2010 നവംബര്‍ 22 നായിരുന്നു മലപ്പുറം ജില്ലയില്‍ കാളികാവ് പോലീസ് സ്റ്റേഷനിലെ എ എസ് ഐ മോഹനന്‍ ഒരു പ്രതിയുടെ വെടിയേറ്റ് മരിച്ചത്. നിരവധി കേസുകളിലെ പ്രതിയായ ആറങ്ങോടന്‍ മുജീബുര്‍റഹ്‌മാനാണ് എ എസ് ഐക്കുനേരെ നിറയൊഴിച്ചത്.
സംഭവത്തെ തുടര്‍ന്ന് ഭാര്യയോടും രണ്ട് മക്കളോടുമൊപ്പം
ഒളിവില്‍പോയ മുജീബുര്‍റഹ്‌മാനെയും ഭാര്യ നജ്‌മുന്നീസയേയും വെടിയേറ്റുമരിച്ച നിലയിലാണ് കാട്ടിനുള്ളില്‍ നിന്നും കണ്ടെത്തിയത്. രണ്ട് മക്കളെയും ജീവിക്കാന്‍ വിട്ട്‌കൊണ്ടായിരുന്നു മുജീബുര്‍റഹ്‌മാനും ഭാര്യയും ആത്മഹത്യ ചെയ്യാനുള്ള തീരുമാനമെടുത്തത്.അനാഥരായ രണ്ട് കുഞ്ഞുങ്ങള്‍ പിന്നീട് നാടിന്റെ വേദനയായി. അവരെ ദത്തെടുക്കാനും തുടര്‍ന്ന് പഠിപ്പിക്കാനും മത്സരിക്കുകയായിരുന്നു വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും. പലരും പരാജയപ്പെട്ടിടത്ത് തൊട്ടടുത്തുള്ള എം എല്‍ എയുടെ സഹായത്തോടെയാണ് ഒരനാഥാലയം അവരെ സ്വന്തമാക്കിയത്.
ഇന്ന് ഏറനാട്ടിലെ സ്ഥാപനത്തിലാണ് ഈ കുഞ്ഞുങ്ങള്‍ പഠിക്കുന്നത്. അവരെ സംരക്ഷിക്കുന്നതിനായി ഒരു ബന്ധുവായ സ്‌ത്രീക്ക് സ്ഥാപനത്തില്‍ ജോലിയും നല്‍കി. ഇനി ഇവര്‍ക്ക് ഒരു വീട് വേണം. അതിനായി സ്ഥാപനം തന്നെ മുന്‍കൈ എടുത്ത് സാമ്പത്തിക സഹായങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. കൂടൊരുക്കാന്‍ കൂട്ടുകൂടാം എന്നൊരു ക്യാമ്പയിന്‍ തന്നെയാണ് ഇതിനായി നടത്തുന്നത്.
പോറ്റമ്മമാര്‍ക്കിവര്‍
പ്രിയപ്പെട്ട മക്കള്‍
പതിനഞ്ച് വര്‍ഷം മുമ്പായിരുന്നു നാടിനെ നടുക്കിയ ആ ദുരന്തം. ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നിയ ഭാര്യയെ വെട്ടിക്കൊന്നാണ് 36 കാരനായ ഭര്‍ത്താവ് വിഷം കഴിച്ച് മരിച്ചത്. കുഞ്ഞുങ്ങള്‍ക്കും വിഷം നല്‍കിയിരുന്നു. മൂന്ന് മക്കളില്‍ ബാക്കിയായത് അഭിനവ് എന്ന ഒന്നര വയസ്സുകാരന്‍ മാത്രം. എന്നാല്‍ ഇന്ന് അഭിനവിന് പുതിയ അച്ഛനുണ്ട്. അമ്മയും പുതിയ കൂട്ടുകാരും ബന്ധുക്കുമുണ്ട്. കോഴിക്കോട് ഈസ്റ്റ്‌ഹില്ലിലെ വ്യവസായിയാണവന്റെ അച്ഛന്‍. നഗരത്തിലെ പേരെടുത്ത ഒരു ഡോക്‌ടറാണ് അമ്മ.
എന്നാല്‍ ഇത് തന്റെ രണ്ടാം ജന്മമാണെന്നും ഇപ്പോഴത്തെ അച്ഛനും അമ്മയും ദത്തെടുത്തതാണെന്നും അഭിനവിനറിയില്ല. പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് അഭിനവും കുടുംബവും. ഭൂതകാലത്തെക്കുറിച്ച് ഓര്‍ക്കാന്‍ അഭിനവിന്റെ അച്ഛനോ അമ്മയോ ആഗ്രഹിക്കുന്നില്ല. സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ ആ പഴങ്കഥ അയവിറക്കാന്‍ അവര്‍ മടിച്ചതുമില്ല. അഭിനവിനെ ഞാന്‍ പ്രസവിച്ചതല്ല. എന്നുകരുതി അവനോട് ഞങ്ങള്‍ക്ക് യാതൊരു സ്‌നേഹക്കുറവുമില്ല. ഒരമ്മയും മകനും തമ്മിലുണ്ടാകുന്ന വൈകാരിക ബന്ധത്തേക്കാള്‍ ദൃഢമാണ് ഞങ്ങളുടെ ബന്ധം. ഇന്ന് അവനുവേണ്ടിയുള്ളതാണ് ഞങ്ങളുടെ ജീവിതം. ഒരു ദിവസംപോലും അവനെ പിരിഞ്ഞ്‌കൊണ്ട് എനിക്കോ ഭര്‍ത്താവിനോ അവനോ നില്‍ക്കാനാകില്ല. അഭിനവിന്റെ അമ്മ ഡോ. സാവിത്രി പറഞ്ഞു. കുഞ്ഞുങ്ങളേയും കൂട്ടി മരണത്തിലേക്ക് പോകുന്ന അമ്മമാര്‍ക്ക് അവര്‍ ചില മുന്നറിയിപ്പുകള്‍ കൂടി നല്‍കുന്നു.
ചവറ്റുകൂനയിലെ കുഞ്ഞുങ്ങള്‍;
കോടീശ്വര പുത്രന്‍മാര്‍
പ്രതിസന്ധികളില്‍ തളര്‍ന്ന് പോയി ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നവര്‍ സ്വന്തം കുഞ്ഞുങ്ങളെയും കൂടെ കൂട്ടുമ്പോള്‍ ഓര്‍ക്കുക. കേരളത്തില്‍ ഒരു കുഞ്ഞിക്കാല് കാണാനാവാതെ വേദനിക്കുന്ന ആയിരക്കണക്കിന് അമ്മമാരുണ്ട്. ഒരുകുഞ്ഞിനുവേണ്ടി അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രത്തില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന പതിനായിരങ്ങള്‍. കുഞ്ഞുങ്ങളെ ഈ കേന്ദ്രങ്ങളിലേല്‍പ്പിച്ചാല്‍ അവര്‍ മറ്റൊരുലോകത്ത് പൊന്നുപോലെ വളരുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും വേണ്ട. അവര്‍ പറയുന്നു. പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനിടയില്‍ എല്ലാ ചികിത്സയും പരീക്ഷിച്ചതിനു ശേഷമാണ് ഡോ. സാവിത്രിയും ഭര്‍ത്താവ് സുബ്രഹ്മണ്യനും ഒരുകുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. ഒരുപാട ്‌അലഞ്ഞതിന് ശേഷമാണ് നിയമപ്രകാരം തന്നെ അഭിനവിനെ ഏറ്റെടുക്കുന്നത്. ഇന്ന് ഇവരുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുടെ ഏക അവകാശിയും അഭിനവാണ്.
എറണാകുളം ജില്ലയില്‍ നോര്‍ത്ത് പറവൂരിലെ സുധാകരന്‍ മിനി ദമ്പതികളുടെ ഏക മകന്‍ രാഹുല്‍ ഒരു ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു. തുടര്‍ന്നാണ് അവര്‍ ഇടുക്കിയിലെ ഒരു ദത്തെടുക്കല്‍ കേന്ദ്രത്തില്‍ നിന്ന് നാലുവയസ്സുള്ള ആണ്‍കുട്ടിയെ ദത്തെടുത്തത്. ഇന്ന് ഡിഗ്രിക്ക് പഠിക്കുന്ന രഞ്‌ജിത്തിനറിയാം ഇവര്‍ തന്റെ യഥാര്‍ഥ മാതാപിതാക്കളല്ലെന്ന്. എന്നാലും മകന്‍ മരിച്ച ദു:ഖം ഈ ദമ്പതികള്‍ മറക്കുന്നു രഞ്‌ജിത്തിലൂടെ. മരണപ്പെട്ട മകന്റെ കുരുത്തക്കേടുകളൊന്നും രഞ്‌ജിത്തിനില്ല. അവനെ നേരത്തെ ദൈവം വിളിച്ചു, പകരം അവനേക്കാള്‍ സത്യസന്ധനും ചുറുചുറുക്കുമുള്ള ഒരുമകനെ ദൈവം തിരിച്ചു തന്നു. എന്നാണ് ഇപ്പോള്‍ ഈ ദമ്പതികള്‍ വിശ്വസിക്കുന്നത്.
രാജ്യത്ത് അംഗീകൃതവും അനധികൃതവുമായ ഒട്ടേറെ ദത്തെടുക്കല്‍ കേന്ദ്രങ്ങളുണ്ട്. അഭിനവിനെപ്പോലെ, രഞ്‌ജിത്തിനെ പോലെ ദാരിദ്ര്യത്തിന്റെയും കഷ്‌ടപ്പാടിന്റെയും ലോകത്തുനിന്ന് കണ്ടെടുക്കപ്പെട്ട പതിനായിരക്കണക്കിന് കുട്ടികള്‍ ഇന്ന് സങ്കല്‍പ്പിക്കാന്‍പോലുമാകാത്ത ചുറ്റുപാടുകളിലാണ് വളരുന്നത്. അച്ഛനോ അമ്മയോ കൈക്കൊണ്ട തീരുമാനങ്ങളില്‍ നിന്ന് ഭാഗ്യം കൊണ്ട്‌മാത്രം ജീവിതത്തിലേക്ക് തിരികെ എത്തിയവര്‍ മുതല്‍ ചവറ്റുകൂനയില്‍ ഉറുമ്പരിച്ചും പട്ടികടിച്ചും കരഞ്ഞ് നിലവിളിച്ച മാംസപിണ്‌ഡങ്ങള്‍വരെയുണ്ട് ആ കൂട്ടത്തില്‍.
ദത്തെടുക്കാന്‍
തികയുന്നില്ല കുട്ടികള്‍
രാജ്യത്ത് 324 അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 72 എണ്ണം രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ദത്തെടുക്കലിന് അംഗീകാരമുള്ള ഏജന്‍സികളാണ്. അംഗീകൃത കേന്ദ്രങ്ങളില്‍ മാത്രം പ്രതിമാസം 25 കുട്ടികളെ എങ്കിലും ദത്തെടുക്കുന്നുണ്ട്. എന്നാല്‍ ഇവിടെ ഓരോ വര്‍ഷവും അഞ്ഞൂറില്‍ പരം കുടുംബങ്ങളാണ് അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്നത്. ഇവര്‍ക്കെല്ലാവര്‍ക്കും കുഞ്ഞുങ്ങളെ തികയാത്ത സാഹചര്യമാണുള്ളത്. 2005 മുതല്‍ 2008 വരെയുള്ള കാലയളവില്‍ ആയിരത്തി അഞ്ഞൂറ് കുട്ടികളാണ് കേരളത്തില്‍ നിന്നുമാത്രം നിയമാനുസൃതമായി ദത്തെടുക്കപ്പെട്ടത്. നിയമാനുസൃതമായല്ലാതെ ഇതിന്റെ മൂന്നിരട്ടിവരുമത്രെ.
ഈ അനാഥര്‍ ഇന്ന് സനാഥര്‍
ദത്തെടുക്കല്‍ കേന്ദ്രങ്ങളിലെത്തുന്ന ഒരു കുഞ്ഞും അനാഥരാകുന്നില്ല. സംരക്ഷിക്കാനാളില്ലാതെ അലയേണ്ടിവരികയുമില്ല. മറിച്ച് അവര്‍ ഉന്നത കുടുംബങ്ങളില്‍ സമര്‍ഥരായി വളരുകയാണ് ചെയ്യുക. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തൃശൂര്‍ ജില്ലാ ചെയര്‍മാന്‍ പി യു ജോര്‍ജ് പറയുന്നു. പ്രത്യേകസാഹചര്യത്തില്‍ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ സാധിക്കാത്തവര്‍ക്ക് ഇത്തരം ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍ കുട്ടികളെ ഏല്‍പ്പിക്കാം. രണ്ട് മാസം കഴിഞ്ഞ് ആവശ്യമെങ്കില്‍ തിരികെ ആവശ്യപ്പെടുകയും ചെയ്യാം എന്നും അദ്ദേഹം.
ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ സര്‍ക്കാരും സന്നദ്ധസംഘടനകളുമൊക്കെ ഒരുക്കിയിട്ടും ഇതൊന്നുമറിയാതെയാണ് വീട്ടമ്മമാര്‍ കൂട്ട ആത്മഹത്യയില്‍ കുഞ്ഞുങ്ങളെക്കൂടി കുരുതികഴിക്കുന്നത്.
ഇന്ന് നിലവിലുള്ള നിയമസംവിധാനങ്ങളെക്കുറിച്ചും മറ്റും സാമാന്യമായ വിവരം ഇവിടുത്തെ അങ്കണ്‍വാടി, കുടുംബശ്രീ പ്രവര്‍ത്തകരെയും മറ്റും ബോധവാന്‍മാരാക്കിയാല്‍ തന്നെ ഒരുവിധം സ്‌ത്രീകളിലേക്കെല്ലാം ഇതിന്റെ സന്ദേശമെത്തിക്കനാകുമെന്നാണ് അഡ്വ. ശരീഫ് ഉള്ളത്ത് പറയുന്നത്. അതുവഴി എത്രയോ കൂട്ടമരണങ്ങളെ ഇല്ലാതാക്കാനും സാധിക്കും.
ദത്തെടുക്കല്‍:
നിരീക്ഷണത്തിന് അതോറിറ്റി
ദത്തെടുക്കല്‍ നടപടി നിരീക്ഷിക്കാന്‍ പ്രത്യേക അതോറിറ്റി തന്നെ കേന്ദ്ര സര്‍ക്കാര്‍ രൂപവത്‌കരിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള ദത്തെടുക്കല്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതും സെന്‍ട്രല്‍ അഡോപ്‌ഷന്‍ റിസോഴ്‌സ് അതോറിറ്റി (കാര)എന്ന സ്ഥാപനമാണ്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്. ദത്തെടുക്കല്‍ നടപടികള്‍ കാര്യക്ഷമമാക്കുന്നതിനായി സെന്‍ട്രല്‍ അഡോപ്‌ഷന്‍ റിസോഴ്‌സ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് സിസ്റ്റവും(കെയറിംഗ്) പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ദത്തെടുക്കല്‍ സംവിധാനത്തിലെ ഇ ഗവേണന്‍സ് പദ്ധതിയാണിത്. ഇതുവഴി ദമ്പതികള്‍ക്ക് ഓണ്‍ലൈന്‍ വഴിതന്നെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കുട്ടികളുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍, നടപടിക്രമങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാം തന്നെ ഓണ്‍ലൈന്‍ വഴി ലഭിക്കും. ഇനി ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ കൈമാറാന്‍ അമ്മത്തൊട്ടിലുകള്‍ക്ക് പുറമെ ഓണ്‍ലൈന്‍ സംവിധാനവും ഉപയോഗിക്കാമെന്നും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
വളര്‍ത്താന്‍ വഴികളുള്ളപ്പോള്‍
കൊല്ലണോ?
ദത്തെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇന്ന് കേരളത്തില്‍ സംഘടനയുണ്ട്. അഡോപ്‌റ്റഡ് പാരന്റ്‌സ് അസോസിയേഷന്‍. ജില്ലാ തലത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ബോധവത്‌കരണ പരിപാടികളും മറ്റും ഇതിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കാറുണ്ട്.
ഇതിനും പുറമെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനുകീഴില്‍ കേരളത്തില്‍ 1674 അംഗീകൃത അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ച് വ്യക്തമായ കണക്കുതന്നെയില്ല. ഇവയില്‍ പലതിനും സര്‍ക്കാറിന്റെ ഗ്രാന്‍ഡ് ലഭിക്കുന്നുണ്ട് താനും. എന്തായാലും അംഗീകൃത അനാഥാലയങ്ങളില്‍ പോലും ആവശ്യത്തിന് കുട്ടികളില്ല. ഇവിടെ എവിടെ എങ്കിലും കുഞ്ഞുങ്ങളെ ഏല്‍പ്പിച്ചും രക്ഷിതാക്കള്‍ക്ക് ജീവിക്കുകയോ മറ്റോ ചെയ്യാവുന്നതാണ്. അതുമല്ലെങ്കില്‍ സാമൂഹിക ക്ഷേമ വകുപ്പ്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, ചൈല്‍ഡ് ലൈന്‍ എന്നിവിടങ്ങളിലും പോലീസ് സ്റ്റേഷനുകളിലും കുട്ടികളെ എത്തിക്കാവുന്നതാണ്. എന്നാല്‍ ഇതേക്കുറിച്ചൊന്നും സാധാരണക്കാരായ വീട്ടമ്മമാര്‍ക്ക് ഇപ്പോഴും അറിയില്ലെന്നും അഡ്വ ഷിജി എസ് റഹ്‌മാന്‍.
വിവാഹം, ദാമ്പത്യം, കുടുംബം, രക്തബന്ധങ്ങള്‍ പവിത്രവും പാവനവുമായ ഈ പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ക്ക് നീര്‍ക്കുമിളയുടെ ആയുസ്സ് മാത്രമാകുമ്പോള്‍ ഇരകള്‍ കൂടുതലും കുട്ടികളായിത്തീരുന്നത് സ്വാഭാവികമാണ്. അതോടെ അരക്ഷിതാവസ്ഥയിലാകുന്നത് സ്‌ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ജീവിതമാണ്. ശിഥിലമാകുന്നത് കുടുംബമെന്ന പാവനമായ സങ്കല്‍പ്പവും. ഇതെല്ലാം കുഞ്ഞുങ്ങള്‍ പോലും വിഷാദരോഗികളും മനോരോഗികളുമായി തീരുന്ന സാഹചര്യമാണ് ഇതുണ്ടാക്കി തീര്‍ക്കുന്നത്....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ