27/12/10

ധീരത പെറ്റുപോറ്റിയ മകന്‍ (സഖാവ്‌ കുഞ്ഞാലിയുടെ ജീവിതകഥ- രണ്ട്‌ )

സഖാവ് കുഞ്ഞാലിയുടെ ഭാര്യ സൈനബയും മകള്‍ സറീനയും

കുഞ്ഞാലിയെ അധ്യാപകര്‍ക്കെല്ലാം വലിയ കാര്യമായിരുന്നു.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലുമുണ്ടായിരുന്നു ആ മികവ്‌. മറ്റു കുട്ടികളെയൊക്കെ വളരെ പിന്നിലാക്കിയിരുന്ന ബുദ്ധി സാമര്‍ത്ഥ്യം. അവനൊരു ചുണക്കുട്ടിയാണെന്നായിരുന്നു അവര്‍ക്കിടയിലുണ്ടായിരുന്ന അഭിപ്രായം. എന്ത്‌ വന്നാലും അവനെ തുടര്‍ന്ന്‌ പഠിപ്പിക്കണമെന്നും ഹെഡ്‌മാസ്റ്റര്‍ ആയിഷുമ്മയെ പ്രത്യേകം ചട്ടം കെട്ടിയിരുന്നു. 


എല്ലാം കേള്‍ക്കുമ്പോള്‍ അയിഷുമ്മക്ക്‌ അഭിമാനം തോന്നും. ഒന്നും അവര്‍ക്കു അറിഞ്ഞ്‌ കൂടാത്തതല്ല. മകനെ പഠിപ്പിക്കാന്‍ താത്‌പര്യമില്ലാഞ്ഞിട്ടുമല്ല. ആരെക്കാളും ആഗ്രഹിച്ചിരുന്നു ആ ഉമ്മ. മകന്‌്‌ നല്ല ഭാവിയുണ്ടെന്നും പലരും പറയുമായിരുന്നു. സ്വന്തം മകന്‌ വലിയൊരു ഭാവിയുണ്ടായി കാണാന്‍ ആഗ്രഹിക്കാത്തത്‌ ഏത്‌ ഉമ്മയാണ്‌?


പക്ഷെ എന്ത്‌ ചെയ്യും?. എങ്ങനെ പഠിപ്പിക്കും? പഠന ചെലവ്‌, വീട്ടുചെലവ്‌ എല്ലാത്തിനും കൂടി ആരോട്‌ ചോദിക്കും? അത്‌ മാത്രവുമല്ല, ഇനി ഹൈസ്‌കൂളിലാണത്രെ തുടര്‍ന്ന്‌ പഠിപ്പിക്കേണ്ടത്‌. ഹൈസ്‌കൂള്‍ ദൂരെയാണ്‌. മലപ്പുറത്തെത്തണം. കൊണ്ടോട്ടിയില്‍ നിന്നും ദിവസവും മലപ്പുറത്തേക്ക്‌ നടന്നു പോകേണ്ടി വരും. ചെറിയ ദൂരമല്ല അത്‌. അതിനൊക്കെ ആവുമോ കുഞ്ഞാലിക്ക്‌..?


നടന്നു പോകാന്‍ കുഞ്ഞാലി തയ്യാറായിരുന്നു. അവന്‍ മാത്രമല്ല, കൊണ്ടോട്ടിയില്‍ നിന്നും വേറെയും കുറെ കുട്ടികള്‍ മലപ്പുറം ഹൈസ്‌കൂളില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്‌. അവരൊക്കെ നടന്ന്‌ തന്നെയാണ്‌ പോവുക. അവര്‍ക്കൊക്കെ വീട്ടില്‍ ബാപ്പമാരുണ്ട്‌. സാമ്പത്തിക ഭദ്രതയുണ്ട്‌. സഹായിക്കാന്‍ ആളുണ്ട്‌. പക്ഷെ കുഞ്ഞാലിയുടെ കാര്യം അതാണോ? തീരുമാനിക്കാന്‍ വേഗമുണ്ട്‌. പക്ഷെ അത്‌ നടപ്പില്‍ വരുത്തണമെങ്കില്‍.....
ആയിഷുമ്മ തന്റെ ധര്‍മ സങ്കടങ്ങള്‍ പലരോടും പറഞ്ഞു.കുഞ്ഞാലിയുടെ വീട്ടിലെ സ്ഥിതി ബീഡി കമ്പനിയിലെ തൊഴിലാളികള്‍ക്കും അറിയാമായിരുന്നു. അവരത്‌ അവന്റെ അഭാവത്തിലും അല്ലാതെയും ചര്‍ച്ച ചെയ്യാറുണ്ട്‌. അവനോടവര്‍ക്ക്‌ സഹതാപമുണ്ട്‌. സഹായിക്കണമെന്ന അതിയായ ആഗ്രഹവുമുണ്ട്‌. പക്ഷെ അന്നന്നത്തെ അന്നത്തിനു വേണ്ടി കഷ്‌ടപ്പെടുന്ന തൊഴിലാളികളാണ്‌. അവരങ്ങനെ?


അവസാനം വിഷയം കമ്പനിയിലെ പാണാളി സൈതാലിക്കുട്ടിയുടെ ശ്രദ്ധയിലുമെത്തി. കുഞ്ഞാലിയുടെ ബുദ്ധി വൈഭവത്തില്‍ അഭിമാനം തോന്നിയിട്ടുള്ളയാളാണ്‌ സൈതാലിക്കുട്ടി. പലപ്പോഴും അയാളവനെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.


ആത്മാര്‍ഥതയും ആത്മവിശ്വാസവും വേണ്ടുവോളമുള്ള ഒരു പയ്യനാണവന്‍. അവന്റെ ജീവിതം ഈ ബീഡികമ്പനിയില്‍ തളച്ചിടാനുള്ളതല്ല. അങ്ങനെ ആവുകയുമരുത്‌. അയാള്‍ അവനെ സഹായിക്കാമെന്നേറ്റു. അതോടെ മുടങ്ങി എന്ന്‌ കരുതിയിരുന്ന കുഞ്ഞാലിയുടെ ഹൈസ്‌കൂള്‍ പഠനത്തിനു മുമ്പില്‍ പുതിയ വഴി തുറന്നു.


കുഞ്ഞാലി സന്തോഷം കൊണ്ടു തുള്ളിച്ചാടി. ഉമ്മ പടച്ച റബ്ബിനെ സ്‌തുതിച്ചു. അങ്ങനെ മലപ്പുറം ഹൈസ്‌കൂളിലേക്ക്‌ നിത്യവും കാല്‍നടയായി കൊണ്ടോട്ടിയില്‍ നിന്നും പുറപ്പെട്ടിരുന്നവരുടെ സംഘത്തില്‍ കുഞ്ഞാലിയും അംഗമായി. സ്‌കൂള്‍ വിട്ടാല്‍ തിരിച്ചും ആ യാത്ര തുടര്‍ന്നു. ധാരാളം പേരുണ്ടായിരുന്നു അവര്‍. ആ കാല്‍നടയാത്രയെ അവരൊരു ആഘോഷമാക്കി മാറ്റി എടുത്തു.
സി ഒ ടി കുഞ്ഞിപക്കി സാഹിബ്‌. അദ്ദേഹമായിരുന്നു അന്ന്‌ ഹൈസ്‌കൂളിലെ ഹെഡ്‌മാസ്റ്റര്‍. വലിയ കണിശക്കാരന്‍. പല വിദ്യാര്‍ത്ഥികളുടേയും പേടിസ്വപ്‌നം. അങ്ങനെയുള്ള ഹെഡ്‌മാസ്റ്ററെ പോലും കുഞ്ഞാലി കുറഞ്ഞ കാലം കൊണ്ട്‌ കയ്യിലെടുത്തു. മറ്റു അധ്യാപകര്‍ക്കിടയിലും ഒന്നാമനായി. പഠനത്തില്‍ കൊണ്ടോട്ടി സ്‌കൂളിലുണ്ടായിരുന്ന മേധാവിത്വം അവിടെയും തുടര്‍ന്നു. പാഠ്യേതര വിഷയങ്ങളിലും ആ മികവു പുലര്‍ത്തിയപ്പോള്‍ അധ്യാപകര്‍ക്കും മറ്റു വിദ്യാര്‍ഥികള്‍ക്കും പ്രിയങ്കരനായി.


പഠനത്തിലും കളിയിലും മാത്രമായിരുന്നില്ല ആ മേധാവിത്വം. മുന്‍കോപത്തിലും എടുത്തുചാട്ടത്തിലും കുസൃതി തരത്തിലുമുണ്ടായിരുന്നു. ക്ലാസിലും കണ്‍മുമ്പിലും കണ്ടിരുന്ന കൊള്ളരുതായ്‌മകള്‍ക്കെതിരെ പൊരുതാനും പൊട്ടിത്തെറിക്കാനും കുഞ്ഞാലി മുന്‍പന്തിയില്‍ നിന്നു. പ്രശ്‌നം എന്ത്‌ എന്നതായിരുന്നില്ല, അത്‌ പൂര്‍ത്തീകരിക്കുംവരെയുണ്ടാകുന്ന പ്രതിസന്ധികളെ മറി കടക്കാനുള്ള കരളുറപ്പ്‌, അതായിരുന്നു കുഞ്ഞാലിക്കുണ്ടായിരുന്നത്‌?
കൂട്ടുകാര്‍ക്കെല്ലാം കുഞ്ഞാലി ഒരാവേശമായി. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പരിഹരിക്കുന്നതിലെ മധ്യസ്ഥനായി. പല കുട്ടികള്‍ക്കും ആ കുട്ടിക്കുറുമ്പന്‍ ആശ്വാസവും ചിലര്‍ക്ക്‌ പേടി സ്വപ്‌നമായി.


പാഠപുസ്‌തകങ്ങള്‍ മാത്രമായിരുന്നില്ല. മറ്റു പുസ്‌തകങ്ങളും കുഞ്ഞാലി വായിച്ചു കൂട്ടി. പത്രവായന മുടങ്ങാതെ തുടര്‍ന്നു. പഠനകാലത്ത്‌ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളോടായിരുന്നു ആഭിമുഖ്യം. അതു വളര്‍ന്നു വികസിച്ചു. കാലത്തിന്റെ സ്‌പന്ദനമറിഞ്ഞ്‌ പ്രവര്‍ത്തിക്കാനും പ്രതികരിക്കാനുമുള്ള ആര്‍ജവവും കുഞ്ഞാലി നേടിയെടുത്തു. ചരിത്രം വായിച്ചു. കാലത്തിന്റെ ചുവരെഴുത്തുകളും പഠിച്ചു.


1939 സെപ്‌തംമ്പറില്‍ രാജ്യത്തേക്ക്‌ വലിയൊരു പ്രതിസന്ധിയുടെ വാതില്‍ തുറന്നിട്ട്‌ രണ്ടാം ലോക മഹായുദ്ധത്തിന്റെ മണിനാദം മുഴങ്ങി. സാമ്രാജ്യത്വ ശക്തികളുടെ കിടമത്സരങ്ങളായിട്ടായിരുന്നു അതിന്റെ സമാരംഭം. അതിനെ വിമര്‍ശിച്ചും യുദ്ധഫണ്ട്‌ പിരിവിനെതിരേയും വിലക്കയറ്റത്തിനെതിെരയും പ്രക്ഷോഭം സംഘടിപ്പിച്ചു. എന്നാല്‍ ജര്‍മനി സോവിയറ്റ്‌ യൂണിയനെ കൂടി ആക്രമിക്കപ്പെട്ടതോടെ അതൊരു ജനകീയ യുദ്ധമായി മാറി. സഖ്യശക്തികളുടെ വിജയം സുനിശ്ചിതമാക്കുക എന്നത്‌ ലോക കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ബാധ്യതയായി.


ഇരകളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും അവരുടെ വിജയം ഉറപ്പു വരുത്തുവാനും ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും പ്രവര്‍ത്തകരോട്‌ ആഹ്വാനം ചെയ്‌തു. തന്നെയുമല്ല. കാര്‍ഷിക മേഖലയുടെ മുതുകൊടിഞ്ഞ്‌ കിടന്നിരുന്ന ഒരു കാലമായിരുന്നുവത്‌. തൊഴിലില്ലായ്‌മയില്‍ കിടന്ന്‌ നരകിക്കുകയായിരുന്നു യുവ തലമുറ. കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായിരുന്നു അവര്‍. പക്ഷെ യോഗ്യമായ തൊഴിലെവിടെ..?


അത്തരമൊരു പരിതസ്ഥിതിയില്‍ അല്‍പം സാഹസിക സ്വഭാവമുള്ളവര്‍ക്കു മുമ്പിലെത്തിയ അസുലഭാവസരമായിരുന്നു സൈനിക സേവനത്തിന്‌ ചേരുക എന്നത.്‌ കുഞ്ഞാലി നിലകൊണ്ടിരുന്ന പ്രസ്ഥാനത്തിന്റെ ആഹ്വാനവും അതിനനുകൂലമാകുമ്പോള്‍ എങ്ങനെ തിരസ്‌കരിക്കാനാവും? ആ ആഹ്വാനം ശിരസാവഹിക്കാന്‍ കുഞ്ഞാലിയും ഒരുക്കമായി. ഹൈസ്‌കൂള്‍ പഠനത്തിന്റെ അന്ത്യനാളുകളിലായിരുന്നുവത്‌.


അതോടെ പഠനം മതിയാക്കി. കുഞ്ഞാലി സൈനിക പ്രവര്‍ത്തനത്തിന്‌ തന്നെ തന്നെ അര്‍പ്പിച്ചു. 1942ലായിരുന്നുവത്‌. ആയിഷുമ്മയെ മകന്റെ തീരുമാനം ഞെട്ടിച്ചില്ല. അവനില്‍ നിന്ന്‌ അതേ പ്രതീക്ഷിക്കാവൂ. ആ മാതാവ്‌ മകന്റെ യാത്രക്കുവേണ്ടെതെല്ലാം ഒരുക്കിക്കൊടുത്തു.അതുവരെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മേലുണ്ടായിരുന്ന നിരോധനവും 1942 ജൂലൈ 22മുതല്‍ നിയമ വിധേയമായി.


വ്യോമസേനയിലായിരുന്നു കുഞ്ഞാലിക്ക്‌ പ്രവേശനം കിട്ടിയത്‌. സാഹസികരില്‍ ഏറ്റവും മിടുക്കരായവര്‍ക്ക്‌ മാത്രം നിയമനം ലഭിക്കുന്ന ഇടമായിരുന്നു അത്‌. കുഞ്ഞാലിയുടെ സ്വഭാവ ഗുണത്തിന്‌ ഇണങ്ങുന്നതുമായിരുന്നു ആ ജീവിതം. എളുപ്പത്തില്‍ വ്യോമസേനയിലെ ദിനചര്യകളുമായി കുഞ്ഞാലി ഇണങ്ങി ചേര്‍ന്നു. ഏത്‌ കൊടും തണുപ്പിലും മഞ്ഞിലും മഴയിലും രാജ്യത്തിന്റെ അഭിമാനം കാക്കാന്‍ കുഞ്ഞാലി പടചട്ടയണിഞ്ഞു. ഏത്‌ പ്രയാസകരമായ അഭ്യാസവും മെയ്‌വഴക്കം കൊണ്ട്‌ എളുപ്പത്തില്‍ ആര്‍ജിച്ചെടുത്തു.

 ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ സമര്‍ഥനായ ഒരു പോരാളി ജനിക്കുകയായിരുന്നു അവിടെ.
വേറിട്ട ജീവിത രീതി, വ്യത്യസ്‌തങ്ങളായ പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍, പട്ടാളത്തിലായിരുന്നപ്പോള്‍ ക്യാമ്പിലെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി സുഹൃത്തുക്കള്‍ക്ക്‌ കുഞ്ഞാലി കത്തെഴുതി. ആഴ്‌ചയിലൊരണ്ണമെന്ന നിലയില്‍ ഉമ്മക്കും കത്തയക്കും. എന്നാല്‍ സുഹൃത്തുക്കള്‍ക്കുള്ള കത്തിലെ വെടിയൊച്ചകളും പോരാട്ട വഴികളുമൊന്നും ഉമ്മക്കുള്ള കത്തിലുണ്ടായിരുന്നില്ല.


വലിയ തന്റേടിയും ധൈര്യശാലിയുമൊക്കെയായിരുന്നുവെങ്കിലും ആയിഷുമ്മയുടെ മനസ്സില്‍ ആധിയായിരുന്നു. മകന്‍ പട്ടാളത്തില്‍ ചേര്‍ന്നതിന്‌ ശേഷം കഷ്‌ടപാടുകളൊക്കെ കുറഞ്ഞു. ദാരിദ്ര്യം പഴയതുപോലെ തലനീട്ടിയില്ല. എങ്കിലും മകനെ കാണാതിരിക്കുന്നതിലെ വിഷമം. അതിനേക്കാളുപരി യുദ്ധത്തിനിടയില്‍ കുഞ്ഞാലിക്കെന്തെങ്കിലും... എടുത്തു ചാട്ടക്കാരനല്ലെ...


ഇത്തരത്തിലുള്ള ചിന്തകള്‍ അവരെ വീര്‍പ്പു മുട്ടിച്ചു. വീട്ടില്‍ നിന്നും തിരിച്ചാല്‍ മാസങ്ങള്‍ പലത്‌ കഴിഞ്ഞാവും ഒരവധി തരപ്പെടുക. വരുന്ന വിവരത്തിന്‌ കുഞ്ഞാലി നേരത്തെ കമ്പിയടിക്കും. അന്ന്‌ ആയിഷുമ്മ രാവിലെത്തന്നെ ബസ്‌സ്റ്റോപ്പിലേക്കാണ്‌ ചെല്ലുക. മകനെ സത്‌ക്കരിക്കാനുള്ള വിഭവങ്ങളെല്ലാം നേരത്തെ ഒരുക്കി വെച്ചിട്ടുണ്ടാവും.


ബസിന്റെ ശബ്‌ദം അകലെ നിന്ന്‌ കേള്‍ക്കുമ്പോഴേ ആ ഉമ്മ വഴികണ്ണുമായി നോക്കി നില്‍ക്കും. ബസ്‌ വന്ന്‌ നിര്‍ത്തിയാല്‍ അരികിലേക്ക്‌ ഓടിച്ചെല്ലും. മാസങ്ങള്‍ക്ക്‌ മുമ്പ്‌ പോയ മകനെ കണ്ടു കഴിയുമ്പോള്‍ ആ മാതൃഹൃദയം വിതുമ്പിപോകും. മകനെ കെട്ടിപ്പിടിച്ച്‌ പരിഭവങ്ങളുടെ കെട്ടഴിക്കും. വീട്ടിലെത്തിയാല്‍ മകനെ സത്‌ക്കരിക്കുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും.
സ്‌നേഹ നിര്‍ഭരമായ അരന്തരീക്ഷവും ഉമ്മയുടെ സത്‌ക്കാരവുമൊക്കെ രണ്ടോ മൂന്നോ ദിവസങ്ങളിലപ്പുറത്തേക്കുണ്ടാവില്ല. അതോടെ ഉമ്മക്കും മകനും മുമ്പില്‍ ചെറിയ ഭൂകമ്പങ്ങള്‍ ഉണ്ടാകും. ഉമ്മക്കിഷ്‌ടമില്ലാത്ത എന്തെങ്കിലും പ്രവര്‍ത്തികള്‍ കുഞ്ഞാലിയില്‍ നിന്നുണ്ടായിട്ടുണ്ടാകും. അത്ര വലിയ പ്രശ്‌നമൊന്നും ആവില്ല. പക്ഷെ അതുമതിയാവും ആയിഷുമ്മയെ ദേഷ്യം പിടിപ്പിക്കാന്‍. അതോടെ അവര്‍ പിണങ്ങും. അത്‌ മാത്രമല്ല. ചിലപ്പോള്‍ ഉമ്മ മകനെ വീട്ടിലേക്കും കയറ്റില്ല.
കുഞ്ഞാലി കിടത്തവും താമസവും പാര്‍ട്ടി ഓഫീസിലേക്ക്‌ മാറ്റും.
എല്ലാവര്‍ക്കു മുമ്പിലും ന്യായങ്ങള്‍ നിരത്തി വിജയം വരിക്കുംവരെ പോരാടി ജയിക്കാന്‍ മിടുക്കനായിരുന്ന കുഞ്ഞാലി ഉമ്മയോട്‌ മാത്രം തര്‍ക്കിക്കാന്‍ നില്‍ക്കില്ല. എത്രയൊക്കെ ചീത്ത പറഞ്ഞാലും തല്ലിയാലും മറുത്തൊന്നും പറയില്ല. എല്ലാം കേള്‍ക്കും. വീട്‌വിട്ട്‌ തത്‌ക്കാലത്തേക്ക്‌ പാര്‍ട്ടി ഓഫീസിലും മറ്റും കഴിഞ്ഞു കൂടുമ്പോഴും ഉമ്മയോട്‌ പിണങ്ങാറുമില്ല.


കാരണം കുഞ്ഞാലിക്കറിയാം ഉമ്മയെ.
അവര്‍ക്ക്‌ വേറെ ആരാണുള്ളത്‌...? തല്ലാനും തലോടാനും കോപിക്കാനും പിണങ്ങാനും.?
ആ മുന്‍കോപം. സ്‌നേഹക്കൂടുതലില്‍ നിന്നും ഉണ്ടാകുന്ന ബഹിഷ്‌കരണം. എല്ലാത്തിനും രണ്ടു ദിവസത്തെ ആയുസേയുണ്ടാവൂ.

സഖാവ് കുഞ്ഞാലിയുടെ ഭാര്യ സൈനബയും മകള്‍ സറീനയും

രണ്ടുനാള്‍ കഴിയുമ്പോള്‍ ഉമ്മ തന്നെ വിതുമ്പിക്കരഞ്ഞ്‌ കൊണ്ടാണ്‌ കുഞ്ഞാലിയുടെ മുമ്പിലെത്താറുള്ളത്‌. പിന്നെ ഒന്നും രണ്ടും പറഞ്ഞ്‌ മകനെ കൂട്ടിക്കൊണ്ടു പോകും. അങ്ങനെയൊരു അത്ഭുത ജന്മമായിരുന്നു ആയിഷുമ്മ.
ഉമ്മയുടെ പിണക്കവും ഇണക്കവും ഒക്കെ കഴിഞ്ഞ്‌ ആ അവധിക്കാലത്തിനൊടുവില്‍ കുഞ്ഞാലി പട്ടാളത്തിലേക്കു മടങ്ങി. ആയിഷുമ്മ മകനെ സങ്കടത്തോടെ യാത്രയാക്കി. പിന്നീടെപ്പോഴോ ആയിഷുമ്മ ആ വിവരമറിഞ്ഞു.
സത്യമായിരുന്നു അത്‌.
കുഞ്ഞാലിയെ പട്ടാളത്തില്‍ നിന്നും പിരിച്ച്‌ വിട്ടിരിക്കുന്നു. 

3 അഭിപ്രായങ്ങൾ:

 1. സഖാവ് കുഞ്ഞാലിയുടെ ജീവിതകഥയാണോ..
  ബാക്കി ഭാഗം തുടരുമോ..

  നന്നായി എഴുതി.
  ഭാവുകങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 2. ഇന്നി മുതല്‍ കുഞ്ഞാലിയെ വായിക്കട്ടെ ..തുടരും അല്ലെ

  മറുപടിഇല്ലാതാക്കൂ
 3. തുടരും നേരത്തെ ഒരുലക്കം കൊടുത്തിരുന്നു. അതിനിടക്കാണ്‌
  മാംസ വിപണി പരമ്പരയുടെ വരവ്‌, അതാണ്‌ രണ്ടാം ഭാഗത്തിന്റെ ദൈര്‍ഘ്യമേറ്റിയത്‌.

  മറുപടിഇല്ലാതാക്കൂ