19/6/10

സഊദി അറേബ്യയില്‍ മലയാളി സ്‌ത്രീകള്‍ ജയിലുകളിലും വീട്ടുതടങ്കലിലും

വിളംബരം എക്സ്ക്ലൂസീവ്

വീട്ടമ്മയുടെ വെളിപ്പെടുത്തല്‍

 സഊദി അറേബ്യയില്‍ വീട്ടുജോലിക്ക്‌ പോയി കബളിപ്പിക്കപ്പെട്ട മലയാളി സ്‌ത്രീകള്‍ ജയിലുകളിലും വീട്ടുതടങ്കലിലും അടക്കപ്പെട്ടതായി ആരോപണം.
ഒരുമാസം മുമ്പ്‌ മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂരില്‍ നിന്നും സഊദി അറേബ്യയിലെ അബഹയിലേക്ക്‌ പോയ തട്ടാരപ്പറമ്പത്ത്‌ റംലയാണ്‌ താനും മലയാളികളായ മറ്റ്‌ സ്‌ത്രീകളും അനുഭവിച്ച പീഡനങ്ങളെക്കുറിച്ച്‌ വെളിപ്പെടുത്തിയത്‌. ജോലി ചെയ്‌തിരുന്ന വീട്ടിലുള്ളവരുടെ കടുത്ത പീഡനങ്ങളെത്തുടര്‍ന്ന്‌ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ആലപ്പുഴ സ്വദേശിയായ റഹീമ സഊദി ജയിലിലാണെന്ന്‌ റംല പറയുന്നു. ഇങ്ങനെ നിരവധി സ്‌ത്രീകള്‍ അബഹയിലും ജിദ്ദയിലുമുള്ള നിരവധി വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്‌.
ഗള്‍ഫില്‍ ജോലിതേടിയെത്തുന്ന സ്‌ത്രീകള്‍ കബളിപ്പിക്കപ്പെടുന്നതും ലൈംഗിക പീഡനങ്ങള്‍ക്കിരയാകുന്നതും പുതുമയുള്ള വാര്‍ത്തയല്ല. എല്ലാക്കാലവും അതുണ്ടാവുന്നു. സ്വന്തം വീട്ടകങ്ങളില്‍ പോലും സുരക്ഷിതരല്ലാത്ത സ്‌ത്രീകള്‍ ഭാഷയും സംസ്‌ക്കാരവും വിഭിന്നമായൊരു രാജ്യത്ത്‌ എത്രമാത്രം സുരക്ഷിതരാവും...?
കഴിഞ്ഞ വര്‍ഷം യു എ ഇയില്‍ വീട്ടുജോലിക്കെത്തിയ വയനാട്ടുകാരായ രണ്ടു യുവതികള്‍ പെണ്‍വാണിഭ സംഘത്തിന്റെ കെണിയിലകപ്പെട്ടിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ടെത്തിയ ഇവര്‍ വനിതാ കമ്മീഷന്‍ അംഗം രുഗ്മിണി ഭാസ്‌ക്കറിനുമുമ്പില്‍ വെളിപ്പെടുത്തിയത്‌ നടുക്കുന്ന വിവരങ്ങളായിരുന്നു.
മറ്റുപലരും ഇവരുടെ കെണിയില്‍ കുടുങ്ങിയതായും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവരില്‍ പലരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇന്നും അജ്ഞാതമാണ്‌. പലരും ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങള്‍ക്ക്‌ ഇരയാകുന്നുണ്ട്‌.
ഇങ്ങനെ ഇരയായവരെക്കുറിച്ച്‌ പോലും റംല പറഞ്ഞു. എന്നാല്‍ അതാരും പുറത്തുപറയാറില്ല. അതുകൊണ്ടുതന്നെ വിദേശങ്ങളിലേക്ക്‌ ജോലിതേടിയുള്ള മലയാളീ സ്‌ത്രീകളുടെ ഒഴുക്ക്‌ എന്നുമുണ്ടാകുന്നു. നിത്യവൃത്തിക്ക്‌ ഗതിയില്ലാത്തവരും പുരുഷന്‍മാര്‍ കുടുംബനാഥന്‍മാരല്ലാത്ത വീടുകളില്‍ നിന്നുമാണ്‌ സ്‌ത്രീകള്‍ പ്രധാനമായും പോകുന്നത്‌. എന്നാല്‍ പലരും തങ്ങള്‍ അകപ്പെട്ട കെണിയെക്കുറിച്ച്‌ പുറംലോകത്തോട്‌ പറയാനാവാത്ത അവസ്ഥയിലാണ്‌.
റംല ഒരുമാസം മുമ്പാണ്‌ നാട്ടുകാരനായ ഒരാള്‍ നല്‍കിയ വിസയില്‍ അബഹയിലെത്തിയത്‌. ഒന്നോ രണ്ടോ ആളുകള്‍ മാത്രമേ വീട്ടിലുണ്ടാകൂ എന്നായിരുന്നു പറഞ്ഞിരുന്നത്‌. മാസം 800 റിയാല്‍ ശമ്പളവും വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ 12 പേരിലേറെയുള്ള വീട്ടിലാണ്‌ ജോലി ചെയ്യേണ്ടിവന്നത്‌. ശമ്പളം 500 റിയാല്‍ മാത്രവും. എടുത്താല്‍ പൊങ്ങാത്ത ജോലിയായിരുന്നു അവിടെ കാത്തിരുന്നത്‌. നേരത്തെയുണ്ടാക്കിയ കരാര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ 500 റിയാലേ തരാനാവൂ എന്നാണ്‌ അബ്‌ദുല്‍ റസാഖ്‌ എന്ന സ്‌പോണ്‍സറും റിട്ട പോലീസുകാരനായ ഇയാളുടെ പിതാവും പറഞ്ഞത്‌.
റഹീമക്ക്‌ ഒരു മാസം ജോലി ചെയ്‌തതിന്‌ ശമ്പളമൊന്നും നല്‍കിയില്ല. ജോലി സമയം കഴിഞ്ഞാലും വെറുതെയിരിക്കാന്‍ വീട്ടുകാര്‍ അനുവദിക്കുമായിരുന്നില്ല. എന്തെങ്കിലും പറഞ്ഞാല്‍ മര്‍ദിക്കാനും മടിക്കില്ല. സഹിക്കവയ്യാതെ ജീവനും കൊണ്ട്‌ ഓടിപ്പോരുകയായിരുന്നു റഹീമയെന്ന്‌ റംല പറഞ്ഞു.
കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ റംല മലയാളികളായ ചിലരുടെ കാരുണ്യത്തിലാണ്‌ നാട്ടിലേക്ക്‌ വണ്ടികയറിയത്‌. മംഗള എക്‌സ്‌പ്രസില്‍ പുറപ്പെട്ട ഇവര്‍ 21 (21 6 2010)നാളെ കോഴിക്കോട്ടെത്തും. വീട്ടുജോലിക്കായും മറ്റും വിദേശങ്ങളിലെത്തുന്ന മലയാളി യുവതികള്‍ കബളിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ നിത്യ സംഭവമായിട്ടും ഇത്‌ തടയിടാന്‍ കഴിയാത്തത്‌ ഗള്‍ഫ്‌മേഖലകളില്‍ തൊഴിലെടുക്കുന്ന മലയാളി വീട്ടമ്മമാരെയും അവരുടെ ബന്ധുക്കളേയും ആശങ്കയിലാക്കിയിട്ടുണ്ട്‌.
ഇനിയുമുണ്ടാകും ഇരകള്‍....കാണാമറയത്ത്‌. നാളെത്തെ റംലയും റഹീമയുമാകാന്‍.....

7 അഭിപ്രായങ്ങൾ:

 1. ഇനിയുമുണ്ടാകും ഇരകള്‍....കാണാമറയത്ത്‌. നാളെത്തെ റംലയും റഹീമയുമാകാന്‍.....

  മറുപടിഇല്ലാതാക്കൂ
 2. ഇയ്യാം പാറ്റകള്‍ക്ക് വെളിച്ചത്തിനുനേരെ പറക്കാനെ അറിയു.
  വിളക്കിനെ തിരിച്ചറിയാനാകില്ല.
  ആത്മാഭിമാനം എന്തെന്നറിയാത്തവരുടെ നാട്ടില്‍ നിന്നും ഇയ്യാം പാറ്റകള്‍ പറന്നുപൊങ്ങിക്കൊണ്ടിരിക്കും !
  കരിഞ്ഞ ചിറകുമായെങ്കിലും അവര്‍ക്ക് മടങ്ങിവരാനാകട്ടെ എന്നാശംസിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 3. ara chan vayarinte ,vayarukalute nirvrthikk vendi ellam shikkeendi varunnavar

  മറുപടിഇല്ലാതാക്കൂ