1/7/10

ഇ -കടങ്ങളുടെ അക്ഷയഖനി

ദുബൈയിലെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്‌ ഒരു വിസയുണ്ട്‌. കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ്‌ അടിസ്ഥാനയോഗ്യത. പോകാന്‍ തന്നെയായിരുന്നു മേലാറ്റൂരുകാരനായ അബ്‌ദുല്‍ ജലീലിന്റെ തീരുമാനം. വിസക്കുള്ള പണം സംഘടിപ്പിക്കണമെങ്കില്‍ സഹോദരിമാരുടെ ആഭരണങ്ങള്‍ വില്‍ക്കേണ്ടിവരും. അല്ലെങ്കില്‍ വീടിന്റെ ആധാരം പണയപ്പെടുത്തണം... എങ്കിലും പോകാന്‍ തന്നെ ഉറച്ചു.അതിനിടയിലാണ്‌ വലിയൊരു മോഹിപ്പിക്കലുമായി ആ പദ്ധതി വന്നത്‌. വിവര സാങ്കേതികവിദ്യയുടെ വിസ്‌മയ വാഗ്‌ദാനമായി മലപ്പുറം ജില്ലയിലേക്ക്‌ കടന്നുവന്ന അക്ഷയ കമ്പ്യൂട്ടര്‍ പദ്ധതി. സംസ്ഥാനത്ത്‌ ആദ്യമായി മലപ്പുറത്താണ്‌ ഈ സ്വപ്‌ന പദ്ധതി നടപ്പാക്കുന്നത്‌. സഹോദരിമാരുടെ ആഭരണങ്ങള്‍ വില്‍ക്കേണ്ട. ആധാരവും പണയപ്പെടുത്തേണ്ട. ആവശ്യമായ വായ്‌പകള്‍ ബേങ്കുകള്‍ തരും.
``ഈ പെങ്കുട്ട്യാളെ കഴുത്തില്‍ കിടക്ക്‌ണതൊക്കെ വിറ്റ്‌ അന്യനാട്ടില്‍പ്പോയി കഷ്‌ടപ്പെടുന്നതിലും നല്ലത്‌ ഇതല്ലേ, മോനെ...?'' ഉമ്മയുടെ ചോദ്യവും ഉപ്പയുടെ മൗനവും സഹോദരിമാരുടെ ദൈന്യത നിറഞ്ഞ മുഖങ്ങളും ജലീലിനെ അക്ഷയയില്‍ എത്തിച്ചു. പറഞ്ഞപോലെ കാര്യങ്ങളും നടന്നു. ബേങ്കുകളുടെ ?വിശാല മനസ്‌കതയും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും നാടിന്റെ ആശീര്‍വാദവും... ആഘോഷമായിട്ടായിരുന്നു ജലീലിന്റെ അക്ഷയ സെന്ററിന്റെ ഉദ്‌ഘാടനം. പക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ അധികനാള്‍ വേണ്ടിവന്നില്ല. സഹോദരിമാരുടെ ആഭരണങ്ങളും വീടിന്റെ ആധാരവും മാത്രമല്ല കൈമോശം വന്നത്‌. തീരാത്ത കടങ്ങള്‍ ഇന്ന്‌ ഈ ചെറുപ്പക്കാരനേയും കുടുംബത്തേയും ഞെരുക്കുകയാണ്‌.
അക്ഷയ വാഗ്‌ദാനങ്ങള്‍ഒരു വീട്ടില്‍ നിന്ന്‌ കുറഞ്ഞത്‌ ഒരാളെങ്കിലും കമ്പ്യൂട്ടര്‍ സാക്ഷരത കൈവരിക്കുക, അഭ്യസ്‌തവിദ്യരായ നൂറുകണക്കിന്‌ തൊഴില്‍ രഹിതര്‍ക്ക്‌ ആദായകരവും അന്തസ്സുള്ളതുമായ ഒരു ജീവിതോപാധി ലഭ്യമാക്കുക, നികുതികളും ബില്ലുകളും അടക്കാന്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ സര്‍ക്കാറിന്റെ ഓണ്‍ ലൈന്‍ സേവനകേന്ദ്രം ഓരോ ഗ്രാമങ്ങള്‍ക്കും സ്വന്തമായുണ്ടാവുക... അതിരുകളില്ലാത്ത അവസരങ്ങള്‍, അതിശയിപ്പിക്കുന്ന സേവന സാധ്യതകള്‍...
ഇതിനുപുറമേ ഗള്‍ഫില്‍ തൊഴില്‍ തേടുന്നവര്‍ക്കുള്ള കമ്പ്യൂട്ടര്‍ കോഴ്‌സ്‌, ആയിരം കാതമകലെയുള്ള ഗള്‍ഫുകാരന്‍ ഭര്‍ത്താവിനോട്‌ ഇങ്ങ്‌ മലപ്പുറത്തിരുന്ന്‌ പ്രിയതമക്ക്‌ മുഖാമുഖം കണ്ട്‌ സംസാരിക്കാനുള്ള അത്ഭുത വിദ്യ. അടക്കാക്കുണ്ടിലുള്ള രോഗിക്ക്‌ അമേരിക്കയിലുള്ള വിദഗ്‌ധ ഡോക്‌ടറുടെ സേവനം ഉറപ്പു വരുത്തുന്ന നൂതന സംവിധാനം. അറബിക്കഥയിലെ അതൃപ്പങ്ങള്‍ പോലും തോല്‍ക്കുന്ന സൗകര്യങ്ങള്‍. പോരാത്തതിന്‌ ഡാറ്റാ എന്‍ട്രി ജോലികള്‍. ബ്രോഡ്‌ബാന്റ്‌ ഇന്റര്‍നെറ്റ്‌ സൗകര്യം, ബില്ലുകള്‍ അടക്കുന്നതിനുള്ള ഇ പെയ്‌മെന്റ്‌ സര്‍വീസ്‌, വൈവിധ്യമാര്‍ന്ന കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍... ജില്ലാ പഞ്ചായത്ത്‌ കൊണ്ടുവന്ന ആശയത്തെ ഐ ടി വകുപ്പ്‌ സ്റ്റെഡിനാണ്‌ കൈമാറിയത്‌. അവരാണ്‌ ഇതിന്‌ `അക്ഷയ'യെന്ന്‌ നാമകരണം ചെയ്‌ത്‌ സംരഭകരെ അതിരില്ലാത്ത കടക്കെണിയിലേക്ക്‌ ക്ഷണിച്ചത്‌. കണ്ണ്‌ തള്ളിപ്പോകുന്ന വരുമാനക്കണക്കുകളായിരുന്നു പലരേയും ഇതിലേക്ക്‌ ആകര്‍ഷിച്ചത്‌. മാനദണ്ഡങ്ങളില്ലാതെ വായ്‌പ നല്‍കാന്‍ ബേങ്കുകളും തയ്യാറായപ്പോള്‍ പദ്ധതിയുടെ ആകര്‍ഷണീയതയില്‍ മോഹിതരായവര്‍ കുറച്ചല്ല.വാഗ്‌ദാനങ്ങളുടെ പെരുമഴയുമായി കടന്നുവന്ന അക്ഷയ പദ്ധതിയെക്കുറിച്ച്‌ സ്വപ്‌നങ്ങള്‍ കെട്ടിപ്പൊക്കിയവരില്‍ കൂലിപ്പണിക്കാരന്‍ മുതല്‍ അധ്യാപകരും അഭിഭാഷകരും വരെ. 18 മുതല്‍ എണ്‍പതുവരെ പ്രായമുള്ളവര്‍. അക്ഷയ പദ്ധതിയില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ സംരഭകനായതിനെ തുടര്‍ന്ന്‌ കടക്കെണിയില്‍ കുരുങ്ങിയ അറുനൂറിലേറെ യുവാക്കളുടെ പ്രതിനിധിയായ ജലീലിന്റെ കഥ ഇതാണെങ്കില്‍ ചേലേമ്പ്ര പഞ്ചായത്തിലെ 356ാം നമ്പര്‍ സെന്റര്‍ നടത്തിയിരുന്ന കെ പി അബ്‌ദുര്‍റഹ്‌മാന്‍ (ഫോട്ടോയില്‍) എന്ന അറുപതുകാരന്‌ പറയാനുള്ള സങ്കടം കേട്ടേതീരൂ. എന്നാലെ അക്ഷയകഥ പൂര്‍ണമാകു.
കെണിയില്‍പ്പെട്ടവര്‍ അനവധിചേലേമ്പ്രയിലെ യൂറോസ്‌ സ്‌പിന്നിംഗ്‌ മില്ലിലെ തൊഴിലാളിയായിരുന്നു അബ്‌ദുര്‍റഹ്‌മാന്‍. കമ്പനി പൂട്ടിയപ്പോള്‍ ലഭിച്ച ഗ്രാറ്റിവിറ്റിയും പ്രൊവിഡന്‍ ഫണ്ടും എല്ലാം കൂടി തട്ടിക്കൂട്ടിയപ്പോള്‍ കിട്ടിയ മൂന്നു ലക്ഷത്തോളം രൂപയാണ്‌ അക്ഷയ `ഖനി'യില്‍ ഒഴുക്കിയത്‌. 1,45000 രൂപ ബേങ്കില്‍ നിന്നും വായ്‌പയുമെടുത്തിരുന്നു. 85000 രൂപ പല തവണകളായി തിരിച്ചടച്ചു. നാലുലക്ഷം രൂപ അതില്‍ കുത്തിയൊലിച്ചുപോയതിനുശേഷം ഇനിയും ഒരുലക്ഷത്തി നാല്‍പ്പതിനായിരത്തിന്റെ കടക്കാരനാണിയാള്‍. സര്‍ക്കാരിന്റെ ഒറ്റത്തവണത്തീര്‍പ്പാക്കലിലൂടെ ഇത്‌ 25000മായി ചുരുങ്ങും. അക്ഷയ പദ്ധതിയുടെ പേരില്‍ മികവിനുള്ള പുരസ്‌കാരം ലഭിച്ച പഞ്ചായത്താണ്‌ ചേലേമ്പ്ര. ഏഴു സെന്ററുകളാണ്‌ പഞ്ചായത്തില്‍ ഉണ്ടായിരുന്നത്‌. ഇന്നത്‌ എണ്ണത്തില്‍ രണ്ടായി ചുരുങ്ങുകയും പ്രവര്‍ത്തനത്തില്‍ ഒന്നായി ഒതുങ്ങുകയും ചെയ്‌തിരിക്കുന്നു.മഞ്ചേരിയിലെ ഒരു കുടുംബശ്രീ പ്രവര്‍ത്തകയെ ഈയിടെ ഭര്‍ത്താവ്‌ ഉപേക്ഷിച്ചു. ഭാര്യ അക്ഷയ പദ്ധതിയിലൂടെ ഉണ്ടാക്കിവെച്ച ബാധ്യതകളെ ചൊല്ലിയുള്ള കലഹമാണ്‌ അവരുടെ ദാമ്പത്യത്തിനു മുമ്പില്‍ വഴിപിരിയലിന്റെ വാതില്‍ തുറന്നിട്ടത്‌. മുപ്പതുകാരിയായ ഈയുവതി ഇന്ന്‌ അഞ്ചു വയസ്സുള്ള മകളേയും കൊണ്ട്‌ ജീവിതപ്പെരുവഴിയിലാണ്‌. കൂട്ടിന്‌ഒന്നരലക്ഷത്തിന്റെ ബേങ്ക്‌ കടവുമുണ്ട്‌. വിട്ടുവീഴ്‌ച്ച ചെയ്യാന്‍ ബേങ്ക്‌ അധികൃതര്‍ തയ്യാറല്ല.
ഇരുമ്പുഴിയിലെ കുഴിക്കണ്ടന്‍ കബീര്‍ കനറാബേങ്കില്‍ നിന്നാണ്‌ 1,50,000 രൂപയുടെ വായ്‌പയെടുത്തത്‌. അക്ഷയ സംരഭം തകര്‍ന്നതോടെ ബേങ്കിന്റെ പലിശക്കെണിയില്‍ നിന്ന്‌ രക്ഷപ്പെടുകയായിരുന്നു പിന്നെ ലക്ഷ്യം. അതിനായി വിദേശത്തുള്ള സഹോദരങ്ങളോടെല്ലാം യാചിച്ചാണ്‌ പണം കണ്ടെത്തിയത്‌. ഒടുവില്‍ ബാധ്യതയെല്ലാം ഒഴിഞ്ഞെന്ന ആശ്വാസത്തില്‍ ഇരിക്കുമ്പോഴാണ്‌ ബേങ്കില്‍ നിന്നും വീണ്ടും നോട്ടീസ്‌. ഒരുലക്ഷം രൂപ കൂടി ബാധ്യതയുണ്ടെന്നറിയിച്ചുകൊണ്ടുള്ള നോട്ടീസ്‌. ഒരാഴ്‌ച്ച മുമ്പ്‌ നടന്ന അദാലത്തിലേക്ക്‌ കബീറിനെ വിളിപ്പിച്ചിരുന്നു. ഈ കുരുക്കഴിച്ച്‌ കിട്ടാന്‍ ഇനി ഞാനെന്ത്‌ ചെയ്യണം? ഏതുകോടതിയില്‍ പോകണം? കബീര്‍ ചോദിക്കുന്നു.അങ്ങാടിപ്പുറത്തെ ഹംസക്ക്‌ വായ്‌പക്ക്‌ ജാമ്യം നിന്നത്‌ സഹോദരനായിരുന്നു. അദ്ദേഹം ജീവിച്ചിരിപ്പില്ല. അടവ്‌ മുടങ്ങിയതിനെ തുടര്‍ന്ന്‌ ബേങ്കുകാര്‍ ജാമ്യക്കാരന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ശ്രമമാണ്‌ നടത്തുന്നതെന്ന്‌ അക്ഷയ സംരഭകരുടെ സംഘടനാ ഭാരവാഹികള്‍ ചൂണ്ടികാട്ടുന്നു. ഇങ്ങനെ അതിരുകളില്ലാത്ത അവസരങ്ങളുമായി കടന്നുവന്ന പദ്ധതി അരക്ഷിതാവസ്ഥയിലേക്ക്‌ തള്ളിവിട്ട അനവധികുടുംബങ്ങളുണ്ട്‌ ജില്ലയില്‍. ആത്മഹത്യാ മുനമ്പില്‍ നിന്ന്‌ ജീവിതത്തിലേക്ക്‌ അവരെ തിരിച്ചു നടത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാതെയായിരുന്നു മലപ്പുറത്തിന്റെ മണ്ണില്‍ പരീക്ഷിച്ച്‌ പരാജയമടഞ്ഞ സംരഭത്തെ മറ്റുജില്ലകളിലേക്കും വ്യാപിപ്പിച്ചത്‌.മഹത്തായ ഈ പദ്ധതി ലക്ഷ്യ പ്രാപ്‌തി കൈവരിക്കുമെന്ന്‌ തന്നെയാണ്‌ ഏവരും വിശ്വസിച്ചത്‌. ലക്ഷങ്ങള്‍ വായ്‌പ അനുവദിക്കുമ്പോള്‍ കുമിഞ്ഞുകൂടുന്ന കോടികളുടെ പലിശയെക്കുറിച്ചോര്‍ത്ത്‌ ബേങ്കുകളും മനപ്പായസമുണ്ടു. കാത്തിരിപ്പുകള്‍ക്കൊടുവില്‍ വീണുകിട്ടിയ സൗഭാഗ്യത്തെക്കുറിച്ചോര്‍ത്ത്‌ അക്ഷയ സംരഭകര്‍ കണ്ട സ്വപ്‌നങ്ങളെല്ലാം എന്നാല്‍ പാഴ്‌ക്കിനാവുകളാവുകയായിരുന്നു. ഏറെ കൊട്ടിഘോഷിച്ച്‌ മലപ്പുറത്തിന്റെ അഭിമാന സംരഭമായി കൊണ്ടുവന്ന പദ്ധതിക്കായി 20കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിച്ചു. പ്രചാരണത്തിനു മാത്രമായി ഇതില്‍ പത്തര കോടി രൂപയും ഒഴുക്കിക്കളഞ്ഞു. 1999ല്‍ ഐ ടി മിഷന്‍ സ്ഥാപിച്ചതു മുതല്‍ അക്ഷയ പദ്ധതി ഉള്‍പ്പടെയുള്ളവക്കായി ഒഴുക്കിയത്‌ 214.73 കോടി രൂപയാണ്‌. ഏറെ അവകാശവാദങ്ങളുമായി കടന്നുവന്ന അക്ഷയ പദ്ധതി എന്തിനുവേണ്ടിയായിരുന്നുവെന്ന്‌ ചോദിക്കുന്നവര്‍ക്ക്‌ ഈ കണക്കുകളില്‍ നിന്ന്‌ ചില ഉത്തരങ്ങള്‍ ലഭിക്കും.
പ്രതിഷേധിക്കാന്‍ ഇ- തെണ്ടല്‍വാഗ്‌ദാനങ്ങള്‍ ജലരേഖയാവുകയും പദ്ധതി പാളം തെറ്റി ഓടുകയും ചെയ്‌തതോടെ അധികൃതരുടെ കണ്ണ്‌ തുറപ്പിക്കാന്‍ സംരഭകര്‍ക്ക്‌ സംഘടിക്കേണ്ടി വന്നു. തുടര്‍ന്ന്‌ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടന്നു. പതിവ്‌ പ്രതിഷേധ ങ്ങള്‍ക്കു പുറമേ ഇ- തെണ്ടലടക്കമുള്ള സമരമുറകള്‍ പരീക്ഷിച്ചു. അക്ഷയ എന്റര്‍പ്രണേഴ്‌സ്‌ അസോസിയേഷനാണ്‌ മുന്നില്‍ നിന്ന്‌ പ്രവര്‍ത്തിച്ചത്‌. പ്രയത്‌നം വെറുതെയായില്ല. ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ സംരഭകര്‍ക്ക്‌ ആശ്വാസമാകുന്ന തീരുമാനം സര്‍ക്കാര്‍ കഴിഞ്ഞ മാസം18ന്‌ കൈക്കൊണ്ടു. സംരഭകര്‍ വിവിധ ബേങ്കുകളില്‍ നിന്നെടുത്ത വായ്‌പയില്‍ 37.5 ശതമാനം തിരിച്ചടക്കാനുള്ള ബാധ്യതയാണ്‌ ഇപ്പോഴത്തെ സര്‍ക്കാര്‍ ഏറ്റെടുത്തത്‌. ഇതു പ്രകാരം നിലവില്‍ അടക്കേണ്ട തുകയുടെ 75 ശതമാനം മാത്രം ഇനി തിരിച്ചടച്ചാല്‍ മതിയാകും. ആകെ തിരിച്ചടക്കാനുള്ള 12കോടി ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ സര്‍ക്കാര്‍ മൂന്ന്‌ കോടിയായി ചുരുക്കി. എന്നാല്‍ ഈ തുക പോലും തിരിച്ചടക്കാന്‍ ശേഷിയില്ലാതെ തകര്‍ന്നുപോയവരാണ്‌ മിക്ക സംരഭകരുമെന്നതത്രെ ഏറെ ഖേദകരം.2002 നവംബര്‍ 18നാണ്‌ രാഷ്‌ട്രപതി എ പി ജെ അബ്‌ദുല്‍കലാം അക്ഷയ പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. 2003മെയ്‌ മാസത്തിലായിരുന്നു മലപ്പുറം ജില്ലയില്‍ പദ്ധതി ആരംഭിച്ചത്‌. രണ്ടു വാര്‍ഡുകള്‍ക്ക്‌ ഒരു സെന്റര്‍ പ്രകാരം 639 അക്ഷയ സെന്ററുകള്‍ തുറന്നു. ഓരോ സെന്ററിലും ആയിരംപേര്‍ പഠിതാക്കളായെത്തും. ഒരാള്‍ പത്തു ദിവസംകൊണ്ട്‌ പഠനം പൂര്‍ത്തിയാക്കും. ആറുമാസംകൊണ്ട്‌ ഇവരുടെ കോഴ്‌സ്‌ അവസാനിക്കും. അതോടെ അടുത്തബാച്ചുകാരുടെ ഊഴം. തദ്ദേശ സ്ഥാപനമാണ്‌ പഠിതാക്കളെ തിരഞ്ഞെടുക്കുക. ഇവരില്‍ ഒരാള്‍ക്ക്‌ 120 രൂപ ത്രിതല പഞ്ചായത്തുകള്‍ നല്‍കും. ഗുണഭോക്താക്കള്‍ 20 രൂപ നല്‍കിയാല്‍ മതി. ഇങ്ങനെ ഒരാളില്‍ നിന്ന്‌ സംരഭകന്റെ പോക്കറ്റില്‍ 140 രൂപയെത്തുന്നു. ആദ്യബാച്ചുകാരില്‍ നിന്ന്‌മാത്രം ലഭിക്കേണ്ടത്‌ 70,000 രൂപ. അധികൃത കണക്കുപ്രകാരം ജില്ലയില്‍ 2415400 പേര്‍ അക്ഷയ പദ്ധതിയിലൂടെ ഇതിനകം കമ്പ്യൂട്ടര്‍ സാക്ഷരത കൈവരിച്ചു! ഇവരില്‍ നിന്ന്‌ മാത്രം സംരഭകര്‍ക്ക്‌ ത്രിതല പഞ്ചായത്തുകളില്‍ നിന്ന്‌ 338,156000 രൂപ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ലഭിച്ചതോ ഉപഭോക്താക്കളില്‍ നിന്നുള്ള 48,308000 രൂപ മാത്രമാണ്‌.2003ല്‍ മലപ്പുറം ജില്ലയില്‍ 312 സെന്ററുകളാണ്‌ തുടങ്ങിയത്‌. ആ വര്‍ഷം 354000 പേര്‍ പഠനം നടത്തിയതായാണ്‌ വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്ക്‌. 2004ല്‍ സെന്ററുകള്‍ 647 ആയി വളര്‍ന്നു. ആ വര്‍ഷം 595000 പേര്‍ പഠനം നടത്തിയത്രെ. സെന്ററുകളുടെ എണ്ണം 2005ല്‍ 368ഉം 2007ല്‍ 281 മായി ചുരുങ്ങിയപ്പോഴും ഓരോ വര്‍ഷവും പഠിതാക്കളുടെ എണ്ണത്തില്‍ കുറവുവന്നിട്ടില്ലെന്നാണ്‌ കണക്ക്‌. ഇതു കബളിപ്പിക്കലാണെന്ന്‌ അക്ഷയ സംരഭകരും സാമൂഹിക പ്രവര്‍ത്തകരും ചൂണ്ടികാട്ടുന്നു.സെന്ററുകളുടെ മേല്‍നോട്ടത്തിന്‌ ജില്ലാ പ്രൊജക്‌ട്‌ ഓഫീസ്‌ തുറന്നു. രണ്ട്‌ ബ്ലോക്കുകള്‍ക്ക്‌ ഒരോ കോ-ഓര്‍ഡിനേറ്റര്‍മാര്‍ അണിനിരന്നു. അവര്‍ക്ക്‌ താഴെ ഓരോ പഞ്ചായത്തിനും ഒരു കോ ഓര്‍ഡിനേറ്റര്‍ വേറെയും. എന്നിട്ടും ആസൂത്രണം പിഴച്ചു. മൂന്ന്‌ മാസംകൊണ്ടു തീരേണ്ട പദ്ധതി ആറുമാസത്തിലേക്ക്‌ നീണ്ടു. അത്‌ പിന്നെയും വൈകി. സംരഭകര്‍ നെട്ടോട്ടം തുടങ്ങി. പഠിതാക്കളെത്താതായതോടെ അവരുടെ വീടുകളിലേക്ക്‌ കമ്പ്യൂട്ടറുമായി ചെല്ലേണ്ടി വന്നു. പദ്ധതി തുടങ്ങി ആദ്യത്തെ ആറുമാസം തികയുമ്പോള്‍ ഓരോ സംരംഭകനും 70,000രൂപയെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു മാത്രം ലഭിക്കണമായിരുന്നു. എന്നാല്‍ ഒന്നര വര്‍ഷം പിന്നിട്ടിട്ടും തുക ലഭ്യമായില്ല. അതോടെ കാര്യങ്ങള്‍ പിടിവിട്ടുപോകാന്‍ തുടങ്ങി. ബേങ്കുകളുടെ വായ്‌പാ തിരിച്ചടവ്‌ വൈകി. ഒരുലക്ഷം മുതല്‍ രണ്ടുലക്ഷം രൂപ വരെയാണ്‌ വായ്‌പ. 
വിവിധ ബേങ്കുകളില്‍ നിന്നായി നാലുകോടിയോളം രൂപ അക്ഷയ സംരഭകര്‍ വായ്‌പയെടുത്തിരുന്നു. മുറി വാടകയും കറന്റുബില്ലും ജീവനക്കാരുടെ ശമ്പളവും കുന്നുകൂടി. വൈദ്യുതി വകുപ്പ്‌ ഫ്യൂസ്‌ ഊരി. ഇതിനിടെ 217 കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മോശമാണെന്ന്‌ ചൂണ്ടിക്കാട്ടി അവരെ പിരിച്ചുവിട്ടും അധികൃതര്‍ രസിച്ചു. ഇവരുടെ വായ്‌പകള്‍ നേരിട്ട്‌ തിരിച്ചുവാങ്ങാനും ബേങ്കുകള്‍ക്ക്‌ നിര്‍ദേശവും നല്‍കി. അതോടെ ബേങ്കുകാര്‍ കാടിളക്കി വന്നു. ചില പഞ്ചായത്തുകളാകട്ടെ അഞ്ഞൂറോ അറുനൂറോ പഠിതാക്കളുടെ ഫീസ്‌ മാത്രം നല്‍കാനാണ്‌ തീരുമാനിച്ചത്‌. ഇതില്‍ 40 ശതമാനം തുകമാത്രമേ സംരഭകര്‍ക്ക്‌ ലഭിച്ചുള്ളൂ. ശേഷിക്കുന്ന തുക തദ്ദേശ സ്ഥാപനങ്ങള്‍ തന്നെ ബേങ്കുകളില്‍ അടക്കുകയായിരുന്നു.വാഗ്‌ദാനങ്ങള്‍ ഓരോന്നായി സര്‍ക്കാര്‍ തന്നെ ലംഘിക്കുകയായിരുന്നു. അക്ഷയ വിഭാവനം ചെയ്‌ത ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യമായിരുന്നു ബ്രോഡ്‌ബാന്റ്‌ സംവിധാനം. വാഗ്‌ദാനം ചെയ്‌ത, ബ്രോഡ്‌ബാന്റ്‌ നെറ്റ്‌ സൗകര്യം നഗരപ്രദേശങ്ങളില്‍ ഒന്നര വര്‍ഷത്തിന്‌ ശേഷമെത്തിയെങ്കിലും ഗ്രാമങ്ങളിലെ കേന്ദ്രങ്ങള്‍ക്കത്‌ ഇന്നും പ്രാപ്യമല്ല. ഇന്റര്‍നെറ്റ്‌ സംവിധാനം ഒരുക്കുവാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതും സ്വകാര്യ കമ്പനിയെയായിരുന്നു. അവരുടെ നെറ്റ്‌ ഉപയോഗിച്ചപ്പോള്‍ കാര്യക്ഷമത മാത്രമല്ല ഇല്ലാതായത്‌. വൈറസ്‌ പ്രശ്‌നവും വേഗതയില്ലായ്‌മയും തീരാശാപമായി. ഇതിനിടെ ഒരുമാസം പരിധികളില്ലാതെ നെറ്റ്‌ ഉപയോഗിക്കാന്‍ സ്വകാര്യ കമ്പനി 1000 രൂപ മതിയെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ രംഗത്തെത്തി. അതിജീവനത്തിനായി പലവഴികള്‍ തേടിയവര്‍ ആ കുരുക്കിലും തലയിട്ടുകൊടുത്തു.ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ ഡാറ്റാ എന്‍ട്രി പ്രവൃത്തികള്‍ക്കായി ഏതാനും സംരംഭകര്‍ 32000 രൂപ സമാഹരിച്ച്‌ കാത്തിരുന്നു. കാത്തിരിപ്പ്‌ വെറുതെയായതേയുള്ളൂ. അധികൃതര്‍ കുടുംബശ്രീയെയാണ്‌ ജോലി ഏല്‍പ്പിച്ചത്‌. ചില കമ്പനികള്‍ നല്‍കിയ ഡാറ്റാ എന്‍ട്രി ജോലിക്ക്‌ കൂലി ലഭിച്ചില്ല. പ്രതീക്ഷകള്‍ തകിടം മറിയുകയും വരുമാന വഴികളില്‍ പ്രതിബന്ധങ്ങള്‍ മാത്രം നിറയുകയും ചെയ്‌തതോടെ അക്ഷയ കേന്ദ്രങ്ങള്‍ പ്രതിസന്ധിയിലേക്ക്‌ കൂപ്പുകുത്തി. നിലനില്‍പ്പിനായി സ്വന്തം നിലയില്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയ പദ്ധതികളും അത്ഭുതങ്ങള്‍ സംഭവിപ്പക്കുന്നതായിരുന്നില്ല.സര്‍ക്കാര്‍ മേഖലയില്‍ നിന്നും അക്ഷയ വഴി ചെയ്യാവുന്ന പല പദ്ധതിയെക്കുറിച്ചും സംരഭകരുടെ സംഘടനകള്‍ സര്‍ക്കാറിനെ പലതവണ അറിയിച്ചിരുന്നു. അത്‌ ചെവികൊള്ളാതെ സര്‍ക്കാര്‍ തലത്തിലുള്ള കമ്പ്യൂട്ടര്‍ അനുബന്ധ ജോലികള്‍ സ്വകാര്യമേഖലക്കാണ്‌ ഇന്നും നല്‍കുന്നത്‌. അക്ഷയ വാഗ്‌ദാനം ചെയ്യുന്ന പല കോഴ്‌സുകള്‍ക്കും സര്‍ക്കാര്‍ അംഗീകാരമില്ലെന്നതാണ്‌ `വലിയ തമാശ'. സാധ്യതകളുള്ള പുതിയ കോഴ്‌സുകളൊന്നും അക്ഷയ വഴി തുടങ്ങിയതുമില്ല. ജില്ലയില്‍ 313 സംരഭകര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ അധികൃതരുടെ കണക്ക്‌. എന്നാല്‍ നൂറ്‌ കേന്ദ്രങ്ങള്‍ പോലും ഇപ്പോള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നില്ല.
 നേരത്തെ എല്ലാ സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിച്ച സ്ഥാപനങ്ങളോടനുബന്ധിച്ച്‌ കേന്ദ്രങ്ങള്‍ തുടങ്ങിയവര്‍ മാത്രമെ പിടിച്ചു നിന്നിട്ടുള്ളൂ.
അടുത്തകാലത്ത്‌ റവന്യൂ വകുപ്പ്‌ നടപ്പിലാക്കിയ ഫെയര്‍ വാല്യൂ രജിസ്‌ട്രേഷന്‍ അക്ഷയ വഴി ചെയ്യാമായിരുന്നു. എന്നാലിതിന്‌ സ്വകാര്യ കമ്പനിയെയാണ്‌ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്‌. രണ്ടു ശതമാനം കമ്മീഷന്‍ ലഭിക്കുന്ന ആദായനികുതി റിട്ടേണ്‍ ഫയല്‍ സംവിധാനവും അക്ഷയ കേന്ദ്രങ്ങള്‍ വഴി ചെയ്യാവുന്നതായിരുന്നു. ആ അവസരവും സംരഭകര്‍ക്ക്‌ ലഭിച്ചില്ല.പിന്നെയും നിരവധി പദ്ധതികളാണ്‌ അക്ഷയ വാഗ്‌ദാനം ചെയ്‌തിരുന്നത്‌. 30 മണിക്കൂര്‍കൊണ്ട്‌ കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇ- വിദ്യ, എട്ടിനും 16നുമിടയിലുള്ള വിദ്യാര്‍ഥികള്‍ക്ക്‌ പ്രവര്‍ത്തന പ്രൊജക്‌ട്‌ രീതിയിലുള്ള ഇന്റല്‍ ലേണ്‍ പദ്ധതി, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനം, ഇംഗ്ലീഷ്‌ പഠന പരിപാടിയായ ലേണ്‍ ആന്റ്‌ സ്‌പീക്ക്‌ ഇംഗ്ലീഷ്‌, അന്ധര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലന പദ്ധതിയായ ഇന്‍സൈറ്റ്‌, അറബി ഭാഷാ ടൈപ്പിംഗ്‌ പദ്ധതിയായ അറബിക്‌ ടൈപ്പിംഗ്‌ ട്യൂട്ടര്‍, നാട്ടറിവുകളേയും കണ്ടുപ്പിടുത്തങ്ങളേയും പരിപോഷിപ്പിക്കുന്നതിനുള്ള കേരള ഇന്നവേഷന്‍ ഫൗണ്ടേഷന്‍, ഇ - കൃഷി തുടങ്ങി ഇരുപതിലധികം പ്രധാന പദ്ധതികളാണ്‌ പ്രവര്‍ത്തനം തുടങ്ങുക പോലും ചെയ്യാതിരുന്നത്‌. മലപ്പുറത്തെ പാഠം മുമ്പിലിരിക്കേയാണ്‌ മറ്റുജില്ലകളിലേക്ക്‌ കൂടി പദ്ധതി പറിച്ചു നട്ടത്‌. 


മലപ്പുറത്ത്‌ അപേക്ഷകന്റെ യോഗ്യത മാനദണ്‌ഡമാക്കിയില്ലയെന്നതായിരുന്നു പ്രധാന പ്രശ്‌നം. പഞ്ചായത്തുകളില്‍ ഒന്നോ രണ്ടോ സെന്ററുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങി ആവശ്യമെങ്കില്‍ കൂടുതല്‍ അനുവദിക്കാമെന്നകാര്യവും അധികൃതര്‍ പരിഗണിച്ചതുമില്ല. എന്തായാലും മലപ്പുറത്തുകാരുടെ അനുഭവം മറ്റാര്‍ക്കുമുണ്ടാവാതിരിക്കട്ടേ... 

1 അഭിപ്രായം:

  1. പ്രസക്തമായ പോസ്റ്റ്.

    അനുഭവ സാക്ഷ്യങ്ങള്‍ക്കു മുന്‍പില്‍ എന്തു പറയാന്‍.

    ഈ പരാജയത്തിന്റെ കാരണങ്ങള്‍ കൂടി അന്വേഷിക്കാമായിരുന്നു.
    അക്ഷയ വിജയമാക്കിയവരുടെ അനുഭവവും കൂട്ടി വായിക്കാമായിരുന്നു...

    മറുപടിഇല്ലാതാക്കൂ