ഇപ്പോള്‍ ടെലിവിഷനില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് വിപ്ലവമാണെങ്കില്‍, സമീപകാലത്തെ ഏറെ അമ്പരപ്പിക്കുന്നതും ബുദ്ധിശൂന്യവുമായ ഒന്നാകും അത്. ജന ലോക്‌പാല്‍ ബില്ലിന്റെ കാര്യത്തില്‍ ഉയരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും തത്‌കാലം ലഭിക്കാനിടയുള്ള ഉത്തരങ്ങള്‍ ഇവയാണ്. അതില്‍ നിന്ന് യോജിച്ചത് തിരഞ്ഞെടുക്കാം.
1. വന്ദേ മാതരം. 2. ഭാരത് മാതാ കി ജയ്. 3. ഇന്ത്യ അന്നയാണ്, അന്നയാണ് ഇന്ത്യ. 4. ജയ് ഹിന്ദ്.
വ്യത്യസ്‌തമായ കാരണങ്ങളും വ്യത്യസ്‌തമായ വഴികളുമാണെങ്കിലും മാവോയിസ്റ്റുകള്‍ക്കും ജന ലോക്‌പാല്‍ ബില്ലിനെ പിന്തുണക്കുന്നവര്‍ക്കും ഒരു കാര്യം ഇപ്പോള്‍ പൊതുവായുണ്ട് - രണ്ട് കൂട്ടരും ഇന്ത്യന്‍ ഭരണകൂടത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നു. ദരിദ്രരില്‍ ദരിദ്രരുടെ സൈന്യത്തെ ഉപയോഗിച്ച്, അതില്‍ തന്നെ ഭൂരിഭാഗവും ആദിവാസികളാണ്, സായുധസമരത്തിലൂടെ താഴെ നിന്ന് മുകളിലേക്ക് വരികയാണ് ഒരു കൂട്ടര്‍. രക്തരഹിതമായ ഗാന്ധിയന്‍ അട്ടിമറിയിലൂടെ മുകളില്‍ നിന്ന് താഴേക്ക് വരാനാണ് രണ്ടാമത്തെ പക്ഷത്തിന്റെ ശ്രമം. മികച്ച നിലയിലുള്ള നഗരവാസികളുടെ ഈ സൈന്യത്തെ നയിക്കുന്നത് പുതുതായി ഉദയം കൊണ്ട പുണ്യവാളനാണ്. (ഇവിടെ സര്‍ക്കാറും പങ്ക് ചേരുന്നു, സ്വയം പിഴുതെറിയാന്‍ സാധ്യമായതെല്ലാം ചെയ്‌തുകൊണ്ട്)
2011 ഏപ്രിലില്‍ അന്നാ ഹസാരെ ആദ്യം മരണം വരെ നിരാഹാര സമരം ആരംഭിച്ചപ്പോള്‍ സ്വന്തം വിശ്വാസ്യതയെ തകര്‍ക്കുന്ന വലിയ അഴിമതി കുംഭകോണങ്ങളാല്‍ വലയുകയായിരുന്നു സര്‍ക്കാര്‍. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ പുതിയ അഴിമതിവിരുദ്ധ നിയമം രൂപവത്‌കരിക്കുന്നതിനുള്ള സംയുക്ത സമിതിയില്‍ അംഗമാകാന്‍ ടീം അന്നയെ (`പൊതു സമൂഹ' സംഘം സ്വയം തിരഞ്ഞെടുത്ത ബ്രാന്‍ഡ് നാമമാണിത്) സര്‍ക്കാര്‍ ക്ഷണിച്ചു. അന്നാ ഹസാരെയുടെ സമരം ഏതാനും ദിവസം പിന്നിട്ടപ്പോഴായിരുന്നു ഈ ക്ഷണം. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സംയുക്ത സമിതിയുടെ ചര്‍ച്ചകളില്‍ നിന്ന് ബില്ലിന് രൂപം നല്‍കുക എന്ന ദൗത്യം ഉപേക്ഷിച്ച്, സര്‍ക്കാര്‍ രൂപം നല്‍കിയ കരട് അവര്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. ഗൗരവത്തോടെ എടുക്കാന്‍ സാധ്യമല്ലാത്ത വിധത്തിലുള്ളതാണ് ബില്ലെന്ന് ഇതിനകം വിമര്‍ശമുയര്‍ന്നിട്ടുണ്ട്.
ആഗസ്റ്റ് 16ന് രണ്ടാമത്തെ നിരാഹാര സമരം ആരംഭിക്കാനിരിക്കെ, അന്നാ ഹസാരെയെ അറസ്റ്റ് ചെയ്‌ത് ജയിലില്‍ അടച്ചു. ഇതോടെ ജന ലോക്‌പാല്‍ ബില്‍ നടപ്പാക്കുന്നതിന് വേണ്ടിയുള്ള സമരം പ്രതിഷേധിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ളതോ ജനാധിപത്യത്തിന് വേണ്ടിയുള്ളതോ ആയി മാറി. `രണ്ടാം സ്വാതന്ത്ര്യ സമരം' ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അന്നാ മോചിപ്പിക്കപ്പെട്ടു. എന്നാല്‍ ജയിലിനു പുറത്തിറങ്ങാന്‍ തയ്യാറാകാതിരുന്ന അദ്ദേഹം തിഹാര്‍ ജയിലില്‍ ആദരിക്കപ്പെടുന്ന അതിഥിയായി നിരാഹാര സമരം തുടങ്ങി, പൊതു സ്ഥലത്ത് സത്യഗ്രഹം അനുഷ്‌ഠിക്കാനുള്ള അവകാശത്തിന് വേണ്ടി.
മൂന്ന് ദിവസം ഇങ്ങനെ തുടര്‍ന്നു. തിഹാര്‍ ജയിലിന് പുറത്ത് ആള്‍ക്കൂട്ടവും ടെലിവിഷന്‍ വാനുകളും. അതീവ സുരക്ഷയുള്ള ജയിലില്‍ അന്നാ ടീമിലെ അംഗങ്ങള്‍ കയറിയിറങ്ങി. അദ്ദേഹത്തിന്റെ വീഡിയോ സന്ദേശങ്ങള്‍ രാജ്യത്തെ വിവിധ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്‌തു. ഈ സമയത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ 250 ജീവനക്കാര്‍ രാപകലില്ലാതെ ജോലി ചെയ്‌തു. സഹായത്തിന് 15 ട്രക്കുകളും ആറ് ബുള്‍ഡോസറുകളും. ആഴ്‌ചാന്ത്യത്തിലെ വലിയ ഘോഷത്തിന് വേണ്ടി രാംലീല മൈതാനം ഒരുക്കുയായിരുന്നു അവര്‍. മന്ത്രിക്കുന്ന ആള്‍ക്കൂട്ടവും ക്രെയിനുകളില്‍ ഘടിപ്പിച്ച ടെലിവിഷന്‍ ക്യാമറകളും കാത്തുനിന്നു. അന്നയുടെ മരണം വരെ നിരാഹാര സമരത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു -
രാജ്യത്ത് ഏറ്റവുമധികം ചെലവേറിയ ഡോക്‌ടര്‍മാരുടെ ശ്രദ്ധയില്‍. ``കാശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെ ഇന്ത്യ ഒന്നായിരിക്കുന്നു'' - ടെലിവിഷന്‍ അവതാരകര്‍ നമ്മളോട് പറഞ്ഞു.
അന്നാ ഹസാരെയുടെ മാര്‍ഗം ഗാന്ധിയനായിരിക്കാം, എന്നാല്‍ അദ്ദേഹമുന്നയിക്കുന്ന ആവശ്യങ്ങള്‍ തീര്‍ച്ചയായും അതല്ല. അധികാര വികേന്ദ്രീകരണം സംബന്ധിച്ച ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായ കിരാതമായ അഴിമതിവിരുദ്ധ നിയമമാണ് ജന ലോക് പാല്‍ ബില്‍. ആയിരക്കണക്കിന് ജീവനക്കാരുള്ള വലിയൊരു ഉദ്യോഗസ്ഥ സംവിധാനത്തെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത ഏതാനും പേര്‍ ഭരിക്കുക എന്നതാണ് ബില്ലിലെ ആശയം. പ്രധാനമന്ത്രി, നീതിന്യായ വ്യവസ്ഥയിലെ ഉന്നത സ്ഥാനങ്ങളിലുള്ളവര്‍, പാര്‍ലിമെന്റംഗങ്ങള്‍ എന്ന് തുടങ്ങി ഏറ്റവും താഴേത്തട്ടിലുള്ള സര്‍ക്കാറുദ്യോഗസ്ഥര്‍ വരെയുള്ളവരുടെ പോലീസായി ഈ സംവിധാനം മാറും. അന്വേഷണം, മേല്‍നോട്ടം, പ്രോസിക്യൂഷന്‍ തുടങ്ങിയവക്കുള്ള അധികാരവുമുണ്ടാകും. സ്വന്തമായി ജയിലുകളില്ല എന്ന കുറവേയുള്ളൂ, അതൊരു സ്വതന്ത്ര ഭരണ സംവിധാനമായി പ്രവര്‍ത്തിക്കും. അഴിമതിയില്‍ മുങ്ങിയ ഉത്തരവാദിത്വമില്ലാത്ത നിലവിലെ ഭരണ സംവിധാനത്തെ തിരുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് സങ്കല്‍പ്പം. എന്നാല്‍ ചുരുക്കം ചിലര്‍ക്ക് പങ്കാളിത്തമുള്ള ഭരണ സംവിധാനം ഒന്നിന് പകരം രണ്ടെണ്ണമാകുക മാത്രമേ യഥാര്‍ഥത്തില്‍ സംഭവിക്കൂ.
അത് പ്രവര്‍ത്തനക്ഷമമാകുമോ ഇല്ലയോ എന്നത് അഴിമതിയെ നാമെങ്ങനെ കാണുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും. സാമ്പത്തിക ക്രമക്കേടും കൈക്കൂലിയും മാത്രമുള്‍ക്കൊള്ളുന്ന നിയമപ്രശ്‌നം മാത്രമാണോ ഇത്? അതോ അധികാരം തീരെ ചെറിയ ഒരു കൂട്ടത്തിന്റെ കൈകളില്‍ കേന്ദ്രീകരിക്കുന്ന അതിഭയാനകമാം വിധത്തില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്ന ഒരു സമൂഹത്തിലെ സാമൂഹിക ഇടപാടുകളുടെ ഏകകമാണോ? ഉദാഹരണത്തിന് നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ സങ്കല്‍പ്പിക്കുക, അതിന് മുന്നില്‍ തെരുവ് കച്ചവടം നിരോധിച്ചിട്ടുണ്ട്. ഇവിടേക്ക് നിയോഗിക്കപ്പെടുന്ന പോലീസുകാരനും മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥനും ചെറിയ തുക കൈക്കൂലി നല്‍കി തെരുവ് കച്ചവടക്കാര്‍ ഇവിടെ സ്ഥാനം പിടിച്ചേക്കാം. മാളുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ ഈ കച്ചവടക്കാരെ ആശ്രയിക്കും. ഇത് ഏറെ ഭീകരമായ ഒരു സംഗതിയാണോ? ഭാവിയില്‍ ഈ തെരുവ് കച്ചവടക്കാരന്‍ ലോക് പാലിന്റെ പ്രതിനിധിക്കും കൈക്കൂലി നല്‍കണമോ? സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഘടനയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുകയാണോ വേണ്ടത് അതോ പുതിയ അധികാര ഘടന സൃഷ്‌ടിക്കുകയോ?
അന്നയുടെ വിപ്ലവത്തിന്റെ ആഘോഷം തീവ്ര ദേശീയതയിലും പതാക വീശലിലുമാണ്. ഇത് സംവരണവിരുദ്ധ പ്രക്ഷോഭത്തില്‍ നിന്നും ലോക കപ്പ് വിജയാഘോഷ വേദിയില്‍ നിന്നും അണ്വായുധ പരീക്ഷണത്തിന്റെ വിജയ പ്രഘോഷണത്തില്‍ നിന്നും കടംകൊണ്ടതാണ്. ഈ നിരാഹാര സമരത്തെ പിന്തുണക്കുന്നില്ലെങ്കില്‍ നമ്മള്‍ യഥാര്‍ഥ ഇന്ത്യക്കാരല്ലെന്ന സന്ദേശം ഇത്തരം ആഘോഷങ്ങള്‍ നല്‍കുന്നുണ്ട്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ യോഗ്യതയുള്ള മറ്റൊരു സംഭവവുമില്ലെന്ന് 24 മണിക്കൂര്‍ ചാനലുകള്‍ തീരുമാനിക്കുകയും ചെയ്‌തിരിക്കുന്നു.
സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആരെയും വെടിവെച്ചു കൊല്ലാന്‍ സൈനികര്‍ക്ക് അധികാരം നല്‍കുന്ന നിയമത്തെ ചോദ്യം ചെയ്‌ത് പത്ത് വര്‍ഷത്തിലേറെയായി ഇറോം ശര്‍മിള നടത്തുന്ന നിരാഹാര സമരത്തിന് ഇപ്പോള്‍ നടക്കുന്ന നിരാഹാര സമരത്തിന്റെ അര്‍ഥം കല്‍പ്പിക്കപ്പെടുന്നില്ല.
ആണവോര്‍ജ നിലയത്തിനെതിരെ കൂടംകുളത്ത് ആയിരക്കണക്കിന് ഗ്രാമവാസികള്‍ നടത്തുന്ന റിലേ നിരാഹാര സമരവും ഇതിന്റെ നിര്‍വചനത്തിന്‍ കീഴില്‍ വരില്ല. ജനം എന്നതിന് ഇറോം ശര്‍മിളയെ പിന്തുണക്കുന്ന മണിപ്പൂരുകാര്‍ എന്നും അര്‍ഥം വരില്ല. ജഗത്‌സിംഗ്‌പൂര്‍, കലിംഗനഗര്‍, നിയാംഗിരി, ബസ്‌തര്‍, ജയ്‌താപൂര്‍ എന്നിവിടങ്ങളില്‍ സായുധരായ പോലീസുകാരെയും ഖനന മാഫിയയെയും നേരിടുന്ന ആയിരങ്ങളെന്നും അര്‍ഥമുണ്ടാകില്ല. ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഇരകളെന്നോ നര്‍മദ താഴ്‌വരയില്‍ അണക്കെട്ടുകള്‍ക്കായി പറിച്ചെറിയപ്പെട്ടവരെന്നോ അര്‍ഥമില്ല. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രംഗത്തുള്ളവരെന്നും അര്‍ഥമില്ല.
ജനം എന്നാല്‍ താന്‍ മുന്നോട്ടുവെക്കുന്ന ജനലോക് പാല്‍ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയില്ലെങ്കില്‍ സ്വയം പട്ടിണികിടന്ന് മരിക്കുമെന്ന് ഭീഷണി മുഴക്കുന്ന 74കാരനെ കാണാനെത്തുന്നവര്‍ എന്ന് മാത്രമാണ് അര്‍ഥം. ടെലിവിഷനുകളുടെ അത്ഭുത ഗുണിതം ഈ പതിനായിരങ്ങളെ ദശലക്ഷങ്ങളാക്കി വളര്‍ത്തുന്നു, അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ ക്രിസ്‌തുവിനെപ്പോലെ. ``അന്ന ഇന്ത്യയാകുന്നു''വെന്ന് ``100 കോടി ശബ്‌ദം പറഞ്ഞുകഴിഞ്ഞു''വെന്ന് ഇവര്‍ നമ്മളോട് പറയുന്നു.
ജനങ്ങളുടെ ശബ്‌ദമായ ഈ പുതിയ പുണ്യവാളന്‍ യഥാര്‍ഥത്തില്‍ ആരാണ്? അടിയന്തര ആശങ്കയായ വിഷയങ്ങളില്‍ ഇദ്ദേഹം എന്തെങ്കിലും പറഞ്ഞതായി കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ അയല്‍പക്കത്തെ കര്‍ഷകരുടെ ആത്മഹത്യയെക്കുറിച്ചോ അല്‍പ്പം ദൂരെ നടക്കുന്ന ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെക്കുറിച്ചോ ഒന്നും. സിംഗൂര്‍, നന്ദിഗ്രാം, ലാല്‍ഗഢ് എന്നിവയെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. പോസ്‌കോയെക്കുറിച്ചോ കര്‍ഷകരുടെ സമരങ്ങളെക്കുറിച്ചോ പ്രത്യേക സാമ്പത്തിക മേഖലകള്‍ സമ്മാനിക്കുന്ന ദുരിതങ്ങളെക്കുറിച്ചോ പറഞ്ഞിട്ടില്ല. മധ്യേന്ത്യയിലെ കാടുകളില്‍ സൈന്യത്തെ നിയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തെക്കുറിച്ച് അദ്ദേഹത്തിന് നിലപാടുള്ളതായി അറിയില്ല.
എന്നാല്‍ രാജ് താക്കറെയുടെ മറാത്ത വാദത്തെയും അന്യദേശക്കാരോടുള്ള വിദ്വേഷത്തെയും അദ്ദേഹം പിന്തുണക്കുന്നുണ്ട്. 2002ലെ മുസ്‌ലിം വംശഹത്യക്ക് മേല്‍നോട്ടം വഹിച്ച നരേന്ദ്ര മോഡിയുടെ വികസന മാതൃകയെ പ്രശംസിച്ചിട്ടുമുണ്ട്. (വലിയ വിമര്‍ശമുയര്‍ന്നതോടെ മോഡി അനുകൂല പ്രസ്‌താവന അന്ന പിന്‍വലിച്ചു. എന്നാല്‍ ആരാധനയില്‍ നിന്ന് പിന്‍മാറിയിട്ടുണ്ടാകാന്‍ ഇടയില്ല)
ഈ ബഹളത്തിനിടയില്‍ വിവേകമുള്ള പത്രപ്രവര്‍ത്തകര്‍ എന്താണോ പത്രപ്രവര്‍ത്തകര്‍ ചെയ്യേണ്ടത് ആ ജോലി ചെയ്യാന്‍ തയ്യാറായി. ആര്‍ എസ് എസ്സുമായി അന്നക്ക് മുമ്പുണ്ടായിരുന്ന ബന്ധത്തിന്റെ കഥ നമ്മുടെ മുന്നില്‍ ഇപ്പോഴുണ്ട്. റാളെഗണ്‍ സിദ്ധി ഗ്രാമത്തില്‍ അന്ന തുടങ്ങിയ ഗ്രാമ സമുദായത്തിന്റെ കഥ ഇതേക്കുറിച്ച് പഠിച്ച മുകുള്‍ ശര്‍മ പറഞ്ഞുതന്നു. അവിടെ കഴിഞ്ഞ 25 വര്‍ഷമായി ഗ്രാമ പഞ്ചായത്തിലേക്കോ സഹകരണ സംഘത്തിലേക്കോ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.
`ഹരിജന'ങ്ങളെക്കുറിച്ചുള്ള അന്നയുടെ കാഴ്‌ചപ്പാട് നമുക്ക് അറിയാം: ``ഒരു ഗ്രാമത്തില്‍ ഒരു ചെരുപ്പുകുത്തി, തട്ടാന്‍, കുശവന്‍ തുടങ്ങിയവര്‍ വേണം. അവര്‍ അവരില്‍ നിക്ഷിപ്‌തമായ ജോലി ചെയ്യണം. അങ്ങനെയാണ് ഒരു ഗ്രാമം സ്വയം പര്യാപ്‌തമാകുന്നത്. ഇതാണ് റാളേഗണ്‍ സിദ്ധിയില്‍ ഞങ്ങള്‍ ശീലിക്കുന്നത്.''
സംവരണ വിരുദ്ധ പ്രസ്ഥാനമായ യൂത്ത് ഫോര്‍ ഇക്വാളിറ്റിയുമായി അന്നാ ടീമിലെ അംഗങ്ങള്‍ക്ക് ബന്ധമുണ്ടെന്നത് ആശ്ചര്യകരമാണ്. ലിമാന്‍ ബ്രദേഴ്‌സും കൊക്ക കൊളയുമൊക്കെ നല്‍കുന്ന സംഭാവനകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിതര സംഘടനകളാണ് ഈ പ്രസ്ഥാനത്തിന് പിറകില്‍. ടീം അന്നയിലെ പ്രധാനികളായ അരവിന്ദ് കേജ്‌രിവാളും മനീഷ് സിസോദിയയും നടത്തുന്ന കബീര്‍ എന്ന സ്ഥാപനത്തിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്ന് ലഭിച്ചത് നാല് ലക്ഷം ഡോളറാണ്. അഴിമതിക്കെതിരെ ഇന്ത്യ എന്ന പ്രചാരണത്തിന് സംഭാവന നല്‍കുന്നവരില്‍ അലൂമിനിയം പ്ലാന്റ് ഉടമകളുണ്ട്, തുറമുഖങ്ങളും പ്രത്യേക സാമ്പത്തിക മേഖലകളും നിര്‍മിക്കുന്നവരുണ്ട്. റിയല്‍ എസ്റ്റേറ്റ് വ്യവസായം നടത്തുന്നവരുമുണ്ട്. ഇവര്‍ക്കെല്ലാം ആയിരക്കണക്കിന് കോടി രൂപ മൂല്യം വരുന്ന ധനകാര്യ ഇടപാടുകള്‍ നടത്തുന്ന രാഷ്‌ട്രീയ നേതാക്കളുമായി ബന്ധവുമുണ്ട്. അഴിമതിയുടെയോ മറ്റ് കുറ്റകൃത്യങ്ങളുടെയോ ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് ഇവരില്‍ ചിലര്‍ക്കെതിരെ അന്വേഷണം നടക്കുകയും ചെയ്യുന്നു. ഇവരെല്ലാം ഇത്ര ഉത്സാഹം കാണിക്കുന്നത് എന്തുകൊണ്ടാണ്?!
വിക്കിലീക്‌സിന്റെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളും ടെലികോം അടക്കമുള്ള കോഴകളും പുറത്തുവന്ന സമയത്ത് തന്നെയാണ് ജന ലോക്‌പാല്‍ ബില്ലിന് വേണ്ടിയുള്ള പ്രചാരണം ഊര്‍ജിതമാകുന്നത് എന്നത് ഓര്‍മിക്കുക. കുത്തക കമ്പനികള്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍, മന്ത്രിമാര്‍, കോണ്‍ഗ്രസിലും ബി ജെ പിയിലുമുള്ള രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘം പൊതു ഖജനാവില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തുവെന്ന വിവരം പുറത്തുവന്ന സമയത്ത്. ചരിത്രത്തിലാദ്യമായി മാധ്യമ പ്രവര്‍ത്തകരുടെയും ലോബീയിസ്റ്റുകളുടെയും മുഖത്ത് കരിപുരണ്ടു. കുത്തക കമ്പനികളില്‍ ചിലതിന്റെയെങ്കിലും ഉന്നതര്‍ അഴിയെണ്ണുമെന്ന അവസ്ഥ. അഴിമതിക്കെതിരായ ജനകീയ പ്രക്ഷോഭത്തിന് ഏറ്റവും യോജിച്ച സമയം? അല്ലെങ്കില്‍ ഇത് തന്നെയാണോ യോജിച്ച സമയം?
ജല - വൈദ്യുതി വിതരണം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കര്‍ത്തവ്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയും കുത്തക കമ്പനികളും സര്‍ക്കാറിതര സംഘടനകളും ആ ജോലി ഏറ്റെടുക്കുകയും ചെയ്യുന്ന സമയമാണിത്. കുത്തകകളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെ ശക്തിയും സ്വാധീനവും ഭീകരമാം വിധത്തില്‍ വര്‍ധിക്കുകയും പൊതു ഭാവനയെ നിയന്ത്രണത്തിലാക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്ന സമയവും. ഈ ഘട്ടത്തില്‍ കുത്തക കമ്പനികള്‍, മാധ്യമങ്ങള്‍, സര്‍ക്കാറിതര സംഘടനകള്‍ തുടങ്ങിയവയെ ലോക്‌പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന് ആരും ചിന്തിക്കും. എന്നാല്‍ നിര്‍ദിഷ്‌ട ബില്‍ ഇവയെയെല്ലാം പൂര്‍ണമായും ഒഴിവാക്കി നിര്‍ത്തുന്നു.
നീച രാഷ്‌ട്രീയക്കാര്‍ക്കും സര്‍ക്കാര്‍ അഴിമതിക്കുമെതിരെ മറ്റാരേക്കാളുമുച്ചത്തില്‍ ശബ്‌ദിക്കുമ്പോള്‍ കുരുക്കിന്റെ കീഴില്‍ നിന്ന് തങ്ങളെ സ്വയം മാറ്റി നിര്‍ത്താന്‍ അവര്‍ ശ്രദ്ധിക്കുന്നു. സര്‍ക്കാറിനെ മാത്രം ചെകുത്താനായി ചിത്രീകരിക്കുമ്പോള്‍ പൊതു മണ്ഡലത്തില്‍ നിന്ന് സര്‍ക്കാര്‍ കൂടുതല്‍ പിന്മാറണമെന്നും പരിഷ്‌കരണങ്ങളുടെ രണ്ടാം ഘട്ടം ആരംഭിക്കണമെന്നും ആവശ്യപ്പെടാനുള്ള വേദി സൃഷ്‌ടിക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ സ്വകാര്യവത്‌കരണത്തിനും പൊതു അടിസ്ഥാന സൗകര്യങ്ങളിലും ഇന്ത്യയുടെ പ്രകൃതി സ്രോതസ്സിലും കൂടുതല്‍ കൈവെക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള പരിഷ്‌കാരങ്ങള്‍. കുത്തകകളുടെ അഴിമതി നിയമവിധേയമാക്കുകയും ലോബീയിംഗ് ഫീസ് എന്ന് പുനര്‍നാമകരണവും ചെയ്‌തിട്ട് അധികകാലമായിട്ടില്ല. ദിവസം 20 രൂപ മാത്രം വരുമാനമുള്ള 83 കോടി ജനങ്ങളെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന നയങ്ങളുടെ ശാക്തീകരണം എന്തെങ്കിലും പ്രയോജനം ചെയ്യുമോ? അതോ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടുമോ?
ഇത്രയും വലിയ പ്രതിസന്ധിക്ക് കാരണം ഇന്ത്യയിലെ പ്രാതിനിധ്യ ജനാധിപത്യം അമ്പേ പരാജയപ്പെട്ടതാണ്. ജനങ്ങളുടെ പ്രതിനിധികള്‍ അല്ലാതായി മാറിയ ക്രിമിനലുകളും കോടീശ്വരന്‍മാരായ രാഷ്‌ട്രീയക്കാരും ചേര്‍ന്നാണ് ഇവിടെ നിയമ നിര്‍മാണ സഭകളുണ്ടാകുന്നത്. ജനാധിപത്യ സ്ഥാപനങ്ങളിലൊന്ന് പോലും സാധാരണക്കാരന് പ്രാപ്യമല്ലാതായി മാറിയിരിക്കുന്നു. ദേശീയ പതാക പാറിപ്പറപ്പിക്കുന്നവരാല്‍ വഞ്ചിതരാകരുത്. സാമന്തനാകാനുള്ള യുദ്ധത്തിന് ഇന്ത്യയെ ഒരുക്കിക്കൊണ്ടുവരുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ആ യുദ്ധം ഒരുപക്ഷേ അഫ്‌ഗാനിസ്ഥാനിലെ യുദ്ധപ്രഭുക്കള്‍ നടത്തിയതിനേക്കാള്‍ മാരകമായിരിക്കും.
സിറാജ് ദിനപത്രം പുനപ്രസിദ്ധീകരിച്ച അരുന്ധതി റോയിയുടെ ഹിന്ദുവിലെ ലേഖനം.
ഹജാരെ ഇപ്പോള്‍ നടത്തുന്നത് വിപ്ലവം അല്ല സമ്മതിച്ചു..അങ്ങനെ എങ്കില്‍ ഇവിടത്തെ വിപ്ലവ കാരികള്‍ എവിടെ???അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്കുന്ന മന്‍മോഹന്‍ സര്‍ക്കാരിനെതിരെ ഒരു ചെറുവിരല്‍ അനക്കുവാന്‍ പോലും കഴിവില്ലല്ലോ ഈ പറഞ്ഞ വിപ്ലവ കാരികള്‍ക്ക്...അണ്ണാ തെറ്റോ ശെരിയോ എന്നതില്‍ ഉപരി , ഈ നാറിയ അവസ്ഥയ്ക്ക് ഒരു മാറ്റം ഉണ്ടാക്കാന്‍ എന്താണ് വഴി എന്ന് ഒന്ന് പറയൂ...അണ്ണാ ശരിയല്ല എങ്കില്‍ എന്താണ് ശരി എന്ന് കൂടി പറയൂ...ബുദ്ധിജീവിയുടെ മേലങ്കി സ്വയം എടുത്തണിഞ്ഞിരിക്കുന്ന അരുന്ധതിക്ക് എന്തുണ്ട് പറയാന്‍...അതോ ഇവരും സര്‍ക്കാരിന് വേണ്ടി കുഴലൂത്ത് തുടങ്ങിയോ???ഈ ലേഖനം ഇന്നത്തെ മനോരമയിലും ഉണ്ട്...വായിച്ചപ്പോള്‍ ചൊറിഞ്ഞു വരുന്നു...
മറുപടിഇല്ലാതാക്കൂ