1/3/12

തടവറക്കുള്ളില്‍ നിന്നും പെണ്‍ വിതുമ്പലുകള്‍

 
ആയിശ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സ്ത്രീ തടവുകാരിലൊരുവള്‍. 12 ജീവ പര്യന്തം തടവുകാരിലെ ഏറ്റവും പ്രായം കുറഞ്ഞവള്‍. മലപ്പുറത്തെ നിലമ്പൂരിനടുത്താണ് വീട്. മൂന്ന് വയസ്സുണ്ടായിരുന്ന ഏക മകന്‍ റിസ്‌വാനെ നെഞ്ചില്‍ നിന്നും പറിച്ചെറിഞ്ഞ് ജയിലിലെത്തിയിട്ട് ആറു വര്‍ഷം. ഇന്നവന് ഒമ്പത് വയസ്സ്. അവള്‍ക്ക് മുപ്പത്തിരണ്ട്. ചെയ്യാത്ത ഒരു കുറ്റം തലയില്‍ വന്ന് പതിച്ചപ്പോള്‍ ഇരു കൈകളും നീട്ടിയാണ് അറസ്റ്റ് വരിച്ചത്. നിത്യവും കുടിച്ച് കൂത്താടി വരികയും ഉമ്മയേയും ഭാര്യയേയും സഹോദരിമാരേയുമൊക്കെ തൊഴിക്കുകയും ചെയ്തിരുന്ന ഒരു സഹോദരനുണ്ടായിരുന്നു അവര്‍ക്ക്. നിരവധി മോഷണക്കേസുകളിലെ പ്രതി. അയാളുടെ താന്തോന്നിത്തം കൊണ്ട് അനിയത്തിമാരുടെ വിവാഹങ്ങള്‍ കൂടി മുടങ്ങി. അന്വേഷണങ്ങള്‍ പോലും വരാതെയായി.
വീട്ടുകാരും നാട്ടുകാരും സഹികെട്ടു. ഒരു നാള്‍ ലക്ക്‌കെട്ട് വന്ന അയാള്‍ ഭാര്യയേയും ഉമ്മയേയും ചവിട്ടിമെതിക്കുകയായിരുന്നു. കൂട്ടക്കരച്ചില്‍ കേട്ടെത്തിയ ഒരാളുടെ കോടാലി വാതില്‍ മറവില്‍ക്കൂടിയാണ് പുളഞ്ഞുവന്ന് അയാളുടെ കഴുത്തില്‍ തറഞ്ഞത്. വെട്ടിയത് വേണ്ടപ്പെട്ടയാള്‍ തന്നെയായിരുന്നു. എല്ലാവരും ചേര്‍ന്ന് ആയിശയോട് കുറ്റമേല്‍ക്കാന്‍ പറഞ്ഞു. അശാന്തിയുടെ ഒരു യുഗമൊഴിഞ്ഞതിന്റെ ആശ്വാസത്തില്‍ അവരങ്ങനെ സമ്മതം മൂളി. സ്ത്രീയാണെന്ന പരിഗണന. ചെറിയ കുഞ്ഞുണ്ടെന്നതും തുണയാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. പക്ഷേ, ജീവപര്യന്തമാണ് വിധിച്ചത്. 
പതിനാറാം വയസ്സില്‍ വിവാഹിതയായതാണ് സീത. ഇരുപത് വയസ്സിനിടെ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി. ആദ്യമൊക്കെ ഭര്‍ത്താവിനവരെ ജീവനായിരുന്നു. പിന്നെ പിന്നെ മട്ടുമാറി. മദ്യപാനം തുടങ്ങി. പരസ്ത്രീ ബന്ധങ്ങളും. അതിലൊരുവളെ കൂടെപൊറുപ്പിക്കാന്‍ സീതയേയും മക്കളേയും പുകച്ച് പുറത്ത് ചാടിക്കുകയായിരുന്നു ഉദ്ദേശ്യം. അതിനായി പീഡനം. പലതവണ കൊല്ലാന്‍ ശ്രമിച്ചു. ഒരിക്കല്‍ തീകൊളുത്തി കൊല്ലാനും. ബലപ്രയോഗത്തിനിടെ അയാളും മണ്ണെണ്ണയില്‍ കുതിര്‍ന്നു. തീപ്പെട്ടി ആദ്യമായി കയ്യില്‍ തടഞ്ഞത് സീതയുടെ കയ്യിലാണ്. മറ്റൊന്നും ആലോചിച്ചില്ല. അയാള്‍ ഒരഗ്നിഗോളമായി... അങ്ങനെയാണ് പൊന്നാനിക്കാരി സീതയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസിയായത്. 


ആത്മരക്ഷാര്‍ഥം ഭര്‍ത്താവിന്റേയോ സഹോരന്റേയോ രക്തത്തില്‍ കുളിക്കാന്‍ നിര്‍ബന്ധിതരായവര്‍. ഇത്തിരിപ്പോന്ന കുഞ്ഞുങ്ങളോട് കാണിക്കുന്ന ക്രൂരത കണ്ടു നില്‍ക്കാനുള്ള കരുത്തില്ലാതെ കത്തിയും കോടാലിയും എടുത്തവര്‍, ഭര്‍ത്താവോ അച്ഛനോ ചെയ്ത കുറ്റങ്ങള്‍ ശിരസാവഹിച്ച് തടവറകളിലെത്തിപ്പെട്ടവര്‍. കണ്ണൂരിലേയും വിയ്യൂരിലേയും പൂജപ്പുരയിലേയും സെന്‍ട്രല്‍ ജയിലുകളിലും വിവിധ ജില്ലാ ജയിലുകളിലും സബ് ജയിലുകളിലുമായി കഴിയുന്ന സ്ത്രീ തടവുകാര്‍ക്ക് പറയാനുള്ളത് ഇത്തരത്തില്‍ അകംപൊള്ളുന്ന നൂറ് നൂറ് കഥകളാണ്.


സഹിച്ചും ക്ഷമിച്ചും ഹൃദയം കല്ലായിപ്പോയവര്‍, കരയാന്‍ കണ്ണുനീര്‍ പോലും വറ്റിപ്പോയവര്‍, ഒറ്റക്കിരുന്ന് സങ്കടപ്പെടുകയും കൂട്ടത്തിലിരുന്ന് ചിരിക്കുകയും ചെയ്യാറുണ്ടിവര്‍. പക്ഷേ, എന്നെങ്കിലുമൊരിക്കല്‍ പുറം ലോകത്തിന്റെ ആകാശം സ്വപ്‌നം കാണുമ്പോഴും തിരികെ ചെല്ലുമ്പോഴുണ്ടാകുന്ന ഭൂകമ്പങ്ങളാണവരെ അസ്വസ്ഥരാക്കുന്നത്. 
ആയിശയെ കാത്തിരിക്കാന്‍ വീട്ടുകാരെല്ലാമുണ്ട്. പ്രിയപ്പെട്ട മകനുണ്ട്. കൊല്ലപ്പെട്ട സഹോദരന്റെ ഭാര്യപോലും അവര്‍ക്ക് ആശ്വാസത്തിന്റെ തണലാകുന്നു. എനിക്കങ്ങനെ ചെയ്യാന്‍ ധൈര്യമില്ലാതെ പോയല്ലോ അനിയത്തീ ...എന്നാണവര്‍ ഒരിക്കല്‍ ആയിശയോട് പറയുകയുണ്ടായത്. എന്നാല്‍ സീതയെ കാത്തിരിക്കാന്‍ ആരുമില്ല. ഏക മകന്‍ പോലും അസുഖം ബാധിച്ച് മരിച്ചു. ചികിത്സിക്കാന്‍ പണമോ ആളോ ഉണ്ടായില്ല. 


കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 1261 തടവുകാരുണ്ട്. അതില്‍ 42 സ്ത്രീ തടവുകാരെയൊള്ളൂ. ഇതില്‍ 16 പേര്‍ വിചാരണ തടവുകാരാണ്. വിയ്യൂരില്‍ 702 കുറ്റവാളികളുണ്ട്. ഇവരില്‍ സ്ത്രീകള്‍ 38 പേരാണ്. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ അംഗസംഖ്യ കുറവായിരിക്കാം. എന്നാല്‍ സ്ത്രീ കുറ്റവാളികളുടെ എണ്ണവും അവര്‍ കുറ്റകൃത്യത്തിലേര്‍പ്പെടുന്നതിന്റെ വണ്ണവും കൂടികൊണ്ടേയിരിക്കുകയാണ്. അടുത്ത കാലത്ത് ഭര്‍ത്താവിനെയോ സ്വന്തം കുഞ്ഞുങ്ങളെ തന്നെയോ കൊലപ്പെടുത്തിയോ, ചവറ്റു കൂനയിലെറിഞ്ഞോ വിചാരണ തടവുകാരായി മുപ്പതോളം സ്ത്രീകളാണ് ജയിലുകളിലെത്തിയത്. റിമാന്‍ഡില്‍ കഴിയുന്നവര്‍ അന്‍പതിനു മുകളിലുണ്ട്. അനാശാസ്യങ്ങള്‍ക്കും മറ്റുമായി പിടിയിലായവര്‍ വേറെയുമുണ്ട്.

 
പുരുഷ പീഡനം ദുസ്സഹമാകുന്നതില്‍ നിന്നാണ് ഇവരെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. സ്ത്രീകള്‍ അധികവും കൊലപ്പെടുത്തുന്നത് അടുത്ത ബന്ധുക്കളായ പുരുഷന്‍മാരെയാണ്. ബലാല്‍സംഗത്തിന് ശ്രമിച്ച അച്ഛനേയും മകളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനേയും അതിക്രൂരനായ ജീവിത പങ്കാളിയേയും കൊലപ്പെടുത്തിയ കേസിലാണ് പലരും ഇന്ന് ജയിലഴിക്കുള്ളില്‍ കഴിയുന്നത്. ലിംഗ അസമത്വം, വിവേചനം, തകര്‍ന്ന കുടുംബ ബന്ധങ്ങള്‍, രക്ഷിതാക്കളുടെ ശ്രദ്ധക്കുറവ്, ആഗോളവത്കരണം മുതല്‍ ഉദാരവത്കരണം വരെ ഈ കുറ്റകൃത്യങ്ങള്‍ക്കു കാരണമാകുന്നെവെന്നാണ് കോഴിക്കോട് സംഘടിപ്പിച്ച ഒരു സെമിനാറില്‍ റിട്ട. ഡി ഐ ജി ഡോ. എന്‍ എസ് ബാലകൃഷ്ണന്‍ നായര്‍ കണക്കുകളുദ്ധരിച്ച് ചൂണ്ടിക്കാണിച്ചത്. മുമ്പ് പുരുഷന്‍മാര്‍ മാത്രം ചെയ്തിരുന്ന പല കുറ്റകൃത്യങ്ങളിലും ഇന്ന് സ്ത്രീകള്‍ പ്രതിസ്ഥാനത്തെത്തുന്നുണ്ട്. നേരത്തെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ബ്രൂണഹത്യകളുടെ പേരിലുമായിരുന്നു സ്ത്രീകള്‍ കൂടുതലായി ശിക്ഷിക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് അതല്ല അവസ്ഥ.
രാവിലെ ആറു മണിക്കുണരന്നു ജയിലുകള്‍. രണ്ടേക്കറോളം വിസ്തൃതിയില്‍ പടര്‍ന്നു കിടക്കുന്നതാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍. സ്ത്രീ വാര്‍ഡുകളില്‍ മൂന്ന് വനിതാ വാര്‍ഡന്‍ മാരാണുള്ളത്. പരാതികളും പരിഭവങ്ങളും കേള്‍ക്കാന്‍ ഒരു വനിതാ കൗണ്‍സിലറുമുണ്ട്. ചികിത്സിക്കാന്‍ ഒരു ഡോക്ടറും. വിചാരണാ തടവുകാര്‍ക്കും ജീവപരന്ത്യം തടവുകാര്‍ക്കും കിടക്കാന്‍ പ്രത്യേകം സെല്ലുകളാണ്. ചെറിയ ഹാളാണ് ഓരോ സെല്ലും. സിമന്റുകൊണ്ട് നിര്‍മിച്ച ഇരുപത് കട്ടിലുകളാണ് ഓരോ സെല്ലിലുമുണ്ടാകുക. 


മൂന്നു മാസത്തിലൊരിക്കല്‍ വസ്ത്രം മാറ്റി നല്‍കും. എണ്ണയും സോപ്പും ബ്രഷുമെല്ലാം നല്‍കും. മെനു പ്രകാരമുള്ള ഭക്ഷണം പാകം ചെയ്ത് കൊണ്ടു വരുന്നത് തൊട്ടടുത്ത് തന്നെയുള്ള പുരുഷന്‍മാരുടെ സെല്ലില്‍ നിന്നാണ്. രാവിലെ ദോശയോ ചപ്പാത്തിയോ ആണ് പതിവ്. ഉച്ചക്കെന്നും ചോറ്. മൂന്നു ദിവസം സാമ്പാറ്. ബുധനും തിങ്കളും മീനുണ്ടാകും. ശനിയാഴ്ച മട്ടനും. വര്‍ഷത്തില്‍ ഒമ്പത് ദിവസം പായസവും ചിക്കനും. എല്ലാമുണ്ട് ജയിലില്‍. പക്ഷേ എന്നും ഒരേ ദിനങ്ങള്‍. ആവര്‍ത്തനത്തിന്റെ പുലരികള്‍. നിറങ്ങളില്ലാത്ത പകലുകള്‍. മാറ്റമില്ലാത്ത രാത്രികള്‍. അടക്കിപ്പിടിച്ച തേങ്ങലുകളോടേയും അകം വേവുന്ന വേദനകളോടെയും കഴിഞ്ഞു കൂടുന്നതിനിടയില്‍ കുത്തിയൊലിച്ചു പോകുന്നത് എന്താണ്...? 
ഒരിക്കലും തിരികെയെത്താത്ത ജീവിതത്തിന്റെ വസന്തങ്ങള്‍. കുഞ്ഞു മക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ചെലവഴിക്കപ്പെടേണ്ട ദിനരാത്രങ്ങള്‍. സുരക്ഷിതത്വത്തിന്റെ പച്ചതുരുത്തുകളായ വീടുകളില്‍ ആഘോഷവും ആഹ്ലാദവും പൂത്തിറങ്ങിയ എത്രയെത്ര അസുലഭ മുഹൂര്‍ത്തങ്ങളാണ് ഈ ബന്ധനം ഇവര്‍ക്കന്യമാക്കിയത്. ഭര്‍ത്താവിന്റെ ചവിട്ടും കുത്തും കൊള്ളണ്ടല്ലോ എന്ന് ആശ്വസിക്കുന്നവരും കുറവല്ല. സ്വന്തം വീടിനേക്കാള്‍ സുരക്ഷിതത്വം ഉണ്ടെന്ന് വിശ്വസിക്കുന്നവരും കുറവല്ല. എങ്കിലും ജയിലെന്നും ജയില്‍ തന്നെയല്ലേ. ആ ചിന്ത അവരേ സദാ വേദനിപ്പിച്ച് കൊണ്ടേയിരിക്കുന്നു. 
കാസര്‍കോട്ടെ വാസന്തിയുടെ ഭര്‍ത്താവിന്റേയും സുഹൃത്തിന്റേയും കൂട്ടു കച്ചവടം പാര്‍ട്ണറുടെ കൊലയിലാണ് കലാശിച്ചത്. ഭര്‍ത്താവിന്റെ കുറ്റമേറ്റ് വാങ്ങിയ വാസന്തിക്ക് നഷ്ടമായത് കുടുംബം തന്നെയാണ്. ഇന്ന് തിരിച്ച് മടങ്ങാന്‍ ഒരിടവുമില്ലാതായിരിക്കുന്നു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ സ്വയം രക്തസാക്ഷിയാവുകയായിരുന്നു അവര്‍. അയാള്‍ കയറി പിടിച്ചപ്പോള്‍ പ്രാണരക്ഷാര്‍ഥം കൊലപ്പെടുത്തി എന്നാണ് പോലീസില്‍ മൊഴി നല്‍കിയത്. ശിക്ഷ ഇളവ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ലഭിച്ചത് ജീവപര്യന്തമാണ്. എല്ലാത്തിലും കൂടെ നിന്ന ഭര്‍ത്താവ് അവര്‍ ജയിലിലായതോടെ മറ്റൊരു സ്ത്രീക്കൊപ്പം പൊറുതി തുടങ്ങിയെന്നാണറിഞ്ഞത്. പിന്നീടയാള്‍ കാണാന്‍ വന്നെങ്കിലും ഇനി ഒരിക്കലും വരരുതെന്ന് പറഞ്ഞ് തിരിച്ചയച്ചത് അവര്‍ തന്നെയായിരുന്നു.
ലോക ജാലകങ്ങള്‍ തുറക്കപ്പെടുന്നത് എവിടേക്കാണെന്നറിയാതെയാണ് ഇവരുടെ ദിനങ്ങള്‍ കൊഴിഞ്ഞു വീഴുന്നത്. എന്നെങ്കിലുമൊരിക്കല്‍ പുറത്തിറങ്ങുമ്പോള്‍ തണലൊരുക്കുന്ന കേന്ദ്രങ്ങള്‍ ഉണ്ടാകുമോ എന്ന് ആശങ്കപ്പെടുന്നവരാണേറെയും. പലരും എന്തെങ്കിലുമൊരു തൊഴിലറിയാത്തവരാണ്. കൂടുതല്‍ വിദ്യാഭ്യാസം നേടാത്തവരും. മോശമായ ചുറ്റുപാടില്‍ ജീവിതം കഴിച്ചു കൂട്ടിയതിന്റെ പേരില്‍ തടവറക്കുള്ളിലെത്തിയവരുമുണ്ട്. അവരൊക്കെ ഒരു പുതിയ ജീവിതത്തേയാണ് സ്വപ്‌നം കാണുന്നത്. സമാധാനപൂര്‍ണമായ ശിഷ്ടജീവിതമാണ് ആഗ്രഹിക്കുന്നത്. 


വാര്‍ധക്യത്തിന്റെ അവശതകള്‍ തളര്‍ത്തുന്നതിനിടയില്‍ ഇനിയൊരു മടക്കം മരണത്തിലേക്ക് മാത്രമാകുമെന്ന് കരുതുന്ന എഴുപത് കാരിയായ ദാക്ഷാ യണിയമ്മ സ്ത്രീ തടവുകാരുടെ മുത്തശ്ശിയും മുഖ്യ ഉപദേഷ്ടാവുമാണ്. പ്രാരാബ്ധങ്ങള്‍ക്കിടെ വഴി പിഴച്ചുപോയതിന്റെ പേരില്‍ എത്തിപ്പെട്ട ശാന്തിയും ഫൗസിയയുമൊക്കെ പുതിയൊരു ജീവിതവും ഭേദപ്പെട്ടൊരു ജോലിയുമാണ് തേടുന്നത്. 
ജയില്‍ മോചിതരായാല്‍ തന്നെ സമൂഹമവരെ ഏതു കണ്ണുകൊണ്ടാകും കാണുക...? തടവറകളില്‍ നിന്നും പുറത്തിറങ്ങുന്നവരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പദ്ധതി തുടങ്ങുമെന്നൊക്കെ ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനം ഇന്നും ജലരേഖമാത്രമാണ്. ചെയ്തുപോയ പാപങ്ങളെല്ലാം തടവറക്കുള്ളില്‍ കണ്ണീരുകൊണ്ട് കഴുകിക്കളഞ്ഞ് പുതിയൊരു ജന്മവുമായി പുറത്തിറങ്ങുന്നവര്‍ക്കു മുമ്പില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ലെങ്കില്‍ അവര്‍ പിന്നെയും ഒറ്റപ്പെടുകയേയുള്ളൂ. 


ഒരിക്കല്‍ കുറ്റവാളിയെന്ന് മുദ്രകുത്തപ്പെട്ടവരെ മറ്റൊരു കണ്ണ്‌കൊണ്ട് കാണാനുള്ള വിശാല മനസ്സും സമൂഹം ആര്‍ജിച്ചെടുത്തിട്ടില്ലെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. ഓരോ തവണ പരോളിലിറങ്ങി വീടണയുമ്പോഴും വിശേഷങ്ങളില്‍ പങ്കെടുക്കുമ്പോഴും പരിചയപ്പെടുത്താന്‍ തങ്ങള്‍ മറക്കാന്‍ ശ്രമിക്കുന്ന അതേ മേല്‍വിലാസം തന്നെയാണ് ബന്ധുക്കള്‍ പോലും ഉപയോഗിക്കുന്നതെന്നാണ് ആയിശയുടെ പരാതി. ചിലരുടെ പിറുപിറുക്കലുകള്‍, തുറിച്ചുനോട്ടം, എല്ലാം അസഹത്യയുണ്ടാക്കുന്നു. 


പൂന്തോട്ട നിര്‍മാണം, ടൈലറിംഗ്, എംബ്രോയ്ഡറി, പച്ചക്കറി തോട്ട നിര്‍മാണം ഇവയൊക്കെയാണ് വനിതാ തടവുകാരെക്കൊണ്ട് ചെയ്യിക്കുന്ന തൊഴിലുകള്‍. 29 രൂപ മുതല്‍ 69 രൂപവരെയാണ് ഇവര്‍ക്ക് ലഭിക്കുന്ന വേതനം. കാലഹരണപ്പെട്ട തൊഴിലുകള്‍ ഉപേക്ഷിച്ച് ഭാവിയിലും പ്രയോജനം ലഭിക്കുന്ന തൊഴിലുകള്‍ പഠിപ്പിക്കാന്‍ തയ്യാറാവേണ്ടതുണ്ട്. എന്നാല്‍ തടവുകാലം തൊഴില്‍ പഠനകാലം കൂടിയായാല്‍ പിന്നെ പുറത്തിറങ്ങുന്നവരെ പുനരധിവസിക്കേണ്ടി വരില്ലല്ലോ. സ്വയം തൊഴിലിലൂടെ പര്യാപ്തമായവരെ സമൂഹം പച്ചകുത്തി മാറ്റി നിര്‍ത്തുകയുമില്ല. അവരുടെ ഭാവിയിലും ഇരുള്‍ മൂടില്ല. പുറത്തിറങ്ങുന്നവര്‍ക്ക് ആശങ്കയും കാണില്ല. സര്‍ക്കാരും ജയില്‍ വകുപ്പും കാര്യമായി ശ്രമിക്കേണ്ടതും ശ്രദ്ധകേന്ദ്രീകരിക്കേണ്ടതും ശാസ്ത്രീയമായ പദ്ധതികള്‍ നടപ്പാക്കാനാണ്.
~

3 അഭിപ്രായങ്ങൾ:

  1. നിര്‍ബന്ധ ഘട്ടത്തില്‍ തെറ്റ് ചെയ്തു പോവുന്നവര്‍ മനപ്പൂര്‍വം തെറ്റ് ചെയ്യുന്ന ക്രിമിനലുകള്‍ക്കൊപ്പം താമസിക്കേണ്ടി വരുന്നത്,മനുഷ്യന് തെറ്റുകള്‍ വ്യവചേതിച്ചു ശിക്ഷ നല്‍കാനുള്ള കഴിവിന്റെ അനിവാര്യമായ പരിമിതിയാണ്.
    നല്ല ലേഘനം.

    മറുപടിഇല്ലാതാക്കൂ
  2. ജയില്‍ എന്നും ജയില്‍ തന്നെ. അപ്പോള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി കുറ്റം ഏറ്റെടുത്തു ജയിലില്‍ കഴിയേണ്ടി വരുന്നവരുടെ അവസ്ഥ എത്ര സങ്കടകരം :(

    നല്ല ലേഖനം.

    മറുപടിഇല്ലാതാക്കൂ