30/5/10

ഒളിച്ചോട്ടം; അതല്ലേ എല്ലാം.....,



മലപ്പുറത്താണ്‌ ആ അധ്യാപക ദമ്പതികളുടെ വീട്‌.രണ്ടുപെണ്‍മക്കള്‍. സുന്ദരികള്‍. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കികള്‍. ഇരുപത്‌വര്‍ഷം മുമ്പ്‌ മറ്റേതോ നാട്ടില്‍ നിന്നും ആ ഗ്രാമത്തിലേക്ക്‌ കുടിയേറിവന്ന ആ കുടുംബത്തെക്കുറിച്ച്‌ നാട്ടുകാര്‍ക്ക്‌ നല്ലതേ പറയാനുള്ളൂ. പക്ഷേ എന്നിട്ടും അവരുടെ പെണ്‍മക്കളുടെ വിവാഹം മാത്രം ശരിയാകുന്നില്ല.
ആലോചനകള്‍ ഒരുപാട്‌ വന്നു. എല്ലാം വിവാഹ നിശ്ചയത്തോളമെത്തും. പക്ഷേ വിവാഹം മാത്രം..... ആര്‍ക്കും ഒരു കാരണവും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഭൂതകാലത്തിലെ ഒരു പ്രണയകാലവും ഒളിച്ചോട്ടത്തിന്റെ തിക്തസ്‌മരണകളും ഇന്നും അസ്വസ്ഥരാക്കികൊണ്ടേയിരിക്കുന്നു ആ ദമ്പതികളെ. ക്ഷുഭിത യൗവനത്തില്‍ ഒരുനാട്‌ മുഴുവന്‍ ഒറ്റപ്പെടുത്തിയപ്പോഴും രണ്ടുമതങ്ങളുടെ മതില്‍ക്കെട്ടുകളെ തട്ടിത്തകര്‍ത്ത്‌ ഒന്നാകാന്‍ അവര്‍ നടത്തിയ യുദ്ധത്തിന്റെ മുറിവുകളില്‍ നിന്ന്‌ തന്നെയാണിപ്പോഴും ചോരകിനിയുന്നത്‌. ലോകം മുഴുവന്‍ വെട്ടിപ്പിടിച്ചതിന്റെ ആഹ്ലാദമൊന്നും ഇപ്പോഴവരുടെ മുഖങ്ങളിലില്ല. എന്നുമാത്രമല്ല വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇത്തരത്തിലൊരു തീരുമാനമെടുക്കേണ്ടി വന്നതില്‍ ഇപ്പോഴവര്‍ പശ്ചാത്തപിക്കുന്നുമുണ്ട.്‌


സ്വപ്‌നം കണ്ട ജീവിതം തന്നെ കയ്യെത്തിപ്പിടിക്കാന്‍ വാശിപിടിക്കുന്നവര്‍ അപ്പോള്‍ ഓര്‍ത്തുപോകുന്നില്ല. ഒരുനിമിഷത്തിന്റെ തീരുമാനങ്ങള്‍ പില്‍ക്കാലത്ത്‌ ഉണ്ടാക്കിതീര്‍ത്തേക്കാവുന്ന ദുരന്തങ്ങളെക്കുറിച്ച്‌, ഭാവിയില്‍ ഇരുള്‍ വന്ന ്‌മൂടിയേക്കാവുന്ന മക്കളുടെ ഭാവിയെയും കണ്ടെന്നുവരില്ല. അതുണ്ടാക്കിവെക്കുന്ന മാനസികവും സാമൂഹികവുമായ അരക്ഷിതാവസ്ഥകളെക്കുറിച്ച്‌ ആലോചിക്കാനും മെനക്കിടില്ല. മിശ്ര വിവാഹിതരുടെ മക്കള്‍ അനുഭവിക്കേണ്ടി വരുന്ന ദുരന്തമാണ്‌ ഈ കുട്ടികള്‍ക്ക്‌ വിനയായതെങ്കില്‍ ഈ കുറിപ്പുകാരന്റെ പരിചയത്തിലുള്ള അധ്യാപകരുടെ മകളുടെ അനുഭവം മറ്റൊന്നാണ്‌. അവിഹിത ഗര്‍ഭിണികള്‍ക്ക്‌ പുതിയ ശരണാലയങ്ങള്‍ എന്നപേരില്‍ തയ്യാറാക്കിയ ഫീച്ചര്‍ ശ്രദ്ധയില്‍പെട്ടാണ്‌ അയാള്‍ ഒരിക്കല്‍ എന്നെ വിളിച്ചത്‌. ആവശ്യം പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അയാള്‍ക്കുവേണ്ടത്‌ അത്തരം സ്ഥാപനത്തിന്റെ ഫോണ്‍ നമ്പറായിരുന്നു.
തേടിപ്പിടിച്ച്‌ നല്‍കുമ്പോള്‍ അന്വേഷിച്ചു. ആര്‍ക്കാ മാഷെ... അയാളുടെ സ്‌കൂളിലെ അധ്യാപകന്റെ മകള്‍ക്കാണ്‌. ഒരു പ്രണയത്തിന്റെയും ഒളിച്ചോട്ടത്തിന്റെയും ത്രസിപ്പിക്കുന്ന കഥയും ഒടുവില്‍ വയറുനിറയെ സ്‌നേഹവുമായി കയറിവന്നവളുടെ ദാരുണാവസ്ഥയെക്കുറിച്ചും അയാള്‍ പറഞ്ഞു. പതിനാറാം വയസ്സില്‍ അവളും അമ്മയായി. ആരോരുമറിയാതെ പ്രസവിച്ചു. ഇടുക്കി ജില്ലയിലെ പൈങ്കുളത്തുള്ള ആ രഹസ്യകേന്ദ്രത്തില്‍ ഇന്നുമുണ്ടാവണം അവള്‍ പ്രസവിച്ച ആ കുഞ്ഞ്‌. ആരുമറിയാതെ പ്രസവിക്കാനും ആരോരുമറിയാതെ കുഞ്ഞുങ്ങളെ വളര്‍ത്താനുമുള്ള ഇത്തരം കേന്ദ്രങ്ങളിലെ തൊട്ടിലുകളില്‍ കൈകാലിട്ടടിക്കുന്ന ഓരോ കുഞ്ഞുമുഖവും തകര്‍ന്ന പ്രണയങ്ങളുടെയും കൗമാരചാപല്യങ്ങളുടേയും രക്തസാക്ഷികളാണ്‌. ഇത്‌ പറഞ്ഞു തന്നത്‌ ദിവ്യരക്ഷാലയം എന്ന കേന്ദ്രത്തില്‍ അവിഹിതമായി പിറന്ന കുഞ്ഞുങ്ങളുടെ പോറ്റമ്മയായ ബിന്ദുവാണ്‌.
ഈപെണ്‍കുട്ടിക്ക്‌ ഇന്നും ജീവനുണ്ട്‌. പക്ഷേ ഒരു ജീവിതമുണ്ടാക്കി കൊടുക്കുവാന്‍ മാത്രം ആര്‍ക്കുമായിട്ടില്ല. കൈവിട്ടുപോയ പ്രണയകഥയിലെ മധുരമൂറുന്ന ഓര്‍മകളില്‍ മുഴകി ശിഷ്‌ടകാലം തള്ളി നീക്കുകയുമല്ല അവള്‍....
എത്രവേണമെങ്കിലുമുണ്ട്‌ നൊന്ത്‌പെറ്റ അമ്മയേയും സ്‌നേഹവും അന്നവും അഭയവും നല്‍കി സംരക്ഷിച്ച്‌ പോന്ന പ്രിയപ്പെട്ടവരേയും ഉപേക്ഷിച്ച്‌ പുതുതായി കണ്ടെത്തിയ കാമുകന്റെകൂടെ ഇറങ്ങിത്തിരിച്ചവരിലെ ദുരന്ത കഥാപാത്രങ്ങള്‍. എല്ലാവര്‍ക്കും പറയാനുള്ളത്‌ സമാന അനുഭവങ്ങള്‍. എന്നിട്ടും ഇന്നത്തെ കുട്ടികള്‍ക്ക്‌ ഇതൊന്നും ഒരു പാഠമേയാകുന്നില്ല.
മൂന്നുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത്‌ നിന്ന്‌ കാണാതായത്‌ 49000 സ്‌ത്രീകളേയും കൗമാരപ്രായക്കാരായ പെണ്‍കുട്ടികളേയുമാണ്‌. ഇത്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയില്‍ വ്യക്തമാക്കിയ കണക്കാണ്‌. എവിടേക്കാണിവര്‍ വീട്ടകങ്ങളില്‍ നിന്നും ഓടിപ്പോയത്‌. ആരെല്ലാമാണവരെ കൂട്ടിക്കൊണ്ടുപോയത്‌. അവര്‍ക്ക്‌ പിന്നീട്‌ എന്തുസംഭവിച്ചു...? ഇതെല്ലാം ഇന്നും അജ്ഞാതമാണ്‌. അവര്‍ ഇരുളിന്റെ മറവിലൂടെ ഓടി അകന്നപ്പോള്‍ തകര്‍ന്ന്‌പോയത്‌ എത്രഎത്ര രക്ഷിതാക്കളുടെ ഇടനെഞ്ചാണ്‌....? എത്ര പെറ്റമ്മമാരുടെ കണ്ണുനീരാണ്‌ ആ വീടുകളില്‍ ഇന്നും ഒഴുകിപ്പരക്കുന്നത്‌.?
നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാതെ പോയതുകൊണ്ടോ ഇഷ്‌ടപ്പെട്ട പുരുഷനെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ വൈമനസ്യം കാണിച്ചത്‌കൊണ്ടോ സ്വര്‍ഗരാജ്യം തേടി പുറപ്പെട്ടുപോയവരിലെത്ര പേര്‍ക്ക്‌ സ്വര്‍ഗീയജീവിതം തിരിച്ചുകിട്ടിയിട്ടുണ്ട്‌ എന്നതിന്റെ കണക്കെടുപ്പ്‌ അനിവാര്യമായിതീര്‍ന്നിരിക്കുന്നു. അത്‌ സിനിമയിലും നോവലിലും സീരിയലിലും മാത്രമെ കാണാനാവൂ എന്ന വസ്‌തുതയും ഇവാരാരും ഓര്‍ക്കാന്‍ തയ്യാറാവുന്നില്ല. അതോടൊപ്പം മറ്റൊരു കണക്കുകൂടി വ്യക്തമാക്കുകയുണ്ടായി ആഭ്യന്തരമന്ത്രി. കാണാതായവരില്‍ മുന്നൂറോളം പേരെ തിരികെ കിട്ടിയത്‌ അജ്ഞാത മൃതദേഹങ്ങളായിട്ടായിരുന്നു. ഈ കണക്കുകള്‍ നമ്മെ ഓര്‍മപ്പെടുത്തുന്ന ഞെട്ടിക്കുന്ന സത്യമുണ്ട്‌. വീട്‌ വിട്ടിറങ്ങുന്ന പെണ്‍കുട്ടികളിലെ വലിയൊരുവിഭാഗവും എത്തിപ്പെടുന്നത്‌ ചതിക്കുഴികളിലാണ്‌. സൂര്യനെല്ലിയും കിളിരൂരും കവിയൂരും അടിമാലിയും കൊട്ടിയവും വിതുരയും വൈലത്തൂരും എല്ലാം ചില നാടുകളുടെ പേര്‌ മാത്രമായല്ലല്ലോ നമ്മുടെ മനസ്സിലേക്ക്‌ ഓടിയെത്തുന്നത്‌.അതിനുശേഷം ഇത്തരം സംഭവങ്ങള്‍ നാലിരട്ടിയായി വര്‍ധിച്ചിരിക്കുന്നു. 2005ല്‍മാത്രം സംസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ 7000ത്തോളം സ്‌ത്രീ പീഡനങ്ങളാണ്‌. 2007ല്‍ പതിനായിരം കടന്നു. കൃത്യമായി പറഞ്ഞാല്‍ പതിനായിരത്തി ഒരുനൂറ്റി പതിനഞ്ച്‌. 449 ബലാല്‍സംഗവും 91 തട്ടികൊണ്ടുപോകലുകളുമുണ്ടായി. കുട്ടികള്‍ പോലും ഇതില്‍ നിന്ന്‌ മുക്തരാവുന്നില്ല. അരവയറൂണിന്റെ സമൃദ്ധി കിനാവ്‌ കണ്ടിറങ്ങിയതിന്റെ പേരില്‍ ഒരു നരാധമന്‍ കടിച്ചുകീറിയ കുടകിലെ സഫിയയുടേയും വടകരയിലെ ഷഹാനയുടേയും പൂവരണിയിലെ രാജിയുടേയും കഥ നമുക്ക്‌ മറക്കാനായിട്ടില്ല. ഇവരൊന്നും ആരുടെയെങ്കിലും കൂടെ ഒളിച്ചോടിപ്പോയവരല്ല. പ്രത്യേക സാഹചര്യങ്ങളില്‍ വേട്ടനായ്‌ക്കളുടെ കണ്‍മുന്നിലെത്തിപ്പെട്ടവരായിരുന്നു. പെണ്‍വാണിഭ സംഘങ്ങളുടേയും മാഫിയ സംഘങ്ങളുടേയും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവരുടെ വലയില്‍ക്കുരുങ്ങി ജീവിതം തകര്‍ന്നപെണ്‍കുട്ടികളുടെ കണക്ക്‌ ഭീതിപ്പെടുത്തുന്നതാണെന്നാണ്‌ പോലീസ്‌ തന്നെ നല്‍കുന്ന സൂചന.
2005മാര്‍ച്ച്‌ മുതല്‍ മെയ്‌വരെ കേരളത്തില്‍ പെണ്‍കുട്ടികള്‍ക്ക്‌ നേരെയുണ്ടായ ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട്‌ പോലീസിനു ലഭിച്ച പരാതികള്‍ ജില്ല തിരിച്ച്‌ ശ്രദ്ധിക്കുക. തിരുവനന്തപുരം198, ഇടുക്കി97, എറണാകുളം146, മലപ്പുറം192, കണ്ണൂര്‍104, കൊല്ലം116, കോട്ടയം162, തൃശൂര്‍138, കോഴിക്കോട്‌ 149, കാസര്‍കോട്‌127, ആലപ്പുഴ 67, പത്തനംതിട്ട 169, പാലക്കാട്‌115, വയനാട്‌ 72 എന്നിങ്ങനെയാണ്‌. ഇതില്‍ ഒളിച്ചോട്ടക്കാരെ സംബന്ധിക്കുന്ന പരാതികളായിരുന്നു25 ശതമാനവുമെങ്കില്‍ ഇപ്പോഴതിന്റെ തോത്‌ ഇരട്ടിയായിരിക്കുന്നുവെന്നാണ്‌ പോലീസ്‌ വൃത്തങ്ങള്‍ മുന്നറിയിപ്പ്‌ തരുന്നത്‌. 1999മുതല്‍ 2005വരെ വനിതാകമ്മീഷനില്‍ ലഭിച്ച 26687 പരാതികളില്‍ 22 ശതമാനവും ഒളിച്ചോട്ടക്കാരികളെ സംബന്ധിക്കുന്നതായിരുന്നുവെത്രെ. എന്നാല്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളില്‍ വലിയൊരു ശതമാനത്തെക്കുറിച്ച്‌ ഇപ്പോഴും പോലീസിനോ ബന്ധുക്കള്‍ക്കോ ഒരു വിവരവുമില്ലെന്നതാണ്‌ സത്യം. അത്തരത്തിലൊരു അന്വേഷണവും നടക്കുന്നുമില്ല.
ആത്മാഭിമാനത്തിന്‌ മുറിവേറ്റപ്പോള്‍ ഇനി ഇങ്ങനെയൊരു മകളേയില്ലെന്ന്‌ നെഞ്ച്‌പൊട്ടിപറഞ്ഞ്‌ പടിയടച്ച്‌ പിണ്‌ഡം വെച്ചുപോയവള്‍ ഏതെങ്കിലുമൊരു ലോകത്ത്‌ ജീവിച്ചിരിക്കുന്നുണ്ടാവുമെന്ന്‌ മാതാപിതാക്കല്‍ സമാധാനിക്കുമ്പോഴാണ്‌ ഒരുനാള്‍ ചേതനയറ്റ ശരീരം പടിപ്പുരകയറി വരുന്നത്‌. ജീവച്ഛവങ്ങളായും കാമഭ്രാന്തന്‍മാരാല്‍ ചവിട്ടിയരക്കപ്പെട്ടും കഴിഞ്ഞു കൂടുന്ന ഒരുവിഭാഗം വേറെയുമുണ്ട്‌. അവരുടെ ജീവിതമൊക്കെ എന്നാണ്‌ ഒളിച്ചോട്ടക്കാര്‍ക്ക്‌ പാഠമാകുക...?
കൗമാരം സര്‍വോന്‍മുഖമായ വളര്‍ച്ചയുടെ മാറ്റത്തിന്റെ ഘട്ടമാണ്‌. എല്ലാകെട്ടുപാടുകളില്‍ നിന്നും ചിറകടിച്ച്‌ പറക്കാന്‍ വെമ്പല്‍കൊള്ളുന്ന പ്രായം. രക്ഷിതാക്കളുടെ ശ്രദ്ധ കൂടുതലായി പതിയേണ്ട സമയം. കുട്ടികള്‍ സ്വന്തമായ വ്യക്തിത്വം രൂപവത്‌കരിക്കേണ്ട ഈ പ്രായത്തിലാണ്‌ അവര്‍ക്ക്‌ കൂടുതല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തുണയാകേണ്ടത്‌. ഉത്തമ വഴികാട്ടികളെ ലഭിക്കേണ്ടത്‌.ബാല്യത്തിനും യൗവനത്തിനുമിടയിലെ പൂര്‍വ കൗമാരത്തിലാണ്‌ മാനസികവും ശാരീരികവും ലൈംഗികപരവുമായ വികാസം സംഭവിക്കുന്നത്‌. ശാരീരികമായ മാറ്റങ്ങളോടൊപ്പം മാനസികമായ മാറ്റങ്ങളും ഈ പ്രായത്തില്‍ സംഭവിക്കുന്നു. തീര്‍ത്താലും തീരാത്ത സംശയങ്ങള്‍ക്ക്‌ ഉത്തരം തേടി നടക്കുന്നരിനിടയിലാവും പുതിയ സൗഹൃദങ്ങളുടെ വരവ്‌. വഴിതെറ്റാനുള്ള സാധ്യത ഏറെയാണ്‌. വഴിപിഴപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ തേടുന്നതും ഇത്തരക്കാരെ തന്നെ. ആ ചൂഷണത്തെയാണ്‌ പലരും പ്രണയമായും ആത്മാര്‍ഥ സ്‌നേഹമായും തെറ്റിദ്ധരിക്കുന്നത്‌.അവര്‍ക്ക്‌ വേണ്ടിയാണ്‌ ഉറ്റവരെ പിണക്കേണ്ടിവരുന്നത്‌. ഇനി അയാളുടെ സ്‌നേഹം ആത്മാര്‍ഥമാണെന്ന്‌ തന്നെ വെക്കുക. നിങ്ങളുടെ സ്വാര്‍ഥതക്ക്‌ വേണ്ടി എത്രപേരെയാണ്‌ പിണക്കേണ്ടി വരുന്നത്‌. എത്ര കുടുംബ ബന്ധങ്ങളാണ്‌ തകര്‍ക്കുന്നത്‌..? എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലാണ്‌ നിങ്ങളുണ്ടാക്കിതീര്‍ത്ത നാണക്കേടില്‍ നിന്ന്‌ കുടുംബത്തിന്‌ കരകയറാനാവുക...കൂടെപ്പിറപ്പുകളുടെ ജീവിതങ്ങളില്‍ പോലും ആ കരിനിഴല്‍ വീണുകിടക്കുകയും ചെയ്യും.
വിവാഹം, ദാമ്പത്യം, കുടുംബം, രക്തബന്ധങ്ങള്‍- പവിത്രവും പാവനവുമായ ഈ പരമ്പരാഗത സങ്കല്‍പം ഒരുതാത്‌ക്കാലിക സംവിധാനമല്ല. മക്കള്‍, മാതാപിതാക്കള്‍,സഹോദരങ്ങള്‍, സുഹൃത്തുക്കള്‍...ഇവരെല്ലാവരും ജീവിതത്തില്‍ നിര്‍ണായക സ്വാധീനങ്ങളാണ്‌ ചെലുത്തുന്നത്‌. മാതാവിനൊരിക്കലും പിതാവോ സഹോദരനോ ആകാനാകില്ല. സുഹൃത്തിന്റെ റോളില്‍ സഹോദരനും വരാനാകില്ല. എന്നാല്‍ അവര്‍ക്ക്‌ പലപ്പോഴും ആശ്വാസത്തിന്റെയും സമാധാനത്തിന്റേയും പച്ചത്തുരുത്തുകളാവാന്‍ സാധിക്കും.
ആയുസ്സുള്ളിടത്തോളം കാലം മനുഷ്യന്‌ ആശയുമുണ്ട്‌. സ്വാര്‍ഥതയും. ഈ സ്വാര്‍ഥത തന്നെയാണ്‌ പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്‌. സംസ്ഥാനത്തെ 16കുടുംബ കോടതികളുടെ അകത്തളങ്ങള്‍ ഇപ്പോള്‍ വേര്‍പിരിയാനെത്തുന്ന ദമ്പതികളെ കൊണ്ട്‌ നിറഞ്ഞു കവിയുകയാണ്‌. അവരോടൊപ്പം നിഷ്‌ക്കളങ്കരായ കുഞ്ഞു മുഖങ്ങളുണ്ട്‌. കരയാന്‍ പോലും കരുത്തില്ലാതായ അമ്മമാരുണ്ട്‌. പരസ്‌പര വിശ്വാസവും സ്‌നേഹവും തകര്‍ന്നുപോയ ഭര്‍ത്താക്കന്‍മാരുണ്ട്‌.
ഇത്‌ അറേഞ്ചഡ്‌ വിവാഹിതരുടെ കഥയാണെങ്കില്‍ പ്രണയ പരിണയങ്ങളുടെ കഥ പറയാതിരിക്കുന്നതാണ്‌ ഭേധം. വലിയപങ്കും വിവാഹമോചനത്തിലാണത്‌ ഒടുങ്ങുന്നത്‌. അല്ലെങ്കില്‍ കൂട്ട ആത്മഹത്യയിലൊടുങ്ങുന്നു. 2006 ജനുവരിക്കും 2008 ജനുവരിക്കുമിടയില്‍ ആയിരത്തോളം കമിതാക്കളാണ്‌ സംസ്ഥാനത്ത്‌ ആത്മഹത്യയിലഭയം തേടിയത്‌.413 കേസുകള്‍ പോലീസ്‌ തന്നെ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ആത്മഹത്യ ചെയ്‌തവരില്‍ തെക്കന്‍കേരളമാണ്‌ മുന്നില്‍.തിരുവനന്തപുരം പോലീസ്‌ സര്‍ക്കിളിന്‌ കീഴില്‍193, തൃശൂര്‍111,കണ്ണൂര്‍109 എന്നിങ്ങനെയാണ്‌ കമിതാക്കളുടെ ആത്മഹത്യാ നിരക്ക്‌. ഈ കാലയളവില്‍ ജീവനൊടുക്കിയ കാമുകിമാരുടെ എണ്ണം277 ആണെങ്കില്‍ കാമുകന്‍മാര്‍ അന്‍പത്തിയെട്ടേ വരുന്നുള്ളൂ. സഹപാഠികളുമായുള്ള പ്രണയങ്ങളില്‍ കുരുങ്ങി ജീവിതം അവസാനിപ്പിക്കുന്നവര്‍ക്കാണ്‌ ഈ കണക്കു ബുക്കില്‍ പ്രാമുഖ്യം. പ്രണയ കാലത്ത്‌ ഏറെസ്വപ്‌നങ്ങള്‍കണ്ട്‌ നടക്കുകയും എതിര്‍പ്പുകളെ തൃണവത്‌കരിക്കുകയും ചെയ്‌ത്‌ വിവാഹിതരായവര്‍ പോലും വഴിപിരിയാന്‍ കോടതി വരാന്തകളില്‍ കയറി ഇറങ്ങുകയോ ജീവിതത്തെ സ്വയം എറിഞ്ഞുടക്കുകയോ ചെയ്യുകയാണ്‌. സ്വപ്‌നവും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരങ്ങളില്‍ ഇവര്‍ക്കൊരിക്കലും യോജിച്ചുപോകാന്‍ കഴിയുന്നില്ല. പരസ്‌പരം അറിഞ്ഞും അറിയിച്ചും സന്തോഷങ്ങളില്‍ ചിരിച്ചും സന്താപങ്ങളില്‍ കൂടെക്കരഞ്ഞും തുഴഞ്ഞ്‌ നീങ്ങുന്ന ഒരു ദാമ്പത്യ ബന്ധത്തെക്കുറിച്ചൊന്നും ഇവര്‍ക്ക്‌ ചിന്തിക്കുവാനെ കഴിയുന്നില്ല. പുതിയ ബന്ധങ്ങള്‍ തുടങ്ങുന്നതിലും വേണ്ടെന്ന്‌വെക്കുന്നതിലും ഇവരെ ഭരിക്കുന്നത്‌എടുത്തു ചാട്ടമോ നൈമിഷക ചിന്തകളോ ആണ്‌.
വളരെ സ്‌നേഹത്തില്‍ കഴിഞ്ഞു കൂടുന്നവര്‍ക്ക്‌ പോലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ആശ്വാസത്തിന്റെ തണല്‍ച്ചില്ലയില്ലാതെ വരുന്നതാണ്‌ പലപ്രശ്‌നങ്ങളുടെയും കാതല്‍. കുടുംബാഗങ്ങളെ പിണക്കിയും സ്വന്തം താത്‌പര്യത്തിനനുസൃതമായ ജീവിതം നിര്‍മിക്കാന്‍ വ്യാമോഹിച്ചും ചാടിപ്പുറപ്പെട്ടവരും ഇവിടെ തളര്‍ന്ന്‌ പോകുന്നു. അപ്പോള്‍ പ്രതീക്ഷക്കൊത്തുയരാത്ത പങ്കാളിയുടെ നിസ്സഹായതയും കുടുംബാഗങ്ങളുടെ സഹകരണമില്ലായ്‌മയും ചര്‍ച്ചക്കുവരാം. അതൊരു വാക്കു തര്‍ക്കത്തിന്‌ വഴിമരുന്നിടാം. കലഹം തുടങ്ങാം. പരസ്‌പര വിശ്വാസത്തില്‍ വിള്ളല്‍ വീഴാം. പ്രണയ ദാമ്പത്യങ്ങളുടെ ആയുസ്‌ കുറുകാന്‍ ഇതെല്ലാം കാരണമാകുന്നു. കുടുംബാഗംങ്ങളോ ബന്ധുക്കളോ രക്ഷക്കെത്തിയില്ലെന്നും വരാം. ബന്ധുക്കളുടെ അനുഗ്രാഹാശിസുകളോടെ നടന്ന വിവാഹ ബന്ധത്തില്‍ പ്രതിസന്ധിയുണ്ടായാല്‍ അത്‌ ചര്‍ച്ചചെയ്യാനും പരിഹാരമാലോചിക്കാനും ഒരുപാട്‌ പേരെത്താനുണ്ടാകും. പലവ്യക്തികള്‍ ചര്‍ച്ചക്കെടുക്കുന്ന പ്രതിസന്ധിക്കു മുമ്പില്‍ സ്ഥായിയായ പല വാതിലുകളും തുറക്കപ്പെടുന്നു. ഇനി പരിഹാരമില്ലാത്ത പ്രശ്‌നമാണെങ്കില്‍ തന്നെ പലരുടേയും സഹായവും സാന്ത്വനവും സഹകരണവും വലിയതാങ്ങായുമുണ്ടാകും. അതുതന്നെ ഒരാശ്വാസമല്ലേ. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളെല്ലാം ഒളിച്ചോട്ടക്കാര്‍ക്ക്‌ കൈവരുന്നില്ല. ഇതെല്ലാം ഇവരുടെ ബന്ധങ്ങളുടെ തകര്‍ച്ച പൂര്‍ണതയിലെത്തിക്കുന്നു.
ഒളിച്ചോട്ടക്കാര്‍ക്കിടയില്‍ കൗമാരക്കാര്‍ മാത്രമല്ല എന്നതാണ്‌ വസ്‌തുത. അടുത്തകാലത്തായി വിവാഹിതരും മക്കളുമുള്ള യുവതികളും ചെറുപ്പക്കാരുംവരെ ഈ കൃത്യത്തിന്‌ മുതിരുന്നു. അവര്‍ക്കും സുഗമമായ ഒരുഭാവി ജീവിതത്തിലേക്ക്‌ തിരിച്ചുവരാനാകുന്നില്ലെന്നാണ്‌ സമകാലിക യാഥാര്‍ഥ്യം. മാവൂര്‍ ചെറൂപ്പയിലെ രണ്ടു ആണ്‍കുട്ടികളുടെ മാതാവായ 35കാരി 35 കാരനോടൊപ്പം വീടുവിട്ടിറങ്ങിയത്‌ 2008ലായിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കിയ യുവതി കാമുകനോടൊപ്പം പോകാന്‍ താത്‌പര്യം പ്രകടിപ്പിച്ചു. കോടതിയുടെ അനുവാദപ്രകാരം അയാളോടൊപ്പം പോകുകയും ചെയ്‌തു. പിന്നെ യുവതിയേയും കാമുകനേയും സമീപത്തെ വാഴത്തോട്ടത്തില്‍ വിഷം കഴിച്ച്‌ മരിച്ച നിലയിലാണ്‌ കണ്ടെത്തിയത്‌. ഇതിനോട്‌ സമാനമായ മറ്റൊരനുഭവവും മുക്കത്ത്‌ അരങ്ങേറി. വിവാഹപൂര്‍വ പ്രണയമായിരുന്നു വില്ലന്‍. മൂന്നുമക്കളുടെ മാതാവായ യുവതിയുടേയും അഞ്ചുമക്കളുടെ പിതാവായ ചെറുപ്പക്കാരന്റെയും ദാരുണമായ അന്ത്യത്തിലാണതെത്തിയത്‌. ഇങ്ങനെ എത്രയോ സംഭവങ്ങള്‍...
ഇനി ആരാണ്‌ മക്കളുടെ പ്രണയ ബന്ധങ്ങള്‍ക്ക്‌ ഉത്തരവാദി...വഴിത്തെറ്റിപോകാന്‍ കാരണം... അവര്‍ മാത്രമാണോ...? രക്ഷിതാക്കള്‍ക്ക്‌ യാതൊരു പങ്കുമില്ലെ... ആത്മീയത അന്യമായ വീടിന്‌ ഇതില്‍ ഒരുറോളുമില്ലേ... ഉണ്ട്‌. ജീവിത സൗഭാഗ്യങ്ങള്‍ വെട്ടിപ്പിടിക്കുന്നതിനിടയില്‍ ആര്‍ക്കാണ്‌ മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ നേരം.. അവരുടെ കൂട്ടുകെട്ടുകള്‍ പരിശോധിക്കാന്‍ സമയം... കുടുംബങ്ങളിലെ ഓരോ അംഗങ്ങള്‍ക്കുമുമ്പിലും സാങ്കേതിക വിദ്യയുടെ സൈബര്‍ ലോകങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു. അതിനിടയില്‍ നിന്ന്‌ ആത്മീയത പടിയിറങ്ങിപ്പോയി. മുമ്പ്‌ നിഷിദ്ധമാക്കപ്പെട്ട പലകാര്യങ്ങളും ഇന്ന്‌ അനുവദനീയമായി തീര്‍ന്നിരിക്കുന്നു. (സിനിമ, സീരിയല്‍, മദ്യപാനം തുടങ്ങിയവ) ഇതിനൊക്കെ ഇടയില്‍ മക്കളുടെ കാര്യങ്ങളില്‍ ശ്രദ്ധകുറഞ്ഞു. തമ്മില്‍ കാണുന്നതിന്റേയും ആശയങ്ങള്‍ പങ്കുവെക്കുന്നതിന്റേയും എണ്ണം കുറഞ്ഞു. പിതാവും മകനും എന്ന ബന്ധത്തിനും മാതാവും മകളും എന്ന വിശുദ്ധ വികാരത്തിനുമിടയിലെ അകലം കയ്യെത്തിപ്പിടിക്കാവുന്നതിനും അപ്പുറത്തെത്തി.
2008 ഏപ്രില്‍ മാസത്തില്‍ മാത്രം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യാശ്രമം നടത്തിയ കൗമാരക്കാരികളായ മുപ്പതു പെണ്‍കുട്ടികളെയാണ്‌ പ്രവേശിപ്പിച്ചത്‌. ഇവരില്‍ അഞ്ചുപേര്‍ മരിച്ചു. സംസ്ഥാന മാനസികാരോഗ്യ കേന്ദ്രം നടത്തിയ അന്വേഷണത്തില്‍ ഈ കുട്ടികളെ കൂടുതലായും ബാധിച്ചത്‌ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്നു എന്ന ഭീതിയായിരുന്നുവെത്രെ. പ്രശ്‌നങ്ങള്‍ പങ്കുവെക്കുവാനും പരിഹാരം നിര്‍ദേശിക്കാനും ഒരത്താണിയില്ലാതെ പോയതുകൊണ്ടുമായിരുന്നു വിവേകം നഷ്‌ടപ്പെട്ട്‌ വിഷാദ രോഗികളായ ഇവര്‍ ആത്മഹത്യയിലഭയം പ്രാപ്പിച്ചത്‌. സ്വന്തം മാതാവിനോട്‌ പോലും തങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്ന്‌പറയാന്‍പോലും ഇവര്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. ഇത്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാത്രമുണ്ടായി ഒടുങ്ങിയ പ്രതിഭാസമല്ല. കേരളീയ ഭവനങ്ങളിലെ അറുപത്‌ ശതമാനങ്ങളില്‍ നിന്നും ഇത്തരം നിലവിളികളും ആത്മരോധനങ്ങളും മുഴങ്ങികൊണ്ടേയിരിക്കുന്നുണ്ട്‌. ഇനിയും നമുക്കതിനെ കണ്ടില്ലെന്ന്‌ നടിക്കാനാവുമോ...?
പ്രതിസന്ധികളെ നേരിടാനോ വ്യക്തിബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനോ മോശപ്പെട്ട രക്ഷാകര്‍ത്തത്തില്‍ വളരുന്ന കുട്ടികള്‍ക്കാവില്ല. സമൂഹത്തില്‍ തികഞ്ഞ പരാജയമായിമാരാന്‍ മാത്രമെ ഇവര്‍ക്കാവുകയുമുള്ളൂ. വീട്ടകങ്ങളില്‍ നിന്ന്‌ സ്‌നേഹം നിഷേധിക്കപ്പെടുന്ന കുട്ടികള്‍ എളുപ്പത്തില്‍ ചതിക്കുഴികളില്‍ കുരുങ്ങി പോകാം. ശിഥിലമായ കുടുംബ പശ്ചാത്തലത്തില്‍ നിന്ന്‌ വരുന്നവര്‍ക്കിടയിലേക്ക്‌ വേഗത്തില്‍ കയറിച്ചെല്ലാനും അവരുടെ മനസ്സില്‍ ഇടം നേടാനും വേട്ടക്കാര്‍ക്ക്‌ സാധിക്കും. ഇളം മനസുകള്‍ക്ക്‌ സ്‌നേഹവും പരിഗണനയും സുരക്ഷിതത്വവും ലഭിക്കേണ്ട പ്രായത്തില്‍ നല്‍കാത്തതിനെ തുടര്‍ന്ന്‌ അവര്‍ വഴിത്തെറ്റി പോയിട്ടുണ്ടെങ്കില്‍ ഒരു പരിധിവരെ കാരണക്കാര്‍ രക്ഷിതാക്കള്‍ തന്നെയാണ്‌. അവരെ ഒരുകഴുകനും റാഞ്ചികൊണ്ടുപോകാനാകാത്തവിധം ചിറകിനുള്ളില്‍ സംരക്ഷിക്കേണ്ട കടമയും ബാധ്യതയും മാതാപിതാക്കളുടേതാണ്‌. മക്കളുടെ മനസ്‌ കാണുക. അവര്‍ക്ക്‌ ഒരുപാട്‌ സുഹൃത്തുക്കളുണ്ടാവും. എന്നാല്‍ അവരേക്കാള്‍ നല്ല സുഹൃത്തായി മാറാന്‍ നിങ്ങള്‍ ശ്രമിക്കുക. അവരുടെ ഏത്‌ വിഷയത്തിനും കാത്‌കൊടുക്കുക. മനസ്‌ തുറന്ന്‌ ദിവസവും സംസാരിക്കുക. അപ്പോള്‍ തന്നെ ഒരുവിധം പ്രശ്‌നങ്ങള്‍ക്കുമുമ്പില്‍ അനുരഞ്‌ജനത്തിന്റെ വാതില്‍ത്തുറക്കപ്പെടും. തീര്‍ച്ച.

3 അഭിപ്രായങ്ങൾ:

  1. കേവലം ആഴ്ചകള്‍ മാത്രം പരിചയമുള്ള ഒരുത്തന്‍റെ കൂടെ വളര്‍ത്തി വലുതാക്കിയ മക്കള്‍ ഇറങ്ങിയങ്ങ് പോയത് കണ്ട് ഖല്‍ബ് തകര്‍ന്ന പാവം രക്ഷിതാക്കളുടെ തേങ്ങല്‍ ഒരുപാട് കേട്ടിട്ടുണ്ട് ഹംസക്കാ.ഇത്തരം 'ഒളിച്ചോട്ട' ജീവിതങ്ങളില്‍ ഭൂരിഭാഗവും തകര്‍ന്നടിയാറാണ് പതിവ്.വളരെ കുറഞ്ഞ ശതമാനം നല്ല നിലയില്‍ ജീവിക്കുന്നുണ്ടെന്നത് വിസ്മരിക്കുന്നില്ല.

    എന്‍റെ നാട്ടില്‍ ഇങ്ങനെ ചാടിപ്പോയ ഒരുത്തി കല്യാണവും കഴിഞ്ഞ് കണവനുമായി അവളുടെ വീടിനടുത്ത് തന്നെ താമസമാക്കി.അങ്ങനെ തുടര്‍ന്നുള്ള രാത്രികളില്‍ അവളുടെ ഉമ്മയും ബാപ്പയും കേട്ട് തുടങ്ങി പൊന്നോമന മകളുടെ വിലവിളി.വെള്ളമടിച്ച് പാമ്പായി വരുന്ന 'പുയ്യാപ്ലയുടെ' നാഭിക്കിട്ടുള്ള ചവിട്ട് സഹിക്കാനാവാതെയുള്ള മകളുടെ നിലവിളി കേട്ട് മനസ്സ് തകര്‍ന്ന് അങ്ങനെ ആ കുടുംബം നാടും വീടും വിട്ട് പോയി.ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നത് കൊണ്ട് തന്നെയാണ് ഇവിടെ കുറിച്ചതും.

    നാട്ടിലുള്ളപ്പോള്‍ ഇത്തരം ഒരുപാട് സംഭവങ്ങള്‍ നേരില്‍ കാണാനിടയായിട്ടുണ്ട്.പലതിലും നേരിട്ട് ഇടപെടേണ്ടിയും വന്നിട്ടുണ്ട്.അന്നൊക്കെ മനസ്സിലിങ്ങനെ ഉയര്‍ന്ന് വരാറുള്ള ഒരുപാട് ചോദ്യങ്ങളും ആശങ്കകളും തന്നെയാണ് ഹംസക്ക വളരെ വിശദമായി ഇവിടെ കുറിച്ചിട്ടുള്ളത്.ഇത്തരത്തില്‍ ഒരു പോസ്റ്റിടാനായി പലപ്പോഴും ഇരുന്നിട്ടുണ്ട്.പലത് കൊണ്ടും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

    ഇന്നലെ കണ്ട ഒരുത്തന്‍റെ കയ്യില്‍ ജീവിതത്തിന്‍റെ താക്കോല്‍ കൊടുത്തേല്‍‌പ്പിക്കുന്ന 'കാമുകീമാരും' ഒരു നിയന്ത്രണവുമില്ലാതെ മക്കളെ ഇങ്ങനെ കെട്ടഴിച്ച് വിടുന്ന രക്ഷിതാക്കളും വായിച്ചിരിക്കേണ്ടതാണ് ഇത്തരം പോസ്റ്റുകള്‍.നന്നായി പറഞ്ഞിരിക്കുന്നു.ആശംസകള്‍.

    പിന്നെ താങ്കളുടെ കഥ മോഷണ വിവാദവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റില്‍ നിന്നാണ് ഇവിടെയെത്തിയത്.എന്തായി വിവാദം?പത്ര സമ്മേളനം കഴിഞ്ഞോ?

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010, ജൂൺ 3 4:51 AM

    രണ്ടു മുഖസ്തുതി ,രണ്ടു ഉപമകള്‍ ,കുറച്ച് സ്നേഹം കാര്‍ഡുകള്‍ ,കുറച്ച് പാരിതോഷികങ്ങള്‍ ,ഒരു കവിത അവളുടെ പേര്‍ക്കു ...ഇത്രമതി ബൂരിഭാഗവും പെണ്‍കുട്ടികള്‍ മൂക്കും കുത്തി വീണു പ്രണയത്തില്‍ ...പിന്നെ അവര്‍ക്ക് ബാപ്പവേണ്ട ഉമ്മ വേണ്ട ...കുടുംബം വേണ്ട ...അവരുടെ സ്നേഹം വേണ്ട ,പേര് വേണ്ട ..അവന്‍ അല്ലെങ്കില്‍ അവള്‍ മതി ....ഇന്നലെ കണ്ട ഒരുത്തനെയും ഒരുത്തിയെയും മാത്രം മതി ....പക്ഷെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യ മാകുമ്പോള്‍ പലപ്പോഴും പിഴച്ചു പോയി പലടതും എന്ന് ഇവര്‍ തിരിച്ചറിയുന്നു ...എന്ത് കാര്യം ?ഉപദേശിച്ചാല്‍ ചാടി കേറി തിന്നാന്‍ വരും ...ഇനലെ കണ്ട കാമുഖനു വേണ്ടി സ്വന്തം ഉപ്പനെയും ഉമ്മാനെയും തള്ളി പറയുന്നിവര്‍ ....എന്ത് ചെയ്യാം ....തിരിച്ചറിവുകള്‍ ഉണ്ടാവട്ടെ ഈ കൌമാര പ്രായക്കാര്‍ക്കു എന്ന് മാത്രം പ്രാര്‍ത്ഥന ....

    മറുപടിഇല്ലാതാക്കൂ