28/8/10

മരുഭൂമിയില്‍ നിന്ന്‌ മടങ്ങിയെത്തിയത്‌ ഈ ജീവനുകള്‍ മാത്രംരണ്ടുമാസം മുമ്പ്‌ ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ ഉടുതുണിമാത്രമെ കൊണ്ടോട്ടി ഒളവട്ടൂരിലെ റംലയുടെ കൈവശമുണ്ടായിരുന്നുള്ളൂ. സഊദി അറേബ്യയിലെ അബഹയില്‍ നിന്ന്‌ എങ്ങനെയാണ്‌ അവിടംവരെ എത്തിയതെന്നതിനെക്കുറിച്ച്‌ ആലോചിക്കാനെ ആവുന്നില്ല ആ മുപ്പത്തിയഞ്ചുകാരിക്ക.്‌ അവിടെനിന്നും എങ്ങനെ വീട്ടിലെത്തിപ്പെടുമെന്നും.... നാടോ വീടോ ഒരിക്കല്‍കൂടി കാണാനാവുമെന്നും നിനച്ചിരുന്നില്ല അവര്‍. 

എങ്കിലും മാതൃരാജ്യത്തെത്തിപ്പെട്ടതിന്റെ ആഹ്ലാദത്തോടെയും ജീവനെങ്കിലും തിരിച്ചുകിട്ടിയതിലുള്ള ആശ്വാസത്തോടെയും ദല്‍ഹി മലയാളികള്‍ക്ക്‌ മുമ്പില്‍നിന്നും അവര്‍ പൊട്ടിക്കരയുകയായിരുന്നു. അവരുടെ കാരുണ്യത്തിലാണ്‌ നാട്ടിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ്‌ പോലും ശരിയായത്‌. വഴിച്ചെലവിനുള്ള പണവും.ജൂണ്‍ ഇരുപത്തിരണ്ടാം തീയതി കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ മംഗള എക്‌സ്‌പ്രസില്‍ വന്നിറങ്ങുമ്പോള്‍ അവരുടെ കൈവശമുണ്ടായിരുന്നത്‌ 39രൂപ മാത്രം. കുഞ്ഞുങ്ങള്‍ക്ക്‌ ഒരുമിഠായിപൊതിപോലും വാങ്ങാന്‍കഴിയാതെ വിങ്ങിപ്പൊട്ടിയാണവര്‍ അവിടെനിന്നും വീട്ടിലേക്കു വണ്ടികയറിയത്‌.
ഗള്‍ഫ്‌ നാടുകളിലേക്ക്‌ വീട്ടുജോലിക്ക്‌ പോയി കബളിപ്പിക്കപ്പെടുകയും വീട്ടുതടങ്കലിലാക്കപ്പെടുകയും ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കുകയുമൊക്കെ ചെയ്‌തമലയാളി സ്‌ത്രീകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമുക്ക്‌ പുതുമയുള്ളതല്ല. അതെത്ര ഞെട്ടിക്കുന്നതായാലും കേള്‍ക്കാനും പിന്നെ മറക്കാനും പഠിച്ചവരാണ്‌ മലയാളികള്‍. തല്‍ക്കാലത്തേക്കൊരു പത്രവാര്‍ത്തക്കപ്പുറം അതിന്‌ ആയുസുമുണ്ടാകാറില്ല. പ്രതിവിധി നിര്‍ദേശിക്കുക ശ്രകരമാണെങ്കിലും പരിഹാരമാരായുന്ന ചര്‍ച്ചകളോ നടപടികളോ ഒരിടത്തുനിന്നും ഉണ്ടാവാറുമില്ല.

മുഴുപട്ടിണിയില്‍ നിന്ന്‌ അരപ്പട്ടിണിയിലേക്കെങ്കിലും കുടുംബത്തെ കരകയറ്റണമെന്ന വലിയ സ്വപ്‌നവുമായി മണല്‍ക്കാട്ടിലെത്തിപ്പെട്ട ഒരുവീട്ടമ്മ വര്‍ഷങ്ങള്‍ക്കിപ്പുറം കൈനിറയെ പണവുമായി തിരികെയെത്തിയതിന്റെ ചിത്രമാണ്‌ മുകളില്‍ വിവരിച്ചത്‌. അനേകരില്‍ ഒരാള്‍ മാത്രമാണവര്‍. വേറെ പലരുടെയും ദയനീയവും ദുരിതപൂര്‍ണവുമായ ഒട്ടനവധികഥകളും അവര്‍വെളിപ്പെടുത്തി. പലകാലങ്ങളില്‍ ദൈന്യതനിറഞ്ഞമുഖവുമായി പലരും നമ്മുക്കിടയിലേക്കിറങ്ങിവന്നു. ജോലി ചെയ്‌തിരുന്ന വീട്ടുകാരുടെ പീഡനങ്ങളില്‍ സഹികെട്ട്‌്‌ ജീവനുംകൊണ്ടോടിപോന്ന ആലപ്പുഴ ജില്ലക്കാരിയായ റഹീമയുടെ കഥനകഥയും പറഞ്ഞതും റംലയാണ്‌. ഗള്‍ഫില്‍ സ്‌പോണ്‍സറുടെ വീട്ടിലെത്തിയതുമുതല്‍ ശംബളമില്ലാതെ ഒന്നരവര്‍ഷത്തോളമാണ്‌ റഹീമ ജോലിചെയ്‌തത്‌. ശബളത്തെക്കുറിച്ച്‌ മിണ്ടിയാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. ആ ദുരിതപ്പുഴ താണ്ടി ഒടുവില്‍ കഴിഞ്ഞ ആഴ്‌ചയിലാണ്‌ അവര്‍ ജീവനുംകൊണ്ടോടി പോന്നത്‌.

ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട ഒടുവിലെത്തെ ഇരകളല്ല ഇവര്‍. രണ്ടുമാസത്തിനിപ്പുറം പിന്നെയും അത്തരം വാര്‍ത്തകള്‍ നമ്മെ അലോസരപ്പെടുത്തികൊണ്ടിരുന്നു. കുവൈറ്റില്‍ നിന്നും മസ്‌ക്കറ്റില്‍ നിന്നും അബൂദബിയില്‍ നിന്നുമൊക്കെയായിരുന്നവത്‌. അവക്ക്‌ അവസാനമായിട്ടില്ല. ഇനി ഉണ്ടാവുമോ..?

കല്‍പ്പറ്റക്കടുത്ത്‌ വെള്ളാരംകുന്നിലെ ബീക്കുട്ടിയുടെ കഥ അത്രപെട്ടന്ന്‌ മറാക്കാന്‍ കഴിയില്ല മലയാളികള്‍ക്ക്‌. ഭര്‍ത്താവ്‌ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഏകമകളുടെ ഭാവി സുരക്ഷിതമാക്കാനായി സഊദി അറേബ്യയിലെ ദമാമിലെത്തിപ്പെട്ടതായിരുന്നു അവര്‍. പതിനാല്‌ വര്‍ഷങ്ങളാണ്‌ അവര്‍ക്ക്‌ സ്‌പോണ്‍സറുടെ വീടുതന്നെ തടവറയായത്‌. അറബിയുടെമക്കളെ സുബഹിക്ക്‌ വിളിച്ചുണര്‍ത്തി, കുളിപ്പിച്ച്‌, ഭക്ഷണം നല്‍കി മദ്രസയില്‍ പറഞ്ഞ്‌ വിട്ട്‌, പതിനാല്‌ വര്‍ഷം ആ വീട്ടിലെ മുഴുവന്‍ ജോലികളും ചെയ്‌ത്‌ നടുവൊടിക്കേണ്ടിവന്നു അവര്‍ക്ക്‌. ശബളമുണ്ടായിരുന്നില്ല. നാടും വീടുമായി ബന്ധമില്ലാതെ, മാതൃഭാഷപോലും മറന്നുപോയി അവര്‍. ഒടുവില്‍ ദൈവത്തിന്റെ കാരുണ്യംകൊണ്ട്‌ മാത്രം വീടണഞ്ഞപ്പോഴുണ്ടായ സമ്പാദ്യവും സ്വന്തം ജീവന്‍ മാത്രമായിരുന്നു.

മണല്‍ക്കാട്‌ മലയാളിയുടെ സ്വപ്‌നഭൂമിയായിമാറിയിട്ട്‌ പതിറ്റാണ്ടുകള്‍ പലതായി. അറുപതുകളില്‍ തുടങ്ങിയ ആ പ്രയാണത്തെതുടര്‍ന്നാണ്‌ അറബിപൊന്നിന്റെ വരവോടെ മലയാളിവീടുകളുടെ മുഖച്ഛായതന്നെ മാറിയത്‌. വിദേശങ്ങളിലേക്ക്‌ തൊഴില്‍തേടി വിമാനം കയറുന്നവരുടെ കൂട്ടത്തില്‍ സ്‌ത്രീ സാന്നിധ്യം കണ്ടുതുടങ്ങിയത്‌ പിന്നെയും എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌. ആണുങ്ങളില്ലാത്ത വീടുകള്‍, ആണുങ്ങളുണ്ടായിട്ടും സ്‌ത്രീകള്‍ക്കും കുടുംബം പുലര്‍ത്തേണ്ടി വരുന്ന സാഹചര്യങ്ങള്‍,നിത്യവൃത്തിക്കു ഗതിയില്ലാത്തവര്‍,ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കപ്പെട്ടവര്‍, വിവാഹകമ്പോളത്തില്‍ വിലയിടിഞ്ഞുപോയവര്‍, അങ്ങനെ യുള്ളവരെല്ലാം മറുനാടുകളിലേക്കുള്ള യാത്ര തുടങ്ങി. അതോടെ ജീവിതം കരുപിടിപ്പിക്കുവാനായി കൂടുവിട്ടു പറന്നുപോകേണ്ടിവരുന്ന പെണ്‍ജന്മങ്ങള്‍ നിത്യകാഴ്‌ചയായി.

അടുത്തദേശത്തേക്ക്‌, അയല്‍രാജ്യത്തേക്ക്‌, വിദേശത്തേക്ക്‌ തൊഴില്‍തേടിയുള്ള മലയാളീ സ്‌ത്രീകളുടെ ഒഴുക്ക്‌ എന്നുമുണ്ടാകുന്നു. അതിന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്നാല്‍ തൊഴിലിടങ്ങളില്‍ അവര്‍എത്രമാത്രം സുരക്ഷിതരാണ്‌..? അവിടെ പറയപ്പെട്ട തൊഴില്‍തന്നെയാണോ ലഭിക്കുന്നത്‌.അതൊന്നും ആരും അറിയുന്നില്ല. അന്വേഷിക്കുന്നുമില്ല. അറിയാനോ അറിയിക്കാനോ പലപ്പോഴും സൗകര്യങ്ങളും ഉണ്ടാവുന്നില്ല. സ്വന്തംവീട്ടില്‍ സുരക്ഷിതയാണെന്ന്‌ പറയാന്‍ കഴിയാത്തവര്‍ അന്യരാജ്യത്ത്‌ എത്രമാത്രം സുരക്ഷിതരാവും...? അവര്‍ക്ക്‌ പിന്നീട്‌ എന്തുസംഭവിക്കുന്നു എന്നതിനെക്കുറിച്ചും കേള്‍ക്കുന്നില്ല.പലരും അകപ്പെട്ടകെണിയെക്കുറിച്ച്‌ പുറംലോകത്തോട്‌ പറയാന്‍ തയ്യാറാകുന്നുമില്ല.

അഭ്യസ്‌തവിദ്യരായ സ്‌ത്രീകള്‍ മുതല്‍ അക്ഷരജ്ഞാനമില്ലാത്തവര്‍വരെ ഇന്നും വിവിധ ഗള്‍ഫുരാജ്യങ്ങളിലെത്തിപ്പെടുന്നു. അവക്ക്‌ കൃത്യമായകണക്കുതന്നെയില്ല. മുപ്പതുലക്ഷം മലയാളികള്‍ വിദേശങ്ങളില്‍ അന്നം തിരഞ്ഞെത്തിയിട്ടുണ്ടെന്ന കണക്കുബുക്കില്‍ ഇവര്‍ക്കും ഇടമുണ്ടാകണം. ഇങ്ങനെ വിദേശങ്ങളിലെത്തിപ്പെടുന്ന ചില സ്‌ത്രീകള്‍ മാസങ്ങള്‍ക്കുമുമ്പേ തന്നെ ഒന്നും സംഭവിക്കാത്തതുപോലെ വീടുകളില്‍ തിരികെയെത്തുന്നു. ചിലരുടെ ജീവനില്ലാത്ത ശരീരങ്ങളും എവിടെനിന്നെങ്കിലും കണ്ടെടുക്കുന്നു. വേറെചിലര്‍ മനസ്‌നൊന്ത വേദനകളെക്കുറിച്ച്‌ തുറന്ന്‌ പറയാന്‍പോലുമാകാതെ വീട്ടകങ്ങളില്‍ കഴിഞ്ഞു കൂടുന്നു. ചിലരോ ഒരിക്കലും ജന്മദേശത്തേക്ക്‌ തിരിച്ചുവരാനാവാതെ ഏതൊക്കെയോ നിഗൂഢ ലോകത്ത്‌ നരകിച്ച്‌ ജീവിക്കുന്നു. ശരിയായ വിസയിലല്ല പലരേയും കയറ്റി അയക്കുന്നത്‌.സമാന്തര എംബസികള്‍ തുറന്നിരിക്കുകയാണ്‌ ഓരോ വിദേശരാജ്യത്തും മാഫിയകള്‍. ഇവരില്‍ പലരെപറ്റിയും വിവരങ്ങളില്ലാതെ കാത്തിരിപ്പു തുടരുന്ന കുടുംബങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്‌. 

എന്നാല്‍കുഴപ്പങ്ങളൊന്നുമില്ലാതെ വര്‍ഷങ്ങളായി വിവിധയിടങ്ങളില്‍ വ്യത്യസ്ഥജോലി ചെയ്യുന്നവരുമുണ്ട്‌.
തിരിച്ചെത്തുന്നവരിലധികപേരും ലൈംഗിക പീഡനങ്ങള്‍ക്കും ശാരീരിക പീഡനങ്ങള്‍ക്കും ഇരയാകുന്നുണ്ട്‌. സെക്‌സ്‌ മാഫിയകളുടെ കൈകളില്‍ അകപ്പെടുന്നവര്‍മാത്രമല്ല ഗള്‍ഫില്‍ വീട്ടുജോലിക്കായും മറ്റും എത്തുന്നവരും ഇതില്‍നിന്ന്‌ മുക്തരാവുന്നില്ല. ട്രാവല്‍ ഏജന്‍സികള്‍, സെക്‌സ്‌മാഫിയകള്‍, ലൈംഗിക ചൂഷകര്‍ ഇവരുടെ എല്ലാം മോഹവലയങ്ങളില്‍ അറിഞ്ഞോ അറിയാതെയോ വീണുപോകുന്നു ചില സഹോദരിമാര്‍.
കോഴിക്കോട്‌ കോര്‍പറേഷന്‍ പരിധിയില്‍ നിന്ന്‌ മാത്രം 2008-09 കാലയളവില്‍ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ 309 സ്‌ത്രീകള്‍ വ്യത്യസ്ഥ രീതിയിലുള്ള പീഡനങ്ങള്‍ക്കിരയായതായി വനിതാ കമ്മീഷനും കോര്‍പ്പറേഷനും നടത്തിയ സര്‍വേയില്‍ വ്യക്തമായിരുന്നു. ഇതില്‍ 155പേര്‍ ശാരീരിക പീഡനങ്ങള്‍ക്കും 130പേര്‍ മാനസിക പീഡനങ്ങള്‍ക്കും 33പേര്‍ സാമ്പത്തിക പീഡനങ്ങള്‍ക്കും ഇരയായതായി സര്‍വേ ചൂണ്ടികാട്ടുന്നു.

98ശതമാനവും ദാരിദ്ര്യരേഖക്ക്‌ താഴെയുള്ളവരായിരുന്നു. കടുത്ത ദാരിദ്ര്യം, ഭര്‍ത്താവിന്റെ അസുഖം, വിധവകള്‍, ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവരായിരുന്നു ഭൂരിഭാഗവും. 750പേര്‍ സ്വകാര്യ ഏജന്‍സി വഴിയും70പേര്‍ സര്‍ക്കാര്‍ സഹായത്തോടെയുമായിരുന്നു ഗള്‍ഫിലേക്ക്‌ പറന്നത്‌. 42പേരെ വിസയില്ലാതെയും ഏജന്‍സികള്‍ കയറ്റി അയച്ചു. 219പേര്‍ യാത്രക്കിടെ വിവിധ കബളിപ്പിക്കലിനിരയായി. 123പേര്‍ക്ക്‌ മാത്രമെ ഇന്ത്യന്‍ എംബസിയുടെ സഹായം ലഭ്യമായൊള്ളൂ. 1836പേര്‍ പോയതും വീട്ടുജോലിക്കായിരുന്നു. ഇതില്‍ 1684പേര്‍ക്കും പതിനായിരത്തില്‍ താഴെമാത്രമെ ശബളം ലഭിച്ചൊള്ളൂ. 2000സ്‌ത്രീകളില്‍ നടത്തിയ സര്‍വേയുടെ ഫലം മാത്രമാണിത്‌. ഇവരില്‍ 1707പേരും ഇനി ഒരിക്കലും വിദേശത്തേക്ക്‌ ജോലിതേടിപോകില്ലെന്നാണ്‌ ആണയിടുന്നത്‌. ഇത്‌ ഒരു കോഴിക്കോടിന്റെ മാത്രം ചിത്രമല്ല. കേരളത്തിന്റെ വിശിഷ്യാ മലബാറിന്റെകൂടി ചരിത്രമാണ്‌. കോഴിക്കോട്‌ കേര്‍പറേഷന്‍ പരിധിയില്‍ നിന്നുമാത്രം 2000 സ്‌ത്രീകള്‍ ഇത്തരത്തില്‍ വിദേശങ്ങളില്‍ ജോലിതേടിപോയിട്ടുണ്ടെങ്കില്‍ കേരളത്തില്‍ നിന്ന്‌ എത്രപേര്‍ പോയിട്ടുണ്ടാകണം...അവരില്‍ എത്രപേര്‍ക്ക്‌ വിവിധതരത്തിലുള്ള പീഡനങ്ങള്‍ക്ക്‌ ഇരയാകേണ്ടി വന്നിട്ടുണ്ടാകണം.... എന്നാല്‍ അവരെക്കുറിച്ചൊന്നും പഠനമോ പരിഹാരമോ ഉണ്ടാകുന്നില്ല.
ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ അഞ്ച്‌ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. 1970കളുടെ അവസാനത്തോടെയാണ്‌ ഈ അവസ്ഥക്കുമാറ്റം കണ്ടുതുടങ്ങിയത്‌. 1974-94 കാലഘട്ടത്തില്‍ സംസ്ഥാനത്തെ ജനസംഖ്യയില്‍ ദരിദ്രര്‍ 40.42 ശതമാനമായിരുന്നു. അത്‌25.43 ശതമാനമായി കുറഞ്ഞു. ഇന്ന്‌ കേരളം സാമ്പത്തിക വളര്‍ച്ചയിലും പ്രതിശീര്‍ഷ വരുമാനത്തിലും രാജ്യത്തെ മുന്‍നിര സംസ്ഥാനമായി മാറിയിരിക്കുന്നു. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്‌ ഗള്‍ഫ്‌ പണത്തിന്റെ വരവാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അതിന്റെതോത്‌ കൂടികൊണ്ടേയിരിക്കുന്നു. മൂന്ന്‌വര്‍ഷം മുമ്പ്‌ 25000 കോടിയായിരുന്നു സംസ്ഥാനത്തിന്റെ പ്രതിവര്‍ഷ ഗള്‍ഫ്‌ വരുമാനമെങ്കില്‍ ഇന്ന്‌ 40000 കോടിയായി ഉയര്‍ന്നിരിക്കുന്നു.
ഈ ഗള്‍ഫ്‌കാരില്‍ ഈ സ്‌ത്രീകള്‍ക്ക്‌ ഇടമുണ്ടോ എന്നറിഞ്ഞുകൂടാ. അധികൃത കണക്കെടുപ്പില്‍ ഇവരും ഉള്‍പ്പെട്ടിട്ടുണ്ടോ എന്തോ... എങ്കിലും ഈ വരുമാനത്തിന്റെ പെരുവെള്ളത്തിലേക്ക്‌ അവരുടേതായ പലതുള്ളിക്കും ഇടമുണ്ടായിരിക്കണം. കാരണം അവരും പ്രവാസികളാണല്ലോ.
ഗള്‍ഫ്‌കാരന്റെ വേദനകളും ആവശ്യങ്ങളും പ്രശ്‌നങ്ങളും എല്ലാം പലകാലങ്ങളില്‍ ചര്‍ച്ചചെയ്യുകയുണ്ടായി. ചെറിയ രീതിയിലെങ്കിലും അതിന്‌ പരിഹാരവുമുണ്ടായി. അവരുടെ മനസിന്റെ വിശാലതയെ പൊക്കിപ്പറഞ്ഞ്‌ നാട്ടുകാരും സര്‍ക്കാറും രാഷ്‌ട്രീയക്കാരും സംഘടനകളും പലവട്ടം ചൂഷണം ചെയ്‌തു. വികസനത്തിന്റെ പേരില്‍, ജീവകാരുണ്യത്തിന്റെ പേരില്‍. എന്നാല്‍ അവയിലെവിടെയും അരവയറൂണിന്റെ സമൃദ്ധി കിനാവ്‌ കണ്ടിറങ്ങിയ പാവം സ്‌ത്രീകളായ പ്രവാസികള്‍ ഉള്‍പ്പെട്ടിരുന്നില്ല.വിരഹത്തിന്റെ വേദനകളില്‍ ഒറ്റപ്പെട്ടുപോയവരുടെ നിലവിളികളും സങ്കടങ്ങളും വലിയ ചര്‍ച്ചക്കും ഇതുവരെ വിഷയമായിട്ടില്ല. സങ്കടങ്ങള്‍ക്ക്‌ പരിഹാരം കാണാനും ആരും മെനക്കെട്ടതുമില്ല.
നാട്ടുകാരുടേയും ബന്ധുക്കളുടേയും എതിര്‍പ്പുകളെ തൃണവത്‌കരിച്ചാണ്‌ പലരും യാത്രക്കൊരുങ്ങുന്നത്‌. മുന്‍കാല ചരിത്രങ്ങളും പലരുടേയും തിക്താനുഭവങ്ങളുമൊന്നും മിക്കവരേയും ഇരുത്തിചിന്തിപ്പിക്കാറില്ല. അവര്‍ക്കങ്ങനെയൊരനുഭവമുണ്ടായെന്ന്‌ കരുതി എല്ലാവരുടേതും അങ്ങനെയാവണമെന്നില്ലല്ലോ എന്നാണ്‌ യാത്രാവേളയില്‍ പലരും ചിന്തിക്കുന്നത്‌. ഭയപ്പാടോടെയാണെങ്കിലും പരീക്ഷണത്തിനായി സ്വയം സമര്‍പ്പിക്കുന്നു ചിലര്‍. ഒന്നിനേയും മുന്‍വിധിയോടെ കാണരുതെന്ന്‌ ഉപദേശിക്കാനും ധൈര്യം ചൊരിയാനും പ്രാപ്‌തരായ ഏജന്റുമാര്‍ തന്നെയാണ്‌ കെണിയൊരുക്കുന്നതും. സമ്പന്നരായി തിരിച്ചെത്തിയ പലരുടെയും ചരിത്രവും അവര്‍ക്ക്‌ നിരത്താനുമുണ്ടാകും. 

എന്നാല്‍ നാട്ടില്‍ തിരിച്ചെത്തിയവരുടെ കഥ പഴയതുപോലെ തന്നെയാണ്‌. ചിലരുടേത്‌ അതിലും ദയനീയവുമാണ്‌. പലരും കടംവാങ്ങിയും പലിശക്കെടുത്തും വീടിന്റെ ആധാരംപോലും പണയപ്പെടുത്തിയുമൊക്കെയാണ്‌ യാത്രക്കുള്ള പണം സംഘടിപ്പിച്ചത്‌. ഇതിനായുള്ള പരക്കംപാച്ചിലിനിടിയില്‍ കഴുത്ത്‌ നീട്ടികൊടുത്തിടത്തുനിന്നെല്ലാം ഉയരുന്നഭീഷണിയുടെ ശബ്‌ദങ്ങള്‍ അരക്ഷിതാവസ്ഥയിലാക്കിയ സ്‌ത്രീകളുടെ എണ്ണവും നിരവധിയാണ്‌.
കോഴിക്കോട്‌ മുഖദാറില്‍ നിന്ന്‌ വീട്ടുജോലിക്കായി പോയ യുവതി സ്‌പോണ്‍സറുടെ മൃഗീയ ക്രൂരതക്കാണ്‌ ഇരയായത്‌. 45 വയസായിട്ടും വിവാഹം കഴിച്ചിട്ടില്ലാത്ത സ്‌പോണ്‍സറുടെ ഇംഗിതത്തിന്‌ വിസമ്മതിച്ചപ്പോള്‍ സിഗരറ്റ്‌ കൊണ്ട്‌ ശരീരം മുഴുവന്‍ കുത്തിപൊള്ളിച്ചാണ്‌ അയാള്‍ കലിയൊടുക്കിയത്‌. ചിലര്‍ വിവാഹം കഴിക്കാമെന്ന്‌ പ്രലോഭിപ്പിക്കുകയും എല്ലാം കഴിയുമ്പോള്‍ കയ്യൊഴിയുകയും ചെയ്യുന്നു. നിലമ്പൂരിലെ 26 കാരിയായ യുവതി അങ്ങനെയാണ്‌ അഞ്ച്‌ വര്‍ഷത്തോളം സ്‌പോണ്‍സറുടെ വാക്കില്‍ മയങ്ങി വഴങ്ങിക്കൊടുത്തത്‌. ഒടുവില്‍ കറിവേപ്പിലപോലെ വലിച്ചെറിഞ്ഞപ്പോള്‍ നാട്ടിലേക്ക്‌ വണ്ടികയറേണ്ടിവന്നു. ഇന്ന്‌ വീട്ടുകാരുടെ ആട്ടും തുപ്പുംകേട്ട്‌ കഴിയേണ്ട ഗതികേടിലാണിവരെന്ന്‌ ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ പത്മനാഭന്‍ പറയുന്നു.
ചിലര്‍ വിവാഹത്തിനുമുമ്പാണ്‌ ഗള്‍ഫിലേക്ക്‌ പോകുന്നത്‌. പലരും വിദേശത്തുനിന്ന്‌ കണ്ടെത്തുന്ന ആരെയെങ്കിലുമൊക്കെ വിവാഹം കഴിക്കുന്നു.വീട്ടുകാര്‍പോലും അറിയുന്നില്ല ചിലബന്ധങ്ങള്‍. മലപ്പുറം വഴിക്കടവിലെ 26കാരി നാട്ടില്‍ മടങ്ങിയെത്തിയത്‌വരനെയും കൊണ്ടാണ്‌.വേറെ ഭാര്യയും മക്കളുമൊക്കെയുള്ള ആ മനുഷ്യനുമായി വിവാഹം നടത്തികൊടുക്കുകയെ വീട്ടുകാര്‍ക്ക്‌ നിവൃത്തിയുണ്ടായിരുന്നുള്ളൂ. കോഴിക്കോട്ട്‌ നിന്ന്‌ വിവാഹത്തിനുമുമ്പ്‌ ഗള്‍ഫിലേക്ക്‌ പോയ159 യുവതികളില്‍ 33പേരും ഗള്‍ഫില്‍വെച്ച്‌ വിവാഹിതരാവുകയായിരുന്നു. ഇതില്‍ ഇരുപത്‌പേര്‍ക്ക്‌ കുട്ടികളുമുണ്ട്‌.ഇവരുടെ പൗരത്വം സംബന്ധിച്ച തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്‌. വിദേശത്ത്‌ ജനിച്ചവരായതിനാല്‍ പലരും നാടുകടത്തല്‍ ഭീഷണിയേയും അഭിമുഖീകരിക്കുന്നു.
2009ല്‍ വനിതാ കമ്മീഷന്‍ കല്‍പ്പറ്റയില്‍ നടത്തിയ സിറ്റിംഗില്‍ രണ്ടുവീട്ടമ്മമാര്‍ കണ്ണീരോടെ കമ്മീഷന്‍ അംഗം രുഗ്മിണി ഭാസ്‌ക്കറിനോട്‌ വെളിപ്പെടുത്തിയത്‌ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. വയനാട്ടില്‍ നിന്നുള്ള നിരവധിപെണ്‍കുട്ടികളെ വീട്ടുജോലിക്കെന്നും പറഞ്ഞ്‌ കൊണ്ടുപോയവരില്‍ പലരും സെക്‌സ്‌ റാക്കറ്റിന്റെ കെണിയില്‍ അകപ്പെട്ടുപോയിട്ടുണ്ടെന്നായിരുന്നു അവര്‍വെളിപ്പെടുത്തിയത്‌. പലരുടേയും പ്രായം മുപ്പത്‌ വയസ്സില്‍ താഴെയായിരുന്നു.
കാര്‍ഷിക ഉത്‌പന്നങ്ങളുടെ വിലയിടിയുകയും ബേങ്ക്‌ കടവും വട്ടിപലിശയും കുന്നുകൂടുകയും ചെയ്‌തപ്പോള്‍ കൂട്ട ആത്മഹത്യയുടെ വക്കില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ കടല്‍ കടന്നുപോയവരില്‍ ചിലരാണ്‌ സെക്‌സ്‌ റാക്കറ്റുകളടെ കൈകളിലെത്തിപ്പെട്ടത്‌. അവരില്‍ നിന്നും എങ്ങനെയൊ രക്ഷപ്പെട്ടെത്തിയത്‌ രണ്ടുപേര്‍ മാത്രം. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയവര്‍ നാട്ടില്‍ തിരികെ എത്തി.ബാക്കിയുള്ളവരെക്കുറിച്ചൊന്നും ഇപ്പോഴും വിവരമില്ല.
തലസ്ഥാനത്തെ ഒരുട്രാവല്‍ ഏജന്‍സി കേന്ദ്രീകരിച്ച്‌ നടത്തിയിരുന്ന സെക്‌സ്‌മാഫിയകളുടെ വലയിലായിരുന്നു ഈ യുവതികള്‍ കുരുങ്ങിപോയത്‌. ഉയര്‍ന്ന ജോലിയും മോഹിപ്പിക്കുന്ന ശബളവുമായിരുന്നു ദുബൈയിലേക്കുള്ള വിസക്കൊപ്പം ഇവര്‍ക്കുണ്ടായിരുന്ന വാഗ്‌ദാനം. സ്വപ്‌നങ്ങളില്‍ പോലും നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളെക്കുറിച്ച്‌ കേട്ടപ്പോള്‍ മറ്റൊന്നും ആലോചിക്കാന്‍ ഇവര്‍ തയ്യാറായില്ല.
വയനാട്ടുകാരനായ ജോണി പീറ്റര്‍, വേണു, തിരുവനന്തപുരം സ്വദേശി ബാദുഷ, കര്‍ണാടക വീരാജ്‌പേട്ട സ്വദേശിയും ദുബായി കറാമസിറ്റിയില്‍ ജോലിചെയ്‌തിരുന്ന അബ്‌ദുല്‍കരീം എന്ന ഷമീറുമായിരുന്നു ഈ സംഘത്തിലെ സൂത്രധാരന്‍മാര്‍. ഇവരുടെ വലയില്‍ നേരത്തെ അകപ്പെട്ടുപോയവരായിരുന്നു വയനാട്ടുകാരി ഷീലയും സ്വപ്‌നയും തിരുവനന്തപുരത്തുകാരി സ്‌നേഹയും. പിന്നീട്‌ ഇവരും സംഘത്തിലെ സഹയാത്രികരായി. പുതിയഇരകളെ കുരുക്കുക( പുരുഷന്‍മാരെയും ) വിദേശത്തേക്ക്‌ കടക്കാന്‍ സ്വപ്‌നംകണ്ട്‌ നടക്കുന്ന പെണ്‍കുട്ടികളെ കണ്ടെത്തി വിദേശത്തേക്കെത്തിക്കുക. വലയിലകപ്പെട്ടവര്‍ രക്ഷപ്പെടാതെ കരുതലോടെ സൂക്ഷിക്കുക. തങ്ങളുമായി സഹകരിക്കാന്‍ മടിയുള്ളവരുടെ നഗ്നതപകര്‍ത്തി നീലകാസറ്റുകള്‍ സൃഷ്‌ടിക്കുക. അവവീട്ടുകാര്‍ക്ക്‌ അയച്ചുകൊടുക്കുമെന്ന്‌ ഭീഷണിപ്പെടുത്തി തനിക്കാക്കി ബടക്കാക്കുക. ഇതൊക്കെയായിരുന്നു ഇവരുടെ ജോലി. ഇവരെ എങ്ങനെയോ കബളിപ്പിച്ചാണ്‌ വയനാട്ടിലെ രണ്ട്‌ യുവതികള്‍ ജീവനും കൊണ്ടോടിപോന്നത്‌. 

സംഭവം വാര്‍ത്തയാവുകയും അന്വേഷണം ക്രൈംബ്രാഞ്ച്‌ ഏറ്റെടുക്കുകയും ചെയ്‌തു. ഈ സംഘത്തിലെമുഴുവന്‍ പ്രതികളെയും പിടികൂടി. രണ്ടുകേസുകളിലായി മൂന്നും നാലും പ്രതിയായിരുന്ന തിരുവനന്തപുരത്തുകാരി ഷീലയായിരുന്നു ഒടുവില്‍ പിടിയിലായത്‌. പലപെണ്‍കുട്ടികളെയും വലവീശിപ്പിടിക്കുകയും ഗള്‍ഫിലെത്തിച്ച്‌ പലര്‍ക്കായി കാഴ്‌ചവെക്കുകയും ചെയ്‌തതായി ഇവര്‍ അന്വേഷണസംഘത്തോട്‌ സമ്മതിക്കുകയുമുണ്ടായി. ഇതെല്ലാം കേവലം ഒരുചെറു സംഘത്തിലെ ചിലകണ്ണികള്‍ മാത്രം. ഇപ്പോഴും കണ്ണും തുറന്നിരിപ്പുണ്ട്‌ വേട്ടക്കാര്‍ പലവേഷത്തില്‍.എല്ലാം അറിഞ്ഞും ഒന്നുമറിയാതെയും ഇവരുടെ കൈകളില്‍ അകപ്പെടാന്‍ ഒരുങ്ങിയിരിക്കുന്ന ഇരകള്‍ ഇനിയുമുണ്ടാകും കാണാണറയത്ത്‌. നാളെത്തെ റംലയും റഹീമയുമാകാന്‍. 

വിദേശങ്ങളില്‍ ജോലിതേടിയെത്തുന്ന സഹോദരിമാര്‍ ചതിക്കപ്പെടുന്നില്ലെന്ന്‌ ഉറപ്പ്‌ വരുത്തേണ്ട ബാധ്യത പ്രവാസികാര്യവകുപ്പിനുണ്ട്‌. എന്നാല്‍ ഇതിനുവേണ്ട നടപടികളോ ബോധവത്‌കരണങ്ങളോ ഉണ്ടാകുന്നില്ല.എന്നാല്‍ തങ്ങള്‍ ശരിയായ യാത്രാരേഖകളുമായാണോ യാത്രചെയ്യുന്നതെന്ന്‌ ഉറപ്പ്‌ വരുത്തേണ്ട ബാധ്യത അവരവര്‍ക്ക്‌ തന്നെയാണ്‌. ഇടറി ജീവിക്കാനുള്ളതല്ല ജീവിതം. ഇടര്‍ച്ചകളെ അതിജീവിക്കാനുള്ളതാണ്‌.

8 അഭിപ്രായങ്ങൾ:

 1. മുമ്പ്‌ ഈ ബ്ലോഗില്‍ തന്നെകണ്ട പോസ്റ്റിന്റെ തുടര്‍ച്ച. കൂടുതല്‍ വിപുലവും ആധികാരികമായും പറഞ്ഞിരിക്കുന്നു. ഇത്‌ഒരുപാട്‌ സഹോദരിമാര്‍ക്കുള്ള പാഠമാണ്‌. പക്ഷേ ഇതെല്ലാം ആര്‌ ശ്രദ്ധിക്കാന്‍....? ആര്‌നടപടി സ്വീകരിക്കാന്‍....

  മറുപടിഇല്ലാതാക്കൂ
 2. പ്രവാസികളോടും അവരുടെ പ്രശ്‌നങ്ങളോടും പ്രത്യേക താത്‌പര്യം കാണിക്കുകമാത്രമല്ല ഹംസ ആലുങ്ങല്‍. ഇരകളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്‌. ഓരോ പോസ്റ്റിലും അത്‌ നിഴലിച്ചുകാണുന്നു. ഇതാണ്‌ ഹംസാ യഥാര്‍ഥ മനുഷ്യാവകാശ പ്രവര്‍ത്തനം. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം. തുടരുക...ഇത്തരം എഴുത്തുകള്‍...
  ആശംസകള്‍.
  ഒപ്പം ഒരുകാര്യംകൂടി.
  മുന്‍പോസ്റ്റിലെ ചിലകണക്കുകളും വാചകങ്ങളും ആവര്‍ത്തിച്ചുകണ്ടു. ആധികാരികതക്കുവേണ്ടിയാണെങ്കിലും ആവര്‍ത്തനം വായനക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്ന്‌ കരുതരുത്‌.
  അഹമ്മദ്‌കുട്ടി കക്കോവ്‌,

  മറുപടിഇല്ലാതാക്കൂ
 3. ഇതൊരു വിപ്ല്ലവത്തിന്റെ മാറ്റൊലിയാണ് ഹംസാ,നിങ്ങളെ പോലെയുള്ളവര്‍ ഈ തിന്മകള്‍ക്കെതിരെ ശബ്ദിക്കുമ്പോള്‍ തുറക്കാത്ത വാതിലുകള്‍ തുറക്കും.

  മറുപടിഇല്ലാതാക്കൂ
 4. വളരെ നല്ലതായ മാധ്യമപ്രവര്‍ത്തനം. ഇത്‌ ഒരുപാട്‌ സഹോദരിമാര്‍ക്കുള്ള പാഠമാണ്‌. തുടരുക
  എല്ലാവിധ ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 5. വളരെ നല്ലതായ മാധ്യമപ്രവര്‍ത്തനം. ഇത്‌ ഒരുപാട്‌ സഹോദരിമാര്‍ക്കുള്ള പാഠമാണ്‌. തുടരുct#m

  ഇതൊരു വിപ്ല്ലവത്തിന്റെ മാറ്റൊലിയാണ് ഹംസാ,നിങ്ങളെ പോലെയുള്ളവര്‍ ഈ തിന്മകള്‍ക്കെതിരെ ശബ്ദിക്കുമ്പോള്‍ തുറക്കാത്ത വാതിലുകള്‍ തുറക്കും

  പ്രവാസികളോടും അവരുടെ പ്രശ്‌നങ്ങളോടും പ്രത്യേക താത്‌പര്യം കാണിക്കുകമാത്രമല്ല ഹംസ ആലുങ്ങല്‍. ഇരകളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്‌. ഓരോ പോസ്റ്റിലും അത്‌ നിഴലിച്ചുകാണുന്നു. ഇതാണ്‌ ഹംസാ യഥാര്‍ഥ മനുഷ്യാവകാശ പ്രവര്‍ത്തനം. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം. തുടരുക...ഇത്തരം എഴുത്തുകള്‍...
  ആശംസകള്‍.
  ഒപ്പം ഒരുകാര്യംകൂടി.
  മുന്‍പോസ്റ്റിലെ ചിലകണക്കുകളും വാചകങ്ങളും ആവര്‍ത്തിച്ചുകണ്ടു. ആധികാരികതക്കുവേണ്ടിയാണെങ്കിലും ആവര്‍ത്തനം വായനക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്ന്‌ കരുതരുത്‌.

  മറുപടിഇല്ലാതാക്കൂ
 6. nannayi work cheythath manassilakunnund...
  siraj velliyazhchayil vayichu.... nalla post...
  pinne,
  postile last vachakam, cheliyilanu chavittunnath ennarinjittum enthinanu mankamar chavittan pokunnath? kazhuki kalayan kazhiyillennu varumbozhanu ee sentimens purath varunnath....
  thirichariv nashtapettavar pinne vilapikkunnathil valya karyamilla.

  മറുപടിഇല്ലാതാക്കൂ
 7. Mr.Hamsa,,,,,oru real journalist inte utharavadhitham nirvahichathil.....sandosham oppam appreciate you and motivating for more articles

  മറുപടിഇല്ലാതാക്കൂ
 8. SAMAGRAMAYA LEKHANAM...
  VASTHU NISHTAMAYA KANAKKUKAL....
  ENGANE ABHINANDHIKKANAMENNARAYILLA,
  ASHAMXAKAL........

  മറുപടിഇല്ലാതാക്കൂ