8/1/13

മലയാളികള്‍ മനോരോഗത്തിന്റെ ബാല പാഠമറിയാത്തവര്‍



മാനസികാരോഗ്യ രംഗത്ത് ചികിത്സാ സൗകര്യങ്ങളും വിദഗ്ധരുടെ സേവനവും തീരെ കുറവായ രാജ്യമാണ് ഇന്ത്യ. സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, സൈക്യാട്രിക് നഴ്‌സ്, ഒകുപേഷനല്‍ തെറാപ്പിസ്റ്റ് തുടങ്ങിയ മേഖലകളിലെല്ലാം തന്നെ കടുത്ത ആള്‍ക്ഷാമമാണ് നേരിടുന്നതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ സൈക്യാട്രിസ്റ്റായ ഡോ. എം ടി ഹാരിഷ് പറയുന്നു. സൈക്യാട്രിസ്റ്റ് നഴ്‌സുമാരുടെ തസ്തിക ഇതുവരെ സൃഷ്ടിച്ചിട്ടേയില്ലെന്ന് നിയമസഭാ സമിതി അടുത്തിടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും എടുത്തു പറയുന്നുണ്ട്.
ശരീരമുള്ളവര്‍ക്ക് ശാരീരിക രോഗം വരുന്നത് പോലെ തന്നെയാണ് മനസ്സുള്ളവര്‍ക്ക് മാനസിക രോഗവും വരുന്നത്. എന്നാല്‍ കേരളീയരിലെ ഭൂരിഭാഗം വരുന്ന ജനവിഭാത്തിന് ഈ രോഗത്തെക്കുറിച്ച് പ്രാഥമികമായ വിവരം പോലുമില്ല എന്നതാണ് നേര്.  
ആയുര്‍ദൈര്‍ഘ്യം, പോഷകാഹാര ലഭ്യത, രോഗപ്രതിരോധ കുത്തിവെപ്പുകള്‍, ആരോഗ്യ സാക്ഷരത എന്നിവയിലെല്ലാം കേരളം മികച്ചു നില്‍ക്കുന്നു. ഇതിനെ  കേരളത്തിന്റെ ആരോഗ്യ മോഡല്‍ എന്നു വിളിച്ച് ഊറ്റം കൊള്ളുന്നു. എന്നാല്‍ ശാരീരികാരോഗ്യ രംഗത്ത് വികസിത രാജ്യങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന കേരളം   മാനസികാരോഗ്യത്തിന്റെ കാര്യമെടുക്കുമ്പോള്‍ വളരെ പിറകില്‍ നില്‍ക്കുന്നു. ആരോഗ്യ സാക്ഷരതയുടെ കാര്യത്തില്‍ അഭിമാനം കൊള്ളുന്നവര്‍ എന്തുകൊണ്ടാണ് മനോരോഗികളുടെ വേദനകളെ തിരിച്ചറിയാത്തത്?

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ക്ഷയം, കുഷ്ഠം, മനോരോഗങ്ങള്‍ എന്നിവക്ക് കൃത്യമായ ചികിത്സ ലഭ്യമായിരുന്നില്ല. ഇത്തരം രോഗങ്ങള്‍ ബാധിച്ചവരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു പതിവ്. പകര്‍ച്ചവ്യാധി  എന്ന ഭീതിയായിരുന്നു കുഷ്ഠ രോഗിയേയും ക്ഷയരോഗിയേയും ആട്ടിയോടിക്കാനുണ്ടായിരുന്ന കാരണമെങ്കില്‍ മനോരോഗികള്‍ അക്രമാസക്തരാകുന്നതിനാലായിരുന്നു ചങ്ങലകളിലും ഇരുട്ടു മുറികളിലും തളച്ചിട്ടിരുന്നത്. എന്നാല്‍ 1966ന് ശേഷം ഫലപ്രദമായ മരുന്നുകള്‍ മനോരോഗങ്ങള്‍ക്കും ലഭ്യമായി. ഈ മരുന്നുകളിലൂടെ ആയിരക്കണക്കിന് രോഗികള്‍  പുതു ജീവിതത്തിലേക്ക് നടന്നു കയറി. എന്നാല്‍ ഇന്ത്യയിലെ പഴഞ്ചന്‍ സംവിധാനങ്ങള്‍ക്ക് മാത്രം ഈ വിജയകഥളെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും ആയില്ല. വൈദ്യശാസ്ത്രം മറ്റു പല രംഗങ്ങളിലും  പുരോഗതി കൈവരിച്ചപ്പോഴും മാനസികാരോഗ്യ മേഖലയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല എന്നത് ശരിയാണ്. മനോരോഗങ്ങളുടെ കാരണങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും ആദ്യ കാലങ്ങളിലുണ്ടായിരുന്ന തെറ്റായ ധാരണകളെ മാറ്റിയെഴുതാന്‍ കൂടുതല്‍ സമയവും വേണ്ടിവന്നു.

ഓരോരുത്തരുടെയും  മനസ്സ് വ്യത്യസ്തമായതിനാല്‍ അവര്‍ക്കുണ്ടാകുന്ന രോഗങ്ങളും വ്യത്യസ്തമായിരിക്കുമെന്നും തെറ്റിദ്ധരിക്കപ്പെട്ടു. എഴുപതുകളുടെ തുടക്കംവരെ ഇതായിരുന്നു അവസ്ഥ. എന്നാല്‍ ഈ കാലത്ത്   യു എസ,് യു കെ പ്രൊജക്ട് പുറത്തു വന്നതോടെയാണ്  അമേരിക്കയിലും ഇംഗ്ലണ്ടിലുമുള്ള മനോവിദഗ്ധര്‍ ഈ രോഗ നിര്‍ണയത്തില്‍ നടത്തുന്ന വന്‍ വ്യത്യാസം പുറത്തുവന്നത്. ഇതേ തുടര്‍ന്ന് മനോരോഗങ്ങളെ കൃത്യമായി നിര്‍വചിക്കാനായി. രോഗി പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ രോഗങ്ങളെ വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചു. രോഗനിര്‍ണയത്തിലും തരം തിരിക്കലിലുമുണ്ടായ വ്യക്തത പുതിയ ഔഷധങ്ങള്‍ കണ്ടെത്താനും പരീക്ഷണങ്ങളിലേര്‍പ്പെടാനും സഹായകവുമായി. മനോരോഗം ബാധിച്ചാല്‍ ആയുഷ്‌കാലം മുഴുവന്‍ ഇരുട്ടു മുറികളില്‍ തളച്ചിടപ്പെട്ട് ചികിത്സ തുടരേണ്ടവരാണെന്ന ധാരണയും തിരുത്തി എഴുതി. ഫലപ്രദമായ മരുന്നുകളുടെ വരവോടെ ദീര്‍ഘകാലമായി ഇരുട്ടു മുറികള്‍ക്കകത്ത് കഴിഞ്ഞിരുന്ന രോഗികള്‍ക്കും പുതുജീവിതം സാധ്യമായി. ദീര്‍ഘകാലം ചികിത്സ വേണ്ടി വരുന്നവര്‍ക്ക് സാമൂഹിക മാനസികാരോഗ്യ പദ്ധതികളും ആരംഭിച്ചു. 
ഇതുമൂലം മനോരോഗികളില്‍  ഭൂരിഭാഗവും കുടുംബത്തോടൊപ്പം എന്തെങ്കിലും തൊഴിലിലേര്‍പ്പെട്ട് സ്വതന്ത്രരായി ജീവിക്കുന്ന അവസ്ഥ മറ്റു രാജ്യങ്ങളിലുണ്ടായി. എന്നാല്‍ ഇന്ത്യയില്‍ മനോരോഗചികിത്സാരംഗം അവഗണിക്കപ്പെട്ടു കിടന്നു. സ്ഥിതി മെച്ചപ്പെടുത്താനായി കേന്ദ്ര സര്‍ക്കാര്‍ 1982ല്‍ ദേശീയ മാനസികാരോഗ്യ പരിപാടി നടപ്പാക്കിയെങ്കിലും മറ്റു കേന്ദ്ര ആരോഗ്യ പദ്ധതിക്കുണ്ടായതു പോലുള്ള ജനപിന്തുണയോ ധനസഹായമോ ഈ പദ്ധതിയെ തുണച്ചില്ല. ഈ അവജ്ഞയുടെ തുടര്‍ച്ച പിന്നെയും നീണ്ടു. അല്‍പ്പമെങ്കിലും മാറ്റമുണ്ടാകാന്‍ ഒമ്പതാം പഞ്ചവത്സര പദ്ധതി വരെ കാത്തിരിക്കേണ്ടിയും വന്നു.
മനോരോഗങ്ങളോടുള്ള പ്രധാന പ്രശ്‌നങ്ങളിലൊന്ന് സാമൂഹിക അവജ്ഞയാണ്. പലപ്പോഴും രോഗം കണ്ടുപിടിക്കാന്‍ വൈകുന്നു. കണ്ടെത്തിയാലോ ശരിയായ ചികിത്സ നേരത്തെ ലഭ്യമാക്കാനും കഴിയുന്നില്ല. പലപ്പോഴും വൈകി ചികിത്സ തുടങ്ങുന്നതും ശരിയായ തുടര്‍ചികിത്സ നല്‍കാത്തതുമാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകുന്നത്. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. കമാല്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടുന്നു. 

ഹൃദയത്തിന് അസുഖം വന്നാല്‍ അത് അഭിമാനമായി കരുതുന്നവരും മനോരോഗത്തെ അറപ്പോടെയാണ് സമീപിക്കുന്നത്. സത്യത്തില്‍ മനോരോഗം ഒരിക്കലും മാറില്ലെന്ന് വിശ്വസിക്കുന്നവരാണ് ഇന്നും ഭൂരിഭാഗം ജനങ്ങളും. എന്നാല്‍ സത്യമതല്ല. നൂറിലധികം കാറ്റഗറികളില്‍ പെടുത്താവുന്ന  മാനസിക രോഗങ്ങളുണ്ടെന്നാണ് ലോകാര്യോഗ സംഘടന പറയുന്നത്. ഇവക്കെല്ലാം തന്നെ ചികിത്സയും ഫലപ്രദമാണ്. തുടര്‍ച്ചയായി മരുന്ന് കഴിക്കുകയും രോഗിക്ക് പ്രത്യേക പരിഗണനയും ഉറച്ച പിന്തുണയുമുണ്ടെങ്കില്‍ മാറും. പ്രഷറും പ്രമേഹവും പോലെതന്നെയാണ് മാനസിക രോഗങ്ങളും. എന്നാല്‍ മറവി രോഗത്തിന് പ്രചാരത്തിലുള്ള മരുന്നുകള്‍ പൂര്‍ണാര്‍ഥത്തില്‍ ഫലപ്രദമല്ല. എങ്കിലും രോഗാവസ്ഥ മൂര്‍ച്ഛിക്കാതിരിക്കാനും ദിനചര്യകള്‍ നടത്തിക്കൊണ്ടുപോകുന്നതിനുമുള്ള കഴിവ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നതാണെന്ന് ഡോ. പി എന്‍ സുരേഷ് കുമാര്‍. ഈ തിരിച്ചറിവിലേക്ക് കേരളം എന്നെത്തുന്നുവോ അന്നേ ഈ അവസ്ഥക്ക് മാറ്റം വരികയുള്ളൂ. ആ അവസ്ഥക്ക് ഏറെ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം.

മനോരോഗികളുടെ ദുരവസ്ഥക്ക് കാരണം രോഗമല്ലെന്നും  ദീര്‍ഘമായ ജയില്‍ ജീവിതത്തിനു തുല്യമായ ആശുപത്രിവാസമാണെന്നും വര്‍ഷങ്ങള്‍ക്കു മുമ്പേ മനോരോഗ വിദഗ്ധര്‍  അഭിപ്രായപ്പെട്ടിരുന്നു. ഇതുവഴി രോഗിയുടെ വൈകാരിക പ്രതികരണ ശേഷി നശിക്കുന്നു. അവരില്‍ ആശയവിനിമയത്തിനുള്ള കഴിവ് കുറയുന്നു എന്നും അവര്‍ കണ്ടെത്തി. മരുന്നുകള്‍ മൂലം രോഗം മാറിയവരെ ആശുപത്രികളില്‍ തളച്ചിടാതെ സമൂഹത്തിലേക്ക്  അയച്ചാല്‍ അവരുടെ സ്ഥിതി വളരെയേറെ മെച്ചപ്പെടുന്നുണ്ടെന്നുമായിരുന്നു  സാക്ഷ്യങ്ങള്‍. തുടര്‍ന്ന് നടന്ന ദീര്‍ഘകാല പഠനങ്ങളും ഇതു ശരിവെച്ചു.
 ആശുപത്രികളില്‍ നിന്ന് എത്രയും പെട്ടെന്ന് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുക, പുതിയ രോഗികളെ പ്രവേശിപ്പിക്കാതിരിക്കുക, ഭ്രാന്താശുപത്രികള്‍ അടച്ചു പൂട്ടുക എന്നും ഇറ്റലിയിലെ ഏതാനും മനോരോഗ വിദഗ്ധര്‍  മുദ്രാവാക്യമുയര്‍ത്തി. 
യൂറോപ്യന്‍ രാജ്യങ്ങളിലും  ക്രമേണ വികസിത രാജ്യങ്ങളിലും എല്ലാം തന്നെ  ഈ പ്രക്രിയ ആരംഭിച്ചു. ദീര്‍ഘകാലം രോഗികളെ അടച്ചിടുന്ന ആശുപത്രികള്‍ക്കുള്ള ധനസഹായങ്ങള്‍ അവര്‍ പരിമിതപ്പെടുത്തി. പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് കുറച്ചു. ദീര്‍ഘകാല ചികിത്സ വേണ്ടവരെ ശുശ്രൂഷിക്കാന്‍ സാമൂഹിക, മാനസിക ആരോഗ്യ പദ്ധതികളും ആരംഭിച്ചു. ഇതിലൂടെ മനോരോഗം ബാധിച്ചവരില്‍ ഭൂരിഭാഗം മനുഷ്യരും അവര്‍ക്കിടയില്‍ തന്നെ പുതിയ ജീവിതം നയിച്ചു തുടങ്ങി. എന്നാല്‍ നമ്മുടെ നാട്ടിലെ സ്ഥിതിയോ? ചികിത്സാ രീതികള്‍ ഏറെ മാറി. എന്നിട്ടും ചികിത്സാ കേന്ദ്രങ്ങളെ ചികിത്സിക്കേണ്ട അവസ്ഥയിലാണ് മാനസികാരോഗ്യ കേന്ദ്രങ്ങള്‍.   അവയെക്കുറിച്ച്....

3 അഭിപ്രായങ്ങൾ:

  1. ഹംസ സാര്‍ തയ്യാറാക്കിയ ഈ വിജ്ഞാനപ്രദമായ
    ലേഖനം നന്നായിരിക്കുന്നു.ചികിത്സയേയും,ചികിത്സാരീതിയേയും,മറ്റും മനസ്സിലാക്കാന്‍ കഴിഞ്ഞു.
    അഭിനന്ദനങ്ങള്‍
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  2. വിശദമായ പഠനം തന്നെ ആണല്ലോ മാഷേ... അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ