8/1/11
മോഷ്‌ടിക്കുന്ന കുട്ടികള്‍ മനോരോഗത്തിന്റെ പിടിയില്‍
മാധവന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുകയാണ്. `ഞാനിത്രനാളും സമ്പാദിച്ചതു മുഴുവന്‍ എന്റെ മകള്‍ക്കുവേണ്ടിയാണ് സാര്‍. ആണായിട്ടും പെണ്ണായിട്ടും ഞങ്ങള്‍ക്ക് അവള്‍ മാത്രമേയുള്ളൂ. അവള്‍ക്കൊരു കുറവും ഞങ്ങള്‍ വരുത്തിയിട്ടില്ല. അവളുടെ ഏതൊരാവശ്യവും നിറവേറ്റുന്നുണ്ട്. എന്നിട്ടും അവളെന്തിനുവേണ്ടി മോഷ്‌ടിക്കുന്നു. ആവശ്യത്തിന് പേനയും നോട്ടുബുക്കുകളുമൊക്കെ അവള്‍ക്കുണ്ട്. പക്ഷേ, മറ്റുകുട്ടികളുടെ പെന്‍സിലും പേനയും പുസ്‌തകങ്ങളുമൊക്കെ അവള്‍ മോഷ്‌ടിക്കുന്നു. കഴിഞ്ഞ ദിവസം ഒരു ബന്ധുവീട്ടില്‍ പോയപ്പോള്‍ അവിടുത്തെ കുട്ടിയുടെ കളര്‍പേനകള്‍ മോഷ്‌ടിച്ചു. മറ്റുള്ളവരുടെ മുന്നില്‍ ഞങ്ങള്‍ നാണംകെട്ടു. ആവശ്യത്തിലധികം കളര്‍പേനകള്‍ വീട്ടിലുണ്ട്. എന്നിട്ടും അവള്‍ എന്തിനുവേണ്ടി, ഇങ്ങനെ ചെയ്യുന്നുവെന്നാണ് എനിക്ക് മനസ്സിലാകാത്തത്. സുഹൃത്തായ ഒരു അധ്യാപകന്‍ പറഞ്ഞു ഇതൊരുതരം മനോരോഗമാണെന്ന്. ഇത് ശരിയാണോ ഡോക്‌ടര്‍. ഇതിനു പരിഹാരമില്ലേ.'
അധ്യാപകന്റെ നിഗമനം ശരിയായിരുന്നു. ശാരീരികമായി പൂര്‍ണ ആരോഗ്യവതിയായിരുന്ന ഈ പെണ്‍കുട്ടി ക്ലപ്‌റ്റോമാനിയ എന്ന അസാധാരണ മനോരോഗത്തിന്റെ പിടിയിലായിരുന്നു. സാധാരണ കൗമാര പ്രായത്തിലാണ് ഈ രോഗം പ്രകടമാകുന്നത്. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഒരുപോലെ കാണപ്പെടുന്ന ഈ രോഗം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. ഇവര്‍ മോഷ്‌ടിക്കുന്ന പലതും നിസ്സാര വസ്‌തുക്കളാകാം. ചിലപ്പോള്‍ വില കൂടിയവയും. വ്യക്തി വ്യത്യാസങ്ങള്‍ക്കനുസരിച്ച് മോഷ്‌ടിക്കുന്ന രീതിയിലും വ്യത്യസ്‌തതയുണ്ട്. ചിലര്‍ മോഷ്‌ടിച്ച് തിരിച്ചേല്‍പ്പിക്കുന്നു. ചിലര്‍ ഉപേക്ഷിക്കുന്നു. മറ്റു ചിലര്‍ വെറുതെ വിതരണം ചെയ്യുകയോ രഹസ്യമായി സൂക്ഷിച്ചുവയ്‌ക്കുകയോ ചെയ്യുന്നു. ഒരു പ്രത്യേക വസ്‌തുമാത്രം മോഷ്‌ടിക്കുന്ന രോഗികളുണ്ട്. ആ വസ്‌തു കണ്ടുകഴിഞ്ഞാല്‍ എത്ര ശ്രമിച്ചാലും അവര്‍ക്ക് മോഷ്‌ടിക്കാതിരിക്കാന്‍ കഴിയില്ല.
ഒരാളുടെ അറിവോ സമ്മതമോ കൂടാതെ അയാളുടെ ഏതെങ്കിലും വസ്‌തു എടുക്കുന്നതിനെയാണ് മോഷണം എന്നു പറയുന്നത്. മോഷണം ഒരു ദുര്‍ഗുണവും നിയമ വിരുദ്ധവുമാണ്. മോഷ്‌ടിച്ച വസ്‌തുവിന്റെ വലിപ്പമോ നിസ്സാരതയോ ഇതില്‍ പരിഗണിക്കാറില്ല. കുട്ടികള്‍ മറ്റൊരാളുടെ എന്തെങ്കിലും വസ്‌തുക്കള്‍ അനധികൃതമായി എടുത്താല്‍ അതിനെ മോഷണം എന്നു പറയാറില്ല.
സാഹചര്യങ്ങളാല്‍ മോഷണം ഒരു ജീവിതമാര്‍ഗമായി സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ സമ്പന്ന കുടുംബത്തില്‍പെട്ടവര്‍ മോഷ്‌ടിക്കാനിറങ്ങിയാലോ? അത്ഭുതം തന്നെ. ഇത്തരത്തില്‍ പ്രത്യക്ഷത്തില്‍ പ്രത്യേകിച്ചൊരു ഉദ്ദേശ്യവുമില്ലാതെ പെട്ടെന്നുള്ള പ്രേരണയ്‌ക്ക് വശംവദരായി ആവര്‍ത്തന സ്വഭാവത്തോടെ നടത്തുന്ന മോഷണത്തെയാണ് ക്ലപ്‌റ്റോമാനിയ എന്നുപറയുന്നത്.
ഇവര്‍ക്ക് അനിയന്ത്രിതവും ആവര്‍ത്തന സ്വഭാവത്തോടുകൂടിയതുമായ പ്രേരണ ആദ്യം അനുഭവപ്പെടും. ഒപ്പം മോഷണം നടത്തുന്നതിനുമുമ്പ് അമിതമായ ഉത്‌കണ്‌ഠയും ആകാംക്ഷയും ഉണ്ടാകും. മോഷണത്തിനു ശേഷം ശക്തമായ ആത്മബന്ധവും തൃപ്‌തിയും വൈകാരിക മൂര്‍ച്ചയും ഇവര്‍ക്കനുഭവപ്പെടുന്നു. അതായത് മോഷണത്തിനുമുമ്പ് അനുഭവപ്പെടുന്ന ആകാംക്ഷയും ടെന്‍ഷനും മോഷണാന്ത്യത്തില്‍ ആനന്ദമൂര്‍ച്ചയായിമാറുന്നു. ഇങ്ങനെ ആത്മസംതൃപ്‌തി കൈവരിക്കുന്ന ചില രോഗികളില്‍ രതിമൂര്‍ച്ചവരെ ഉണ്ടാകുന്നുണ്ട്.
പ്രവര്‍ത്തിക്കാനും പ്രതികരിക്കാനുമുള്ള പ്രേരണയെ മനഃശാസ്‌ത്രത്തിന്റെ ഭാഷയില്‍ ഇംപള്‍സ് എന്നാണ് പറയുന്നത്. ആരോഗ്യമുള്ള മനസ്സ് ഇത്തരം ഇംപള്‍സുകളെ നല്ല രീതിയില്‍ നിയന്ത്രിക്കുന്നു. എന്നാല്‍ അനാരോഗ്യമനസ്സിന് ഈ നിയന്ത്രണം അസാധ്യമായിത്തീരുന്നു. ഇംപള്‍സുകളെ നിയന്ത്രിക്കുന്നതില്‍ ദുര്‍ബലമായ മനസ്സിന്റെ കഴിവുകേടാണ് ക്ലപ്‌റ്റോമാനിയ പോലുള്ള മനോരോഗങ്ങള്‍ക്ക് കാരണമെന്നും കരുതപ്പെടുന്നു.
ആത്മനിന്ദയുടെ ഫലമായും ക്ലപ്‌റ്റോമാനിയ കാണപ്പെടുന്നു. മോഷണത്തിലൂടെ സ്വയം ശിക്ഷിക്കുന്ന ഇവരുടെ മനസ്സ് തീക്ഷ്‌ണമായ രോഗാവസ്ഥയിലായിരിക്കും.
അംഗീകാരവും ശ്രദ്ധയും നേടിയെടുക്കാനുള്ള ശ്രമങ്ങളിലൊന്നായി മനഃശാസ്‌ത്രജ്ഞര്‍ മോഷണവും വീക്ഷിക്കപ്പെടുന്നു. ടീച്ചറുടെ പ്രശംസ പിടിച്ചുപറ്റാനായി സഹപാഠിയുടെ പേന മോഷ്‌ടിച്ചുകളഞ്ഞുകിട്ടിയതാണെന്നു പറഞ്ഞ് ടീച്ചറെ ഏല്‍പ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഇതിനുദാഹരണമാണ്.
ആക്രമണ സ്വഭാവത്തിന്റെ ഒരു മുഖമായിട്ടും മോഷണം നടത്താറുണ്ട്. ഉന്മാദം, ചില അപസ്‌മാര രോഗങ്ങള്‍, ഹിസ്റ്റീരിയ, തലച്ചോറിനെ ബാധിക്കുന്ന ക്ഷതങ്ങള്‍, ബുദ്ധിമാന്ദ്യം തുടങ്ങിയവ പിടിക്കപ്പെട്ടവര്‍ പ്രത്യേകിച്ചൊരു ഉദ്ദേശ്യവുമില്ലാതെ ചിലപ്പോള്‍ മോഷണം നടത്തുന്നു.
മദ്യപാനത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരും ചിലപ്പോള്‍ ഈ സ്വഭാവ വൈകല്യം പ്രകടിപ്പിക്കാറുണ്ട്.
ക്ലപ്‌റ്റോമാനിയയെ സാരമായ ഒരു പ്രശ്‌നമായി തന്നെ കാണണം. ഈ വ്യവഹാരപ്രശ്‌നം കുട്ടികള്‍ക്കിടയില്‍ ഉണ്ടോ എന്ന് രക്ഷിതാക്കളും അധ്യാപകരും ഗൗരവപൂര്‍വം നിരീക്ഷിക്കേണ്ടതുണ്ട്. ക്ലപ്‌റ്റോമാനിയ ബാധിച്ച ചില കുട്ടികളെ `കള്ളന്‍' എന്നു പറഞ്ഞ് അടിച്ചും കളിയാക്കിയും കൊണ്ടുനടന്നാല്‍ മനോരോഗത്തിന്റെ കുഴികളിലേക്കായിരിക്കും അവര്‍ ചെന്നുചാടുന്നത്.
വീട്ടിലെ പ്രതികൂല സാഹചര്യങ്ങള്‍, അരക്ഷിതത്വബോധം, സാഹസബോധം, ലൈംഗിക തകരാറുകള്‍, അസന്തുഷ്‌ടി, കര്‍ശനമായ വിനയം തുടങ്ങിയവയാണ് മോഷണത്തിനുള്ള ചില പ്രധാന ഹേതുക്കളായി മനഃശാസ്‌ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്.
കുഞ്ഞുങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം നല്‍കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. വിദ്യാലത്തിലായാലും ഇതുതന്നെ വേണം. എങ്കിലേ കുട്ടിയില്‍ സുരക്ഷിതത്വബോധം ഉണ്ടാകൂ.
സുരക്ഷ ഉണ്ടായാല്‍ പോരാ. അതുണ്ടെന്ന ബോധം കുട്ടിയില്‍ ഉണ്ടാകണം. അതുപോലെ സ്‌നേഹബോധവും വളര്‍ത്തണം. മാതാപിതാക്കള്‍ തന്നെ സ്‌നേഹിക്കുന്നു എന്ന തോന്നല്‍ അവരിലുണ്ടാവണം.
കുഞ്ഞുങ്ങളില്‍ അവരുടെ വസ്‌തുക്കളും മറ്റുള്ളവരുടെ വസ്‌തുക്കളും എന്ന സങ്കല്‌പം പഠിപ്പിക്കണം. `എന്റേതെന്നും' `അവന്റേതെന്നു'മുള്ള സങ്കല്‌പം മനസ്സിലാക്കാന്‍ ചില കുട്ടികളില്‍ കാലതാമസം കണ്ടുവരാറുണ്ട്.
മറ്റൊരാളുടെ വസ്‌തുക്കള്‍ കുട്ടി മോഷ്‌ടിച്ചുകൊണ്ടുവന്നാല്‍ കുട്ടിയല്ലേ സാരമില്ല എന്ന നയം ശരിയല്ല. അതുപോലെ കുട്ടിയെ തല്ലിച്ചതയ്‌ക്കുന്ന രീതിയും തെറ്റാണ്. കുഞ്ഞുങ്ങളുടെ മനസ്സില്‍ ഒരിക്കലും മുറിവുകള്‍ വീഴാത്ത തരത്തില്‍ കൈകാര്യം ചെയ്യണം. സ്വാഭിമാനം കുട്ടികള്‍ക്കും ഉണ്ട്. മോഷ്‌ടിച്ച വസ്‌തുക്കള്‍ തിരിച്ചുനല്‍കാന്‍ പ്രേരിപ്പിക്കണം. മോഷണം തെറ്റാണെന്നും അതിന്റെ ദോഷങ്ങളെ പറ്റിയും സാവധാനത്തോടെ ഉപദേശിക്കണം. തെറ്റുകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.
സാഹസികത അനുഭവിക്കുന്നതരത്തിലുള്ള മത്സരങ്ങളിലും മറ്റു കളികളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നത് അവരിലെ സാഹസിക പ്രേരണയെ സംതൃപ്‌തിപ്പെടുത്താന്‍ സഹായിക്കും. അമിത വിനയം പുലര്‍ത്തുന്ന കുട്ടികളെ മനഃശാസ്‌ത്രപരമായ സമീപനത്തിലൂടെ നേരിടണം. പ്രായത്തിനനുസരിച്ച ലൈംഗിക വിദ്യാഭ്യാസം നല്‍കണം. സൈക്കോ തെറാപ്പി, ബിഹേവിയര്‍ തെറാപ്പി തുടങ്ങിയ നൂതന മനഃശാസ്‌ത്ര ചികിത്സകള്‍ ക്ലപ്‌റ്റോമാനിയക്ക് ഫലപ്രദമായി നല്‍കി വരുന്നുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
very informative. ippola arinje ithinu treatmeny undu enu
മറുപടിഇല്ലാതാക്കൂ