12/9/10

അന്തിക്കാടും ചന്ദ്രിക പത്രാധിപരും ഒരെഴുത്തുകാരനോട്‌ കാണിച്ച നെറികേടുകള്‍


കഥാ മോഷണം : ഇനിയും അന്തിക്കാട്‌ വായിച്ചു തീര്‍ന്നില്ല മഴതോരാതെ എന്ന നോവല്‍ 


മഴ തോരാതെഎന്ന എന്റെ നോവലിന്റെ മോഷണക്കഥയായ സത്യന്‍ അന്തിക്കാടിന്റെ കഥതുടരുന്നുവെന്ന സിനിമ വിജയകരമായ നൂറാം ദിവസത്തിലേക്ക്‌ കടക്കുകയാണ്‌. അതിന്റെ അണിയറശില്‍പ്പികള്‍ക്ക്‌ എല്ലാവിധ ആശംസകളും അര്‍പ്പിക്കുന്നതോടൊപ്പം ചില വേദനകളും വേവലാതികളും അവഗണനകളും പങ്കുവെക്കേണ്ടതുമുണ്ട്‌. വിവാദവുമായി ബന്ധപ്പെട്ട്‌ കെ പി കുഞ്ഞിമ്മൂസവരെ ലേഖനം എഴുതിയിരുന്നു. അതും എന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. 


അന്ന്‌ എന്റെ ആരോപണത്തോട്‌ മറുപടി പറയുമ്പോള്‍ അന്തിക്കാട്ടുകാരന്‍ പറയുന്നത്‌ എല്ലാവരും കേട്ടതാണ്‌. കേള്‍ക്കാത്തവര്‍ക്ക്‌ വേണമെങ്കില്‍ അതിന്റെ പത്രവാര്‍ത്തകളും വീഡിയോ റിക്കാര്‍ഡിംങും എടുത്ത്‌ സൂക്ഷിച്ചിട്ടുണ്ട്‌. പറഞ്ഞത്‌ ഇപ്രകാരമാണ്‌. ഞാന്‍ ഈ നോവല്‍ വായിച്ചിട്ടില്ല, നോവല്‍ വായിച്ച ശേഷം പ്രതികരിക്കാം. എന്ന്‌. ഒരുപക്ഷേ അങ്ങേര്‍ക്കിനി നോവല്‍ വാങ്ങാന്‍കിട്ടിയില്ലെങ്കിലോ എന്ന്‌ കരുതി ഞാന്‍ തന്നെ ഒരുകോപ്പി കൊറിയര്‍ അയച്ചുകൊടുത്തു. കൂടെ ഒരു സങ്കടഹരജിയും വെച്ചു. അതിന്റെ പിന്നാലെ വേറെ രണ്ടുകത്തുകളുമയച്ചു. ഏതെങ്കിലുമൊന്നെങ്കിലും പോസ്റ്റുമാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ട്‌ കൊടുക്കാതിരിക്കുമോ...


ഏതിനെങ്കിലുമൊരു മറുപടി പ്രതീക്ഷിച്ചു. എന്നാല്‍ ഇതുവരെ അദ്ദേഹമാ നോവല്‍ വായിച്ചു തീര്‍ന്നിട്ടുണ്ടാകില്ല. അല്ലെങ്കില്‍ എന്റെ കൊറിയറും രജിസ്‌ട്രേഡ്‌ കത്തും അവിടെ കിട്ടിക്കാണില്ല. ആറുമാസത്തിലധികം വേണമായിരിക്കും അഞ്ചച്ചവടിയില്‍ നിന്നും അന്തിക്കാട്ടേക്ക്‌ ഒരു തപാല്‍ ഉരുപ്പടിയെത്താന്‍.

ഇപ്പോള്‍ അവര്‍ ആഘോഷത്തിമിര്‍പ്പിലാണ്‌. മലയാള സിനിമയില്‍ ഗ്ലാമര്‍ പരിവേശം മാത്രം കൈമുതലുണ്ടായിരുന്ന ഒരു നടിക്ക്‌ എന്റെ നോവലിലെ നായികാ കഥാപാത്രമായതോടെ നല്ലൊരു ഇമേജ്‌ കൈവന്നിരിക്കുന്നു. അവരുടെ ഭര്‍ത്താവിന്റെ വേഷമിട്ട യുവനടന്‍ നായകപദവിയിലേക്കുയര്‍ന്നിരിക്കുന്നു. പത്രങ്ങളിലും ചാനലിലും സൈറ്റുകളിലും നിറയെ അവരെക്കുറിച്ചുള്ള അഭിമുഖങ്ങള്‍... അണിയറപ്രവര്‍ത്തകരുടേയും നിര്‍മാതാവിന്റേയും പോക്കറ്റും വീര്‍ത്തിരിക്കുന്നു. മനസ്‌ നിറഞ്ഞിരിക്കുന്നു.


എന്നാല്‍ അതിലൊന്നും എനിക്ക്‌ വിഷമമില്ല. അതിനേക്കാളെല്ലാം വേദനതോന്നിയ ഒരു സന്ദര്‍ഭമുണ്ടായി. അത്‌ ചന്ദ്രിക വാരാന്തപതിപ്പിന്റെ പത്രാധിപര്‍ കാണിച്ച നെറികേട്‌ ഓര്‍ത്തപ്പോഴാണ്‌. ഞാനെന്റെ സങ്കടം ബോധിപ്പിക്കാന്‍ ചെന്നതായിരുന്നു അവരുടെ ഓഫീസില്‍. കഥാമോഷണ കഥയൊക്കെ കേട്ടപ്പോള്‍ അവരുടെ മനസും സങ്കടംകൊണ്ടും സഹതാപം കൊണ്ടും നിറഞ്ഞുതൂവി. അതോടൊപ്പം എനിക്കുള്ള സങ്കടം ചന്ദ്രികയില്‍ പ്രസിദ്ധീകരിക്കണമെന്ന്‌ അഭ്യര്‍ഥിച്ചു. എനിക്ക്‌ പറയാനുള്ളത്‌ എഴുതി തയ്യാറാക്കി പത്രാധിപരെ ഏല്‍പ്പിച്ചു.


നോവല്‍ വായിക്കുകയും സിനിമ കാണുകയും ചെയ്‌ത ആരെങ്കിലും രണ്ടും ഒരേ പ്രമേയമല്ലെന്ന്‌ പറഞ്ഞാല്‍ ആ സമയം ആരോപണത്തില്‍ നിന്ന്‌ പിന്‍മാറാന്‍ ഞാന്‍ ഒരുക്കമാണെന്നും അതുപറയാന്‍ ഏറെ കഴിയുക ചന്ദ്രിക വായനക്കാര്‍ക്കായിരിക്കുമെന്നുമായിരുന്നു ഞാന്‍ ആകുറിപ്പില്‍ സൂചിപ്പിച്ചിരുന്നത്‌. 

അതിനകത്ത്‌ തന്നെയായിരുന്നു അത്‌ പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്‌.അതുകൊണ്ട്‌ തന്നെയാണ്‌ അതില്‍ പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചത്‌. അവര്‍ പറയട്ടെ എന്ന്‌ കരുതി. ബഷീറിന്റെ ബാല്യകാല സഖി മോഷണക്കഥയല്ലെന്ന്‌ തെളിയിച്ചവരെപോലെ ആര്‍ക്കും ഒരുപോസ്റ്റുമോര്‍ട്ടത്തിന്‌ സജ്ജരാകാം എന്നും അവര്‍ വിധിക്കുന്ന എന്തുശിക്ഷയും ഞാന്‍ ഏറ്റുവാങ്ങിക്കൊള്ളാം എന്നും ചൂണ്ടിക്കാട്ടിയിരുന്നു. നോവല്‍ വായിക്കുകയും സിനിമ കാണുകയും ചെയ്‌ത ധാരാളംപേര്‍ എനിക്ക്‌ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തുന്നതായും സൂചിപ്പിച്ചിരുന്നു.


 അത്‌ വായിച്ചപ്പോള്‍ പത്രാധിപര്‍ പ്രതികരിച്ചതിങ്ങനെ. ഈ പ്രശ്‌നത്തില്‍ നിങ്ങളും അന്തിക്കാടുമല്ലാത്ത സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരെകൊണ്ട്‌ പ്രതികരിപ്പിച്ച്‌ തരുമോ ... എങ്കില്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കാം. എന്റെ നോവല്‍ പ്രകാശനചടങ്ങില്‍ പുസ്‌തകം ഏറ്റുവാങ്ങിയ എഴുത്തുകാരനായാലും മതി അവര്‍ക്ക്‌. അവിടെയും രണ്ട്‌ ആടുകളെ തമ്മില്‍ കൂട്ടിയിടിപ്പിച്ച കുറുക്കന്റെ കൗശലമാണ്‌ പത്രാധിപര്‍ പയറ്റിയത്‌. 

എന്നാല്‍ എന്റെ കത്ത്‌ അവര്‍ പരിഗണിച്ചില്ല, നിഷ്‌ക്കരുണം തള്ളി. എന്റെ പത്ര സമ്മേളനം ചന്ദ്രിക നോവല്‍ മോഷ്‌ടിച്ചുവെന്ന പേരില്‍ വാര്‍ത്ത നല്‍കിയവര്‍ക്ക്‌ എന്തായിരുന്നു ആ കത്തുകൂടി പ്രസിദ്ധീകരിക്കുന്നതിലൂടെ ഉണ്ടാകുമായിരുന്ന നഷ്‌ടം എന്ന്‌ എനിക്കിതുവരെ മനസിലായിട്ടില്ല. ഒരെഴുത്തുകാരനോട്‌ ഒരുപത്രാധിപരും സംവിധായകനും നിര്‍മാതാവും കാണിച്ച ഈ നെറികേടുകളെക്കുറിച്ച്‌ വെറുതെ ഒന്ന്‌ ഓര്‍മപ്പെടുത്തുകമാത്രമാണ്‌ സിനിമയുടെ നൂറാംനാളില്‍. 


നാടോടിക്കാറ്റ്‌ സത്യന്‍ അന്തിക്കാടിന്റെ തന്നെ സിനിമയാണ്‌. ഇതിന്റെ കഥ പടം പുറത്ത്‌ വരുമ്പോള്‍ അന്തിക്കാടിന്റേത്‌ തന്നെയായിരുന്നു. എന്നാല്‍ പിന്നീട്‌ അവകാശികളെത്തി. അവര്‍ പില്‍ക്കാലത്ത്‌ സിദ്ദീഖ്‌ ലാല്‍ എന്ന പേരില്‍ സിനിമാരംഗത്ത്‌ സജീവമായി. അപ്പോള്‍ പുതിയ പ്രിന്റില്‍ അവരുടെ പേര്‌ എഴുതികാണിക്കാന്‍ അന്തിക്കാട്ടുകാരനും നിര്‍ബന്ധിതനായി.



 അദ്ദേഹത്തിന്റെ തന്നെ അച്ചുവിന്റെ അമ്മയും വിനോദയാത്രയും ചില സ്‌പാനിഷ്‌ സിനിമകളുടെ ഫോട്ടോ സ്റ്റാറ്റാണെന്നത്‌ സിനിമാ രംഗത്ത്‌ പരസ്യമായ രഹസ്യങ്ങളാണ്‌. ഇംഗ്ലീഷ്‌ സിനിമകളുടെ പ്രേതം ബാധിച്ച ഒട്ടേറെ സിനിമകള്‍ ഇവിടെ പുറത്ത്‌ വരികയും അവര്‍ മലയാളി പ്രേക്ഷകനുമുമ്പില്‍ എട്ടുകാലി മമ്മൂഞ്ഞ്‌ ചമയുകയും ചെയ്‌തുകൊണ്ടേ ഇരിക്കുന്നു.

ഈ യുദ്ധത്തില്‍ ഞാനെന്നെ കാലിടറിവീണിരിക്കുന്നു. ഈ കഥയുടെ പിതൃത്വത്തിന്‌ വേണ്ടിയുള്ള ഡി എന്‍ എ ടെസ്റ്റ്‌ ഇനി ഒരിക്കലും നടക്കുകയുണ്ടാവില്ല. ചരിത്രം രചിച്ചവര്‍ ചരിത്രത്തിലില്ലാതെ പോകുന്നത്‌ ആദ്യമൊന്നുമല്ലല്ലോ. എങ്കിലും ഇപ്പോഴും നിങ്ങള്‍ ആ നോവല്‍ വായിച്ച്‌ തീര്‍ന്നില്ലെ എന്ന്‌ അന്തിക്കാടിനോട്‌ ഉറക്കെ ചോദിക്കാന്‍ ചങ്കുറപ്പുള്ള ഒരു പത്രക്കാരനും ഇവിടെ ഇല്ലാതെപോയതിന്‌ ആരെയാണ്‌ കുറ്റം പറയേണ്ടത്‌...? അറിയില്ല, എന്നാല്‍ നിങ്ങള്‍ക്ക്‌ ഇപ്പോഴെങ്കിലും മനസിലായിരിക്കും എന്തുകൊണ്ടാണ്‌ അന്തിക്കാട്ടുകാരന്‍ ആ നോവല്‍ വായിച്ചു തീരാത്തതെന്ന്‌. ഇല്ലെ... അതുമാത്രം മതി എനിക്ക്‌. 

4 അഭിപ്രായങ്ങൾ:

  1. വലിയവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ ഒരു പത്രാധിപരും തയ്യാറാകില്ല. വക്കം മൗലവിയുടെയും സ്വദേശാഭിമാനിയുടെയും കാലം കഴിഞ്ഞില്ലേ. സത്യന്‍ അന്തിക്കാട്‌ എന്ന സിനിമാക്കാരന്‍ കേരള സമൂഹത്തിന്‌ മേല്‍ സൃഷ്‌ടിച്ച ഒരു ഇമേജുണ്ട്‌. അതിനെ പത്രക്കാര്‍ പേടിക്കുന്നു. ശ്രീനിവാസനെതിരെ സത്യചന്ദ്രന്‍ പൊയില്‍ക്കാവ്‌ ആരോപണമുന്നയിച്ചപ്പോഴും ഇതേ സ്ഥിതിയായിരുന്നു. സാധാരണക്കാരെ എന്നും അവഗണിക്കുന്ന പാരമ്പര്യമാണ്‌ കേരളത്തിലെ പത്രമുതലാളിമാര്‍ക്കും അവര്‍ക്ക്‌ ഓശാന പാടുന്ന പത്രപ്രവര്‍ത്തക ശിങ്കിടിമാര്‍ക്കും. നീതി ലഭിച്ചില്ലെങ്കിലും അതിന്‌ വേണ്ടി പോരാടിയല്ലോ എന്നോര്‍ത്ത്‌ ആശ്വസിക്കുക.

    മറുപടിഇല്ലാതാക്കൂ
  2. പത്രക്കാരന് നഷ്ടപ്പെടാനനവധിയില്ലേ,
    പത്രങ്ങളും ചാനലുകളുമൊക്കെ നിലനില്ക്കുന്നതു പോലും ഇവരെക്കൊണ്ടല്ലേ.
    പത്രത്തിനനുസരിച്ച വായനക്കാരനും മാത്രമുള്ള കേരളത്തില് ഇതിലപ്പുറവും സംഭവിക്കും.

    മറുപടിഇല്ലാതാക്കൂ
  3. പ്രതികരണം കുറചുകൂടി ശക്തമാക്കാമായിരുന്നില്ലേ...

    മറുപടിഇല്ലാതാക്കൂ
  4. വലിയവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ ഒരു പത്രാധിപരും തയ്യാറാകില്ല. വക്കം മൗലവിയുടെയും സ്വദേശാഭിമാനിയുടെയും കാലം കഴിഞ്ഞില്ലേ. സത്യന്‍ അന്തിക്കാട്‌ എന്ന സിനിമാക്കാരന്‍ കേരള സമൂഹത്തിന്‌ മേല്‍ സൃഷ്‌ടിച്ച ഒരു ഇമേജുണ്ട്‌. അതിനെ പത്രക്കാര്‍ പേടിക്കുന്നു. ശ്രീനിവാസനെതിരെ സത്യചന്ദ്രന്‍ പൊയില്‍ക്കാവ്‌ ആരോപണമുന്നയിച്ചപ്പോഴും ഇതേ സ്ഥിതിയായിരുന്നു. സാധാരണക്കാരെ എന്നും അവഗണിക്കുന്ന പാരമ്പര്യമാണ്‌ കേരളത്തിലെ പത്രമുതലാളിമാര്‍ക്കും അവര്‍ക്ക്‌ ഓശാന പാടുന്ന പത്രപ്രവര്‍ത്തക ശിങ്കിടിമാര്‍ക്കും. നീതി ലഭിച്ചില്ലെങ്കിലും അതിന്‌ വേണ്ടി പോരാടിയല്ലോ എന്നോര്‍ത്ത്‌

    മറുപടിഇല്ലാതാക്കൂ