21/10/11

സഹോദരീ നീ ഇര മാത്രമാകുന്നതെന്തിന്‌...?
കുറ്റകൃത്യങ്ങളുടെ നിരക്കിലും സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങളിലും സംസ്ഥാനം റിക്കാര്‍ഡിലേക്ക്‌ കുതിക്കുന്നു. 2011 ലെ എട്ട്‌ മാസങ്ങള്‍ കടന്നുപോയശേഷമാണ്‌ കേരള പോലീസിന്‌ ആ കാലത്തെ കുറ്റകൃത്യങ്ങളെക്കുറിച്ച്‌ ഒരു കണക്കെടുക്കണമെന്ന്‌ തോന്നിയത്‌. ആറു മാസത്തിനിടയിലെ കണക്ക്‌ ഞെട്ടിക്കുന്നതായിരുന്നു.
2010 ല്‍ നടന്നത്‌ ആകെ 363 കൊലപാതകങ്ങളാണ്‌. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ചെറിയ വര്‍ധനവായിരുന്നു അത്‌.
എന്നാല്‍ 2011 പകുതിയായപ്പോഴേക്കും എണ്ണം മുമ്പെങ്ങുമില്ലാത്തവിധം ഉയര്‍ന്നു.19 പോലീസ്‌ ജില്ലകളിലെ സ്ഥിതി വിവര കണക്കുകളനുസരിച്ച്‌ 2010ല്‍ ആകെ 634 ബലാല്‍സംഗം,
184 തട്ടികൊണ്ടുപോകല്‍, 363 കൊലപാതകം, 361 കൊലപാതക ശ്രമം,
എന്നാല്‍ 2011 ലെ ആറു മാസത്തിനിടക്ക്‌ മാത്രം ബലാല്‍സംഗങ്ങള്‍ 546ആയി. പെണ്‍കുട്ടികളെയും സ്‌ത്രീകളെയും തട്ടികൊണ്ടുപോയ കേസുകളുടെ എണ്ണം നൂറ്റി ഒന്നുമായി. 201 കൊലപാതകങ്ങള്‍. 271 കൊലപാതകശ്രമങ്ങള്‍. സ്‌ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യത്തില്‍ മലപ്പുറം ജില്ലക്കായിരുന്നു ഒന്നാം സ്ഥാനം. 632 കേസുകളാണ്‌ മലപ്പുറത്ത്‌ മാത്രമായി അരങ്ങേറിയത്‌.

രണ്ട്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ പത്രമാധ്യമങ്ങളില്‍ വന്ന്‌ പോയ ഈ കണക്കുകള്‍ ഇന്ന്‌ എത്രപേര്‍ ഓര്‍ക്കുന്നുണ്ടാകുമെന്നറിയില്ല. എത്രപേരാ വാര്‍ത്ത കണ്ടുകാണുമെന്നുമറിയില്ല. പക്ഷെ ഒരു കാര്യം തീര്‍ച്ചയാണ്‌. ഈ കുറ്റകൃത്യങ്ങളില്‍ എഴുപത്തിയഞ്ച്‌ ശതമാനവും ഇരകള്‍ സ്‌ത്രീകളായിരുന്നു. ഇരുപത്തിയഞ്ച്‌ ശതമാനവും പെണ്‍കുട്ടികളായിരുന്നു. 1180 സ്‌ത്രീകള്‍ ബലാല്‍സംഗത്തിന്‌ മാത്രം ഇരയായി. 285 സ്‌ത്രീകളേയും പെണ്‍കുട്ടികളേയും തട്ടികൊണ്ടുപോയി. ദുരൂഹതയുടെ പാളങ്ങളില്‍ കണ്ട മരണങ്ങളില്‍, പാതി ജീവനും കൊണ്ട്‌ ബാക്കിയായ ജീവച്ഛവങ്ങളില്‍, എണ്‍പത്‌ ശതമാനവും സ്‌ത്രീ ജന്മങ്ങളായിരുന്നു എന്ന്‌ പറയുന്നതിന്‌ കൂടുതല്‍ പഠനമൊന്നും നടത്തേണ്ടതില്ല. തളര്‍ന്നും തകര്‍ന്നും വീട്ടകങ്ങളുടെ ഇരുണ്ടമൂലകളില്‍ ഒതുങ്ങിക്കൂടുന്നവരോ ഇതിലുമേറെയാണ്‌. സസ്‌പെന്‍സ്‌ മാറാത്ത ക്രൈം വാര്‍ത്തകളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞ്‌ കാണുന്നതും അവരെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ തന്നെ.

മുകളില്‍ പറഞ്ഞ കണക്കുകള്‍ പ്രസിദ്ധീകരിച്ച്‌ വന്ന അതേ ദിവസമാണ്‌ (ആഗസ്റ്റ്‌ 22 ന്‌) മാനന്തവാടി പടിഞ്ഞാറെത്തറയില്‍ നിന്ന്‌ കാണാതായ പാരലല്‍ കോളജ്‌ വിദ്യാര്‍ഥിനിയുടെ മൃതദേഹം വയനാട്ടിലെ അപ്പപ്പാറ വനത്തിനുള്ളില്‍ കണ്ടെത്തിയത്‌.
അനിതാ നിവാസില്‍ വിശ്വനാഥന്റെ ഏക മകള്‍ (അനിത 20) ആണ്‌ അതിദാരുണമായി കൊലചെയ്യപ്പെട്ടത്‌. സംഭവത്തില്‍ പടിഞ്ഞാറേത്തറ മഞ്ഞൂറ കളത്തില്‍ നാസര്‍ (36) തെങ്ങുമുണ്ട ഇരട്ട ഗഫൂര്‍( 32)എന്നിവരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.
മൂന്ന്‌ ഭാര്യമാരുള്ള നാസറുമായി 20 വയസ്സുള്ള പെണ്‍കുട്ടി പ്രണയത്തിലാകുന്നു. അയാളെ വിവാഹം കഴിക്കാന്‍ കാമുകന്റെ സുഹൃത്തിനോടൊപ്പം ഒളിച്ചോടുന്നു. വനത്തില്‍ വെച്ച്‌ സുഹൃത്തിന്റെ പ്രേരണയാല്‍ പ്രതി പെണ്‍കുട്ടിയുമായി ശാരീരികമായി ബന്ധപ്പെട്ട്‌ മദ്യം നല്‍കി ക്രൂരമായി കൊലപ്പെടുത്തുന്നു.
മൂന്ന്‌ ഭാര്യമാരുള്ള ഒരു മനുഷ്യന്‍. നാലാമതായി ഒരു ഇരയെക്കൂടി കുരുക്കുന്നത്‌ വളര്‍ത്താനാവില്ലെന്നും കൊല്ലാന്‍ തന്നെയാകുമെന്നും എന്തേ ആ പെണ്‍കുട്ടി ഓര്‍ക്കാതെ പോയത്‌...? അതിനുള്ള പ്രായമോ പക്വതയോ അവള്‍ക്കില്ലാഞ്ഞിട്ടാണോ... വിവരമുണ്ടായിട്ടും വിവേകമില്ലാത്തതിന്റെ ഏറ്റവും ഒടുവിലെത്തെ ഇരയല്ല അവള്‍. ചെറിയൊരു ഉദാഹരണം മാത്രമാണ്‌. ഇതുപോലെതന്നെയാണ്‌ മുകളില്‍ പറഞ്ഞ പല കേസുകളിലേയും സ്‌ത്രീകളും അപകടത്തെ ഇരന്നുവാങ്ങിയത്‌. സ്‌ത്രീകള്‍ എവിടേയും സുരക്ഷിതരല്ല എന്ന്‌ നമ്മള്‍ പറയുമ്പോഴും പലപ്പോഴും അവര്‍ തന്നെയാണ്‌ ആ വലകളുടെ വാതിലില്‍ ചെന്ന്‌ മുട്ടി വിളിക്കുന്നത്‌. പലര്‍ക്കും കാരണങ്ങള്‍ പലതാവാം. വ്യത്യസ്ഥ സാഹചര്യങ്ങളിലുമാകാം. എന്നാല്‍ ചെന്ന്‌ ചാടുന്നതാകട്ടെ എല്ലാം ഒരേ മുഖങ്ങളുള്ള മടകളിലേക്ക്‌ തന്നെയാണ്‌.

ഇനി മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത്‌ നിന്ന്‌ ഈയിടെ കേട്ട്‌ കൊണ്ടിരിക്കുന്ന ചില രസകരമായ മിസ്‌ഡ്‌കോള്‍ പ്രണയത്തിന്റെ കഥ കേള്‍ക്കുക. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടിയും ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കൈക്കുഞ്ഞുമായി വയനാട്ടുകാരിയും രണ്ട്‌ കുട്ടികളുടെ മാതാവായ തൃത്താലക്കാരിയും അടക്കം ഏഴ്‌ സ്‌ത്രീകളാണ്‌ രണ്ടു മാസത്തിനിടെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയത്‌. അതില്‍ മൂന്ന്‌ പേര്‍ പത്തു ദിവസത്തിനുള്ളിലെത്തിയവരായിരുന്നു. എന്തിനാ.. മിസ്‌ഡ്‌ കോളിലൂടെ പരിചയപ്പെട്ട, ശബ്‌ദത്തിലൂടെ മാത്രം അറിയാവുന്ന കാമുകനെ ഒരുനോക്ക്‌ കാണാന്‍. അയാള്‍ പറഞ്ഞതെല്ലാം സത്യമാണെന്ന്‌ വിശ്വസിച്ച്‌ അയാളോടൊപ്പം ഇനിയുള്ള കാലമെങ്കിലും സന്തോഷത്തോടെ ജീവിക്കാന്‍. ഒരു മിസ്‌ഡ്‌ കോള്‍. അതില്‍ തുടങ്ങുന്നു നാടകീയമായ ഒരു പ്രണയം. പിന്നെ നേരില്‍ കാണണമെന്നാകും. പ്രണയം പരിണയത്തിലേ കലാശിക്കാവൂ എന്ന നാട്ടുനടപ്പുള്ളതു പോലെ അതിനാകും അടുത്ത ശ്രമം. ഈ പ്രണയ സാഫല്യത്തിന്റെ വാതില്‍ത്തുറക്കാനും പ്രതിസന്ധികളുടെ പുഴ നീന്തിക്കടക്കാനും അവര്‍ ഒരുക്കമാകുന്നു. പ്രതിബന്ധങ്ങള്‍ തട്ടിത്തകര്‍ത്ത്‌ എത്തിയവരാണ്‌ ചതിക്കുഴിയുടെ ആഴമറിഞ്ഞ്‌ പൊട്ടിക്കരഞ്ഞ്‌പോകുന്നത്‌. ഇങ്ങനെ തന്നെയാണ്‌ കുറ്റിപ്പുറം പ്രണയങ്ങളും തളിര്‍ത്തതും പൂത്തതും കരിഞ്ഞ്‌ വാടിയതും. കാമുകനെ കാണാനും വിവാഹം കഴിച്ച്‌ ഒരുമിച്ച്‌ ജീവിക്കാനും ഓടിയെത്തിയപ്പോഴതാ പ്രണയത്തിലെ രസച്ചരട്‌ പൊട്ടി കാമുകന്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തിരിക്കുന്നു. അത്‌കൊണ്ട്‌ മാത്രം റെയില്‍വേ സ്റ്റേഷനില്‍ ചുറ്റിത്തിരിയുന്ന പെണ്‍കുട്ടികളെകണ്ട്‌ സംശയം തോന്നി ചോദ്യം ചെയ്‌തപ്പോഴാണ്‌ പലപെണ്‍കുട്ടികള്‍ക്കും കൂടുതലൊന്നും സംഭവിക്കാതെ വീടണയാനായത്‌. കാമുകന്‍ ഫോണ്‍ സ്വിച്ച്‌ ഓഫാക്കി കബളിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ ആളായത്‌ കൊണ്ട്‌ അവിടെ തീരുന്നു. അല്ലെങ്കിലോ...? ജീവിതകാലം മുഴുവന്‍ അവള്‍ പിന്നെ പരിധിക്കുപുറത്തായിരിക്കും. കാണാമറയത്ത്‌ ആയിരക്കണക്കിന്‌ പെണ്‍കുട്ടികളാണിന്നും ജീവിച്ചോ മരിച്ചോ എന്ന്‌പോലും അറിയാത്തവരായുള്ളത്‌. എം ബി ബി എസ്‌ വിദ്യാര്‍ഥിനിയും എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥിനിയും ഒന്നും രണ്ടും മക്കളുള്ള വീട്ടമ്മമാരും ഉണ്ട്‌ അവരില്‍ എന്ന്‌ കൂടി കേള്‍ക്കുമ്പോള്‍ വിഷയത്തിന്റെ ഗൗരവം വ്യക്തമാണ്‌.

സൈബര്‍ ചതിക്കുഴികളെക്കുറിച്ച്‌ സഹോദരിമാര്‍ക്കുള്ള സാക്ഷരതയെക്കുറിച്ചും കൂടുതല്‍ ഉപന്യസിക്കേണ്ടതുണ്ടാകില്ല. വിദ്യാസമ്പന്നരുടെ അറിവ്‌ ഇതാണെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതി എന്താകുമെന്നകാര്യത്തിലാണ്‌ ഇനിയുള്ള ആശങ്ക. കുറ്റിപ്പുറത്ത്‌ വന്നിറങ്ങിയ ഒരു വീട്ടമ്മയോട്‌ റെയില്‍വേ സ്റ്റേഷനിലെ ചില പോര്‍ട്ടര്‍മാര്‍ ചോദിച്ചു. നിങ്ങള്‍ ഈ ലോകത്തൊന്നുമല്ലെ ജീവിക്കുന്നത്‌...? ഇവിടെ നടക്കുന്നതൊന്നും നിങ്ങള്‍ കാണുന്നില്ലേ.... കേള്‍ക്കുന്നില്ലെ...? ഈ ചോദ്യത്തോട്‌ ഞാന്‍ പത്രം വായിക്കാറില്ല. വാര്‍ത്തയും കേള്‍ക്കാറില്ല. ഇത്തരം തട്ടിപ്പുകളെക്കുറിച്ച്‌ കൂടുതലൊന്നും എനിക്കറിയില്ല. എന്നായിരുന്നുവെത്രെ അവരുടെ മറുപടി.
നമ്മുടെ സഹോദരിമാരില്‍ വലിയൊരു ശതമാനവും ഇന്നും പത്രം വായിക്കുന്നവരല്ല. ലോകത്ത്‌ എന്ത്‌ നടക്കുന്നു എന്നതിനെക്കുറിച്ചും ഒരു സാദാ വീട്ടമ്മ ആലോചിക്കുകയോ ആശങ്കപ്പെടുകയോ ചെയ്യുന്നില്ല. രാഷ്‌ട്രീയ കാര്യങ്ങളിലെ നിസംഗതപോലെ തന്നെയാണ്‌ സാമൂഹിക വിഷയങ്ങളോടും അവര്‍ക്കുള്ള സമീപനം. കുടുംബം, കുട്ടികള്‍, ജോലി. ദൈന്യംദിന ജീവിതം എന്നതിനപ്പുറത്തേക്ക്‌ മറ്റുള്ളവരുടെ വിഷയങ്ങളിലോ പ്രശ്‌നങ്ങളിലോ ഇടപെടാനും ഒരുക്കമാകുന്നില്ല. വിവരസാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ മാറ്റമുണ്ടായ ഒരുകാലത്ത്‌ നിന്ന്‌കൊണ്ടാണിത്‌ പറയുന്നത്‌. സമൂഹത്തിന്റെ നാഡിമിടുപ്പുകള്‍ അറിയുന്നതിന്‌ ഏറ്റവും കുറഞ്ഞത്‌ പത്രമെങ്കിലും മറിച്ച്‌ നോക്കിയാല്‍ മതിയെന്ന പ്രാഥമിക പാഠം അറിയാത്തവരൊന്നുമായിരുന്നില്ല അവര്‍. പക്ഷേ, അവര്‍ക്കിതിലൊന്നും താത്‌പര്യമില്ലെന്ന്‌ മാത്രം. അനുഭവം പുതിയപാഠം പഠിപ്പിച്ചപ്പോള്‍ പുനര്‍ വിചിന്തനത്തിന്‌ അവരും തയ്യാറായിട്ടുണ്ടാകണം. മാധ്യമങ്ങള്‍ ആഘോഷിച്ച ഒരുപെണ്‍വാണിഭക്കഥയിലെ നായികയോട്‌ പത്രക്കാര്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടിയും സമാനമായിരുന്നു. ഞാന്‍ പത്രമൊന്നും വായിക്കാറില്ല. വാര്‍ത്തയും കേള്‍ക്കാറില്ല. വീട്ടില്‍ ടി വിയുണ്ട്‌. അത്‌ തുറക്കുന്നത്‌ സീരിയലും സിനിമയും കാണാനാണെന്നുമായിരുന്നു.
മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഒരു സര്‍വേയുടെ ഭാഗമായി വീടുകള്‍ കയറി ഇറങ്ങേണ്ടി വന്നിരുന്നു. ചോദ്യാവലികളില്‍ പ്രധാനമായും വായനയെക്കുറിച്ചുള്ളതായിരുന്നു. കൊട്ടാര സാദൃശ്യമായ ഇരുനൂറ്റമ്പതോളം മുസ്‌ലിം വീടുകളില്‍ പത്രം പോലും വരുത്താത്തതായി കണ്ടെത്തി. ഇത്‌ ജില്ല മൊത്തമായുള്ള കണക്കല്ല, ഒരു താലൂക്ക്‌ പോലും ഉള്‍പ്പെടുന്നില്ല എന്നതാണ്‌ ഖേദകരം. എന്ത്‌കൊണ്ട്‌ പത്രം വരുത്തുന്നില്ല എന്ന്‌ ചോദിച്ചപ്പോള്‍ ആണുങ്ങളെല്ലാം അതിരാവിലെ പോകും. കുട്ടികളും. പിന്നെ ആര്‍ക്കാ പത്രം...? എന്നായിരുന്നു മിക്ക സ്‌ത്രീകളുടേയും മറുചോദ്യം. അവരെല്ലാം നാല്‍പത്‌ വയസ്സിന്‌ താഴെ പ്രായമുള്ള വീട്ടമ്മമാരായിരുന്നു. അപ്പോള്‍ നിങ്ങള്‍ക്ക്‌ വായിക്കേണ്ടെ എന്നും പെണ്‍കുട്ടികള്‍ക്ക്‌ വാര്‍ത്തകളറിയേണ്ടെ എന്നും ചോദിച്ചപ്പോള്‍ അതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന്‌ പോലും മറുപടി പറഞ്ഞവരായിരുന്നു ഏറെപേരും. എന്നാല്‍ ഈ വീടുകളിലെല്ലാം ഇന്റര്‍നെറ്റ്‌ സംവിധാനങ്ങളും ആഡംബര സംവിധാനങ്ങളുമുണ്ടായിരുന്നു.

പത്രവും വാര്‍ത്തകളും ആണുങ്ങള്‍ക്ക്‌ അറിയാനുള്ളതാണെന്നും പെണ്‍കുട്ടികളും ഉമ്മമാരും ലോകവിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ടതില്ലെന്നുമുള്ള ഒരു സന്ദേശമാണവര്‍ നല്‍കിയത്‌. നൂറുശതമാനം സാക്ഷരത നേടിയ പ്രബുദ്ധരായ ജനതയാണെന്ന്‌ അഹങ്കരിക്കുന്ന സംസ്ഥാനത്തെ, ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയിലെ സമ്പന്ന മുസ്‌ലിം കുടുംബങ്ങളിലെ സ്‌ത്രീകളാണ്‌ യാതൊരു മടിയും കൂടാതെ ഇങ്ങനെ പ്രതിവചിച്ചത്‌.
പല വീട്ടിലും പുരുഷന്‍മാര്‍ മാത്രമെ പത്രം തുറന്നെങ്കിലും നോക്കുന്നുള്ളൂ. പിന്നെ ഇവര്‍ക്കെങ്ങനെ ചൂഷണങ്ങളുടെ മുഖങ്ങളും തട്ടിപ്പുകളുടെ പുതുവഴികളുമൊക്കെ മനസ്സിലാക്കാനാകും....?
സൂര്യനെല്ലി, വിതുര, കവിയൂര്‍, കിളിരൂര്‍, കൊട്ടിയം, അടിമാലി, കോതമംഗലം, വാരാപ്പുഴ, മൂവാറ്റുപുഴ, പറവൂര്‍... ഇവയെല്ലാം കേരളത്തിന്റെ വ്യത്യസ്‌ത ജില്ലകളില്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളാണെങ്കിലും നമ്മെ എല്ലായ്‌പ്പോഴും അലോസരപ്പെടുത്തികൊണ്ടേയിരിക്കുന്നു ഈ സ്ഥലനാമങ്ങള്‍. പ്രത്യേകിച്ചും പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്ക്‌ ഒരു ഭീതിയാണ്‌ ഈ പേരുയര്‍ത്തുന്ന ഓര്‍മകള്‍. എന്നിട്ടും അത്തരം സംഭവങ്ങളുടെ പെരുമഴകള്‍ വന്നുകൊണ്ടേയിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ നടന്ന കഥകളുടെ ക്ലൈമാക്‌സുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാഘോഷിച്ച്‌ കൊണ്ടേയിരിക്കുന്നു മാധ്യമങ്ങള്‍.
സത്യം പറഞ്ഞാല്‍ ഇപ്പോള്‍ പത്രം തുറക്കാന്‍ പേടിയാകുന്നുണ്ട്‌. ചാനലുകള്‍ മാറ്റാന്‍ ഭീതി തോന്നുന്നുണ്ട്‌. കുട്ടികളുടെ മുന്നില്‍ വെച്ച്‌ പ്രത്യേകിച്ചും. നേരത്തെ പത്രം വായിക്കാനും വാര്‍ത്തക്കായി ന്യൂസ്‌ ചാനലുകള്‍ തുറക്കാനും പറഞ്ഞിരുന്ന കുട്ടികളോട്‌ അത്‌ തുറന്ന്‌ നോക്കരുതെന്ന്‌ പറയാന്‍ തോന്നിപോകുന്നു. അത്രക്ക്‌ ഭീകരമായിരിക്കുന്നു ഇത്തരം വാര്‍ത്തകളുടെ ആഘോഷങ്ങള്‍. എന്നിട്ടും ഇതൊന്നും നമ്മുടെ മിക്ക സഹോദരിമാരും അറിയുന്നില്ലെന്ന്‌ പറഞ്ഞാല്‍...? പിന്നെയും അത്തരം ചതിക്കുഴികളില്‍ അവര്‍ കഴുത്ത്‌ നീട്ടികൊടുക്കുന്നുവെന്ന്‌ കേട്ടാല്‍....തട്ടിപ്പുകളുടേയും വെട്ടിപ്പുകളുടേയും പീഡനപര്‍വങ്ങളില്‍ നിന്ന്‌ ഇപ്പോഴും പാഠം പഠിക്കാനായിട്ടില്ലെന്നല്ലെ ഇതെല്ലാം നമ്മോട്‌ പറഞ്ഞ്‌ തരുന്നത്‌....?


1996 ഫെബ്രുവരിയിലായിരുന്നു സൂര്യനെല്ലി എന്ന ആ മലയോര ഗ്രാമം (കു)പ്രസിദ്ധിയാര്‍ജിച്ചു തുടങ്ങിയത്‌. അതുവരെ നമുക്കും സുപരിചിതമായിരുന്നില്ല പെണ്‍വാണിഭമെന്ന വാചകം. ഒറ്റപ്പെട്ട സംഭവങ്ങളിലാകട്ടെ ഇത്രയും കലാകാരന്‍മാര്‍ ഒന്നിച്ച്‌ അണിനിരന്നിട്ടുമുണ്ടായിരുന്നില്ല. ഒമ്പതാം ക്ലാസുകാരിയായ ഒരു പെണ്‍കുട്ടിക്ക്‌ ഈ ലോകത്തെക്കുറിച്ച്‌ എന്തറിയാന്‍...? എന്നാല്‍ അതില്‍ പിന്നെ അവള്‍ അറിഞ്ഞു. അനുഭവിച്ചു. ഇപ്പോഴും ഉമിത്തീയില്‍ എരിഞ്ഞുകൊണ്ടേയിരിക്കുകയാണ്‌. കേസില്‍ 215 സാക്ഷികളായിരുന്നു. അതില്‍ 97 പേരെ വിസ്‌തരിച്ചു. 2004 നവംബര്‍ 15നാണ്‌ വിചാരണ തുടങ്ങിയത്‌. നീതിന്യായ വ്യവസ്ഥയിലെ ചരിത്ര സംഭവമെന്നാണ്‌ സൂര്യനെല്ലി കേസിലെ കോടതി വിധിയെ വിശേഷിപ്പിച്ചത്‌. സംഭവത്തില്‍ 35 പേര്‍ക്ക്‌ കഠിനതടവും പിഴയും ലഭിച്ചു. ഇരയായ പെണ്‍കുട്ടിക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കി. നഷ്‌ടപരിഹാരം അനുവദിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതികളേയും കുറ്റാരോപിതരേയും ജനം മറന്നു. ചിലര്‍ ശിക്ഷിക്കപ്പെട്ടു. ചിലര്‍ ഉന്നത സ്ഥാനങ്ങളിലേക്കുയര്‍ത്തപ്പെട്ടു. എന്നാല്‍ ആ പെണ്‍കുട്ടിയുടെ സ്ഥിതിയോ? അവളുടെ കുടുംബത്തിന്റെ മാനസിക നിലയോ?


അഞ്ച്‌ വര്‍ഷം അഞ്ച്‌ പോലീസുകാരുടെ സംരക്ഷണയിലായിരുന്നു പിന്നീടവളുടെ ജീവിതം. കോടതിയിലേക്കല്ലാതെ വീടിനു പുറത്തേക്ക്‌ ആ കുട്ടിയിറങ്ങിയിട്ടില്ല. തുടര്‍ന്ന്‌ പഠിച്ചില്ല. ജീവിതത്തില്‍ അവള്‍ മാത്രമല്ല ഒറ്റപ്പെട്ടത്‌. മാതാപിതാക്കളേയും ബന്ധുക്കള്‍ ബഹിഷ്‌കരിച്ചു. അച്ഛന്റെ അമ്മയുടെ മരണം പോലും അവരെ ആരും അറിയിച്ചില്ല. അവളുടെ സഹോദരി അഞ്ച്‌ വര്‍ഷത്തിനിടെ വീട്ടിലേക്ക്‌ വരികയുണ്ടായില്ല. കേരളത്തിന്‌ പുറത്താണ്‌ നാണക്കേട്‌ മൂലം സഹോദരി കഴിഞ്ഞു കൂടിയിരുന്നത്‌. ഏറ്റവും ഒടുവിലായി അവളെക്കുറിച്ച്‌ കേട്ടത്‌ സര്‍ക്കാര്‍ സഹായം കൊണ്ട്‌ പണിത വീടും മറ്റും ഉപേക്ഷിച്ച്‌ മനസ്സമാധാനം തേടി എങ്ങോ പോയി എന്നാണ്‌. മാധ്യമ ആഘോഷങ്ങളുടെ ആദ്യ ഇരയുടെ അനുഭവമാണിതെങ്കില്‍ വിതുര കേസിലും സമാനമായ വിധിയെ തന്നെയാണ്‌ ഈ പെണ്‍കുട്ടിക്കും ഏറ്റുവാങ്ങേണ്ടി വന്നത്‌. ഇന്നും അവള്‍ അനുഭവിച്ച്‌ കൊണ്ടേയിരിക്കുന്നതും സമാനമായ ദുരിതങ്ങള്‍ തന്നെ. മാധ്യമ വിചാരണയുടെ പാഠങ്ങളാണ്‌ തന്നെ ഇത്രയേറെ തകര്‍ത്തുകളഞ്ഞതെന്ന്‌ അവള്‍ പറഞ്ഞിട്ടുണ്ട്‌. കേസിലെ ഉന്നതനും തലയൂരി. കിളിരൂര്‍ കേസില്‍ ശാരി എസ്‌ നായരുടെ മരണമാണുണ്ടായതെങ്കില്‍ അവളെ ഓര്‍മിപ്പിക്കാന്‍ ഒരു കുഞ്ഞ്‌ മാതാപിതാക്കള്‍ക്കൊപ്പം വളരുന്നുണ്ട്‌. ആ കുഞ്ഞിന്റെ ചിത്രം നിരന്തരം കാണിക്കാന്‍ ചാനലുകള്‍ക്കോ പത്രങ്ങള്‍ക്കോ യാതൊരു മടിയുമില്ല താനും.


കവിയൂര്‍ കേസ്‌ ഒരു കുടുംബത്തിന്റെ കൂട്ടമരണത്തിലാണൊടുങ്ങിയത്‌. പൂമത്ര മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി ഭാര്യ ശോഭ, മക്കളായ അനഘ, അഖില, അക്ഷയ്‌ എന്നിവരാണ്‌ മരിച്ചത്‌. കേസന്വേഷണം എങ്ങും എത്തിയിട്ടില്ല. മാധ്യമങ്ങള്‍ കുറേ ആഘോഷിച്ചു. അത്ര തന്നെ.
2005 ജനുവരി 31നായിരുന്നു കൊട്ടിയം കേസിലെ ഇരയായ പെണ്‍കുട്ടി ഷൈനിയെ സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. പാങ്ങോട്‌ സൈനിക ക്യാമ്പില്‍ വെച്ച്‌ ഷൈനി പീഡിപ്പിക്കപ്പെട്ടു എന്നതാണ്‌ കേസ്‌. ഉന്നതരായ പോലീസുകാരും പ്രമുഖരും പ്രതികളായിരുന്നു. കേസില്‍ 24 പ്രതികളാണ്‌ ഉണ്ടായിരുന്നത്‌. അവരില്‍ ഇരുപത്‌ പേരെയും അറസ്റ്റ്‌ ചെയ്‌തു. വ്യക്തമായ തെളിവുകള്‍ ഈ കേസിലുണ്ടായിട്ടും അന്വേഷണത്തില്‍ പുരോഗതിയൊന്നുമില്ല. ഈ സംഭവവും മാധ്യമങ്ങള്‍ കുറേ കൊണ്ടാടി. 


മറ്റൊരു പത്രത്തിന്റെ ഞായറാഴ്‌ച സ്റ്റോറിയായി വന്നതായിരുന്നു കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിയിലെ ഉദ്യോഗസ്ഥയെ ബസ്സിനുള്ളില്‍ നിന്ന്‌ പീഡിപ്പിച്ച കഥ. പി ഇ ഉഷ എന്ന്‌ പിന്നെ അവരെ വിളിച്ചു. വല്ലാതെ ആഘോഷിച്ചു കളഞ്ഞു പത്രം ആ സ്റ്റോറി. എന്നാല്‍ ഇന്ന്‌ എന്താണ്‌ അവരുടെ അവസ്ഥ? സ്വന്തം ഭര്‍ത്താവ്‌ പോലും തള്ളിപ്പറഞ്ഞില്ലേ? നാണക്കേട്‌ മൂലം ആ ബന്ധം പോലും ഉപേക്ഷിച്ചു പോകുകയായിരുന്നു അയാള്‍. ഇന്ന്‌ ഇതേക്കുറിച്ച്‌ സംസാരിക്കാന്‍ പോലും താത്‌പര്യമില്ലാതെയാണ്‌ തകര്‍ന്ന മനസ്സുമായി അവര്‍ കഴിഞ്ഞുകൂടുന്നത്‌.

കേസുകള്‍ കീറിമുറിക്കപ്പെടുന്നതിനിടയില്‍, വിഴുപ്പലക്കലുകളുടെ അതിര്‍ത്തികള്‍ തകര്‍ന്നടിയുമ്പോള്‍ പുതുതലമുറ അതെങ്ങനെ സ്വീകരിക്കുമെന്നും മാധ്യമങ്ങള്‍ ആലോചിക്കുന്നില്ല. അടുത്ത കാലത്ത്‌ കുട്ടികള്‍ കുറ്റവാളികളായ നിരവധി സംഭവങ്ങളില്‍ അവരെ അതിന്‌ പ്രേരിപ്പിച്ചത്‌ പുതിയകാല സിനിമകളും വാര്‍ത്തകളുമായിരുന്നുവെന്ന്‌ അവര്‍ തന്നെ സമ്മതിച്ചതാണ്‌.
മാധ്യമങ്ങള്‍ക്ക്‌ ഇത്തരം കേസുകള്‍ കൈകൈര്യം ചെയ്യുന്നതിന്‌ മാര്‍ഗരേഖ അത്യാവശ്യമായിത്തീര്‍ന്നിട്ടുണ്ടെന്ന്‌ പറയാതിരിക്കാനാകില്ല. അപ്പോഴും നമ്മുടെ സഹോദരിമാര്‍ ഇത്തരം ചര്‍ച്ചകള്‍ക്ക്‌ മുഖം കൊടുക്കാതെ കിണറ്റിലെ തവളയെപോലെ അതാണ്‌ ലോകമെന്ന്‌ കരുതി ഒതുങ്ങിക്കഴിയുന്നു. പുരുഷ പീഡനങ്ങളിലും കുറ്റകൃത്യങ്ങളിലും ഇരകളാവാന്‍ മാത്രം വിധിക്കപ്പെട്ടവരായി മാറുന്നു. ലോകമെത്രയേറെ മാറി....? സ്‌ത്രീകള്‍ വല്ലാതെ മുന്നേറി. സമാധാനത്തിനുള്ള നോബല്‍ സമ്മാനം മൂന്ന്‌ വനിതകള്‍ പങ്കിട്ടെടുത്ത വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെയാണ്‌ ഏറ്റവും വലിയ വിഡ്‌ഢികളുടെ വക്താക്കളാണെന്ന കഥകളും ഇങ്ങ്‌ കേരളീയസ്‌ത്രീകള്‍ കേള്‍പ്പിക്കുന്നത്‌. വ്യക്തി ബന്ധങ്ങളും കുടുംബബന്ധങ്ങളും തകര്‍ന്നടിയുന്നിടത്ത്‌ നിന്ന്‌ തന്നെയാണ്‌ നിരാശാജനകമായ വാര്‍ത്തകളും പുറപ്പെട്ട്‌ വരുന്നതെന്നതും ശ്രദ്ധേയമാണ്‌. ആത്മവിശ്വാസം നഷ്‌ടപ്പെട്ടവരില്‍ നിന്ന്‌ നിരാശയുടേയും നിഷേധത്തിന്റേയും സ്വരം മാത്രമെ കേള്‍ക്കാനാകുകയുള്ളൂ എന്നകാര്യത്തില്‍ തര്‍ക്കമില്ല. നമ്മുടെ സഹോദരിമാര്‍ കെട്ടകാലത്തിന്റെ പരസ്യമോഡലുകളാകാതെ ചുമരെഴുത്തുകള്‍ വായിക്കണം. കാര്യങ്ങള്‍ മനസിലാക്കുകയും പഠിക്കുകയും ചെയ്യണം. അതിനനുസൃതമായി പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. ഓരോ ഇരകളുടേയും കഥകള്‍ അവര്‍ക്ക്‌ പാഠമാകണം.


കുടുംബബന്ധങ്ങള്‍ കലുഷിതമായി തീര്‍ന്ന്‌ കൊണ്ടേയിരിക്കുന്നു. പരസ്‌പര സ്‌നേഹവും ബഹുമാനവും ആത്മീയതയും എന്നേ വീട്ടകങ്ങളില്‍ നിന്ന്‌ പടിയിറങ്ങിപോയിരിക്കുന്നു. പൊട്ടിത്തെറികളും സംഘര്‍ഷങ്ങളും അതിന്റെ പിന്നാലെ വന്ന്‌ കയറുന്നതാണ്‌. സങ്കടങ്ങളുടെ കടലിരമ്പങ്ങള്‍ക്കിടയിലും അര വയറൂണിന്റെ സമൃദ്ധിയെക്കുറിച്ച്‌ മാത്രം കിനാവ്‌ കണ്ടവരായിരുന്നു പണ്ടുകാലത്തെ ഉമ്മമാര്‍. ജീവിതദുരന്തങ്ങളില്‍ നിന്നും ചോര കിനിയുമ്പോഴും അവര്‍ കുടിച്ചുവറ്റിച്ച വേദനയുടെ കടലുകളെക്കുറിച്ച്‌ എത്രയെത്ര കഥനങ്ങള്‍. മാതൃത്വത്തിന്റെ ആ മഹിത ജീവിതങ്ങള്‍ എരിഞ്ഞടങ്ങിയത്‌ സ്വന്തം കുഞ്ഞുങ്ങള്‍ തളിര്‍ത്തു പൂക്കട്ടെ എന്നു കരുതിയായിരുന്നു. പക്ഷേ അവരുടെ പിന്‍മുറക്കാരില്‍ നിന്ന്‌ ഇന്ന്‌ കേട്ട്‌ കൊണ്ടിരിക്കുന്നത്‌ ശുഭകരമായ വാര്‍ത്തകളല്ല. ജീവിതത്തില്‍ മരണത്തേക്കാള്‍ വലിയ പ്രതിസന്ധികളുണ്ടെന്നും ജീവിതം വലിയ സമരമാണെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു സഹോദരിമാര്‍. ജീവിത സമരത്തിന്‌ ശേഷം പരലോകത്ത്‌ ഇതിനേക്കാള്‍ വലിയ പരീക്ഷണങ്ങളെയാണ്‌ നമുക്ക്‌ നേരിടാനുള്ളതെന്നും ഓര്‍ക്കുക. അവിടെയും വിജയം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴകുക. ആത്മീയതയിലേക്ക്‌ മടങ്ങുക. തെരുവ്‌ തല്ലില്‍ ജയിക്കുന്നവനല്ല ശക്തന്‍. പ്രലോഭനങ്ങളിലും പ്രകോപനങ്ങളിലും പതറാത്ത മനസ്സിലാണ്‌ ശക്തി.

 2011 november poomkavanam magazine cover story

1 അഭിപ്രായം: