4/9/10

ഇ അഹമ്മദിന്റെ വിദേശയാത്രക്ക്‌ മൂന്ന്‌കണക്കുകള്‍; കബളിപ്പിച്ചത്‌ മന്ത്രിയോ....?


കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ്‌ വിദേശകാര്യ സഹമന്ത്രിയായിരിക്കേ നടത്തിയ വിദേശയാത്ര സംബന്ധിച്ച്‌ അധികൃതരുടെ പക്കല്‍ മൂന്നുകണക്ക്‌. ഈ കാലയളവില്‍ നടത്തിയ വിദേശയാത്ര സംബന്ധിച്ച്‌ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച മൂന്നു അപേക്ഷകള്‍ക്കാണ്‌ വിഭിന്ന രീതിയിലുള്ള മറുപടികള്‍ നല്‍കിയിരിക്കുന്നത്‌.
78 വിദേശയാത്രയാണ്‌ 2004 ജൂണ്‍ 13മുതല്‍ 2008 ഓഗസ്റ്റ്‌ 19വരെയുള്ള കാലയളവില്‍ ഇ അഹമ്മദ്‌ നടത്തിയിരിക്കുന്നത്‌. ഇതിനായി ചെലവായത്‌ 1,66,74,536 രൂപയാണെന്ന്‌ ഒരുമറുപടിയില്‍ വ്യക്തമാക്കുമ്പോള്‍ മറ്റൊരു മറുപടിയില്‍ യാത്രയുടെ എണ്ണം 79 ആണ്‌. ഇതില്‍ 1287 ദിവസം മന്ത്രിയായപ്പോള്‍ 79 യാത്ര നടത്തിയെന്നാണ്‌ പറയുന്നത്‌.

എന്നാല്‍ ഇതില്‍ ചെലവായ സംഖ്യ കുറവായാണ്‌ കാണിച്ചിരിക്കുന്നത്‌. സ്വാഭാവികമായും യാത്രയുടെ എണ്ണം കൂടുമ്പോള്‍ ചെലവും കൂടണം. എന്നാല്‍ 1.37കോടിയെകാണിച്ചിട്ടൊള്ളൂ. 76 യാത്രകള്‍ ഔദ്യോഗികമായി നടത്തിയപ്പോള്‍ 3 എണ്ണം വ്യക്തിപരമാണെന്നും പറയുന്നു. 232 ദിവസം ഔദ്യോഗികമായി അദ്ദേഹം വിദേശത്ത്‌ തങ്ങിയപ്പോള്‍ 12 ദിവസം സ്വകാര്യ ആവശ്യങ്ങള്‍ക്കാണ്‌ ചെലവഴിച്ചത്‌. മധ്യപൂര്‍വേശ്യന്‍ രാജ്യങ്ങളിലേക്ക്‌ നടത്തിയ 22യാത്രകളില്‍ 48 ദിവസവും യു എ ഇയിലും ചെലവഴിച്ചു. 

ഇന്ത്യാടുഡേക്ക്‌ ലഭിച്ച മറുപടിയിലാണിത്‌ വ്യക്തമാക്കുന്നത്‌. സഊദി അറേബ്യയിലേക്കും കുവൈത്തിലേക്കും റമദാന്‍ ആശംസ അറിയിക്കുവാനായി പറന്നവകയില്‍ മാത്രം ചെലവഴിച്ചത്‌102138 രൂപയാണ്‌. എന്നാല്‍ 56 യാത്ര എന്തിനുവേണ്ടിയാണെന്നതിനു മറ്റൊരപേക്ഷയില്‍ വിശദീകരണമില്ല. വിശദീകരണമില്ലാത്ത യാത്രകള്‍ക്കായി 78,39,008 രൂപയാണ്‌ ചെലവഴിക്കേണ്ടി വന്നത്‌.


കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിലെ 78 മന്ത്രിമാരില്‍ 71 പേര്‍ 786 വിദേശയാത്രയാണ്‌ നടത്തിയത്‌.3798ദിവസം അവിടങ്ങളിലായിരുന്നു സുഖവാസം. ഇതില്‍ 47പേര്‍ മാത്രമാണ്‌ ചെലവുകള്‍ സമര്‍പ്പിച്ചത്‌. ഇവരുടേത്‌ മാത്രമായി 27കോടി രൂപയാണ്‌ പൊതുഖജനാവില്‍ നിന്ന്‌ കാലിയായത്‌. പ്രവാസികാര്യമന്ത്രിയായിരുന്ന വയലാര്‍ രവി 18 യാത്രകള്‍ നടത്തിയപ്പോള്‍ പ്രതിരോധ മന്ത്രിയെന്ന നിലയില്‍ എ കെ ആന്റണി രണ്ടുയാത്രകള്‍ മാത്രമെ നടത്തിയിട്ടൊള്ളൂ. ആസ്ഥാനത്താണ്‌ 79 യാത്രകള്‍ നടത്തി ഇ അഹമ്മദ്‌ റിക്കാര്‍ഡിട്ടത്‌.


ഔദ്യോഗികമാണെങ്കിലും വ്യക്തിപരമാണെങ്കിലും മന്ത്രിമാരുടെ യാത്രകള്‍ക്ക്‌ വിദേശ മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി തേടേണ്ടതുണ്ട്‌. തുടര്‍ന്ന്‌ ഫയല്‍ പ്രധാന മന്ത്രിയുടെ അനുമതിക്കായി അയക്കണമെന്നുമാണ്‌ ചട്ടം. മന്ത്രിമാര്‍ സന്ദര്‍ശനം നടത്തിയാല്‍ അതത്‌ രാഷ്‌ട്രങ്ങളിലെ ഇന്ത്യന്‍ എംബസികളാണ്‌ ബില്ലുകള്‍ അടക്കുന്നത്‌. പിന്നീട്‌ അതാത്‌ മന്ത്രാലയങ്ങള്‍ക്ക്‌ അയച്ചുകൊടുത്ത്‌ വേണ്ടതുചെയ്യുകയുമാണ്‌ പതിവ്‌. സുതാര്യമാണ്‌ നിയമങ്ങളെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല എന്നാണ്‌ വ്യക്തമാകുന്നത്‌. മന്ത്രിമാര്‍ യാത്രക്ക്‌ എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റുകളേ ഉപയോഗിക്കാവൂ എന്നും നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ലെന്നും ആരോപണമുണ്ട്‌. 


വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷക്ക്‌ ഒരുമാസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ്‌ നിയമം. എന്നാല്‍ ഇ അഹമ്മദിനെ സംബന്ധിച്ച അപേക്ഷകള്‍ക്ക്‌ മറുപടി നല്‍കുവാന്‍ വിദേശകാര്യ വകുപ്പിന്റെ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ വകുപ്പ്‌ എടുത്തത്‌ ഒരു വര്‍ഷത്തിലധികമാണ്‌.


2008 സെപ്‌തംബര്‍21ന്‌തൃശൂര്‍ ജില്ലയിലെ എളവള്ളി സൗത്തില്‍ ജയപ്രകാശ്‌ കോറോത്ത്‌ നല്‍കിയ അപേക്ഷക്ക്‌ മറുപടി ലഭിച്ചത്‌ 2009 ഡിസംബര്‍ പതിനെട്ടിനാണ്‌. ഇതിലാണ്‌ 78 ദിവസത്തിന്റെ കണക്കുകളും 1,66,74,536 രൂപയുടെ ചെലവുകളെക്കുറിച്ചും പറയുന്നത്‌. എന്നാല്‍ സമാന ചോദ്യങ്ങളുമായി 2008 ഡിസംബര്‍ 23ന്‌ ഈഴവതുരുത്തിയിലെ ഉമൈത്തനകത്ത്‌ ഫസലുര്‍റഹ്‌മാന്‍ സമര്‍പ്പിച്ച അപേക്ഷക്ക്‌ 2009 നവമ്പര്‍ 24നാണ്‌ മറുപടി ലഭിച്ചിരിക്കുന്നത്‌.
ഇതില്‍ ചെലവഴിച്ച തുകയെക്കുറിച്ച്‌ കൃത്യമായ കണക്കുകള്‍ പറയുന്നില്ല. രണ്ടുമറുപടികളിലും വൈരുദ്ധ്യങ്ങളാണേറെയും. യാത്രകള്‍ നടത്തിയ തീയതികളിലും പുറപ്പെടുന്ന രാജ്യങ്ങളില്‍ പോലും രണ്ടുതരത്തിലാണ്‌ വിവരങ്ങള്‍ നല്‍കിയിരിക്കുന്നതും. 

1 അഭിപ്രായം: