30/4/12

മമ്പുറം തങ്ങന്‍മാര്‍: സഹനത്തിന്റെ മിനാരങ്ങള്‍ ദേശാഭിമാനത്തിന്റേയും




മമ്പുറം സയ്യിദ് അലവി തങ്ങള്‍ കേരളത്തിന്റെ ആത്മീയ തേജസായി നിറഞ്ഞത് പത്തൊമ്പതാം നൂറ്റാണ്ടിലായിരുന്നു. വിജ്ഞാനത്തിന്റെയും ആത്മീയതയുടേയും മഹാഗോപുരായിരുന്നു അദ്ദേഹം.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ കേരളീയ മുസ്‌ലിം സമൂഹത്തിന് ആത്മീയതയുടെ നിലാവായും ആശ്വാസത്തിന്റെ തണല്‍മരമയായും നിറഞ്ഞ് നിന്ന സയ്യിദ് അലവി തങ്ങള്‍ 1750ല്‍ അറേബ്യയിലാണ് ജനിച്ചത്. ബാല്യവും വിദ്യാഭ്യാസവും അറേബ്യയില്‍ തന്നെയായിരുന്നു. (1767ല്‍) ആണ് അദ്ദേഹം അമ്മാവന്‍ സയ്യിദ് ഹസന്‍ ജിഫ്രി തങ്ങളോടൊപ്പം കേരളത്തിലെത്തുന്നത്. മമ്പുറത്ത് സ്ഥിരവാസവുമുറപ്പിച്ചു. മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമയുടെ താവഴിയില്‍പ്പെട്ടയാളാണ് അദ്ദേഹം. 
അദ്ദേഹം മലബാറിലെ എല്ലാ ഭാഗങ്ങളിലും ചുറ്റിസഞ്ചരിച്ചു. മുസ്ലിം ജീവിതവും ഇതര വിഭാഗങ്ങളുടെ ജീവിത രീതികളും കണ്ട് മനസ്സിലാക്കി. ക്രിസ്തുമത പരിവര്‍ത്തനത്തിനുള്ള തീവ്രമായശ്രമങ്ങള്‍ നടക്കുന്നുവെന്ന തിരിച്ചറിവില്‍ നിന്ന് പലയിടത്തും മതപഠനക്ലാസ്സുകള്‍ സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ ആത്മീയപ്രഭാവം ജനങ്ങളെ കൂടുതല്‍ ആകര്‍ഷിച്ചു. അവര്‍ കൂട്ടത്തോടെ ഇസ്‌ലാം മതത്തില്‍ അഭയം തേടി. മുസ്‌ലിം സമുദായത്തിന് തങ്ങളുടെ നേതൃത്വം പുതിയൊരു ഉന്മേഷവും ഉത്തേജനവും നല്‍കി. 
ഇതര സമുദായത്തില്‍പ്പെട്ടവരുമായി നല്ല സൗഹൃദം തങ്ങള്‍ സൂക്ഷിച്ചു. ധാരാളം ഹിന്ദു സുഹൃത്തുക്കളുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ കാര്യസ്ഥന്‍ കോന്തു നായരായിരുന്നു. എന്നാല്‍ സയ്യിദ് അലവി തങ്ങളുടെ വ്യക്തി പ്രഭാവം ബ്രിട്ടീഷുകാരെ ഞെട്ടിച്ചു. അദ്ദേഹത്തിന്റെ ദിവ്യശക്തിയെപ്പററി നാട്ടില്‍ ഒട്ടേറെ കഥകള്‍ പ്രചരിച്ചിരുന്നു. മുസ്‌ലിം സമുദായത്തിലെന്ന് മാത്രമല്ല ഇതര മതസ്ഥരും അദ്ദേഹത്തെ ബഹുമാനിച്ചു. മുസ്‌ലിംകളാവട്ടെ അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അദ്ദേഹത്തോടാണ് പറഞ്ഞത്. 

വ്യക്തിതര്‍ക്കങ്ങള്‍ക്കും വിശ്വാസ തര്‍ക്കങ്ങള്‍ക്കും അദ്ദേഹത്തിനടുക്കല്‍ നിന്ന് പരിഹാരമുണ്ടായി. അവര്‍ക്ക് വസാനവാക്കും തങ്ങളുടേതായി. ഇതെല്ലാം ബ്രിട്ടീഷ് മേധാവികളെ അസ്വസ്ഥരാക്കി. 
സയ്യിദ് അലവി തങ്ങള്‍ നേരിട്ട് കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കുകയോ മുസ്‌ലിംകളെ അതിനായി അണിനിരത്തുകയോ ചെയ്തിട്ടില്ലെന്നാണ് ബ്രിട്ടീഷുകാര്‍ തന്നെ പറയുന്നത്. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം അനിവാര്യമാണെന്ന് ആഹ്വാനം ചെയ്യുന്ന ഫത്ത്‌വകള്‍ അദ്ദേഹം പുറപ്പെടുവിച്ചിരുന്നു. ചേറൂര്‍ യുദ്ധത്തില്‍ അദ്ദേഹം പങ്കെടുത്തു. കുതിരപ്പുറത്തിരുന്നാണ് തങ്ങള്‍ യുദ്ധം ചെയ്തതെന്നും യുദ്ധത്തില്‍ തങ്ങളുടെ തുടയില്‍ വെടിയേറ്റതായും സി എം മുഹമ്മദ് മൗലവി ബ്രിട്ടന്റെ പരാജയം, അഥവാ ചേറൂര്‍ചിന്ത് എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. 
1800ല്‍ തിരൂരങ്ങാടിയില്‍ മാപ്പിളമാര്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ നടത്തിയ തേര്‍വാഴ്ചയില്‍ പതിനൊന്ന് മാപ്പിളമാര്‍ രക്തസാക്ഷികളായി. ഈ സംഭവം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. പള്ളിക്കു മുമ്പില്‍ അലക്കിയിട്ടിരുന്ന വസ്ത്രങ്ങളില്‍ ഒരു വാടകഗുണ്ട വന്ന് തുപ്പി.



 ജന്മിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെത്രെ ഇത്. ഇയാളെ മാപ്പിളമാര്‍ മര്‍ദിച്ചു. സംയമനം പാലിക്കാനായിരുന്നു തങ്ങളുടെ നിര്‍ദേശം. എന്നാല്‍ അപ്രതീക്ഷിതമായിരുന്നു പട്ടാളം വന്ന് വളയുകയും വെടിയുതിര്‍ക്കുകയും ചെയ്തത്. പതിനൊന്ന് മനുഷ്യ ജീവനുകള്‍ പിടഞ്ഞ് മരിച്ചു. ഇതോടെയാണ് തങ്ങളും കലാപകാരിയോ കലാപത്തിന് നേതൃത്വം നല്‍കുകയോ ചെയ്തതായി ബ്രിട്ടീഷ് അധികാരികള്‍ അനുമാനിക്കുന്നത്. തങ്ങളെ അറസ്റ്റ് ചെയ്യുന്നതിന് അധികാരികള്‍ ആലോചിച്ചു. കലാപത്തില്‍ മരിച്ചവരില്‍ പലര്‍ക്കും തങ്ങളുമായി ബന്ധമുണ്ടായിരുന്നു എന്നും അവരില്‍ ചിലരെ മമ്പുറം പള്ളിയില്‍ കണ്ടിരുന്നു എന്നുമായിരുന്നു കണ്ടെത്തല്‍. 
ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ തങ്ങളെ അറസ്റ്റ് ചെയ്യുന്നതോടെ അനന്തരഫലങ്ങള്‍ ഭീകരമാക്കുമെന്നായിരുന്നുപറഞ്ഞിരുന്നത്. 



ഇതേതുടര്‍ന്നാണ് അറസ്റ്റ് വേണ്ടെന്ന് വെച്ചത്. പിന്നീട് അദ്ദേഹത്തെ നാട് കടത്തണമെന്ന തീരുമാനത്തിലാണ് കലക്ടര്‍ കൊണോലി എത്തിച്ചേര്‍ന്നത്. ഈ തീരുമാനവും എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് തുല്യമായിരുന്നു. തൊണ്ണൂറ് വയസ്സുണ്ടായിരുന്നു അന്ന് തങ്ങള്‍ക്ക്. അദ്ദേഹത്തിന്റെ പ്രായാധിക്യവും നാട് കടത്തല്‍ മൂലമുണ്ടാക്കുന്ന പ്രത്യാഘാതവും കണക്കിലെടുത്തായിരിക്കാം ആ തീരുമാനത്തില്‍ നിന്ന് അധികൃതര്‍ പിന്തിരിയുകയുണ്ടായത്. സയ്യിദ് അലവി തങ്ങളുടെ നേതൃത്വവും അദ്ദേഹത്തിന്റെ ആഹ്വാനവും ശിരസ്സാ വഹിച്ചവരായിരുന്നു മലബാറിലെ മുസ്‌ലിംകള്‍. ആ ശക്തിയെ ഇല്ലായ്മ ചെയ്യുക എന്നത് ബ്രിട്ടീഷ്‌കാരുടെ മുമ്പിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. വിശ്വാസി ലക്ഷങ്ങള്‍ ഇന്നും തെക്കന്‍മലബാറിലെ മുഖ്യതീര്‍ഥാടന കേന്ദ്രമായ മമ്പുറം തങ്ങളുടെ മഖ്ബറ സന്ദര്‍ശിക്കുന്നുണ്ട്. അവിടെ പ്രാര്‍ഥന നടത്തി സായൂജ്യവുമടയുന്നു. 
സയ്യിദ് അലവി തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് മകന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ആത്മീയ നേതൃത്വം ഏറ്റെടുത്തു. 1823ല്‍ ജനിച്ച സയ്യിദ് ഫസല്‍ പരമ്പരാഗത രീതിയില്‍ തന്നെയാണ് വിദ്യാഭ്യാസം നേടിയത്. ചാലിലകത്ത് ഖുസയ്യ് ഹാജിയില്‍ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യസം നേടിയത്. വെളിയങ്കോട് ഉമര്‍ഖാസിയും കോഴിക്കോട് മുഹിയദ്ദീന്‍ ഖാസിയും ഗുരുനാഥന്‍മാരില്‍ പ്രധാനികളായിരുന്നു.
സമുദായത്തിന്റെ പുരോഗതി തന്നെയായിരുന്നു ഫസല്‍ തങ്ങളുടെ മുന്നിലെയും വെല്ലുവിളി. ബ്രിട്ടീഷ് അധിനിവേശമായിരുന്നു ഏറ്റവും വലിയ പ്രതിബന്ധവും. മതപ്രഭാഷണങ്ങളിലൂടെയും ലഘുലേഖകളിലൂടെയും സമുദായത്തെ ഉദ്ബുദ്ധരാക്കാന്‍ ഫസല്‍തങ്ങള്‍ പരിശ്രമിച്ചു. ഇതര സമുദായങ്ങളില്‍നിന്ന് ഇസ്ലാം മതത്തിന്റെ തണലിലേക്ക് വന്നവര്‍ക്ക് അദ്ദേഹം ആത്മവിശ്വാസം പകര്‍ന്നു. 


ജന്മിമാര്‍ക്ക് മുമ്പില്‍ ഓച്ഛാനിച്ച് നില്‍ക്കരുത്. അവരെ ദൈവതുല്യരായി കാണരുത്. വെള്ളിയാഴ്ചകളില്‍ പണിക്കിറങ്ങരുത്. അവരുടെ ഉച്ഛിഷ്ടം ഭക്ഷിക്കരുത്. തുടങ്ങിയ ഒട്ടേറെ നിര്‍ദേശങ്ങളാണ് പുതു വിശ്വാസികള്‍ക്ക് അദ്ദേഹം നല്‍കിയത്. അതെല്ലാം അവര്‍ അനുസരിച്ചു. അത് മൂലം അവര്‍ക്കുണ്ടാകുന്ന പീഡനങ്ങളെ പ്രതിരോധിക്കാന്‍ മാപ്പിളമാരും രംഗത്തെത്തി. എന്നാല്‍ ഇത് ജന്മിമാര്‍ക്ക് മാപ്പിളകുടിയാന്‍മാരോടുള്ള വിദ്വേഷം വളര്‍ത്തുന്നതിനും സഹായിച്ചു. 
കര്‍ഷക കലാപങ്ങള്‍ രൂക്ഷമായിരുന്നു അന്ന്. അതിലെല്ലാം ഫസല്‍ തങ്ങള്‍ക്കും പങ്കുണ്ടെന്ന നിഗമനത്തിലെത്തിച്ചേരാനാണ് ബ്രിട്ടീഷ് അധികാരികളെ പ്രേരിപ്പിച്ചത്. കലാപകാരികളില്‍ പലരും തങ്ങളുടെ അനുഗ്രഹം തേടി മമ്പുറത്തെത്തിയിരുന്നു. പള്ളിയില്‍ അവര്‍ അഭയം തേടിയിരുന്നു. ഒരു പോരാളിയുടെ വാളില്‍ ഫസല്‍തങ്ങളുടെ പേര് കൊത്തിവെച്ച നിലയിലും അധികൃതര്‍ കണ്ടെത്തി. ഇതെല്ലാം അദ്ദേഹത്തിനു നേരെയുള്ള കുറ്റപത്രങ്ങളില്‍ ചിലത് മാത്രമാണ്. കലാപങ്ങളുടെ കാരണം അന്വേഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ കമ്മീഷ്ണര്‍ ടി എല്‍ സ്‌ട്രേഞ്ച് കണ്ടെത്തിയത് കലാപങ്ങളുടെ എല്ലാം ഉത്തരവാദി കുപ്രസിദ്ധനായ സയ്യിദ് ഫസലാണെന്നായിരുന്നു.

 തങ്ങള്‍ ദൈവികതയുടെ ഒരു ഭാഗം ആവാഹിച്ച പുണ്യവാളനാണെന്ന് മാപ്പിളമാര്‍ വിശ്വസിച്ചു. അദ്ദേഹത്തിന്റെ അമാനുഷികതയെക്കുറിച്ച് അവര്‍ അത്ഭുതകഥകള്‍ പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ അനുഗ്രഹത്തിന് അപാരവില നല്‍കി എന്നെല്ലാമായിരുന്നു ആ കണ്ടെത്തല്‍.
ഫസല്‍ തങ്ങളെ ഔപചാരികമായി വിചാരണക്ക് കൊണ്ടു വരണോ ഗവണ്‍മെന്റിന്റെ തടവുകാരനായി ശിക്ഷിക്കണോ ഒച്ചപ്പാടുണ്ടാക്കാതെ നാട് കടത്തണമോ എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുവാനായിരുന്നു സ്‌ട്രേഞ്ചര്‍ക്കുണ്ടായിരുന്ന നിര്‍ദേശം. 
ചേറൂര്‍ യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ പേരില്‍ അദ്ദേഹം നേര്‍ച്ച ആരംഭിച്ചതും ബ്രിട്ടീഷ്‌കാരെ പ്രകോപിപ്പിച്ചു. ഫസല്‍ തങ്ങളെ അറസ്റ്റ് ചെയ്യുന്നത് ബുദ്ധിയല്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഇല്ലാതാക്കുക തന്നെ വേണമെന്നും ബ്രിട്ടീഷുകാര്‍ തീര്‍ച്ചപ്പെടുത്തി. മാപ്പിളമാരെ അടിച്ചമര്‍ത്താനുള്ള ശ്രമം വിജയത്തിലെത്തണമെങ്കില്‍ സയ്യിദ് ഫസലിന്റെ നേതൃത്വം ഇല്ലാതാകണം. അദ്ദേഹത്തെ നാടുകടത്താനുള്ള കാരണങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചെടുത്തു. അതിനിടയില്‍ നിശബ്ദനായി സ്ഥലം വിട്ടുപോകുന്നതിന് ഫസല്‍ തങ്ങളെ പ്രേരിപ്പിക്കുന്നതില്‍ കലക്ടര്‍ കെനോലിക്ക് വിജയം വരിക്കാനായിരുന്നു. ഗവണ്‍മെന്റിന്റെ അപ്രീതി ക്ഷണിച്ച് വരുത്താന്‍ താനൊന്നും ചെയ്തിട്ടില്ലെന്ന് ഫസല്‍ തങ്ങള്‍ കലക്ടറോട് ആണയിട്ട് പറഞ്ഞു. കലാപങ്ങളേയും കലാപകാരികളേയും അദ്ദേഹം അപലപിച്ചു.


ഇസ്ലാം മത ആചാരത്തിന്റെ ഭാഗമായുള്ളതാണ് താന്‍ നടത്തുന്ന പ്രാര്‍ഥന. അനുഗ്രവും. അത് മറ്റൊരു തരത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടത് തന്റെ നിര്‍ഭാഗ്യമാണെന്നേ പറയാനാകൂ. തന്റെ സാന്നിധ്യം നിര്‍ഭാഗ്യവശാല്‍ പല ഭീകര സംഭവങ്ങള്‍ക്കും ഇടവെച്ചു എന്നത് കൊണ്ട് ഗവണ്‍മെന്റിന് അലോസരമില്ലാതാക്കാന്‍ ആവശ്യമെങ്കില്‍ മലബാര്‍ വിട്ട് പോകുന്നതിന് വിരോധമില്ലെന്നും ഫസല്‍ തങ്ങള്‍ കലക്ടര്‍ക്ക് മറുപടി നല്‍കി.(മലബാര്‍ മാന്വല്‍) 
പട്ടാളത്തെ സജ്ജരാക്കി നിര്‍ത്തിയതിന് ശേഷമായിരുന്നു 1852 ഫിബ്രുവരിയില്‍ നാട് കടത്തല്‍ പ്രഖ്യാപനം. ഇതറിഞ്ഞ് മാപ്പിളമാര്‍ ഇളകി. തങ്ങള്‍ അതില്‍ നിന്ന് അവരെ പിന്തിരിപ്പിച്ചു. താന്‍ ഇവിടെ നില്‍ക്കുന്നത് മൂലം ഒരു വലിയ കെടുതിയുണ്ടാകുന്നതിനെ തങ്ങള്‍ ഭയപ്പെട്ടു.

 
മാര്‍ച്ച് പത്തൊമ്പതിന് ഫസല്‍ തങ്ങളേയും അമ്പത്തിഏഴ് പേരടങ്ങുന്ന സംഘത്തേയും അതുപ്രകാരം അറേബ്യയിലേക്ക് നാടു കടത്തി. 8000 ത്തോളം പേര്‍ പരപ്പനങ്ങാടിവരെ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. എന്നാല്‍ കലക്ടര്‍ കൊണോലിയുടെ ദാരുണമായ കൊലക്ക് ഉത്തരം തിരഞ്ഞവര്‍ക്ക് കണ്ടെത്താനായത് ഫസല്‍ തങ്ങളുടെ നാടുകടത്തലിനെ തുടര്‍ന്നുണ്ടായ അനന്തരഫലമായിരുന്നു അതെന്നായിരുന്നു. മമ്പുറം തങ്ങന്‍മാരെ കലാപകാരികളാക്കാതെ ബ്രിട്ടീഷുകാര്‍ക്കിവിടെ എന്തെങ്കിലും ചെയ്യാനാകുമായിരുന്നില്ലല്ലോ. എന്നാല്‍ ആ ചങ്ങല പൊട്ടിച്ചെറിയാന്‍ പരിശ്രമിക്കുകയും സമുദായത്തിനും സമൂഹത്തിനും ഉജ്ജ്വല നേതൃത്വം നല്‍കുകയും മാത്രമേ അവര്‍ ചെയ്‌തൊള്ളൂ. 
യമനില്‍ കപ്പലിറങ്ങിയ ഫസല്‍ തങ്ങള്‍ കുറച്ചു കാലം അവിടെ ഹളര്‍മൗതില്‍ താമസിച്ചു. പിന്നീട് മക്കയിലെത്തി. 1876ല്‍ ഫസല്‍ തങ്ങളെ യമന്‍ ഗവര്‍ണറായി നിയമിച്ചു. ബ്രിട്ടീഷ്‌കാര്‍ അവിടെയും അദ്ദേഹത്തിന് സ്വസ്ഥത നല്‍കിയില്ല. അവരുടെ ഉപജാപങ്ങളെ തുടര്‍ന്ന് അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. എന്നാല്‍ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് അദ്ദേഹത്തെ ക്ഷണിച്ച് വരുത്തി ഭരണോപദേഷ്ടാവാക്കി. ഫസല്‍പാഷ എന്ന സ്ഥാനപേരും നല്‍കി.


മികച്ച എഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. അറബിയിലും തുര്‍ക്കിയിലുമായി എഴുതപ്പെട്ട നിരവധി ഗ്രന്ഥങ്ങളുടെ രചിയിതാവാണ്. മുസ്‌ലിം വിരുദ്ധര്‍ക്കെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്ന ലഘുലേഖകളടങ്ങിയ ലഘുകൃതികളുടെ സമാഹാരം മലയാളത്തിലും പുറത്തിറങ്ങിയിട്ടുണ്ട്. മുസ്‌ലിം കേരളത്തിന്റെ ആത്മീയാചാര്യന് പിന്നീടൊരിക്കലും പിറന്ന നാട്ടിലേക്ക് വരാനായില്ല. 1901ല്‍ അദ്ദേഹം ചരിത്രത്തിലേക്ക് മടങ്ങി.

4 അഭിപ്രായങ്ങൾ:

  1. മമ്പുറം തങ്ങള്‍മാരുടെ ജീവചരിത്രക്കുറിപ്പ് നന്നായിരിക്കുന്നു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2012, മേയ് 1 6:55 AM

    Very Good for the great knowledge about the Mampuram Thangal (R.A)

    മറുപടിഇല്ലാതാക്കൂ
  3. നന്നായി, വിശദമായി തന്നെ എഴുതാമായിരുന്നു, മമ്പുറം മഖാം ഒരു മതേതര കേന്ദ്രം തന്നെയാണ്. അനുഭവങ്ങള്‍ ഈ ഉള്ളവനും ഉണ്ടായിട്ടുള്ളതാണ്.

    മറുപടിഇല്ലാതാക്കൂ
  4. റബ്ബ് അനുഗ്രഹിക്കട്ടെ .. ആമീന്‍ ..ഹംസക്കാ .. ഇത് ബ്ലോഗിനപ്പുറം പുറം ലോകം കാണണം .. ചരിത്രത്തെ വ്യഭിചരിക്കുന്ന നവയുഗത്തോട് പുറം തിരിഞ്ഞു നിന്ന് നേരിന്‍റെ ശബ്ദമുയര്‍ത്തുന്നതാണ് വര്‍ത്തമാനത്തിന്‍റെ ധീരസമരം ..ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ