കല്‍ക്കത്താ തീസിസിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ച കാലം. ബി ടി രണദിവേയുടെ തീവ്രവാദപരമായ സിദ്ധാന്തത്തിന്റെ കരുത്തനായ അനുകൂലിയായിരുന്നു കുഞ്ഞാലിയും. കല്‍ക്കത്താ തീസീസിന്റെ പേരില്‍ പാര്‍ട്ടിക്കുണ്ടായ നഷ്‌ടം കനത്തതായിരുന്നു. അതിനുകൊടുക്കേണ്ടിവന്ന വിലയോ ഭയാനകവുമാണ്. പോലീസ് വേട്ട തീവ്രമായിരുന്നു. പല നേതാക്കളും ഒളിവില്‍പോയി. ചിലര്‍ പോലീസ് നരനായാട്ടില്‍ പിടിക്കപ്പെട്ട് ജയിലിലുമായി. പാര്‍ട്ടിപത്രം നിരോധിക്കപ്പെട്ടു. മെമ്പര്‍ഷിപ്പിലും കനത്ത ഇടിവുണ്ടായി. കര്‍ഷക സമരങ്ങള്‍ 1948ല്‍ തന്നെ പരാജയപ്പെട്ടതായി സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
രണദിവേയുടെ തീസിസും അബദ്ധമാമെന്ന് പിന്നീട് കേന്ദ്രക്കമ്മിറ്റിയും അഭിപ്രായപ്പെട്ടു. ട്രോട്‌സ്‌കി- ടിറ്റോ മാതൃകയില്‍ ഇടതുപക്ഷ വിഭാഗീയതയുടെ രാഷ്രട്രീയ രീതി ആവിഷ്‌ക്കരിച്ചെന്നും പാര്‍ട്ടിയേയും കര്‍ഷക പ്രസ്ഥാനങ്ങളേയും തകര്‍ച്ചയിലേക്ക് നയിച്ചുവെന്നുമുള്ള ഗുരുതരമായ കുറ്റാരോപണങ്ങളെയാണ് രണദിവേക്ക് നേരിടേണ്ടി വന്നത്. തെലുങ്കാന കലാപത്തേയും രണദിവേ തീസീസിനേയും കുറിച്ച് സ്‌റ്റാലിനുപോലും മതിപ്പു തോന്നുകയുണ്ടായില്ല. ഒളിവില്‍ കഴിയുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും അധികൃതര്‍ ചൂട്ടുകെട്ടി തിരഞ്ഞു.
എന്തെങ്കിലുമൊരു സൂചന കിട്ടിയാല്‍ പോലീസെത്തുന്നത് പെട്ടെന്നായിരുന്നു. പിടിയിലായാലോ വേട്ട പട്ടികളോടെന്നപ്പോലെയാണ് പെരുമുറുക.
പോലീസിന്റെ ക്രൂരതയും വേട്ടയാടലും ഒരു ഭാഗത്ത് നടന്നു കൊണ്ടിരുന്നു. കുഞ്ഞാലിയും ഏറെനാള്‍ ഒളിവില്‍ കഴിഞ്ഞുകൂടി. പല ദിക്കുകളിലായിരുന്നു ഒളിവു കേന്ദ്രങ്ങള്‍. ഏതെങ്കിലും കേന്ദ്രത്തിലെത്തിപ്പെടാനും എത്തിക്കഴിഞ്ഞാല്‍ സഹായത്തിനും പാര്‍ട്ടി അനുഭാവികളുണ്ടാവും.
അവര്‍ അന്നംതരും. അഭയം തരും. സ്വന്തം ജീവന്‍ പോലും അപകടത്തില്‍ പെടുത്തി സംരക്ഷിക്കും.
കരുവാരക്കുണ്ടിലും മണ്ണാര്‍ക്കാട്ടും കേരളയിലും കുണ്ടോട്ടിയിലും പൂക്കോട്ടൂരും വിളയിലും പറപ്പൂരും വണ്ടൂരും പുല്ലങ്കോടും പുന്നപ്പാലയിലും അങ്ങനെയങ്ങനെ വിവിധ ദേശങ്ങളിലായി കുഞ്ഞാലിക്ക് അഭയമേകിയവര്‍ ആയിരങ്ങളാണ്. ഈ അടുക്കളകളില്‍ വേവുന്ന കഞ്ഞി വെള്ളവും പഴങ്കഞ്ഞിയും ഉണക്കമീന്‍ ചുട്ടതും നല്‍കി ഈ വീട്ടകങ്ങളിലെ അമ്മമാരാണ് കുഞ്ഞാലിക്കും കുഞ്ഞാലിയടക്കമുള്ള പല നേതാക്കള്‍ക്കും ജീവജലം നല്‍കിയത്. അവരുടെ നെഞ്ചിലെ ഭയത്തിന്റെ ചൂടില്‍ ഉരുകി ഉരുകിയായിരുന്നു ആ പ്രസ്ഥാനവും വളര്‍ന്നത്.
കരുവാരക്കുണ്ടിലെ പാറമ്മല്‍ മുഹമ്മദ് ഹാജിയുടെ പൂട്ടിയിട്ട ഔട്ട് ഹൗസിലായിരുന്നു കുറെ നാള്‍ കുഞ്ഞാലിയുടെ ജീവിതം. പകല്‍ മുഴുവന്‍ ഔട്ട് ഹൗസിനുള്ളില്‍ ഒതുങ്ങിയിരിക്കും. രാത്രി ഏറെ ഇരുട്ടിയാല്‍ വീട്ടിലുള്ളവര്‍ പോലുമറിയാതെ ഹാജി കുഞ്ഞാലിയെ തുറന്നു വിടും. പിന്നെ രാത്രി സഞ്ചാരമാണ്. കള്ളന്‍മാരെ പോലെ. തിരിച്ചു വരുമ്പോള്‍ കൈ നിറയെ പഴയ പത്രങ്ങളും മറ്റും ഉണ്ടാകും. പകല്‍ മുഴുവന്‍ പുറത്തിറങ്ങാനാവാതെ മുറിക്കുള്ളില്‍ തന്നെ ചടഞ്ഞ് കൂടേണ്ടിവരുമ്പോള്‍ നേരം പോക്കണമല്ലോ. പകലില്‍ റൂമിനകത്തു നിന്നും പുറത്തിറങ്ങാന്‍ പോലുമാവാത്ത സ്ഥിതിയാണെങ്കിലും കുഴപ്പമില്ല.
മൂത്രമൊഴിക്കാതെയും ഭക്ഷണം കഴിക്കാതെയും വെള്ളംകുടിക്കാതെയുമൊക്കെ കഴിഞ്ഞ് കൂടുന്നതിനും കുഞ്ഞാലിക്കാവുമായിരുന്നു. ചില ഒളിവ് കേന്ദ്രങ്ങളിലേക്ക് ഭക്ഷണമെത്തിച്ച് തരാനാവും കുഴപ്പം. അതുകൊണ്ട് ഏറെനേരം വിശന്നിരിക്കേണ്ടിവരും. കിട്ടുമ്പോള്‍ എന്ത് തന്നെയായാലും തിടുക്കപ്പെട്ട് അകത്താക്കും.
ഒളിവിലാണെന്ന് കരുതി പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസ്സവും നേരിടാന്‍ പാടില്ല. ഇ എം എസും എ കെ ജിയും സി അച്യുതമേനോനും എന്‍ സി ശേഖറും എല്ലാം ഒലിവിലിരുന്ന് തന്നെയാണ് പാര്‍ട്ടിക്ക് ജീവജലം നല്‍കിയത്. സഖാവ് പി കൃഷ്‌ണപ്പിള്ള 1948 ആഗസ്റ്റ് 19ന്‌് മരിക്കുന്നതു പോലും ഒളിവില്‍ കഴിയുമ്പോഴായിരുന്നു. ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ ഒളിവു കേന്ദ്രത്തിലിരുന്ന് സംസ്ഥാന കമ്മിറ്റിയിലേക്കുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഇടതുകയ്യില്‍ സര്‍പ്പ ദംശനമേറ്റത്. എഴുതിക്കഴിഞ്ഞ റിപ്പോര്‍ട്ടിനു ചുവടെ മരണത്തെ മുഖാമുഖം കണ്ടപ്പോഴും കൃഷ്‌ണപിള്ള എഴുതി ചേര്‍ത്തത് ഇങ്ങനെയാണ്.
``എന്റെ കണ്ണുകളില്‍ ഇരുള്‍ മൂടുന്നു. ശരീരമാകെ തളരുന്നു. എന്തു സംഭവിക്കുമെന്ന് എനിക്കറിയാം, സഖാക്കളെ മുന്നോട്ട്... ലാല്‍ സലാം''
വളരെ രഹസ്യമായിട്ടായിരുന്നു പാര്‍ട്ടി പ്രവര്‍ത്തനം. ലഘുലേഖാ വിതരണവും ആശ്രയ പ്രചാരണവും രഹസ്യയോഗങ്ങളുമെല്ലാം. നേതൃത്വവും നിര്‍ദേശവും നല്‍കാന്‍ നേതാക്കള്‍ എങ്ങനെയെങ്കിലും രാത്രി യോഗങ്ങളില്‍ എത്തിച്ചേരും. കുഞ്ഞാലി അങ്ങനെ നൂറുകണക്കിന് യോഗങ്ങളിലും സമരചര്‍ച്ചകളിലും പങ്കെടുത്തിട്ടുണ്ട്. മണ്ണാര്‍ക്കാട്ടെ ഒളിവ് സങ്കേതത്തില്‍ നിന്നെത്തിയായിരുന്നു കേരള എസ്റ്റേറ്റിലെ തൊഴില്‍ സമരത്തിന്റെ അന്തിമ ചര്‍ച്ചയില്‍ പങ്കെടുത്ത് അതിന് പരിഹാരമുണ്ടാക്കിയത്.
പൂക്കോട്ടൂരില്‍ ഒളിവില്‍ കഴിയുമ്പോഴായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകനോടൊപ്പം അരീക്കോട് വിളയൂരിലെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. അവിടെ ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ കോവിലകത്തെ കുഞ്ഞിക്കുട്ടന്‍ തമ്പാനായിരുന്നു ഈ യാത്രക്ക് വേണ്ടതെല്ലാം ചെയ്‌തത്. എന്ത് വന്നാലും യോഗത്തിന് എത്തണം.
രാത്രി ഇരുട്ടാന്‍ കാത്തുനിന്നു അവര്‍. കുഞ്ഞാലിയും സഹായിയും അതിനു ശേഷമാണ് പൂക്കോട്ടൂരില്‍ നിന്നും കുണ്ടോട്ടിയിലേക്കു നടന്നത്. വഴിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കുണ്ടോട്ടിയിലെ പ്രവര്‍ത്തകര്‍ വിവരം നല്‍കിയിരുന്നു. കടുങ്ങല്ലൂരിലെ പച്ചമരത്തു നിന്നാണ് വഴിപാടത്തേക്ക് തിരിയുന്നത്. പിന്നെ കിലോമീറ്ററുകളോളം പടര്‍ന്ന് കിടക്കുന്ന പന്തപാടങ്ങളാണ്. പാടത്തിനു മുകളില്‍ ഇരുട്ട് കാടുപിടിച്ച് കിടന്നു. കയ്യിലെ പാട്ടവിളക്കിന്റെ ഇടറിയ വെളിച്ചത്തെ കയ്യെത്തിപ്പിടിക്കാന്‍ ഒരു തണുത്ത കാറ്റ് എപ്പോഴോ ശ്രമം തുടങ്ങിയിരുന്നു.
പാട വരമ്പിലേക്ക് കാലെടുത്ത് വെച്ചതും കുഞ്ഞാലി കാല്‍ തെന്നി പാടത്തേക്ക് വീണു. അവിടെ നിറയെ ചെളിയായിരുന്നു. ഒരു കാല്‍ ഉയര്‍ത്താന്‍ ശ്രമിക്കുമ്പോഴേക്ക് മറ്റേ കാല്‍ ചെളിയുടെ ആഴത്തിലേക്ക് താണു. അപകട മുഖത്തുനിന്നും കരകയറാനാകാതെ ഏറെ നേരം ചെളിയില്‍ ആണ്ടുപോയ കുഞ്ഞാലിയെ കണ്ട് സഹായി ആകെ ഭയന്നു വിറച്ചു. ഒന്ന് വിളിച്ച് കരഞ്ഞാല്‍ പോലും ആരും എത്താത്ത സ്ഥലം. ഒരു കണക്കിന് അയാള്‍ കൈവശമുണ്ടായിരുന്ന തോര്‍ത്ത് നീട്ടിക്കൊടുത്തു. അതില്‍ പിടിച്ചപ്പോള്‍ കുഞ്ഞാലിക്ക് ചെറിയൊരു ബാലന്‍സ് കിട്ടി. ഒരുവിധത്തിലാണ് അയാള്‍ കരക്ക് കയറിയത്. അരക്കു മുകളില്‍ ചെളിയില്‍ ആണ്ടുപോയിരുന്നു കുഞ്ഞാലി. പോരാത്തതിന് കട്ട പിടിച്ച ഇരുട്ടും.
ഉടുത്തമുണ്ടും ശര്‍ട്ടും ശരീരവും ആകെ കറുത്ത ചെളിയില്‍ പുരണ്ട് പോയി. അടുത്തു കണ്ട തോട്ടിലിറങ്ങി മണ്ണും ചെളിയും കഴുകി വൃത്തിയാക്കി. നനഞ്ഞ വസ്‌ത്രങ്ങള്‍ പിഴിഞ്ഞുടുത്ത് അവര്‍ യോഗ സ്ഥലത്തേക്ക് തിരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. കുഞ്ഞാലിയെ പറഞ്ഞ സമയത്ത് കാണാതായപ്പോള്‍ അവര്‍ ഭയപ്പെട്ടു. കൃത്യനിഷ്‌ടയുടെ കാര്യത്തില്‍ കണിശക്കാരനായിരുന്നു കുഞ്ഞാലി. വൈകിയപ്പോള്‍ എന്തെങ്കിലും അപകടം പിണഞ്ഞിരിക്കുമോ എന്നും പരിഭ്രമിച്ചു.
പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന കൃഷ്‌ണന്‍ നായരുടെ വീട്ടിലായിരുന്നു യോഗം. അയാളുടെ അമ്മയാണ് ആ രാത്രിയില്‍ കുഞ്ഞാലിക്ക് പകരം മുണ്ടും ശര്‍ട്ടും ഉടുക്കാന്‍ കൊടുത്ത് ചെളി പുരണ്ട വസ്‌ത്രങ്ങള്‍ അലക്കിക്കൊടുത്തത്. സായുധരായ സഖാക്കള്‍ ആ യോഗത്തിന് കാവല്‍ നിന്നു. അതിന് തൊട്ടടുത്ത് തന്നെയുള്ള സ്ഥലത്ത് എംഎസ് പി ക്യാമ്പ് നടക്കുന്നുണ്ടായിരുന്നു. ചെറിയൊരു സൂചന മണത്താല്‍ മതി സംഗതി കുഴയും. അത്തരമൊരു സ്ഥലത്ത് വിളിച്ചു കൂട്ടിയ യോഗത്തിലേക്ക് എത്തിച്ചേരാന്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് ധൈര്യം കാണിച്ചയാളായിരുന്നു കുഞ്ഞാലി.
ഒളിവിലിരിക്കെ പകലിലും ഇറങ്ങി നടക്കാനും ചായക്കടകളില്‍ കയറി ലഘുലേഖ വിതരണം ചെയ്യാനും ആവശ്യമെങ്കില്‍ പ്രസംഗിക്കുവാനുമൊന്നും കുഞ്ഞാലി ഭയപ്പെട്ടിരുന്നില്ല.
പെട്ടെന്ന് അയാള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ പ്രത്യക്ഷപ്പെടുകയും തന്നെ ഉറ്റുനോക്കുന്ന ജനതയോട് തനിക്ക് പറയാനുള്ളത് എളുപ്പത്തില്‍ പ്രസംഗിച്ച് തീര്‍ത്ത് അപ്രത്യക്ഷനാവാറുമുണ്ട്. ഇതൊന്നും മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചത് പ്രകാരമൊന്നുമാവില്ല. കരുവാരക്കുണ്ടില്‍ ഒളിവില്‍ കഴിയുന്നതിനിടയിലായിരുന്നു ഒരു വൈകുന്നേരത്ത് പുന്നക്കാട്ടെ ചന്തയില്‍ ഒരു ദിവസം കുഞ്ഞാലി പ്രത്യക്ഷപ്പെട്ടത്.
പോലീസിന്റെ ആക്രമണമോ മറ്റോ ഉണ്ടെങ്കില്‍ അതിനെ നേരിടാനായി കയ്യിലൊരു ആയുധവും സൂക്ഷിച്ചിരുന്നു. ചന്തയില്‍ ഏറ്റവും തിരക്കുള്ള സമയമായിരുന്നുവത്. അതിനടുത്ത് തന്നെയായിരുന്നു കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനും. എപ്പോഴും പോലീസിന്റെ സാന്നിധ്യമുണ്ടാവാം. എന്നിട്ടും കുഞ്ഞാലിയെ ഒരു ഭീതിയും പിടികൂടിയില്ല.
അയാള്‍ പെട്ടെന്ന് തന്നെ പ്രസംഗം തുടങ്ങി. ആളുകളെല്ലാം അയാളെ കേട്ടുകൊണ്ടിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന പാര്‍ട്ടി നേതാക്കളെ കുറിച്ച് പോലീസിന് വിവരം നല്‍കാന്‍ ചിലരെയൊക്കെ ചട്ടം കെട്ടിയിരുന്നു. അവരും അറിഞ്ഞു കുഞ്ഞാലി ചന്തയില്‍ പ്രത്യക്ഷപ്പെട്ട വിവരം. ഉടനെ തന്നെ അവരില്‍ പ്രധാനിയായ വ്യക്തിയെ ചിലര്‍ വിവരം അറിയിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.
കുഞ്ഞാലിയോ... കൂട്ടരെ ഓന്‍ ജീവനെ പേടിയില്ലാത്തോനാ.. ഓന്‍ പ്രസംഗിച്ച് കഴിഞ്ഞങ്ങ് പൊയ്‌ക്കോളും.
കുഞ്ഞാലി പ്രസംഗിച്ച് തീര്‍ന്ന ശേഷമാണ് അന്നും മടങ്ങിയത്.
എന്നാല്‍ കരുവാരക്കുണ്ടിലെ ഒളിവു ജീവിതം സുരക്ഷിതമല്ലാതായിക്കൊണ്ടിരുന്നു. ഒറ്റുകാര്‍ ധാരാളമുണ്ടായിരുന്നു. പലതിനേയും അതിജീവിക്കുകയായിരുന്നു. എങ്ങനെയെങ്കിലും അത് പാര്‍ട്ടി പ്രവര്‍ത്തകര്‍ മണത്തറിയും. ഉടനെ സന്ദേശം കുഞ്ഞാലിക്ക് കൈമാറും. അപ്പോള്‍ തന്നെ രക്ഷപ്പെടും, ഇതായിരുന്നു പതിവ്.
കുഞ്ഞാലിയുടെ താവളം കണ്ടെത്തി എന്നറിഞ്ഞാല്‍ പോലീസുകാര്‍ വലിയ സന്നാഹത്തോടെയാണ് വന്ന് വളയുക. ഒരിക്കല്‍ താവളത്തെക്കുറിച്ച് പോലീസിന് വിശ്വാസ്യയോഗ്യമായ കേന്ദ്രത്തില്‍ നിന്നു വിവരം കിട്ടി. പിടികൂടാന്‍ പോലീസ് ഫോഴ്‌സുണ്ട്. എന്നാല്‍ അവര്‍ക്ക് പ്രദേശത്തേക്ക് എത്തിച്ചേരാന്‍ മതിയായ വാഹനങ്ങളുണ്ടായിരുന്നില്ല. അപ്പോള്‍ ഒരു പ്രൈവറ്റ് ബസ് പെട്ടെന്ന് അറേഞ്ച് ചെയ്‌തു.
വിവരമങ്ങനെയോ പാര്‍ട്ടി സഖാക്കള്‍ അറിഞ്ഞു. മണ്ണൂര്‍ക്കര ഹസന്‍ എന്ന യുവാവ് കുഞ്ഞാലിക്കു വിവരം നല്‍കാന്‍ ഒരു സൈക്കിളില്‍ ആഞ്ഞു ചവിട്ടി. പോലീസ് ബസ് അവിടെ എത്തും മുമ്പെ ചെന്നെങ്കിലേ കുഞ്ഞാലിയെ രക്ഷിക്കാനാവൂ. അതിനായി കുറുക്കു വഴികളിലൂടെയായിരുന്നു അയാളുടെ യാത്ര. പോലീസ് ബസ് എത്തും മുമ്പെ ആ ചെറുപ്പക്കാരനവിടെ എത്തിച്ചേര്‍ന്നു. വിവരവും കൈമാറി.
പെട്ടന്ന് തന്നെ അവര്‍ അപ്രത്യക്ഷരായി. അതിന് ശേഷമെ പോലീസ് ബസെത്തിയുള്ളൂ. അവിടെമാകെ അരിച്ചു പൊറുക്കിയതല്ലാതെ അവര്‍ക്ക് നിരാശരായിമടങ്ങേണ്ടി വന്നു.
പോലീസ് വിളിച്ച പ്രൈവറ്റ് ബസിലെ ഡ്രൈവര്‍ കുഞ്ഞാലിയോട് കൂറുള്ളയാളായിരുന്നു. അപരിചിതരായ പോലീസുകാരെ കബളിപ്പിക്കാന്‍ അയാള്‍ മറ്റേതോ റൂട്ടുകളിലൂടെ ബസ് തിരിച്ചു വിട്ടു. സൈക്കിളില്‍ വിവരം നല്‍കാന്‍ പുറപ്പെട്ട വ്യക്തി അവിടെ എത്തിച്ചേരാനുള്ള സമയവും കുഞ്ഞാലിക്കും കൂട്ടര്‍ക്കും രക്ഷപ്പെടാനുള്ള സമയവും ഒരുക്കി കൊടുക്കുകയായിരുന്നു അയാള്‍.
പാറമ്മല്‍ മുഹമ്മദ് ഹാജിയുടെ വീട്ടിലെ താമസം സുരക്ഷിതമല്ലെന്ന് ബോധ്യമായ ഹാജി ഉടനെ മറ്റൊരു കേന്ദ്രം കണ്ടെത്താന്‍ ശ്രം തുടങ്ങി. അങ്ങനെയാണ് കരുവാരക്കുണ്ടിലെ കളരിക്കല്‍ നാരായണന്റെ വീട്ടില്‍ ഹാജി തന്നെ കുഞ്ഞാലിയേയും കൂടെയുണ്ടായിരുന്ന ചെറുണ്ണിയേയും കൊണ്ടാക്കിയത്. അവര്‍ക്ക് ഭക്ഷണവും തല്‍ക്കാലത്തേക്കുള്ള പണവും അയാള്‍ നല്‍കി.
തിരിച്ചു മടങ്ങുകയായിരുന്നു ഹാജിയാര്‍. വഴിയോരത്ത് വെച്ച് ഹോട്ടല്‍ വ്യാപാരിയായ മാനു തങ്ങളെ കണ്ടു. പലതും പറയുന്ന കൂട്ടത്തില്‍ അബദ്ധവശാല്‍ ഹാജിയുടെ വായയില്‍ നിന്നും കുഞ്ഞാലിയുടെ പേര് വീണുപോയി. മാനു തങ്ങള്‍ കുത്തികുത്തി ചോദിച്ചപ്പോള്‍ ഹാജിയാര്‍ കാര്യം പറഞ്ഞു.
എന്നാല്‍ അയാളൊരു കമ്മ്യൂണിസ്റ്റ് വിരോധിയായിരുന്നു. ആ വിവരം ഉടന്‍ പോലീസിന് കൈമാറി. അതുപ്രകാരമാണ് ഞൊടിയിടയില്‍ പോലീസ് നാരായണന്റെ വീട്ടില്‍ കുതിച്ചെത്തിയത്. കുഞ്ഞാലിക്കോ ചെറുണ്ണിക്കോ ഒന്നും ചെയ്യാനായില്ല. പിടി കൊടുക്കുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ