25/5/12

പൗഡര്‍ പ്രസവിക്കുന്ന പാല്; മരുന്ന് വിരിയിക്കുന്ന മുട്ട, പരമ്പര മൂന്ന്ഹര്‍ത്താലും സമരവും പ്രഖ്യാപിക്കപ്പെട്ടാല്‍ അവിടെയും സംരക്ഷിക്കപ്പെടുന്ന സാധനമാണ് പാല്‍. കാരണമെന്താ...? പാല്‍ സമീകൃതാഹാരമാണ്! എന്നാല്‍ പാലൊരിക്കലും സമീകൃതാഹാരമല്ല. പയറു വര്‍ഗങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയതാണ് സമീകൃതാഹാരമെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മെഡിസിന്‍ മേധാവി ഡോ പി കെ ശശിധരന്റെ അഭിപ്രായം. ഹര്‍ത്താലുകളില്‍ നിന്ന് പാലിനെ സംരക്ഷിക്കാന്‍ മാത്രമുള്ള മഹത്വമൊന്നും പാലില്‍ നിന്നും ലഭിക്കുന്നില്ല. എന്നിട്ടും നമ്മുടെ സ്‌കൂളിലെ പാഠപുസ്തകങ്ങളില്‍ പാലിനെ സമീകൃതാഹാരമായാണ് പരിചയപ്പെടുത്തുന്നത്. ശരീരത്തിനുവേണ്ട എല്ലാ പോഷക ഘടകങ്ങളും ആവശ്യമായ അളവില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണത്തേയാണ് സമീകൃതാഹാരം എന്ന് പറയുന്നത്. ഒരാള്‍ക്കുവേണ്ട പോഷകഘടകങ്ങള്‍ ഏറെക്കുറെ പാലില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ പാല്‍ ഒരു സമ്പൂര്‍ണാഹാരമാണെന്ന് പറയാം. എന്നാണ് ഏഴാം തരത്തിലെ അടിസ്ഥാന ശാസ്ത്രത്തിന്റെ 85ാം പേജില്‍ പറയുന്നത്.
കേരളം കണികണ്ടുരുന്ന നന്മയായ മില്‍മയെ പോലും വിശ്വസിക്കാന്‍ നമുക്ക് കഴിയില്ല. മറ്റു നിര്‍വാഹമില്ലാത്തത് കൊണ്ടാണ് തമിഴ്‌നാട്ടില്‍ നിന്നും പാല്‍ വാങ്ങുന്നതെന്നും ഈ പാലിനെ വിശ്വസിക്കാനാകില്ലെന്നും കഴിഞ്ഞ ദിവസം പറഞ്ഞത് കേരളത്തിന്റെ കൃഷി മന്ത്രിയാണ്. നമ്മുടെ വീടുകളിലെത്തുന്ന പാല്‍ ഏത് ബ്രാണ്ടായാലും അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടം മനസ്സിലാക്കാനാകില്ല. സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള പാലിന്റെ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവയെക്കുറിച്ച് പറയണോ... 


ഒരു പ്രത്യേക പൗഡര്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. കിലോക്ക് 800 രൂപയില്‍ കൂടുതല്‍ വിലയുള്ള ഈ പൊടി ഒരു ടീസ്പൂണ്‍ മതി. 25 ലിറ്റര്‍ പാലുണ്ടാക്കാന്‍ ഇത് ധാരാളം. ഒരു ടീസ്പൂണ്‍ പൗഡറില്‍ അല്‍പം വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അരച്ചാല്‍ പത്തു മിനുട്ട് കൊണ്ട് ആ ലായനി തൈര് രൂപത്തിലാകും. ഈ മിശ്രിതത്തോടൊപ്പം 200 ഗ്രാം പഞ്ചസാരയും 25 ലിറ്റര്‍ വെള്ളവും ചേര്‍ത്താല്‍ നിമിഷങ്ങള്‍ക്കകം അത് 25 ലിറ്റര്‍ പാലായി മാറും. പിന്നെ 25 ലിറ്റര്‍ ഒറിജിനല്‍ പാലില്‍ ഈ ക്രിത്രിമ പാല്‍ ചേര്‍ത്ത് ഇളക്കിയാല്‍ 50 ലിറ്റര്‍ പാലും തയ്യാറായി. തമിഴ്‌നാട്ടിലെ മിക്ക വീടുകളിലും പാല്‍ എത്തിക്കുന്നത് ഇങ്ങനെയാണെന്ന് പറയുന്നു കോഴിക്കോട്ടെ ഹോമിയോ ഡോക്ടറായ പി കെ ജനാര്‍ദ്ദനന്‍. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന പാലും ഇത്തരത്തിലാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മായം ചേര്‍ത്ത പാലും ഒറിജിനലും ലാക്‌ടോ മീറ്ററിലുപയോഗിച്ചാല്‍ പോലും തിരിച്ചറിയാന്‍ കഴിയില്ല. കൃത്രിമ പാലില്‍ കൊഴുപ്പിന്റെ അംശം കൂടിപ്പോയതേ കണ്ടെത്താനാകൂ. പാലിന്റെ കൊഴുപ്പ് നോക്കിയാണ് ഗുണനിലവാരം പരിശോധിക്കുന്നത്. ഈ പരിശോധനയിലാകട്ടെ മായം ചേര്‍ത്തത് കണ്ടെത്താനേ കഴിയില്ല. -അദ്ദേഹം പറയുന്നു. 


ഓക്‌സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ കുത്തിവെച്ച് പശുവിനെയും എരുമകളേയും 25 വര്‍ഷത്തിലേറെകാലം കറവ നടത്തിയതായി ഡോ ജനാര്‍ദനന്‍ പറയുന്നു. പക്ഷേ, ഇന്നും സാധാരണക്കാര്‍ക്കിതിനെക്കുറിച്ച് അറിയില്ല. അദ്ദേഹം 25 വര്‍ഷം മുമ്പ് മദിരാശിയിലായിരുന്നു ജോലി ചെയ്തിരുന്നത്. അന്ന് താമസിച്ചിരുന്ന വീടിനടുത്തുള്ള പറമ്പിലെ പശുവിനെ കറവക്കാരന്‍ ദിവസവും രാവിലെ എന്തോ കുത്തിവെക്കുന്നത് കണ്ടിരുന്നു. പക്ഷേ, അത് ഓക്‌സിറ്റോസിനാണെന്ന് അന്ന് അറിഞ്ഞിരുന്നില്ല.
അര മില്ലീ ഗ്രാം മാത്രം മതി ഒരു പശുവിന് ഈ ഹോര്‍മോണ്‍. അഞ്ച് മിനിറ്റിനുള്ളില്‍ ഇത് പശുവിന്റെ ശരീരത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. പാല്‍ഗ്രന്ഥികളെ ഉത്തേജിപ്പിക്കാനും അതുവഴി പാല്‍ മുഴുവനും ഊറ്റിയെടുക്കാനും സാധിക്കും. ഇന്ന് എല്ലായിടത്തും ഈ രീതി സ്വീകരിച്ച് വരുന്നു. പശുവിന്റെ വാലിന്റെ ഭാഗത്തോ കഴുത്തിലോ ആണ് ഈ ഹോര്‍മോണ്‍ കുത്തിവെക്കുന്നത്. പഴയ കാലത്ത് കുന്നുകുട്ടി പാല്‍ കുടിക്കുമ്പോഴേ തള്ളപശു പാല്‍ചുരത്തിയിരുന്നുള്ളൂ. ഇന്നീ ഹോര്‍മോണ്‍ കുത്തിവെച്ചാല്‍ മതി. അഞ്ച് ലിറ്റര്‍ പാല് ചുരത്തുന്ന പശു ഇരട്ടി പാല്‍ ചുരത്തിക്കോളും. പാലിലൂടെ മനുഷ്യശരീരത്തിലെത്തുന്ന ഈ ഹോര്‍മോണ്‍ പാല്‍ എങ്ങനെ തിളപ്പിച്ചാലും ഒഴിവാക്കാനാകില്ല. ക്ഷീര കര്‍ഷകന് അമിതലാഭവും ഉപഭോക്താവിന് പത്തിരട്ടി നഷ്ടവും. പിന്നെ കുറെ രോഗങ്ങളേയും സൗജന്യമായി ഉറപ്പാകുന്നു ഈ ക്ഷീരോത്പാദനം. 
ഓക്‌സിറ്റോസിന്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് അമേരിക്കന്‍ വെറ്ററിനറി മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകളെത്തുടര്‍ന്ന് പല രാഷ്ട്രങ്ങളും 1997ല്‍ തന്നെ ഇത് നിരോധിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഇന്നും ഉപയോഗിക്കുന്നു. ഈ ഹോര്‍മോണ്‍ കന്നുകാലികളുടെ ആയുസ് കുറക്കും. ഉത്പാദനശേഷിയും ഇല്ലാതാക്കും. ക്രമേണ ശരീരം ശോഷിച്ച് ഇവ ചത്തടൊങ്ങുകയാണ് ചെയ്യുക. ഈ മരുന്നിന്റെ വിപത്തിനെതിരെ മേനകാ ഗാന്ധി പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും മരുന്ന് നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുകയും ചെയ്തുവെങ്കിലും ഇന്നും ഫലം കണ്ടിട്ടില്ല. ഓക്‌സിറ്റോസിന്‍ ജീവന്‍ രക്ഷാ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. പ്രസവ സുരക്ഷക്ക് ഇത് അത്യാവശ്യവുമാണ്. പ്രസവ വേദനാ സമയത്ത് ഈ ഹോര്‍മാണാണ് കുത്തിവെക്കുന്നത്. അതോടെ ഗര്‍ഭാശയം ചുരുങ്ങി പ്രസവം സുഖകരമാകും. ഈ പഴുതില്‍ പിടിച്ചാണ് സര്‍ക്കാര്‍ ഓക്‌സിറ്റോസിന്‍ നിരോധിക്കാനാവില്ലെന്ന് തീരുമാനിച്ചത്. എന്നാല്‍ ഇതേ തുടര്‍ന്ന് ഗൈനക്കോളജിസ്റ്റിന്റെ ശീട്ടുണ്ടെങ്കില്‍ മാത്രമേ ഈ മരുന്ന് നല്‍കാവൂ എന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് സര്‍ക്കുലറയക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ അതൊക്കെ പഴങ്കഥയായി. എല്ലാം എല്ലാവരും മറന്നു. ഇന്ന് ആര്‍ക്കും ലഭിക്കും ഈ ഹോര്‍മോണ്‍. അതിന് മെഡിക്കല്‍ ഷോപ്പില്‍ പോലും പോകണമെന്നില്ല. കാലിത്തീറ്റയും പിണ്ണാക്കും വില്‍ക്കുന്ന വ്യാപാരികളാണിന്നിതിന്റെ ഹോള്‍സെയില്‍ വ്യാപാരികളെന്നതാണ് അവസ്ഥ. കറവക്കാരന്‍ എന്തിന് ബുദ്ധിമുട്ടണം...? 

വെളുത്തതെല്ലാം പാലല്ല

വെളുത്ത് കാണുന്നതെല്ലാം പാലല്ല. പാലില്‍ അടങ്ങിയിരിക്കേണ്ട പോഷകങ്ങള്‍ ഇന്നത്തെ പാലില്‍ നിന്നും ലഭിക്കുന്നില്ല. രാസവസ്തുക്കളുടെ സഹായത്തോടെ കുത്തികലക്കി വിപണിയിലെത്തിക്കുന്ന പാലില്‍ നിന്ന് ഔഷധത്തിന് പകരം രോഗങ്ങളാണ് ലഭിക്കുന്നത്. ലോകത്ത് അനേക ജീവികള്‍ ജീവിക്കുന്നു. അവയൊന്നും മറ്റു ജീവജാലങ്ങളുടെ പാല് കുടിക്കുന്നില്ല. മനുഷ്യന്‍ മാത്രമാണ് ഇതിനൊരപവാദം. മനുഷ്യക്കുഞ്ഞ് ജനിക്കുമ്പോള്‍ പരമാവധി മൂന്ന് കിലോ തൂക്കമാണുണ്ടാകുന്നത്. എന്നാല്‍ പശുക്കിടാവിന് 30നു മുകളില്‍ കിലോഗ്രാം തൂക്കമുണ്ടാകും. രണ്ടര വര്‍ഷം കൊണ്ട് പശുകുട്ടിക്ക് 600 കിലോ ഭാരമുണ്ടാകുന്നു. എന്നാല്‍ മനുഷ്യന് ഒരിക്കലും അത്രയും തൂക്കമുണ്ടാകുന്നില്ല. പശുവിന്‍ പാല്‍ പശുവിന്റെ കുട്ടിക്കുള്ളതാണ്. ഈ പാലിലുള്ള പ്രോട്ടീനും അതിന്റെ കുഞ്ഞിനുള്ളതാണ്. 30 കിലോ ഭാരമുള്ള കുഞ്ഞിന് ആവശ്യമായ പ്രോട്ടീനാണ് പശുവിന്‍ പാലില്‍ അടങ്ങിയിട്ടുള്ളത്. ഇതൊരിക്കലും മൂന്ന് കിലോ ഭാരമുള്ള മനുഷ്യകുഞ്ഞിന് മുലപ്പാലിന് പകരമായി നല്‍കിയാല്‍ എങ്ങനെയാണ് ശരിയാകുക...? യാതൊരുതരത്തിലും അത് ഗുണം ചെയ്യില്ല. -ഡോ. പി കെ ജനാര്‍ദനന്‍ ചൂണ്ടിക്കാട്ടുന്നു.

കോഴിമുട്ട വിരിയിക്കും ക്യാന്‍സര്‍

കോഴിമുട്ടയും മലയാളി തിന്നുന്നത് തമിഴ്‌നാടിന്റെ ഔദാര്യം കൊണ്ട് മാത്രമാണ്. ദിവസവും കോടിക്കണക്കിന് മുട്ടകളാണ് അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് വരുന്നത്. കുട്ടികള്‍ക്ക് നിത്യവും ഒരു മുട്ടകൊടുക്കാനാണ് എഗ്ഗ് ഡവലപ്പ്‌മെന്റെ കൗണ്‍സില്‍ പറയുന്നത്. നമ്മുടെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പോലും പാലും മുട്ടയും ഒരു ഷെയ്ക്ക് ഹാന്‍ഡും ഫ്രീയായി ലഭിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ പാലും മുട്ടയും ബ്രഡും സൗജന്യമായി രോഗികള്‍ക്ക് നല്‍കി വരുന്നു. 
കോഴിമുട്ട വിരിഞ്ഞ് കുഞ്ഞാകുമ്പോള്‍ അതിന്റെ ശരീരത്തില്‍ ആദ്യമായി കുത്തിവെക്കുന്നത് കോര്‍ട്ടിസോണ്‍ എന്ന ഹോര്‍മോണാണ്. പത്ത് ദിവസം മതി. ഈ കോഴിക്കുഞ്ഞ് അസാധാരണമായി വളരുന്നത് കാണാം. തൂക്കവും കൂടും. രോഗം വരാതിരിക്കാനായി ആന്റീ ബയോട്ടിക്കുകളാണ് പിന്നെ പലഘട്ടങ്ങളിലായി നല്‍കുന്നത്. 15 ദിവസം മതി ഇവയ്ക്ക് ഒരു സാധാരണ കോഴിയുടെ വലിപ്പം പ്രാപിക്കാന്‍. കോര്‍ട്ടിസോണ്‍ കോഴിയുടെ രോഗ പ്രതിരോധ ശക്തിയെ നശിപ്പിക്കുന്നതിനുള്ളതാണ്. അതിനെതിരെ ആന്റി ബയോട്ടിക് എന്ന അണുനാശിനിയും ഇടക്കിടെ കുത്തിവെക്കണം. ഈ രണ്ട് രാസവസ്തുക്കളും അപകടകാരികളാണ്. ഇവ രണ്ടും കോഴി ഇറച്ചിയും കോഴി മുട്ടയും കഴിക്കുന്നവരുടെ ശരീരത്തില്‍ പ്രവേശിക്കും. കോഴിമുട്ടയില്‍ ഡയോക്‌സിന്‍ എന്ന രാസഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് 210 രാസ വസ്തുക്കളുടെ ചേരുവയാണ്. ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇതിനെ ഒഴിവാക്കുന്നതിനായി വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ സ്റ്റോക്ക് ഹോമില്‍ നടന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും ഫലപ്രദമായ പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. വര്‍ഷങ്ങളോളം ശരീരത്തില്‍ തങ്ങി നില്‍ക്കാന്‍ ഡയോക്‌സിന് കഴിയും. ഹോര്‍മോണിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നതിനാല്‍ ശരീരത്തില്‍ പല വ്യതിയാനങ്ങള്‍ വരുത്തുന്നതിനും ഇത് കാരണമാകും. പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ പോലും ഡയോക്‌സിന്‍ പ്രതികൂലമായി ബാധിക്കുന്നു. ജനിതക ഘടനയേ പോലും ഇത് മാറ്റി മറിക്കുന്നു. കാന്‍സര്‍, വിവിധ ചര്‍മരോഗങ്ങള്‍, അംഗവൈകല്യങ്ങള്‍ എന്നിവയും കുഞ്ഞുങ്ങളില്‍ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് തരുന്നു.
ഒരു തലമുറയില്‍ ഒതുങ്ങി നില്‍ക്കാത്തതാണ് ഡയോക്‌സിന്റെ ശക്തി. ഇന്റര്‍ നാഷണല്‍ പി ഒ ബി എലിമിനേഷന്‍ എന്ന സംഘടന ഇതിന്റെ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന ലോകത്തെ നിരവധി സംഘടനകളുടെ കൂട്ടായ്മയാണ്. ഇവര്‍ 17 രാജ്യങ്ങളില്‍ നിന്നുള്ള കോഴിമുട്ടകളില്‍ നടത്തിയ പരിശോധനയില്‍ ഇന്ത്യയില്‍ നിന്നുള്ളവയിലാണ് ഏറ്റവും കൂടുതല്‍ ഡയോക്‌സിന്‍ കണ്ടെത്തിയതെന്ന് സംഘടന പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു. 

ഔഷധമാണോ കോഴിമുട്ട...?

100 ഗ്രാം മുട്ടയില്‍ 170 കലോറി ഊര്‍ജമാണുള്ളത്. 13.6ശതമാനം പ്രോട്ടീനും13.5 ശതമാനം പൂരിത കൊഴുപ്പുമുണ്ട്. എന്നാല്‍ പരിപ്പു വര്‍ഗത്തില്‍പ്പെടുന്ന ഏത് ഇനം കഴിച്ചാലും 24 ശതമാനം പ്രോട്ടീന്‍ ലഭിക്കുന്നുണ്ട്. മുട്ടയിലുള്ളതിനേക്കാള്‍ വിറ്റാമീന്‍ എ മല്ലിയില്‍ നിന്ന് മാത്രം കിട്ടും. 50ഗ്രാം മല്ലിയിലയില്‍ 10,000 മുതല്‍ 12,000 മില്ലി വരെ വിറ്റാമിന്‍ എ ലഭിക്കും. ഇഡലിയിലും ദോശയിലും വിറ്റാമിന്‍ ബി യഥേഷ്ടം അടങ്ങിയിട്ടുള്ളതിനാല്‍ പിന്നെന്തിന് മുട്ട കഴിക്കണം...? കോഴിമുട്ട പലതരം വിറ്റാമിനുകള്‍ അടങ്ങിയതാണെന്നും ഏറ്റവും മികച്ച പ്രോട്ടീനാണെന്നുമാണ് മുട്ട കമ്പനികളുടെ പരസ്യവാചകം. കുട്ടികളുടെ തലച്ചോറിനും പേശികള്‍ക്കും ഉത്തമമായ ആഹാരമാണിതെന്നും പരസ്യത്തില്‍ ആണയിടുന്നു. 

ഇങ്ങനെ അവകാശപ്പെടുന്നതോടൊപ്പം ലോകാരോഗ്യ സംഘടന മുട്ട സമ്പൂര്‍ണ ആഹാരമാണെന്ന് ശിപാര്‍ശചെയ്യുകയും ചെയ്യുന്നത് വഞ്ചനാപരമാണെന്നാണ് പേരാമ്പ്രയിലെ പരിസ്ഥിതി പ്രവര്‍ത്തകനായ ജയകൃഷ്ണന്‍ മാസ്റ്റര്‍ പറയുന്നത്.
നാടന്‍ കോഴികളുടെ മുട്ടയില്‍ കൃത്രിമമില്ല. ഈ മുട്ടക്കകത്തെ മഞ്ഞക്കുരുവിന് നല്ല നിറമാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന മുട്ടകളുടെ നിറം കൃത്രിമമായി ഉണ്ടാക്കിയതാണ്. കോഴിത്തീറ്റയില്‍ ഹോര്‍മോണ്‍ കലര്‍ത്തിയും ആന്റിബയോട്ടിക്കുകള്‍ കുത്തിവെച്ചും വളര്‍ത്തുന്ന കോഴികളുടെ മുട്ടയും വിഷമാകാതിരിക്കുന്നതെങ്ങനെ...? മുട്ടയുടെ പുറം തോടില്‍ 30,000 സൂക്ഷ്മ സുഷിരങ്ങളുണ്ട്. ഭ്രൂണത്തിലേക്ക് ഓക്‌സിജന്‍ പ്രവേശിക്കാന്‍ പ്രകൃതി ഒരുക്കിയ വഴിയാണിത്. എന്നാല്‍ 30 ഡിഗ്രി സെന്റിഗ്രേഡില്‍ താഴെയുള്ള ഊഷ്മാവില്‍ സൂക്ഷിച്ചാല്‍ ഈ സുഷിരങ്ങള്‍ വഴി രോഗാണുക്കള്‍ക്ക് ഉള്ളില്‍ പ്രവേശിക്കാന്‍ കഴിയുമെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നിട്ടും ഇതാണ് നമ്മള്‍ ഔഷധമാണെന്ന് പറഞ്ഞ് ഉപയോഗിക്കുന്നത്. കുഞ്ഞുങ്ങളേയും രോഗികളേയും തീറ്റിക്കുന്നത്. കുഞ്ഞുങ്ങള്‍ക്കും മുട്ടയും പാലും സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും എന്തിനാണ് വിതരണം ചെയ്യുന്നത്.


പാലിനും മുട്ടക്കും പറയാനുള്ളത് ഇത്തരത്തിലുള്ള കഥകളാണെങ്കില്‍ മലയാളി ചായയിലും പായസത്തിലും ഉപയോഗിക്കുന്ന പഞ്ചസാരയുടേയും ശര്‍ക്കരയുടേയും കഥയെന്താണ്... ? പലഹാരങ്ങളുടേയും പലവ്യഞ്ജനങ്ങളുടേയും കഥയോ...? മഞ്ഞളില്‍പോലും മായമാണെന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടിത്തെറിക്കുകയല്ലാതെ എന്ത് ചെയ്യും..? ആ കഥ ഉടനെ

3 അഭിപ്രായങ്ങൾ:

 1. അറിവിന്റെ ലോകം തന്നതിന് നന്ദി ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. പരസ്യങ്ങളില്‍ ആകൃഷ്ടരാകുന്ന നമ്മള്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍
  പകര്‍ന്നു കിട്ടുമ്പോഴാണ് ചിന്താകുലരാകുന്നത്.
  നല്ല ലേഖനം.അറിവുകള്‍ പങ്കുവെക്കുന്നതിനു് നന്ദി.
  ആശംസകളോടെ

  മറുപടിഇല്ലാതാക്കൂ
 3. പാലിന്റെ ദുരന്തം ഗാന്ധി കണ്ടു;
  പാഠ പുസ്തക മിതിയോ...?

  പാലിനെക്കുറിച്ച് മഹാത്മാഗാന്ധി പോലും പറഞ്ഞുവെച്ചത് പാലില്‍ പോഷകങ്ങളുടെ ഒരു കണികപോലുമില്ലെന്നാണ്. പാലിലും പഞ്ചസാരയിലും രക്തം വര്‍ധിപ്പിക്കാനാവശ്യമായ ഒരുഘടകവും അടങ്ങിയിട്ടില്ലെന്നും പറഞ്ഞ് അവസാനിപ്പിക്കുന്നില്ല ഗാന്ധി. അദ്ദേഹത്തിന്റെ ആരോഗ്യ ദര്‍ശനം എന്ന ഗ്രന്ഥത്തില്‍ തുടരുന്നതിങ്ങനെയാണ്.
  പാല് ഉപേക്ഷിക്കേണ്ട വസ്തുവാണെന്ന് എനിക്ക് ധൈര്യപൂര്‍വം പറയാന്‍ സാധിക്കും. ഇതെന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നതാണ്. പാലിനെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന മൂല്യ സങ്കല്‍പങ്ങളൊക്കെ വെറും അന്തവിശ്വാസങ്ങള്‍ മാത്രമാണ്. പാല്‍ ഒരു തരത്തിലുള്ള പനിയുണ്ടാക്കാന്‍ പര്യാപ്തമാണ്. ഈ വിഷയം സംബന്ധിച്ച് ധാരാളം പുസ്തകങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രത്യേക രോഗാണുക്കള്‍ക്ക് ഏറ്റവും സുഖകരമായ മാധ്യമമാണ് പാല്‍ എന്നതിനാല്‍ പ്രായോഗികമായി പാലിനെ ശുദ്ധമായി സൂക്ഷിക്കുക അസാധ്യമായി തീരുന്നു.
  പാലിന്റെ ശുദ്ധിയും മറ്റു ഗുണങ്ങളുമൊക്കെ പശുവിന്റെ തീറ്റയെയും അതിന്റെ ആരോഗ്യത്തേയും അടിസ്ഥാനപ്പെടുത്തിയുട്ടുള്ള കാര്യമാണ്. ക്ഷയരോഗമുള്ള പശുവിന്റെ പാല്‍ ഉപയോഗിക്കുന്ന വ്യക്തിക്ക് ക്ഷയരോഗമുണ്ടാകാനുള്ള സാധ്യത വളരെകൂടുതലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പൂര്‍ണ ആരോഗ്യത്തോടെയുള്ള പശു എന്നത് പലപ്പോഴും ഒരു സങ്കല്‍പം മാത്രമാണ്. എന്നുവെച്ചാല്‍ ശുദ്ധമായ പാല്‍ കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഉറവിടത്തിന്റെ ശുദ്ധി ഉറപ്പാക്കാനാകുന്നില്ല എന്നു തന്നെയാണ് ഈ ആശങ്കയുടെ കാരണം. രോഗിയായ അമ്മയുടെ മുല കുടിക്കുന്ന കുട്ടിക്ക് ആ രോഗവും പകര്‍ന്ന് കിട്ടുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. പലപ്പോഴും കുട്ടിക്ക് എന്തെങ്കിലും അസ്വസ്ഥകള്‍ കണ്ടാല്‍ അമ്മയ്ക്കാണ് മരുന്ന് നല്‍കാറുള്ളത്. ഇതേ അവസ്ഥയാണ് പശുവിന്‍പാല്‍ കുടിക്കുന്ന മനുഷ്യന്റേതും. പാലിന് ഇത്രയേറെ അപകട സാധ്യതകള്‍ ഉണ്ടെന്നിരിക്കേ പാലിനെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ...?
  ഗാന്ധി തന്റെ കൃതിയില്‍ ചോദിക്കുന്നു. ഒലീവെണ്ണയും ബദാം പരിപ്പുമാണ് പാലിന് ബദലായി അദ്ദേഹം നിര്‍ദേശിക്കുന്നത്. അത് പാലിനേക്കാള്‍ പോഷക സമൃദ്ധമാണെന്നും അപകടം വരുത്തുന്നില്ലെന്നും പറയുന്നുണ്ട്. ഗാന്ധി ഇങ്ങനെയൊരു നിഗമനത്തിലെത്തുന്നതും നിര്‍ദേശങ്ങള്‍ പകരം വെക്കുന്നതും അദ്ദേഹം ജീവിച്ച ചുറ്റുപാടിലെ സാധ്യതകളെ വിശകലനം ചെയ്താണ്. അന്ന് മായം ചേര്‍ക്കലില്ല. പൗഡര്‍ പാലിനെ പ്രസവിക്കുന്നില്ല. എന്നാല്‍ ഇന്നെത്രയേറെ ഭീകരമാണ് കാര്യങ്ങള്‍. അതാണ് ലേഖകന്‍ ചൂണ്ടിക്കാട്ടുന്നത്. എന്നിട്ടും നമ്മുടെ വിദ്യാഭ്യാസ വകുപ്പും പാഠപുസ്തക സമിതികളും അതൊന്നും കാണാതെ പോകുന്നു. കുഞ്ഞുങ്ങളെപോലും തെറ്റിദ്ധരിപ്പിക്കുന്നു. മഹാത്മാവിന്റെ വാക്കുകള്‍ പ്രസംഗിക്കുവാന്‍ മാത്രമാണുള്ളതാണല്ലോ നമ്മുടെ ഭരണാധികാരികള്‍ക്ക്. പ്രാവര്‍ത്തികമാക്കാനല്ലല്ലോ...


  ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടത്.

  മറുപടിഇല്ലാതാക്കൂ