1/9/12

കയ്യിട്ട്‌ വാരാന്‍ ഇതാ 148 കോടികൂടി ആറ്‌

വികസനഫണ്ടുകളും പദ്ധതികളും വഴിമാറി ഒഴുകുന്നതിന്‌ ഉദാഹരണങ്ങള്‍ തേടുന്നവര്‍ക്ക്‌ ആദിവാസി ക്ഷേമ പദ്ധതികളുടെ ജാതകം മാത്രം പരിശോധിച്ചാല്‍ മതി. വീടു നിര്‍മാണത്തിലെ അപാകതകളും അഴിമതികളും തന്നെ ഏറ്റവും മികച്ച ഉദാഹരണം. ദശാബ്‌ദങ്ങളായി നടപ്പാക്കിയ പദ്ധതികളില്‍ വേറെയും നിരവധി. ചരിത്രത്തിലാധ്യമായി സംസ്‌ഥനത്തിന്‌ ഒരു ആദിവാസി മന്ത്രി ഉണ്ടായത്‌ ഈ സര്‍ക്കാര്‍ വന്നപ്പോഴാണ്‌. ഒരു വനിതാ മന്ത്രി. എന്നാല്‍ അവര്‍ വന്ന വര്‍ഷം തന്നെ ആദിവാസികളുടെ വികസനത്തിനായി വകയിരുത്തിയ 15 കോടി രൂപ ലാപ്‌സായിപ്പോയ കഥയാണ്‌ ആദിവാസി ഗോത്രമഹാ സഭാ നേതാവ്‌ സി കെ ജാനുവിന്‌ ചൂണ്ടിക്കാണിക്കുന്നത്‌. എന്നാല്‍ പട്ടികജാതി പട്ടിക വര്‍ഗങ്ങളുടെ ഉന്നമനം ലക്ഷ്യം വെച്ചായിരുന്നു ജനകീയാസൂത്രണ പദ്ധതികളുടെ വരവ്‌. പ്രത്യേക ഘടക പദ്ധതികള്‍ക്കും ആദിവാസി ഉപ പദ്ധതികള്‍ക്കും വേണ്ടിയായിരുന്നു ആ ഫണ്ടുകള്‍ നീക്കിവെച്ചിരുന്നത്‌. എന്നാല്‍ ആ പണമാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിമാറ്റി ചെലവഴിച്ച്‌ റിക്കാര്‍ഡിട്ടത്‌. ആദിവാസികള്‍ക്കായുള്ള ഫണ്ടിന്റെ ഒരു വിഹിതം മറ്റു വകുപ്പുകള്‍ക്ക്‌ നാഷണല്‍ ഫ്‌ളോ ആയും നീക്കിവെച്ചിരുന്നു. ഇതും കടലില്‍ കായംകലക്കാന്‍ ഉപയോഗിച്ചു പ്രാദേശിക ഭരണകൂടങ്ങള്‍. 

മലബാറിലെ പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി 13ാം ധനകാര്യകമ്മീഷന്‍ അനുവദിച്ച 148 കോടി രൂപയുടെ ബ്രഹ്‌ത്‌ പദ്ധതിയുടെ ഭാണ്‌ഠം ഇനിയും കെട്ട്‌ പൊട്ടിച്ചിട്ടേയില്ല. 2006ലെ സര്‍വേക്ക്‌ ശേഷം ഗോത്രവര്‍ഗ കാര്യ മന്ത്രാലയത്തിലെ ജോയന്റ്‌ സെക്രട്ടറി മലബാറില്‍ സന്ദര്‍ശനം നടത്തിയശേഷം പ്രഖ്യാപിച്ചതാണ്‌ ഈ ഫണ്ട്‌. എന്നാല്‍ ഫണ്ട്‌ എത്തിയിട്ട്‌ രണ്ട്‌ വര്‍ഷം കഴിഞ്ഞു. ഇന്നും ഫയല്‍ തുറന്നിട്ടേയില്ലെന്ന്‌ പറയുന്നതാവും ശരി. അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ മലബാറിലെ അഞ്ച്‌ പ്രാക്തനാ ഗോത്രവിഭാഗങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ഊര്‌കൂട്ടം ശക്തിപ്പെടുത്തിയും ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞും പുതിയ പദ്ധതികള്‍ തയ്യാറാക്കിയും ഇവരെ പുതിയ മനുഷ്യരാക്കി മാറ്റുന്നതിനുള്ള ഭീമന്‍ പദ്ധതി. 

കാട്ടുനായ്‌ക്കര്‍, ചോലനായ്‌ക്കര്‍, കുറുമ്പര്‍, കൊറകര്‍, കാടര്‍ എന്നീ ജനവിഭാഗങ്ങളിലെ 26000 പേരെ സ്വയംപര്യാപ്‌തതയിലേക്ക്‌ എത്തിക്കുക എന്ന ലക്ഷ്യം വെച്ചാണ്‌ ഇത്രയും തുക അനുവദിച്ചിരിക്കുന്നത്‌. വയനാട്‌ ജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ ചോലനായ്‌ക്കരുള്ളത്‌. 17000, 1600 കൊറകര്‍, കുറുമ്പര്‍ 2250, ചോലനായ്‌ക്കര്‍ 400, കാടാര്‍1700 എന്നിവര്‍ മാത്രമാണ്‌ ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. വളരെ സൂക്ഷ്‌മമായും ആസൂത്രിതമായും നടപ്പാക്കേണ്ട പദ്ധതിയെക്കുറിച്ച്‌ രണ്ട്‌ വര്‍ഷം കടന്ന്‌ പോയിട്ടും അധികൃതര്‍ ആലസ്യം വെടിഞ്ഞിട്ടില്ല. കോഴിക്കോട്‌ കിര്‍ത്താഡ്‌സില്‍ ഓഫീസ്‌ സൗകര്യമൊരുക്കിയിട്ടുണ്ട്‌ എന്നതൊഴിച്ചാല്‍ പദ്ധതി മുട്ടിലിഴയുകയാണ്‌.
ഫീല്‍ഡ്‌ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. 24 പേരാണ്‌ വേണ്ടത്‌. ഓരോ ഊരിലും ഓരോ പ്രമോട്ടര്‍മാരെ അനിമേറ്റര്‍ എന്ന പേരില്‍ നിയമിക്കണം. നടപടിയായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ്‌ ഇതിന്റെ ആദ്യ പരിപാടി ഈ മാസം കിര്‍ത്താഡ്‌സില്‍ ആരംഭിച്ചിരിക്കുന്നത്‌. രണ്ടു വര്‍ഷം നഷ്‌ടമായി. ഇനിയുള്ളത്‌ മൂന്ന്‌ വര്‍ഷം. ഇപ്പോഴാണ്‌ പ്രാഥമിക കാര്യങ്ങള്‍ പോലും ആലോചിച്ച്‌ തുടങ്ങുന്നത്‌. ഫലത്തില്‍ ഇതും ??വിദഗ്‌ധര്‍ക്ക്‌ കയ്യിട്ട്‌ വാരുന്നതിനുള്ള മറ്റൊരു പരിശീലന കളരിമാത്രമാകുമെന്നാണ്‌ ട്രൈബല്‍ വകുപ്പില്‍ നിന്ന്‌ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്റെ അഭിപ്രായം. വളരെ നല്ല പദ്ധതിയാണിത്‌. ശാസ്‌ത്രീയമായി ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയിരുന്നുവെങ്കില്‍ ഈ വിഭാഗങ്ങളെ മറ്റു ജനവിഭാഗങ്ങള്‍ക്കൊപ്പമെത്തിക്കുന്നതിന്‌ സാധിക്കുമായിരുന്നു. അത്രമാത്രം ഫണ്ടാണ്‌ അനുവദിക്കപ്പെട്ടിട്ടുള്ളത്‌. എന്നാല്‍ വൈകി ഓടുന്ന പദ്ധതി ഫലപ്രാപ്‌തിയിലെത്തിക്കാന്‍ ഇനി ഉദ്യോഗസ്ഥര്‍ തലകുത്തിമറിഞ്ഞാലും സാധിക്കുകയില്ലെന്നും അദ്ദേഹം പറയുന്നു.

താമസയോഗ്യമായ വീട്‌, കുടിവെള്ളം, ശുചിത്വ പരിപാലനം, വൈദ്യുതീകരണം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ ആദിവാസികള്‍ക്ക്‌ ലഭ്യമായിട്ടില്ലെന്ന്‌ ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. 45 ശതമാനം പട്ടികജാതിക്കാര്‍ക്ക്‌ പ്രാഥമിക സൗകര്യം ഒരുക്കുന്നതിലും അധികൃതര്‍ പൂര്‍ണപരാജയമാണെന്നും ആ കണക്കില്‍ സമ്മതിക്കുന്നു. ഒന്നിനും ക്യത്യമായ പ്ലാനുണ്ടായിരുന്നില്ല. 2006-07 വര്‍ഷം വരെ നീക്കിവെച്ച ഫണ്ട്‌ നഷ്‌ടപ്പെടുത്തി. പകുതിയോളം വഴിതിരിച്ചുവിട്ടു. ഉത്‌പാദനമേഖലയില്‍ പദ്ധതികളൊന്നും നടപ്പാക്കിയില്ല. ഇതെല്ലാം കൊണ്ടാണ്‌ 2009- 10 വര്‍ഷത്തില്‍ പട്ടികജാതി- ആദിവാസി മേഖലകളിലെ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി പൂള്‍സ്‌ ഫണ്ട്‌ സമ്പ്രദായം നടപ്പാക്കിയത്‌. 2010 -11 വര്‍ഷത്തില്‍ ഇവരുടെ പുനരുദ്ധാരണ പ്രവൃത്തിക്കായി ടി എസ്‌ പി 200.50 കോടി രൂപയും മാറ്റിവെച്ചു. ഇതേ വര്‍ഷം പട്ടികവര്‍ഗ വകുപ്പിന്‌ 104 കോടി രൂപയും അനുവദിച്ചു. ഇതില്‍ 85.3 കോടി രൂപയും ചെലവഴിച്ചുവെന്നാണ്‌ സര്‍ക്കാര്‍ കണക്ക്‌. എന്നിട്ടും കോരന്‌ കുമ്പിളില്‍ തന്നെയാണ്‌ കഞ്ഞി. ആദിവാസി ഊരുകളില്‍ പദ്ധതികള്‍ക്ക്‌ പഞ്ഞമേയില്ല. എന്നാല്‍ അതെവിടെയെന്ന്‌ മഷിയിട്ട്‌ നോക്കിയാല്‍പോലും കണ്ടെന്ന്‌ വരില്ല. പട്ടിണിയും പരിവട്ടവും തന്നെയാണവിടുത്തെ സ്ഥിരം താമക്കാര്‍. ഈ പണമെല്ലാം ഏത്‌ കടലിലാണ്‌ ഒഴുക്കിയത്‌...?
ഉത്തരം തേടുന്നവര്‍ ഊരുകളിലൂടെ യാത്രചെയ്യുക. അവഗണനയുടെ മഹാ സ്‌മാരകങ്ങളും കാട്‌ കയറിയ വികസന പ്രേതഭൂമികളും അവിടെ കാണാനാകും.
എ കെ ആന്റണിയുടെ കാലത്താണ്‌ ആറളം ഫാമില്‍ നാല്‍പ്പത്തിരണ്ട്‌ കോടിയുടെ വികസന വിസ്‌മയങ്ങള്‍ക്ക്‌ ശിലപാകിയത്‌. ആറളം ഫാം സര്‍ക്കാര്‍ ഏറ്റെടുത്തു. ഒരു ഏക്കര്‍ വീതം ഭൂമി ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്‌തു. 2400 വീടുകള്‍ നിര്‍മിക്കുന്നതിനായി നിര്‍മിതി കേന്ദ്രയെ ചുമതലപ്പെടുത്തി. ഫണ്ടും അല്ലലില്ലാതെ അനുവദിച്ചു. 400 വീടുകളുടെ നിര്‍മാണം തുടങ്ങിയപ്പോഴേക്ക്‌ നിര്‍മിതി കേന്ദ്രക്ക്‌ മടുത്തു. തുടര്‍ന്ന്‌ നിര്‍മിതി കേന്ദ്രതന്നെ വീണ്ടും വീടുകള്‍ കരാറുകാര്‍ക്ക്‌ നല്‍കി. പലതിന്റേയും നിര്‍മാണത്തില്‍ വെള്ളം ചേര്‍ത്തു. നിര്‍മാണ സമയത്ത്‌ തന്നെ മേല്‍ക്കൂരകള്‍ മൂക്കുംകുത്തി വീണു. ആദിവാസി സംഘടനകള്‍ നിര്‍മാണത്തിലെ അഴിമതിക്കെതിരെ കലാപക്കൊടി ഉയര്‍ത്തി. എന്നാല്‍ ഇതിനേയും തോല്‍പ്പിക്കുന്ന രീതിയിലായിരുന്നു മറ്റു പല കോളനികളിലും വീടുകള്‍ പൊങ്ങിയത്‌. അടുക്കളയില്ലാത്ത വീടുകള്‍, പ്രാഥമിക സൗകര്യങ്ങളില്ലാത്ത വീടുകള്‍, ഇത്തരത്തില്‍ എങ്ങനെയൊക്കെ വികലമാക്കാം എന്ന കാര്യത്തില്‍ ഗവേഷണം നടത്തിതെളിഞ്ഞവരായിരുന്നു നിര്‍മാണത്തിന്‌ നേതൃത്വം നല്‍കിയിരുന്നത്‌. 39,850 വീടുകളാണ്‌ അടുക്കളയില്ലാതെ കെട്ടിപ്പൊക്കിയത്‌. 46,801 വീടുകളില്‍ എല്ലാ അംഗങ്ങള്‍ക്കും താമസിക്കുന്നതിനുള്ള പ്രാഥമിക സൗകര്യങ്ങളുണ്ടായിരുന്നില്ല.
സര്‍ക്കാര്‍ ആദിവാസികള്‍ക്കായി 57,481 വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ടെന്നാണ്‌ കണക്ക്‌. ഇന്നും അവയില്‍ 13,639 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടേയില്ല എന്ന്‌ കേള്‍ക്കുമ്പോള്‍ സര്‍ക്കാറിന്റെ കാര്യക്ഷമതയെക്കുറിച്ച്‌ ?മതിപ്പ്‌ തോന്നേണ്ടതല്ലേ...? സര്‍ക്കാര്‍ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മിച്ച വീടുകള്‍ പലതും വളരെ വേഗത്തില്‍ നിലംപൊത്തി എന്ന്‌ കൂടി അറിയുമ്പോള്‍ നിര്‍മാണപ്രവൃത്തി നടത്തിയവരുടെ വിശ്വാസ്യതക്കും സര്‍ട്ടിഫിക്കറ്റായി.! 


നിര്‍മാണം പൂര്‍ത്തിയാകാത്ത വീടുകളുടെ ഉത്തരവാദിത്വം ഭവന നിര്‍മാണ ബോര്‍ഡ്‌(149), നിര്‍മിതി കേന്ദ്രം(2284),കോസ്റ്റ്‌ഫോര്‍ഡ്‌(2414), ഹാബിറ്റാറ്റ്‌(1727),ഗുണഭോക്താവ്‌ (5184), ഗുണഭോക്തൃ സമിതി (170), കരാറുകാരന്‍(1140), ബിനാമി കരാറുകാരന്‍(360), വിവിധ ഏജന്‍സികള്‍(221) ഇത്തരത്തിലാണ്‌. ഇന്നും ഇവ പ്രേതാലയം പോലെ ശേഷിക്കുന്നു. 57,814 വീടുകളില്‍ ഇപ്പോള്‍ താമസയോഗ്യമായ വീടുകള്‍ 18,756 മാത്രമാണെന്നതാണ്‌ വസ്‌തുത. ആദിവാസി സ്‌നേഹത്തിന്റെ പേരില്‍ അധികൃതര്‍ തേനും പാലുമൊഴുക്കിയ വികസന പദ്ധതിയിലെ എഴുപത്‌ ശതമാനം ഫണ്ടുകളും നീക്കിവെച്ചത്‌ വീട്‌ നിര്‍മാണത്തിനായിരുന്നു. അതിലെ കയ്യിട്ട്‌ വാരലിന്റെ കഥയാണ്‌ ഈ പറഞ്ഞത്‌.
ഊരുകളില്‍ വൈദ്യുതിയെത്തിച്ച കഥയും ഇതുപോലെക്കെ തന്നെയാണ്‌. സംസ്ഥാനത്തെ 4644 ഊരുകളാണ്‌ വൈദ്യുതീകരിച്ചിട്ടുള്ളത്‌. എന്നിട്ടും 1252 ഊരില്‍ ഇരുട്ട്‌ തന്നെയാണ്‌. എന്നാല്‍ വൈദ്യുതീകരിച്ച 3392 ഊരുകളിലെ 36,493 വീടുകളില്‍ വൈദ്യുതിയെത്തിയിട്ടില്ല. ഇവിടെ 7671 വീടുകളിലെ വയറിംഗ്‌ ജോലിയേ പൂര്‍ത്തീകരിച്ചിട്ടുള്ളൂ. 840 ഇടത്ത്‌ ചെറുകിട ജലസേചന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്‌. എന്നാല്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആലോചനപോലുമില്ല. 237 ഊരുകളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നു. കത്തുന്നത്‌ 67 എണ്ണം മാത്രം. 545 ഊരുകളില്‍ തെരുവു വിളക്കും ഉയര്‍ന്നു. തെളിയുന്നത്‌ 354 മാത്രം. 984 കോളനികളില്‍ കറന്റ്‌ വിതരണം സുഗമമായി നടക്കുന്നില്ല. 1428 ഇടങ്ങളില്‍ വോള്‍ട്ടേജ്‌ ക്ഷാമവും രൂക്ഷമാണ്‌. 30 ശതമാനം ജനത്തിനെ വൈദ്യുതിയുടെ പ്രയോജനം ലഭിക്കുന്നുള്ളൂ എന്ന്‌ ചുരുക്കം. ഡി പി ഇ പി യും സര്‍വശിക്ഷാ അഭിയാനും ആദിവാസികളുടെ വിദ്യാഭ്യാസകാര്യത്തില്‍ വിപ്ലവം സൃഷ്‌ടിച്ചിട്ടുണ്ടെന്നാണ്‌ അവകാശവാദം. അതിനും ഒഴുക്കി കോടികള്‍. എന്നാല്‍ അതും വെള്ളത്തില്‍ വരച്ച വരയായി തീരുകയായിരുന്നു. അതെക്കുറിച്ച്‌ .....

1 അഭിപ്രായം:

  1. എന്തൊക്കെ പ്രഖ്യാപിച്ചാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ....!!!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ