19/8/10

മണല്‍കാട്ടില്‍ മലയാളികള്‍ പുതിയ ചതിക്കുഴികളില്‍ ഭാഗം രണ്ട്‌

മങ്കട ചേരിയത്തെ ഗഫൂര്‍ (32) പതിമൂന്ന്‌ വര്‍ഷമായി ജിദ്ദയില്‍ ടാക്‌സി ഡ്രൈവറായിരുന്നു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വന്നുപോകും. പിതാവും വര്‍ഷങ്ങളായി ഇവിടെയായിരുന്നു. അദ്ദേഹം നല്‍കിയ വിസയിലാണ്‌ ഗഫൂറും ജിദ്ദയിലെത്തുന്നത്‌. 13 വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമാണ്‌ ഗഫൂര്‍ തന്റെ സ്‌പോണ്‍സറായ ജാബിര്‍ അഹമ്മദ്‌ ഉനൈനെ കാണുന്നത്‌. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഇഖാമ പുതുക്കിത്തരും. ഇന്‍ഷ്വറന്‍സ്‌ അടച്ചു തരും. എല്ലാം സ്‌പോണ്‍സറുടെ അനിയന്‍ ഈസാ അഹമ്മദ്‌ ഉനൈനായിരുന്നു. 

എന്നാല്‍ സ്‌പോണ്‍സറും അനിയനും തമ്മിലുണ്ടായ കുടുംബ വഴക്കിനു ബലിയാടായത്‌ ഗഫൂര്‍. ഇഖാമ പുതുക്കാനായപ്പോള്‍ പതിവുപോലെ സ്‌പോണ്‍സറുടെ സഹോദരനെ സമീപിച്ചു. 3000 റിയാല്‍ അതിനായും ഓഫീസിലെ അനന്തര നടപടികള്‍ക്കായി 600 റിയാലും കൊടുത്തു. പക്ഷേ ഇഖാമ പുതുക്കി നല്‍കിയില്ല. പണം കൈപ്പറ്റിയ ശേഷമാണ്‌ വിസ ഉറൂബ്‌ ചെയ്‌തകാര്യം തന്നെ പറയുന്നത്‌. ആകെ തകര്‍ന്നുപോയി ഗഫൂര്‍. സ്‌പോണ്‍സറുടെയും അയാളുടെ സഹോദരന്റെയും കാലുപിടിച്ചു കേണു നോക്കി. മനമിളകിയില്ല. എങ്ങനെയെങ്കിലും നാട്ടിലെത്തുക എന്നതായിരുന്നു പിന്നെ ലക്ഷ്യം. അതിനും സ്‌പോണ്‍സര്‍ തന്നെ കനിയണം. വിസ ക്യാന്‍സല്‍ ചെയ്‌തത്‌കൊണ്ട്‌ എയര്‍പോര്‍ട്ട ്‌വഴി കയറിപ്പോകാനാവില്ല. ജയില്‍വഴി വളരെ പെട്ടെന്ന്‌ കയറ്റിവിടാം എന്ന്‌ സമ്മതിച്ചത്‌ സ്‌പോണ്‍സര്‍ തന്നെയാണ്‌. പക്ഷേ അതിനായി 8000 റിയാല്‍ വേറെ സ്‌പോണ്‍സര്‍ക്ക്‌ നല്‍കണം. ഫ്‌ളൈറ്റ്‌ ടിക്കറ്റിനായി 800 റിയാലും കൊടുത്തു. ജിദ്ദാ ജയിലിനു പുറത്ത്‌ വെച്ചാണ്‌ ഈ തുകയും വിമാന ടിക്കറ്റും കൈമാറിയത്‌.

സ്‌പോണ്‍സര്‍ തന്നെ ജയിലില്‍ കൊണ്ടു വന്നു തള്ളി. പക്ഷേ എന്നിട്ടും അയാള്‍ വാക്ക്‌ പാലിച്ചില്ല. ജയിലിലേക്ക്‌ തിരിഞ്ഞു നോക്കിയുമില്ല. മൂന്നു മാസത്തെ നരകതുല്യമായ ജയില്‍ ജീവിതത്തിന്‌ ശേഷം ജീവനെങ്കിലും തിരിച്ചു കിട്ടിയ ആശ്വാസവുമായി കഴിഞ്ഞമാസം 26നാണ്‌ ഒടുവില്‍ ഗഫൂര്‍ നാട്ടില്‍ തിരിച്ചെത്തിയത്‌.
ഇങ്ങനെ സഊദികളുടെ കുടിപ്പകയില്‍ പോലും ഇരകളായി തീരാന്‍ വിധിക്കപ്പെടുകയാണ്‌ മലയാളികള്‍. സഊദി അറേബ്യയില്‍ സ്വദേശിവത്‌കരണത്തിന്റെ ഭാഗമായി വിദേശികളെ തുടച്ചുമാറ്റുന്നുവെന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. അതിനു സഹായകമാവുന്ന തരത്തില്‍ മാതൃരാജ്യത്തെ സഹായിക്കാനെന്നവണ്ണം സഊദി പൗരന്‍മാരും സംഘടിച്ചു തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാന്‍. ഇതിനു ഭരണകൂടത്തിന്റെ രഹസ്യ പിന്തുണയുണ്ടോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്‌. 



സഊദി അറേബ്യയില്‍ നിന്ന്‌ രണ്ടു ലക്ഷം വിദേശികളെ നിഷ്‌കാസനം ചെയ്യുകയെന്നതാണ്‌ സഊദി മന്ത്രാലയം ലക്ഷ്യമിടുന്നതത്രെ. അതിന്‌ സഹായകമാവുന്ന തരത്തിലാണിപ്പോള്‍ തുടരുന്ന പല പ്രവണതകളും. ഇങ്ങനെ ഉറൂബ്‌ ചെയ്‌ത വിസ പുനരാരംഭിക്കണമെന്നുള്ളവരെ പിഴിയാന്‍ മറ്റൊരു മാഫിയയും രംഗത്തുണ്ട്‌. ജവാസാത്തില്‍ പിടിപാടുള്ള മലയാളികള്‍ തന്നെയാണ്‌ ഇതിനു പിന്നില്‍. 8000 റിയാല്‍ നല്‍കിയാല്‍ അവരാകൃത്യം നിറവേറ്റിത്തരും.
വളാഞ്ചേരി കൊട്ടാരത്തെ വാലിയില്‍ മുഹമ്മദലിയുടെ കഥ മറ്റൊന്നാണ്‌. ഇരുപതു വര്‍ഷമായി ജിദ്ദയിലായിരുന്നു ഇയാള്‍. പലയിടത്തും, പല ജോലികളും ചെയ്‌തു. ഏഴുവര്‍ഷമായി ഒരുറൊട്ടിക്കടയിലായിരുന്നു. മുപ്പത്‌ ജോലിക്കാരിലൊരാള്‍. റൂമില്‍ നിന്നും വുളു എടുത്ത്‌ അസര്‍ നിസ്‌കാരത്തിനായി പള്ളിയിലേക്കു നടക്കുന്നതിനിടെയാണ്‌ മുത്തവ്വ(നിസ്‌ക്കരിക്കാത്തവരെ പിടികൂടുന്ന സംഘം) മാരുടെ വലയിലായത്‌. കൂടെ എട്ടുപേരുണ്ടായിരുന്നു. ഒരു ബംഗാളിയും ഏഴു യമനികളും. തങ്ങള്‍ പള്ളിയിലേക്ക്‌ നിസ്‌ക്കരിക്കാന്‍ പോവുകയാണെന്ന്‌ പറഞ്ഞിട്ടുകൂടി ചെവിക്കൊണ്ടില്ല അവര്‍. സാധാരണ നിലയില്‍ മൂന്നുതവണ മുത്തവ്വമാര്‍ പിടികൂടിയാലേ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈകൊള്ളൂ. എന്നാല്‍ ഈ ഒമ്പതംഗ സംഘത്തേയും ജയിലിലേക്ക്‌ അയക്കുകയായിരുന്നു.



 എല്ലാവരോടും കാരണം പറഞ്ഞത്‌ നിങ്ങളുടെ വിസ ഉറൂബ്‌ ചെയ്‌തതാണെന്നും. ആറു മാസങ്ങള്‍ക്ക്‌ മുമ്പായിരുന്നു മുഹമ്മദലി യാത്രാരേഖകള്‍ പുതുക്കിയത്‌. കൂടെയുണ്ടായിരുന്നവരുടെ കഥയും അതു തന്നെ. എന്നിട്ടും ഇതായിരുന്നു ഫലം. മൂന്നര മാസം ജയിലില്‍ കിടന്ന്‌ കഴിഞ്ഞ ശഅബാന്‍ ആറിനാണ്‌ മുഹമ്മദലി നാട്ടില്‍ തിരിച്ചെത്തിയത്‌.
അക്കരെ കാണുന്ന വെളിച്ചത്തിലേക്ക്‌ കപ്പല്‍ കയറിപ്പോയവര്‍ സമ്പന്നരായി തിരിച്ചെത്തുന്നത്‌ കണ്ടപ്പോഴാണ്‌ കേരളീയരെ കൂടുതലായി അവിടേക്ക്‌ ആകര്‍ഷിച്ചത്‌. മണല്‍ക്കാടുകള്‍ മലയാളിയുടെ സ്വപ്‌നഭൂമിയായി മാറിയത്‌ അങ്ങനെയാണ്‌. അറുപതുകളില്‍ തുടങ്ങിയ പ്രയാണത്തെ തുടര്‍ന്നാണ്‌ അറബി പൊന്നിന്റെ വരവോടെ മലയാളിവീടുകളുടെ മുഖച്ഛായ മാറിയത്‌. ഇന്നും 16 ലക്ഷത്തോളം മലയാളികളാണ്‌ ഗള്‍ഫ്‌ രാജ്യങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും അന്നം തിരയുന്നത്‌. അവരില്‍ പത്തു ലക്ഷം മുസ്‌ ലിംകള്‍ തന്നെയുണ്ട്‌. അവരയക്കുന്ന വിദേശ നാണ്യത്തിന്റെ സമൃദ്ധി തന്നെയാണ്‌ ഇന്നും മലയാളികളെ തീറ്റിപ്പോറ്റുന്നത്‌. ആ പ്രതീക്ഷയുടെ പുഴയില്‍ നിന്നാണ്‌ കൊടും ക്രൂരതകളുടെ ആര്‍ത്തനാദങ്ങള്‍ കേള്‍ക്കുന്നത്‌.



എന്നാല്‍ ഇത്‌ അവസാനിപ്പിക്കാനോ പ്രതീക്ഷയുടെ വാതിലുകള്‍ തുറന്നു തരുന്നതിലോ ഇന്ത്യന്‍ നയതന്ത്ര വിഭാഗത്തില്‍ നിന്നു നടപടി ഉണ്ടാകുന്നില്ല. ഇന്ത്യന്‍ എംബസിക്കാരും കഴിവുകെട്ടവരാണെന്ന്‌ ഓരോ തവണയും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും അനുഭവസ്ഥരായ മലയാളികള്‍ പറഞ്ഞു. വിദേശകാര്യ സഹമന്ത്രി ശശി തരൂരില്‍ നിന്നും മുന്‍ വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദില്‍ നിന്നും ലഭിച്ചതും പ്രതീക്ഷയുടെ മറുപടികളായിരുന്നില്ല. ഇന്ത്യന്‍ എംബസിയുടെ കൊള്ളരുതായ്‌മയിലേക്കും വിദേശ സഹമന്ത്രിമാരുടെ അവഗണനകളെക്കുറിച്ചും ഉടനെമൂന്ന്‌

ജിദ്ദാ ജയിലിന്റെ മൂന്ന്‌ നാല്‌, അഞ്ച്‌ സെല്ലുകളുടെ ചുമരുകളില്‍ പലയിടത്തായി വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ അഹമ്മദിന്റെയും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെയും എം പി മാരുടേയും ടെലഫോണ്‍ നമ്പരുകള്‍ വലിയ അക്കങ്ങളില്‍ എഴുതി വെച്ചിട്ടുണ്ട്‌. പലയിടത്തായി. പുതുതായി എത്തുന്ന ഇരകള്‍ക്ക്‌ എത്രയും പെട്ടെന്നു ബന്ധപ്പെടാന്‍ സഹായകമാവുമെങ്കില്‍ ആവട്ടെയെന്ന്‌ കരുതി ആരോ കോറിയിട്ടതാണാ നമ്പരുകള്‍. ഇതുപോലെ തമിഴ്‌നാട്ടിലേയും യു പിയിലേയും എം പി മാരുടേയും കേന്ദ്രമന്ത്രിമാരുടെയും നമ്പറുകളുമുണ്ട്‌. പോലീസിന്റെ കണ്ണുവെട്ടിച്ച്‌ ആരെങ്കിലും ജയിലിനകത്തേക്കു മൊബൈലുമായെത്തിയാല്‍ ഈ നമ്പരുകളില്‍ അവരെല്ലാം വിളിക്കാറുണ്ട്‌. ഏറെ പ്രതീക്ഷയോടെ. പലര്‍ക്കും, പലവട്ടം.

ഒരിക്കല്‍ ഇ അഹമ്മദ്‌, വിദേശ സഹമന്ത്രിയായിരിക്കെ, ജിദ്ദയിലെത്തി. ഇതറിഞ്ഞപ്പോള്‍ വയനാട്ടിലെ മുസ്‌ലിം ലീഗ്‌ സജീവപ്രവര്‍ത്തകനും ജിദ്ദയില്‍ കെ എം സി സി യുടെ പ്രവര്‍ത്തകനുമായിരുന്ന യുവാവ്‌ ജയിലില്‍ വെച്ച്‌ ഇ അഹമ്മദിനെ വിളിച്ചു. ഇയാള്‍ ഒമ്പത്‌ മാസത്തിലേറെയായി ജയിലില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. കൂടെയുള്ള 200 ഓളം മലയാളികള്‍ക്കു വേണ്ടികൂടിയാണ്‌ അയാള്‍ സംസാരിച്ചത്‌. സഹ തടവുകാരെല്ലാം മന്ത്രിയുടെ സാന്ത്വനവാക്കിനും ആശ്വാസകരമാവുന്ന ഒരു തീരുമാനത്തിനും കാതോര്‍ത്തു.
എന്നാല്‍ താന്‍ ഹജ്ജ്‌ ക്വാട്ടയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്‌ ഇവിടെയെത്തിയതെന്നും അതിനിടയില്‍ നിങ്ങളുടെ കാര്യം ചര്‍ച്ച ചെയ്യാനാവില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടിയെന്നു കൂടെയുണ്ടായിരുന്ന മങ്കടയിലെ ഗഫൂര്‍ പറയുന്നു. ഇതോടെ എല്ലാവരും നിരാശരായി. പിന്നീട്‌ ശശി തരൂര്‍ വിദേശകാര്യ സഹമന്ത്രിയായപ്പോഴും സഹായത്തിനായി അവര്‍ വിളിച്ചു. തങ്ങള്‍ സ്‌പോണ്‍സറുടെ അരികില്‍ നിന്ന്‌ ചാടിപ്പോയി എന്ന കുറ്റം ചുമത്തിയാണ്‌ പിടികൂടിയിരിക്കുന്നതെന്നും പറഞ്ഞു. അപ്പോള്‍ നിങ്ങളെന്തിനാണ്‌ ചാടിപ്പോയതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സത്യം അതല്ലെന്നും തങ്ങള്‍ കബളിപ്പിക്കപ്പെട്ടവരാണെന്നും കരഞ്ഞുപറഞ്ഞിട്ടും വിദേശകാര്യമന്ത്രിയതു ചെവികൊണ്ടില്ല. ഒരു നടപടിയും സ്വീകരിച്ചതുമില്ല.
തമിഴ്‌നാട്ടില്‍നിന്നുള്ള എം പിയും എഴുത്തുകാരിയുമായ കനിമൊഴിക്കും ചില തമിഴ്‌ സുഹൃത്തുക്കളുടെ സഹായത്തോടെ അവര്‍ വിളിച്ചു. അവര്‍ സംസാരിക്കാന്‍ തയ്യാറായി. മാന്യമായി ഇടപെടുകയും വേണ്ടതു ചെയ്യാമെന്ന ഉറപ്പ്‌ നല്‍കുകയും ചെയ്‌തു. പ്രശ്‌നം പാര്‍ലിമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്താനും അവര്‍ ഒരുക്കമായി. അയല്‍നാട്ടുകാരിയായ കനിമൊഴിയുടെ കാരുണ്യം പോലും കേരളത്തിലെ മന്ത്രിമാരില്‍ നിന്നുമുണ്ടായില്ലെന്നും ഇവര്‍ രോഷമടക്കി പറയുന്നു.
ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ ഏറ്റവും മോശമാണെന്ന്‌ അനുഭവത്തിലൂടെ പറയാനാവുന്ന എത്രയോ പേര്‍ ജയിലിനകത്തും പുറത്തുമുണ്ട്‌. ഒരു തെറ്റും ചെയ്യാതെ, സ്‌പോണ്‍സറുടെ ചതിവില്‍ കുരുങ്ങിപ്പോയതിനു ഒമ്പതു മാസമാണ്‌ വയനാട്ടിലെ ഇഖ്‌ബാലിന്‌ ജയിലില്‍ കഴിയേണ്ടിവന്നത്‌. എംബസിയുടെ ഇടപെടലുണ്ടായിരുന്നുവെങ്കില്‍ ഒരു മാസംകൊണ്ടു നാട്ടിലെത്താന്‍ കഴിയുമായിരുന്നുവെന്നു വിശ്വസിക്കുന്നു ഇയാളും ബന്ധുക്കളും. പുലാമന്തോള്‍ കുരുവമ്പലത്തെ മുനീര്‍ ജയിലഴിക്കുള്ളിലായിട്ട്‌ ആറു മാസം കടന്നു. ഇന്നും കണ്ണീരുമായി കാത്തിരിക്കുന്ന കുടുംബം മകന്റെ മോചനത്തിനായി മുട്ടാത്തവാതിലുകളില്ല. എന്നിട്ടും മോചനം മാത്രം അകലെയാണ്‌.

തിരുവന്തപുരത്തെ യാസര്‍ മുഹമ്മദിന്റെ മോചനം അനന്തമായി നീളുന്നത്‌ സഊദി അധികൃതരുടെ ചെറിയൊരനാസ്ഥകൊണ്ടാണ്‌. യാത്രാരേഖകള്‍ ചോദിച്ചപ്പോള്‍ ഇയാള്‍ പാസ്‌പോര്‍ട്ട്‌ പോലീസുകാരെ ഏല്‍പ്പിച്ചു. എന്നാല്‍ അത്‌ അധികൃതര്‍ നഷ്‌ടപ്പെടുത്തുകയായിരുന്നു. പിന്നീടത്‌ പറഞ്ഞപ്പോള്‍ നിഷേധിച്ചു. തീര്‍ത്ത്‌ പറഞ്ഞപ്പോള്‍ പോലീസുകാരന്‍ ബെല്‍റ്റൂരി അടിക്കുകയായിരുന്നു. ആലപ്പുഴക്കാരന്‍ ഷാജഹാനും കായംകുളത്തെ നസീറും പെരുമ്പാവൂരിലെ സതീഷും കൊടിഞ്ഞിയിലെ അബ്ബാസും മറ്റും പറയുന്നതും സമാനമായ കഥകള്‍ തന്നെ. എംബസിയുടെ ഉചിതമായ ഇടപെടലുണ്ടാവുകയും ശക്തമായ നിലപാടെടുക്കുകയും ചെയ്‌താല്‍ ഇത്തരം ദുരനുഭവങ്ങള്‍ ഒഴിവാക്കാനാവുമെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ എംബസിക്കറിയാഞ്ഞിട്ടല്ല. അവരെ കൃത്യമായി അറിയിക്കുന്നുമുണ്ട്‌. എന്നാല്‍ ജയിലില്‍ മൂന്നാം സെല്ലില്‍ കഴിയുന്നവരുടെ കാര്യത്തില്‍ തങ്ങള്‍ക്ക്‌ ഇടപെടാന്‍ കഴിയില്ലെന്നാണ്‌ അവരുടെ വിശദീകരണം.
ഫിലിപ്പൈന്‍സ്‌, സുഡാന്‍, യമന്‍, പാക്കിസ്ഥാന്‍ എംബസികള്‍ വളരെ ശക്തമാണെന്നു പറയുന്നു കോട്ടക്കല്‍ ചെറുശ്ശോലയിലെ അബ്‌ദുള്‍നാസര്‍. ഇന്ത്യക്കാരുടെ ഇതേ പ്രശ്‌നങ്ങളനുഭവിക്കുന്ന ഇവരെല്ലാം രണ്ടാഴ്‌ചക്കുള്ളില്‍ ജയില്‍ മോചിതരാകുമ്പോഴാണ്‌ ഇന്ത്യക്കാര്‍ ആറു മാസവും ഒരുവര്‍ഷവും കിടക്കേണ്ടി വരുന്നത്‌. ഇന്ത്യന്‍ എംബസിയും പ്രവാസി മന്ത്രാലയവും കഴിവുകെട്ടവരാണന്നല്ലേ ഇത്‌ തെളിയിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
ഇന്ത്യന്‍ എംബസിയില്‍ നിന്നു ജയില്‍ അധികൃതര്‍ക്കു കെമാറേണ്ട സുപ്രധാന രേഖകള്‍ പോലും പാക്കിസ്ഥാന്‍ എംബസിക്കാരുടെ കൈകളില്‍ കൊടുത്തയക്കുന്ന ഉത്തരവാദിത്വമില്ലായ്‌മയും എംബസി അധികൃതര്‍ കാണിക്കുന്നത്‌ താന്‍ കണ്ടിട്ടുണ്ടെന്നും അബ്‌ദുല്‍ നാസര്‍ പറഞ്ഞു. ഇവിടെ പ്രധാന തസ്‌തികയിലുള്ളവരെല്ലാം ഹൈദരാബാദ്‌, കല്‍ക്കത്ത സ്വദേശികളാണ്‌. അപ്രധാന തസ്‌തികയിലുള്ള മലയാളികള്‍ക്കോ കേരളീയര്‍ക്കായി ശബ്‌ദിക്കാന്‍ നേരവുമില്ല. പിന്നെ എങ്ങനെ ശരിയാവും?

ജയിലധികൃതരുടെ സമീപനവും മൃഗീയമാണ്‌. അബൂഗുറൈബ്‌ ജയിലിലെ പീഡനംപോലെ പൈശാചികവുമാണ്‌ മര്‍ദനം. 500 പേരെ ഉള്‍ക്കൊള്ളുന്ന സെല്ലുകളില്‍ 1200 പേരെങ്കിലും ഉണ്ടാകും. കൊടും ചൂടിലും എ സിയില്ല. പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ ടോയ്‌ലറ്റുകള്‍ പോലുമില്ല. ഉള്ളവക്കു വാതിലില്ല. അതിനകത്തേക്ക്‌ കടക്കുമ്പോഴേക്ക്‌ ഛര്‍ദിക്കാന്‍ വരും. ഗതി മുട്ടുമ്പോള്‍ അതിനകത്തും പ്രാഥമിക കൃത്യം നിര്‍വഹിക്കേണ്ടിവരുന്നു. കുളിക്കേണ്ടതും ഇതിനകത്തു തന്നെ. അതിനും രാവിലെ മുതല്‍ ഊഴം കാത്തു നില്‍ക്കണം. ചിലപ്പോള്‍ തിരക്ക്‌ കൂടുമ്പോള്‍ ഉപയോഗിക്കാത്ത കക്കൂസിനകത്ത്‌ ഉടുമുണ്ടഴിച്ചു വിരിച്ചു കിടക്കേണ്ടിവന്ന അനുഭവം പറയുന്നു കരിങ്കല്ലത്താണിയിലെ യൂസുഫ്‌. കിടന്നാലും ഉറക്കം വരില്ല. കത്തുന്ന ചൂടിന്‌ ആശ്വാസം തേടി വാട്ടര്‍ ബോട്ടിലുകള്‍ നെടുകെകീറി അതു വിശറി രൂപത്തിലാക്കി വീശിക്കൊണ്ടിരിക്കും. അങ്ങനെ തളര്‍ന്നു തളര്‍ന്നുഅല്‍പ്പമൊന്ന്‌ മയങ്ങിയെങ്കിലായി.
പാക്കിസ്ഥാനികളും ബംഗ്ലാദേശികളും സുഡാനികളും ഇന്തോനേഷ്യക്കാരും, ലോകത്തിലെ ഏതാണ്ടെല്ലാ രാഷ്‌ട്രക്കാരും സംഗമിക്കുന്നു ഇവിടെ. കയ്യൂക്കുള്ളവനാകുന്നു കാര്യക്കാരന്‍. കുടിവെള്ളത്തിന്റെ പേരില്‍, ഭക്ഷണത്തിന്റെ പേരില്‍, കക്കൂസില്‍ പോകുന്നതിന്‌ എല്ലാം സംഘര്‍ഷമുണ്ടാകുന്നു. ദിവസത്തില്‍ നാലോ അഞ്ചോ തവണയെങ്കിലും ഇതു പതിവ്‌. സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ മാത്രമേ ജയിലധികൃതരറിയുന്നുള്ളൂ. അവരുടെ അടുക്കലെത്തിയാല്‍ ആരാണ്‌ തെറ്റുകാരെന്ന ചോദ്യമില്ല, എല്ലാവര്‍ക്കും ലഭിക്കും ബെല്‍റ്റൂരിയടി. അത്‌ ചിലപ്പോള്‍ ബൂട്ടിട്ട കാലുകള്‍കൊണ്ടുള്ള ചെവിട്ടിമെതിക്കലുമാകുമെന്ന്‌ അഞ്ചച്ചവടിയിലെ കുന്നത്ത്‌ ശിഹാബുദ്ദീന്‍ പറയുന്നു.
ജയിലില്‍ മതിയായ ചികിത്സയില്ല. ആര്‍ക്കെങ്കിലും അസുഖങ്ങളുണ്ടെന്ന്‌ അറിയിച്ചാല്‍ മണിക്കൂറുകള്‍ പലതു കഴിഞ്ഞാവും ജയിലധികൃതര്‍ തിരിഞ്ഞു നോക്കുന്നത്‌ പോലും. ഒതുക്കങ്ങലിലെ മുഹമ്മദ്‌ക്ക കഴിഞ്ഞമാസം മരിച്ചു. ഹൃദായാഘാതമായിരുന്നു. വിവരം സഹ തടവുകാര്‍ ഉടനെ തന്നെ പോലീസുകാരെ അറിയിച്ചു. പക്ഷേ രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ്‌ പോലീസുകാരെത്തിയത്‌. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ചെമ്മാട്ടുകാരനായ അന്‍പതുകാരനും സമാനമായ അനുഭവമുണ്ടായി. അയാള്‍ കുഴഞ്ഞുവീണു, വായയിലൂടെ നുരയും പതയും വന്നു. കൂടെയുള്ളവര്‍ ഭയന്നു നിലവിളിച്ച്‌ പോലീസുകാരെ അറിയിച്ചുവെങ്കിലും ആളെത്താന്‍ മണിക്കൂറുകള്‍ പലതെടുത്തു. അയാള്‍ ഇന്നും അത്യാസന്ന നിലയില്‍ ചികിത്സയിലാണ്‌. ജയിലില്‍ വെച്ച്‌ ആരെങ്കിലും മരിച്ചാല്‍ എംബസിയെപ്പോലും അറിയിക്കില്ല. ഖബറടക്കവും ആരുമറിയാതെ നടത്തുകയാണ്‌ പതിവ്‌.
ഇങ്ങനെ കടുത്ത പീഡനങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും തടവറയിലാണിവര്‍ കഴിഞ്ഞ്‌ പോരുന്നത്‌. ഈ ഭൂമിയിലെ നരകത്തിലാണ്‌ ഒരു വര്‍ഷവും ആറുമാസവും ചെലവഴിക്കപ്പെടാന്‍ പ്രവാസികള്‍ നിര്‍ബന്ധിതരാകുന്നത്‌. ഇറാഖിലും ഫലസ്‌ത്തീനിലും ഇസ്രാഈലിലും മനുഷ്യാവകാശ ലംഘനങ്ങളുണ്ടാകുമ്പോള്‍ അതിനെതിരെ ധര്‍മരോഷംകൊള്ളുന്നു മലയാളികള്‍. കൊടി പിടിച്ച്‌ തെരുവിലിറങ്ങുന്നു രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍. എന്നാല്‍ കൂട്ടത്തില്‍ ചിലര്‍ മൃഗീയ പീഡനങ്ങള്‍ക്കും സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും വിധേയരാകുമ്പോള്‍ ഇവിടെ ആരുടെയും സിരകളില്‍ ചോര തിളക്കുന്നില്ല. ഇതൊന്നും ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു വാര്‍ത്തപോലുമാകുന്നുമില്ല.

നാല്‌

അരീക്കോട്‌ താഴത്തങ്ങാടിയിലെ കപ്പച്ചാലില്‍ അബ്‌ദുല്ലയുടെ മകന്‍ മുനീബിന്റ കുടുംബം വാടകവീട്ടിലാണ്‌ ഇപ്പോള്‍ കഴിയുന്നത്‌. മൂന്ന്‌ മാസമായി ഇയാള്‍ ജയിലിലായിട്ട്‌. അതോടെ കുടുംബത്തിന്റെ വരുമാനം മുട്ടി. ഭാര്യയും നാലു കുട്ടികളുമിപ്പോള്‍ കഴിയുന്നത്‌ നാട്ടുകാരുടെ കനിവിലാണ്‌. ഒന്‍പതിലും എട്ടിലും അഞ്ചിലും ഒന്നിലും പഠിക്കുന്ന നാലു കുട്ടികള്‍. അവരുടെ പഠനം, വീട്ടുചെലവ്‌, വാടക. എല്ലാത്തിനും എന്തുചെയ്യുമെന്നും ഇനിയും എത്രനാള്‍ നാട്ടുകാരുടെയും ബന്ധുക്കളുടെയും കനിവുണ്ടാകുമെന്നുമറിയാതെ നെടുവീര്‍പ്പിടുകയാണ്‌ മുനീബിന്റെ ഭാര്യ ഹാജറ.

കരിങ്കല്ലത്താണിയിലെ യൂസുഫിന്റെ വീടിന്റെ ആധാരം പോലും പണയത്തിലാണ്‌. ഭാര്യയുടെ കഴുത്തിലും കാതിലുമുണ്ടായിരുന്ന ആഭരണങ്ങളും വിസക്ക്‌ വേണ്ടി കലങ്ങിപ്പോയി. ഇപ്പോള്‍ കൂലിവേലക്കുപോകുകയാണിയാള്‍. വെള്ളുവമ്പ്രത്തെ ഹസന്‍ ആറു മാസമായി ജയിലിലാണ്‌. ഇയാളുടെ മാനസികനില പോലും തകര്‍ന്നിരിക്കുന്നു. പറയുന്ന വാക്കുകള്‍ക്കു പരസ്‌പര ബന്ധമുണ്ടാവില്ല. ഒരിക്കല്‍ പറഞ്ഞതാവില്ല പിന്നെ പറയുന്നത്‌. എല്ലാവരെയും എപ്പോഴും തിരിച്ചറിയണമെന്നുമില്ല. എങ്ങനെ സമനിലതെറ്റാതാകും? വളരെ കഷ്‌ടപ്പെട്ടാണയാള്‍ ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം ഉരുക്കി തൂക്കി സഊദിയില്‍ ഒരു ബൂഫിയ തുടങ്ങിയത്‌. പലരില്‍ നിന്നും കടവും വാങ്ങിയിരുന്നു. സ്ഥാപനം പച്ച പിടിക്കുന്നതുകണ്ട സ്‌പോണ്‍സര്‍ക്ക്‌ ബൂഫിയ സ്വന്തമാക്കാന്‍ അയാള്‍ ഹസനെ ചതിക്കുകയായിരുന്നു. ഇതോടെ നാട്ടിലും സഊദിയിലും കടംപെരുകി. ഓര്‍ത്തോര്‍ത്ത്‌ ആധി പെരുകിയപ്പോഴാണ്‌ അയാളുടെ സമനില തെറ്റിയത്‌. ഇതുപോലെ പ്രിയപ്പെട്ടവര്‍ ജയിലഴിക്കുള്ളിലായതോടെ നാഥനില്ലാതായ എത്രയോ കുടുംബങ്ങളാണ്‌ ഇന്ന്‌ കണ്ണീരുമായി കേരളത്തില്‍ കഴിഞ്ഞു കൂടുന്നത്‌. നിലനില്‍പ്പ്‌ തന്നെ ഭീഷണിയിലായവരുണ്ട്‌ അവരില്‍. പട്ടിണിപോലും പതിവാകുകയാണ്‌ ചില വീടുകളില്‍. അവരെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന പ്രായമായ മാതാപിതാക്കളും ഇന്നാഗ്രഹിക്കുന്നത്‌ തങ്ങളുടെ മക്കളൊന്ന്‌ തിരിച്ചെത്തിയെങ്കില്‍ എന്ന്‌ മാത്രമാണ്‌. അല്ലാതെ അവര്‍ക്കെന്ത്‌ ചെയ്യാനാവും?
ഇങ്ങനെയൊക്കെ തകര്‍ന്ന മലയാളികളെ പിഴിയാനുംചില മാഫിയകള്‍ പ്രവര്‍ത്തിക്കുണ്ട്‌. മലയാളികള്‍ തന്നെയാണ്‌ അവരിലും പ്രമുഖര്‍. ജയില്‍ മുഖാന്തിരമെങ്കിലും നാട്ടിലെത്തിപ്പെടാന്‍ വെമ്പല്‍കൊള്ളുന്ന അനധികൃത താമസക്കാരെയും വിസ ഉറൂബ്‌ ചെയ്യപ്പെട്ടവരേയുമാണിവര്‍ ചൂണ്ടയില്‍ കുരുക്കുന്നത്‌. റിയാദ,്‌ തായിഫ,്‌ ദമാം ,മക്ക, മദീന തുടങ്ങി സഊദി അറേബ്യയിലെ പല നഗരങ്ങളിലും ഇത്തരത്തില്‍ കഴിയുന്നവരെ കുറഞ്ഞ ചെലവില്‍ നാട്ടിലെത്തിക്കാം എന്ന്‌ വിശ്വസിപ്പിച്ച്‌ ആകെ സ്വരുകൂട്ടിവെച്ച തുകയും ഇവര്‍ കൈക്കലാക്കുന്നു. ഏതെങ്കിലും കണ്ടയ്‌നര്‍ വണ്ടികളിലാണ്‌ ജിദ്ദയിലേക്കു ഇവരെ എത്തിക്കുന്നത്‌.


 500 റിയാലാണ്‌ ഇതിനായി വാങ്ങുന്നത്‌. നാട്ടില്‍ പോകും വരെ ജിദ്ദയില്‍ സുരക്ഷിതമായ താമസസൗകര്യവും വാഗ്‌ദാനം ചെയ്യും. ജയിലിലേക്ക്‌ എത്തിക്കാമെന്നതും വാഗ്‌ദാനം മാത്രമാകും. ഏതെങ്കിലും റൂമില്‍ താത്‌കാലിക ഇടമുണ്ടാക്കി കൊടുക്കും. കൈവശമുള്ള പണം തീരുന്നതോടെ ഇവിടെനിന്നും ചവിട്ടിപ്പുറത്താക്കും. പിന്നെ കിടക്കാന്‍ ഇടമില്ലാതെയും കയ്യില്‍ പണമില്ലാതെയും വലഞ്ഞവര്‍ ശറഫിയ്യയിലെയും കന്തറയിലേയും പാലത്തിനു ചുവട്ടിലാണ്‌ അന്തിയുറക്കം. വിവിധ രാജ്യക്കാരായി ഇവിടെ എപ്പോഴും ആയിരത്തോളം ആളുകള്‍ ഉണ്ടാകും. ഇവരെല്ലാവരും കറക്കു കമ്പനികളുടെ വാക്കുകളില്‍ കുരുങ്ങി കബളിക്കപ്പെട്ടവരാണെന്ന്‌ അടുത്തയിടെ ജിദ്ദയില്‍ നിന്നും ലീവിലെത്തിയ കാളികാവിലെ കെ പി സന്തോഷ്‌ പറയുന്നു. 


ഏതെങ്കിലും ജവാസാത്തിന്റെ വാഹനം തങ്ങളെ പിടികൂടിയെങ്കില്‍ എന്ന പ്രതീക്ഷയിലാണവര്‍ അവിടെ കഴിയുന്നത്‌. എന്നാല്‍ ഇവരെ തേടി പോലീസുകാര്‍ എത്തുകയില്ല. പോലീസുകാര്‍ പിടിക്കണെമെങ്കിലോ ചോദിക്കുന്ന പണം നല്‍കണം. എല്ലാത്തിനും ഗതിമുട്ടിയവര്‍ക്ക്‌ പിന്നെ എന്തുചെയ്യാനാവും.?


ഇത്തരത്തില്‍ എല്ലാം തകര്‍ന്നാണ്‌ പ്രവാസികള്‍ നാടണയാന്‍ ജയിലിലും പുറത്തും കലമ്പല്‍ കൂട്ടുന്നത്‌. രോഗവും ദുരിതവും മാത്രമാവും അവരുടെ സമ്പാദ്യം. പ്രിയപ്പെട്ടവര്‍ക്കൊപ്പം ശിഷ്‌ടജീവിതമെങ്കിലും ചെലവഴിക്കാന്‍ വേണ്ടിയാണ്‌ തിരികെയെത്തുന്നതും. അല്ലാതെ കുടുംബത്തിനുപോലും അവരില്‍ പലരെകൊണ്ടും പ്രയോജനമുണ്ടായെന്നു വരില്ല. അതുകൊണ്ടു തന്നെ പ്രവാസികള്‍ക്ക്‌ വേണ്ടി പല ക്ഷേമ പ്രവര്‍ത്തനങ്ങളും വാഗ്‌ദത്തം ചെയ്‌ത സര്‍ക്കാര്‍ ഇവരുടെ പുനരധിവാസത്തിനും അടിയന്തരമായി എന്തെങ്കിലും ചെയ്‌തേ മതിയാവൂ.യു എ ഇയിലും ഇത്തരം പ്രശ്‌നങ്ങള്‍ അപൂര്‍വമായി ഉണ്ടാകുന്നുണ്ട്‌. എന്നാല്‍ വ്യാപകമല്ല. ഇവിടെത്തെ നിയമം കര്‍ശനമായതു തന്നെ കാരണം.ഏതെങ്കിലും യു എ ഇ പൗരന്റെ പേരില്‍ ഇത്തരം പരാതികളുണ്ടായാല്‍ അവരുടെ പേരില്‍ പിന്നെ പുതിയ വിസ ഇഷ്യൂചെയ്‌തുകൊടുക്കില്ല. അവര്‍ക്കു ഗവണ്‍മെന്റ്‌ അനുവദിക്കുന്ന ആനുകൂല്യങ്ങളും തടഞ്ഞുവെക്കപ്പെടും.അബൂദബിയില്‍ ആര്‍ടിസ്റ്റായ സി ടി ഇബ്രാഹീം പറയുന്നു. സ്‌പോണ്‍സറുടെ കീഴിലല്ലാതെ ഒരാള്‍ ജോലി ചെയ്യുകയോ പിടിക്കപ്പെടുകയോ ചെയ്‌താല്‍ 50000 ദിര്‍ഹംവരെയാണ്‌ സ്‌പോണ്‍സര്‍ പിഴയൊടുക്കേണ്ടത്‌. ജോലിയെടുപ്പിക്കുന്ന ആളും പതിനായിരം ദിര്‍ഹം പിഴ ഈടാക്കണം. സഊദിയിലും ഇത്തരം നിയമങ്ങളില്ലാഞ്ഞിട്ടല്ല. പക്ഷെ അവിടെ അവര്‍ക്ക്‌ ഊരിപോരാന്‍ പഴുതുകളേറെയുണ്ട്‌. ഇതു തന്നെയാണ്‌ പ്രശ്‌നവും.

അഞ്ച്‌

ഒരാള്‍ ജോലി തേടി സഊദിയിലെത്തുകയും അനധികൃതമായ രീതിയില്‍ പിടിക്കപ്പെടുകയും ചെയ്‌താല്‍ സ്‌പോണ്‍സറും കുറ്റക്കാരനാണ്‌. അയാളെ പുറത്തിറക്കി കൊണ്ടുവരികയെന്ന ബാധ്യതയും അയാളുടെതാണ്‌. മറ്റൊരിടത്ത്‌ ജോലി ചെയ്‌താല്‍ അധികൃതരെ കാരണം ബോധിപ്പിക്കേണ്ടതും സ്‌പോണ്‍സര്‍ തന്നെ. ഇതില്‍ നിന്നു രക്ഷപ്പെടാനും കുറുക്കുവഴിയിലൂടെ പണമുണ്ടാക്കാനും ഉചിത മാര്‍ഗമായി തിരഞ്ഞെടുത്തുകഴിഞ്ഞിരിക്കുന്നു സഊദികള്‍ വിസ ഉറൂബ്‌ ചെയ്യുക എന്നത്‌. അപ്പോള്‍ അവര്‍ സുരക്ഷിതര്‍. ഇത്‌ ചോദ്യം ചെയ്യാനോ സ്‌പോണ്‍സറെ കോടതികയറ്റാനോ ആരും തയ്യാറാവില്ല. കാരണം അവിടുത്തെ നിയമം തന്നെ പ്രശ്‌നം. കേസിന്‌ പോയാലോ വര്‍ഷങ്ങളോളം നിയമ നടപടികള്‍ക്കായി കാത്തിരിക്കേണ്ടി വരും. അതുവരെ പരാതിക്കാരന്‍ ജയിലില്‍ കഴിഞ്ഞുകൂടുകയും വേണം. ഇതോര്‍ത്ത്‌ ആരും നിയമനടപടികളിലേക്കുമിറങ്ങാറില്ല.

സഊദി അറേബ്യയിലിപ്പോള്‍ പുതിയ വിസയൊന്നും ഇറങ്ങുന്നില്ല. ഉള്ളതോ ഹൗസ്‌ ഡ്രൈവര്‍, കൃഷിപ്പണി ഇവ ഏതെങ്കിലുമാവും. ഇതിന്റെ വിതരണക്കാരാവട്ടെ അധികവും കറക്കു കമ്പനിക്കാരാണ്‌. വമ്പന്‍ വലവിരിച്ചു കുരുക്കാന്‍ ഇഷ്‌ടം പോലെ ഏജന്‍റുമാരും. ഇടനിലക്കാര്‍ എത്രയുണ്ടോ അത്രകണ്ട്‌ വിസയുടെ റേറ്റ്‌കൂടും. അതുകൊണ്ടാണ്‌ ഇടനിലക്കാര്‍ കൈമാറികൈമാറിയെത്തിയ വിസയില്‍ മലപ്പുറം വണ്ടൂരിലെ ആ അഞ്ചംഗ സംഘവും കുരുങ്ങിയത്‌. 


വണ്ടൂരിലെ ട്രാവല്‍ ഏജന്‍സിയില്‍നിന്നാണ്‌ അഞ്ചച്ചവടിയിലെ ശിഹാബുദ്ദീനും കുഞ്ഞിമുഹമ്മദിനും കരുളായിയിലെ മുഹമ്മദ്‌ ശരീഫിനും വണ്ടൂരിലെ ഹിദായത്തിനും ഉച്ചാരക്കടവിലെ ആബിദിനും വിസ ലഭിക്കുന്നത്‌. ശിഹാബുദ്ദീനില്‍ നിന്ന്‌ ഒരു ലക്ഷത്തി പതിനായിരം രൂപ വാങ്ങിയവര്‍ കുഞ്ഞിമുഹമ്മദില്‍ നിന്ന്‌ 1.15000 മാണ്‌വാങ്ങിയത്‌. ഇതേ വിസക്ക്‌ ആബിദ്‌ നല്‍കിയത്‌ 1,60,000 രൂപ. ഈ സംഘത്തിലെ അഞ്ചു പേരും കബളിപ്പിക്കപ്പെട്ടു. ജിദ്ദയിലെത്തി മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിസ റദ്ദാക്കിയതാണെന്നും വ്യക്തമായി. ഇവരെല്ലാവരും ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. 


രണ്ട്‌ മാസവും നാലു മാസവും ആറു മാസവും ജയിലില്‍ കിടന്നാണിവര്‍ മടങ്ങിയെത്തിയത്‌. ബന്ധുക്കള്‍ ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍ കോഴിക്കോട്‌ ജില്ലയിലെ അത്തോളിക്കാരന്‍ കെ സി അഹമ്മദാണ്‌ വിസ തന്നതെന്നും തങ്ങള്‍ നിരപരാധികളാണെന്നും പറഞ്ഞ്‌ കൈമലര്‍ത്തുകയായിരുന്നു അവര്‍.
അത്തോളിയിലെ അഹമ്മദ്‌ നേരത്തെ മുംബൈയില്‍ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നയാളാണെന്നും ഇയാള്‍ നിരവധി പേരെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്നും തട്ടിപ്പിനിരയായ അഞ്ചച്ചവടിയിലെ കുഞ്ഞിമുഹമ്മദ്‌ പറയുന്നു. ഇയാള്‍ പോലീസിനെ ഭയന്നു നാട്ടില്‍ വരാനാവാതെ ജിദ്ദയില്‍ തന്നെ തുടരുകയാണെന്നും കുഞ്ഞിമുഹമ്മദ്‌ പറയുന്നു.

പ്രതിമാസം 4000 റിയാല്‍ ശബളം ലഭിക്കുന്ന സഊദി പൗരനു ഹൗസ്‌ ഡ്രൈവറുടെ വിസ അനുവദിച്ചു കിട്ടും. 2000 റിയാല്‍മാത്രം ജവാസാത്തില്‍ അടച്ചാല്‍ മതി. അയാള്‍ക്കു സ്‌കൂളില്‍ പോകുന്ന രണ്ടുകുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി വേറെയും ഇതേ വിസ ലഭിക്കും. ഓഫീസോ മറ്റു സ്ഥാപനമോ ഉണ്ടെങ്കില്‍ അവിടേക്കും നിബന്ധനക്കു വിധേയമായി തൊഴില്‍ വിസ അനുവദിക്കും. എന്നാല്‍ ഇവിടെയെല്ലാം പണമാണ്‌ വാഴുന്നത്‌. സ്വാധീനവും സാമര്‍ഥ്യവുമുള്ളവര്‍ക്ക്‌ കയ്യിട്ടു വാരാം. അത്തരക്കാരോടൊപ്പം തോളില്‍ കയ്യിട്ട്‌ നടക്കുന്ന മലയാളികള്‍ അവ കൈക്കലാക്കുകയും പിന്നീട്‌ ഇടനിലക്കാര്‍ക്ക്‌ നല്‍കുകയുമാണ്‌ പതിവ്‌. അങ്ങനെ കടല്‍ കടന്ന മലയാളികള്‍ അവിടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തി. നാട്ടില്‍ പുതിയ ആകാശങ്ങള്‍ പണിതു. ആയിരം രൂപ പോലും ചെലവ്‌ വരാത്ത വിസയുടെ പേരില്‍ ലക്ഷങ്ങള്‍ കൊള്ള ലാഭം നേടി. എന്നിട്ടും അവക്കുവേണ്ടി ക്യൂ നില്‍ക്കാന്‍ മലയാളികള്‍ കാത്തുകെട്ടിക്കിടന്നു. അന്നതില്‍ സത്യസന്ധതയുണ്ടായിരുന്നു.
ഇന്ത്യക്കാര്‍ അറബികളുടെ വിശ്വസ്‌തരായി. മലയാളികള്‍ ഏറെപ്രിയപ്പെട്ടവരും. അവരെ നയിക്കാനും ബുദ്ധി ഉപദേശിക്കാനുംവരെ മലയാളികള്‍ വളര്‍ന്നു. ആ ദൗര്‍ബല്യത്തെ ചൂഷണം ചെയ്‌തവരിലും മലയാളിയുണ്ടായി. ഒരേ സമയം വിശ്വസ്‌തരാണെന്നു കാണിക്കാന്‍ മഹാഭൂരിപക്ഷത്തിനുമായപ്പോള്‍ പറയിപ്പിക്കപ്പെടാനും ചിലരുണ്ടായി. തട്ടിപ്പിലും വെട്ടിപ്പിലും അവരുടെ മുഖങ്ങള്‍ കണ്ടു. വിസാ തട്ടിപ്പിലും അവരും പിന്‍മുറക്കാരായി എത്തിയവര്‍ തിളങ്ങി. തലവെച്ചു കൊടുക്കുവാന്‍ എപ്പോഴും എവിടെയും ഹതഭാഗ്യരുള്ളതുകൊണ്ട്‌ ഇന്നും അത്തരക്കാര്‍ പ്രയാണം തുടരുന്നു. സഊദികളും വിസാട്രെന്റ്‌ മനസിലാക്കി. വിദേശികളേയും. അവര്‍ക്കും വിസ ഒരു കച്ചവടമായി. അവ സംഘടിപ്പിക്കാന്‍ വളഞ്ഞവഴികളൊക്കെ പയറ്റി. വില പറഞ്ഞു വില്‍ക്കാന്‍ മാത്രമല്ല കുറഞ്ഞ സമയത്തിനകം പണമുണ്ടാക്കാന്‍ വൃത്തികെട്ട എല്ലാമാര്‍ഗങ്ങളും അവര്‍ സ്വീകരിച്ചു. മനുഷ്യത്വം മരവിച്ചു പോയവര്‍ കണ്ടെത്തിയ ഏറ്റവും പുതിയ തട്ടിപ്പാണിപ്പോള്‍ അരങ്ങ്‌ വാഴുന്നത്‌. അതിനോടു പ്രതിരോധിക്കാനാവാതെ തളര്‍ന്നു പോവുകയാണിപ്പോള്‍ ഇന്ത്യക്കാരും.
ഇന്നു വിദേശങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ മൂന്നു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇവരില്‍ 75 ശതമാനവും സാദാ തൊഴിലാളികളാണ്‌. 23 ശതമാനം ഇടത്തരം കച്ചവടക്കാരും, വിവിധ ഉദ്യോഗങ്ങളില്‍ തുടരുന്നവരുമുണ്ട്‌. ബാക്കിയുള്ള മൂന്ന്‌ ശതമാനം മാത്രമാണ്‌ സാമാന്യം ഉയര്‍ന്ന നിലവാരത്തില്‍ കഴിയുന്നത്‌. ഇവരില്‍ സാദാ തൊഴിലാളികളായവരാണ്‌ കൂടുതലായി പീഡിപ്പിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും. ഇവരുടെ ഭാവിയാണ്‌ ഭീഷണിയുടേയും അനിശ്ചിതത്വത്തിന്റേയും വാളിനുമുന്നില്‍ തൂങ്ങിയാടുന്നത്‌.
ഇത്‌ പരിഹരിക്കപ്പെട്ടേ മതിയാവൂ. നമ്മുടെ സഹോദരങ്ങള്‍ വിദേശങ്ങളില്‍ ചതിക്കപ്പെടുന്നില്ല എന്ന്‌ ഉറപ്പ്‌ വരുത്തേണ്ട ബാധ്യത പ്രവാസികാര്യ വകുപ്പിനുണ്ട്‌. സര്‍ക്കാരിനും, എന്നാല്‍ തങ്ങള്‍ ശരിയായ യാത്രാരേഖകളുമായാണോ യാത്രചെയ്യുന്നത്‌ എന്നു ഉറപ്പ ്‌വരുത്തേണ്ട ബാധ്യത അവരവര്‍ക്കു തന്നെയാണ്‌. പക്ഷേ അതിന്‌ പ്രവാസികാര്യ വകുപ്പ്‌ ചിലതെങ്കിലും ചെയ്‌തുകൊടുക്കേണ്ടതുമുണ്ട്‌. അതു ചെയ്യുന്നില്ല എന്നത്‌ വളരെ വ്യക്തമാണ്‌.
മാത്രമല്ല, ശരിയായ യാത്രാരേഖകളുമായി വിദേശത്തെത്തുന്ന തൊഴിലാളിയുടെ പാസ്‌പോര്‍ട്ട്‌ സൂക്ഷിക്കുന്നത്‌ സ്‌പോണ്‍സറാണ്‌. പകരം അയാള്‍ ഇഖാമയാണ്‌ നല്‍കുന്നത്‌. ഈ ഇടപാടുകളില്‍ മധ്യവര്‍ത്തികളുണ്ടാകുന്നില്ല. എംബസി അറിയുകയോ ഇടപെടുകയോചെയ്യുന്നുമില്ല. ഇതുകൊണ്ടുതന്നെ സ്‌പോണ്‍സറും തൊഴിലാളിയും തമ്മിലുണ്ടാകുന്ന നിസ്സാര പ്രശ്‌നങ്ങള്‍ക്കു പോലും തൊഴിലാളി ബലിയാടാകുന്നു. ഇഖാമ പുതുക്കുക എന്ന ബാധ്യത സ്‌പോണ്‍സറുടേതായിട്ടും ഇതിന്‌ അവര്‍ ആവശ്യപ്പെടുന്ന തുകയാണ്‌ നല്‍കേണ്ടത്‌. ഇത്തരം ചൂഷണങ്ങള്‍ ഇല്ലാതാക്കാനും യഥാര്‍ഥ വിസക്കാരന്‍ അനധികൃത താമസക്കാരനല്ലെന്ന്‌ ഉറപ്പ്‌വരുത്താനും എംബസി ഇടപെട്ടേ മതിയാവൂ, 


 കുറഞ്ഞപക്ഷം എംബസി മുഖാന്തിരമേ സ്‌പോണ്‍സറും തൊഴിലാളിയും തമ്മിലെ ഉടമ്പടികള്‍ നടക്കാന്‍ പാടുള്ളൂ എന്ന നിയമം വരണം. അപ്പോഴേ വിദേശികള്‍ക്കുനിര്‍ഭയമായി തൊഴിലെടുക്കാനും തൊഴിലിനു സുരക്ഷിതത്വം ഉറപ്പാക്കാനും കഴിയൂ. നാടിനും കുടുംബത്തിനും വേണ്ടി ചെലവഴിക്കപ്പെടേണ്ട ഒരുപാട്‌ മനുഷ്യ ജീവിതങ്ങളെ കാരാഗൃഹത്തിന്റെ ഇരുണ്ട മുറിക്കുള്ളില്‍ നിന്ന്‌ മോചിപ്പിക്കാനും കഴിയൂ. ഇനിയെങ്കിലും പ്രവാസി കാര്യ വകുപ്പും സര്‍ക്കാരും ശക്തമായനടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥക്ക്‌ കാതലായ സംഭാവന ചെയ്യുന്ന പ്രവാസികളുടെ അകാല ചരമത്തിന്‌ തന്നെ രാജ്യം സാക്ഷ്യം വഹിക്കേണ്ടിവരും.അതിന്‌ ഇടവരുത്തണോ ?


3 അഭിപ്രായങ്ങൾ:

  1. കാരാഗ്രഹത്തില്‍ നിന്നും അവരെത്തികൊണ്ടിരിക്കുന്നു തീരാ കടബാധ്യതയിലേക്ക്‌....

    മറുപടിഇല്ലാതാക്കൂ
  2. നല്ല പോസ്റ്റ്‌, മുമ്പൊരിക്കല്‍ മലയാളീ വീട്ടമ്മമാരുടെ താങ്കളുടെ പോസ്‌റ്റ്‌ കണ്ട്‌ എന്റെ ബന്ധു വിദേശയാത്ര വേണ്ടന്ന്‌ വെക്കുകയുണ്ടായി. ഇത്‌ അതിനേക്കാള്‍ ഭീകരമാണല്ലോ....ഇത്‌ മറ്റൊന്നിന്റെ തുടര്‍ച്ചയാണെങ്കിലും ആദ്യപ്രശ്‌നമെന്താണെന്നറിയാന്‍ പഴയ പോസ്റ്റും പരതേണ്ടി വന്നു.
    സന്തോഷമല്ല തോന്നുന്നത്‌. സന്താപമാണ്‌. എന്ന്‌ ഇതിനൊക്കെ പരിഹാരമുണ്ടാകും...?

    മറുപടിഇല്ലാതാക്കൂ
  3. "ഇറാഖിലും ഫലസ്‌ത്തീനിലും ഇസ്രാഈലിലും മനുഷ്യാവകാശ ലംഘനങ്ങളുണ്ടാകുമ്പോള്‍ അതിനെതിരെ ധര്‍മരോഷംകൊള്ളുന്നു മലയാളികള്‍. കൊടി പിടിച്ച്‌ തെരുവിലിറങ്ങുന്നു രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍. എന്നാല്‍ കൂട്ടത്തില്‍ ചിലര്‍ മൃഗീയ പീഡനങ്ങള്‍ക്കും സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും വിധേയരാകുമ്പോള്‍ ഇവിടെ ആരുടെയും സിരകളില്‍ ചോര തിളക്കുന്നില്ല. ഇതൊന്നും ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു വാര്‍ത്തപോലുമാകുന്നുമില്ല." വളരെ ശരിയാണ്, സ്വന്തം നാട്ടുകാരുടെ കാര്യം വരുമ്പോള്‍ നമ്മള്‍ ഒന്നും കണ്ടില്ല എന്ന് നടിക്കും കാരണം വിദേശത്തെ കാര്യങ്ങള്‍ വെറുതെ സംസാരിച്ചാല്‍ മതിയല്ലോ ഒന്നും ചെയേണ്ട,

    മറുപടിഇല്ലാതാക്കൂ