലെ പണിയെടുക്കാന്‍ വിധിക്കപ്പെട്ടിരുന്ന ഒരു ജന സമൂഹത്തിന്റെ ആവാസകേന്ദ്രമായിരുന്നു അന്‍പതുകളിലെ കിഴക്കന്‍ ഏറനാട്‌. സ്ഥാപിത താത്‌പര്യങ്ങള്‍ക്കായി അവര്‍ ഒരുപറ്റം പട്ടിണിപ്പാവങ്ങളെ ചൂഷണം ചെയ്‌തു. ചവിട്ടിയരച്ചു. അവകാശങ്ങള്‍ നിഷേധിച്ചു. അവരുടേത്‌ മാത്രമായ നീതിയും നിയമവും നടപ്പാക്കി കൊണ്ടിരുന്നു.

അന്ന്‌ നിലമ്പൂര്‍ കോവിലകക്കാര്‍ക്ക്‌ അവകാശപ്പെട്ടതായിരുന്നു ഏറനാട്ടിലെ മുഴുവന്‍ ഭൂമികളും. കൊട്ടാരത്തിലെ ഓരോ തമ്പുരാക്കന്‍മാരുടേയും തമ്പുരാട്ടിമാരുടേയും വാക്കാലുണ്ടായിരുന്ന ഉറപ്പ്‌, ചില വെള്ള പേപ്പറുകളില്‍ അവര്‍ എഴുതികൊടുത്തിരുന്ന കുറിപ്പടി. ഇവ മാത്രമായിരുന്നു ഭൂമികൈമാറ്റങ്ങള്‍ക്കുണ്ടായിരുന്ന ആധികാരിക രേഖ. ഭൂമിയുടെ മേലുണ്ടായിരുന്ന അവകാശങ്ങള്‍ സംബന്ധിച്ച്‌ കുറിപ്പടി എഴുതിക്കൊടുത്തിരുന്ന തമ്പുരാക്കന്‍മാര്‍ക്കും എഴുതിവാങ്ങിച്ചിരുന്ന കൈവശക്കാര്‍ക്കുമിടയില്‍ ആശങ്കകളും അവ്യക്തകളും ഏറെ നിലനിന്നു.


കോവിലകത്തേക്ക്‌ ഒരുകാര്യം പറയാന്‍ പോകുന്നവര്‍ കോവിലകം റോഡിലേക്ക്‌ പ്രവേശിച്ചാല്‍ ഭയംകൊണ്ട്‌ വിറക്കും. തലയിലെ കെട്ടഴിക്കും. നടത്തം പതുക്കയാക്കും. നോട്ടം ഭീതിയോടെയാകും. കോവിലകക്കാരുടെ മുമ്പില്‍ ഓച്ചാനിച്ചാണ്‌ നില്‍ക്കുക. അവര്‍ പറയുന്നതെന്തും വേദവാക്യം. അങ്ങോട്ടൊന്നും കയറി പറഞ്ഞുകൂടാ... സംശയം തീര്‍ത്തു കൂടാ... ഇതുകൊണ്ട്‌ കൂടിയായിരുന്നു ഈ അവ്യക്തതകള്‍.


കോവിലകക്കാരുടെ അറിവില്ലാതെ തന്നെ ചില മുതലാളിമാര്‍ വലിയ തോതില്‍ ഭൂമികള്‍ കയ്യേറി കൈവശം വെച്ചിരുന്ന സംഭവങ്ങളും ഒട്ടേറെയുണ്ടായിരുന്നു. തിരുമേനിമാര്‍ മറ്റാര്‍ക്കെങ്കിലും എഴുതി നല്‍കുന്ന ഭൂമിയില്‍ നിന്നുപോലും ഈ മുതലാളിമാര്‍ ഒഴിഞ്ഞുപോയിരുന്നില്ല. ഇങ്ങനെ കോവിലകം ഭൂമി അവരുടെ സമ്മതമില്ലാതെ കയ്യേറി കുട്ടിപ്രഭുക്കളായി തീര്‍ന്ന ഒരുപാട്‌ പേരുണ്ടായിരുന്നു ഏറനാട്ടില്‍. 


ഇത്തരക്കാര്‍ കൈവശം വെച്ച്‌ പോന്നിരുന്ന തോട്ടങ്ങള്‍, കേരള, ആര്‍ത്തല, മധുമല, മുണ്ടേരി, പുല്ലങ്കോട്‌, ചുള്ളിയോട്‌, മരുത തുടങ്ങിയ പ്രദേശങ്ങളിലായി വിസ്‌തൃതമായി കിടന്നിരുന്ന വലിയതോട്ടങ്ങള്‍, ചെറിയ എസ്റ്റേറ്റുകള്‍ ഇവകളിലെല്ലാമായി പതിനായിരങ്ങളാണ്‌ പണിയെടുത്ത്‌ പോന്നിരുന്നത്‌. ഉടമകള്‍ പറയുന്നതെന്തും അനുസരിക്കണം. അവര്‍ക്ക്‌ തൃപ്‌തിയാവുംവരെ പണിയെടുക്കണം. തൊഴിലിടങ്ങളില്‍ പ്രത്യേക സമയമോ വ്യവസ്ഥാപിത നിയമമോ ഇല്ല. ഇവയില്‍ വന്‍കിട മുതലാളിമാരും ബ്രിട്ടീഷ്‌ അധികാരികളും പാട്ടത്തിനെടുത്ത്‌ നടത്തിപ്പോന്നിരുന്ന തോട്ടങ്ങളുമുണ്ടായിരുന്നു.


അവര്‍ക്ക്‌ മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു. അതിനുവേണ്ട സാഹചര്യങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും പുനഃസ്ഥാപിക്കപ്പെടണമായിരുന്നു. അവരില്‍ സംഘബോധത്തിന്റെ വളമിട്ട്‌ ലക്ഷ്യബോധത്തിലേക്കെത്തിക്കാന്‍ നേതൃത്വം നല്‍കുന്നതിനായി ഇടതുപക്ഷ പ്രസ്ഥാനം നിയോഗിച്ച സാരഥിയായിരുന്നു പയ്യന്നൂര്‍ക്കാരന്‍ ഈശ്വരന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച്‌ തുടങ്ങി. ഓരോ തോട്ടത്തിലും ചെറുതൊഴില്‍ കേന്ദ്രങ്ങളിലും യൂണിയന്‌ യൂണിറ്റുകളുണ്ടാക്കി. ഓരോഗ്രാമങ്ങളിലും ചില അനുഭാവികളെ കണ്ടെത്തി. യോഗം വിളിച്ച്‌ ചെറുയോഗങ്ങളില്‍ നിന്നും കേഡര്‍മാരെ തിരഞ്ഞെടുത്തു. ഭാവി പരിപാടികള്‍ ആവിഷ്‌കരിച്ചു. അങ്ങനെ ചില മുന്നേററങ്ങള്‍ നടത്തികൊണ്ടിരുന്നു. അയാളെ നാടറിഞ്ഞു തുടങ്ങി.


ഇതിനിടയിലായിരുന്നു ഈശ്വരന്‍ നമ്പൂതിരിക്ക്‌ സ്വദേശത്തേക്ക്‌ തിരിച്ചുമടങ്ങേണ്ടി വന്നത്‌. പകരം തോട്ടം തൊഴിലാളികളെ നയിക്കാന്‍ കരുത്തനായ ഒരു സാരഥിയെ തന്നെ വേണമായിരുന്നു. ഉജ്ജ്വലനായ ഒരു സേനാ നായകന്റെ സാന്നിധ്യത്തിന്‌ ഏറനാടന്‍ മണ്ണും കാത്തിരിക്കുകയായിരുന്നു. അഹന്തയുടെ ഗോപുരനടകളില്‍ കയറിയിരുന്ന്‌ വിരാജിക്കുന്ന നാടുവാഴികളോടും പ്രഭുക്കന്‍മാരോടും ബ്രിട്ടീഷ്‌ അധിപന്‍മാരോടും പോരാടാന്‍ വീറും വാശിയും കരുത്തും തന്റേടവുമുള്ള ഒരാളെ തന്നെ  വേണമായിരുന്നു.


അതിനാണ്‌ ഒരു നിയോഗം പോലെ അയാള്‍ കടന്നുവന്നത്‌. ഇല്ലായ്‌മകളുടെ ജീവിത പരിസരത്തുനിന്നും വിപ്ലവത്തിന്റെ കനല്‍ പാതയിലേക്ക്‌ നെഞ്ചും വിരിച്ച്‌ നടന്ന്‌ കയറിയ കുഞ്ഞാലി. പട്ടിണിയെ തൊട്ടറിഞ്ഞവന്‍, പ്രതിസന്ധികള്‍ക്കു മുമ്പിലും സമര മുഖങ്ങളില്‍ വീറോടെ പോരാടുന്നവന്‍. അര്‍ഹതക്കുള്ള അംഗീകാരം പോലെ ജനം മനസില്‍ തൊട്ട്‌ നേതാവായി വാഴിച്ചവന്‍. അനുഭവങ്ങളുടെ അറിവില്‍ നിന്നും ലോകത്തെ വായിക്കുന്നവന്‍.
അങ്ങനെ അയാള്‍ കിഴക്കന്‍ ഏറനാടിന്റെ ചുമതലക്കാരാനായി. വലിയൊരു ജനവാസകേന്ദ്രമായിരുന്നു കിഴക്കന്‍ ഏറനാട്‌. ഒരറ്റത്ത്‌ നിന്നും മറ്റേ അറ്റത്തെത്തിപ്പെടാന്‍ അനേകം മയിലുകള്‍ താണ്ടണം. കുന്നും മലയും കയറി ഇറങ്ങണം. വെട്ടുവഴികളും പാടവും കാടും എല്ലാം നടന്ന്‌ തീര്‍ക്കണം. ഒരു വാഹനം പോലുമില്ലാതെ, ദുര്‍ഘടമായ ഇടവഴികളിലൂടെ, കുണ്ടും കുഴിയും മാത്രം നിറഞ്ഞ കല്ല്‌ പതിച്ച റോഡുകളിലൂടെ അയാള്‍ നിത്യവും നടന്നു നീങ്ങി. ഏറനാടിന്റെ മധ്യഭാഗമായിരുന്ന കാളികാവില്‍ തന്നെ സ്ഥിര താമസവുമാക്കി. 


കാളികാവിലെ സുബേദാര്‍ ബംഗ്ലാവ്‌. ഇവിടെയായിരുന്നു പില്‍ക്കാലത്ത്‌ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ ആസ്ഥാനമായിമാറിയത്‌. ആ കെട്ടിടം തന്നെ പാര്‍ട്ടി ഓഫീസായും ഉപയോഗിച്ചു. ആ മലയോരത്തിന്റെ മറ്റു മൂലകളിലെല്ലാം ഓടി നടന്ന്‌  പ്രവര്‍ത്തിക്കണമെങ്കില്‍ ആത്മാര്‍ത്ഥയും ചുറുചുറുക്കുമുള്ള ഒരാള്‍ തന്നെ വേണമായിരുന്നു. ആ ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ഒരാള്‍ തന്നെയായിരുന്നു കുഞ്ഞാലി. അതിനപ്പുറത്തുള്ള ധാരാളം ഗുണങ്ങളും അയാള്‍ക്കുണ്ടായിരുന്നു.


കരുവാരക്കുണ്ട്‌, കാളികാവ്‌, ചോക്കാട്‌, കരുളായി, നിലമ്പൂര്‍, വഴിക്കടവ്‌, എടക്കര, മരുത, ചുങ്കത്തറ, അമരമ്പലം, പോത്തുകല്ല്‌, മുണ്ടേരി, അകമ്പാടം, ഇങ്ങനെയുള്ള പ്രധാനകേന്ദ്രങ്ങളുമായും ഇതിനെചുറ്റിപ്പറ്റിയുണ്ടായിരുന്ന ഗ്രാമങ്ങളുമായെല്ലാം കുഞ്ഞാലി എളുപ്പത്തില്‍ പരിചയപ്പെട്ടു. റോഡുകളും ഇടനാഴികളും എല്ലാം മനസ്സിലാക്കി. ഭൂമിശാസ്‌ത്രത്തെ മാത്രമല്ല മനുഷ്യ മനഃശാസ്‌ത്രവും പഠിച്ചെടുത്തു. പിന്നീട്‌ അവിടങ്ങളില്‍ കുഞ്ഞാലിക്ക്‌ പരിചയമില്ലാത്ത വീടോ, കുഞ്ഞാലിയെ അറിഞ്ഞുകൂടാത്ത വീട്ടുകാരോ ഇല്ലാതായി. അത്രത്തോളം ആ ബന്ധം വളര്‍ന്നു. അങ്ങനെ ജന്മം കൊണ്ട്‌ കുണ്ടോട്ടിക്കാരാനായ കുഞ്ഞാലി കര്‍മം കൊണ്ട്‌ ഏറനാട്ടുകാരനായി.


കുഞ്ഞാലി ഏറനാട്ടിലെത്തുമ്പോള്‍ തോട്ടങ്ങളില്‍ നിന്നും ഉയര്‍ന്ന ശമ്പളംപറ്റി കഴിഞ്ഞിരുന്ന എസ്റ്റേറ്റു സൂപ്രണ്ടുമാരുടെ ഭരണമായിരുന്നു എസ്റ്റേറ്റ്‌ പരിസരങ്ങളില്‍. പണക്കൊഴുപ്പ്‌, അധികാരത്തിന്റെ ഹുങ്ക്‌, തങ്ങളെ ആരും ഒന്നും ചെയ്യില്ലെന്ന അളവില്‍ കവിഞ്ഞ വിശ്വാസം, അഹങ്കാരത്തിന്റെ ആകാശങ്ങളില്‍ കയറി ഇരിക്കുന്നവരുടെ വിളയാട്ട ഭൂമികയായിരുന്നു അവിടം. അവരുടെ താമസ സ്ഥലത്ത്‌കൂടെ പട്ടാപ്പകലില്‍ പോലും സ്‌ത്രീകള്‍ക്ക്‌ വഴിനടക്കാനാകുമായിരുന്നില്ല. എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക്‌ മാത്രമല്ല പരിസരങ്ങളിലുള്ള മറ്റു സ്‌ത്രീകളുടെ അനുഭവവും ഇതായിരുന്നു. മരുതയില്‍ ബിര്‍ളയുടെ യൂക്കാലീ തോട്ടങ്ങളുടെ പരിസരങ്ങളില്‍ ഈ പ്രവണത ഭയാനകമായിരുന്നു.
അവിടെ ഐ എന്‍ ടി യു സിക്കായിരുന്നു ഭൂരിപക്ഷം. ഈ എസ്റ്റേറ്റില്‍ ആയിരക്കണക്കിന്‌ തൊഴിലാളികളുണ്ടായിരുന്നു. അവരില്‍ തൊണ്ണൂറ്‌ ശതമാനവും ഐ എന്‍ ടി യു സിയില്‍ നിന്നുള്ളവര്‍. ഇവിടെയാണ്‌ കുഞ്ഞാലി എ ഐ ടി യു സിക്ക്‌ യൂണിറ്റ്‌ രൂപവത്‌കരിച്ചത്‌. ആദ്യയോഗത്തിനെത്തിയത്‌ മുപ്പതില്‍ താഴെ ആളുകള്‍. അവരെ വെച്ച്‌ പ്രവര്‍ത്തനം തുടങ്ങി. അവരുടെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരുടെ കൊള്ളരുതായ്‌മകള്‍ക്കെതിരെ സംഘടിച്ചു. പ്രതികരിച്ചു, പോരാടി.


സൂപ്രണ്ടുമാരില്‍ അത്‌ ഞെട്ടലുണ്ടാക്കുക തന്നെ ചെയ്‌തു. ഇന്നലെ പെയ്‌ത മഴയിലെ തവരകളാണ്‌ കുഞ്ഞാലിയും കൂട്ടരുമെന്ന്‌ അവര്‍ പരിഹസിച്ചു. അവരെ ഒതുക്കാന്‍ ഗുണ്ടകളെ ഇറക്കി. അപ്പോഴാണ്‌ ആ പോരാളിയുടെ വീറുണര്‍ന്നത്‌. ഗുണ്ടകളെ മാത്രമല്ല അവര്‍ക്കു ചെല്ലും ചെലവും കൊടുത്തിരുന്ന സൂപ്രണ്ടുമാരെവരെ ഓഫീസില്‍ കയറി പെരുമാറി കുഞ്ഞാലി. അതിന്‌ ശേഷം അവര്‍ ഒതുങ്ങി എന്ന്‌ മാത്രമല്ല കുഞ്ഞാലിയുടെ നേതൃത്വത്തിന്‍ കീഴിലെ സംഘടനയിലേക്ക്‌ തൊഴിലാളികളുടെ ഒഴുക്കു തന്നെയുണ്ടായി. ദിനംപ്രതി അവരുടെ അംഗബലം കൂടി വന്നു.


എതിര്‍ ചേരിയിലുള്ളവരെ പോലും മനുഷ്യത്വപരമായ ഇടപെടലുകള്‍ കൊണ്ടും പുതിയ സമീപനങ്ങള്‍ കണ്ടും ആകര്‍ഷിച്ച്‌ വരുതിയിലാക്കുന്ന കഴിവ്‌ കുഞ്ഞാലിയുടെ പ്രത്യേകതയായിരുന്നു. നേരത്തെ സൂപ്രണ്ടുമാരില്‍ നിന്നോ മറ്റോ ഏതെങ്കിലും സ്‌ത്രീകള്‍ക്ക്‌ അപമാനം നേരിട്ടാലും ചോദ്യംചെയ്യപ്പെടാന്‍ ആരുമുണ്ടായിരുന്നില്ല. ഭര്‍ത്താക്കന്‍മാരോ ബന്ധുക്കളോ ശ്രമിച്ചാലോ അവരെ കണ്ണുരുട്ടി പേടിപ്പിക്കാനും വഴങ്ങാത്തവരെ കൈകാര്യം ചെയ്യാനുമായിരന്നു സൂപ്രണ്ടുമാര്‍ തുനിഞ്ഞിരുന്നത്‌. ഒന്നും പുറത്ത്‌ പറയാന്‍ പോലുമാകാതെ ഉള്ളില്‍ ഒതുക്കി കഴിഞ്ഞിരുന്നവരും നിരവധിയായിരുന്നു.


എന്നാല്‍ കുഞ്ഞാലി അവയെ എല്ലാം അമര്‍ച്ച ചെയ്‌തു. സൂപ്രണ്ടുമാര്‍ക്കും അവരുടെ ശിങ്കിടിമാര്‍ക്കും കുഞ്ഞാലി പിന്നെയൊരു പേടി സ്വപ്‌നമായി. പല അവസരങ്ങളിലും തൊഴിലാളികളുടെ രക്ഷകനായി. തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം എപ്പോഴും എന്തു പ്രശ്‌നവും ചെന്നുപറയാനുള്ള ഒരത്താണിയുമായി മാറി കുഞ്ഞാലി. അങ്ങനെയൊരു രക്ഷകനെത്തന്നെയായിരുന്നു അവര്‍ കാത്തിരുന്നത്‌. 


ഓരോ തൊഴിലാളികളുമായും കുഞ്ഞാലി വ്യക്തിബന്ധം സ്ഥാപിച്ചെടുത്തു. അവരുടെ ചെറിയ ചെറിയ പ്രശ്‌നങ്ങളില്‍ പോലും അയാള്‍ ഇടപ്പെട്ടു. അവയ്‌ക്ക്‌ പരിഹാരവും നിര്‍ദേശിച്ചു. എന്ത്‌ വിഷയവും ഒളിച്ചുവെക്കാതെ അവരാ മനുഷ്യനോട്‌ പറഞ്ഞു. കുടുംബവഴക്കുകളും വ്യക്തിപരമായ പ്രശ്‌നങ്ങളും സ്വത്തു തര്‍ക്കവും വഴിതര്‍ക്കങ്ങളും അങ്ങനെ പ്രത്യേക പേര്‌ ചൊല്ലി വിളിക്കാന്‍ പോലുമാകാത്ത പ്രശ്‌നങ്ങള്‍. ആര്‍ക്കെങ്കിലും ഒരാപത്ത്‌ പിണഞ്ഞിരിക്കുന്നുവെന്നറിഞ്ഞാല്‍ ഏത്‌ പാതിരാത്രിയിലും കുഞ്ഞാലി അവിടെ ഓടി എത്തി.

ഒരു വെള്ളിയാഴ്‌ച്ച രാത്രിയില്‍ കുഞ്ഞാലി പതിവുള്ള ഊരുചുറ്റലുകളൊക്കെ മതിയാക്കി വൈകുന്നേരത്തോടെ കാളികാവില്‍ തിരിച്ചെത്തി. അയാള്‍ വന്നതില്‍ പിന്നെ പാര്‍ട്ടി ഓഫീസില്‍ എപ്പോഴും തിരക്കാണ്‌. പല പല ആവശ്യങ്ങള്‍ക്കായി എത്തി ചേരുന്നവര്‍. വിവിധ ദേശക്കാര്‍, പാര്‍ട്ടി അനുഭാവികള്‍, തൊഴിലാളി സുഹൃത്തുക്കള്‍, മറ്റുപാര്‍ട്ടികളില്‍പെട്ടവര്‍, പലരും ഇടപെട്ടിട്ടും പരിഹാരം കാണാനാവാത്ത സമസ്യകള്‍ക്ക്‌ ഉത്തരം തേടി എത്തുന്നവര്‍.


എല്ലാത്തിനും കുഞ്ഞാലിയുടെ കോടതിയില്‍ പരിഹാരമുണ്ടായിരുന്നു. പാര്‍ട്ടി അനുഭാവികളില്‍ ചിലര്‍ രാത്രിയിലും കുഞ്ഞാലിക്കൊപ്പമുണ്ടാകും. ഉറക്കവും പാര്‍ട്ടി ഓഫീസിലാകും. അന്ന്‌ കൂടെ യുണ്ടായിരുന്നത്‌ പള്ളിപ്പാടന്‍ മുഹമ്മദ്‌ എന്ന പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. അവര്‍ ഭക്ഷണം കഴിച്ച്‌ വളരെ വൈകിയാണ്‌ ഉറങ്ങാന്‍ കിടന്നത്‌.


ഉറക്കത്തിലേക്ക്‌ വഴുതി പോയതും പെട്ടെന്നായിരുന്നു. വാതിലില്‍ തുരുതരായുള്ള മുട്ട്‌ കേട്ടായിരുന്നു ഉണര്‍ന്നത്‌. വിളക്ക്‌ കത്തിച്ച്‌ വാതില്‍ തുറന്നു. പുറത്തു നിലമ്പൂരില്‍ നിന്നെത്തിയ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍. അയാള്‍ കുഞ്ഞാലിയെ കണ്ടപാടെ പറഞ്ഞു.
സഖാവെ ഇടിവെണ്ണ എസ്റ്റേറ്റിലെ നമ്മുടെ പ്രവര്‍ത്തകരെ ഐ എന്‍ ടി യു സി ക്കാര്‍ ആക്രമിച്ചു. കുറേപേര്‍ക്ക്‌ കുത്തേറ്റിട്ടുണ്ട്‌.
അപ്പോള്‍ സമയം പന്ത്രണ്ട്‌ മണിയോടടുത്തിരുന്നു. വിവരങ്ങള്‍ അറിയിക്കാനെത്തിയ പ്രവര്‍ത്തകന്‍ തിരിച്ചു പോയി. കുഞ്ഞാലി മറ്റൊന്നും ആലോചിച്ചില്ല.കാളികാവില്‍ നിന്നും നാല്‍പത്‌ കിലോമീറ്ററുകള്‍ക്കപ്പുറത്താണ്‌ ചാലിയാര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഇടിവെണ്ണ എസ്റ്റേറ്റ്‌. അന്ന്‌ പഞ്ചായത്തുകള്‍ രൂപവത്‌കരിക്കപെട്ടിട്ടില്ല. ആ സമയത്തു ഒരു വാഹനവും കിട്ടില്ല. ഏക ആശ്രയം സൈക്കിള്‍ മാത്രമാണ്‌.


~ഓരോ ദിവസവും കിലോമീറ്ററുകള്‍ താണ്ടിയുള്ള നടത്തം. ഇത്‌ പ്രവര്‍ത്തനത്തെ വല്ലാതെ ബാധിച്ചിരുന്നു. ഈ ബുദ്ധിമുട്ട്‌ മനസിലാക്കിയ ആര്‍ത്തല എസ്റ്റേറ്റിലെ തൊഴിലാളികളാണ്‌ അതിന്‌ ഒരു ചെറിയ പരിഹാരം കണ്ടത്‌. അവരെല്ലാവരും ചേര്‍ന്ന്‌ അദ്ദേഹത്തിനൊരു സൈക്കിള്‍ വാങ്ങി കൊടുത്തു. പിന്നീട്‌ ഇതിലായിരുന്നു സഞ്ചാരം. ആ സൈക്കിളുണ്ടായിരുന്നു.
സഖാവെ സമയമിത്രമായില്ലെ- ഇനി രാവിലെ പോയാല്‍ പോരെ- എന്ന്‌ മുഹമ്മദിന്‌ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ധൈര്യമുണ്ടായില്ല. ചോദിച്ചാല്‍ കുഞ്ഞാലി കോപിക്കും. പിന്നെ തനിച്ചാവും യാത്ര. എന്നാലും പോകാതിരിക്കില്ല. മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടെടുക്കുന്ന പരിപാടിയെ ഇല്ല.

 തന്റെ തൊഴിലാളികള്‍ക്കൊരു ആപത്ത്‌ പിണഞ്ഞിരിക്കുന്നു എന്നുകേട്ടാല്‍ മൂടി പുതച്ചുറങ്ങാന്‍ അയാള്‍ക്കാവുമായിരുന്നില്ല. ഉടനെ സംഭവസ്ഥലത്തെത്തിയേ മതിയാവൂ. മുന്നിലുള്ള പ്രതിബന്ധങ്ങളൊന്നും പ്രശ്‌നമായി കാണില്ല.
കുഞ്ഞാലിക്കൊപ്പം മുഹമ്മദും യാത്ര പുറപ്പെട്ടു. കുഞ്ഞാലിയായിരുന്നു  സൈക്കിള്‍ ചവിട്ടിയിരുന്നത്‌. മുഹമ്മദ്‌ പിറകിലിരുന്നു. ഒരുമണിയോടെ അവര്‍ നിലമ്പൂരിലെ പാര്‍ട്ടി ഓഫീസിലെത്തി.അവിടെ ഒന്നു രണ്ടു പ്രവര്‍ത്തകരുണ്ടായിരുന്നു.അവരോട്‌ വിവരങ്ങള്‍ ആരാഞ്ഞു. ഇടിവെണ്ണയില്‍ പ്രശ്‌നങ്ങളെന്തൊക്കെയോ നടന്നിട്ടുണ്ട്‌. എന്നാല്‍ എന്താണ്‌ സംഭവിച്ചതെന്നതിനെകുറിച്ച്‌ അവര്‍ക്കു കൃത്യമായി അറിയുമായിരുന്നില്ല. എന്തായാലും സഖാവ്‌ ഈ അസമയത്ത്‌ അങ്ങോട്ട്‌ പോകണ്ട.
എന്നായിരുന്നു പാര്‍ട്ടി ഓഫീസിലെ സഖാക്കള്‍ക്കു മുന്നറിയിപ്പ്‌ നല്‍കുവാനുണ്ടായിരുന്നത്‌.പക്ഷേ അവരുടെ ഉപദേശവും മുന്നറിയിപ്പുമൊന്നും കുഞ്ഞാലി ചെവി കൊണ്ടില്ല. കുഞ്ഞാലി മുഹമ്മദിനോടൊപ്പം സൈക്കിളില്‍ യാത്ര തുടര്‍ന്നു.
രണ്ടു മണിയോടെ അവര്‍ ചാലിയാര്‍ പുഴക്കടവിലെത്തി. ഏറനാടിന്റെ ഗംഗ നിറഞ്ഞ്‌ കവിഞ്ഞ്‌ നില്‍ക്കുന്ന സമയമാണ്‌. ഒരിടത്തും ഒരു നടപ്പാലം പോലുമില്ല. ആകെയുള്ളത്‌ ഒരു കടത്തു തോണി മാത്രം.
തോണിയിറങ്ങുമോ എന്ന്‌ തന്നെ കടത്തുകാരനറിയില്ല. എന്തായാലും ആസമയം മറ്റാരെങ്കിലും തോണിയിറക്കാന്‍ പറഞ്ഞാലും അയാള്‍ തയ്യാറാവില്ല. എന്നാല്‍ കുഞ്ഞാലി ആവശ്യപ്പെട്ടാല്‍ അയാള്‍ക്ക്‌ മറുത്തൊന്നും പറയാനാകുമായിരുന്നില്ല.
രണ്ടരമണിയോടെ കുഞ്ഞാലിയും മുഹമ്മദും ഇടിവെണ്ണയിലെത്തി ചേര്‍ന്നു.


ഗ്രാമം ഗാഢനിദ്രയിലാണ്ടു കിടക്കുന്നു. ഒരു വലിയ സംഘര്‍ഷം നടന്നതിന്റെ യാതൊരു സൂചനപോലുമില്ല. മലയോരമേഖലയാണ്‌. നേരം ഇരുട്ടുമ്പോഴേക്ക്‌ വന്യ മൃഗങ്ങള്‍ മേഞ്ഞു നടക്കുന്ന നിരത്തു വക്കുകള്‍. സന്ധ്യ മയങ്ങിയാല്‍ പിന്നെ പുറത്താരെയും കാണില്ല. അങ്ങാടിയിലുണ്ടാകുന്ന ആള്‍ക്കൂട്ടവും എട്ടു മണിയോടെ വീടണയും. അത്തരമൊരു പ്രദേശത്ത്‌ പുലര്‍ച്ചെ രണ്ടരമണിക്ക്‌ ആരാണ്‌ ഉറക്കമുണര്‍ന്നിരിക്കുക-? പ്രത്യേകിച്ചും രാവിലെ പണിക്കിറങ്ങേണ്ട തൊഴിലാളികളുറങ്ങുന്ന വീടുകളില്‍.


അറുപത്‌ വര്‍ഷങ്ങള്‍ക്കിപ്പുറവും ഇടിവെണ്ണയിലെ ആനയിറങ്ങുന്ന കാടുകള്‍ക്കു അരികുപ്പററിയുള്ള വീടുകളില്‍ ഈ അവസ്ഥക്ക്‌ വലിയ  മാറ്റമൊന്നും വന്നിട്ടില്ല. ആ പുലെര്‍ച്ചെയിലും കുഞ്ഞാലിയും മുഹമ്മദും അവിടുത്തെ പ്രധാനപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലെത്തി. അവരെ വിളിച്ചുണര്‍ത്തി സംഭവത്തെകുറിച്ച്‌ ആരാഞ്ഞു.
കുഞ്ഞാലിക്ക്‌ ലഭിച്ച വിവരം അത്ര ശരിയായിരുന്നില്ല. ചെറിയ ചില പ്രശ്‌നങ്ങള്‍ ഇടിവെണ്ണയില്‍ ഉണ്ടായി എന്നത്‌ നേരായിരുന്നു. എന്നാല്‍ സംഘര്‍ഷമോ കത്തിക്കുത്തോ ഉണ്ടായിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ പരിക്കും പറ്റിയിട്ടില്ല. അന്ന്‌ ഐ എന്‍ ടി യു സിക്കാര്‍ ഒരു യോഗം വിളിച്ചിരുന്നു. അയല്‍ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പോലും യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.


ഒരു സംഘര്‍ഷ സാധ്യതയുള്ള അവസരത്തെ പാര്‍ട്ടി പ്രവര്‍ത്തകരും തള്ളികളഞ്ഞിരുന്നില്ല. അവര്‍ ഒരുങ്ങിയിരുന്നു. പ്രതീക്ഷ തെറ്റിയില്ല. സംഘര്‍ഷമുണ്ടായി. സംഘട്ടനം കൊഴുത്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ശക്തിയായി തിരിച്ചടിച്ച്‌ എതിരാളികളെ ഓടിച്ചു. അതിനിടയില്‍ ചില പ്രവര്‍ത്തകര്‍ക്കു ചില്ലറ പരിക്കുകളുണ്ടായി. അത്‌ കാര്യമാക്കാനില്ല. എന്നാല്‍ നിലമ്പൂരില്‍ ലഭിച്ച വിവരം അങ്ങനെയായിരുന്നില്ല. കുഞ്ഞാലിക്ക്‌ വിവരം കൊടുത്തതും അതു പ്രകാരമായിരുന്നു.
അതായിരുന്നു കുഞ്ഞാലി.


തന്റെ അനുയായികള്‍ ഒരാപത്തിനു മുമ്പിലാണെന്നറിഞ്ഞാല്‍ അവര്‍ ഏത്‌ പാതാളത്തിലാണെന്നറിഞ്ഞാലും അവിടെ ഓടി എത്തുമായിരുന്നു. സ്വന്തം ജീവന്‍ അപായത്തിലാണെങ്കില്‍ പോലും ആ യാത്രയെ ഒഴിവാക്കണമെങ്കില്‍ കുഞ്ഞാലി മരിച്ച്‌ വീഴേണ്ടി വരും.
കുഞ്ഞാലി ഏറനാട്ടിലെ ഓരോ പുല്‍നാമ്പിനു പോലും സുപരിചിതനായി തീര്‍ന്നു. ഓരോ മണല്‍തരിയും ആ സാന്നിധ്യം തിരിച്ചറിഞ്ഞ്‌ തുടങ്ങി. #േഅതോടൊപ്പം ഭൂവുടമകളുടേയും നാടുവാഴികളുടേയും എസ്റ്റേറ്റ്‌ മാനേജ്‌മെന്റുകളുടേയും ശത്രുതാലിസ്റ്റില്‍ ഒന്നാമത്തെ പേരായും മാറി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ