7/6/12

രക്തസമ്മര്‍ദം വിളമ്പാന്‍ പഞ്ചസാര, ശര്‍ക്കരയില്‍ നിന്ന് തലകറക്കം


പരമ്പര നാല് 

രാവിലെ മലയാളി കിടക്കപ്പായയില്‍ നിന്നെഴുന്നേല്‍ക്കണമെങ്കില്‍ ഒരു കപ്പ് ചായ കിട്ടണം. ചായക്ക് പഞ്ചസാര തന്നെ നിര്‍ബന്ധം. അവിടെ തുടങ്ങുകയാണ് പഞ്ചസാരയുമായുള്ള നമ്മുടെ ബന്ധം. ആദ്യമൊക്കെ ശര്‍ക്കരയായാലും മതിയായിരുന്നു. അന്ന് ശര്‍ക്കര ദരിദ്രന്റേയും പഞ്ചസാര സമ്പന്നന്റേയും അടയാളമായിരുന്നു. അഞ്ച് വെളുത്ത വിഷങ്ങളെപ്പറ്റി ആയൂര്‍വേദം പറയുന്നുണ്ട്. അതില്‍ ഒന്നാണ് പഞ്ചസാര. പാലും ഉപ്പും വെളുത്തരിയും മൈദയുമാണ് മറ്റുള്ളവ. കരിമ്പിന്‍ നീരിലെ പോഷകങ്ങളെല്ലാം ഊറ്റിയെടുത്ത ശേഷമാണ് പഞ്ചസാരയുണ്ടാക്കുന്നത്. പഞ്ചസാരയുടെ അസംസ്‌കൃത വസ്തുക്കള്‍ ആദ്യം കാത്സ്യം ഹൈഡ്രോക്‌സൈഡ് കലര്‍ത്തി ചൂടാക്കുന്നു. ആരോഗ്യത്തിന് അപകടമായ രാസപദാര്‍ഥമാണ് കാത്സ്യം ഹൈഡ്രോക്‌സൈഡ്. കരിമ്പിലെ പ്രകൃതിദത്തമായ പോഷകങ്ങളെ നീക്കുവാനാണ് ഇത് ഉപയോഗിക്കുന്നത്. അതില്‍നിന്നുണ്ടാകുന്ന രാസപദാര്‍ഥത്തെ ഒഴിവാക്കുന്നതിനായി കാര്‍ബണ്‍ഡയോക്‌സൈഡും കടത്തിവിടും. ഇതിന് ശേഷം കറുത്തനിറത്തില്‍ ലഭിക്കുന്ന വസ്തുവാണ് പഞ്ചസാര. വിവിധ സംസ്‌കരണങ്ങളിലൂടെയാണ് വെളുത്തതരി രൂപത്തിലേക്ക് മാറ്റി എടുക്കുന്നത്. കറുത്ത പഞ്ചസാരയെ വെളുപ്പിക്കാന്‍ പന്നികളുടെ രക്തത്തില്‍ നിന്നെടുക്കുന്ന കൊഴുപ്പ് ഉപയോഗിക്കുന്നതായും ആരോപണമുണ്ട്. 

വൈറ്റമിനുകളെ 
നശിപ്പിക്കാന്‍ പഞ്ചസാര


ഭക്ഷണമായി മാത്രമല്ല സിമന്റ് നിര്‍മാണത്തിലും തുകല്‍ സംസ്‌ക്കരണത്തിലും പ്ലാസ്റ്റിക് നിര്‍മാണത്തിലും പഞ്ചസാര അനിവാര്യമാണ്. മറ്റു ഭക്ഷണങ്ങളില്‍ നിന്ന് ലഭിക്കുന്ന വിറ്റാമിനുകളെ നശിപ്പിക്കാന്‍ കഴിയുന്ന പഞ്ചസാരയില്‍ യാതൊരു പോഷകാഹാരവുമില്ല. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി, ക്രോമിയം കാത്സ്യം എന്നിവയെല്ലാം പഞ്ചസാരയുടെ സാന്നിധ്യത്തില്‍ ശരീരത്തിന് നഷ്ടമാകുന്നു. വായ, വയറ്, ചെറുകുടല്‍ എന്നിവിടങ്ങളില്‍ നിന്നുണ്ടാകുന്ന ദഹന രസങ്ങളുടെ പ്രവര്‍ത്തനത്തെ തകരാറാക്കുക എന്ന ധര്‍മം കൂടി പഞ്ചസാര നിര്‍വഹിക്കുന്നു. ചെറു കുടലില്‍ വെച്ച് പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനും പഞ്ചസാര വിലങ്ങു തടിയാകുന്നു. രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കും ഇതിന്റെ ഉപയോഗം നിമിത്തമാകുന്നുണ്ട്. തവിടില്ലാത്ത ധാന്യപ്പൊടിയും പഞ്ചസാരയും ചേര്‍ത്താല്‍ പശയുണ്ടാക്കാനാകും. ബേക്കറി വിഭവങ്ങളില്‍ ഭൂരിഭാഗവും പഞ്ചസാരയും മൈദയും ചേരുമ്പടി ചേര്‍ത്തുണ്ടാക്കുന്നതാണ്.

ശര്‍ക്കരയില്‍ നിന്ന് 
തലകറക്കവും മറവിയും


പഞ്ചസാരക്ക് പകരം വെക്കാനുള്ളതാണ് ശര്‍ക്കര. പോഷക സമൃദ്ധമാക്കി നിര്‍മിക്കുന്ന ശര്‍ക്കരയിലും ഇന്ന് വിഷം കലര്‍ന്നിരിക്കുന്നു. കരിമ്പിന്‍ നീരിലെ പോഷകങ്ങള്‍ നഷ്ടപ്പെടുത്താതെ കരിമ്പ് നീരിനെ ചൂടാക്കി ജലാംശം മുഴുവന്‍ നീക്കിയാല്‍ ലഭിക്കുന്ന കട്ടിയുള്ള വസ്തുവാണ് ശര്‍ക്കര. ഇതിനെ ശുദ്ധീകരിക്കുമ്പോഴാണ് അപകടത്തിന്റെ വരവ്. ശര്‍ക്കരക്ക് വെളുത്തനിറം ലഭിക്കുന്നതിന് ഓക്‌സാലിക് അമ്ലം, സൂപ്പര്‍ സള്‍ഫേറ്റ്, ഡിറ്റര്‍ജന്റ് എന്നിവയും ചേര്‍ക്കുന്നുണ്ട്. ഇത് സോപ്പ് നിര്‍മാണത്തിലും ഉപയോഗിക്കുന്നു.
ആരോഗ്യത്തിന് ഹാനികരമായിത്തീരുന്നത് ഇവയുടെ സാന്നിധ്യമാണ്. ഓക്‌സാലിക് അമ്ലത്തിന് ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കാന്‍ ശക്തിയുണ്ട്. രക്തത്തിലെ കാത്സ്യത്തെ നീക്കുന്നതിനും സാധിക്കും. വൃക്ക രോഗത്തിനും ഓക്‌സാലിക് അമ്ലം കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പഞ്ചസാരക്ക് എത്ര കാലം വേണമെങ്കിലും കേട് കൂടാതിരിക്കാനാകുമ്പോള്‍ ശര്‍ക്കരയുടെ ആയുസ് തീരെ കുറവാണ്. വേഗം അലിയുന്നു. ശര്‍ക്കരയെ കൂടുതല്‍ കാലം കേട് കൂടാതെ സൂക്ഷിക്കുക എന്നത് വ്യാപാരികളുടെ ആവശ്യമാണല്ലോ. ഇതിന് വേണ്ടി ബെന്‍സീന്‍ എന്ന കെമിക്കലാണ് ശര്‍ക്കരയില്‍ ചേര്‍ക്കുന്നത്. മയക്കം, തലകറക്കം, മറവി എന്നിവയാണ് ഇതുണ്ടാക്കുന്നത്. ദീര്‍ഘകാലം ഉപയോഗിക്കുന്നവരില്‍ എല്ല് രോഗത്തിനും കാരണമാകുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ചേര്‍ത്ത ശര്‍ക്കരയാണിന്ന് വിപണിയിലെത്തുന്നത്. ഏറ്റവും നല്ല വെല്ലത്തിന്റെ നിറം തവിട്ടായിരിക്കും. അത് വേഗത്തില്‍ അലിഞ്ഞ് പോകും. എന്നാല്‍ ജനങ്ങള്‍ക്കാവശ്യം വെളുത്തവെല്ലമാണ്. ഇതാകട്ടെ പെട്ടന്ന് അലിഞ്ഞ് ചേരില്ല. അപ്പോള്‍ മനസ്സിലാക്കുക.! അതില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയിരിക്കുന്നു. അത് അപകടത്തിലേക്കുള്ള കിളിവാതില്‍ തുറക്കുന്നു.

മഞ്ഞളില്‍ നിന്ന് അര്‍ബുദം

പല വ്യഞ്ജനങ്ങളുടെ കഥയിലേക്ക് വന്നാല്‍ അവിടേയും സര്‍വത്ര മായമാണ്. ഭക്ഷണത്തില്‍ കലരുന്ന മായത്തേയും വിഷത്തേയും പ്രതിരോധിക്കാന്‍ കരുത്തുള്ള മഞ്ഞളിനേയും ലാഭക്കൊതിയന്‍മാര്‍ കൊന്ന് കൊലവിളിച്ചിരിക്കുന്നു. കാന്‍സറിനെ തടയാനുള്ള കുര്‍ക്കുമിന്‍ എന്ന രാസഘടകമുള്ളതിനാലായിരുന്നു വിദേശീയര്‍ക്ക് കേരളത്തിന്റെ ഈ ഉത്പന്നം പ്രിയപ്പെട്ടതായത്. എന്നാല്‍ ഇന്ന് വിപണനം ചെയ്യുന്ന മഞ്ഞളില്‍ നിന്ന് കാന്‍സറിന് കാരണമാകുന്ന ബേരിയം ക്രോമേറ്റാണ് അമേരിക്കയില്‍ നടത്തിയ ലാബ് പരിശോധനയില്‍ കണ്ടെത്തിയത്. കൂടുതല്‍ നിറവും മണവും ഭംഗിയും വരുത്താനാണ് പുഴുങ്ങിയ മഞ്ഞളില്‍ ബേരിയം ക്രോമേറ്റ് ചേര്‍ക്കുന്നത്. ഇതിനുപുറമേ വൃക്കയെ തകരാറിലാക്കുന്ന മെറ്റാനിന്‍ യെല്ലോ, ലെഡ് ക്രോമേഡ് എന്നീ കെമിക്കലും ചേര്‍ത്താണ് മഞ്ഞള്‍പ്പൊടി വില്‍പ്പനക്ക് തയ്യാറാകുന്നത്. ഇന്ന് ലഭിക്കുന്നത് മഞ്ഞളല്ല! മഞ്ഞപ്പൊടി മാത്രമാണ്.

ഇഷ്ടികപ്പൊടിയുമായി മുളക് പൊടി

മുളക് പൊടിക്കോ ഗോതമ്പ് പൊടിക്കോ കാപ്പി പൊടിക്കോ ചായപ്പൊടിക്കോ ഒന്നും മായം ചേര്‍ക്കലിന്റെ ക്രൂരതകളില്‍ നിന്ന് മോചനം നേടാനാകുന്നില്ല. ഇഷ്ടികപ്പൊടിയും സുഡാന്‍ റെഡും കാപ്‌സാസിന്‍ എല്‍ എല്‍ എന്നിവയും ചേര്‍ത്താണ് മുളക്‌പൊടി വിപണനത്തിന് തയ്യാറാകുന്നത്. തൂക്കം വര്‍ധിപ്പിക്കാനാണെത്രെ ഇഷ്ടികപ്പൊടി ചേര്‍ക്കുന്നത്. ഇവയെല്ലാം ഉദര രോഗങ്ങളളെ ക്ഷണിച്ച് വരുത്തുന്നു. തൂക്കം കൂട്ടാന്‍ മസാല, കറി പൗഡര്‍ തുടങ്ങിയവയില്‍ ഉപ്പിന്റെ അളവും കൂട്ടാറുണ്ട്.

ഗോതമ്പില്‍ ചിതല്‍പ്പൊടി

ഗോതമ്പുപൊടിയില്‍ ചുണ്ണാമ്പുപൊടിയും ചിതല്‍പ്പൊടിയും ചേര്‍ക്കുന്നു. പാവങ്ങളെ കുരുക്കാന്‍ തുവരപരിപ്പില്‍ ഉപയോഗിക്കുന്ന വസ്തുവാണ് കേസരിപരിപ്പ്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് കണ്ടെത്തി വിലക്കേര്‍പ്പെടുത്തിയ ഈ വസ്തു ഇന്നും തുവരപരിപ്പിലൂടെ പുനര്‍ജനിക്കുന്നുണ്ട്.

കടുകില്‍ മാരകമായ ആര്‍ഗിമോണ്‍

കുരുമുളകില്‍ പപ്പായക്കുരുവും മന്ദാരക്കുരുവും കലര്‍ത്തുന്നു. കടുകില്‍ കാട്ടുകടുക്, ആര്‍ഗിമോണ്‍ വിത്ത്, മണ്ണ് എന്നിവയും കൂട്ടികുഴക്കുന്നു. ഇവയെല്ലാം തന്നെ ഉദര രോഗങ്ങള്‍ക്ക് കാരണമാകുന്നതാണ്. എന്നാല്‍ ആര്‍ഗിമോണ്‍ വിത്ത് ഗുരുതരമായ മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ഇത് കടുകിനെപോലെ തോന്നിപ്പിക്കുമെങ്കിലും സൂക്ഷിച്ച് നോക്കിയാല്‍ തൊലിക്ക് പരുപരുപ്പും വാലുപോലുള്ള ഒരു ഭാഗവും കാണാം.

ചായപ്പൊടിയില്‍ മൈലാഞ്ചി, 
കാപ്പിയില്‍ കരിഞ്ഞ റൊട്ടി


ചായപ്പൊടിയിലെ ചേരുവകള്‍ ഉഴുന്ന്, തുവരത്തോല്‍, മൈലാഞ്ചിയില, ഉപയോഗിച്ച ചായപ്പൊടി, മുന്തിരിത്തോല്‍ എന്നിവയാണ്. ഇവ കാന്‍സറിനും ഉദര രോഗങ്ങള്‍ക്കും പുറമേ പോഷകക്കുറവിനും കാരണമാകുന്നു. കാപ്പിപ്പൊടിയുടെ പൂര്‍ണതക്കും അധിക ലാഭത്തിനും കരിഞ്ഞറൊട്ടിയും ഈത്തപ്പഴത്തിന്റെ കുരു പൊടിച്ചതും പുളിങ്കുരുവുമാണ് വിഭവങ്ങള്‍.
നല്ലെണ്ണയില്‍ പാമോയിലും കടലണ്ണയും ചേര്‍ക്കുന്നുണ്ട്. ഇത് മൂലം രക്തക്കുഴലുകള്‍ അടയാന്‍ കാരണമാകുന്നു. എണ്ണകളില്‍ മായം കലര്‍ത്താന്‍ മിനറല്‍ ഓയലും ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഉപയോഗം വയറു സംബന്ധമായ രോഗങ്ങള്‍ക്കും ചര്‍ദ്ദിക്കും ഇടയാക്കും. ഇതിലെ പെട്രോളിയം ഉത്പന്നത്തിന്റെ അംശം വിറ്റാമിന്‍ എ യുടെ ആഗിരണത്തേ തടഞ്ഞു നിര്‍ത്തും. കെട്ട ഉരുളക്കിഴങ്ങില്‍ കെമിക്കല്‍ കൂടി ചേരുമ്പോള്‍ നെയ്യിനുള്ള അസംസ്‌കൃത വസ്തുവായി.

ഒറിജനലിനെ വെല്ലും 
 തേന്‍

തേനിനേയും വെറുതെ വിടുന്നില്ല മാഫിയകള്‍. കൃത്രിമ തേനുണ്ടാക്കാന്‍ ശര്‍ക്കര ലായനിയും വെറ്റിലച്ചാറും നാരങ്ങാനീരും പ്രത്യേക അനുപാതത്തില്‍ ചേര്‍ത്താല്‍ മതി. ഒറിജിനലിനേയും ഡ്യൂപ്ലിക്കേറ്റിനേയും തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്ക് പ്രയാസമാകും. എന്നാല്‍ ഇതില്‍ കാട്ടുവള്ളിയുടെ നീരും വേരും തോലും ചേര്‍ക്കുന്നുണ്ട്. ഇത് അപടകരമാണ്. പലയിടത്തും പല മരങ്ങളുടെ തോലാണ് ചേര്‍ക്കുന്നത്. എലിപ്പ മരത്തിന്റെ വേര്, ഉങ്ങ് മരത്തിന്റെ തൊലി എന്നിവ ചേര്‍ക്കുന്നുണ്ട്. വ്യാജ തേന്‍ നാലോ അഞ്ചോ രൂപത്തില്‍ ലഭിക്കുന്നു. ചിലപ്പോള്‍ അവയുടെ നിറം മാറും. മഞ്ഞയും ബ്രൗണ്‍ നിറത്തിലും കാണാം. കൊഴുപ്പ് കിട്ടാനും കളര്‍ വര്‍ധിപ്പിക്കാനുമാണ് മരവേര് ചേര്‍ക്കുന്നത്. ഇവയ്ക്ക് രുചിയിലും വ്യത്യാസം കാണാറുണ്ടെന്ന് നിലമ്പൂര്‍ പ്രകൃതി പഠന കേന്ദ്രം ഡയറക്ടര്‍ ജയപ്രകാശ് പറയുന്നു. 

ദഹനത്തെ തടയാന്‍ അച്ചാര്‍

വിശപ്പില്ലാത്തവന് എന്തോ രോഗമുണ്ടെന്ന് സംശയിക്കണം. അതിനുള്ള മറുമരുന്ന് അച്ചാറാകുന്നതെങ്ങനെയാണ്..? അസുഖമറിഞ്ഞുള്ള ചികിത്സയാണ് അവര്‍ക്ക് വേണ്ടത്. എന്നാല്‍ അച്ചാറില്‍ ചേര്‍ക്കുന്ന കെമിക്കലുകളായ ബെന്‍സോയിക് ആസിഡ്, സോഡിയം, പൊട്ടാസിയം നൈട്രേറ്റ്, സോര്‍ബിക് ആസിഡ് എന്നിവയെല്ലാം ദഹനത്തെ തകരാറിലാക്കാന്‍ കരുത്തുള്ളതാണ്. അച്ചാര്‍ കേടുകൂടാതെ ദീര്‍ഘകാലം കുപ്പിയില്‍ സുരക്ഷിതമായിരിക്കുക എന്ന ലക്ഷ്യം മാത്രമേ നിര്‍മാതാക്കള്‍ക്കുള്ളൂ. അച്ചാറുകള്‍ ആരോഗ്യത്തിന് യാതൊരു ഗുണവും ചെയ്യുന്നില്ല എന്നതാണ് പരമാര്‍ഥം.രോഗങ്ങളുണ്ടാകുമ്പോള്‍ ആശ്വാസത്തിനും രോഗശമനത്തിനുമായാണ് നമ്മള്‍ ആശുപത്രികളെ സമീപ്പിക്കുന്നത്. അവിടെ നിന്ന് ലഭിക്കുന്ന മരുന്നുകളുടെ കാര്യവും കഷ്ടമാണ്. മരുന്നിലുമുണ്ട് മറിമായം. അതെക്കുറിച്ച് നാളെ.

1 അഭിപ്രായം:

  1. ഹോ!എന്തിലെല്ലാം മായം ചേര്‍ക്കുന്നു!!!കേള്‍ക്കുമ്പോള്‍ അതിശയവും,ഭയവും
    തോന്നുന്നു.അതിക്രൂരമായ ലാഭക്കൊതിയുടെ നീച പ്രയോഗങ്ങള്‍!!!
    വിഞ്ജാനപ്രദമായ ലേഖനത്തിന് നന്ദി.
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ