26/6/10

മണല്‍കാട്ടില്‍ മലയാളികള്‍ പുതിയ ചതിക്കുഴികളില്‍

നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് സഊദി അറേബ്യയിലേക്ക് തൊഴില്‍ തേടിപ്പോയതാണ് സഫിയയുടെ ഭര്‍ത്താവ് ഷാജഹാന്‍. അയാള്‍~  ഒടുവില്‍ വിളിച്ചത് ആറു മാസങ്ങള്‍ക്കു മുമ്പാണ്. എന്നും വിളിക്കുമായിരുന്ന ഭര്‍ത്താവിന് എന്താണ് പറ്റിയത്? ഇതന്വേഷിച്ച് അലയുകയാണ് ഒറ്റപ്പാലത്തെ ഈ ഇരുപത്തിനാലുകാരി.
ഒപ്പം തീ തിന്ന് കഴിയാന്‍ എഴുപത് കടന്ന പിതാവ് അഹമ്മദും ഭാര്യ റുഖിയയും. ഷാജഹാന്റെ മൂന്നു വസ്സുകാരനായ മകന്‍ റുഫൈദും ഉപ്പയെ കാത്തിരിക്കുന്നുണ്ട്. ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത ഉപ്പയെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആ കുഞ്ഞ്. 
 റുഫൈദിനെപ്പോലെ വീട്ടുകാര്‍ക്കുമറിയില്ല, ഷാജഹാന്റെ ഇപ്പോഴത്തെ അവസ്ഥ. സഊദി അറേബ്യയിലെ ജിദ്ദാ ജയിലില്‍ കിടക്കുന്ന  ഷാജഹാന്‍ എന്തെങ്കിലും കുറ്റം ചെയ്തതിന്റെ പേരില്‍ തടവിലടക്കപ്പെട്ടവനല്ല. പൊറുക്കപ്പെടാനാവാത്ത ഒരു കുറ്റവും ആ യുവാവ് ചെയ്തിട്ടുമില്ല. പക്ഷേ,  എന്നിട്ടും ആറു മാസമായി  ജിദ്ദാ ജയിലില്‍ മൂന്നാം നമ്പര്‍ സെല്ലിന്റെ ഇരുട്ടുമുറിയില്‍ നരകിച്ചു ജീവിക്കുന്നു. ഇത്തരത്തിലെ നൂറുകണക്കിന് മലയാളികളില്‍ ഒരാള്‍ മാത്രമാണ് ഷാജഹാനും.
ഉണ്ടായിരുന്ന കൂര പണയപ്പെടുത്തിയും ഭാര്യയുടെ കെട്ടുതാലിവിറ്റും ഒരുലക്ഷവും രണ്ടു ലക്ഷവും രൂപ മുടക്കി   മണല്‍ക്കാടിന്റെ സമ്പന്നതയിലേക്ക് സ്വപ്നം കൊയ്യാന്‍ പോയ മലയാളികളില്‍ ഭൂരിഭാഗം പേരും ഇങ്ങനെ കൊടുംചതിയുടെ ആഴങ്ങളിലേക്കാണെറിയപ്പെടുന്നത്.}
നേരത്തെ ട്രാവല്‍ ഉടമകളും  ഏജന്റുമാരും ഇടനിലക്കാരുമായിരുന്നു മലയാളികളെ വഞ്ചിച്ചിരുന്നതെങ്കില്‍  ഇന്നു  തട്ടിപ്പിന് വഴിയൊരുക്കുന്നത് സഊദികള്‍ തന്നെയാണ്. ഇരകളെക്കുരുക്കി കൊടുക്കാന്‍ പ്രാഗത്ഭ്യം നേടിയ മലയാളികളും കൂട്ടിനുണ്ട്.  ഇവര്‍ വിരിച്ച വലകളില്‍ മറ്റു രാഷ്ട്രക്കാരും കുരുങ്ങുന്നുമുണ്ട്. 
 അരീക്കോട്ടെ താഴത്തങ്ങാടി കപ്പച്ചാലില്‍ മുനീബ് (36), വയനാട് പടിഞ്ഞാറെത്തറയിലെ പാറക്ക മുഹമ്മദ് ഇബ്‌റാഹീം (42), പനമരം അഞ്ചാം മൈലിലെ  ഇഖ്ബാല്‍ (30), ഒതുക്കുങ്ങലിലെ കുനിയില്‍ അബ്ബാസ് (36), ചേളാരിയിലെ പാലത്ത് മുഹമ്മദുകുട്ടി (40), മലപ്പുറം കുരുവമ്പലത്തെ മുനീര്‍ (26), വളാഞ്ചേരി കൊട്ടാരത്തെ വാലിയില്‍ മുഹമ്മദാലി (40), കാളികാവിലെ കുറുക്കന്‍ ഷാനവാസ് (27), തിരുവനന്തപുരം നേമത്തെ  ഇബ്‌റാഹീം എന്ന സഫീര്‍(30), കായംകുളത്തെ വലിയതുറ ഷാജഹാന്‍ (32), പുതു പൊന്നാനിയിലെ ബാവ എന്ന സുബൈര്‍ (35),  തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലെ ലിജോ ജോസഫ് (28), കാളികാവ്  കൂരാടിലെ ബൈജു (29), തലശ്ശേരി മാഹിയിലെ ആഇശയില്‍ സുബൈര്‍ (32)ഇവരെല്ലാവരും  ഷാജഹാനെപ്പോലെ ജിദ്ദാ ജയിലില്‍ മോചനം കാത്തു കഴിയുന്ന 180 മലയാളികളില്‍ ചിലര്‍ മാത്രമാണ്.
ഇവരുടെ എല്ലാവരുടെ പേരിലും ആരോപിക്കപ്പെട്ടത് ഒരേകുറ്റം.  ധന സംമ്പാദനത്തിനുള്ള ആര്‍ത്തിയില്‍ ഏതറ്റംവരേയും പോകാന്‍ തയ്യാറായ സ്‌പോണ്‍സര്‍മാരുടെ കൊടും ചതിയുടെ ബലിയാടുകള്‍ മാത്രമാണിവര്‍. തൊഴില്‍ തേടി എത്തുന്ന വിദേശികള്‍ സ്‌പോണ്‍സറുടെ കീഴില്‍ തന്നെ ജോലിചെയ്യണമെന്നാണ് നിയമം. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും അയാളുടെ കീഴില്‍  ജോലിയുണ്ടാവില്ല. അപ്പോള്‍  അനുവാദത്തോടെ തന്നെ മറ്റു തൊഴിലിടങ്ങള്‍ തേടി പോകേണ്ടിവരും. ഇത് പതിവാണ്. പിന്നീട് രണ്ടുവര്‍ഷത്തിലൊരിക്കല്‍ “ഇക്കാമ  പുതുക്കാന്‍ മാത്രമേ  സ്‌പോണ്‍സറുടെ സഹായം വേണ്ടതുള്ളൂ. അതിനായി  എത്തുമ്പോഴാണ് പലരും തങ്ങള്‍  അകപ്പെട്ട ചതിക്കുഴിയെക്കുറിച്ച് അറിയുന്നത്. അല്ലെങ്കില്‍ ആറ്റു നോറ്റിരുന്ന് പിറന്ന നാട്ടിലേക്ക് ഓടിയെത്താന്‍ വെമ്പല്‍കൊള്ളുന്നതിനിടെയാവും. അതുമല്ലെങ്കില്‍ നാട്ടില്‍  അവധിക്ക് വന്നു തിരിച്ചു മടങ്ങുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വെച്ചാവും കുരുക്ക്മുറുകുന്നത്. പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിക്കടുത്ത കണ്ടേങ്ങാടന്‍ യൂസുഫ് (35) അങ്ങനെയാണ് കെണിയില്‍ വീണത്. ലീവില്‍ വന്നു തിരിച്ചുമടങ്ങുകയായിരുന്നു യൂസുഫ്. ജിദ്ദ എയര്‍പോര്‍ട്ടധികൃതരാണ് ഇയാളുടെ വിസ ഉറൂബ് ചെയ്തതാണെന്നു പറഞ്ഞ്  ജയിലിലേക്കയച്ചത്.  പൊട്ടിക്കരഞ്ഞുപോയി അയാള്‍.  2009 ഒക്‌ടോബര്‍ 12നായിരുന്നു സംഭവം. 
പുതിയ വിസയിലെത്തുന്നയാള്‍ക്ക് ഇഖാമ  കൈമാറിയശേഷം ആറു മാസം  തികയാന്‍പോലും ക്ഷമയില്ല ചില സ്‌പോണ്‍സര്‍മാര്‍ക്ക്. അപ്പോഴേക്ക് തൊഴിലാളി ചാടിപ്പോയതായി  അവര്‍  ജവാസാത്ത് (പാസ്‌പോര്‍ട്ട് വിഭാഗം) അധികാരികളെ അറിയിച്ചിരിക്കും. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് വേറെ വിസക്ക് അപേക്ഷിക്കാം. 2000 റിയാല്‍ അടച്ചാല്‍ ഉടന്‍ തന്നെ പുതിയ വിസ അനുവദിച്ച് കിട്ടും. ഇതു പതിനായിരം റിയാലിന് വാങ്ങാന്‍ ഏജന്റുമാര്‍ ക്യൂ നില്‍ക്കാനുണ്ടാവുമ്പോള്‍ അവര്‍ക്ക് ആവേശവും ആര്‍ത്തിയും കൂടുന്നത് സ്വാഭാവികം. ഇത് രണ്ടു ലക്ഷത്തിന് (ഇന്ത്യന്‍ രൂപ)ക്ക് വാങ്ങാന്‍ മലയാളികളും വരി നില്‍ക്കുമ്പോള്‍  ഏജന്റുമാര്‍ക്കും ഉത്സാഹം ഏറും.
പുതിയ വിസയിലെത്തിയയാള്‍  ഇതൊന്നുമറിയാതെ  ജോലി തുടരുന്നതിനിടയിലാവും ലേബര്‍ ചെക്കിംഗിലോ മറ്റോ പെടുന്നത്. അപ്പോള്‍ മാത്രമേ   കബളിപ്പിക്കപ്പെട്ട വിവരം  അറിയൂ. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ സഊദികള്‍ പുതുതായി കണ്ടെത്തിയ മാര്‍ഗങ്ങളിലൊന്നാണിത്. അടുത്ത കാലത്തായി ഇങ്ങനെ കബളിപ്പിക്കപ്പെട്ട വിദേശികള്‍ പതിനായിരങ്ങളാണ്.  മലയാളികളും   ആയിരക്കണക്കിന്. നൂറുകണക്കിനാളുകള്‍ ദിനംപ്രതി  തട്ടിപ്പിനിരയായിക്കൊണ്ടിരിക്കുന്നു. നേരത്തെ കറക്കുകമ്പനിക്കാരില്‍ നിന്നോ ചില പ്രത്യേക ട്രാവല്‍ ഏജന്‍സികളില്‍ നിന്നോ ലഭിക്കുന്ന വിസകളിലൂടെയായിരുന്നു വിദേശികള്‍ കബളിപ്പിക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി മാറി. സഊദിയില്‍ ജോലി ചെയ്തുവരുന്ന ഓരോ വിദേശിയും ഇന്ന് ഈ ഭീഷണിയെ അഭിമുഖീകരിക്കുകയാണ്. സ്‌പോണ്‍സറുടെ കീഴിലല്ലാതെ ജോലിയെടുക്കേണ്ടിവരുന്നവര്‍ ഏതു സമയവും ഇത്തരത്തില്‍ കബളിപ്പിക്കപ്പെടാം. അവരും ചാടിപ്പോയവരാണെന്ന് ജവാസാത്തില്‍ വിവരം നല്‍കി സ്‌പോണ്‍സര്‍ പുതിയ വിസക്ക് അപേക്ഷിക്കാന്‍ ഒരുങ്ങിയേക്കാം.  ഭീതിയോടെയാണ് ഓരോ നിമിഷവും ഓരോരുത്തരും കഴിഞ്ഞു പോരുന്നത്. കാരണം ഇവിടെ നൂറ് വിസക്കാരില്‍ 95 പേരും സ്‌പോണ്‍സറുടെ കീഴിലല്ല ജോലിചെയ്യുന്നത്. അടുത്ത കാലത്തായി എത്തിയ വിസക്കാരില്‍ അന്‍പതു ശതമാനവും സ്‌പോണ്‍സര്‍മാര്‍ (ഉറൂബ്) ചെയ്ത വിസയുള്ളവരാണ്. എപ്പോഴും പിടിക്കപ്പെടാവുന്നവര്‍. ഏതു സമയവും കാരാഗൃഹത്തിന്റെ ഇരുട്ടുമുറിയിലേക്കു തള്ളപ്പെടാന്‍ വിധിക്കപ്പെട്ടവര്‍.   
എന്നാല്‍  ഇതൊന്നുമറിയാതെ ആയിരങ്ങള്‍ പുതിയ വിസക്കായി  കാത്തുകെട്ടിക്കിടക്കുകയാണ്. നാളെത്തെ ഇരകളായി മാറാന്‍. ഇങ്ങനെ കബളിപ്പിക്കപ്പെട്ടവരില്‍ മലയാളികള്‍ മാത്രം ഇപ്പോള്‍ 216 പേര്‍ ജയിലിലുണ്ട്. 
മലപ്പുറം അഞ്ചച്ചവടിയിലെ കുന്നത്ത് ശിഹാബുദ്ധീന്‍ (31), അഞ്ചച്ചവടിയിലെ പുലിവെട്ടി കുഞ്ഞിമുഹമ്മദ്(32), മങ്കട ചേരിയത്തെ നല്ലേങ്ങര അബ്ദുല്‍ ഗഫൂര്‍(32), മേലാറ്റൂരിലെ നൗഷാദ് (27), വെള്ളുവമ്പ്രത്തെ ഹസന്‍ (45), കോട്ടക്കല്‍   ഈസ്റ്റ് വില്ലൂരിലെ ചെറുശ്ശോല അബ്ദുല്‍ നാസര്‍ (37), പെരിന്തല്‍മണ്ണ ആലിപ്പറമ്പിലെ യൂസഫ്(30), കരുളായിയിലെ മുഹമ്മദ് ശരീഫ് (26),  വണ്ടൂര്‍ കാരക്കപ്പറമ്പിലെ ഹിദായത്തുല്ല (30), ഇവരെല്ലാവരും  രണ്ടാഴ്ചക്കിടെ  ദുരന്തപൂര്‍ണമായ ജയില്‍ ജീവിതത്തില്‍ നിന്ന് ശാപമോക്ഷം നേടി ജന്മനാട്ടില്‍ തിരിച്ചെത്തിയവരാണ്. മലപ്പുറം ജില്ലയിലുള്ളവര്‍ മാത്രം രണ്ടു മാസത്തിനിടെ ഇത്തരത്തില്‍180 പേര്‍ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ജയിലിലും അതിലേറെയുണ്ട്. പുറത്ത് പിടിക്കപ്പെടാന്‍ സാധ്യതയുള്ളവരോ ആയിരങ്ങളാണ്. പുതിയ ആളുകള്‍ മാത്രമല്ല ഇങ്ങനെ കബളിപ്പിക്കപ്പെടുന്നത്. പത്തും ഇരുപതും വര്‍ഷം ഇവിടെ ജോലി ചെയ്തവര്‍പോലും ഇരകളായി തീരുന്നുണ്ട്. 

3 അഭിപ്രായങ്ങൾ:

 1. അജ്ഞാതന്‍2010, ജൂൺ 26 5:10 AM

  കിടിലന്‍ പോസ്റ്റ്‌...
  നിങ്ങളുടെ ഈ പോസ്റ്റ്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
  മലയാളത്തിലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...
  സസ്നേഹം
  അനിത
  JunctionKerala.com

  മറുപടിഇല്ലാതാക്കൂ
 2. ഇക്കഥകളാവര്ത്തിക്കാതിരിക്കാനുള്ള നിര്ദേശംകൂടി വയ്ക്കാമായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 3. നല്ല പോസ്റ്റ്.
  സത്യങ്ങള്‍ ഇല്ലാതില്ല.
  എന്നിട്ടും..
  തുടര്‍ന്നു കൊണ്ടേയിരിക്കുന്നു...

  മറുപടിഇല്ലാതാക്കൂ