26/9/10

കുടുംബകല്ലറയില്‍ അയിത്തം; എയ്‌ഡ്‌സ്‌ രോഗിയുടെ മൃതദേഹം പ്രാകൃതരീതിയില്‍ സംസ്‌കരിച്ചു

ഷോക്കിംങ്‌ റിപ്പോര്‍ട്ട്‌


എച്ച്‌ ഐ വി ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കാന്‍ അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന്‌ പ്രാകൃതമായ രീതിയില്‍ മൃതദേഹം സംസ്‌കരിച്ചു. ഇതില്‍ മനംനൊന്ത്‌ ഇയാളുടെ ഭാര്യയും ബി ടെക്‌ വിദ്യാര്‍ഥിയായ മകനും ചെന്നൈയിലേക്ക്‌ സ്ഥലംമാറി. മൂന്ന്‌ മാസം മുമ്പ്‌ നിലമ്പൂര്‍ പോത്തുകല്ലിലെ മുതുകുളം മാര്‍ത്തോമാ പള്ളിയിലാണ്‌ സംഭവം. 

55കാരനായ വ്യക്തി കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിലാണ്‌ മരിച്ചത്‌. അവിടെ നിന്ന്‌ എംബാം ചെയ്‌ത്‌ ചുങ്കത്തറയിലെ മാര്‍ത്തോമാ ആശുപത്രിയിലെത്തിച്ച മൃതദേഹം സംസ്‌കാരം വൈകുമെന്നറിയച്ചതിനെ തുടര്‍ന്ന്‌ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. സംശയം തോന്നിയ ഡോക്‌ടര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വിളിച്ചപ്പോഴാണ്‌ എയ്‌ഡ്‌സ്‌ ബാധിച്ചാണ്‌ മരണമെന്നറിയുന്നത്‌. ഇതോടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാകില്ലെന്നായി ആശുപത്രി അധികൃതര്‍

.
സെമിത്തേരിയില്‍ അടക്കാനാകില്ലെന്ന വിലക്ക്‌ ഇടവകയില്‍ നിന്നും ഉയര്‍ന്നു. ഇയാളുടെ മൃതദേഹം സംസ്‌കരിക്കുമ്പോള്‍ കല്ലറക്കുള്ളിലും പുറത്തും ബ്ലീച്ചിംഗ്‌ പൗഡര്‍ വിതറണമെന്ന്‌ പള്ളി വികാരിയോട്‌ ചുങ്കത്തറയിലെ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ ഗോപാലകൃഷ്‌ണന്‍ നിര്‍ദേശിക്കുകയും ചെയ്‌തു. കല്ലറക്കുള്ളില്‍ സംസ്‌കരിക്കരുതെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചുവത്രെ. തുടര്‍ന്ന്‌ പുറത്ത്‌ കുഴിവെട്ടി രണ്ട്‌ ചാക്ക്‌ ബ്ലീച്ചിംഗ്‌ പൗഡര്‍ വിതറിയ ശേഷമാണ്‌ മൃതദേഹം സംസ്‌കരിച്ചത്‌. എയ്‌ഡ്‌സ്‌ പകരുമെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ മകനെ അന്ത്യചുംബനം നല്‍കുന്നതില്‍ നിന്ന്‌ പള്ളി വികാരി വിലക്കിയതായും പരാതിയുണ്ട്‌. 


പ്രാകൃതമായ രീതിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തിയതിനെതിരെ ബന്ധുക്കള്‍ രംഗത്തുവരികയും മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കുകയും ചെയ്‌തിരുന്നു. സംഭവത്തില്‍ ജില്ലാ കലക്‌ടര്‍ക്കും കേരളാ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന്‌ എയ്‌ഡ്‌സ്‌ ബാധിതരുടെ സംഘടനയായ എം ഡി എന്‍ പി പ്ലസിന്റെ മലപ്പുറം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ശരീഫ്‌ പറഞ്ഞു. പരാതി ലഭിച്ചിട്ടുണ്ടെന്നും ഡി എം ഒയോട്‌ അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ജില്ലാ കലക്‌ടര്‍ എം സി മോഹന്‍ദാസ്‌ അറിയിച്ചു. റിപ്പോര്‍ട്ട്‌ ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഡി എം ഒയുടെ ഉത്തരവ്‌ പ്രകാരം ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ക്കെതിരെ ആരോഗ്യ വകുപ്പ്‌ അന്വേഷണം നടത്തിയിരുന്നു. ഡെപ്യൂട്ടി ഡി എം ഒക്കും ജില്ലാ ടി ബി ഓഫീസര്‍ക്കുമായിരുന്നു അന്വേഷണ ചുമതല. കഴിഞ്ഞ ജൂലൈ 15ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്‌ സമര്‍പ്പിച്ചതായി ജില്ലാ ടി ബി ഓഫീസര്‍ ഡോ. നന്ദകുമാര്‍ പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ട്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്‌ സമര്‍പ്പിച്ച്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി മാത്രമുണ്ടായിട്ടില്ല.


എയ്‌ഡ്‌സ്‌ ബോധവത്‌കരണ ക്ലാസെടുക്കാന്‍ ചെന്ന എയ്‌ഡ്‌സ്‌ വിരുദ്ധപ്രവര്‍ത്തകയിലൂടെയാണ്‌ വിഷയം എച്ച്‌ ഐ വി ബാധിതരുടെ ശ്രദ്ധയിലെത്തുന്നത്‌. ഉടന്‍ തന്നെ മലപ്പുറത്തെ എച്ച്‌ ഐ വി ബാധിതരുടെ സംഘടനാ പ്രതിനിധികളായ രണ്ട്‌ പേര്‍ പള്ളിയിലെത്തുകയും പള്ളിവികാരിയോട്‌ പ്രശ്‌നം ആരായുകയും ചെയ്‌തു. എന്നാല്‍ എച്ച്‌ ഐ വി ബാധിതരാണെന്നറിഞ്ഞപ്പോള്‍ വികാരി സംസാരിക്കാന്‍ പോലും തയ്യാറാകാതെ വാതില്‍ കൊട്ടിയടച്ചതായും ഇവര്‍ ആരോപിക്കുന്നു.പ്രദേശത്ത്‌ വേറെയും എച്ച്‌ ഐ വി ബാധിതരുണ്ട്‌. അവരെ പ്രശ്‌നം ആഴത്തില്‍ വേദനിപ്പിച്ചതായും ഇവര്‍ പറയുന്നു. ഇവിടെ വേറെയും എച്ച്‌ ഐ വി ബാധിതരുണ്ടെന്ന്‌ പറഞ്ഞപ്പോള്‍ എന്നാല്‍ അവരുടെ വിലാസം കൂടി ഞങ്ങള്‍ക്ക്‌ തരൂ എന്നായിരുന്നുവത്രെ പള്ളിവികാരിയുടെ മറുപടി. 

3 അഭിപ്രായങ്ങൾ:

  1. ഇത്രയധികം ബോധവല്‍ക്കരണങ്ങള്‍ക്ക് ശേഷവും ഉയര്‍ന്ന ഉദ്യോഗസ്ഥരും, പുരൊഹിതന്മാരും, അഭ്യസ്തവിദ്യര്‍ എന്നഭിമാനിക്കുന്നവരുമൊക്കെ ഇങ്ങനെ പെരുമാറുന്നു എന്നത് വേദനാകരം.

    മറുപടിഇല്ലാതാക്കൂ
  2. ഇതാണ് നമ്മുടെ ദൈവത്തിന്റെ സ്വന്തംനാട്

    മറുപടിഇല്ലാതാക്കൂ