3/1/12

ലൈംഗിക ചന്തയില്‍ ആണ്‍കുട്ടികള്‍ വില്‍പ്പനക്ക്‌ വിപണിയില്‍


2011 എന്നെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു. എഴുത്തിന്റേയും അംഗീകാരങ്ങളുടേയും കലണ്ടറെടുത്ത്‌ പരിശോധിച്ചാല്‍ സംതൃപ്‌തി പകരുന്നു. ദൈവത്തിന്‌ സ്‌തുതി. പിന്നെ എല്ലാ അഭ്യൂദയാകാംക്ഷികള്‍ക്കും. വിവാദങ്ങളുടേയും അപകീര്‍ത്തികളുടേയും അധ്യായങ്ങളുമുണ്ടവയില്‍. സംഭവിച്ചതെല്ലാം നല്ലതിന്‌. എഴുത്ത്‌ കാര്യമായരീതിയിലൊന്നും പുരോഗമിച്ചില്ലെങ്കിലും ഉള്ളവക്ക്‌ വേണ്ടതുപോലെയുള്ള പരിഗണനയും ചില ബഹുമതികളും തേടിവന്നു എന്നത്‌ സന്തോഷം പകരുന്നു. 

 പത്രപ്രവര്‍ത്തനമികവിന്‌ നാല്‌ പുരസ്‌കാരങ്ങള്‍. ഈ വകയില്‍ കയ്യിലെത്തിയത്‌ 60,000 രൂപ. അവ രണ്ട്‌ മുഖ്യമന്ത്രിമാരില്‍ നിന്നും മൂന്ന്‌ മന്ത്രിമാരില്‍ നിന്നും വാങ്ങാന്‍ സാധിച്ചു എന്നതും ചില്ലറ കാര്യമൊന്നുമല്ലല്ലോ.
എന്നെപോലൊരാള്‍ക്ക്‌ ഇതിലപ്പുറമെന്ത്‌ പ്രതീക്ഷിക്കാനാണ്‌...? രണ്ട്‌ പുസ്‌തകങ്ങളും പുറത്തിറങ്ങി. അതിലൊന്നിന്റെ രണ്ടാം പതിപ്പും വിപണിയിലെത്തിയിരിക്കുന്നു. സഖാവ്‌ കുഞ്ഞാലി ഏറനാടിന്റെ രക്തനക്ഷത്രം എന്ന പേരില്‍ നിലമ്പൂരിന്റെ പ്രഥമ എം എല്‍ എയെകുറിച്ചുള്ളതായിരുന്നു ആദ്യ പുസ്‌തകം. 100 രൂപ വിലയുള്ള പുസ്‌തകം രണ്ടാഴ്‌ചക്കകമാണ്‌ വിറ്റു തീര്‍ന്നത്‌. ബഹുമാന്യനായ പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദനായിരുന്നു പ്രകാശന കര്‍മം നിര്‍വഹിച്ചത്‌. അതും കാളികാവിലെ ജനസാഗരത്തെ സാക്ഷി നിര്‍ത്തി. ദേശാഭിമാനി ചീഫ്‌ എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തിയുടെ അവതാരികയും ഡോ. അനില്‍ ചേലേമ്പ്രയുടെ പഠനവും പുസ്‌തകത്തെ സമ്പന്നമാക്കി.നാലു മാസത്തിനുള്ളില്‍ ഈ പുസ്‌തകത്തിന്റെ രണ്ടാം പതിപ്പും പുറത്തിറങ്ങി. ഇതില്‍ വി എസ്‌ അച്യുതാനന്ദന്റെ ആമുഖക്കുറിപ്പും ചേര്‍ക്കാനായി. പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണനാണത്‌ പ്രകാശനം ചെയ്‌തത്‌. അതും ഞാനേറെ ബഹുമാനിക്കുന്ന പാലോളി മുഹമ്മദ്‌ കുട്ടിക്ക്‌ നല്‍കി.


ലൈംഗിക വിപണിയില്‍ ആണ്‍കുട്ടികള്‍ എന്ന പേരില്‍ പത്രത്തിലും തുടര്‍ന്ന്‌ ബ്ലോഗിലും മറ്റും പ്രസിദ്ധീകരിച്ചു വന്ന ലേഖന പരമ്പരയും പുസ്‌തകരൂപത്തില്‍ പുറത്തിറങ്ങി. കോഴിക്കോട്‌ വിളംബരം ബുക്‌സ്‌ പ്രസിദ്ധീകരിച്ച പുസ്‌തകം വി വി ദക്ഷിണാമൂര്‍ത്തി വനിതാ കമ്മീഷന്‍ അംഗം പി കെ സൈനബക്ക്‌ നല്‍കിയാണ്‌ പ്രകാശനം നിര്‍വഹിച്ചത്‌. ഈ ലേഖന പരമ്പര പ്രസിദ്ധീകരിച്ചപ്പോള്‍ അഭിനന്ദിച്ചവരും വിമര്‍ശിച്ചവരും ഒരുപാട്‌. ഞാനെഴുതിയ ഒരു ആര്‍ട്ടിക്കിളിന്‌ ഇത്രയേറെ പ്രതികരണങ്ങള്‍ ലഭിക്കുന്നതും ആദ്യമായിരുന്നു. ഇത്രയധികം ആളുകള്‍ വായിച്ചുവെന്നതും ചര്‍ച്ചചെയ്‌തുവെന്നുമുള്ള വിവരംപോലും എന്നെ അതിശയിപ്പിച്ചു. വളരെനാള്‍ അതിന്റെ അലയൊലികള്‍ നീണ്ടുനിന്നു. 



അഭിനന്ദിച്ചവരില്‍ ഒരിക്കലും കണ്ടിട്ടില്ലാത്തവരുടെ നീണ്ടനിരയായിരുന്നുവെങ്കില്‍ വിമര്‍ശനശരങ്ങളുടെ കൂരമ്പെയ്‌തവരില്‍ പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു. കൊന്ന്‌കൊലവിളിക്കലായിരുന്നു ചിലരുടേത്‌.
ചില സൗഹൃദങ്ങള്‍ക്ക്‌ പോലും ഇതേതുടര്‍ന്ന്‌ ഫുള്‍സ്റ്റോപ്പിട്ടു. ഇത്തരമൊരുവിഷയമൊക്കെ ചര്‍ച്ചചെയ്യുന്നതുപോലും ചിലരെ അസ്വസ്ഥരാക്കി. അതേചൊല്ലിയും ഭൂകമ്പങ്ങള്‍ നിറഞ്ഞു. സൈബര്‍ ലോകത്ത്‌ സ്വവര്‍ഗാനുരാഗികളെ അനൂകൂലിക്കുന്ന ചിലരുടെ അക്രമത്തിനും ഇരയായി. മറ്റു ചില സൈറ്റുകള്‍ ഇതെടുത്ത്‌ പുനപ്രസിദ്ധീകരിച്ചു. ആഴ്‌ചകളോളം അവിടെയും കലാപം പടര്‍ന്നു. അനുകൂലിച്ചും പ്രതികൂലിച്ചും പലരുമെഴുതി. ഒരുപാട്‌ ബ്ലോഗര്‍മാരുടെ പ്രതികരണങ്ങള്‍ അതുപോലെ ഇതില്‍ ചേര്‍ത്തിട്ടുണ്ട്‌.


ഒരുകാര്യം പറയട്ടെ. സ്വവര്‍ഗാനുരാഗികള്‍ക്കെതിരെയല്ല ഈ എഴുത്ത്‌. നാട്ടിന്‍പുറങ്ങളില്‍ താത്‌ക്കാലിക ആവശ്യത്തിനായി കൊച്ചുകുട്ടികളെ ഉപയോഗിക്കുന്നവരേയുമല്ല ലക്ഷ്യം വെക്കുന്നത്‌. നമ്മുടെ കുഞ്ഞുങ്ങളെ കബളിപ്പിച്ചും ചൂഷണം ചെയ്‌തും ലൈംഗികമായി ഉപയോഗിക്കുന്നവരുടെ മനോവൈകല്യത്തെ തുറന്ന്‌ കാട്ടാനാണ്‌ ശ്രമിക്കുന്നത്‌. ഏതു കഴുകനും റാഞ്ചികൊണ്ടുപോകാന്‍ കഴിയാത്തവിധം കുഞ്ഞുങ്ങളെ ചിറകിനുള്ളില്‍ കാത്ത്‌ സൂക്ഷിക്കേണ്ട ബാധ്യത രക്ഷിതാക്കളുടേതാണെന്നാണ്‌ ഓര്‍മപ്പെടുത്തുന്നത്‌.
കലികാലത്തെ കൗമാരങ്ങള്‍ എന്നപേരില്‍ എന്റെ ഒരു പുസ്‌തകമുണ്ട്‌. ഒരുപത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആദ്യത്തെ അന്വേഷണമായിരുന്നു അത്‌. സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും ദേശീയ ശിശുവികസന കൗണ്‍സിലിന്റേയും പുരസ്‌കാരങ്ങള്‍ എന്നെത്തേടിയെത്തിയത്‌ ആ ലേഖന പരമ്പരകളുടെ പേരിലായിരുന്നു. കുട്ടികള്‍ കുറ്റവാളികളാകുന്നതിനെക്കുറിച്ചും കുട്ടികള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങളിലേക്കുമാണത്‌ വിരല്‍ ചൂണ്ടിയത്‌.


ആ പുസ്‌തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച്‌ പ്രശസ്‌തകവി പി കെ ഗോപി പറഞ്ഞത്‌ ഇതുപോലെയുള്ള പുസ്‌തകങ്ങള്‍ ഇനി ഒരിക്കലും ഉണ്ടാകാതിരിക്കട്ടേ എന്നായിരുന്നു. കാരണം ഈ പുസ്‌തകം വിചാരണചെയ്യുന്നത്‌ നമ്മെത്തന്നെയാണെന്നും. നിര്‍ഭാഗ്യവശാല്‍ അത്തരത്തിലുള്ള ഒരുപുസ്‌തകം തന്നെയാണിത്‌. അതിനേക്കാള്‍ ഭീകരമായിരിക്കുന്നു കുഞ്ഞുങ്ങളുടെ ലോകം. അവരെ ചൂഷണം ചെയ്യുന്നവരുടെ മനസ്സുകള്‍. അപ്പോള്‍ അതെക്കുറിച്ച്‌ അന്വേഷിക്കാതിരിക്കാനും ചര്‍ച്ചചെയ്യാതിരിക്കാനും എങ്ങനെ കഴിയും...?


അതുകൊണ്ടാണ്‌ ആശങ്കകളുടെ, ഈ എഴുത്തുകളിലും കൗമാര മനസ്സുകളുടെ പുതിയ വഴിത്താരകള്‍ തേടിയിറങ്ങേണ്ടി വന്നത്‌. എന്റെ ബ്ലോഗെഴുത്തിന്‌ മൂന്ന്‌ വയസ്‌ കഴിഞ്ഞിരിക്കുന്നു. ബ്ലോഗില്‍ ഇടപെടുന്നതും എഴുതുന്നതും കുറഞ്ഞു എന്ന്‌ തന്നെ പറയാം. മടി വല്ലാതെ പിടികൂടിയിരിക്കുന്നു. എങ്കിലും ഈ വര്‍ഷമെങ്കിലും നന്നായി തിരിച്ചുവരണമെന്നാഗ്രഹിക്കുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ഈ കാലത്തിനിടയില്‍ ഇവിടെ വന്നവര്‍ക്ക്‌... വിമര്‍ശന ശരങ്ങളെയ്‌ത്‌ വിടവാങ്ങിയവര്‍ക്ക്‌... ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നവര്‍ക്ക്‌... ഇനിയും വരാനിരിക്കുന്നവര്‍ക്ക്‌...എല്ലാവര്‍ക്കും വൈകിയാണെങ്കിലും ഊഷ്‌മളമായ പുതുവത്സരാശംസകള്‍ നേരുന്നു. 

12 അഭിപ്രായങ്ങൾ:

  1. തിർച്ചയായും., നല്ല പുതുവർഷം ആശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. താങ്കളെ പോലുള്ളവരുടെ രചനകള്‍ കുറയുന്നു എന്നത് തന്നെയാണ് ഇന്ന് ബൂലോകം നേരിടുന്ന പ്രശ്നം... കൂടുതല്‍ എഴുതാന്‍ ശ്രമിക്കുക.. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  3. ഏത് മാധ്യമത്തിലായാലും സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്ത് തുടരുക.
    അഭിനന്ദനങ്ങൾ!

    മറുപടിഇല്ലാതാക്കൂ
  4. എല്ലാവര്‍ക്കും നന്ദി.
    ഈ പുസ്‌തകത്തിന്‌ അവതാരികയില്ല, മറിച്ച്‌
    ബ്ലോഗര്‍മാരുടെ പ്രതികരണങ്ങളാണ്‌ ചേര്‍ത്തിരിക്കുന്നത്‌.
    എതിര്‍ത്തും അനുകൂലിച്ചും എഴുതിയവരിലെ ആരേയും വിട്ട്‌ കളഞ്ഞിട്ടില്ല.

    മറുപടിഇല്ലാതാക്കൂ
  5. താങ്കളെ പോലുള്ളവരെ മടി പിടി കൂടിയാല്‍ അതിന്‍റെ നഷ്ട്ടം സമൂഹത്തിനാണ് ... താങ്കളുടെ മുന്നോട്ടുള്ള പ്രയാണം തുടര്‍ന്നാലും ....അഭിനന്ദനങ്ങള്‍ !!

    മറുപടിഇല്ലാതാക്കൂ
  6. വൈകിയാണ് ഈ പോസ്റ്റ് കണ്ടത്. സമൂഹത്തിലെ മൂല്യച്ച്യുതികള്‍ക്കെതിരെ തൂലിക ചലിപ്പിക്കുക എന്ന എഴുത്തുകാരന്റെ പ്രതിബദ്ധത താങ്കള്‍ നിര്‍വഹിക്കുന്നു. അഭിനന്ദനങ്ങള്‍ .

    മറുപടിഇല്ലാതാക്കൂ