18/5/10

അര്‍ബുദ മരണങ്ങളുടെ ഭീതിയില്‍ ഇന്നും വാഴക്കാട്‌






വാഴക്കാട്ടെ പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌ കെയര്‍കേന്ദ്രം ഇന്നും സജീവമാണ്‌. മലിനീകരണത്തിന്റെ രക്ത സാക്ഷികള്‍ ഏറെ ഉറങ്ങുന്നത്‌ ഇവിടെത്തെ മണ്ണിലാണ്‌. അവരുടെ പിന്‍മുറക്കാരായി ഇപ്പോഴും ശേഷിക്കുന്ന ഇരകളുടെ മരണകാരണവും മാരകരോഗങ്ങള്‍ തന്നെ. വാഴക്കാട്‌ ഗ്രാമ പഞ്ചായത്തിലെ മരണരജിസ്റ്ററില്‍ 2008ലേതായി രേഖപ്പെടുത്തിയ 85 മരണങ്ങളില്‍ തൊണ്ണൂറു ശതമാനത്തിനുള്ള ഹേതുവും അര്‍ബുദമാണ്‌.ശ്വാസകോശ രോഗവും ഹൃദയസ്‌തംഭനവുമാണ്‌ രണ്ടാമത്‌. നാല്‍പ്പതു വയസ്സിനും അന്‍പതിനുമിടയിലാണ്‌ മരണവും. സ്‌ത്രീമരണങ്ങളിലും അര്‍ബുദത്തിനു തന്നെയാണ്‌ മുന്‍തൂക്കം. ഇവരിലുമുണ്ട്‌ അകാല മരണം. വാഴക്കാട്ടെ പാലിയേറ്റീവ്‌ കെയറിലെ മരണ രജിസ്റ്ററും ഇതു തന്നെ സാക്ഷ്യപ്പെടുത്തുന്നു. കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയ 2007ല്‍ 98 പേരാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. 2008ലും 2009ലും രോഗികളുടെ എണ്ണം കുത്തനെ കൂടി. കഴിഞ്ഞവര്‍ഷം159 പേരും ഇത്തവണ ഇതുവരെ 91 പേരും ചികിത്സ തേടിയെത്തി. ഇവരിലും ക്യാന്‍സറിനുതന്നെ മുന്നേറ്റം.ക്യാന്‍സര്‍ മൂലം മൂന്നു വര്‍ഷത്തിനിടെ 68 പേര്‍ മരിച്ചു. 54 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നു. നാലുകുട്ടികളില്‍ മൂന്ന്‌പേര്‍ക്ക്‌ രക്താര്‍ബുദം. അവരിലൊരാള്‍ മരിച്ചു. എന്നാല്‍ ഇവിടെയെത്താതെ ചികിത്സ തുടരുന്നവരും മരണപ്പെട്ട കുട്ടികളുമുണ്ട്‌. അവരിലൊരാളായിരുന്നു വാഴക്കാട്ടെ കുന്നുമ്മല്‍ അബ്‌ദുറഹിമാന്റെ മകളുടെ മകന്‍ നാലു വയസ്സുകാരന്‍ അമീന്‍. വിദഗ്‌ധചികിത്സക്കുവേണ്ടിയും മറ്റും അവര്‍ മെഡിക്കല്‍ കോളജിനേയോ സ്വകാര്യ ആശുപത്രികളേയോ സമീപ്പിക്കുന്നു.
സാന്ത്വന ചികിത്സ എല്ലാം പരീക്ഷിച്ച്‌ പരാജയമടഞ്ഞവര്‍ക്കുള്ളതാണെന്ന വിശ്വാസത്താല്‍ പലരും അത്യാസന്ന നിലയില്‍ മാത്രമാണ്‌ ഇവിടെയെത്തുന്നതും. ഇതിലും തൊണ്ണൂറ്‌ ശതമാനവും ക്യാന്‍സര്‍ രോഗികള്‍തന്നെ. പ്രതിവര്‍ഷം നാലു ലക്ഷം രൂപയാണ്‌കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനു ചെലവ്‌ വരുന്നതെന്ന്‌ കേന്ദ്രം ചെയര്‍മാന്‍ ബാപ്പു പറയുന്നു. ഇപ്പോള്‍ മാനസിക വൈകല്യം നേരിടുന്നവര്‍ക്കായി ഒരുകേന്ദ്രവും തുടങ്ങിയിരിക്കുന്നു.
മൂന്ന്‌ വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ അര്‍ബുദരോഗികളുടെ മരണം വല്ലാതെറിപ്പോര്‍ട്ടു ചെയ്‌തിരുന്നതായും ഇപ്പോഴും അതിന്റെ തീവ്രത കുറഞ്ഞിട്ടില്ലെന്നുമാണ്‌ വാഴക്കാട്‌ പഞ്ചായത്തോഫീസിലെ ജനന മരണരജിസ്റ്ററുകളുടെ സെക്ഷനിലെ ജീവനക്കാരിയുടെ അഭിപ്രായം. എന്തുകൊണ്ടു അര്‍ബുദ മരണങ്ങള്‍ ഇവിടെ കൂടുന്നു എന്നതിന്‌ പ്രത്യേക ഉത്തരമൊന്നുമില്ലങ്കിലും മരണവും രോഗവും കൂടുന്നുണ്ട്‌ എന്ന്‌്‌13ാംവാര്‍ഡ്‌ മെമ്പര്‍ ചന്തുവും സമ്മതിക്കുന്നു. അദ്ദേഹത്തിന്റെ വാര്‍ഡില്‍ മാത്രം അടുത്തകാലത്ത്‌ അഞ്ചു മരണങ്ങളുടെ കാരണവും അര്‍ബുദമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. വാഴക്കാടിന്റെ സമീപങ്ങളില്‍ മാത്രം അത്യാസന്ന നിലയില്‍ അര്‍ബുദ രോഗികളായിചികിത്സയില്‍ കഴിയുന്ന പത്തുപേരുണ്ടെന്ന്‌ വാഴക്കാട്ടെ എസ്‌ വൈ എസ്‌ യൂണിറ്റ്‌ പ്രസിഡന്റ്‌ എം പി സുബൈര്‍ മാസ്റ്റര്‍ . അവരില്‍ നാലുപേര്‍ ഗ്രാസിം ഫാക്‌ടറയിലെ തൊഴിലാളികളായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അരീക്കോട്‌ പാലിയേറ്റീവ്‌ കെയര്‍ യൂണിറ്റില്‍ ചികിത്സ തേടിയെത്തിയ1100പേരില്‍ 804ആളുകളും മരിച്ചു. ക്യാന്‍സര്‍ രോഗികള്‍ തന്നെയായിരുന്നു തൊണ്ണൂറുശതമാനവും. അവരില്‍ കുട്ടികളുമുണ്ട്‌. നാലുകുട്ടികള്‍ ഇപ്പോഴും ചികിത്സയിലുമുണ്ട്‌. മൂന്നുപേര്‍ക്കും രക്താര്‍ബുദമാണ്‌. മാവൂര്‍ ഗോളിയോറണ്‍സില്‍ ജോലി ചെയ്‌തിരുന്നവരില്‍ നിരവധിപേര്‍ ഇവിടെ ചികിത്സക്കെത്തിയിരുന്നുവെന്നും ഇവരെല്ലാം ഇന്ന്‌ മരണപ്പട്ടതായും കേന്ദ്രം സെക്രട്ടറി അസ്‌ലം. ചികിത്സാഘട്ടങ്ങളെല്ലാം കഴിഞ്ഞ്‌ മാത്രം സാന്ത്വന ചികിത്സ തേടിയെത്തുന്നതിനാല്‍ യഥാര്‍ഥ അര്‍ബുദ ബാധിതരെക്കുറിച്ച്‌ അറിയുക പ്രയാസമാണെന്നും ഇദ്ദേഹം പറയുന്നു.
രണ്ടര വര്‍ഷമായി അരീക്കോട്ടെ മെഡിക്കല്‍ ഓഫീസറാണ്‌ ഡോ: സുരാജ്‌. കുട്ടികളില്‍ രക്തജന്യ രോഗങ്ങള്‍ വലിയതോതില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും എന്നാല്‍ ഒറ്റപ്പെട്ട രീതിയില്‍ കാണുന്നുണ്ടെന്നും അദ്ദേഹം . മുതിര്‍ന്നവരില്‍ ക്യാന്‍സര്‍രോഗം കാണപ്പെടുന്നുണ്ട്‌, എന്നാല്‍ അത്‌ അരീക്കോട്‌ വാഴക്കാട ്‌ഭാഗത്തായിമാത്രം കാണുന്ന പ്രതിഭാസമാണോ എന്നറിയാന്‍ പ്രത്യേക പഠനം തന്നെ നടത്തേണ്ടതുണ്ടെന്നാണ്‌ വാഴക്കാട്‌ മെഡിക്കല്‍ സെന്ററിലെ ഡോ: ദിനേശിന്റെ അഭിപ്രായം.
ഗ്രാസിം മലിനീകരണത്തിന്റെ ദുരിതങ്ങളോട്‌ മല്ലിട്ട ഒരുപാട്‌ പേരുടെ ജീവിതം പൊലിയുന്നത്‌ കണ്ടയാളാണ്‌ അദ്ദേഹം. നേരത്തെയുണ്ടായിരുന്ന അത്രതന്നെ പ്രത്യേകരോഗം കാണുന്നില്ലെങ്കിലും ഇന്നും ഇവിടുത്തുകാരില്‍ വിവിധ രോഗങ്ങള്‍ കണ്ടുവരുന്നു. മൂത്രാശയ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ കാണുന്നു ഇവിടെ. കുഞ്ഞുങ്ങളില്‍ അംഗവൈകല്യവും ബുദ്ധിമാന്ദ്യവും കൂടുന്നു. രണ്ടു വര്‍ഷം മുന്‍മ്പ്‌ കൊണ്ടോട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഏറ്റവും കൂടുതല്‍ ബുദ്ധി വൈകല്യമുള്ള കുഞ്ഞുങ്ങളെ കണ്ടെത്തിയത ്‌വാഴക്കാട്‌ പഞ്ചായത്തിലായിരുന്നുവെന്ന്‌ മുന്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആലുങ്ങല്‍ ആമിന പറയുന്നു.വാഴക്കാട്‌ ഗവ യുപി സ്‌കൂളില്‍ മാത്രം ബുദ്ധിമാന്ദ്യമുള്ള 13 കുട്ടികള്‍ പഠിക്കുന്നുണ്ട്‌.കേള്‍വിക്കുറവും സംസാരശേഷിയും ബുദ്ധി വൈകല്യവുമുള്ള കുട്ടികളെ പഠിപ്പിക്കാന്‍ മാത്രം കാരുണ്യ ഭവന്‍ എന്ന സ്ഥാപനവും വാഴക്കാട്ടുണ്ട്‌. ഇവിടെ 100 കുട്ടികളുണ്ട്‌. ഇവിടെ പുറമെ നിന്നുള്ള കുട്ടികളുമുണ്ട്‌. വാഴക്കാട്ടെ മറ്റൊരു വിദ്യാലയത്തില്‍ നടന്ന കണ്ണുപരിശോധനാ ക്യാമ്പില്‍ 80 ശതമാനം കുട്ടികള്‍ക്കും കാഴ്‌ചവൈകല്യം കണ്ടെത്തിയിരുന്നതായി ആരോഗ്യ ബോധവത്‌ക്കരണ രംഗത്ത്‌ സജീവമായിരുന്ന ഡോ: ഹമീദ്‌ ചൂണ്ടിക്കാട്ടുന്നു. ബുദ്ധിമാന്ദ്യവും കുട്ടികളിലെ വൈകല്യവും വാഴക്കാടുമാത്രം ഒതുങ്ങുന്നില്ല. സമീപ പഞ്ചായത്തായ ചീക്കോട്‌, മുതുവല്ലൂര്‍ എന്നിവിടങ്ങളിലും ഭീകരമായുണ്ട്‌. ഓമാനൂര്‍ പി എച്ച്‌ സിയുടെ നേതൃത്വത്തില്‍ അരീക്കോട്‌ ടി ടി ഐയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തില്‍ ചീക്കോട്‌ പഞ്ചായത്തില്‍ മാത്രം 109 ബുദ്ധിമാന്ദ്യമുള്ളകുട്ടികളെയാണ്‌ കണ്ടെത്തിയത്‌. മുതുവല്ലൂരിലിത്‌ 93 ആയിരുന്നു. ചില കുടുംബങ്ങളില്‍ രണ്ടും മൂന്നും പേരിലും ഇത്തരം അസുഖങ്ങള്‍ കണ്ടെത്തുകയുണ്ടായി. ശാരീരിക വൈകല്യവും മാനസിക വൈകല്യവുമാണ്‌ രണ്ടാം സ്ഥാനത്ത്‌. ഫറോക്കിനേയും മലിനീകരണം ബാധിച്ചതായി ഡോ: ഹമീദിന്റെ സാക്ഷ്യം. ഫറോക്ക്‌ പേട്ടയില്‍ ഇദ്ദേഹം നടത്തുന്ന ക്ലിനിക്കില്‍ ചികിത്സക്കായിയെത്തിയ കുഞ്ഞുങ്ങളിലും രക്തജന്യരോഗം ധാരാളം കണ്ടെത്തിയിരുന്നതായി അദ്ദേഹം പറയുന്നു. ഇപ്പോഴും മൂന്നുകുട്ടികള്‍ ചികിത്സ തുടരുന്നുമണ്ട്‌. ഇവയെല്ലാം നല്‍കുന്ന സൂചന എന്താണ്‌..?
ഇവിടങ്ങളില്‍ അന്തരീക്ഷമലിനീകരണവും ജലമലിനീകരണവും ഇന്നും നിലനില്‍ക്കുന്നുണ്ട്‌ എന്നു തന്നെയാണ്‌. അതിന്റെ ഇരകളില്‍ മുതിര്‍ന്നവരും കുട്ടികളുമുണ്ട്‌.കിഴുപറമ്പിലെ മണ്ണില്‍ത്തൊടി മുഹമ്മദലിയുടെ മകന്‍ രണ്ടരവയസ്സുകാരന്‍ നിഷാദും ഇയ്യക്കാട്ടില്‍ നന്ദകുമാറിന്റെ മകന്‍ അനന്തുവും (ഒന്നര)ആറുവയസ്സുകാരി റസ്‌നിയും വാഴക്കാട്ടെ ഗോകുലും(9) നിബിനും (9)കാര്‍ത്തികും(8)ഷാഫിയും എല്ലാം പുതിയ ഇരകളാണെന്ന സംശയവും ബലപ്പെടുകയാണ്‌. ഇരകള്‍ ഇനിയുമുണ്ടാകും കാണാമറയത്ത്‌.എന്നാല്‍ ഇവയെന്തുകൊണ്ടന്നത്‌ ശാസ്‌ത്രീയമായിതെളിയിക്കപ്പെടുക തന്നെ വേണം. ഇവിടുത്തുകാര്‍ ആവശ്യപ്പെടുന്നതും അതു തന്നെ. മലിനീകരണ സമയത്ത്‌ വാഴക്കാട്ട്‌ അഞ്ചു ദിവസം തുടര്‍ച്ചയായി മെഡിക്കല്‍ ക്യാമ്പ്‌ നടത്താനായിരുന്നു ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. അതു നടക്കുകയും ചെയ്‌തു. എന്നാല്‍ പൂര്‍ണ വിജയമായിരുന്നില്ല ആ ക്യാമ്പുകളെന്ന്‌ വാഴക്കാട്ടെ ഡോ: ദിനേശ്‌ ചൂണ്ടിക്കാട്ടുന്നു. പ്രദേശവാസികളെല്ലാം അതില്‍ പങ്കെടുക്കുകയുമുണ്ടായില്ല. മെഡിക്കല്‍ ക്യാമ്പിനുപകരം വിപുലമായ ഒരു സര്‍വേയായിരുന്നു വേണ്ടിയിരുന്നത്‌. അതുണ്ടായില്ല. അദ്ദേഹം പറയുന്നു.
അതുമാത്രമല്ല, അന്ന്‌ ഇവിടുത്തെ ജലത്തിലും വായുവിലും കലര്‍ന്നിരിക്കുന്ന വിഷവാദകമെന്താണ്‌,? അവയുടെ അളവ്‌ എത്രത്തോളമുണ്ട്‌ എന്നൊന്നും പരിശോധിക്കപ്പെട്ടതുമില്ല. ഇന്നും നിശബ്‌ദമായി വ്യാപിക്കുന്ന മാരക രോഗങ്ങളും പുതിയ തലമുറയില്‍ പോലും കണ്ടെത്തുന്ന വ്യാപ്‌തിയും യുവതലമുറയുടെ അകാല മരണവും എല്ലാം സംശയത്തെ ഊട്ടിയുറപ്പിക്കുകയാണ്‌.

എന്നാല്‍ ഗ്രാസിം ഫാക്‌ടറി ഒഴുക്കിയ മലിനീകരണത്തില്‍ വലയെറിഞ്ഞു മീന്‍ പിടിക്കാന്‍ ഇറങ്ങിപുറപ്പെട്ടവരില്‍ ചില സ്വകാര്യ ആശുപത്രികളും ഉണ്ടായിരുന്നു. ഇരകള്‍ക്ക്‌ വേഗത്തില്‍ കുരുങ്ങാവുന്ന അകലത്തില്‍ തന്നെ ചിലര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടും റിസര്‍ച്ച്‌ സെന്ററുമൊക്കെ തുറന്ന്‌ ഇരിപ്പുറപ്പിക്കുകയും ചെയ്‌തു. എന്നാല്‍ അവര്‍ കമ്പനി പൂട്ടിയതോടെ പേരിന്‌ മാത്രം തുറന്നതല്ലാതെ പ്രവര്‍ത്തനം വിപുലപ്പെടുത്തിയില്ല. ഇത്തരത്തിലുള്ള ഒരാശുപത്രിയെയാണ്‌ അടുത്തകാലത്ത്‌ സര്‍ക്കാര്‍ ഏറ്റെടുക്കുകയുണ്ടായത്‌. എന്നാല്‍ അത്‌ ക്യാന്‍സര്‍ ബാധിതര്‍ക്ക്‌ പ്രയോജനപ്പെടില്ലെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ