20/4/12

അറിയുമോ കേരളത്തിന്റെ വക്കം ഭഗത് സിംഗിനെ...?


ടിമത്വത്തിന്റെയും അരാജകത്വത്തിന്റേയും ഒരു കാലഘട്ടത്തിലായിരുന്നു അബ്ദുല്‍ഖാദറിന്റെ ബാല്യകാലം. ആയിരത്തിതൊള്ളായിരത്തി ഇരുപതുകളുടെ ആദ്യ നാളുകള്‍. ദേശീയ പ്രസ്ഥാനം ഇന്ത്യയിലെ ബഹുജനങ്ങളെ ആകര്‍ഷിച്ച് മുന്നേറുകയാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉയരുന്നപ്രതിഷേധങ്ങളുടെ പ്രതിധ്വനികള്‍ തിരുവനന്തപുരത്തിനടുത്തുള്ള ചിറയിന്‍കീഴിലെ വക്കം എന്ന ഗ്രാമത്തിലും അലയടിച്ചെത്തുന്നുണ്ട്. 
അന്ന് സ്‌കൂളിലെ താഴ്ന്ന ക്ലാസിലെ വിദ്യാര്‍ഥിയായിരുന്നു അബ്ദുല്‍ ഖാദര്‍. അവന്‍ അതെല്ലാം സശ്രദ്ധം കേട്ടു. പത്രങ്ങളും പാഠപുസ്തകങ്ങളും മനസ്സിരുത്തി വായിച്ചു. പതിയെ പതിയെ തന്റെ നാട് എത്തിപ്പെട്ടിരിക്കുന്ന മഹാദുരന്തത്തെക്കുറിച്ചവന്‍ മനസ്സിലാക്കി. ഓരോ കഥകള്‍ കേള്‍ക്കുമ്പോഴും അവന്റെ ചോരതിളച്ചതേയുള്ളൂ. പിറന്ന മണ്ണിന്റെ മോചനവും വിദേശികളുടെ തകര്‍ച്ചയും കാണണം എന്നത് അവന്റെ സ്വപ്നം മാത്രമായി തീര്‍ന്നതും അതില്‍ പിന്നെയായിരുന്നു. നാള്‍ക്കുനാള്‍ അവനിലെ ദേശാഭിമാനബോധവും സ്വാതന്ത്ര്യ ദാഹവും വളര്‍ന്ന് വികസിച്ചു. ബ്രിട്ടീഷ് അധിനിവേശത്തെ കെട്ടുകെട്ടിക്കുക എന്നത് ഉറക്കിലും ഉണര്‍വിലും അവന്റെ ചിന്തകളിലൊന്നായി വളര്‍ന്നു. ഉദാത്തവും ഉജ്ജ്വലവുമായ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി കാലത്തിന്റെ വിളികേട്ടുണര്‍ന്ന് മാതൃരാജ്യത്തിന്റെ മോചനത്തിനായി രക്തസാക്ഷിയാകേണ്ടി വന്ന വക്കം അബ്ദുല്‍ഖാദര്‍ ധീര ദേശാഭിമാനിയായിരുന്നു.


കേരളത്തിന്റെ ഭഗത് സിംഗ് എന്നാണ് ആ പോരാളിയെ വിശേഷിപ്പിക്കേണ്ടത്. അങ്ങനെ ഒരു വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യനായിരുന്നു അബ്ദുല്‍ഖാദര്‍. കാരാഗൃഹത്തില്‍ കിടക്കുന്ന ഭഗത് സിംഗിനെ മോചിപ്പിക്കാനായി അദ്ദേഹത്തിന്റെ പിതാവ് കിഷന്‍ സിംഗ് ട്രൈബ്യൂണലിന്റെ മുമ്പില്‍ ഒരപേക്ഷ സമര്‍പ്പിക്കുകയുണ്ടായി. സാന്‍ഡേഴ്‌സണ്‍ വധത്തില്‍ തന്റെ മകന്‍ നിരപരാധിയാണെന്ന് തെളിയിക്കുന്നതിനാവശ്യമായ വസ്തുതകള്‍ തന്റെ കൈവശമുണ്ടെന്നായിരുന്നു അദ്ദേഹം അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും അച്ഛനെ പിന്തിരിപ്പിക്കുകയായിരുന്നു ഭഗത് സിംഗ്. ആദര്‍ശത്തെ പണയം വെച്ച് ജീവന്‍ വിലക്ക് വാങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ഭഗത് സിംഗിന്റെ ഉറച്ച മറുപടി.

 
ഇതിനു സമാനമായ അനുഭവവും പോരാട്ട വഴികളിലെ യോജിപ്പുകളും അബ്ദുല്‍ഖാദറിന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അബ്ദുല്‍ഖാദര്‍ ജയിലില്‍ തൂക്കുമരവും കാത്ത് കിടക്കുമ്പോഴായിരുന്നു സഹോദരന്‍ അബ്ദുല്‍റഹ്മാന് ബ്രിട്ടീഷ് പോലീസില്‍ ജോലി ലഭിച്ചത്. കോണ്‍സ്റ്റബിളായിട്ടായിരുന്നു നിയമനം. എന്നാല്‍ അവസാനമായി കാണാന്‍ ജയിലിലെത്തിയപ്പോഴാണ് പിതാവ് അക്കാര്യം അബ്ദുല്‍ഖാദറിനെ അറിയിച്ചത്. അപ്പോഴും നെഞ്ചുറപ്പോടെയാണ് ആ യോദ്ധാവ് പിതാവിനോട് സംസാരിച്ചത്. ബ്രിട്ടീഷുകാരുടെ അടിമപ്പണി നമുക്ക് വേണ്ട ബാപ്പാ. അബ്ദുര്‍റഹ്മാനോടും ബാപ്പയത് പറഞ്ഞ് സമ്മതിപ്പിക്കണം. എന്നായിരുന്നു അബ്ദുല്‍ഖാദറിന്റെ അവസാന ആഗ്രഹങ്ങളിലൊന്ന്. ആ ആഗ്രഹപ്രകാരം സഹോദരന്‍ ആ ജോലി വേണ്ടെന്ന് വെക്കുകയായിരുന്നു.


നാടിനുവേണ്ടി രക്തസാക്ഷിയാകുന്നതില്‍ അബ്ദുല്‍ഖാദിര്‍ അഭിമാനം കൊണ്ടിട്ടേയുള്ളൂ. 24ാം വയസ്സിലാണ് ഭഗത് സിംഗ് തൂക്കുമരത്തിലേക്ക് നടന്നു കയറിയതെങ്കില്‍ 26ാം വയസ്സിലായിരുന്നു അബ്ദുല്‍ഖാദിറിന്റെ നിയോഗം. രാജ്ഗുരു, സുഖ്‌ദേവ് സിംഗ് എന്നിവരായിരുന്നു ഭഗതിന്റെ കൂട്ടാളികള്‍. അബ്ദുല്‍ഖാദറിന്റെ സംഘത്തില്‍ വേറെ മൂന്ന് പേരുണ്ടായിരുന്നു. ഭഗത് സിംഗിന്റെ സംഘത്തിലുമുണ്ടായിരുന്നു ചില ഒറ്റുകാരും മാപ്പുസാക്ഷികളും. ഇങ്ങനെ ഒട്ടേറെ സമാനതകള്‍ ഇവരുടെ ജീവിതത്തിനും രക്തസാക്ഷിത്വത്തിനുമുണ്ടായിരുന്നു.
ഭഗത് സിംഗ് തന്റെ പോരാട്ടവഴിയില്‍ ഏറെ ദൂരം താണ്ടിയിരുന്നുവെങ്കില്‍ അബ്ദുല്‍ഖാദറിന് സായുധ പോരാട്ട വഴിയില്‍ തന്നെ പോലീസ് വലയില്‍ കുരുങ്ങാനായിരുന്നു യോഗം.


1917 മെയ് 25 നാണ് ചിറയിന്‍കീഴിലെ വാവക്കുഞ്ഞ് സാഹിബിന്റേയും ഉമ്മു സല്‍മയുടേയും മകനായി വക്കം അബ്ദുല്‍ഖാദിര്‍ ജനിച്ചത്. വിദ്യാര്‍ഥിയായിരിക്കെ തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ട് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായി മാറി. ഇതോടെ ബ്രിട്ടീഷ് അധികാരികളുടെ ഹിറ്റ് ലിസ്റ്റിലും അബ്ദുല്‍ഖാദര്‍ ഇടം നേടി.
സെക്കന്‍ഡറി പഠനത്തിന് ശേഷം മലയായിലേക്ക് ജോലി തേടി അബ്ദുല്‍ഖാദര്‍ വണ്ടികയറി. എന്നാല്‍ സ്വാതന്ത്ര്യ ചിന്തകളും പിറന്ന നാടിന്റെ മോചന വഴികളും മാത്രമായിരുന്നു അപ്പോഴും അബ്ദുല്‍ ഖാദറിന്റെ മനസ്സില്‍. അദ്ദേഹം അവിടെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് എന്ന സംഘടനയില്‍ ചേര്‍ന്നു. സുഭാഷ് ചന്ദ്രബോസ് നേതൃത്വം നല്‍കിയിരുന്ന ഐ എന്‍ എയുടെ പ്രവര്‍ത്തനത്തിലും സജീവ പങ്കാളിയായി. ഇന്ത്യയില്‍ ഒളിപ്പോര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കാന്‍ 1942 ലാണ് ബാങ്കോക്കില്‍ ചേര്‍ന്ന ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് യോഗം തീരുമാനിച്ചത്. ഈ തീരുമാനം അറിഞ്ഞപ്പോള്‍ മുതല്‍ അതില്‍ ഒരാളാകാന്‍ അബ്ദുല്‍ഖാദര്‍ ആഗ്രഹിച്ചു. ആഗ്രഹംപോലെ തന്നെ അന്‍പതംഗങ്ങളടങ്ങിയ ആസംഘത്തിലൊരാളാകാന്‍ അബ്ദുല്‍ഖാദിറിന് സാധിച്ചു. വ്യത്യസ്ത തുറകളിലുള്ളവരായിരുന്നു അവര്‍. മലയയിലുണ്ടായിരുന്ന ഇന്ത്യക്കാരായിരുന്നു അവരിലേറെ പേരും. പൊനാഗിലുള്ള പ്രീ സ്‌കൂളില്‍ വെച്ചായിരുന്നു പരിശീലനം നല്‍കിയിരുന്നത്. ഖാദിറും അവിടെ നിന്നും യുദ്ധ മുറകളും ചാര പ്രവര്‍ത്തന തന്ത്രങ്ങളും പഠിച്ചെടുത്തു. സ്‌കൂളിന്റെ പേര് ഇന്ത്യന്‍ സ്വരാജ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നായിരുന്നുെവങ്കിലും ജപ്പാന്റെ രഹസ്യാന്വേഷണ സംഘടനയായിരുന്നു ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നത്.
അതിന് ശേഷം യുദ്ധ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി ഇന്ത്യയിലേക്ക് അയച്ച സംഘത്തില്‍ മലബാറിലേക്ക് നിയോഗിക്കപ്പെട്ട ഇരുപതംഗ സംഘത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തെയായിരുന്നു. ഗുജറാത്തിലേക്കും ബംഗാളിലേക്കുമായിരുന്നു മറ്റു രണ്ടു സംഘങ്ങള്‍ നീങ്ങിയിരുന്നത്. അതീവ രഹസ്യമായിരുന്നു അവരുടെ നുഴഞ്ഞു കയറ്റം. 


മലബാറില്‍ താനൂരിലാണ് ഇരുപതംഗ സംഘം ഒരു പെരുന്നാളാഘോഷത്തിന്റെ തിരക്കിലേക്ക് വന്ന് കയറിയത്. എന്നാല്‍ പ്രദേശവാസികള്‍ക്ക് സംശയം തോന്നി. അവരെ വിശ്വാസത്തിലെടുക്കാന്‍ അബ്ദുല്‍ ഖാദറും സംഘവും ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. അവര്‍ ജപ്പാന്‍ കാരാണെന്നും എങ്ങനെയോ മലയാളം പഠിച്ചതാകാമെന്നുമായിരുന്നു പ്രദേശവാസികള്‍ തെറ്റിദ്ധരിച്ചത്. അതുകൊണ്ടാണവര്‍ പോലീസിന് വിവരം നല്‍കിയതും. 
എന്നാല്‍ ദൗത്യത്തിലേക്ക് പ്രവേശിക്കാനോ എന്തെങ്കിലും മുന്നേറ്റം നടത്തുന്നതിനോ സാധിക്കും മുമ്പ് ഇങ്ങനെയൊരപകടം അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. പിടിയിലാകുമെന്ന് തീര്‍ച്ചയായപ്പോള്‍ അബ്ദുല്‍ഖാദര്‍ കൈവശമുണ്ടായിരുന്ന രേഖകളെല്ലാം നശിപ്പിച്ചു. കൂട്ടത്തിലൊരുത്തന്‍ തന്നെ തിരിഞ്ഞ് കുത്തുമെന്ന് അവര്‍ നിനച്ചിരുന്നില്ല. അതും മലയാളികൂടിയായ ആനന്ദന്‍. പോലീസ് പിടിയിലായപ്പോള്‍ അയാള്‍ ബ്രിട്ടീഷ് ഏജന്റായി അവകാശപ്പെട്ട് അവരെക്കുറിച്ചും ആ സംഘടന നടത്തുന്ന മറ്റു ചാവേര്‍ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് മറ്റു മൂന്നിടങ്ങളിലേക്കുകൂടി പുറപ്പെട്ട സംഘങ്ങളും പിടിയിലായി.
പോലീസ് പിടികൂടിയ അബ്ദുല്‍ഖാദിറിനേയും സുഹൃത്തുക്കളേയും വിവിധ പട്ടാള സങ്കേതങ്ങളിലേക്കാണ് കൂട്ടികൊണ്ടുപോയത്. ദല്‍ഹി, മദ്രാസ്, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു രഹസ്യകേന്ദ്രങ്ങള്‍. എല്ലായിടത്തു നിന്നും അവരുടെ രഹസ്യങ്ങളുടെ ചുരുളഴിക്കനായി ക്രൂരമായ പീഡനങ്ങള്‍ക്കാണ് വിധേയമാക്കിയത്. മര്‍ദനമുറകള്‍ നിരന്തരം തുടര്‍ന്നപ്പോള്‍ മലയാളിയായിരുന്ന തലശ്ശേരിക്കാരന്‍ ബാലകൃഷ്ണന്‍ നായര്‍ മാപ്പു സാക്ഷിയായി. അയാള്‍ രഹസ്യവിവരങ്ങള്‍ എല്ലാം ചോര്‍ത്തികൊടുത്തു. ചാരപ്രവര്‍ത്തനങ്ങള്‍ പുറത്തായതോടെ അബ്ദുല്‍ഖാദറിനെ ഒരു ഭീകരനോടെന്നപോലെയാണ് അധികൃതര്‍ പെരുമാറിയത്. മര്‍ദന മുറകള്‍ തുടര്‍ന്നത്. അപ്പോഴും തന്റെ നിലപാടുകളില്‍ നിന്ന് ഒരിഞ്ച് പോലും പിന്തിരിഞ്ഞില്ല അദ്ദേഹം. അപ്പോള്‍ മദ്രാസിലെ ജയിലിലായിരുന്നു അബ്ദുല്‍ഖാദര്‍. 1943 ലെ എനിമി ഏജന്റ് ഓര്‍ഡിനന്‍സ് പ്രകാരം മറ്റാര്‍ക്കും കടക്കാന്‍ അനുവദമില്ലാത്ത കോടതി മുറിയിലാണ് സ്‌പെഷല്‍ ജഡ്ജിയുടെ മുമ്പാകെ അബ്ദുല്‍ഖാദറിനേയും സുഹൃത്തുക്കളേയും പട്ടാളക്കോടതി വിചാരണ നടത്തിയത്. ഐ പി സി 121 എ വകുപ്പ് പ്രകാരമായിരുന്നു വിചാരണ. തികച്ചും പ്രഹസനമായിരുന്നു ജഡ്ജി ഇ ഇ മാക്കിയുടെ കോടതി നടപടികള്‍. കേസില്‍ അബ്ദുല്‍ഖാദറായിരുന്നു ഒന്നാം പ്രതി. പത്തൊമ്പത് പ്രതികളും ഒരു മാപ്പു സാക്ഷിയും. 1943 ഏപ്രില്‍ ഒന്നിന് നാട് കാതോര്‍ത്തിരുന്ന പട്ടാളക്കോടതിയുടെ വിധിവന്നു. അഞ്ച് പേരെ അഞ്ച് വര്‍ഷത്തെ തടവിന് ശേഷം തൂക്കികൊല്ലാനായിരുന്നു കല്‍പ്പന. ഫൗജാ സിംഗ്, അനന്തന്‍ നായര്‍, സത്യേന്ദ്ര ചന്ദ്രബര്‍ദാന്‍, ബോണിഫെസ് പെരേര എന്നിവരായിരുന്നു വധശിക്ഷക്ക് വിധിക്കപ്പെട്ട മറ്റു നാലു പേര്‍.

 ഇതില്‍ ബോണിഫെസ് പെരേരയുടെ വധശിക്ഷ ജീവപര്യന്തം തടവാക്കി ചുരുക്കി. മറ്റു പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കാനായില്ല. അവരെ വെറുതെ വിട്ടു. പട്ടാളക്കോടതി വിധി ഏവരേയും ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ അബ്ദുല്‍ഖാദറും സുഹൃത്തുക്കളും അപ്പോഴും പതറിയില്ല. അവര്‍ ബ്രിട്ടീഷ് മേലാളന്‍മാരുടെ ഒരു ദയക്കും കാത്തില്ല. ക്രൂരമായ പീഡനമുറകള്‍ക്കൊന്നും ആ ദേശാഭിമാനികളുടെ നെഞ്ചുറപ്പിന് ക്ഷതമേല്‍പ്പിക്കാന്‍ സാധിച്ചില്ല. ഭയപ്പെടുത്തി മുട്ട് വിറപ്പിക്കാനോ മനോവീര്യം തകര്‍ക്കുവാനോ, പ്രലോഭനങ്ങളിലൂടെ ധീരതയെ വിലക്കെടുക്കാനോ ബ്രിട്ടീഷ് അധികാരികള്‍ക്കായതുമില്ല. കോടതി വിധിയേയും വിചാരണാ പ്രഹസനങ്ങളേയും അവര്‍ധീരമായി നേരിട്ടു. 

കേസ് വൈകാതെ ഹൈക്കോടതിയുടെ പരിഗണനക്കെത്തി.എന്നാല്‍ പട്ടാളക്കോടതിയുടെ വിധി നടപ്പിലാക്കാനുള്ള വ്യഗ്രതമാത്രമാണ് ഹൈക്കോടതി കാണിച്ചത്. അഞ്ച് വര്‍ഷത്തെ തടവ് കാലം വേണ്ടെന്ന് വെച്ച് എത്രയും പെട്ടെന്ന് നാലുപേരെയും തൂക്കികൊല്ലണമെന്നായിരുന്നു 1943 ഏപ്രില്‍ 26ന് പ്രഖ്യാപിക്കപ്പെട്ടത്. പിന്നെയും അഞ്ചു മാസം കടന്നുപോയി. 1943 സെപ്തംബര്‍ 10ന്റെ പുലെര്‍ച്ചെയിലാണ് അബ്ദുല്‍ഖാദര്‍ തൂക്കുകയറിന് മുമ്പിലേക്ക് പുഞ്ചിരിയോടെ നടന്നടുത്തത്. 
ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പിതാവ് വാവക്കുഞ്ഞ് സാഹിബ് മകനെ കാണാനായി ജയിലിലെത്തി. അപ്പോഴും അബ്ദുല്‍ഖാദറില്‍ യാതൊരു പരിഭ്രവും കാണപ്പെട്ടില്ല. വിതുമ്പിക്കരഞ്ഞ പിതാവിനെ ഖാദര്‍ തിരിച്ചാശ്വസിപ്പിക്കുകയായിരുന്നു. താന്‍ ചെയ്തതൊരു പുണ്യകര്‍മമാണെന്ന സംതൃപ്തിയായിരുന്നു അപ്പോഴും ആ പോരാളിയുടെ മുഖത്ത്. അവസാനകാലത്ത് പിതാവിനെഴുതിയ കത്തിലും ഖാദര്‍ പിതാവിനേയും കുടുംബത്തേയും ആശ്വിപ്പിക്കുന്നുണ്ടായിരുന്നു.
ജീവിതയാത്രയിലനുഭവിക്കുന്ന ആപത്തുകളും ദു:ഖങ്ങളും അല്ലാഹുവിന്റെ പരീക്ഷണമാണ്. അത് സഹിക്കുകയല്ലാതെ അല്ലാഹുവിനോട് അതെക്കുറിച്ച് ആവലാതി ബോധിപ്പിക്കാന്‍ നമുക്ക് അവകാശമില്ല. സഹിച്ചാല്‍ മാത്രമേ നമുക്ക് അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും ഉണ്ടാവുകയുള്ളൂ. ഖാദര്‍ പിതാവിനുള്ള കത്തില്‍ എഴുതി. 


ഭഗത് സിംഗിനേയും കൂട്ടാളികളേയും പോലെ യാണ് ആ നാല്‍വര്‍ സംഘവും തൂക്കു കയറിന് മുമ്പിലേക്ക് നടന്നടുത്തത്. അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പിലാക്കിയിട്ടും ഭൗതിക ശരീരം പോലും ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാനുള്ള കാരുണ്യം അധികൃതര്‍ കാണിച്ചില്ല. ജന്മദേശമായ വക്കത്ത് അബ്ദുല്‍ഖാദറിന്റെ പേരില്‍ ഒരു രക്തസാക്ഷി മണ്ഡപം പണിതിട്ടുണ്ട്. എന്നാല്‍ ചരിത്രമോ കാലമോ ആ പോരാളിയുടെ ജീവിതത്തിനോ സംഭാവനകള്‍ക്കോ വേണ്ട പരിഗണന നല്‍കിയിട്ടില്ലെന്നതാണ് സത്യം.

2 അഭിപ്രായങ്ങൾ:

  1. ഹെഡിംഗിലെ വക്കം എന്ന വാചകം അറിയാതെ വന്നതാണ്. ക്ഷമിക്കുമല്ലോ. സ്വാതന്ത്ര്യ സമരത്തിലെ മുസ്‌ലിം പോരാളികള്‍
    പൂങ്കാവനം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന എന്റെ പുസ്തകത്തില്‍ നിന്ന്

    മറുപടിഇല്ലാതാക്കൂ
  2. ധീരദേശാഭിമാനികള്‍ക്ക് ആദരാഞ്ജലികള്‍.
    പുസ്തകത്തിനായി കാത്തിരിക്കുന്നു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ