20/7/10

മരണാനുഭവത്തിന്റെ ശാസ്‌ത്രഭാഷമരണം: അറിഞ്ഞവര്‍ക്കാര്‍ക്കും പറഞ്ഞു തരാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു അത്ഭുത പ്രതിഭാസമാണത്‌. പറഞ്ഞു പറഞ്ഞു കൊണ്ടിരിക്കുമ്പോഴും നമ്മളതിന്റെ വിരല്‍ തുമ്പില്‍ പോലും സ്‌പര്‍ശിക്കുന്നില്ല. അജ്ഞാതമായ ഒരനുഭവത്തെ പരിചിതമായ പ്രതലത്തില്‍ പ്രതിഷ്‌ഠിക്കാനുള്ള ഒരു ശ്രമത്തിനുപോലും സാധ്യവുമാകുന്നില്ല. ഹൃദയം അതിന്റെ മിടിപ്പ്‌ അവസാനിപ്പിക്കുമ്പോള്‍ ഒരാള്‍ മരിച്ചുവെന്ന്‌ നാം ലോകത്തെ അറിയിക്കുന്നു. അതോടെ അയാളുടെ ശരീരത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിക്കുന്നില്ല. മുടിയും നഖവും പിന്നെയും വളരുന്നു. മരിച്ചയാളിന്റെ ഹൃദയവും കണ്ണുകളും മറ്റു അവയവങ്ങളും മറ്റൊരാളിലേക്ക്‌ മാറ്റിവെക്കുവാന്‍ സാധിക്കുന്നതും ശരീരത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഒടുങ്ങാത്തത്‌ കൊണ്ടുതന്നെയാണ്‌.

മരണം ഉടലിനെ വിറപ്പിക്കുന്നു. ഒരുപാട്‌ ജീവിതങ്ങളെ പ്രതിസന്ധിയില്‍ തളച്ചിടുന്നു. ഭീതിപ്പെടുത്തുന്ന ഒരു സ്വപ്‌നമായി നിറയുന്നു. ഒറ്റപ്പെടുത്തുന്ന ഒരു കിണറ്റിലേക്കു തള്ളിയിടുമ്പോഴുണ്ടാകുന്ന അലമുറപോലെ...ഉള്ളുണര്‍ത്തുന്ന ഭയമായി എപ്പോഴും കൂടെയുണ്ട്‌. എന്നാലും നമ്മളതിനെ കാത്തുകൊണ്ടേയിരിക്കണം. മരണത്തിന്റെ ആത്മാവിനെ ജീവിതത്തിന്റെ ക്യാന്‍വാസില്‍ പകര്‍ത്താന്‍ ശ്രമിച്ചികൊണ്ടേയിരിക്കണം.
മരണത്തിന്റെ പ്രതിരൂപത്തില്‍ കാണുന്നത്‌ ജീവിതത്തിന്റെ മുഖപടം തന്നെയാണ്‌. മൃതിയുടെ കാല്‍പെരുമാറ്റം കണ്‍മുമ്പില്‍ കേള്‍ക്കുമ്പോള്‍ ജീവിതത്തെ നമ്മള്‍ കൂടുതല്‍ സ്‌നേഹിക്കുന്നു. വ്യര്‍ഥമാക്കികളഞ്ഞ ആയുസ്സിന്റെ പുസ്‌തകത്തിലേക്ക്‌ വിരലോടിച്ച്‌ കൂടുതല്‍ സങ്കടപ്പെടുന്നു. ജീവിതത്തിന്റെ ഇടവഴികളിലെപ്പോഴെങ്കിലും മരണത്തെ മുഖാമുഖം കണ്ടവര്‍ ധാരാളമാണ്‌. മരുന്നുകളുടെ മണമുള്ള, മരണത്തിന്റെ ഗന്ധമുള്ള ചുറ്റുപാടുകളില്‍ വേവുന്ന ഹൃദയവുമായി കഴിച്ചു കൂട്ടിയവര്‍, അവര്‍ മരണവുമായിനടത്തിയ കൂടിക്കാഴ്‌ചകളെ അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്‌.
വ്യത്യസ്‌തമായ ആ സമാഗമത്തിന്റെ ഭാഷകള്‍ വിഭിന്നമെങ്കിലും അതിന്റെ അന്തസത്ത ഒന്നു തന്നെയായിരുന്നു. വേദനകളുടെ നിലവിളികള്‍ക്കിടയിലും ഞരമ്പുകളിലൂടെ കോച്ചിവലിക്കുന്ന ഒരു പിടച്ചില്‍ മാത്രമായിരുന്നു ചിലര്‍ക്കത്‌. കൂരിരുട്ടിന്റെ അഗാധതയിലേക്ക്‌ വിലയം പ്രാപിക്കുകയായിരുന്നു മറ്റു ചിലര്‍ക്ക്‌. ശരീരത്തില്‍ നിന്നും ജീവന്റെ തുടിപ്പ്‌ പറന്നകന്നപ്പോള്‍ ശാന്തിയും സമാധാനവും അനുഭവിച്ചെത്ര ചിലര്‍. മസ്‌തിഷ്‌കത്തിലേക്ക്‌ അഞ്ചുമിനുറ്റ്‌ നേരം ഗ്ലുക്കോസും ഓക്‌സിജനും കടന്നു ചെന്നില്ലെങ്കില്‍ മസ്‌തിഷ്‌ക മരണം സംഭവിക്കുന്നു.


എന്നാല്‍ അന്തരീക്ഷോഷ്‌മാവ്‌ കുറഞ്ഞിരുന്നാല്‍ ഈ കാലയളവ്‌ കൂടുന്നതായും കണ്ടുവരുന്നു. മരണാനുഭവം ഉണ്ടാകുന്നതിന്‌ കാരണം `എന്‍ഡോര്‍ഫിനുകള്‍' ശരീരത്തില്‍ വളരെ കൂടുതലായി ഉത്‌പ്പാദിപ്പിക്കപ്പെടുന്നത്‌ കൊണ്ടാണെന്നാണ്‌ ശാസ്‌ത്ര ഭാഷ.

കലയിലും, കഥയിലും , കവിതയിലും നോവലിലും മരണം കാലഹരണപ്പെടാത്ത വിഷയമായി ചര്‍ച്ച ചെയ്യപ്പെടുന്നു. മരണാനുഭൂതികള്‍ അയവിറക്കാതെ, ഏത്‌ എഴുത്തുകാരനാണിവിടെ തന്റെ തൂലികയെ അടയാളപ്പെടുത്തി വെക്കാനായിട്ടുള്ളത്‌? അറിഞ്ഞിട്ടില്ലാത്ത മരണത്തിന്റെ താഴ്‌വരകളിലൂടെ ഭാവനയില്‍ നിറക്കാതെ ഏത്‌ കവിഭാവനയാണ്‌ പൂര്‍ണതയിലെത്തിയിട്ടുള്ളത്‌.

എഴുത്തുകാരനെയും ആ ഭീതി ത്രസിപ്പിക്കുന്നു. വരാനിരിക്കുന്ന ആ ദുരന്തത്തെ മുന്‍പേ നിറങ്ങളിലും വരികളിലും ചാലിക്കാതിരിക്കാന്‍ അയാള്‍ക്ക്‌ കഴിയാതിരിക്കുന്നതും അതുകൊണ്ട്‌ തന്നെയാണ്‌. മരണം സ്ഥലകാല ബോധമാരായാതെ എത്തുന്ന ഒരു വിരുന്നുകാരനായി തീരും അവര്‍ക്കു ചിലപ്പോള്‍. വേദനകളുടേയും വേവലാതികളുടേയും കെട്ട്‌ പൊട്ടിച്ച്‌ മരണത്തിലേക്കുള്ള തീര്‍ഥാടനത്തിനൊരുങ്ങുന്ന മനുഷ്യന്റെ മനസ്സ്‌ വായിച്ചെടുക്കാനാകാത്തവനെങ്ങനെ ഒരെഴുത്തുകാരനാവാന്‍ സാധിക്കും. ? 


ജീവിതത്തിനിടെ ഒരുക്കുന്ന ഓരോ ഫ്രെയിമിലും ഒരെഴുത്തുക്കാരന്‍ മരണത്തെ മുഖാമുഖം കാണുന്നുണ്ട്‌. അവന്റെ ജീവിത ബോധത്തെ ഉയര്‍ത്തി കാട്ടാനുള്ള ഉചിതമായ ശ്രമം നടത്തുന്നുണ്ട്‌.

1948 ജനുവരി 30
സന്ധ്യയുടെ മഞ്ഞവെയിലേറ്റ്‌ പതിവു പോലെ ഡല്‍ഹിയിലെ ബിര്‍ളാ ഹൗസിന്റെ മുന്‍ വശത്തുള്ള മൈതാനിയില്‍ നടത്താനിരുന്ന പ്രാര്‍ത്ഥനാ യോഗത്തിലേക്ക്‌ നടന്നു വരികയായിരുന്നു ഗാന്ധിജി. ജനക്കൂട്ടത്തിനിടയില്‍ നിന്ന്‌ പെട്ടന്നാണ്‌ ഒരു യുവാവ്‌ ഗാന്ധിജിയുടെ മുന്നില്‍ വന്നുനിന്നത്‌. അനുഗ്രഹം വാങ്ങാനാണെന്ന്‌ മറ്റുള്ളവര്‍ക്ക്‌ തോന്നിപ്പിക്കുംവിധം അയാള്‍ ഒന്ന്‌ കുനിഞ്ഞു. പിന്നെ ഞൊടിയിടയില്‍ കൈത്തോക്കുയര്‍ത്തി ഗാന്ധിജിയുടെ നെഞ്ചിലേക്ക്‌ മൂന്നു തവണ കാഞ്ചി വലിച്ചു. വൈകാതെ രക്തപുഴയില്‍ നീന്തി ``ഹരേറാം'' എന്ന്‌ ഉച്ചരിച്ച്‌ ആ യുഗപുരുഷന്‍ പിന്നോട്ടു ചാഞ്ഞു. അതോടെ കിഴക്കന്‍ ചക്രവാളത്തില്‍ ഒരു യുഗോദയത്തിന്റെ പ്രകാശം പൊലിഞ്ഞു.
(ഗാന്ധിജി നമ്മുടെ രാഷ്‌ട്രപിതാവ്‌)

ജീവിതം കൊണ്ട്‌ മാതൃഭൂമിക്ക്‌ സ്വാതന്ത്ര്യവും മരണംകൊണ്ട്‌ സാഹോദര്യവും സമ്മാനിച്ചു കടന്നുപോയ ഗാന്ധിജിയും മരണത്തെ ചുംബിച്ചത്‌ ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ്‌. ജീവിതം പോലെതന്നെ മരണം കൊണ്ടും അദ്ദേഹത്തിന്‌ ലോകത്തെ പിടിച്ചു കുലുക്കുവാന്‍ കഴിഞ്ഞു. ചില മരണങ്ങള്‍ നമുക്ക്‌ വേദന തരുന്നു. പകരംവെക്കാനില്ലാത്ത ശൂന്യത തരുന്നു. ഇടവപാതിയില്‍ മതിച്ചു പായുന്ന പുഴയിലേക്കു സങ്കടം മലവെള്ളം പോലെ എത്തുന്നു. ഒറ്റപെടലിന്റെ, അനാഥത്വത്തിന്റെ എത്രയോ മുഖങ്ങള്‍ നിലവിളികളായി കാഴ്‌ചകളില്‍ നിറയുന്നു.

മരണം ഒരനാവശ്യതയാണ.്‌ അതൊരു അനുഗ്രഹമാണ്‌. വിശ്വാസവും ജീവിതരീതികളും മറ്റും പലതുമാകും. ഏത്‌ കുലത്തില്‍ ജനിച്ചവനും തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞ ഒന്നാണ്‌ മരണം. ആര്‍ക്കും അതിനെ കബളിപ്പിക്കാനോ കൈപിടിയില്‍ നിന്നും കുതറിയോടാനോ കഴിയുകയില്ല. ജനനം മുതല്‍ ജീവിതത്തിന്റെ ഏത്‌ അവസ്ഥയിലും അത്‌ പടികടന്ന്‌ വരുന്നതും മുന്നറിയിപ്പ്‌ തന്നെയാണ്‌. എങ്കിലും അതെക്കുറിച്ച്‌ ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടാത്തവരാണ്‌ അധികവും.

മരണഭയമില്ലാത്തവരുണ്ടാകില്ല. എന്നാല്‍ പ്രായ വ്യത്യാസമനുസരിച്ച്‌ അതിന്‌ വ്യതിയാനമുണ്ടാകുമെന്നാണ്‌ ശാസ്‌ത്ര തത്വം. ചെറുപ്പക്കാര്‍ മരണം തങ്ങളെ പിടികൂടുന്ന ഒന്നായി കാണുന്നേയില്ലത്രെ. എന്നാലും മരണഭയം കൂടുതലലട്ടുന്നത്‌ അവരെയാണ്‌. മരണത്തെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പ്‌ നടത്തുന്നതോ അറുപത്തിയഞ്ച്‌ വയസിനുമുകളിലുള്ളവരാണ്‌. വാര്‍ധക്യം ദുസ്സഹമായ ഒരു തടവറയായി മാറുമ്പോള്‍ മരണം പടികടന്നെത്താത്തതില്‍ വ്യാകുലപ്പെടുന്നവരെയും ധാരാളം കാണാറുണ്ട്‌. മരണത്തെ സ്വയം വരിക്കാന്‍ കോടതി കയറുന്നവരുടെ അംഗസംഖ്യ വര്‍ധിക്കുന്നതും ഇത്തരക്കാരിലാണല്ലോ.

മരണം വിശദീകരണം ആവശ്യപ്പെടുന്ന പ്രഹേളികയാണ്‌. അതെക്കുറിച്ച്‌ ഉപന്യസിച്ചവര്‍ക്കാര്‍ക്കും വിഷയത്തോടുള്ള ആര്‍ത്തി ഒടുങ്ങിയിട്ടില്ല. അതിന്റെ ആഴങ്ങളില്‍ മുങ്ങിനിവര്‍ന്ന്‌ കൊതിയടങ്ങിയിട്ടുമില്ല. അത്‌ ജീവിതത്തിന്റെ അര്‍ധവിരാമം മാത്രമാണോ? സ്വയം അറിഞ്ഞ്‌ കഴിഞ്ഞ്‌ മരണത്തെ അടയാളപ്പെടുത്തിവെക്കാമെന്ന്‌ മോഹിച്ചവര്‍കാര്‍ക്കും അതിനു കഴിഞ്ഞിട്ടില്ല. 1718-1783 കാലഘട്ടത്തില്‍ ജീവിച്ച വില്യംഹണ്ടര്‍ മരണ കിടക്കയില്‍ നിന്നും അഭിപ്രായപ്പെട്ടത്‌ എനിക്ക്‌ പേന പിടിക്കുവാനുള്ള ശക്തിയുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ പകര്‍ത്തിവെക്കുമായിരുന്നു മരണം എത്ര സുഗമവും സുഖകരവുമായ അനുഭൂതിയാണെന്നാണ്‌.

2 അഭിപ്രായങ്ങൾ:

 1. മരണം മഹത്തായ ഒരുകലയാണെന്നും അത്‌ മറ്റാരെങ്കിലും ചെയ്യുന്നതിനേക്കാള്‍
  മനോഹരമായി ഞാന്‍ ചെയ്യുമെന്ന്‌ പറഞ്ഞത്‌ സില്‍വിയ പ്ലാത്ത്‌ ആണ്‌. അവര്‍ അതുപോലെ തന്നെ ചെയ്‌തു.ആത്മഹത്യയായിരുന്നു. പ്രതിഭാ ശാലികളായ ഒട്ടേറെ പേര്‍ അതുപോലെ ചെയ്‌തു. ഹംസയുടെ എഴുത്തില്‍ ആത്മഹത്യചെയ്‌തവരെ പര്‍വതീകരിച്ചില്ലല്ലോ... ഭാഗ്യം... നല്ല രചന... ഒഴുക്കുള്ള ഭാഷ, ആരെയും വായിപ്പിക്കും ഇത്തരം രചനകള്‍....അങ്ങനെ ഞാന്‍ വിളംബരത്തിലെ നിത്യസന്ദര്‍ശകയാവുകയാണ്‌... ഭാവുകങ്ങള്‍....
  കാലികവിഷയങ്ങള്‍ക്കിടയില്‍ നിന്ന്‌ സര്‍ഗാത്മകതയിലേക്കുള്ള മടക്കം നന്നായിട്ടുണ്ട്‌.
  സലീല സോമന്‍

  മറുപടിഇല്ലാതാക്കൂ
 2. ഇടക്കു ഇതുപോലുള്ള വ്യത്യസ്ഥ വിഷയങ്ങളും എഴുതണം ഹംസ.
  വെറും പത്രക്കാരനല്ലെന്നു തെളിയിച്ചിരിക്കുന്നു ഇതിലൂടെ... മുമ്പ്‌ പലപ്പോഴും
  അങ്ങനെ തെളിയിച്ച ആളാണ്‌ ഹംസ എന്നറിഞ്ഞുകൊണ്ടുതന്നെയാണിത്‌ പറയുന്നത്‌.
  പുഴവിളിക്കുന്നു, ചെറുകഥാ സമാഹാരാവും മഴതോരാതെ എന്ന നോവലും ധാരാളം ചെറുകഥകളും അങ്ങനെ ഒരുപാട്‌ തെളിവുകളുമുണ്ടല്ലോ....എന്തായാലും അഭിനന്ദനങ്ങള്‍.....
  അഹമ്മദ്‌കുട്ടി കക്കോവ്‌

  മറുപടിഇല്ലാതാക്കൂ