8/9/16
ജയിലിലേക്കുള്ള വിസകള്‍
മണല്‍ക്കാട് മലയാളിയുടെ സ്വപ്നഭൂമിയായി മാറിയിട്ട് കാലങ്ങള്‍ പലതായി. കേരളീയ ഗ്രാമങ്ങള്‍ക്കു മുകളില്‍ അഭിവൃദ്ധിയും പ്രതീക്ഷയുടെ സമൃദ്ധിയും കൊണ്ടുവന്നു ആ മണല്‍പരപ്പും എണ്ണക്കിണറുകളും. ഒരുപാട് മനുഷ്യരെ സ്വപ്നം കാണാനും നിവര്‍ന്നു നില്‍ക്കാനും പ്രേരിപ്പിച്ചു ആ ആകാശം.
പുതിയ പ്രതീക്ഷകള്‍ തളിര്‍ക്കാനും പഴയ കിനാവുകള്‍ക്ക് വളമിടാനും ആ വെളിച്ചം തുണയുമായി. ഭാഗ്യവാന്‍മാര്‍ കരപറ്റിയതിന്റെയും നിര്‍ഭാഗ്യവാന്‍മാര്‍ തിരിച്ചെത്തിയതിന്റെയും നൂറ് നൂറ് കഥകള്‍.
ഈ പ്രതീക്ഷ പലരെയും ഉന്നതതൊഴില്‍ പഠിക്കുന്നതില്‍ നിന്നും ഉയര്‍ന്ന ഉദ്യോഗങ്ങള്‍ക്ക് തയ്യാറാകുന്നതില്‍ നിന്നുപോലും പിന്തിരിപ്പിച്ചിട്ടുമുണ്ട്. മുസ്‌ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും. എന്തെങ്കിലും ജോലി പഠിച്ചെടുത്തിട്ടായിരുന്നില്ല ആ യാത്ര. പഠിച്ച ജോലി ലഭിക്കണമെന്നുമില്ല. നിര്‍ഭാഗ്യങ്ങളുടെ സഹയാത്രികരോട് പലപ്പോഴും മണല്‍ക്കാട് കടാക്ഷിച്ചില്ല. പിന്നെയും അവരതേ കരയിലേക്കുതന്നെയാണ് തുഴ എറിഞ്ഞത്.
ഇപ്പോഴിതാ എണ്ണവിപണിയുടെ ചാഞ്ചാട്ടത്തെ ചൊല്ലി ഗള്‍ഫ് നാടുകള്‍ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. തൊഴിലാളി ജീവിതങ്ങള്‍ ആശങ്കകളുടെ നടുകടലില്‍ മുങ്ങുന്നു. പ്രവാസികളുടെ മടക്കം എത്രമാത്രം മലയാളികളെ ബാധിക്കും? അവര്‍ തിരിച്ചെത്തുന്നതിലെ ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്ന പരമ്പര.
ഒന്ന്
തിരികെ നല്‍കാനാകുമോ
ഇവരുടെ സമ്പാദ്യങ്ങള്‍?
മലപ്പുറം കൂട്ടിലങ്ങാടിയിലെ ഉസ്മാന്‍ കോയ മൂന്നാഴ്ച മുമ്പാണ് സഊദി അറേബ്യയില്‍ നിന്നും തിരിച്ചെത്തിയത്. നാല്‍പ്പത്തി ഏഴാം വയസ്സില്‍ ഇരുപത് വര്‍ഷത്തെ പ്രവാസമവസാനിപ്പിച്ചായിരുന്നു ആ വരവ്. എണ്ണ വിപണിയുടെ ഏറ്റക്കുറച്ചിലിന്റെ ഇരയല്ല ഇദ്ദേഹം. എന്നാല്‍ സ്വദേശിവല്‍കരണത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തുന്ന പരിശോധനയില്‍പെട്ടായിരുന്നു മടക്കം. അതും നാലു മാസത്തെ ജയില്‍ യാതനകളെ കുടിച്ച് വറ്റിച്ച്.
ഇപ്പോള്‍ അയാളെ ഒരുപാട് ചോദ്യങ്ങള്‍ അലട്ടുന്നു. രണ്ടുപതിറ്റാണ്ട് മണല്‍ക്കാട്ടില്‍ ഉരുകിത്തീരുന്നതിനിടയില്‍ ഒരു തൊഴില്‍പോലും പഠിച്ചെടുത്തില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ തുടങ്ങിയതാണ് പ്രവാസം. ഇപ്പോള്‍ ഗള്‍ഫുകാരന്‍ എന്ന മേല്‍വിലാസവും ഇല്ലാതായിരിക്കുന്നു. ഗള്‍ഫു പണത്തിന്റെ പളപളപ്പും അത്തര്‍ മണക്കുന്ന ഉടുപ്പും കണ്ട് ബഹുമാനം കൂറിയവര്‍ക്കിടയില്‍ സാധാരണ ജോലി ചെയ്ത് ജീവിക്കുന്നതെങ്ങനെ.? ഗള്‍ഫിലെ ഹോട്ടലില്‍ എച്ചില്‍പ്പാത്രം കഴുകിക്കിട്ടിയും ഒഴിവുവേളയില്‍ പെപ്‌സിക്കുപ്പി പെറുക്കിവിറ്റും കിട്ടിയ പണം ഉരുക്കിത്തൂക്കിയപ്പോള്‍ സഹോദരിമാര്‍ക്കൊരു ജീവിതം ഉണ്ടാക്കിക്കൊടുക്കാനായി. പലരെയും പല തരത്തില്‍ സഹായിച്ചു. സ്വന്തം വീടെന്ന സ്വപ്നം പോലും യാഥാര്‍ഥ്യമാക്കാനായിട്ടില്ല. തറവാട്ടുവീട്ടില്‍ ഒതുങ്ങിക്കൂടുകയാണ് ഇപ്പോള്‍ ഈ മനുഷ്യന്‍. ബന്ധുക്കളുടെയും വേണ്ടപ്പെട്ടവരുടെയും ചോദ്യങ്ങളെ എങ്കിലും അഭിമുഖീകരിക്കേണ്ടതില്ലല്ലോ.
എണ്ണവിപണിയുടെ ചാഞ്ചാട്ടത്തെ തുടര്‍ന്നോ സ്വദേശിവല്‍കരണത്തിന്റെ പേരിലോ നാടണയാന്‍ വിധിക്കപ്പെട്ട പ്രവാസി മലയാളികളുടെ പ്രതിനിധിയാണിദ്ദേഹം. കോഴിക്കോട് കിനാലൂരിലെ അബ്ദുല്‍ ലത്തീഫും മങ്കടയിലെ കക്കാടന്‍ മുഹമ്മദ് ശബീബും കരുവാരകുണ്ടിലെ മുഹമ്മദ് നിസാറും പുനലൂരിലെ സുല്‍ഫീക്കര്‍ അലിയും കല്‍പ്പകഞ്ചേരിയിലെ മുഹമ്മദ് ബഷീറും കോങ്ങാട്ടെ മുഹമ്മദ് ഫൈസലും ഇതേ ആശങ്കകളുടെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന അനേകായിരങ്ങളിലെ ചിലര്‍. ഇവരെല്ലാവരും നാട്ടില്‍ തിരിച്ചെത്തിയത് ദിവസങ്ങള്‍ക്കു മുമ്പ് മാത്രം. വന്നതോ ജയില്‍ ജീവിതത്തിലെ മറക്കാനാകാത്ത ദുരിതദിനങ്ങള്‍ താണ്ടിയും.
അവര്‍ക്കൊന്നും ഇനി അഞ്ചുവര്‍ഷത്തേക്ക് സഊദിയിലേക്ക് തിരികെപോകാനാകില്ല. തിരിച്ചുവരാന്‍ പലര്‍ക്കും പല കാരണങ്ങളാണെങ്കിലും അവരുടെയൊക്കെ വീട്ടകങ്ങളിലെ ദൈന്യതക്ക് ഒരേ മുഖങ്ങളാണ്. എണ്ണപ്പണത്തിന്റെ മാന്ദ്യം കാരണം ലേബര്‍ ക്യാമ്പുകളില്‍ കഴിഞ്ഞു കൂടുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങിയാലും ഇനിയും തിരിച്ചുപോകാമെന്ന പ്രതീക്ഷ എങ്കിലുമുണ്ട്. ഇഖാമ മാറാനോ അവിടെത്തന്നെ തുടരാനോ ഉള്ള നീക്കങ്ങളും അധികൃതര്‍ ആരംഭിച്ചിരിക്കുന്നു. എന്നാല്‍ ഉസ്മാന്‍ കോയ അടക്കമുള്ളവര്‍ക്ക് അഞ്ചു വര്‍ഷത്തേക്കെങ്കിലും പോകാനാകില്ല. കിഴിശ്ശേരിയിലെ മുഹമ്മദ് നവാസിനെ ഇരുപതുവര്‍ഷത്തെ ഗള്‍ഫ് ജീവിതത്തില്‍ നിന്നും അധികൃതര്‍ നാട്ടിലേക്ക് കയറ്റിയയച്ചപ്പോള്‍ അദ്ദേഹത്തെ അലട്ടുന്നതും ഇവരെല്ലാം ഉയര്‍ത്തുന്ന അതേ ചോദ്യം തന്നെ.
അടുത്ത ദേശത്തേക്ക്. അയല്‍ സംസ്ഥാനത്തേക്ക്. അങ്ങനെയായിരുന്നു മലയാളീ പ്രവാസത്തിന്റെ ആരംഭം. അറുപതുകളില്‍ തുടങ്ങിയ ആ പ്രയാണത്തെതുടര്‍ന്നാണ് അറബിപ്പൊന്നിന്റെ സാന്നിധ്യം മലയാളനാട്ടില്‍ സ്ഥിരം സാന്നിധ്യമായത്. പിന്നീട് കള്ള ലോഞ്ചുകളിലും മറ്റുമായി അവര്‍ അറേബ്യന്‍ നാടുകളിലുമെത്തി. കടല്‍ യാത്രകള്‍ ആകാശയാത്രക്ക് വഴിമാറിയപ്പോള്‍ പല പല രാജ്യങ്ങളിലേക്കും ചേക്കേറി. ആ പ്രവാസത്തിനിപ്പോള്‍ വയസായിരിക്കുന്നു. ബാല്യവും യൗവ്വനവും കടന്നാല്‍ വാര്‍ധക്യം അടുത്താണല്ലോ. വാര്‍ധക്യത്തിനൊടുവില്‍ മരണവും. എണ്ണക്കിണറുകളിലെ ഉറവ വറ്റാനും സ്വര്‍ണഖനികളിലെ സമൃദ്ധി ക്ഷയിക്കാനും തുടങ്ങുന്നുവെന്ന വര്‍ത്തമാനം കേള്‍ക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.
സ്വദേശിവത്കരണത്തിന്റെ പേരില്‍, പൊതുമാപ്പുകളില്‍, പലകാലങ്ങളില്‍ കൊണ്ടുവന്ന നിയമങ്ങളും നിബന്ധനകളും മലയാളികളെ വലിഞ്ഞുമുറുക്കിയിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. എന്നിട്ടും ഭാഗ്യവാന്‍മാര്‍ മുത്തും പവിഴവുമായി തിരിച്ചെത്തുന്നുമുണ്ട്. എന്നാല്‍ മരുഭൂമിയില്‍ അന്നം തിരഞ്ഞുപോയ ഭൂരിപക്ഷം മലയാളികളും ചെന്നെത്തുന്നത് മികച്ചൊരു തൊഴില്‍മേഖലയിലേക്കല്ല തന്നെ. എക്കാലവും അതാണ് സ്ഥിതി. രൂപയുമായി തട്ടിച്ചുനോക്കുമ്പോഴുള്ള വിപണിമൂല്യം കൊണ്ട് അവരവിടെ ചെയ്യുന്ന തൊഴിലുകൊണ്ട് നാട്ടില്‍ ജീവിക്കാനുമാകില്ല. കാറും കക്കൂസും വൃത്തിയാക്കി കുടുംബഭദ്രത സുരക്ഷിതമാക്കാന്‍ പാടുപെടുന്നവര്‍ക്കെങ്ങനെ അതെ ജോലി നാട്ടില്‍ ചെയ്യാനാകും?
ബൂഫിയകളില്‍ സാന്റൂസ് മുറിച്ചും ചായകൂട്ടിയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങളെടുത്തുകൊടുത്തും കാലം കഴിക്കുന്നതിനിടയില്‍ സുരക്ഷിതമായൊരു തൊഴില്‍ പഠിച്ചെടുക്കാത്തതിന്റെ ദുരന്തമാണിവരെയെല്ലാം അലട്ടുന്നത്. വരും നാളുകളിലും ഇത്തരം പ്രതിസന്ധികളിലേക്ക് ധാരാളമാളുകള്‍ വന്നണയുമെന്നു തന്നെ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ അവരെ പുനരധിവസിക്കാനുള്ള പോംവഴികളൊന്നും തുറക്കപ്പെട്ടിട്ടേയില്ല. പതിനാറ് വര്‍ഷമായി പ്രവാസിയായിരുന്ന നിലമ്പൂരിലെ ഹൈദ്രോസ് ഇമ്പിച്ചികോയ പറയുന്നു. പ്രവാസികള്‍ മടക്കയാത്രക്ക് കിടക്കകെട്ടുമ്പോള്‍ മലയാളികളെ ആശങ്കയിലാക്കുന്നതും ഇതേ ചോദ്യം തന്നെയാണ്. പരിഹാരം കാണേണ്ടതും അതേ പ്രതിസന്ധിക്കു തന്നെയാണ്.
പ്രവാസിക്ഷേമത്തിനുവേണ്ടി രൂപീകരിച്ച നോര്‍ക്ക വകുപ്പിന്റെ പദ്ധതികളെല്ലാം പ്രവാസികളെ കരകയറ്റാന്‍ മതിയായവയല്ല. വിദേശ മലയാളികള്‍ക്ക് നിയമസഹായവും നിയമപ്രശ്‌നങ്ങളില്‍ വലഞ്ഞവര്‍ക്ക് വിമാനടിക്കറ്റുമൊക്കെ എത്തിക്കുന്നുണ്ട്. വിദേശത്തു മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനും അപകടത്തില്‍പ്പെടുന്നവരെ സഹായിക്കാനുമൊക്കെ പരിപാടികളുമുണ്ട്. എന്നാല്‍ പ്രവാസജീവിതം തുടരുന്നവര്‍ക്കും ഉപേക്ഷിച്ചുവരുന്നവര്‍ക്കും താങ്ങാവുന്ന പദ്ധതികളില്ല. സാന്ത്വന പദ്ധതിയും കാരുണ്യ പദ്ധതിയും പുനരധിവാസ പദ്ധതിയുമെല്ലാം തുടങ്ങിയിടത്തുതന്നെ. സാന്ത്വനവും കാരുണ്യവും പദ്ധതികളുടെ പേരില്‍മാത്രമേയുള്ളൂവെന്നും അവയെല്ലാം നൂലാമാലകളില്‍ ചുറ്റപ്പെട്ടു കിടക്കുകയാണെന്നുമാണ് അനുഭവസ്ഥര്‍ പറയുന്നത്. . കേരള പ്രവാസി ബോര്‍ഡിന്റെ പെന്‍ഷന്‍ പദ്ധതിയില്‍ പ്രവാസം മതിയാക്കി വന്നവര്‍ക്ക് നല്‍കുന്നത് 500 രൂപയാണ്. തുടരുന്നവര്‍ക്ക് 1000 രൂപയും. പ്രവാസികളില്‍ നിന്ന് അംശാദായം വാങ്ങുന്ന പദ്ധതിയോടാണിങ്ങനെ ചെയ്യുന്നത്.
തരക്കേടില്ലാത്ത ഉദ്യോഗങ്ങളില്‍ നിന്ന് വിദേശികളെ പറഞ്ഞുവിട്ടായിരുന്നു സഊദിയില്‍ സ്വദേശിവത്കരണം തുടങ്ങിയത്. ബാങ്കുകള്‍, എന്‍ജിനീയറിംഗ് മേഖല, വിമാന സര്‍വീസ് രംഗങ്ങളിലെല്ലാം സഊദി അറേബ്യയില്‍ പൂര്‍ണമായും സ്വദേശിവത്കരണം നടപ്പാക്കി. ഭേദപ്പെട്ട തസ്തികകളിലെല്ലാം അവര്‍ കയറിക്കൂടി. സ്ത്രീകളുമുണ്ട് പ്രമുഖ സ്ഥാനങ്ങളില്‍. ഓഫീസുകളിലും അവര്‍ ഒഴിച്ചുകൂടാനാകാത്തവരായി. പുരുഷന്‍മാര്‍ തീരെ വേതനം കുറഞ്ഞ തസ്തികകളില്‍പ്പോലും ഇപ്പോള്‍ തൊഴിലെടുക്കുന്നുണ്ട്. പല തൊഴിലുകളും പഠിച്ചെടുത്തു. പല തസ്തികകളിലും കയറിക്കൂടി. വിദേശികളില്‍ നിന്നും ഇഖാമ പുതുക്കുമ്പോള്‍ ഈടാക്കുന്ന തുകപോലും സഊദിയില്‍ പൗരന്‍മാരുടെ സാങ്കേതിക പഠനത്തിനും മറ്റുമായി അധികൃതര്‍ നീക്കിവെക്കുന്നു. മലയാളികള്‍ കൂടുതലായി അന്നം തിരയുന്ന ബഗാല, കഫ്ത്തീരിയ, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മൊബൈല്‍ ഷോപ്പുകളിലേക്കും അവര്‍ വന്നെത്തി. 55, 119 പരാതികളാണ് ഗള്‍ഫ് പ്രതിസന്ധിയുടെ ഫലമായി മൂന്നു വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത്. ഇതില്‍ പകുതിയും സഊദിയില്‍ നിന്നും ഖത്തറില്‍ നിന്നുമാണ്.
രാജ്യങ്ങള്‍ മാറുന്നുവെന്നേയുള്ളൂ. മറ്റിടങ്ങളിലും ഇതൊക്കെ തന്നെയാണ് സ്ഥിതി. ചെറിയ ഭേദഗതികളുണ്ടാകാം. എങ്കിലും പ്രവാസത്തിന്റെ സാധ്യതാ വാതിലുകള്‍ അവിടെയും അടയുകയാണ്. നിര്‍മാണക്കമ്പനികളില്‍ മാത്രമെ പ്രതിസന്ധിയുള്ളൂവെന്നാണ് വെപ്പ്. ശമ്പളം മുടങ്ങിയതും ജോലിയില്‍ നിന്ന് തിരിച്ചയക്കപ്പെടുന്നതും ഇവിടെ മാത്രമല്ല. അതിപ്പോള്‍ തുടങ്ങിയതുമല്ല. ചില കഥകള്‍ കേട്ടോളൂ.
23/6/14
പനിപ്പേടി വിതക്കുന്നു, കൊയ്യുന്നതോ?
പനി മരണങ്ങളുടെ ഭീതിത വാര്‍ത്തകള്‍ ഇപ്പോള്‍ പഴയതുപോലെ കാണുന്നില്ല. മഴക്കാലവും പനിക്കാലവും അല്ലാത്തതുകൊണ്ടാകുമോ..? എന്നാല്‍, ഇപ്പോഴും പനിബാധിതര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നു. കേരളത്തിലെ രണ്ടായിരത്തോളം സര്‍ക്കാര്‍ ആശുപത്രികളിലും ആയിരത്തി അഞ്ഞൂറോളം ഹോമിയോ ആശുപത്രികളിലും എണ്ണമറ്റ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലും മറ്റുമായി പ്രതിദിനം പത്ത് ലക്ഷത്തിനു മുകളില്‍ ആളുകള്‍ ഏത് കാലത്തും പനിക്ക് ചികിത്സ തേടിയെത്തുന്നുണ്ട്. സ്വയം ചികിത്സ നടത്തുന്നവര്‍ വേറെയും. പനി വരാതിരിക്കുന്ന ഒരു കാലം ഉണ്ടാകുകയേയില്ല. എന്നിട്ടും മഴക്കാലം പനിക്കാലമായി ഗണിക്കപ്പെട്ടിരിക്കുന്നു. പനിമരണ സീസണായി മഴക്കാലത്തെ മാറ്റി നിര്‍ത്തിയിരിക്കുന്നു.
പനിച്ച് വിറക്കുന്നവരുടെയും പേടിച്ച് വിറക്കുന്നവരുടെയും കണക്കുകള്‍ മാധ്യമങ്ങള്‍ക്ക് ആ കാലങ്ങളില്‍ മാത്രം മതി. ഒരു മഴക്കാലത്ത് മാത്രം മുന്നൂറ് കോടി രൂപയുടെ പനി മരുന്നുകളാണ് വില്‍ക്കപ്പെടുന്നത്. അപ്പോള്‍ പനിക്കാലമായി മാറ്റിയത് മരുന്ന് കമ്പനികളും അവരുടെ കുഴലൂത്തുകാരുമല്ലാതെ മറ്റാരാണ്…? ഏഴായിരത്തി അഞ്ഞൂറോളം ബഹുരാഷ്ട്ര മരുന്ന് കമ്പനികള്‍. ആയിരക്കണക്കിന് ചെറു കമ്പനികള്‍. അറുപത്തിയാറായിരത്തിലേറെ മരുന്നുകള്‍. മൂവായിരം പേര്‍ക്ക് ഒരു ഡോക്ടര്‍ വീതം. മള്‍ട്ടി സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ചികിത്സ. നാടുനീളെ ആശുപത്രികളും ഡോക്ടര്‍മാരും ഉണ്ടാകുമ്പോള്‍ രോഗങ്ങള്‍ ഇല്ലാതാകുകയല്ലേ വേണ്ടത്…?
ചികിത്സാ സംവിധാനം അത്യാധുനികമാകുമ്പോള്‍ മാരക രോഗങ്ങളെ പടിയടച്ച് പിണ്ഡം വെക്കുന്ന കാഴ്ചകളെയല്ലേ കാണേണ്ടത്…? എന്നാല്‍, നിസ്സാരമായ പനിക്കു മുമ്പില്‍ പോലും പകച്ചു നില്‍ക്കുന്നു ആധുനിക വൈദ്യശാസ്ത്ര ചികിത്സ. പനിബാധിതരുടെ ജീവനെടുക്കുന്നതില്‍ പ്രതിസ്ഥാനത്ത് സ്വകാര്യ ആശുപത്രികളും സര്‍ക്കാര്‍ ആതുരാലയങ്ങളുമാണ്. സിറാജ് സബ് എഡിറ്റര്‍ ഹംസ ആലുങ്ങല്‍ തയ്യാറാക്കിയ പരമ്പര ഇന്നു മുതല്‍. മൂന്ന് മാസത്തിനിടയില്‍ കേരളത്തെ വിറപ്പിച്ച പനി വാര്‍ത്തകള്‍ പരതിയപ്പോള്‍ കണ്ടെത്തിയത് മൂന്നൂറോളം പനി മരണങ്ങള്‍. അവരില്‍ 76 പേര്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളായിരുന്നു. ചിത്രശലഭങ്ങളെപ്പോലെ പാറിനടന്നിരുന്ന മിടുക്കരും മിടുക്കികളുമായ 76 വിദ്യാര്‍ഥികള്‍. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും നിറഞ്ഞുനിന്നിരുന്ന പൊന്നോമനകള്‍. പഠനമുറിയില്‍ നിന്ന് അവരെ മരണം വിളിച്ചിറക്കി കൊണ്ടുപോയതല്ല. വിവിധ ആശുപത്രികളില്‍ സാധാരണ പനിക്ക് ചികിത്സ തേടിയെത്തിയതായിരുന്നു ആ കുട്ടികള്‍. മികച്ച ചികിത്സതന്നെ ലഭിക്കാന്‍ വേണ്ടി മുന്തിയ ആശുപത്രികളിലേക്ക് തന്നെയാണ് ബന്ധുക്കള്‍ അവരെ കൂട്ടിക്കൊണ്ടുപോയത്. എന്നിട്ടും മോര്‍ച്ചറികളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത് അവരുടെ ചേതനയറ്റ ശരീരങ്ങളെയായിരുന്നു. മരിച്ചവരില്‍ 160 പേര്‍ 20നും 40നും മധ്യേ പ്രായമുള്ളവര്‍. വീട്ടമ്മമാരും യുവാക്കളും ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും ഉണ്ടായിരുന്നു അവരില്‍. അവര്‍ക്കുമുണ്ടായിരുന്നില്ല കാര്യമായ അസുഖങ്ങള്‍. 64 പേര്‍ മാത്രമെ 45 വയസ്സിന് മുകളില്‍ കടന്നവരുണ്ടായിരുന്നുള്ളൂ. 20 പേരെ മാത്രമെ വാര്‍ധക്യസഹജമായ അസുഖങ്ങളെങ്കിലും അലട്ടിയിരുന്നുള്ളൂ. 206 പേരെ മരണം കവര്‍ന്നെടുത്തത് ജൂണ്‍ ജൂലൈ മാസങ്ങളില്‍ മാത്രം. 2010ല്‍ പനി മൂലം മരിച്ച 170 പേരെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ ശേഖരിച്ച് വെച്ചിട്ടുണ്ട് മലപ്പുറം പകരയിലെ അബ്ദുല്‍ ലത്തീഫ്.
അവരില്‍ നാല്‍പ്പത് വയസ്സില്‍ താഴെയുള്ളവരാണ് 94 പേരും. 49 പേര്‍ കുഞ്ഞുമക്കളാണ്. 47 പേര്‍ ഗര്‍ഭിണികളും. ആരോഗ്യ പ്രശ്‌നങ്ങളേതുമില്ലാതെ സ്‌കൂളിലും കളിമുറ്റങ്ങളിലും ഓടികളിച്ചിരുന്ന കല്ലുവാതുക്കലെ അഞ്ചര വയസ്സുകാരി അഞ്ജലിയും പാണത്തൂരിലെ 11കാരന്‍ ജിബിന്‍ ജോര്‍ജും ആലിപ്പറമ്പ് അമ്മിനിക്കാട്ടെ പന്ത്രണ്ടുകാരന്‍ മുര്‍ഷിദും അഞ്ചരക്കണ്ടി ബാവോട് ഈസ്റ്റ് യു പി സ്‌കൂളിലെ അശ്വന്തിനും നിലമ്പൂര്‍ മണലൊടിയിലെ പ്ലസ് ടു വിദ്യാര്‍ഥി രാഹുലിനും എങ്ങനെയാണ് മരണത്തിന്റെ വെള്ളവസ്ത്രം പുതച്ച് പ്രിയപ്പെട്ടവര്‍ക്കുമുമ്പില്‍ കിടക്കേണ്ടി വന്നത്…? ചെന്ത്രാപ്പിന്നിയിലെ തോട്ടം പറമ്പില്‍ ശശിധരന്റെ മകള്‍ അഞ്ച് വയസ്സുകാരി അഞ്ജനക്കും പാപ്പനങ്കോട്ടെ ശ്രീനന്ദനക്കും പെരുമ്പടപ്പിലെ റമീസിനും ഉമ്മുസല്‍മക്കും പിന്നെയും എണ്ണമറ്റ കുഞ്ഞുങ്ങള്‍ക്കും എങ്ങനെയാണിവരുടെ പ്രതിനിധികളാകേണ്ടി വന്നത്…?
മുളയിലേ വാടിപ്പോകേണ്ട പൂക്കളായിരുന്നില്ലല്ലോ അവര്‍. ആരോഗ്യ സംരക്ഷണത്തിന്റെ ബാലപാഠം തെറ്റിച്ചപ്പോഴുണ്ടായ രക്തസാക്ഷികളായിരുന്നു ഇവരെന്ന് ഇപ്പോള്‍ ബന്ധുക്കള്‍ തിരിച്ചറിയുന്നു. അവരത് കണ്ണീരോടെ ഏറ്റുപറയുന്നു. അത് കേള്‍ക്കാന്‍ നൂറോളം പനിമരണ വീടുകളിലാണ് കയറിച്ചെന്നത്. മലപ്പുറം വളവന്നൂരിലെ പത്താം ക്ലാസ് വിദ്യാര്‍ഥി, തയ്യില്‍ അസൈന്റെ മകന്‍ ജില്‍സാദിന്റെ അന്ത്യനാളുകളെക്കുറിച്ച് പറയുമ്പോള്‍ മാതാവിന്റെയും സഹോദരിയുടെയും വാക്കുകള്‍ മുറിയുന്നു. തൊണ്ടയിടറുന്നു. അരീക്കോട് മൈത്രയിലെ സൂരജിന്റെ ഭാര്യ പ്രസീദ (24), 32 കാരായ താമരശ്ശേരിയിലെ ജയേഷ്, രഞ്ജിത്ത്, മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ പത്തായക്കോടന്‍ ആഇശ, തിരൂരങ്ങാടിയിലെ പതിനൊന്നുകാരി റസീഖ, എളങ്കൂര്‍ മഞ്ഞപ്പറ്റയിലെ ഫിറോസ് ബാബു(30), ചങ്ങരംകുളം നന്നംമുക്കിലെ സുധീറിന്റെ ഭാര്യ സറീന(24). ഇങ്ങനെ പനിമൂലം ജീവിതത്തില്‍ നിന്ന് പടിയിറങ്ങിപ്പോയവരുടെ ബന്ധുക്കള്‍ക്ക് പറയാനുള്ളത് ചികിത്സാ പിഴവിന്റെ നൂറ് നൂറ് കഥകള്‍. രോഗത്തേക്കാള്‍ അപകടമാകുന്നു മരുന്നുകള്‍. മരുന്നിനേക്കാള്‍ ആപത്താകുന്നു ചികിത്സ. തെറ്റായ ചികിത്സയുടെയും അനാവശ്യ മരുന്നുകളുടെയും പാര്‍ശ്വഫലങ്ങളാണവരെ ജീവിതത്തില്‍ നിന്ന് തിരികെ വിളിച്ചതെന്നും കേരളത്തിലെ ഇരകളുടെ ബന്ധുക്കള്‍ ഇപ്പോള്‍ സംശയിക്കുന്നു. പലരും ഉറച്ച് വിശ്വസിക്കുന്നു. ചിലര്‍ അതെക്കുറിച്ച് പറയുമ്പോള്‍ പൊട്ടിത്തെറിക്കുന്നു. കണ്ണൂര്‍ കൊട്ടിയൂരിലെ തുള്ളമ്പാറയില്‍ ഷിജി (34)യുടെ ബന്ധുക്കളും തിരുവനന്തപുരം പ്രാവച്ചനമ്പലം കുഴിവിള ബംഗ്ലാവില്‍ സാമിയ സജീവിന്റെ ബന്ധുക്കളുമെല്ലാം ഇന്നും ആശുപത്രിക്കെതിരെ സമരമുഖത്താണ്. മരുന്ന് പരീക്ഷണങ്ങളുടെ ബലിയാടുകളാണ് ഇവരെന്ന് ബന്ധുക്കള്‍ ഉറക്കെ പറയുന്നു. അതേറ്റു പറയാനും സമരമുഖത്ത് സജീവമാകാനും സമരസമിതിയും ഉണ്ട്. ഇവരെല്ലാം രണ്ട് സീസണുകളിലുണ്ടായ പനി മരണങ്ങളിലെ ഏതാനും ഇരകള്‍. അഞ്ഞൂറ് പേരുടെ പ്രതിനിധികള്‍. മുന്‍ വര്‍ഷങ്ങളിലെ രക്തസാക്ഷികളുടെ കണക്കുകള്‍ ഇതിനേക്കാള്‍ ഭീകരമായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പനി മരുന്നുകള്‍ മനുഷ്യനെ കൊല്ലുന്നു. സാമ്പത്തികമായും ശാരീരികമായും തകര്‍ക്കുന്നു. പല കുടുംബങ്ങളെയും അനാഥമാക്കുന്നു. ചെറുബാല്യങ്ങളെപ്പോലും ചുടുലപ്പറമ്പിലേക്ക് പറഞ്ഞയക്കുന്നു. ഇതെങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ചൊന്നും ആരും ആലോചിക്കുന്നില്ല. അന്വേഷണങ്ങളില്ല. ഓരോ പനി മരണവും സംഭവിച്ചത് ആശുപത്രികളില്‍ നിന്നായിരുന്നു എന്നതിന് പത്രവാര്‍ത്തകള്‍ സാക്ഷി. ചികിത്സയിലെയും മരുന്നിന്റെയും ഭീകരത കൊണ്ടാണതെന്നതിന് കുടുംബങ്ങള്‍ സാക്ഷി. ചികിത്സാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയതുകൊണ്ടാണ് പല മരണങ്ങളുമുണ്ടായതെന്നതിന് ആരോഗ്യ വകുപ്പിന്റെ കുറ്റസമ്മതം. പനിയുടെ ചികിത്സ ഇവര്‍ ചെയ്യുന്നതൊന്നുമല്ലെന്നതിന് ആധനിക വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും തെളിവ്. എന്നിട്ടും അതിനെ വിചാരണ ചെയ്യാന്‍ ആരും ഒരുക്കമാകുന്നില്ല. ഈ അപകടത്തെക്കുറിച്ചുപോലും മലയാളി ബോധവാന്‍മാരുമല്ല. പനി ഒരു രോഗമല്ല, രോഗങ്ങളെ ഇല്ലാതാക്കാനുള്ള ശുദ്ധീകരണ പ്രക്രിയ മാത്രമാണ് എന്നാണ് പനിയെക്കുറിച്ചുള്ള ആധികാരിക രേഖകളിലെല്ലാം പറയുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസ് പറഞ്ഞത്. എനിക്ക് പനി തരൂ. ഞാന്‍ സകല രോഗങ്ങളെയും മാറ്റിത്തരാമെന്നായിരുന്നു. ലോകത്തിലെ ഏറ്റവും ആധികാരിക ആധുനിക വൈദ്യ ശാസ്ത്ര ഗ്രന്ഥമായ മാര്‍ട്ടിന്റൈല്‍ ദി കംപ്ലീറ്റ് ഡ്രഗ് റഫറന്‍സ് എന്ന ഗ്രന്ഥത്തിന്റെ എട്ടാമത്തെ പേജില്‍ ഇത് ശരിവെക്കുന്നു. നമ്മുടെ മെഡിക്കല്‍ കോളജുകളില്‍ പാഠപുസ്തകമായി പഠിപ്പിക്കുന്ന ഡേവിഡ് സണ്‍സ് പ്രിന്‍സിപ്പിള്‍സ് ആന്‍ഡ് പ്രാക്ടീസ് ഓഫ് മെഡിസിന്‍ എന്ന ഗ്രന്ഥത്തിന്റെ 136ാം പേജില്‍ ഇതിന് അടിവരയിടുന്നു. ലോകപ്രസിദ്ധമായ ഗൈട്ടന്റെ ടെക്സ്റ്റ് ബുക്ക് ഓഫ് മെഡിക്കല്‍ ഫിസിയോളജിയുടെ 73ാം അധ്യായത്തിലും ഇത് തന്നെ ആവര്‍ത്തിക്കുന്നു. ഇതെല്ലാം അലോപ്പതി ഡോക്ടര്‍മാരുടെ വേദ പുസ്തകങ്ങളാണ്. ആയൂര്‍വേദക്കാരും ഹോമിയോക്കാരും പ്രകൃതി ചികിത്സാവിധിക്കാരും സിദ്ധ, യൂനാനിക്കാരും ഇവയെ അംഗീകരിക്കുന്നു. അപ്പോള്‍ പിന്നെ ആര് ആരെയാണ് കബളിപ്പിക്കുന്നത്…? ആയൂര്‍വേദവും ഹോമിയോപ്പതിയും പ്രകൃതി ചികിത്സയും സ്വീകരിക്കുന്ന പനി ബാധിതര്‍ ചികിത്സമൂലം മരിക്കുന്നില്ല…? എന്നാല്‍ മെഡിക്കല്‍ കോളജുകളിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിക്കപ്പെടുന്ന ആരോഗ്യവാന്‍മാരായ പനിബാധിതര്‍ ഇയ്യാംപാറ്റകളെപ്പോലെ മരിച്ചൊടുങ്ങുന്നു…? ചികിത്സയുടെ മാനദണ്ഡങ്ങള്‍ തെറ്റിച്ചത് കൊണ്ടല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണിത്..? ഔഷധങ്ങള്‍ രോഗലക്ഷണങ്ങളെ താത്കാലികമായി മാറ്റുന്നുണ്ടെങ്കിലും പില്‍ക്കാലത്ത് രോഗ ലക്ഷണങ്ങള്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചുവരും. രോഗ ലക്ഷണങ്ങളെ തടയുകയല്ല വേണ്ടത്, രോഗകാരണങ്ങളെ ഇല്ലാതാക്കുകയാണ്. രോഗകാരണങ്ങളെ ഇല്ലായ്മ ചെയ്താല്‍ രോഗത്തെ ശരീരം തന്നെ സ്വയം അകറ്റും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ മന:ശാസ്ത്ര വകുപ്പില്‍ അധ്യാപകനായി വിരമിച്ച ഡോ. ബേബി ജോണ്‍ പറയുന്നു. രോഗങ്ങള്‍ നമ്മെ കൊല്ലാനല്ല രക്ഷിക്കാനാണ് വരുന്നത്. മരണകാരണം രോഗങ്ങളല്ല, പ്രാണക്ഷയമാണ്. പ്രാണക്ഷയം സംഭവിച്ചു എന്ന് ശരീരം നമ്മോട് പറയുന്ന ഭാഷയാണ് രോഗങ്ങള്‍. രോഗങ്ങളെയല്ല, രോഗ കാരണങ്ങളെയാണ് തടയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മെഡിക്കല്‍ സയന്‍സില്‍ പഠിച്ചതിനും പഠിപ്പിച്ചതിനും നേര്‍വിപരീതമായാണ് ചില അലോപ്പതി ഡോക്ടര്‍മാരും സ്വകാര്യ ആശുപത്രികളും അവലംബിക്കുന്നത്. അതിന്റെ ഫലമായാണ് ഈ മരണങ്ങളില്‍ ഏറെയും ഉണ്ടാകുന്നതെന്ന് ആയൂര്‍വേദ ഡോക്ടറായ ഡോ പി പി രാധാകൃഷ്ണന്‍ പറയുന്നു. അത്തരത്തിലുണ്ടായ ഒരുപാട് മരണങ്ങളും അദ്ദേഹത്തിന് ചൂണ്ടിക്കാണിക്കാനുണ്ട്. കോഴിക്കോട്ടെ പ്രകൃതി ചികിത്സാ കേന്ദ്രത്തിലെ ഡോ. എം സി സൗമ്യയും ഇതു തന്നെ ആവര്‍ത്തിക്കുന്നു. അത്തരത്തിലുള്ള അനുഭവവും തിക്താനുഭവങ്ങളുമുണ്ടായ ഒട്ടേറെപ്പേരെയാണ് ഈ അന്വേഷണത്തില്‍ സിറാജിന് കണ്ടെത്താനായത്. ഇതെല്ലാം സത്യമാണെന്ന് സമര്‍ഥിക്കുന്നു സിറാജിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടികളും.
28/4/14
വിഷാദക്കാറ്റില്‍ വളര്‍ന്ന ചിത്രശലഭങ്ങള്‍
മണ്ണാര്‍ക്കാട്ടെ ആശയുടെ ജീവിതത്തില്‍ നിന്ന് നിരാശയുടെ കാര്‍മേഘങ്ങള്‍ ഇപ്പോള്‍ പെയ്‌തൊഴിഞ്ഞിരിക്കുന്നു. കരയാനും ചിരിക്കാനും മറന്നു തുടങ്ങിയ അവര്‍ക്കിപ്പോള്‍ പുതിയ പ്രതീക്ഷകള്‍ തുന്നാനും പലരെയും ജീവിതത്തിലേക്ക് കൈപ്പിടിച്ച് നടത്താനും സാധിച്ചിരിക്കുന്നു.
വണ്ടൂരിലെ ദേവി നാട്ടുകാര്‍ക്കെല്ലാം ഒരു നോവിന്റെ ചിത്രമായിരുന്നു. എന്നാലിപ്പോള്‍ അവളുടെ മുഖത്തും പ്രതിസന്ധികളുടെ വന്‍ മതില്‍ ചാടിക്കടന്നതിന്റെ ആഹ്ലാദം. അത് കാണുമ്പോള്‍ രോഗിയായ അമ്മയുടെയും സഹോദരിയുടെയും മുഖത്തും സമൃദ്ധിയുടെ നിറപുഞ്ചിരി.
തന്റെ ജീവിതത്തിലിനി കളി ചിരികള്‍ക്ക് സ്ഥാനമുണ്ടാകുമെന്ന് കരുതിയിട്ടേ ഉണ്ടായിരുന്നില്ല നെടുമങ്ങാട്ടെ 19കാരി ജാനകി. എന്നാലിപ്പോള്‍ അവളിലൂടെ 15 കുടുംബങ്ങള്‍ക്കെങ്കിലും ആശ്വാസത്തിന്റെ പുതിയ ചില്ലയില്‍ കൂടുകൂട്ടാനായിരിക്കുന്നു.
വിഷാദക്കാറ്റേറ്റ് വാടിയ ആശയുടെയും ദേവിയുടെയും നിഷയുടെയും നിരോഷയുടെയും സ്‌നേഹയുടെയും ആരിഫയുടെയും ആസിഫയുടെയും ജാനകിയുടെയുമെല്ലാം മുഖത്ത് ഇപ്പോള്‍ ആത്മവിശ്വാസത്തിന്റെ നിലാവ് ചിരിക്കുന്നു. പുതിയ ദൗത്യവുമായി പ്രസന്നതയോടെ അവര്‍ ജീവിച്ചു മുന്നേറുന്നു.
ജീവിതത്തിന്റെ അടഞ്ഞ വഴികളിലേക്ക് നോക്കി വിതുമ്പുകയും പുതിയ യാഥാര്‍ഥ്യങ്ങളുടെ മരവിപ്പില്‍ നിന്നും മോചനം നേടാനാകാതെ കണ്ണീര്‍വാര്‍ക്കുകയും ചെയ്തിരുന്ന ഒരു ഭൂതകാലമായിരുന്നു ഇവര്‍ക്കെല്ലാം ഉണ്ടായിരുന്നത്.
കാരണം ജനിച്ചു വീണപ്പോള്‍ മുതല്‍ സമൂഹം അവര്‍ക്കൊരു ഓമനപ്പേരിട്ട് പച്ചകുത്തിയിരുന്നു. എച്ച് ഐ വി ബാധിതര്‍. രോഗം ശിക്ഷ മാത്രമല്ല, പരീക്ഷണം കൂടിയാണ്. രോഗിക്കുമാത്രമല്ല സമൂഹത്തിനു കൂടിയുള്ള പാഠവുമാണത്. എന്നിട്ടും ഈ കുട്ടികളോട് കരുണ കാണിക്കാന്‍ പലപ്പോഴും സമൂഹത്തിനായിരുന്നില്ല. അറിഞ്ഞോ അറിയാതെയോ അവരുടെ മാതാപിതാക്കള്‍ ചെയ്ത തെറ്റിന്റെ ശമ്പളം പറ്റേണ്ടി വന്നതും അവര്‍ കൂടിയായിരുന്നു.
അതേ. ഇവരെല്ലാം കേരളത്തില്‍ എച്ച് ഐ വി ബാധിതരായി ജനിച്ചു വീണവരാണ്. അതും പെണ്‍കുട്ടികള്‍. വിദ്വേഷത്തിന്റെ ചുടുകാറ്റേറ്റ് തളര്‍ന്നും അമര്‍ഷത്തിന്റെ കൂരമ്പേറ്റ് പുളഞ്ഞും അവഗണനയുടെ പിന്നാമ്പുറങ്ങളില്‍ കഴിഞ്ഞുകൂടിയിരുന്നവര്‍. വീട്ടിലും നാട്ടിലും കലാലയത്തിലും വിവേചനത്തിന്റെ പാഠങ്ങള്‍ പഠിച്ച ആ കുട്ടികളില്‍ പലരും ഇന്ന് വളര്‍ന്നിരിക്കുന്നു. അവര്‍ വിവാഹിതരായി പല നാടുകളില്‍ വിവിധ ജോലികള്‍ ചെയ്യുന്നു. സഹ ജീവികള്‍ക്ക് ജീവജലവും പകര്‍ന്ന് നല്‍കുന്നു.
എയ്ഡ്‌സെന്നാല്‍ മഹാമാരിയാണെന്നും മരണത്തിലേ അതൊടുങ്ങൂ എന്നും ധരിച്ചുവെച്ചവര്‍ക്കിടയിലാണ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നേ എച്ച് ഐ വി ബാധിതരായി പിറന്നവര്‍ ഇന്ന് കുടുംബമായി ജീവിതം നയിക്കുന്നത്. ആരോഗ്യത്തോടെ ജീവിച്ചും അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരെ പ്രതികരിച്ചും മറ്റുള്ളവര്‍ക്ക് അത്ഭുതമാകുക മാത്രമല്ല അവര്‍. ഏതു വലിയ പ്രതിസന്ധിയിലും തളരാതെയും ആത്മവിശ്വാസത്തെ വെല്ലുവിളിക്കുന്ന സന്ദര്‍ഭങ്ങളോട് പടപൊരുതിയും കരുത്തരാകുക കൂടിയാണ്.
തിരുവനന്തപുരം ജില്ലയില്‍ മൂന്ന് പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ വിവാഹിതരായി കുടുംബവുമായി ജീവിക്കുന്നത്. എച്ച് ഐ വി ബാധിതരുടെ കൂട്ടായ്മയില്‍ പിറവികൊണ്ട പല പദ്ധതികളും ആവിഷ്‌കരിച്ചതും സാക്ഷാത്കരിച്ചതും അവരാണ്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കൊല്ലത്ത് നടക്കുന്ന ടൈലറിംഗ് യൂനിറ്റിന്റെ ചുമതലക്കാരിയാണ് നിരോഷ.
22 സ്ത്രീകളാണ് ഈ യൂനിറ്റിലുള്ളത്. പലരും എച്ച് ഐ വി ബാധിതര്‍. പക്ഷേ പുറം ലോകത്തിനതറിയില്ല. പ്രതിമാസം പതിനായിരം രൂപയില്‍ കുറയാത്ത വരുമാനം ഈ യൂനിറ്റില്‍ നിന്ന് ഓരോരുത്തര്‍ക്കും ലഭിക്കുന്നുണ്ടെന്ന് നിരോഷ പറയുന്നു. പാലക്കാട് ചിറ്റൂരില്‍ ടൈലറാണ് സ്‌നേഹ. എച്ച് ഐ വി പോസറ്റീവ് സ്പീക്കര്‍ കൂടിയായ സ്‌നേഹയും ഇവിടെ സ്‌നേഹത്തിന്റെയും ഒരുമയുടെയും കൂടാരമൊരുക്കിയിരിക്കുന്നു. അതുവഴി അശരണരായ നിരവധി കുടുംബങ്ങള്‍ക്ക് ജീവിതോപാധിയും കണ്ടെത്താനായിരിക്കുന്നു.
ഭര്‍ത്താവ് രമണനും അവരെ സഹായിക്കാനും അവരുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും ഓടി നടക്കുന്നതിനാല്‍ ഈ കൂട്ടായ്മയിലെ 18 വീടുകളിലും ആഹ്ലാദവും സന്തോഷവും നിറയുന്നുണ്ട്.
കൊല്ലം ജില്ലയിലുമുണ്ട് ഇത്തരത്തിലുള്ള മൂന്ന് പെണ്‍കുട്ടികള്‍. പാലക്കാടും മലപ്പുറത്തും കാസര്‍കോടുമെല്ലാമായി ഒമ്പത് പെണ്‍കുട്ടികള്‍. കാസര്‍കോട് മൂന്ന് പെണ്‍കുട്ടികളെങ്കിലും വിവാഹപ്രായം തെറ്റി നില്‍ക്കുന്നു. എച്ച് ഐ വി ബാധിതരുടെ കൂട്ടായ്മയായ പ്രത്യാശാ കേന്ദ്രങ്ങളിലും അവരുടെ നെറ്റ്‌വര്‍ക്കായ സി പി കെ പ്ലസിലും (കൗണ്‍സില്‍ ഓഫ് പീപ്പിള്‍ ലിവിംങ് വിത്ത് എച്ച് ഐ വി) രജിസ്റ്റര്‍ ചെയ്തവരാണിവര്‍. കാണാമറയത്ത് വേറെയും ഉണ്ടാകാം. എന്നാല്‍ ഇവര്‍ ദുരന്തപൂര്‍ണമായ ജീവിതം നയിച്ച് മറ്റുള്ളവര്‍ക്ക് ബാധ്യതയാകുകയല്ല. കണ്ണീരിലും പുഞ്ചിരിക്കാന്‍ പാടുപെടുന്നവര്‍ക്ക് നിശ്ചയദാര്‍ഢ്യത്തിന്റെ വിളക്കില്‍ എണ്ണപകര്‍ന്ന് നല്‍കുകയാണ്. കരയാനും കണ്ണീര്‍ വാര്‍ക്കാനുമുള്ളതല്ല ജീവിതമെന്ന് കാലത്തിനും സഹജീവികള്‍ക്കും കാണിച്ചുകൊടുക്കുകയാണ്.
കേരളത്തിലെ ഒരു ജില്ലാ ആശുപത്രിയില്‍ നിന്ന ജാനകിയെയും അമ്മയെയും ഇറക്കിവിട്ടത് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. എച്ച് ഐ വി ബാധിതരെ ചികിത്സിക്കാനാകില്ലെന്നായിരുന്നു ഡോക്ടറുടെ പ്രഖ്യാപനം. നഴ്‌സുമാരും ആശുപത്രി ജീവനക്കാരും ബഹിഷ്‌കരണത്തിന്റെ കാഹളം മുഴക്കി. രോഗികളും കൂട്ടിരുപ്പുകാരും അതുറക്കെ വിളിച്ചുകൂവി. പട്ടിയെപ്പോലെ ആട്ടിപ്പായിച്ചവരിലൊരാള്‍ പിന്നീട് എച്ച് ഐ വി ബാധിതനായി. അപ്പോള്‍ ആദ്യം കരഞ്ഞുകൊണ്ട് ഓടി എത്തിയത് ജാനകിയുടെ അമ്മക്കരികിലായിരുന്നു.
ഇനി എന്തുചെയ്യണമെന്നറിയാന്‍. അയാള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. മരണത്തിലേക്കുള്ള യാത്രയില്‍ അയാള്‍ക്ക് താങ്ങായതും ജാനകിയുടെ അമ്മയായിരുന്നു. ഇന്ന് എച്ച് ഐ വി ബാധിതരായ അയാളുടെ ഭാര്യയും മകളും ജാനകിയുടെ നേതൃത്വത്തില്‍ നടത്തുന്ന കറി പൗഡര്‍ യൂനിറ്റിലെ ജീവനക്കാരാണ്. മകള്‍ക്ക് കല്യാണപ്രായമായതിനാല്‍ പറ്റിയൊരാളെ കണ്ടെത്താനുള്ള ചുമതലഏറ്റെടുത്തിരിക്കുന്നതും ജാനകിയാണ്.
ഈ പെണ്‍കുട്ടിയെപ്പോലെ കല്യാണപ്രായമായ ഒട്ടേറെ കുട്ടികളാണ് കേരളത്തിന്റെ വിവിധ ദിക്കുകളില്‍ ഉള്ളത്. എച്ച് ഐ വി ബാധിതരായവരുടെ കുട്ടികളുടെ പഠനത്തെ സഹായിക്കുന്നതിനുള്ള കേരളീയം പദ്ധതിയില്‍ 350 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ 100 പേരെങ്കിലും വിവാഹപ്രായമെത്തിയവരാണ്. ഈ കുട്ടികള്‍ക്ക് പ്രതിവര്‍ഷം 6000 രൂപയാണ് നല്‍കുന്നത്.
എന്നാല്‍ ഈ ആനുകൂല്യം ലഭിക്കണമെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റിന്റേയോ എം എല്‍ എയുടെയോ ശിപാര്‍ശക്കത്ത് വേണം. സ്റ്റാറ്റസ് വെളിപ്പെടുത്താത്ത ഭൂരിഭാഗം കുട്ടികള്‍ക്കും ഇതുമൂലം പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നില്ല. മലപ്പുറം ജില്ലയില്‍ മാത്രം എഴുപതോളം കുട്ടികള്‍ എച്ച് ഐ വി ബാധിതരായുണ്ട്. എന്നാല്‍ പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തത് 28 കുട്ടികള്‍ മാത്രം. ഇതുപോലെ തന്നെയാണ് മറ്റു ജില്ലകളിലേയും അവസ്ഥ.
എയ്ഡ്‌സ് രോഗത്തിന്റെ ബോധവത്കരണത്തിനാണ് ലോകം ഏറ്റവും കൂടുതല്‍ പണമൊഴുക്കുന്നത്. ഇന്ത്യയില്‍ മാത്രം പ്രതിവര്‍ഷം 800 കോടി രൂപ ഇതിനായി വിനിയോഗിക്കുന്നു. എന്നാല്‍ കേരളത്തിലെ എ ആര്‍ ടി സെന്ററുകളില്‍ കുട്ടികളെ ചികിത്സിക്കാന്‍ ഇന്നും ഒരു ഡോക്ടറുടെ സേവനം ലഭ്യമല്ലെന്നതാണ് അവസ്ഥ. ബോധവത്കരണത്തിന്റെ പേരില്‍ കോടികള്‍ ഒഴുകുമ്പോഴും ജനങ്ങളിലെ തെറ്റിധാരണകളെ വേണ്ട വിധം തിരുത്താന്‍ ഇന്നും കഴിഞ്ഞിട്ടില്ല. എച്ച് ഐ വി ബാധിതര്‍ മരണത്തിന്റെ കൈപിടിച്ചാണ് നടക്കുന്നതെന്ന മിഥ്യാബോധം കൊണ്ടു നടക്കുന്നവരാണ് വലിയൊരു ജനവിഭാഗം.
എന്നാല്‍ അര്‍ബുദരോഗവും ഹൃദ്രോഗവും ക്ഷയ രോഗികളും വൃക്ക രോഗികളുമൊക്കെ ജീവിച്ചിരിക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടി വര്‍ഷം ഇവര്‍ ആരോഗ്യത്തോടെ ജീവിക്കുന്നു. വിവിധ തൊഴിലുകള്‍ ചെയ്യുന്നു. ഇരുപത്തിയെട്ട് വര്‍ഷത്തിലധികമായി ഈ അസുഖം ബാധിച്ചിട്ടും ഇന്നും കാര്യമായ കുഴപ്പങ്ങളില്ലാതെ ജീവിക്കുന്നവര്‍ കേരളത്തിലുണ്ടെന്ന് സി പി കെ പ്ലസിന്റെ സംസ്ഥാന പ്രസിഡന്റ് അനില്‍ ജോസഫ് പറയുന്നു. 25 വര്‍ഷം മുമ്പ് രോഗം തിരിച്ചറിഞ്ഞിട്ടും ഇന്നും സന്തോഷത്തോടെ ജീവിക്കുന്നവരും ഒട്ടേറെയുണ്ടെന്നും അദ്ദേഹം.
എന്നിട്ടും കാരുണ്യമോ സഹാനുഭൂതിയോ അവര്‍ക്ക് സമൂഹത്തില്‍ നിന്ന് വേണ്ടത്ര ലഭിക്കുന്നില്ല. എയ്ഡ്‌സ് ഏതു മാര്‍ഗത്തിലൂടെ കിട്ടിയവനായാലും അയാള്‍ സമൂഹത്തിനു മുമ്പില്‍ ശപിക്കപ്പെട്ടവരാണ്. ക്യാന്‍സറോ ടി ബിയോ മറ്റോ ആണ് അസുഖമെന്നു കേള്‍ക്കുമ്പോള്‍ സഹതപിക്കാനും സഹായിക്കാനും ഏറെപ്പേര്‍ തയ്യാറാകും. സഹായ കമ്മിറ്റികള്‍ രൂപവത്കരിക്കും. എന്നാല്‍ എച്ച് ഐ വി ബാധിതരാണെന്നറിഞ്ഞാല്‍ ഇതൊന്നും പ്രതീക്ഷിക്കരുതെന്ന് മാത്രമല്ല ഊരുവിലക്കെപ്പോള്‍ വന്നു എന്ന് ചോദിച്ചാല്‍ മതി.
20 വര്‍ഷമായി എച്ച് ഐ വി ബാധിതനായ നല്ലളത്തെ നടരാജന്‍ പറയുന്നു.
എയ്ഡ്‌സ് ഒരു രോഗമല്ല. ഒരുപാട് രോഗ ലക്ഷണങ്ങളുടെ സാഗരമാണത്. ശരീരത്തിന്റെ പ്രതിരോധശേഷി ക്ഷയിക്കുമ്പോള്‍ സാധാരണ നിലയില്‍ ആരോഗ്യമുള്ളവര്‍ക്ക് ചെറുക്കാന്‍ കഴിയുന്ന ഇടവിട്ടുള്ള രോഗങ്ങള്‍ക്കു രോഗി വിധേയനാകുന്നു. 29 ഓളം രോഗാക്രമണങ്ങളാണ് രോഗിയെ തളര്‍ത്തുന്നത്.
എന്നാല്‍ കൃത്യമായ ചിട്ടകളും കരുതലുമുണ്ടെങ്കില്‍ അവയെയൊക്കെ അതിജീവിക്കാന്‍ ഇന്നാകും. അതുകൊണ്ടാണ് രോഗം തിരിച്ചറിഞ്ഞവര്‍ പതിറ്റാണ്ടുകള്‍ക്കപ്പുറത്തും ആരോഗ്യത്തോടെ ജീവിക്കുന്നത്. ഈ പെണ്‍കുട്ടികള്‍ രോഗവുമായി പിറന്നുവീണിട്ടും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ പുതിയ മാതൃകകളായി മാറുന്നത്.
അവരുടെ കൈപിടിക്കാനെത്തിയവരും ഒരേ തൂവല്‍പക്ഷികളായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രശ്‌നങ്ങളും പ്രയാസങ്ങളും പങ്കുവെക്കാനായി ഇവരുടെ കൈപിടിക്കാനെത്തുകയായിരുന്നു ഒരു നിയോഗം പോലെ അവര്‍.
തിരുവനന്തപുരം ജില്ലയിലെ മൂന്ന് പേരില്‍ ഒരുപെണ്‍കുട്ടി പ്രസവത്തെ തുടര്‍ന്ന് മരിച്ചു. 23 വയസ്സേ അവള്‍ക്കുണ്ടായിരുന്നുള്ളൂ. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. അവള്‍ പ്രസവിച്ച കുഞ്ഞിനിന്ന് മൂന്ന് വയസ്സ്. എച്ച് ഐ വി ബാധിതയായ അമ്മയ്ക്കും അച്ഛനുമുണ്ടായ കുഞ്ഞ് എച്ച് ഐ വി ബാധിതനല്ല എന്നതും ആഹ്ലാദകരമായ വാര്‍ത്ത. എന്നാല്‍ ശഫീഖിന് ഉമ്മയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. പിതാവ് മറ്റൊരു വിവാഹം കഴിച്ചതോടെ അവനും ഒറ്റപ്പെട്ടു. എങ്കിലും ഇന്ന് വലിയുമ്മയുടെയും അമ്മാവന്റെയും തണലിലുറങ്ങുന്നു.
മലപ്പുറത്തെ ദേവിയുടെ അച്ഛന്‍ മരിച്ചപ്പോള്‍ ഈ കുട്ടികളോട് പ്രദേശവാസികള്‍ കാണിച്ചത് കടുത്ത അവഗണനയായിരുന്നു. വീട്ടിലെ കോഴികള്‍ തൊട്ടടുത്ത വീട്ടിലേക്ക് ചെല്ലുന്നതുപോലും വിലക്കിയിരുന്നു ചിലര്‍. ദേവിയുടെ സഹോദരി എച്ച് ഐ വി പോസിറ്റീവായിരുന്നില്ല. എന്നിട്ടുപോലും ഇവരെ നാടുകടത്തണമെന്ന പക്ഷക്കാരായിരുന്നു പഞ്ചായത്ത് ഭരണ സമിതി.
കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്ന വാദക്കാരനായിരുന്നു സ്‌കൂളിലെ പ്രധാന അധ്യാപകന്‍ പോലും. ഈ വിലക്കുകളെ അതിജീവിച്ചും ബഹിഷ്‌കരണത്തെ ചെറുത്തുതോല്‍പ്പിച്ചും ദേവി പ്ലസ്ടുവരെ പഠിച്ചു. ചേച്ചിയുടെ വിവാഹം ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് നടന്നു. പത്തൊമ്പതാം വയസ്സില്‍ അവള്‍ക്കും ഒരു ജീവിത പങ്കാളിയെത്തി. കുറ്റിയാടിയില്‍ നിന്നായിരുന്നു വരന്‍. ഒരു വര്‍ഷം മുമ്പായിരുന്നു തന്റെ പ്രശ്‌നങ്ങളോട് ചേര്‍ന്നു നില്‍ക്കാന്‍ ഒരേ മനസ്സുള്ള ഒരാള്‍ അവളുടെ കൈപ്പിടിക്കാനെത്തിയത്. ഇന്ന് ദേവിയും ഭര്‍ത്താവും കുറ്റിയാടിയില്‍ സന്തോഷത്തോടെ ജീവിക്കുന്നു. മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇവര്‍ പറയുന്നു.
പാലക്കാട് ചിറ്റൂരിലെ സ്‌നേഹയുടെ അച്ഛനും അമ്മയും എയ്ഡ്‌സ് രോഗത്തിന്റെ ഇരകളായാണ് ജീവിതത്തില്‍ നിന്ന് പടിയിറങ്ങിപ്പോയതെന്ന് ആര്‍ക്കുമറിയുമായിരുന്നില്ല. അച്ഛന് ഹോട്ടല്‍ ജോലിയായിരുന്നു. ഇടക്ക് ഡ്രൈവറായും പോകും. അച്ഛന്‍ മരിച്ച ശേഷം ഒമ്പത് വര്‍ഷം കഴിഞ്ഞാണ് അമ്മയ്ക്കും അച്ഛനുണ്ടായ അസുഖത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നത്. സംശയം തോന്നി നടത്തിയ ടെസ്റ്റുകളില്‍ നിന്നാണ് അമ്മയും എച്ച് ഐ വി ബാധിതയാണെന്നറിയുന്നത്. അന്ന് സ്‌നേഹ ഒമ്പതാം ക്ലാസില്‍ അവസാന പരീക്ഷ എഴുതിയിരുന്നു. പിന്നീടാണ് അവളുടെ രക്തവും പരിശോധിക്കുന്നത്. അന്നു മുതല്‍ അവള്‍ക്കും സ്വന്തമായി പുതിയ മേല്‍വിലാസം. അതില്‍ പിന്നെ അവള്‍ ഏകയായിരുന്നു.
ജീവിതം തന്നെ അവസാനിച്ചുവെന്ന് കരുതിയിരിക്കുമ്പോഴാണ് പ്രത്യാശയുടെ വിളക്കുതെളിച്ച് ഒരു കൂട്ടമാളുകള്‍ വീടിന്റെ പടകടന്നുവന്നത്.
അവരില്‍ തന്റെ ദൈന്യത കണ്ടപ്പോള്‍, ആ മുഖങ്ങളില്‍ കണ്ണീരിന്റെ നനവിനിടയിലും സഹാനുഭൂതിയുടെ പുഴ തെളിഞ്ഞപ്പോള്‍ ആ കൂട്ടായ്മയില്‍ അവളും പങ്കാളിയാകുകയായിരുന്നു.
അവിടെ നിന്നാണ് സങ്കടങ്ങളുടെ മഹാകടല്‍ നീന്തിക്കടന്ന രമണന്‍ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. എട്ട് വര്‍ഷം മുമ്പൊരു ഏപ്രില്‍ 19ന്റെ പ്രഭാതത്തില്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ചായിരുന്നു രമണന്‍ സ്‌നേഹയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. അയാളും അവളെപ്പോലെ ചിറകറ്റ മറ്റൊരു പക്ഷി. എട്ട് വര്‍ഷമായി ഈ ദാമ്പത്യം അല്ലലില്ലാതെ മുന്നേറുന്നു. അവരുടെ വീട്ടില്‍ പോലും പലര്‍ക്കുമറിയില്ല തങ്ങള്‍ക്കീ അസുഖമുണ്ടെന്ന്. ഏട്ടന്റെ അമ്മയ്ക്കും അച്ഛനുമൊന്നുമറിയല്ല, അവരൊക്കെ പ്രായമായവരല്ലേ. പഴയ ആള്‍ക്കാര്‍. എങ്ങനെയാകും ഇതിനെ ഉള്‍ക്കൊള്ളുക എന്നറിയില്ലല്ലോ. സ്‌നേഹ പറയുന്നു.
തങ്ങളിലൂടെ മറ്റുള്ളവരുടെ ജീവിതം പുഷ്പിക്കുന്നതുകാണുമ്പോഴുള്ള സന്തോഷത്തിലൂടെ സ്വയം ആഹ്ലാദിക്കുകയാണ് ഈ ദമ്പതികളെല്ലാം. സമൂഹത്തോട് ഇവര്‍ക്ക് ഒന്നേ പറയാനുള്ളൂ. എയ്ഡ്‌സ് വരാതിരിക്കാന്‍ കരുതിയിരിക്കുക. വന്നവരെ ഒറ്റപ്പെടുത്താതിരിക്കുക. കാരണം എച്ച് ഐ വി ബാധിതരും മനുഷ്യരാണ്. രോഗം രോഗിക്കു മാത്രല്ല, സമൂഹത്തിനുകൂടിയുള്ള മുന്നറിയിപ്പാണ്. ശിക്ഷ വിധിക്കാനോ ശാപം ചൊരിയാനോ നമുക്കാകില്ല. പരിഹാരവും അതല്ലല്ലോ.
17/3/14
ആ പന്തലില്‍ വിളമ്പിയ തേങ്ങാച്ചോറ്
നാലാം ക്ലാസ് വരെ അന്ന് സ്‌കൂളില്‍ ഉപ്പ് മാവ് ലഭിക്കും. അത് ലഭിക്കാന്‍ വേണ്ടി കൂടിയായിരുന്നു അന്നൊക്കെ സ്‌കൂളിലെത്തിയിരുന്നത്. ഉപ്പ് മാവ് എന്ന് പേരേയുള്ളൂ. വലിയ രുചിയൊന്നും കാണില്ല. എന്നാലും ഒന്നുമില്ലാതിരിക്കുന്നതിനേക്കാ ള്‍ ഭേദമല്ലേ. അന്ന് കുട്ടികള്‍ക്ക് ഇരട്ടപ്പേര് വീഴുന്നതുപോലും ദാരിദ്ര്യത്തെ കൊഞ്ഞനം കുത്തിയായിരുന്നു. കോറ കരീം, പഴങ്കഞ്ഞി അഷ്‌റഫ്, മോറീസ് സൈതലവി, കോഴിപാത്തു, മന്തന്‍ കുഞ്ഞാണി, കോറ ഉമ്മര്‍ക്കയുടെ മകന് എന്നും കോറ കുപ്പായമേ കാണൂ. കോറത്തുണി ദാരിദ്ര്യത്തിന്റെ അടയാളവും പോളിസ്റ്റര്‍ സമ്പന്നതയുടെ ഗമയുമാണെത്രെ. അഷ്‌റഫിനെന്നും പഴങ്കഞ്ഞി കിട്ടാനെ ഗതിയുള്ളൂ. സൈതലവിയുടെ ബാപ്പക്ക് പാത്രം കഴുകലായിരുന്നു ഉപജീവനം. അതൊക്കെ തന്നെയായിരുന്നു വീട്ടിലെയും അവസ്ഥ. പഴങ്കഞ്ഞി തന്നെ പതിവ്. ചിലപ്പോള്‍ കഞ്ഞിയുണ്ടാക്കിയിട്ടുണ്ടാകും. ചമ്മന്തിയോ ഉണക്കമീന്‍ ചുട്ടതോ ആകും കൂട്ടാന്‍. വെളിച്ചണ്ണയില്‍ ഉണക്കമീന്‍ മുളകിട്ട് പൊരിച്ച് തരും ഇത്താത്ത . അതായിരുന്നു അന്നത്തെ മഹാരുചിയുടെ സൗഭാഗ്യം.
അവള്‍ അന്ന് പഠനം മതിയാക്കിയിട്ടുണ്ട്. നാലാം ക്ലാസ്സില്‍ വെച്ചായിരുന്നു അത്. രണ്ടര രൂപ പരീക്ഷാ ഫീസടക്കണം. അതടക്കുന്നവര്‍ക്കേ കൊല്ലപരീക്ഷ എഴുതാനാകൂ. ഫീസ് കൊടുക്കാന്‍ ഉമ്മയുടെ കൈവശമില്ല. എന്നാലിനി സ്‌കൂളില്‍ പോകണ്ടെന്നായി ബാപ്പ. അതോടെ അവളുടെ പഠനത്തിന്റെ അധ്യായം അടച്ചു.
രണ്ടര രൂപ അന്ന് വലിയ തുകയാണ്. കാരണം ഹൈദര്‍ ഹാജിയുടെ കന്നുകാലികള്‍ക്ക് ഇരുപത് കെട്ട് പുല്ലരിഞ്ഞ് കൊടുത്താല്‍ ഉമ്മക്ക് കിട്ടിയിരുന്നത് 50 പൈസയായിരുന്നു. രണ്ട് നാഴി നെല്ലും. അപ്പോള്‍ രണ്ടര രൂപ വലിയ തുക തന്നെ. ഈ അന്‍പത് പൈസക്കായിരുന്നു ഉമ്മ വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങള്‍ വാങ്ങിയിരുന്നത്. പത്ത് പൈസക്ക് ശര്‍ക്കര, പത്ത് പൈസക്ക് മല്ലി, പത്ത് പൈസയുടെ മുളക് അങ്ങനെ. അപ്പോള്‍ രണ്ടര രൂപ ഉമ്മക്ക് സ്വപ്‌നം കാണാന്‍ പോലും ആകില്ലല്ലോ.
75 പറ വിത്ത് വിതച്ച് കൊയ്യാനുള്ളത്രയും പാടമുണ്ടായിരുന്നുവെത്രെ ഹൈദര്‍ ഹാജിക്ക്. ഒരു കൊയ്ത്തുകാലം കഴിയുമ്പോള്‍ അയാളുടെ വീട്ടിലെ പത്തായങ്ങള്‍ നിറഞ്ഞ് തൂവും. മൂന്ന് അറ നിറയെ നെല്ലുണ്ടാകും. പത്ത് പറ നെല്ല് കൊയ്ത് മെതിച്ച് അളന്ന് കൊടുത്താല്‍ ഒരു പറ നെല്ലാണ് കൂലി. നൂറ് മുടി ഞാറ് പറിച്ച് നട്ടാല്‍ ഒന്നര ഇടങ്ങഴി നെല്ലും കിട്ടുമായിരുന്നുവെത്രെ. ഈ പണികള്‍ക്കെല്ലാം ഉമ്മയെ സഹായിക്കാനാണ് മൂന്നാം ക്ലാസ്സില്‍ വെച്ച് പഠനം നിര്‍ത്തി മൂത്ത പെങ്ങള്‍ വല്യാത്ത നേരത്തെ ഉമ്മയുടെ സഹായിയായത്.
ഇക്കാക്കയെ മദ്‌റസാ പഠനം കഴിഞ്ഞതോടെ ബാപ്പ പള്ളി ദര്‍സിലേക്ക് പറഞ്ഞുവിട്ടു. ദാരിദ്ര്യം തന്നെ. അന്ന് പലരെയും മക്കളെ പള്ളിദര്‍സില്‍ പറഞ്ഞയക്കാന്‍ പ്രേരിപ്പിച്ചത് ചെലവ് കഴിഞ്ഞ് കിട്ടുമല്ലോ എന്നതുകൊണ്ട് കൂടിയാണ്. ആഴ്ചയില്‍ മാത്രം അവന്‍ വീട്ടില്‍ വന്നുപോയി. അതുകൊണ്ട് വെയിലേറ്റ് വാടാതെ രക്ഷപ്പെട്ടു.
വീട്ടിലെ പട്ടിണിയുടെ മുഖം കൂടുതല്‍ അനുഭവിക്കേണ്ടിയും വന്നില്ല.
നാട്ടിലെത്രയോ അഗതി മന്ദിരങ്ങളുണ്ട്. എന്റെ ഇത്തമാരെ അത്തരം സഥാപനങ്ങളില്‍ കൊണ്ടുചേര്‍ക്കാന്‍ പോലും ബാപ്പക്ക് തോന്നാത്തതിലാണ് സങ്കടം. എങ്കില്‍ അവരൊന്നും ഇന്നിങ്ങനെയാകുമായിരുന്നില്ലല് ലോ.
ഹൈദര്‍ ഹാജിയുടെ പാടത്തെ പണികള്‍ ഉമ്മക്ക് വല്ലപ്പോഴുമായി. പത്ത് പറ നെല്ല് കൊയ്ത് അളന്ന് കൊടുത്താല്‍ ഒരു പറ കൂലി എന്ന നാട്ടുനടപ്പ് തെറ്റിക്കുകയായിരുന്നു ആദ്യം. പന്ത്രണ്ട് പറക്കേ ഒരു പറ നല്‍കൂ എന്നായി ഹാജിയാര്‍. അതോടെ പലരും മറ്റു പല തൊഴിലും തേടിയിറങ്ങി. അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ തന്നെ കൊയ്ത്തിനിറങ്ങി. പിന്നെ പിന്നെ ആ തറവാടിന്റെ സമൃദ്ധി ക്ഷയിച്ചു. ഹാജ്യാരുടെ മരണത്തോടെ ആ വെളിച്ചം കെട്ടു. ഭാഗം വെപ്പ് നടന്നു. പാടവും പറമ്പും പലരുടെയും കൈകളിലായി. ഉരല്‍പ്പുരയും നെല്ല് കുത്ത് പുരയും അപ്രത്യക്ഷമായി. കാലികള്‍ നിറഞ്ഞിരുന്ന തൊഴുത്തിന്റെ പ്രതാപം കുറഞ്ഞു. അതോടെ പുതിയ തൊഴിലും ലാവണങ്ങളും തേടാന്‍ ഉമ്മയും വല്യാത്തയും നിര്‍ബന്ധിതരായി.
കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നാട്ടില്‍ വ്യാപകമാകുന്നത് അതില്‍ പിന്നെയാണ്. മൈലാടിയിലും കളപ്പാട്ടുമുണ്ടയിലും പൂങ്ങോടും എല്ലാം ക്വാറികള്‍ സജീവമായി. പൊരിവെയിലിലും പെരുമഴയിലും അവിടെ മെറ്റലുടക്കുന്ന പണിയായിരുന്നു പിന്നെ ഉമ്മക്ക്. കൂലിപ്പണിയല്ല. ഒരു പെട്ടി മെറ്റലുടച്ചാല്‍ ഒരു രൂപ കൂലി. കൈകളുടെ വേഗതക്കും കഠിനാധ്വാനത്തിന്റെ വ്യാപ്തിക്കുമനുസരിച്ച് പണി എടുക്കാം. രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ രാത്രി ഇരുട്ടുമ്പോഴേ ഉമ്മയും വല്യാത്തയും തിരിച്ചെത്തിയിരുന്നുള്ളൂ. ഇടക്കിടെ അവര്‍ക്കുള്ള കഞ്ഞിയുമായി ഇത്താത്തമാര്‍ പോകും. ചിലപ്പോള്‍ ഞാനും പോയിരുന്നു.
വലിയ ബോളറുകളുടെ ഇടയില്‍ നിന്ന് കിട്ടുന്ന ചീളുകള്‍ ഇരുമ്പ് കൈമുട്ടി ഉപയോഗിച്ച് ഇടിച്ച് മെറ്റല്‍ പരുവത്തിലാക്കണം. എളുപ്പത്തില്‍ കല്ലുടക്കുമ്പോള്‍ അറിയാതെ വിരലിലാകും ചിലപ്പോള്‍ മുട്ടി തറക്കുക. പടച്ചോനെ... അന്നു പിന്നെ ഒന്നും വേണ്ട. അത്രക്ക് കഠിനമാണ് വേദന. എത്രയോ തവണ ഉമ്മയും വല്യാത്തയും കയ്യില്‍ ഇടിച്ച് വേദനയില്‍ പുളയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
എന്നാലും അവര്‍ പ്രശ്‌നമാക്കില്ല. വിരലില്‍ ഒരു തുണികഷ്ണം ചുറ്റും. വേദന കടിച്ച് വീണ്ടും പണി തുടുരം. അതില്‍ നിന്ന് രക്തം കിനിയുന്നുണ്ടാകും. പലപ്പോഴും രണ്ടോ മൂന്നോ വിരലിലെങ്കിലും തുണികഷ്ണം ചുറ്റിയാകും വീട്ടിലേക്ക് വരിക.
പണി കഴിഞ്ഞെത്തുന്ന ഉമ്മയുടെ മടിശ്ശീലയില്‍ ഞങ്ങള്‍ക്കായി പൊതിഞ്ഞുസൂക്ഷിച്ച പലഹാരമുണ്ടാകും. നാലു മണിചായക്കൊപ്പം നല്‍കുന്ന പലഹാരമാകും അത്. പൊറോട്ടയോ കായപ്പമോ നെയ്യപ്പമോ. ഒരിക്കലും അതിന്റെ രുചിപോലും ഉമ്മ നോക്കാറില്ല. അതെല്ലാം വാത്സല്യത്തിന്റെ മടിശ്ശീലയില്‍ ഞങ്ങള്‍ക്കായി കരുതിവെക്കും. രാത്രി വീടണയുമ്പോള്‍ എല്ലാം ഓരോരുത്തര്‍ക്കായി വീതിച്ചു തരും.
രുചി കൂടിയതോ വിലകൂടിയതോ ആയ യാതൊന്നും ഉമ്മ കഴിക്കില്ല. ഇഷ്ടമല്ലാഞ്ഞിട്ടല്ല. ഉമ്മക്ക് വേണ്ടെന്നുപറയും. അല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് പറയും. അതെല്ലാം ഞങ്ങള്‍ക്ക്. രുചിയുള്ളതോ വിലകൂടിയതോ ആയ യാതൊന്നും ഉമ്മക്ക് വേണ്ട. ഇഷ്ടമില്ലാഞ്ഞിട്ടല്ല. ആദ്യമൊക്കെ കിട്ടാന്‍ മാര്‍ഗമില്ലാഞ്ഞിട്ടായിരുന്നു. പിന്നെ കിട്ടിയാലും വേണ്ടന്നായി. ആ മാതൃത്വത്തിന്റെ സംതൃപ്തി ഞങ്ങള്‍ക്കായി തേഞ്ഞുരുകുന്നതിലായിരുന്നു.
മൈലാടിയിയിലെ ക്വാറി മുഴുവന്‍ തുരന്ന് തീര്‍ന്നപ്പോള്‍ ക്വാറി ഉടമകള്‍ ചൂഷണത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് പറന്നു. താളിയം കുണ്ടില്‍ അതിലൊന്നിന്റെ നടത്തിപ്പുകാരന്‍ അമ്മായിയുടെ മകനായിരുന്നു. തൊട്ടടുത്ത് തന്നെ ചെറിയമ്മാവനും. അവര്‍ക്കൊപ്പം ചെറിയ ഇത്തമാരും മെറ്റലുടക്കുന്ന പണിക്ക് പോയി തുടങ്ങി. പിന്നീട് ഒരിക്കലും ആ വെയില്‍ ചൂടില്‍ നിന്ന് അവര്‍ക്കൊരു മോചനമുണ്ടായിട്ടില്ല. പ്രായം തികഞ്ഞ പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുകയാണ് നാട്ടു നടപ്പ്. അതിന് കൈനിറയെ പൊന്ന് വേണം. എന്റെ വീട്ടില്‍ നാല് സഹോദരിമാര്‍. അവരുടെ കൂടെ പഠിച്ചവരും താഴെ പഠിച്ചവരുമെല്ലാം സുമംഗലികളായി നാടിന്റെ അനുഗ്രഹത്തോടെ പടിയിറങ്ങിപ്പോയി. അപ്പോഴും എന്റെ വീട്ടില്‍ മാത്രം ഒരു കല്യാണപന്തലുയര്‍ന്നില്ല. ഒരു സത്കാരത്തിന്റെ ബിരിയാണി ഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞില്ല.
എന്റെ സഹോദരിമാര്‍ പാടത്തും പറമ്പിലും പെയ്ത വെയിലേറ്റ് തളര്‍ന്നതേയുള്ളൂ. അടുത്ത വീടുകളിലും അകന്ന ബന്ധങ്ങളിലുമെല്ലാം വിവാഹങ്ങള്‍ നടന്നു. ഇത്താത്തമാരുടെ വിരല്‍ത്തുമ്പില്‍ പിടിച്ച് തന്നെ ഞാനും അതിലെല്ലാം പങ്കെടുത്തു. അന്നൊക്കെ ഞാനും ആശ്വസിച്ചു. വൈകാതെ എന്റെ വീട്ടുമുറ്റത്തും കല്യാണ പന്തലുകള്‍ ഉയരും. ആ അന്തരീക്ഷത്തിലും നെയ്‌ച്ചോറിന്റെ ഗന്ധം പരക്കും. പ്രതീക്ഷിച്ചു. കാത്തിരുന്നു. പ്രാര്‍ഥിച്ചു. തപസ്സിരുന്നു. പക്ഷേ, വര്‍ഷങ്ങള്‍ പലതു കഴഞ്ഞിട്ടും ആ പന്തലുകള്‍ മാത്രം ഉയര്‍ന്നില്ല. നാട്ടുനടപ്പുകള്‍ക്കൊത്തുയരാന്‍ എന്റെ വീട്ടുകാര്‍ക്കായില്ല.
ഉമ്മയുടെ നെടുവീര്‍പ്പുകളും ഇത്താത്തമാരുടെ നിശ്വാസങ്ങളും മാത്രം വീട്ടില്‍ ഉയര്‍ന്ന് പൊങ്ങി. അവരുടെ സ്വപ്‌നങ്ങളില്‍ കരുവാളിച്ച നിഴല്‍വീണ് പൊള്ളി. നിസ്സാഹയന്റെ നിലവിളിയോടെ ബാപ്പയും നെടുവീര്‍പ്പിട്ടു. നിത്യരോഗിയായ ബാപ്പയുടെ കയ്യില്‍ എവിടെ നിന്നാണ് പണം...? സഹായിക്കാന്‍ ബന്ധു ബലവുമില്ല.
ഒടുവില്‍ ഞങ്ങളുടെ വീട്ടു മുറ്റത്തും ആദ്യത്തെ പന്തലുയര്‍ന്നു. അടുത്ത ബന്ധുക്കളും അയല്‍ക്കാരും നാട്ടുകാരുമൊക്കെ പങ്കെടുക്കാനുമെത്തി. തേങ്ങാച്ചോറും ഇറച്ചിക്കറിയും അതിഥികള്‍ക്കു മുമ്പില്‍ വിളമ്പി.
പക്ഷേ, അതെന്റെ സഹോദരിമാരുടെ കല്യാണപന്തലായിരുന്നില്ലെന്ന് മാത്രം. ബാപ്പയുടെ ചാവടിയന്തരമുണ്ണാനെത്തിയവരെ സ്വീകരിക്കാനുയര്‍ന്ന പന്തലായിരുന്നു. നാല് പെണ്‍മക്കളില്‍ ഒരുത്തിപോലും വീടിന്റെ പടികളിറങ്ങിപോകുന്നത് കാണാനുള്ള ഭാഗ്യമില്ലാതെ കണ്ണടച്ച ബാപ്പയുടെ ചാവടിയന്തരത്തിന്റെ പന്തലായിരുന്നു അത്.
17/1/14
സീതിക്കോയയുടെ ഉമ്മാ മാപ്പ് memmoreis
ഫറോക്കിനടുത്ത കരുവന്‍തുരുത്തിയിലെ വലിയ ജുമുഅത്ത് പള്ളിയിലായിരുന്നു എന്റെ ദര്‍സ് പഠനകാലം. ഓടിട്ടതെങ്കിലും പുരാതനമായ മന്ന് നിലകെട്ടിടമായിരുന്നു പള്ളി. അതിനു ചുറ്റും നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്നു. അടുത്ത് തന്നെ തലമുറകള്‍ അന്ത്യനിദ്രകൊള്ളുന്ന പള്ളിശ്മശാനം. പകല്‍ സമയങ്ങളില്‍പ്പോലും പള്ളിക്കകത്ത് ഒറ്റക്കിരിക്കാന്‍ ഭയം തോന്നും. ഒരുള്‍ഭയം എപ്പോഴും ചെറിയ കുട്ടികളായ ഞങ്ങളെ ഗ്രസിച്ചു.
ദര്‍സില്‍ ഇരുപതോളം കുട്ടികള്‍. ഞങ്ങള്‍ നാലുപേര് മാത്രമായിരുന്നു കന്നിക്കാര്‍. ഞാന്‍, പള്ളി മുഅദ്ദിനിന്റെ മകന്‍ ആക്കോട്ടുകാരന്‍ അഹമ്മദ് കുട്ടി, എടക്കര ചെമ്മന്തട്ടയിലെ മൂസാന്‍, വടപുറത്തെ സീതിക്കോയ. ഞാനും അഹമ്മദ് കുട്ടിയുമായിരുന്നു പ്രായത്തില്‍ ചെറുപ്പം.
ഉച്ചക്ക് കായല്‍ക്കടവത്തെ വീട്ടിലായിരുന്നു എനിക്ക് ഭക്ഷണം. കൊച്ചി കപ്പല്‍ശാലയിലെ ജീവനക്കാരനായിരുന്നു ആ വീട്ടുകാരന്‍. അദ്ദേഹം ആഴ്ചയിലെ വീട്ടില്‍ വരൂ. വീട്ടില്‍ ഭാര്യയും മൂന്ന് മക്കളും. നല്ല സ്‌നേഹമുള്ള മനുഷ്യര്‍. ധാരാളം സംസാരിക്കും. അവരുടെ ഉപ്പ വരുന്ന ദിവസം വീട്ടില്‍ ഒരു പെരുന്നാള്‍ തന്നെയായിരുന്നു. നല്ല തമാശകള്‍ പറയും അദ്ദേഹം. ഭാര്യയും മക്കളും കൂടെക്കൂടും. അന്ന് വളരെ വൈകിയേ പള്ളിയിലെത്തൂ. അത്രയും രുചികരമായ ഭക്ഷണം ഞാന്‍ ആദ്യമായി കഴിക്കുന്നത് അവിടെ നിന്നാണ്.
പേര് പോലും ഓര്‍മയില്ലാത്ത പല വിഭവങ്ങളും കാണുന്നതും കഴിക്കുന്നതും അവിടെ നിന്ന് തന്നെ. ആ ഉമ്മയുണ്ടാക്കിയ നെയ്‌ച്ചോറിന്റെയും മീന്‍കറികളുടെയും വെളുത്തുള്ള അച്ചാറിന്റേയും രുചി ഇന്നും നാവിന്‍ തുമ്പിലുണ്ട്.
രാത്രിയില്‍ പള്ളിക്കടുത്തുള്ള ഒരു വീട്ടിലായിരുന്നു അത്താഴം. അവിടെ ഒരുമ്മയും മരുമകളും മാത്രം. മകന്‍ ഗള്‍ഫില്‍. അവര്‍ കൂടുതല്‍ ചോദിക്കുകയോ വര്‍ത്തമാനം പറയുകയോ ഇല്ല. വല്ലതും പറയുന്നതും ആ ഉമ്മ മാത്രമായിരുന്നു. ഒരു വര്‍ഷം എനിക്കാ വീട്ടിലെ മരുമകള്‍ ഭക്ഷണം വിളമ്പി തന്നിട്ടും ഒരിക്കല്‍പോലും ഞാന്‍ അവരുടെ മുഖം കണ്ടില്ലെന്നതാണ് രസകരം. ശബ്ദവും കേട്ടില്ല. കേട്ടത് ആ വളകിലുക്കം മാത്രം. പദനിസ്വനം മാത്രം. അറിഞ്ഞത് അവരുണ്ടാക്കിയ ഭക്ഷണത്തിന്റെ രുചി മാത്രം. അവസാന ദിവസം യാത്ര ചോദിക്കാന്‍ ചെല്ലുമ്പോള്‍ അവരുടെ വീട്ടിലേക്കും പോയിരുന്നു. വല്ലാത്തൊരു നഷ്ടബോധം തോന്നി. അവര്‍ക്കെന്ത് പ്രായം വരുമെന്ന് കൂടി എനിക്കറിയില്ലായിരുന്നു.
കായല്‍ക്കടവില്‍ കടത്തുതോണിയുണ്ടായിരുന്നു. അത്രയും വലിയ കായലും പുഴയും (ഫറോക്ക് പുഴ) ഞാന്‍ ആദ്യമായി കാണുകയായിരുന്നു. എനിക്കതെല്ലാം അത്ഭുതമായി. കായലിനക്കരെ ചാലിയമാണ്. ബേപ്പൂര്‍ തുറമുഖം കാണാനും കടല്‍ക്കരയില്‍ കാറ്റേറ്റിരിക്കാനും കടത്തുതോണി കടന്ന് ഞങ്ങള്‍ പോകാറുണ്ടായിരുന്നു. ചാലിയത്ത് നിന്ന് ബേപ്പൂരിലേക്ക് ബോട്ട് യാത്ര. അതും ഹൃദ്യവും ആദ്യാനുഭവവുമായിരുന്നു. കടല്‍കാണുന്നതും കരുവന്‍ തിരുത്തിയില്‍ വന്നശേഷമാണ്.
രണ്ടാഴ്ചയിലൊരിക്കലായിരുന്നു വീട്ടിലേക്ക് പോയിരുന്നത്.അടിവാരത്തെ അസീസ് മുസ്‌ലിയാര്‍ മാളിയേക്കലിലെ ഷൗക്കത്തും അസ്‌ക്കറും എടക്കരയിലെ ഹമീദുമായിരുന്നു മുതിര്‍ന്ന കുട്ടികള്‍.
വൃത്തിക്കേടുകളുടെ ആദ്യ പാഠം കേള്‍ക്കുന്നതും ആ പള്ളിയുടെ അകത്തളങ്ങളില്‍ നിന്ന് തന്നെയായിരുന്നു. മുതിര്‍ന്ന കുട്ടികളായിരുന്നു വഴിപിഴപ്പിക്കാനെത്തിയിരുന്നത്. ഉസ്താദ് വീട്ടിലേക്ക് പോകുന്ന വ്യാഴാഴ്ച രാത്രികളില്‍ അവര്‍ അഴിഞ്ഞാടി. കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ ഞങ്ങള്‍ ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന ദൗത്യം അടിവാരത്തെ അസീസ് മുസ്‌ലിയാര്‍ ഏറ്റെടുത്തു. പകല്‍ സമയത്ത് ഞങ്ങളെ ഹദീസ് പഠിപ്പിക്കുന്നയാള്‍ പോലും രാത്രിയില്‍ സീതിക്കോയക്കരികിലും അഹമ്മദ് കുട്ടിക്കരികിലും ഊഴം കാത്ത് നിന്നു. ആദ്യമായി ഞാനൊരു സിനിമ കാണുന്നത് പള്ളി ദര്‍സില്‍ പഠിക്കുമ്പോഴായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് വീട്ടിലേക്ക് മടങ്ങുക. മഞ്ചേരിയില്‍ എത്തിയാല്‍ അന്നത്തെ മാറ്റിനിയും കണ്ടേ വീട്ടിലേക്ക് തിരിക്കൂ. തട്ടാരമുണ്ടയിലെ ഷംസുദ്ദീനാണ് എന്നെ ആദ്യമായി സിനിമ കാണിക്കാന്‍ കൊണ്ടുപോയത്.
പിന്നീട് ഈ സിനിമ കാണല്‍ പതിവാക്കി.
മഞ്ചേരിയില്‍ കളിക്കുന്ന ഏതെങ്കിലുമൊരു സിനിമ കണ്ടേ വീട്ടിലേക്ക് മടങ്ങൂ. തിരികെ മടങ്ങുമ്പോഴും ഒരു സിനിമ പതിവാക്കി.
ഇതിനിടയിലാണ് മറക്കാനാകാത്ത ആ സംഭവം. അതിന്റെ കുറ്റബോധം ഇന്നും മനസ്സില്‍ക്കിടന്ന് പൊള്ളുന്നുണ്ട്. ഒരു വ്യാഴാഴ്ച ദിവസം ഞാനും സീതിക്കോയയും പള്ളിയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു. രാത്രി മഞ്ചേരിയില്‍ തങ്ങണം. രണ്ടോ മൂന്നോ സിനിമകള്‍ കാണണം. പാണ്ടിക്കാട് റോഡിലെ വലിയ പള്ളിയില്‍പ്പോയി ഉറങ്ങണം. അതിരാവിലെ വീട്ടിലേക്ക് മടങ്ങണം. അതായിരുന്നു പ്ലാന്‍.
സീതിക്കോയക്ക് മലയാളം എഴുതാനറിയുമായിരുന്നില്ല. കഷ്ടപ്പെട്ട് വായിക്കുകയേയുള്ളൂ. സ്‌കൂളില്‍ ചെറിയ ക്ലാസ്സില്‍ പഠനം നിര്‍ത്തിയതായിരുന്നു അവന്‍. അവന്റെ വീട്ടില്‍ നിന്ന് അനിയത്തിയാണ് കത്തെഴുതുക. അതിന് ആരെക്കൊണ്ടെങ്കിലും മറുപടി എഴുതിക്കും. പലപ്പോഴും ആ ദൗത്യം ഏല്‍പ്പിച്ചിരുന്നത് എന്നെയായിരുന്നു. വിവരങ്ങളും വിശേഷങ്ങളും അവന് വേണ്ടി ഞാനായിരുന്നു എഴുതിയിരുന്നത്. വരുന്ന കത്തുകള്‍ വായിച്ച് കൊടുത്തതും ഞാനായിരുന്നു. എന്റെ ഭാഷക്കും കൈപ്പടക്കും നല്ല ആകര്‍ഷകത്വമുണ്ടെന്നായിരുന്നു അവന്റെ കണ്ടെത്തല്‍. അവന്റെ സഹോദരി അന്ന് നാലിലോ അഞ്ചിലോ ആകണം പഠിച്ചിരുന്നത്. ഈ കത്തെഴുത്തിലൂടെ അവളും എനിക്ക് പെങ്ങളായി. അവന്റെ ഉമ്മ എന്റെയും ഉമ്മയായി. പരസ്പരം കണ്ടില്ലെങ്കിലും ആ കൈപ്പട എനിക്ക് പരിചിതമായി. അവന്റെ ഉമ്മക്കെന്തോ അസുഖമുണ്ടായിരുന്നു. കത്തില്‍ അധികവും ആശുപത്രി വാസത്തെക്കുറിച്ചും മരുന്ന് മണക്കുന്ന വേദനകളെക്കുറിച്ചായിരുന്നു.
നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാല്‍ ഭക്ഷണം കഴിക്കുന്ന വീട്ടില്‍ നിന്നും പലപ്പോഴും വണ്ടിക്കൂലിക്കും വഴിച്ചെലവിനുമുള്ള പണം തരാറുണ്ട്. വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ ഉമ്മയും എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് വണ്ടിക്കൂലി ഒപ്പിച്ച് തരും. ഈ പണമാണ് ഞങ്ങള്‍ സിനിമ കാണാനും മറ്റും ഉപയോഗിച്ചിരുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കുറ്റബോധം തോന്നുന്നു. അന്ന് ഞാനും സീതിക്കോയയും വലിയ ആഹ്ലാദത്തിലായിരുന്നു. മഞ്ചേരി നഗരവും അന്നെന്തോ സമ്മേളനത്തിന്റെ തിരക്കില്‍ അലിഞ്ഞു. വലിയ പ്രകടനവും ബാന്‍ഡ് വാദ്യങ്ങളും നഗരത്തെ പുളകമണിയിച്ചു. ഈ ആഹ്ലാദങ്ങള്‍ക്കിയിലെപ്പോഴോ സീതിക്കോയ പറഞ്ഞു.
ഇതെന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസമാണ്.
അതുപോലെ തന്നെ സംഭവിച്ചു. ആ ദിവസത്തിന്റെ ഓര്‍മകള്‍ പിന്നീടെന്നും അവനെ വേട്ടയാടി. എന്നെയും വേദനിപ്പിക്കുകയും വേവലാതിപ്പെടുത്തുകയും ചെയ്തു. അന്നത്തെ അവിവേകത്തിന് പ്രത്യുപകാരം ചെയ്യാന്‍ ഇന്നെങ്കിലും സീതിക്കോയക്ക് സാധിച്ചിരിക്കുമോ...?
ബാഗും സാധനങ്ങളും ഒരു ഭാരമായതുകൊണ്ട് അതാദ്യം ക്ലോക്ക് റൂമില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നു ഞങ്ങള്‍. പിന്നെ മൂന്ന് സിനിമ കണ്ടു. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. രാത്രി ഏറെ വൈകി പള്ളിയില്‍ കിടന്നുറങ്ങി. സുബഹിക്ക് ഞങ്ങളെത്തേടി ഒരാള്‍ പള്ളിയില്‍ വന്നു. ഷൗക്കത്ത്. കൂടെ പഠിക്കുന്ന മുതിര്‍ന്ന വിദ്യാര്‍ഥി. പ്രായത്തില്‍ മുതിര്‍ന്നവനെങ്കിലും ഞങ്ങളുമായി നല്ല അടുപ്പമായിരുന്നു. ഞങ്ങളുടെ പ്ലാനുകളൊക്കെ അറിയാവുന്നവന്‍. എനിക്കെന്തോ പരിഭ്രമം തോന്നി. സീതിക്കോയ ബാത്ത് റൂമിലേക്ക് പോയ സമയം ഷൗക്കത്ത് എന്നെ മാറ്റി നിര്‍ത്തി കാര്യം പറഞ്ഞു.
നിങ്ങള്‍ പള്ളിയില്‍ നിന്ന് പോന്ന ഉടനെ സീതിക്കോയയുടെ വീട്ടില്‍ നിന്ന് ആള് വന്നിരുന്നു. വീട്ടില്‍ നിങ്ങള്‍ എത്തിയിട്ടില്ലെന്നറിഞ്ഞാണ് ഞാന്‍ വന്നത്. ഇനിക്കറിയായിരുന്നു നിങ്ങളിവിടെ കാണുംന്ന്... ഓന്റെ ഉമ്മ...
ഞാന്‍ തരിച്ചു നിന്നുപോയി. എന്തുപറയണമെന്നറിയാതെ. സീതിക്കോയ അപ്പോഴും കാര്യമറിഞ്ഞിട്ടില്ല. അവനോട് പറയേണ്ടന്നും ഷൗക്കത്ത് പറഞ്ഞു. അവന്‍ അപ്പോഴും ആഹ്ലാദചിത്തനാണ്.
ക്ലോക്ക് റൂമില്‍ നിന്ന് അവന്റെ സാധനമെടുത്ത് നീ വീട്ടിലേക്ക് പെയ്‌ക്കോ... അവനെയും കൂട്ടി ഞാന്‍ വീട്ടിലേക്ക് ചെല്ലട്ടെ.
എന്നാല്‍ സീതിക്കോയയും ഷൗക്കത്തും വീട്ടിലെത്തുംവരെ ബന്ധുക്കള്‍ കാത്തില്ല. അവസാനമായി പ്രിയപ്പെട്ട ഉമ്മയെ ഒന്ന് കാണാന്‍ കൂടി സീതിക്കോയക്ക് ഭാഗ്യമുണ്ടായില്ല. അപ്പോഴേക്കും രണ്ടട്ടിമണ്ണ് പുതച്ചു കിടപ്പൂ വീടാക്കടമേ മമ ജന്മം എന്ന ഇടശ്ശേരിക്കവിതപോലെ പള്ളിപ്പറമ്പിലെ ആറടി മണ്ണില്‍ രണ്ടട്ടി മണ്ണ് പുതച്ച് കിടന്നിരുന്നു അവന്റെ ഉമ്മ. വീട്ടില്‍ ഒരു കള്ളവും സീതിക്കോയക്ക് പറയേണ്ടി വന്നു. അവന്‍ എന്റെ വീട്ടില്‍ അതിഥിയായിരുന്നു ഇന്നലെ. അതുകൊണ്ടാണ്...........
ആ നുണ. ഇന്നും അങ്ങനെയാണിരിക്കുന്നത്.
ആ വര്‍ഷം സീതിക്കോയയും അടുത്ത വര്‍ഷം ഞാനും പള്ളി ദര്‍സിനോട് വിട പറഞ്ഞു. പിന്നീട് ബന്ധങ്ങളൊന്നുമുണ്ടായിരുന്നില് ല. വര്‍ഷങ്ങള്‍ക്ക് ശേഷം എന്തോ ആവശ്യത്തിന് വടപുറത്ത് വന്ന് മടങ്ങുമ്പോള്‍ സീതിക്കോയയെക്കുറിച്ചോര്‍ത്തു. ഒന്ന് കാണണമെന്നാഗ്രഹിച്ചു. അന്വേഷിച്ചപ്പോള്‍ ഒരാള്‍ കാണിച്ചു തന്നത് അവനെ തന്നെയായിരുന്നു. രണ്ടു പേര്‍ക്കും ആ കാഴ്ച സര്‍പ്രൈസായിരുന്നു. അവന്റെ മാറിയ മുഖം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. വലിയ സന്തോഷമായി ഇരുവര്‍ക്കും. അവനൊരേ നിര്‍ബന്ധം. വീട്ടിലേക്ക് ചെല്ലണമെന്ന്. ഉപ്പയെയും പെങ്ങളെയും കാണണമെന്ന്.
എന്റെ മനസ്സിലുമുണ്ടായിരുന്നുവല്ലോ കുറ്റബോധത്തിന്റെ വലിയ കുരിശുമല. ഞാനന്ന് വണ്ടൂരിലെ പാരലല്‍ കോളജില്‍ പഠിക്കുന്നുണ്ട്.
വീട്ടില്‍ അവന്റെ ഉപ്പയുണ്ടായിരുന്നു. സഹോദരിയും. അവര്‍ക്ക് എന്നെ പരിചയപ്പെടുത്തി കൊടുത്തു സീതിക്കോയ.
ഉമ്മ മരിക്കുമ്പോള്‍ ഞാന്‍ ഇവന്റെ വീട്ടിലായിരുന്നു.
അപ്പോഴും ആ കള്ളം തന്നെ സീതിക്കോയ ആവര്‍ത്തിച്ചു. എനിക്കാ തെറ്റ് തിരുത്താനുള്ള അവസരം കൂടി അവന്‍ നിഷേധിച്ചു. അവന്റെ സഹോദരി. എന്റെയും കൂടി പെങ്ങളാണെന്ന് കത്തുകളില്‍ അവള്‍ തന്നെ അംഗീകരിച്ചിരുന്നവള്‍. സുന്ദരിയായിരുന്നു. എന്നാല്‍ അവള്‍ മറ്റൊരു ഞെട്ടലാണ് എനിക്ക് സമ്മാനിച്ചത്. ഞാന്‍ മാത്രമല്ല അവളും ഞെട്ടിയിരിക്കുന്നു എന്നെ കണ്ടപ്പോള്‍. അന്നെനിക്ക് ഇരുപത് വയസ്സ്. അവള്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നു. വണ്ടൂര്‍ ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു അവള്‍. എനിക്കവളെ അറിയാമായിരുന്നു. അത് സീതിക്കോയയുടെ അനിയത്തിയായിട്ടല്ല. ബസ് സ്റ്റാന്‍ഡില്‍ നിന്നും എന്നും കാണുന്ന സുന്ദരിക്കുട്ടിയോട് അറിയാതെ മനസ്സില്‍ തോന്നിയ ഒരിഷ്ടം.
പ്രിയ സുഹൃത്തിന്റെ സഹോദരിയോടാണല്ലോ ആദ്യാനുരാഗം തോന്നിപ്പോയത് എന്നോര്‍ത്താണ് ഞാന്‍ ഞെട്ടിയതും ലജ്ജിച്ചതും. അവളും.
അന്നു തന്നെ ആ പ്രണയത്തിന് ചരമ ഗീതമെഴുതിയാണ് ഞാന്‍ അവിടെ നിന്നും യാത്ര പറഞ്ഞത്. പിന്നീട് ഞാനൊരിക്കലും സീതിക്കോയയെ കണ്ടിട്ടില്ല. അവന്റെ പെങ്ങളെയും. എങ്കിലും അവന്റെ ഉമ്മ... ഇന്നും ആ കുടുംബത്തോട് അതെക്കുറിച്ച് തുറന്ന് പറയാനാകാത്തതിലെ പ്രയാസം, ഇടക്കിടെ എന്നെ കുത്തി നോവിക്കാറുണ്ട്.
22/12/13
എച്ച് ഐ വി കസവിട്ട മംഗല്യപ്പുടവകള്‍
ബദ്‌രിയ്യയില്‍ ഇപ്പോള്‍ 26 ചിത്രശലഭങ്ങള്‍. അവര്‍ ഇനിയും വരും. പൂമ്പാറ്റകളായി പറന്ന് നടന്ന് പുതിയ പൂങ്കാവനം തീര്‍ക്കും. ഈ ശലഭങ്ങളില്‍ നമുക്ക് പ്രതീക്ഷയുണ്ട്. സ്വപ്നങ്ങളുണ്ട്. അത് സാക്ഷാത്കരിക്കപ്പെടണം. ഭാവിയില്‍ അവര്‍ അനേകം ചിത്രശലഭങ്ങള്‍ക്ക് തണലൊരുക്കണം. കാളികാവിലെ ബദ്‌രിയ്യ അറബിക് കോളജില്‍ 26 അനാഥരായ കൊച്ചുകുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പദ്ധതിയുടെ ആമുഖത്തില്‍ നിന്നാണീ വരികള്‍. പദ്ധതിക്ക് അധികൃതര്‍ നല്‍കിയ പേരാണ് ചിത്രശലഭങ്ങള്‍ എന്നത്. ജീവിതത്തിലൊരിക്കലും പിതാവിനെ കണ്ടിട്ടേയില്ലാത്തവരാണീ കുഞ്ഞുങ്ങളില്‍ ഏറെയും. ഇവര്‍ ഗര്‍ഭത്തിലിരിക്കുമ്പോള്‍ തന്നെ അവര്‍ കടന്നു കളഞ്ഞിരിക്കുന്നു. പിന്നീട് ഇന്നുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല ചിലരെക്കുറിച്ച്. ഒരു മിഠായി പൊതിപോലും ആ കുഞ്ഞുങ്ങള്‍ക്ക് അവരില്‍ നിന്ന് ലഭിച്ചിട്ടുമില്ല.
കുഞ്ഞു പ്രായത്തില്‍ അനാഥരായ മൂന്നുവയസ്സുകാരി റസിയയും ഫാത്തിമ വാജിദയും ആറു വയസ്സുള്ള ഷംന ഷെറിനും നാലു വയസ്സുകാരികളായ നാജിയ തസ്‌നിയും ആനിയയും നിദയും ഒക്കെയാണ് ഇവിടെയെത്തിയ ആദ്യ പ്രതിനിധികള്‍. ഒരു വയസ്സു മുതല്‍ ആറ് വയസ്സുവരെയുള്ള കുഞ്ഞുങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍. ഇവര്‍ വീടുകളില്‍ ഉമ്മമാര്‍ക്കൊപ്പം കഴിയുന്നു. ഇവരുടെ സംരക്ഷണത്തിനായി പ്രതിമാസം നിശ്ചിത തുകയാണ് സ്ഥാപനം നല്‍കിവരുന്നത്. അവരുടെ ഉമ്മമാരില്‍ അറുപത് ശതമാനത്തെയും അന്യ നാടുകളില്‍ നിന്ന് വന്നവര്‍ വിവാഹം കഴിച്ച ശേഷം ഉപേക്ഷിക്കപ്പെട്ടവരോ സംരക്ഷിക്കാന്‍ ആളില്ലാത്തവരോ ആണെന്ന് സ്ഥാപന അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.
നിരാലംബരുടെ
നിലവിളികള്‍
മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാറ് ആക്കണമെന്ന വിവാദത്തിന്റെ അലയൊലികള്‍ ഇന്നും ഒടുങ്ങിയിട്ടില്ല. ചര്‍ച്ചകള്‍ വലിയ ബഹളം കൂട്ടിയതല്ലാതെ ഒരു തീരവുമണഞ്ഞിട്ടുമില്ല. പ്രായം നിജപ്പെടുത്തിയാലും ഇല്ലെങ്കിലും ഏറനാട്ടില്‍ പഴയ പല്ലവിക്ക് വലിയ മാറ്റം സംഭവിച്ചുവോ?. ഇല്ലെന്നാണുത്തരം. അതുകൊണ്ട് മാത്രം വിവാഹ കമ്പോളത്തില്‍ വിലയിടഞ്ഞുപോയ ഹതഭാഗ്യരെ ഏറെയും പിന്നെ കൈപ്പിടിക്കാനെത്തിയത് ഊരില്ലാ വരന്‍മാരായിരുന്നു. പാതിവഴിയില്‍ ഉപേക്ഷിച്ച് കടന്ന അവരെ പിന്നെ കണ്ടിട്ടേയില്ല.
കാലം മാറുന്നതിനനുസരിച്ച് ഇവിടെ കഥകളും മാറുന്നുണ്ട്. പക്ഷേ, ചില കുടുംബങ്ങളുടെ വിവാഹ ചിത്രങ്ങള്‍ മാത്രം മാറുന്നില്ല. കൊണ്ടാലും കൊണ്ടാലും അവര്‍ പഠിക്കുന്നില്ല. ഇത്തരക്കാരിലൂടെ മുറിവേറ്റ ജീവിതങ്ങള്‍ കാണാന്‍ ഏറനാട്ടിലൂടെ യാത്ര ചെയ്തു. ഓരോ കവലകളിലും നിര്‍ത്തി ഇരകളുടെ കണക്കെടുത്തു. നാട്ടുകാരോടും മഹല്ല് ഭാരവാഹികളോടും സംവദിച്ചു. പലരുടെയും ജീവിതം കണ്ടു അന്ധാളിച്ചു നിന്നു. അവരുടെ പ്രായം ഇരുപതില്‍ തുടങ്ങുന്നു. നാല്‍പതില്‍ ഒടുങ്ങുന്നു. ഓരോ ഇരുനൂറ് മീറ്ററിനുള്ളിലും രണ്ടോ മൂന്നോ ഇരകള്‍ ഉണ്ടിവിടെ. അവരനുഭവിക്കുന്ന സാമൂഹികദുരന്തങ്ങങ്ങളെക്കുറിച് ച് ഇന്നും സമൂഹത്തിന് ബോധ്യം വന്നിട്ടില്ല. അവരെക്കുറിച്ചൊരു കണക്കെടുപ്പും നടത്തിയിട്ടില്ല. അവര്‍ക്കൊരു സംവരണവും ഏര്‍പ്പെടുത്തിയിട്ടില്ല. അവര്‍ക്കായി ശബ്ദിക്കാന്‍ ഒരു സംഘടനയും രംഗത്ത് വരുന്നതും കാണുന്നില്ല. അവരെന്താ രണ്ടാം തരം പൗരകളാണോ..?
പലരേയും നിരാശ്രയരാക്കിയതിന് പ്രതിസ്ഥാനത്ത് സമുദായത്തിന്റെയോ ബന്ധുക്കളുടെയോ ജാഗ്രതക്കുറവ് മാത്രമാണ്. പൊന്നിന് വില കൂടുകയും പെണ്ണിന് വില കുറയുകയും ചെയ്യുന്ന പുതു കാലത്തും അവസാനിക്കുന്നില്ല ഇത്തരം മണവാളന്‍മാരുടെ ഒഴുക്ക്. അവസാനിക്കുന്നുമില്ല അവര്‍ വഴിയാധാരമാക്കിയ ജീവിതങ്ങളുടെ നിലവിളികള്‍. ഇത്തരം വിവാഹങ്ങളില്‍ പത്ത് ശതമാനം പോലും വിജയിക്കാറില്ല. അനാഥത്വം പേറുന്ന തലമുറയും അരക്ഷിതത്വത്തിലേക്ക് കൂപ്പുകുത്തുന്ന സ്ത്രീ സമൂഹവും മാത്രം ബാക്കിയാകുന്ന ഈ പ്രക്രിയ എന്നിട്ടും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഏറനാട്ടിലെ അനാഥശാലകളുടെ അകത്തളങ്ങളില്‍ എത്തിപ്പെട്ടവരില്‍ ഒരുപാടുണ്ട് ഇത്തരത്തിലുള്ളവരുടെ മക്കള്‍. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന എടക്കര മുസ്ലിം ഓര്‍ഫനേജിലും കരുവാരകുണ്ട് ദാറുന്നജാത്തിലും മൈലാടിയിലെ മുസ്‌ലിം ഓര്‍ഫനേജിലെയും കഥകളും സമാനം. ഇവിടുത്തെ 14 അനാഥശാലകളില്‍ രണ്ടായിരത്തി ഇരുനൂറോളം കുട്ടികള്‍ പഠിക്കുന്നു. മലയോര മേഖലയിലെ അഞ്ച് അനാഥശാലകളില്‍ മാത്രമായി 941 കുട്ടികളുണ്ട്. ഇവരില്‍ യഥാര്‍ഥ അനാഥര്‍ അന്‍പതില്‍ താഴെയാണ്. എന്നാല്‍ ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കപ്പെട്ടവരുടെയും വിവാഹ മോചിതരുടെയും മക്കളാണ് 90 ശതമാനവും. ഇവരില്‍ അന്യ സംസ്ഥാനക്കാരും അയല്‍ ജില്ലക്കാരും ഉപേക്ഷിക്കപ്പെട്ടതിലൂടെ നിരാശ്രരായി മാറിയവരാണ് 70 ശതമാനവുമെന്ന് മൈലാടി ഓര്‍ഫനേജിലെ മാനേജര്‍ പി അബ്ദുല്ല പറയുന്നു
ഞെട്ടിപ്പിക്കുന്ന
കണക്കുകള്‍
കഴിഞ്ഞ വര്‍ഷം ആദ്യത്തെ നാല് മാസത്തിനിടയിലെ പത്രത്താളുകള്‍ പരതിയപ്പോള്‍ വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വാര്‍ത്തകളുടെ എണ്ണം അറുപത്. തട്ടിപ്പ് വീരന്‍മാര്‍ അപഹരിച്ചെടുത്ത പൊന്നിന്റേയും പണത്തിന്റെയും ഏകദേശ കണക്ക് പത്ത് കോടിക്കടുത്ത്. വഴിയാധാരമാക്കിയ പെണ്‍കുട്ടികളുടെ എണ്ണം 190. അനാഥമായ കുഞ്ഞുങ്ങള്‍ 180.
തട്ടിപ്പ് വാര്‍ത്തകള്‍ പുറത്ത് വന്നത് കാഞ്ഞങ്ങാട്ടു നിന്നോ കായംകുളത്തു നിന്നോ ആകട്ടെ. കേരളത്തില്‍ എവിടെ ഒരു വിവാഹതട്ടിപ്പുമായി ബന്ധപ്പെട്ട കേസ് കേട്ടുവോ ഇരകളിലേറെയും ഏറനാട്ടില്‍ നിന്നായിരുന്നു. എവിടെ ഒരു വിവാഹ തട്ടിപ്പു വീരന്‍ പിടിയിലായോ അയാള്‍ ഏറനാട്ടിലെ അഞ്ചോ ആറോ ഇരകളെയെങ്കിലും കുരുക്കി തടിതപ്പിയവനായിരുന്നു. കരുതലില്ലായ്മകൊണ്ട് മാത്രം കബളിപ്പിക്കപ്പെടുകയായിരുന്നു അവരിലേറെപ്പേരും.
കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് സ്റ്റഡീസ് തയ്യാറാക്കിയ പഠനം പങ്കുവെക്കുന്നത് കേരളത്തില്‍ വിധവകള്‍ അധികരിക്കുന്നുവെന്നാണ്. അറുപത് വയസ്സിലേറെ പ്രായമുള്ള സ്ത്രീകളില്‍ 59 ശതമാനം പേര്‍ വിധവകളാണെന്ന് ഈ കണക്കുകള്‍ പറയുന്നു. എന്നാല്‍ ഏറനാട്ടില്‍ വിധവകളേക്കാള്‍ ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കപ്പെട്ടവരാണുള്ളത്. എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം ലളിതമാണ്. ഇപ്പോള്‍ മുന്നിലുള്ള ഇരകള്‍ അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള സംഭവങ്ങളുടെ ശിഷ്ട ജീവിതങ്ങളാണ്. മതം നിഷിദ്ധമാക്കിയതും നിയമം വിലക്കിയതുമായ സ്ത്രീധന വേട്ടക്കാരിലൂടെ ഇരകളായി മാറാന്‍ വിധിക്കപ്പെടുകയായിരുന്നു ഇവര്‍. കാലമെത്രയോ കഴിഞ്ഞിട്ടും പുതിയ ഇരകള്‍ ഉണ്ടായി കൊണ്ടേയിരിക്കുന്നു. ഒരേ കൂരക്കുകീഴില്‍ നിന്നുപോലും അവര്‍ പുനര്‍ജനിക്കുന്നു.
വേട്ടക്കാര്‍ക്കിത് ചൂഷണങ്ങള്‍ക്കുള്ള വലിയ അവസരം. ചിലര്‍ക്കിത് തന്നെയാണ് ജീവിതോപാധിയും. പല നാടുകളില്‍ പല പേരുകളിലായി അവര്‍ പ്രത്യക്ഷപ്പെടുന്നു. ഒരാള്‍ക്കും രണ്ടാള്‍ക്കുമല്ല അവര്‍ ഇണകളാകുന്നത്. ഒരാളെയും നാലാളുകളേയുമല്ല കബളിപ്പിക്കുന്നത്. പൊന്നും പണവും മാത്രവുമല്ല അപഹരിക്കുന്നത്. രണ്ട് ഭാര്യമാരുടെ വൃക്കയും ഒരു ഭാര്യയിലെ കുഞ്ഞിനെയും വിറ്റ് പണവുമായി കടന്നു കളഞ്ഞ ഏറ്റുമാനൂരിലെ ഇബ്‌നു എന്ന തട്ടിപ്പ് വീരനെ കഴിഞ്ഞവര്‍ഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് പിടികൂടിയത്. 36 വയസ്സിനിടെ 24 വിവാഹത്തിലൂടെ 36 മക്കളുടെ പിതാവായ മജീദും നൂറ് വിവാഹങ്ങളില്‍ പുതുമണവാളനായി പ്രത്യക്ഷപ്പെട്ട മൈസൂരിലെ സാദിഖലിയും എല്ലാം ഈ വ്യവസായത്തില്‍ ആര്‍ക്കും തകര്‍ക്കാനാകാത്ത റിക്കാര്‍ഡിനുടമകളാണ്.
ഏറനാട്ടിലെ 11 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മാത്രം 2012ലെ ആറ് മാസത്തിനിടെ വിവാഹ തട്ടിപ്പ് നടത്തി കടന്നുകളഞ്ഞ അറുപത് പേരും മലയാളികളായിരുന്നു. പിടിയിലായതോ എട്ട് പേര്‍ മാത്രവും. നീതി കാത്തു കഴിയുന്ന ഇരകള്‍ക്ക് കണക്കേയില്ല.
അഞ്ച് വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള 300 പത്ര വാര്‍ത്തകളിലായി 370 ഇരകളെ കണ്ടെത്തിയതായി കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് പി എച്ച് ഡി എടുത്ത ശശികല പറയുന്നു. അവര്‍ പി എച്ച് ഡിക്കായി തിരഞ്ഞെടുത്ത വിഷയമായിരുന്നു ഇത്.
വനിതാ കമ്മീഷന്‍ 2008ല്‍ നടത്തിയ പഠനത്തില്‍ ഇത്തരം 9721 വിവാഹങ്ങള്‍ നടന്നതായാണ് കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍ നിന്ന്. 6121 വിവാഹങ്ങള്‍, അതില്‍ 90 ശതമാനവും ഏറനാട്ടില്‍ നിന്നായിരുന്നു. നിര്‍ധന കുടുംബത്തിലെ പാവപ്പെട്ട രക്ഷിതാവിന് തല്‍ക്കാലത്തെ ആശ്വാസമാകുന്ന ഈ മരുമക്കള്‍ അങ്കലാപ്പും അത്യാഹിതവുമായി മാറുന്നതിന് അധികകാലം വേണ്ടി വന്നിട്ടില്ല. അതാണ് ഇതുവരെയുള്ള പാഠങ്ങള്‍.
ഒരു കാര്യം ഓര്‍ത്താല്‍ മതി. വിവാഹ തട്ടിപ്പുകാരെല്ലാം സമ്മേളിക്കുന്നത് മുസ്‌ലിം സമുദായക്കാര്‍ക്കിടയിലാണ്. ജാതിയും മതവും ഇല്ലാത്തവനും ക്രിമിനല്‍ പശ്ചാത്തലമുള്ളവനും ഇവിടെയെത്തുന്നു. പിടിയിലായ എട്ടില്‍ ഏഴുപേരും പത്തിലധികം ക്രിമിനല്‍ കേസുകളിലെ പ്രതികളായിരുന്നു. മോഷണവും പിടിച്ചുപറിയും കൊലപാതകവും വരെ ഉള്‍പ്പെടുന്നു അതില്‍. ഇവരാണ് വേറൊരു നാട്ടില്‍ പോയി പുതിയ ഇരയെ കുരുക്കുന്നത്. കാര്യങ്ങള്‍ നടന്ന് കാണുംവരെ അയാള്‍ സത്യസന്ധനാകുന്നു. പള്ളിയില്‍ നിസ്‌കാരത്തിന് ആദ്യമെത്തുന്നു. മഹല്ലു കമ്മിറ്റികള്‍ എത്ര ഉണര്‍ന്ന് പ്രവര്‍ത്തിച്ചാലും അവരെ കബളിപ്പിക്കുന്നു. ഇവരെ സംരക്ഷിച്ചും ഒത്താശചെയ്തും ഇടനിലക്കാരുമുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പേ ഈ വിവാഹ വീരന്‍മാര്‍ ചെയ്തുപോയ മഹാപാപത്തിന്റെ ശമ്പളം പറ്റാന്‍ വിധിക്കപ്പെട്ടത് നിരാലംബരായ പെണ്‍കുട്ടികളാണ്. എയ്ഡ്‌സ് അടക്കമുള്ള മഹാമാരിയുടെ രൂപത്തില്‍ പോലും അവരുടെ ജീവിതം തകര്‍ത്തു തുടങ്ങിയിരിക്കുന്നു. എന്നിട്ടും നാട്ടുകാര്‍ ഉണര്‍ന്നിട്ടേയില്ല. നേരത്തെ മൈസൂര്‍ വിവാഹങ്ങളുടെയും അന്യ ജില്ലകളില്‍ നിന്നെത്തുന്ന തട്ടിപ്പ് സംഘങ്ങളുടെയും മുമ്പില്‍ കഴുത്ത് നീട്ടികൊടുക്കാന്‍ നിര്‍ബന്ധിതരായവര്‍ ഇന്ന് ബീഹാറികള്‍ക്കും ഝാര്‍ഖണ്ട് കാര്‍ക്കും ആന്ദ്ര പ്രദേശുകാര്‍ക്കുമെല്ലാം മണവാട്ടികളാകുന്ന കാഴ്ചയുമുണ്ട് മലപ്പുറം കോഴിക്കോട് ജില്ലകളില്‍. ഇതെല്ലാം അപകടത്തിന്റെ ഭീകരത വര്‍ധിപ്പിക്കുന്നതിന്റെ ചെറിയൊരു ചിത്രം കിട്ടാന്‍ ഈ കണക്കുകള്‍ കേള്‍ക്കുക.
മലപ്പുറം ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 475 എച്ച് ഐ വി ബാധിതരില്‍ നാല്‍പത് പേരും തമിഴ്‌നാട്ടില്‍ നിന്ന് വന്ന് വിവാഹം കഴിച്ചവരിലൂടെ ഇരകളായവരാണ്. ഇതര ജില്ലകളില്‍ നിന്നുള്ള വിവാഹത്തിന് കഴുത്ത് നീട്ടിയതിലൂടെ 39പേര്‍ എച്ച് ഐ വി ബാധിതരായി. ഗള്‍ഫിലേക്ക് ജോലി തേടിപ്പോയ സ്ത്രീകളില്‍ 20പേര്‍, മൈസൂര്‍ വിവാഹത്തിലൂടെ എട്ട് പേര്‍, ഗോവയില്‍ നിന്നുള്ള പുതിയാപ്ല വഴി രണ്ട് പേര്‍, കാസര്‍കോടന്‍ കല്യാണത്തിലൂടെ നാലുപേര്‍, രാജസ്ഥാന്‍ വിവാഹം വഴി മൂന്ന് പേരും ഇതേ ദുരന്തത്തിനിരയായി.
ഇത് മലപ്പുറത്തെ പ്രത്യാശാ കേന്ദ്രത്തില്‍ മാത്രം എത്തിപ്പെട്ട കേസുകള്‍. കോഴിക്കോട് കേന്ദ്രത്തില്‍ ആകെയുള്ള എച്ച് ഐ വി ബാധിതര്‍ 324. ഇവരില്‍ 176 പുരുഷന്‍മാരും 133 സ്ത്രീകളും 15 കുട്ടികളുമാണുള്ളത്. ഏഴ് സ്ത്രീകള്‍ തമിഴ്‌നാട് വിവാഹത്തിലൂടെ എച്ച് ഐ വി ബാധിതരായവരാണ്. മഹാരാഷ്ട്രക്കാരായ ഇണകളിലൂടെ നാല് പേര്‍, കര്‍ണാടകക്കാരിലൂടെ ആറ് പേരും ആന്ദ്ര വിവാഹത്തിലൂടെ നാല് പേരും ഇതര ജില്ലക്കാരായ ജീവിത പങ്കാളിയില്‍ നിന്ന് 13പേരും ഈ മഹാമാരിയുടെ ദുരന്തമുഖത്തേക്ക് നടന്നടുത്തു. ഇരകള്‍ ഇനിയുമുണ്ടാകും കാണാമറയത്ത്.
കോഴിക്കോട് ജില്ലയില്‍ വിവാഹവീരന്‍മാരിലൂടെ ചതിയിലകപ്പെട്ടത് വഴി എച്ച് ഐ വി ബാധിതരായി തീര്‍ന്ന ഒട്ടേറെപ്പേരുണ്ടെന്ന് പറയുന്നു കോഴിക്കോട് പ്രത്യാശാ കേന്ദ്രം കോ ഓര്‍ഡിനേറ്റര്‍ പുരുഷോത്തമന്‍.
അറിഞ്ഞതിനും കേട്ടതിനും അപ്പുറത്താണ് കാര്യങ്ങളുടെ കിടപ്പ്. വിവാഹ സമയത്ത് പൊന്നിന്റെയും പണത്തിന്റെയും മാറ്റു നോക്കുകയല്ല വേണ്ടത്. തറവാടിത്വവും ജാതകവുമല്ല പരിശോധിക്കേണ്ടത്. വധൂവരന്‍മാരുടെ സ്വഭാവ ശുദ്ധിയും മുന്‍കാല ചരിത്രവുമാണ്. മൈസൂര്‍ വിവാഹത്തിലൂടെ എച്ച് ഐ വി ബാധിതയായി തീര്‍ന്ന നിലമ്പൂരിലെ യുവതിയുടെതാണ് ഈ വാക്കുകള്‍.
മഹല്ല് കമ്മിറ്റികള്‍ നിക്കാഹ് സമയത്ത് മഹല്ലുകളില്‍ നിന്നുള്ള കത്തല്ല ആവശ്യപ്പെടേണ്ടത്. വരന്റെയും വധുവിന്റെയും എച്ച് ഐ വി ടെസ്റ്റിന്റെ റിസള്‍ട്ടാണെന്ന് മലപ്പുറത്തെ എയ്ഡ്‌സ് വിരുദ്ധ പ്രവര്‍ത്തകനായ മുഹമ്മദ് ശരീഫ് ചൂണ്ടിക്കാട്ടുന്നു.
വിവാഹതട്ടിപ്പിനിരയാകുമ്പോള്‍ നീതിതേടി പോകുന്നവര്‍ വിരലിലെണ്ണാവുന്നവരേയുള്ളൂ. എന്നിട്ടും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വഴിക്കടവ് പോലീസ് സ്റ്റേഷനില്‍ മാത്രം അയല്‍ സംസ്ഥാന വിവാഹവുമായി ബന്ധപ്പെട്ട് 59 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറയുന്നു. എടക്കര, പോത്തുകല്ല്, നിലമ്പൂര്‍, കാളികാവ് പോലീസ് സ്റ്റേഷനുകളിലും ഇതിന്റെ തോത് ഉയരുന്നു. എന്നാല്‍ വരന്‍മാര്‍ നല്‍കുന്ന വിലാസങ്ങളില്‍ ചെന്ന് അന്വേഷിക്കുമ്പോഴാണ് അങ്ങനെയൊരു വിലാസമേയില്ലെന്നറിയുക. ഇത്തരക്കാരെ കണ്ടെത്താന്‍ വനിതാ കമ്മീഷന്‍ പോലും പല തവണ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ലെന്നതാണ് വനിതാകമ്മീഷന്‍ മുന്‍ അഗം പി കെ സൈനബയുടെ സാക്ഷ്യം.
നിലമ്പൂരുപോലുള്ള പ്രദേശങ്ങളില്‍ ആയിരം വീട് പദ്ധതികള്‍ ഒരുങ്ങിയത് പെണ്‍മക്കളെ നാട്ടുനടപ്പുകള്‍ക്കൊത്ത് പറഞ്ഞയക്കാന്‍ ഒരുങ്ങിയതിലൂടെ വീടും പറമ്പുംവരെ അന്യാധീനപ്പെട്ടവരെ പുനരധിവസിക്കാനായിരുന്നു. പദ്ധതി പാതിവഴിയില്‍ തകര്‍ന്നുടഞ്ഞെങ്കിലും അത്തരം ഹതഭാഗ്യരുടെ അംഗസംഖ്യ എവിടെയും കൂടുകയാണ്. എടക്കരയും നിലമ്പൂരും ഗൂഡല്ലൂരും കേന്ദ്രീകരിച്ച് ഇത്തരം വിവാഹങ്ങള്‍ നടത്തികൊടുക്കുന്ന റാക്കറ്റുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നു. എവിടെയുമുണ്ട് വേട്ടക്കാര്‍. എടക്കരയിലെ ഒരു സംഘം ഏര്‍പ്പാടാക്കിയ വിവാഹം മഹിളാ സമഖ്യയിലെ പ്രവര്‍ത്തകരാണ് മുടക്കിയത്.
വരന്റേത് നാലാം വിവാഹമായിരുന്നു. ആദ്യ ഭാര്യയില്‍ രണ്ട് കുട്ടികള്‍. ഒരു ഭാര്യയെ ഉപേക്ഷിച്ചു. മൂന്നാം ഭാര്യക്ക് ഒരുകുട്ടിയും രണ്ടാമത്തെ കുഞ്ഞ് ഗര്‍ഭത്തിലുമുള്ള അവസരത്തിലാണ് പുതിയ കല്യാണത്തിനെത്തിയത്. എന്നാല്‍ കല്യാണം മുടങ്ങിയപ്പോള്‍ അഭിനന്ദിക്കാനല്ല നിങ്ങളൊരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തില്ലേ എന്ന് പറഞ്ഞാണ് ചിലരെത്തിയതെന്ന് കോ ഓര്‍ഡിനേറ്റര്‍ സലീന വിശദീകരിക്കുന്നു. ഇത്തരക്കാര്‍ക്കിടയില്‍ പിന്നെങ്ങനെ ബോധവത്കരണവുമായി ഇറങ്ങുമെന്നുമാണവര്‍ ചോദിക്കുന്നത്.
ഉപേക്ഷിക്കപ്പെട്ടവരുടെ
തലസ്ഥാനം
നിലമ്പൂര്‍, കാളികാവ് ബ്ലോക്ക് പഞ്ചായത്തുകളിലെ എഴുപത് ശതമാനം ഗ്രാമപഞ്ചായത്തുകളില്‍ ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കപ്പെട്ടവരുടെ അംഗസംഖ്യ ക്രമാതീതമായി ഉയരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് മഹിളാ സമഖ്യയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം.
നിലമ്പൂര്‍ മുനിസിപ്പാലിറ്റി പരിധിയില്‍ മാത്രം 120 സ്ത്രീകള്‍ അന്യ സംസ്ഥാനക്കാരായ ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കപ്പെട്ടവരുണ്ട്. ചാലിയാര്‍, വഴിക്കടവ്, എടക്കര, ചുങ്കത്തറ, കാളികാവ് ചോക്കാട് പഞ്ചായത്തുകളിലാണ് ഇത്തരക്കാരെ കൂടുതലായി കണ്ടെത്തിയത്. ഇവരെല്ലാം അന്യ ജില്ലക്കാരിലെ ഒന്നിലധികം ഭാര്യമാരുള്ളവര്‍ക്ക് മുമ്പില്‍ കഴുത്ത് നീട്ടികൊടുക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. ഒന്നോ രണ്ടോ കുട്ടികളും ഉണ്ട് അവര്‍ക്കെല്ലാം. കൂടുതല്‍ പേരും ഗര്‍ഭത്തിലിരിക്കുമ്പോള്‍ തന്നെയാണ് ഭര്‍ത്താക്കന്‍മാര്‍ കടന്നുകളഞ്ഞത്. സര്‍വേക്ക് നേതൃത്വം നല്‍കിയ സി സലീന പറയുന്നു.
നിലമ്പൂര്‍ മൈലാടി മുസ്‌ലിം ഓര്‍ഫനേജിലെ കുട്ടികള്‍ ഏഴ് വര്‍ഷം മുമ്പ് ചാലിയാര്‍ പഞ്ചായത്തില്‍ നടത്തിയ സര്‍വേയിലും കണ്ടെത്തിയത് വിവാഹ മോചിതരുടെയും വിധവകളുടേയും ഏറനാടന്‍ തലസ്ഥാനമാകുന്നു ചാലിയാര്‍ എന്നായിരുന്നു. സ്ഥാപനത്തിലെ അന്നത്തെ വിദ്യാര്‍ഥിനിയും ഇന്നത്തെ അധ്യാപികയുമായ മിന്‍സിയ സര്‍വേയിലെ ഒരംഗമായിരുന്നു. തൊണ്ണൂറ് ശതമാനം വീടുകളിലും ഒന്നോ രണ്ടോ പെണ്‍കുട്ടികളെ ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കപ്പെട്ടതായാണവിടെ കണ്ടെത്തിയത്. എരഞ്ഞിമങ്ങാട്, നമ്പൂരിപ്പൊട്ടി, എളമ്പിലാക്കോട്, മണ്ണട്ടുപാടം എന്നിവിടങ്ങളിലായിരുന്നു അവരെ കൂടുതലായും കണ്ടെത്തിയിരുന്നത്. അധ്യാപിക മിന്‍സിയയും മാനേജര്‍ പി അബ്ദുല്ലയും പറയുന്നു.
ഈ പാഠങ്ങളെല്ലാം കണ്‍മുമ്പിലിരിക്കേയാണ് ഇതൊന്നുമറിയാതെ ഇന്നും ഇവിടെങ്ങളില്‍ അന്യ സംസ്ഥാന, അന്തര്‍ജില്ലാ വിവാഹങ്ങള്‍ കൊഴുക്കുന്നത്. അടുത്ത തലമുറയെകൂടി അരക്ഷിത ജീവിതങ്ങളിലേക്ക് ആട്ടിയോടിക്കുന്നത്. അവരുടെ മക്കളെ അനാഥത്വത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നത്.
2/12/13
പട്ടിണിയുടെ പാഠങ്ങള്‍ memmories
പട്ടിണിയുടെ പാഠങ്ങള്‍
മഴമാറി മാനം തെളിയുകയും വെയില്‍ ചിരിക്കുകയും ചെയ്യുന്നതോടെ അങ്ങാടിയില്‍ പുലിവെട്ടി ഇണ്ണിയുടെയും കുപ്പനത്ത് ഹസ്സന്റെയും കടയില്‍ ഓറഞ്ചും കരിമ്പും കമ്പവും മുന്തിരിയും വില്‍പ്പനക്കെത്തിയിട്ടുണ്ടാകും. ഇളം പച്ചയും മഞ്ഞയും നിറത്തിലുള്ള ഓറഞ്ചുകള്‍. തവിട്ട് നിറമുള്ള കരിമ്പ്. കറുപ്പും വെളുപ്പും കളറുകളിലുള്ള മുന്തിരി. അവ മനോഹരമായി അലങ്കരിച്ചുവെച്ചിരിക്കും. അവയുടെ ഗന്ധമുയരുമ്പോള്‍ തന്നെ വായയില്‍ വെള്ളമൂറും.
അരികിലൂടെ പോയാല്‍ കൊതിപ്പിക്കുന്ന മണമുയരും. ഓറഞ്ച് നെടുകെ പിളര്‍ന്ന് മസാല പുരട്ടിയതിന്റെ ഒരു കഷ്ണത്തിന് പത്ത് പൈസയായിരുന്നു വില. അതിനും കൊതുപൂണ്ട് നടന്നിരുന്ന എത്രയെത്രെ നാളുകള്‍.
ഓറഞ്ചിന്റെ ഒരു അല്ലിയൊക്കെ ചിലപ്പോള്‍ ഏതെങ്കിലും കൂട്ടുകാര്‍ തന്നങ്കിലായി. മധുരക്കരിമ്പിനും മുന്തിരിക്കുമൊക്കെ ഉണ്ടായിരുന്ന രുചി പിന്നീട് ജീവിതത്തില്‍ പലപ്പോഴും കഴിച്ചിട്ടുള്ള ഒരു പഴത്തിനും ഉണ്ടെന്ന് തോന്നിയിട്ടില്ല. സ്‌കൂളിനു മുമ്പില്‍ ഒരു ചായപ്പീടികയുണ്ടായിരുന്നു. അതിന്റെ അകംപോലും കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. വലിയ വീട്ടിലെ കുട്ടികളൊക്കെ ഇടവേള സമയത്ത് പൊറോട്ടയും ചായയും കുടിക്കാന്‍ കയറുന്നത് കാണാം. കേക്കും മാല്‍പ്പൊരിയും സുഗീനും പൊറാട്ടയും ചില്ലിട്ട അലമാരയില്‍ നിരത്തിവെച്ചതും വിദൂരക്കാഴ്ചമാത്രമായിരുന്നു എനിക്ക്. ഒരിക്കലെങ്കിലും അതിനകത്തൊന്ന് കയറണമെന്നും അവയൊന്ന് കഴിക്കണമെന്നതും പൂര്‍ത്തീകരിക്കാനാകാത്ത സ്വപ്നം മാത്രമായി ശേഷിച്ചു.
കളിയുടെ ലോകത്ത് തീവ്രമായ ആവേശം ഫുട്‌ബോളിനോടായിരുന്നു. സ്‌കൂളിലും വീട്ടിലും പമ്പരമേറ്, ഗോട്ടികളി, കുട്ടീം കോലും, കള്ളനും പോലീസും, സാറ്റ് കളി, തായംകളി ഇങ്ങനെ ഒരുപാട് കളികളുണ്ടായിരുന്നുവെങ്കിലും ഫുട്‌ബോള്‍ തന്നെയായിരുന്നു രാജകീയമായ കളി.
ആണ്ടിലൊരിക്കല്‍ നടക്കുന്ന പ്രദേശത്തിന്റെ ജനകീയോത്സവമായ എന്‍ എസ് സി ഫുട്‌ബോള്‍മേള ഞങ്ങള്‍ക്കും ആഘോഷമായിരുന്നു. സ്‌കൂള്‍ മൈതാനത്തിന് ചുറ്റും ഓലകൊണ്ട് മറച്ചിരിക്കും. പരിയങ്ങാട് റോഡിലും നാല് അതിര്‍ത്തികളിലും ടിക്കറ്റ് വില്‍പ്പന കൗണ്ടറുകളുണ്ടാകും. വൈകുന്നേരത്തോടെ സംഘാടകര്‍ കൗണ്ടറിനു മുമ്പില്‍ ബെഞ്ചുകളിട്ട് അതിലിരിപ്പുറപ്പിക്കും. ഉച്ചഭാഷിണിയില്‍ നിന്ന് ഇമ്പമുള്ള പാട്ടുകള്‍ ഒഴുകുന്നതിനിടെ അനൗണ്‍സ്‌മെന്റ് മുഴങ്ങും.
രണ്ട് രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 50 പൈസ. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷനുണ്ട്. 25 പൈസ. പക്ഷേ, അത് തന്നെ എവിടെ നിന്ന്. ഒരു ദിവസം പോരല്ലോ. കയ്യില്‍ പൈസയില്ലെങ്കിലും എന്നും ടിക്കറ്റ് കൗണ്ടറിനരികില്‍ ചെന്ന് നില്‍ക്കും. കളി തുടങ്ങിക്കഴിഞ്ഞാല്‍ കുട്ടികളെ ഇന്‍ര്‍വ്യൂ ചെയ്യാന്‍ ചില വളണ്ടിയര്‍മാരെത്തും. പത്തു പൈസ കൊടുത്താലും ചിലപ്പോള്‍ കടത്തിവിടും. അതും ഉണ്ടാകില്ല എന്റെ കയ്യില്‍. എന്ന് കരുതി കളികാണാന്‍ ചെല്ലാതിരിക്കുകയൊന്നുമില്ല. ഒരു പ്രതീക്ഷയാണ്. കരുണയുള്ള ആരെങ്കിലുമൊക്കെ അകത്തേക്ക് കയറ്റിവിടുമെന്ന പ്രതീക്ഷ. അവസാനം അത് സംഭവിക്കുമ്പോഴേക്കും കളിയുടെ ആവേശവും ആര്‍പ്പുവിളികളുമൊക്കെ അടങ്ങിയിട്ടുണ്ടാകും. നാളെ എന്തായാലും പൈസയുമായി വന്നെങ്കിലേ കടത്തിവിടൂ എന്ന് സംഘാടകര്‍ അന്ത്യശാസനം തന്നിരിക്കും. എന്നാലും പിറ്റേ ദിവസവും ചെല്ലും വെറും കയ്യോടെ. രണ്ടോ മൂന്നോ കൗണ്ടര്‍ ഉള്ളതിനാല്‍ ഇന്ന് ചെന്നിടത്താകില്ല നാളെ എത്തുക. അവരും അവസാനം വെറുതെ കടത്തിവിടുമ്പോഴും ഇതുതന്നെ ആവര്‍ത്തിക്കും. നാളെ ഉറപ്പായും കൊണ്ട് വരണം. പക്ഷേ, ഒരിക്കലും ആ ഉറപ്പ് പാലിക്കാന്‍ എനിക്കായിരുന്നില്ല.
മുത്തന്‍ തണ്ട് മലയാളം തമ്പുരാന്‍ ക്ഷേത്രത്തിലെ പ്രധാന നടത്തിപ്പുകാരനായിരുന്നു എളായി കാരി. അയാള്‍ വൈകുന്നേരമായാല്‍ റോഡിലൂടെ കടന്നുപോകുന്നത് കാണാം. കറുത്തേനിയിലെ കള്ള് ഷാപ്പിലേക്കാണായാത്ര. തിരികെ വരുന്നത് നാലു കാലിലാകും. അദ്ദേഹത്തെ കബളിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്തെ ഒരു വിനോദം.
ഞാന്‍, അയല്‍വാസി ശിഹാബ്, ബന്ധുക്കളായ ചെറിയാപ്പ, കുഞ്ഞാപ്പു, അന്‍വര്‍, കാസിം.
അന്ന് കടകളില്‍ നിന്ന് സാധനങ്ങള്‍ പൊതിഞ്ഞ് തന്നിരുന്നത് തേക്കിലയിലായിരുന്നു. പേപ്പറുകളും പ്ലാസ്റ്റിക് കവറുകളും പ്രചാരത്തിലായിട്ടില്ല. ശര്‍ക്കരയും മല്ലിയും മുളകും മീനുമെല്ലാം പൊതിഞ്ഞിരുന്നത് തേക്കിലയില്‍ തന്നെ. കടകളില്‍ തേക്കില ഒടിച്ചുകൊണ്ടുകൊടുത്താല്‍ ഒരു രൂപയോ ഒന്നരരൂപയോ കിട്ടുമായിരുന്നു. നടു റോഡില്‍ ഒരു തേക്കില പൊതി കണ്ടാല്‍ ആരും എടുത്തുപോകും. ആരോ വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ വീണുപോയതാണെന്നേ കരുതൂ. കാരിയേട്ടന്‍ തിരികെ വരുമ്പോള്‍ റോഡില്‍ ഒരു പൊതി വീണു കിടപ്പുണ്ടാകും. ഞങ്ങള്‍ പതുങ്ങി നില്‍ക്കും. അതെടുത്ത് വേച്ച് വേച്ച് പോകുന്നത് കണ്ട് പിന്നെ ഊറി ചിരിക്കും. ഞങ്ങളെ അയാള്‍ കാണാറില്ല. ആ പൊതി ചെറിയാപ്പയുടെ സംഭാവനയായിരിക്കും.
അതില്‍ ചത്ത ഓന്ത്, എലി, അല്ലെങ്കില്‍ മണ്ണ്, കല്ല് ഇവയേതുമാകാം. എല്ലാ ദിവസവും പൊതി എടുത്തേ കാരിയേട്ടന്‍ മടങ്ങൂ. അതെന്താണ് ചെയ്യാറെന്നറിയില്ല. പല ദിവസവും പല സ്ഥലത്താണ് പൊതി പ്രത്യക്ഷപ്പെടുക. പല വലിപ്പത്തില്‍. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അയാളത് എടുക്കാതെ കടന്നുപോയി.
എന്തോ പിറുപിറുത്തുകൊണ്ടിരുന്നു.
കല്ലും മണ്ണും പൊതിഞ്ഞാല്‍ അയാള്‍ക്ക് മനസ്സിലാകുന്നുണ്ടെന്ന് ബോധ്യമായപ്പോള്‍ ചെറിയാപ്പ അടവൊന്നുമാറ്റി. അന്ന് റോഡിലിട്ടത് മലം പൊതിഞ്ഞായിരുന്നു.! അന്നത് കാരിയേട്ടന്‍ എടുത്തുകൊണ്ടുപോകുക തന്നെ ചെയ്തു. പിറ്റേന്നായിരുന്നു അതിന്റെ പുകില്‍. വീട്ടില്‍ വന്ന് കയറുമ്പോള്‍ ബാപ്പ നിന്ന് തിളക്കുന്നു. കാരിയേട്ടന്റെ ഭാര്യ അമ്മച്ചി പരാതിയുമായി എത്തിയിരിക്കുന്നു. ആ വിചാരണയില്‍ ചെയ്ത തെറ്റുകള്‍ ഏറ്റു പറഞ്ഞു. ബാപ്പ എനിക്ക് അന്ത്യശാസനം നല്‍കി. ചെറിയാപ്പയേയും താക്കീത് ചെയ്തുവെന്നാണ് ഓര്‍മ.
സ്‌കൂളില്‍ ഏഴാം തരം കഴിഞ്ഞപ്പോള്‍ ചെറിയാപ്പയെ വല്യാപ്പ (അളിയാക്ക)പള്ളി ദര്‍സില്‍ അയച്ച് മോല്യേരുട്ടിയാക്കാന്‍ തീരുമാനിച്ചു.
അവന്റെ കുരുത്തക്കേടുകള്‍ പലപ്പോഴും വീട്ടുകാര്‍ക്കൊരു തലവേദനയായിരുന്നു. വീട്ടിലെ അണ്ടി പെറുക്കികൊടുത്താല്‍ (കശുവണ്ടി)വട്ടച്ചെലവിനുള്ള കൂലികൊടുക്കും അളിയാക്ക. അണ്ടി തന്നെയാണ് കൂലിയായി കൊടുക്കുക. പലപ്പോഴും ഞാനും അവനെ സഹായിച്ചിരുന്നു. എന്നാല്‍ ആ കൂലികൊണ്ട് അവന്‍ തൃപ്തനായില്ല. അപ്പോള്‍ ചെറിയ കള്ളത്തരങ്ങള്‍ കാണിക്കും. അണ്ടി മോഷണം തന്നെ. അറിഞ്ഞാല്‍ കുഴപ്പമാണ്. വഴക്കുപറയും. ഇക്കാക്ക ബാപ്പു കയ്യോടെ പിടികൂടി മണ്ടക്കിട്ട് മേടും. എത്രവഴക്ക് കേട്ടാലും മണ്ടക്ക് മേട്ടം കിട്ടിയാലും ചെറിയാപ്പക്ക് ഒരു കൂസലുമുണ്ടായിരുന്നില്ല. അവന്‍ അണ്ടിക്കടത്തിന് പുതിയ വഴികള്‍ കണ്ടെത്തി.
അരയിലും മടിക്കുത്തിലും വെച്ച് കടത്തുന്ന രീതികളാണ് പലപ്പോഴും പിടിക്കപ്പെട്ടത്. അപ്പോഴാണ് വായയില്‍ കുത്തിനിറച്ചും അണ്ടിപ്പന്ത് നിര്‍മിച്ചും ന്യൂതന വിദ്യ കണ്ടു പിടിച്ചത്. ഞങ്ങളും നിശബ്ദരായി അതിനുവേണ്ട ഒത്താശകള്‍ ചെയ്തു കൊടുത്തു. അളിയാക്കയുടെയും ബാപ്പുവിന്റെയും 'ചെക്ക്‌പോസ്റ്റു'കള്‍ കടന്നാല്‍ പിന്നെ തടസ്സങ്ങളില്ല. അരയിലും തുണിയിലും എന്താണെന്ന് പരിശോധിക്കുന്നതിനിടയില്‍ വായയില്‍ എന്താണെന്ന് അവര്‍ നോക്കില്ല.
ഒരു ദിവസം അതും പിടികൂടിയതില്‍ പിന്നെയാണ് അണ്ടിപ്പന്തുണ്ടാക്കിയത്. ആവശ്യമുള്ളത്ര കശുവണ്ടി ശേഖരിച്ച് പഴന്തുണിയില്‍ പൊതിയും. അതിനു മുകളില്‍ പേപ്പറും പുല്ലും പ്ലാസ്റ്റിക്കും ചേര്‍ത്ത് വരിഞ്ഞ് കെട്ടി കെട്ട് പന്ത് പരുവത്തിലാക്കുന്നത് ചെറിയാപ്പ തന്നെ. ഞങ്ങള്‍ ആരെങ്കിലും വരുന്നുണ്ടോ എന്നറിയാന്‍ പാറാവ് നിന്നാല്‍ മതി. പിന്നെ അളിയാക്കയെ ബോധ്യപ്പെടുത്താന്‍ മുറ്റത്ത് ആ പന്ത് തട്ടിക്കളിക്കും. തുടര്‍ന്ന് പൂച്ചപ്പൊയില്‍ റോഡിലേക്ക് കളിമാറ്റുന്നതായി ഉറക്കെ പ്രഖ്യാപിക്കും. വല്യാപ്പ കേള്‍ക്കാനാണത്. കൂടെ പന്തു തട്ടാന്‍ ഞാനും ശിഹാബും കുഞ്ഞാപ്പുവും ചിലപ്പോള്‍ കാസുമും ഉണ്ടാകും. പൂച്ചപ്പൊയില്‍ റോഡിലൂടെ തട്ടിക്കളിച്ച് കുറെ ദൂരെ കൊണ്ടുവരും. ആരും കാണുന്നില്ലെന്ന് ബോധ്യമായെങ്കിലേ പന്ത് കയ്യിലെടുക്കൂ.
എന്നാല്‍ ഒരു ദിവസം പന്തുവിദ്യയും അളിയാക്ക പിടികൂടി. ആ സൂത്രം പറഞ്ഞുകൊടുത്തത് ബാപ്പുവാണ്. അന്നും അദ്ദേഹം ഞങ്ങളെ ഒരാട്ടാട്ടിയത് ഇന്നും മറന്നിട്ടില്ല. എനിക്കും കുറ്റബോധം തോന്നി. കൂട്ടു നില്‍ക്കുന്നത് കളവിനാണ്. അവരുടെ വീട്ടിലെ അണ്ടിയാണെങ്കിലും കളവിന് ഒത്താശ ചെയ്യുന്നത് തെറ്റു തന്നെയല്ലേ. ഇത്തരത്തില്‍ എന്തെല്ലാം കുസൃതികളായിരുന്നു അന്ന് ഞങ്ങള്‍ ഒപ്പിച്ചിരുന്നത്. എല്ലാത്തിന്റേയും ലീഡര്‍ ചെറിയാപ്പ തന്നെ. ഞാനും കൂട്ടുപ്രതിയായിരുന്നു. അവന്‍ പറയുന്നു. ഞങ്ങള്‍ അനുസരിക്കുന്നു.
ആ കശുമാവുകള്‍ നിന്ന സ്ഥലം ഇന്ന് ഞങ്ങളുടെ ബാല്യകാല കൂതൂഹലങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു. ഓടിക്കളിച്ച കളിമുറ്റത്തിന്റെയും ഇടവഴികളുടെയും മുഖം തിരിച്ചറിയാനാകാത്തത്രയും വികൃതമായിരിക്കുന്നു. എങ്കിലും ആ നാട്ടിടവഴികളില്‍ തിരഞ്ഞാല്‍ എനിക്കെന്റെ കാലടിപ്പാടുകളെ കാണാനാകും. അന്നത്തെ കുസൃതികള്‍ കുഞ്ഞുടുപ്പുകളിട്ട് ഓടിക്കളിക്കുന്നതും കൈകൊട്ടി ചിരിക്കുന്നതും കണ്ടെത്താനാകും.
മഴമാറി മാനം തെളിയുകയും വെയില്‍ ചിരിക്കുകയും ചെയ്യുന്നതോടെ അങ്ങാടിയില്‍ പുലിവെട്ടി ഇണ്ണിയുടെയും കുപ്പനത്ത് ഹസ്സന്റെയും കടയില്‍ ഓറഞ്ചും കരിമ്പും കമ്പവും മുന്തിരിയും വില്‍പ്പനക്കെത്തിയിട്ടുണ്ടാകും. ഇളം പച്ചയും മഞ്ഞയും നിറത്തിലുള്ള ഓറഞ്ചുകള്‍. തവിട്ട് നിറമുള്ള കരിമ്പ്. കറുപ്പും വെളുപ്പും കളറുകളിലുള്ള മുന്തിരി. അവ മനോഹരമായി അലങ്കരിച്ചുവെച്ചിരിക്കും. അവയുടെ ഗന്ധമുയരുമ്പോള്‍ തന്നെ വായയില്‍ വെള്ളമൂറും.
അരികിലൂടെ പോയാല്‍ കൊതിപ്പിക്കുന്ന മണമുയരും. ഓറഞ്ച് നെടുകെ പിളര്‍ന്ന് മസാല പുരട്ടിയതിന്റെ ഒരു കഷ്ണത്തിന് പത്ത് പൈസയായിരുന്നു വില. അതിനും കൊതുപൂണ്ട് നടന്നിരുന്ന എത്രയെത്രെ നാളുകള്‍.
ഓറഞ്ചിന്റെ ഒരു അല്ലിയൊക്കെ ചിലപ്പോള്‍ ഏതെങ്കിലും കൂട്ടുകാര്‍ തന്നങ്കിലായി. മധുരക്കരിമ്പിനും മുന്തിരിക്കുമൊക്കെ ഉണ്ടായിരുന്ന രുചി പിന്നീട് ജീവിതത്തില്‍ പലപ്പോഴും കഴിച്ചിട്ടുള്ള ഒരു പഴത്തിനും ഉണ്ടെന്ന് തോന്നിയിട്ടില്ല. സ്‌കൂളിനു മുമ്പില്‍ ഒരു ചായപ്പീടികയുണ്ടായിരുന്നു. അതിന്റെ അകംപോലും കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. വലിയ വീട്ടിലെ കുട്ടികളൊക്കെ ഇടവേള സമയത്ത് പൊറോട്ടയും ചായയും കുടിക്കാന്‍ കയറുന്നത് കാണാം. കേക്കും മാല്‍പ്പൊരിയും സുഗീനും പൊറാട്ടയും ചില്ലിട്ട അലമാരയില്‍ നിരത്തിവെച്ചതും വിദൂരക്കാഴ്ചമാത്രമായിരുന്നു എനിക്ക്. ഒരിക്കലെങ്കിലും അതിനകത്തൊന്ന് കയറണമെന്നും അവയൊന്ന് കഴിക്കണമെന്നതും പൂര്‍ത്തീകരിക്കാനാകാത്ത സ്വപ്നം മാത്രമായി ശേഷിച്ചു.
കളിയുടെ ലോകത്ത് തീവ്രമായ ആവേശം ഫുട്‌ബോളിനോടായിരുന്നു. സ്‌കൂളിലും വീട്ടിലും പമ്പരമേറ്, ഗോട്ടികളി, കുട്ടീം കോലും, കള്ളനും പോലീസും, സാറ്റ് കളി, തായംകളി ഇങ്ങനെ ഒരുപാട് കളികളുണ്ടായിരുന്നുവെങ്കിലും ഫുട്‌ബോള്‍ തന്നെയായിരുന്നു രാജകീയമായ കളി.
ആണ്ടിലൊരിക്കല്‍ നടക്കുന്ന പ്രദേശത്തിന്റെ ജനകീയോത്സവമായ എന്‍ എസ് സി ഫുട്‌ബോള്‍മേള ഞങ്ങള്‍ക്കും ആഘോഷമായിരുന്നു. സ്‌കൂള്‍ മൈതാനത്തിന് ചുറ്റും ഓലകൊണ്ട് മറച്ചിരിക്കും. പരിയങ്ങാട് റോഡിലും നാല് അതിര്‍ത്തികളിലും ടിക്കറ്റ് വില്‍പ്പന കൗണ്ടറുകളുണ്ടാകും. വൈകുന്നേരത്തോടെ സംഘാടകര്‍ കൗണ്ടറിനു മുമ്പില്‍ ബെഞ്ചുകളിട്ട് അതിലിരിപ്പുറപ്പിക്കും. ഉച്ചഭാഷിണിയില്‍ നിന്ന് ഇമ്പമുള്ള പാട്ടുകള്‍ ഒഴുകുന്നതിനിടെ അനൗണ്‍സ്‌മെന്റ് മുഴങ്ങും.
രണ്ട് രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 50 പൈസ. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷനുണ്ട്. 25 പൈസ. പക്ഷേ, അത് തന്നെ എവിടെ നിന്ന്. ഒരു ദിവസം പോരല്ലോ. കയ്യില്‍ പൈസയില്ലെങ്കിലും എന്നും ടിക്കറ്റ് കൗണ്ടറിനരികില്‍ ചെന്ന് നില്‍ക്കും. കളി തുടങ്ങിക്കഴിഞ്ഞാല്‍ കുട്ടികളെ ഇന്‍ര്‍വ്യൂ ചെയ്യാന്‍ ചില വളണ്ടിയര്‍മാരെത്തും. പത്തു പൈസ കൊടുത്താലും ചിലപ്പോള്‍ കടത്തിവിടും. അതും ഉണ്ടാകില്ല എന്റെ കയ്യില്‍. എന്ന് കരുതി കളികാണാന്‍ ചെല്ലാതിരിക്കുകയൊന്നുമില്ല. ഒരു പ്രതീക്ഷയാണ്. കരുണയുള്ള ആരെങ്കിലുമൊക്കെ അകത്തേക്ക് കയറ്റിവിടുമെന്ന പ്രതീക്ഷ. അവസാനം അത് സംഭവിക്കുമ്പോഴേക്കും കളിയുടെ ആവേശവും ആര്‍പ്പുവിളികളുമൊക്കെ അടങ്ങിയിട്ടുണ്ടാകും. നാളെ എന്തായാലും പൈസയുമായി വന്നെങ്കിലേ കടത്തിവിടൂ എന്ന് സംഘാടകര്‍ അന്ത്യശാസനം തന്നിരിക്കും. എന്നാലും പിറ്റേ ദിവസവും ചെല്ലും വെറും കയ്യോടെ. രണ്ടോ മൂന്നോ കൗണ്ടര്‍ ഉള്ളതിനാല്‍ ഇന്ന് ചെന്നിടത്താകില്ല നാളെ എത്തുക. അവരും അവസാനം വെറുതെ കടത്തിവിടുമ്പോഴും ഇതുതന്നെ ആവര്‍ത്തിക്കും. നാളെ ഉറപ്പായും കൊണ്ട് വരണം. പക്ഷേ, ഒരിക്കലും ആ ഉറപ്പ് പാലിക്കാന്‍ എനിക്കായിരുന്നില്ല.
മുത്തന്‍ തണ്ട് മലയാളം തമ്പുരാന്‍ ക്ഷേത്രത്തിലെ പ്രധാന നടത്തിപ്പുകാരനായിരുന്നു എളായി കാരി. അയാള്‍ വൈകുന്നേരമായാല്‍ റോഡിലൂടെ കടന്നുപോകുന്നത് കാണാം. കറുത്തേനിയിലെ കള്ള് ഷാപ്പിലേക്കാണായാത്ര. തിരികെ വരുന്നത് നാലു കാലിലാകും. അദ്ദേഹത്തെ കബളിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്തെ ഒരു വിനോദം.
ഞാന്‍, അയല്‍വാസി ശിഹാബ്, ബന്ധുക്കളായ ചെറിയാപ്പ, കുഞ്ഞാപ്പു, അന്‍വര്‍, കാസിം.
അന്ന് കടകളില്‍ നിന്ന് സാധനങ്ങള്‍ പൊതിഞ്ഞ് തന്നിരുന്നത് തേക്കിലയിലായിരുന്നു. പേപ്പറുകളും പ്ലാസ്റ്റിക് കവറുകളും പ്രചാരത്തിലായിട്ടില്ല. ശര്‍ക്കരയും മല്ലിയും മുളകും മീനുമെല്ലാം പൊതിഞ്ഞിരുന്നത് തേക്കിലയില്‍ തന്നെ. കടകളില്‍ തേക്കില ഒടിച്ചുകൊണ്ടുകൊടുത്താല്‍ ഒരു രൂപയോ ഒന്നരരൂപയോ കിട്ടുമായിരുന്നു. നടു റോഡില്‍ ഒരു തേക്കില പൊതി കണ്ടാല്‍ ആരും എടുത്തുപോകും. ആരോ വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ വീണുപോയതാണെന്നേ കരുതൂ. കാരിയേട്ടന്‍ തിരികെ വരുമ്പോള്‍ റോഡില്‍ ഒരു പൊതി വീണു കിടപ്പുണ്ടാകും. ഞങ്ങള്‍ പതുങ്ങി നില്‍ക്കും. അതെടുത്ത് വേച്ച് വേച്ച് പോകുന്നത് കണ്ട് പിന്നെ ഊറി ചിരിക്കും. ഞങ്ങളെ അയാള്‍ കാണാറില്ല. ആ പൊതി ചെറിയാപ്പയുടെ സംഭാവനയായിരിക്കും.
അതില്‍ ചത്ത ഓന്ത്, എലി, അല്ലെങ്കില്‍ മണ്ണ്, കല്ല് ഇവയേതുമാകാം. എല്ലാ ദിവസവും പൊതി എടുത്തേ കാരിയേട്ടന്‍ മടങ്ങൂ. അതെന്താണ് ചെയ്യാറെന്നറിയില്ല. പല ദിവസവും പല സ്ഥലത്താണ് പൊതി പ്രത്യക്ഷപ്പെടുക. പല വലിപ്പത്തില്‍. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അയാളത് എടുക്കാതെ കടന്നുപോയി.
എന്തോ പിറുപിറുത്തുകൊണ്ടിരുന്നു.
കല്ലും മണ്ണും പൊതിഞ്ഞാല്‍ അയാള്‍ക്ക് മനസ്സിലാകുന്നുണ്ടെന്ന് ബോധ്യമായപ്പോള്‍ ചെറിയാപ്പ അടവൊന്നുമാറ്റി. അന്ന് റോഡിലിട്ടത് മലം പൊതിഞ്ഞായിരുന്നു.! അന്നത് കാരിയേട്ടന്‍ എടുത്തുകൊണ്ടുപോകുക തന്നെ ചെയ്തു. പിറ്റേന്നായിരുന്നു അതിന്റെ പുകില്‍. വീട്ടില്‍ വന്ന് കയറുമ്പോള്‍ ബാപ്പ നിന്ന് തിളക്കുന്നു. കാരിയേട്ടന്റെ ഭാര്യ അമ്മച്ചി പരാതിയുമായി എത്തിയിരിക്കുന്നു. ആ വിചാരണയില്‍ ചെയ്ത തെറ്റുകള്‍ ഏറ്റു പറഞ്ഞു. ബാപ്പ എനിക്ക് അന്ത്യശാസനം നല്‍കി. ചെറിയാപ്പയേയും താക്കീത് ചെയ്തുവെന്നാണ് ഓര്‍മ.
സ്‌കൂളില്‍ ഏഴാം തരം കഴിഞ്ഞപ്പോള്‍ ചെറിയാപ്പയെ വല്യാപ്പ (അളിയാക്ക)പള്ളി ദര്‍സില്‍ അയച്ച് മോല്യേരുട്ടിയാക്കാന്‍ തീരുമാനിച്ചു.
അവന്റെ കുരുത്തക്കേടുകള്‍ പലപ്പോഴും വീട്ടുകാര്‍ക്കൊരു തലവേദനയായിരുന്നു. വീട്ടിലെ അണ്ടി പെറുക്കികൊടുത്താല്‍ (കശുവണ്ടി)വട്ടച്ചെലവിനുള്ള കൂലികൊടുക്കും അളിയാക്ക. അണ്ടി തന്നെയാണ് കൂലിയായി കൊടുക്കുക. പലപ്പോഴും ഞാനും അവനെ സഹായിച്ചിരുന്നു. എന്നാല്‍ ആ കൂലികൊണ്ട് അവന്‍ തൃപ്തനായില്ല. അപ്പോള്‍ ചെറിയ കള്ളത്തരങ്ങള്‍ കാണിക്കും. അണ്ടി മോഷണം തന്നെ. അറിഞ്ഞാല്‍ കുഴപ്പമാണ്. വഴക്കുപറയും. ഇക്കാക്ക ബാപ്പു കയ്യോടെ പിടികൂടി മണ്ടക്കിട്ട് മേടും. എത്രവഴക്ക് കേട്ടാലും മണ്ടക്ക് മേട്ടം കിട്ടിയാലും ചെറിയാപ്പക്ക് ഒരു കൂസലുമുണ്ടായിരുന്നില്ല. അവന്‍ അണ്ടിക്കടത്തിന് പുതിയ വഴികള്‍ കണ്ടെത്തി.
അരയിലും മടിക്കുത്തിലും വെച്ച് കടത്തുന്ന രീതികളാണ് പലപ്പോഴും പിടിക്കപ്പെട്ടത്. അപ്പോഴാണ് വായയില്‍ കുത്തിനിറച്ചും അണ്ടിപ്പന്ത് നിര്‍മിച്ചും ന്യൂതന വിദ്യ കണ്ടു പിടിച്ചത്. ഞങ്ങളും നിശബ്ദരായി അതിനുവേണ്ട ഒത്താശകള്‍ ചെയ്തു കൊടുത്തു. അളിയാക്കയുടെയും ബാപ്പുവിന്റെയും 'ചെക്ക്‌പോസ്റ്റു'കള്‍ കടന്നാല്‍ പിന്നെ തടസ്സങ്ങളില്ല. അരയിലും തുണിയിലും എന്താണെന്ന് പരിശോധിക്കുന്നതിനിടയില്‍ വായയില്‍ എന്താണെന്ന് അവര്‍ നോക്കില്ല.
ഒരു ദിവസം അതും പിടികൂടിയതില്‍ പിന്നെയാണ് അണ്ടിപ്പന്തുണ്ടാക്കിയത്. ആവശ്യമുള്ളത്ര കശുവണ്ടി ശേഖരിച്ച് പഴന്തുണിയില്‍ പൊതിയും. അതിനു മുകളില്‍ പേപ്പറും പുല്ലും പ്ലാസ്റ്റിക്കും ചേര്‍ത്ത് വരിഞ്ഞ് കെട്ടി കെട്ട് പന്ത് പരുവത്തിലാക്കുന്നത് ചെറിയാപ്പ തന്നെ. ഞങ്ങള്‍ ആരെങ്കിലും വരുന്നുണ്ടോ എന്നറിയാന്‍ പാറാവ് നിന്നാല്‍ മതി. പിന്നെ അളിയാക്കയെ ബോധ്യപ്പെടുത്താന്‍ മുറ്റത്ത് ആ പന്ത് തട്ടിക്കളിക്കും. തുടര്‍ന്ന് പൂച്ചപ്പൊയില്‍ റോഡിലേക്ക് കളിമാറ്റുന്നതായി ഉറക്കെ പ്രഖ്യാപിക്കും. വല്യാപ്പ കേള്‍ക്കാനാണത്. കൂടെ പന്തു തട്ടാന്‍ ഞാനും ശിഹാബും കുഞ്ഞാപ്പുവും ചിലപ്പോള്‍ കാസുമും ഉണ്ടാകും. പൂച്ചപ്പൊയില്‍ റോഡിലൂടെ തട്ടിക്കളിച്ച് കുറെ ദൂരെ കൊണ്ടുവരും. ആരും കാണുന്നില്ലെന്ന് ബോധ്യമായെങ്കിലേ പന്ത് കയ്യിലെടുക്കൂ.
എന്നാല്‍ ഒരു ദിവസം പന്തുവിദ്യയും അളിയാക്ക പിടികൂടി. ആ സൂത്രം പറഞ്ഞുകൊടുത്തത് ബാപ്പുവാണ്. അന്നും അദ്ദേഹം ഞങ്ങളെ ഒരാട്ടാട്ടിയത് ഇന്നും മറന്നിട്ടില്ല. എനിക്കും കുറ്റബോധം തോന്നി. കൂട്ടു നില്‍ക്കുന്നത് കളവിനാണ്. അവരുടെ വീട്ടിലെ അണ്ടിയാണെങ്കിലും കളവിന് ഒത്താശ ചെയ്യുന്നത് തെറ്റു തന്നെയല്ലേ. ഇത്തരത്തില്‍ എന്തെല്ലാം കുസൃതികളായിരുന്നു അന്ന് ഞങ്ങള്‍ ഒപ്പിച്ചിരുന്നത്. എല്ലാത്തിന്റേയും ലീഡര്‍ ചെറിയാപ്പ തന്നെ. ഞാനും കൂട്ടുപ്രതിയായിരുന്നു. അവന്‍ പറയുന്നു. ഞങ്ങള്‍ അനുസരിക്കുന്നു.
ആ കശുമാവുകള്‍ നിന്ന സ്ഥലം ഇന്ന് ഞങ്ങളുടെ ബാല്യകാല കൂതൂഹലങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു. ഓടിക്കളിച്ച കളിമുറ്റത്തിന്റെയും ഇടവഴികളുടെയും മുഖം തിരിച്ചറിയാനാകാത്തത്രയും വികൃതമായിരിക്കുന്നു. എങ്കിലും ആ നാട്ടിടവഴികളില്‍ തിരഞ്ഞാല്‍ എനിക്കെന്റെ കാലടിപ്പാടുകളെ കാണാനാകും. അന്നത്തെ കുസൃതികള്‍ കുഞ്ഞുടുപ്പുകളിട്ട് ഓടിക്കളിക്കുന്നതും കൈകൊട്ടി ചിരിക്കുന്നതും കണ്ടെത്താനാകും.
24/11/13
കരിക്കട്ടത്തൂറിയ കുട്ടി
തലമുറകളെ അക്ഷരങ്ങളുടെ അന്നമൂട്ടിയ സ്‌കൂളിന്റെ മുറ്റത്ത് ഞാനെത്തുമ്പോള്‍ സ്‌കൂളിന് സ്വന്തമായുണ്ടായിരുന്നത് ഒരു പൊടി പിടിച്ച ഹാള്‍ മാത്രം. ഞങ്ങള്‍ അതിനെ മണ്ണ് സ്‌കൂള്‍ എന്ന് വിളിച്ചു. ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന വാടകക്കെട്ടിടത്തെ മഞ്ഞ സ്‌കൂളെന്നും വിളിച്ചു. രാവിലെ ക്ലാസില്‍ വന്നിരുന്നാല്‍ വസ്ത്രത്തിലും ബുക്കിലും നിറയെ മണ്ണും പൊടിയുമായി വൈകീട്ട് മടങ്ങാം.
ഒരു പെരുമഴ പെയ്ത് തോര്‍ന്ന ജൂണ്‍ മാസത്തില്‍ ബാപ്പയുടെ നീളന്‍ ഷീലക്കുടയില്‍ പാതിനനഞ്ഞാണ് ആശങ്കയോടെ ആ ഹാളിലേക്ക് കയറി ചെന്നത്. വര്‍ണക്കുടയില്ല. പുത്തനുടുപ്പില്ല. പുതിയ പുസ്തകങ്ങളില്ല. പ്രവേശനോത്സവവുമില്ല. നവാഗതര്‍ക്ക് മധുരവും വിളമ്പിയില്ല. സ്വീകരിക്കാനും യാത്രയാക്കാനും ആരുമില്ല. എന്നത്തേതും പോലൊരു ദിനം.
സഹോദരി സുലൈഖ അന്ന് ആറാം ക്ലാസില്‍ പഠിക്കുന്നുണ്ട്. ഇടക്കെന്റെ വിവരങ്ങള്‍ അറിയാന്‍ എത്തിയിരുന്നതും അവളായിരുന്നു. ആദ്യ ആഴ്ചയില്‍ പാഠഭാഗങ്ങളൊന്നും പഠിപ്പിച്ചതേയില്ല. സ്ഥിരമായി ഞങ്ങള്‍ക്കൊരു അധ്യാപകനേയും കിട്ടിയില്ല. ഇടക്കെപ്പോഴോ ഏതൊക്കെയോ മാഷുമാര്‍ വന്നു. ചില കഥകള്‍ പറഞ്ഞു തന്നു. ആവശ്യത്തിന് അധ്യാപകരുണ്ടായിരുന്നില്ല. കുട്ടികള്‍ക്ക് ഇരിക്കാന്‍ ബെഞ്ചില്ല. പൊടി നിറഞ്ഞ ക്ലാസ് മുറിയില്‍ ആഴ്ചകളോളം കുട്ടികളുടെ വലിയബഹളം മാത്രം. പുറത്ത് മഴയുടെ സീല്‍ക്കാരവും. ഇടിവിറപ്പിച്ചില്ല. കാറ്റിന്റെ അകമ്പടിയില്ല. മിന്നലിന്റെ കടന്നാക്രമണവുമില്ല. മഴയുടെ വെള്ളിനൂലുകള്‍ ഗ്രൗണ്ടിലും റോഡിലും കുഞ്ഞു പ്രളയങ്ങള്‍ തീര്‍ക്കുന്ന കാഴ്ച കണ്ടിരുന്നു.
എന്റെ തൊട്ടടുത്തിരുന്നിരുന്നത് കോട്ടേപ്പാടന്‍ ബഷീറെന്ന കുട്ട്യാപ്പുവായിരുന്നു. പരിയങ്ങാട്ടെ ഗഫൂര്‍, വെന്തോടന്‍ മുസ്തഫ, ഇമ്പിച്ചിയുടെ മകന്‍ സുരേഷ്, മേനാട്ടുകുയ്യന്‍ ഷംസുദ്ധീന്‍, അങ്ങനെ കുറേ പേരുകള്‍. ഗഫൂറുമായും കുട്ട്യാപ്പുവുമായും ഞാന്‍ വേഗത്തില്‍ അടുത്തു. എന്നാല്‍ സുരേഷെന്റെ പേടി സ്വപ്‌നമായിരുന്നു. ആവശ്യമില്ലാതെ പിച്ചിയും മാന്തിയും പെന്‍സില്‍ തട്ടിപ്പറിച്ചുമൊക്കെ ആനന്ദം കണ്ടെത്തിയിരുന്ന വൃത്തികെട്ട സ്വഭാവമായിരുന്നു സുരേഷിന്റേത്. മാഷോട് പറയാന്‍ ധൈര്യമില്ല. പറഞ്ഞാല്‍ അവന്‍ കൂടുതല്‍ പരാക്രമം കാണിക്കുകയേയുള്ളൂ. അതിനാല്‍ എല്ലാം നിശബ്ദം സഹിച്ചു. ഒറ്റക്കവനെ നേരിടാന്‍ ധൈര്യവും പോരായിരുന്നു.
കുട്ട്യാപ്പുവിന് നന്നായി കാളയുടെ ചിത്രം വരക്കാനറിയും. വലിയ കൊമ്പുള്ള കാളകളുടെ ചിത്രമാണവന്‍ വരക്കുക. സ്ലേറ്റില്‍ വരച്ച് എല്ലാവര്‍ക്കും കാണിച്ച് കൊടുക്കും. അവനിഷ്ടമുള്ളവരുടെ സ്ലേറ്റിലും വരച്ച് കൊടുക്കും. അല്ലാത്തവര്‍ പ്രതിഫലം നല്‍കണം. ഒരു മിഠായിയുടെ പൊട്ട്, കണ്ണിമാങ്ങ, പുളിങ്ങാക്കുരു, മഷിതണ്ട്, പെന്‍സില്‍ കഷ്ണം ഇതൊക്കെയായിരുന്നു അവനെ പ്രലോഭിപ്പിക്കാനുള്ള കൈക്കൂലികള്‍. ഒരു കൈക്കൂലിയുമില്ലാതെ എനിക്ക് വരച്ചു തന്നിരുന്നു. കാരണം അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നല്ലോ ഞാന്‍.
ഓര്‍മയില്‍ തെളിയുന്ന ആദ്യത്തെ അധ്യാപകന്റെ മുഖം സോമന്‍ മാഷിന്റേതാണ്.
ഇടുക്കി ജില്ലക്കാരനായ അദ്ദേഹം വര്‍ഷങ്ങളോളം ഞങ്ങളുടെ സ്‌കൂളിലെ കിരീടം വെക്കാത്ത രാജാവായി. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ നയം. ഞങ്ങളുടെ പേടി സ്വപ്‌നവും അദ്ദേഹമായിരുന്നു. കറുത്ത താടി, മുഖത്ത് കട്ടികണ്ണട, കനത്ത ശബ്ദം, തുറിച്ചുള്ള നോട്ടം, എപ്പോഴും കയ്യില്‍ നീട്ടിപ്പിടിച്ച വടി, ഒത്തപൊക്കവും അതിനൊത്ത വണ്ണവുമുള്ള ഒരു ഭീകര ജീവിയായിരുന്നു ഞങ്ങള്‍ക്കദ്ദേഹം. തെറ്റോ കുറ്റമോ കണ്ടാല്‍ ഒരലര്‍ച്ചയാണ്. അതുമാത്രം മതി നിന്നനില്‍പ്പില്‍ ഏത് ഭയങ്കരനും മൂത്രമൊഴിക്കാന്‍. അങ്ങനെ മൂത്രമൊഴിച്ചവരുടെ കണക്കെടുക്കുക പ്രയാസം. മാഷ് അടുത്തേക്ക് വരുന്നത് തന്നെ കുട്ടികള്‍ക്ക് പേടിയായിരുന്നു. ഒന്നു കണ്ണുരുട്ടിയാല്‍ മാത്രം മതി എല്ലാ കള്ളത്തരവും പുറത്തേക്ക് വരും.
എന്നാല്‍ മാഷ് അടിക്കുന്നത് വല്ലപ്പോഴുമായിരുന്നു. ആ കനത്ത ശബ്ദത്തിന്റെ ആജ്ഞ. അതായിരുന്നു അദ്ദേഹത്തിന്റെ ആയുധം. അതില്‍ എല്ലാവരെയും അടക്കി നിര്‍ത്തി. കുരുത്തക്കേട് കാണിക്കുന്നവരെ ബെഞ്ചില്‍ കയറ്റി നിര്‍ത്തി. എല്ലാവരും സ്‌കൂള്‍വിട്ട് പോയാലും അവരെമാത്രം പിടിച്ച് വെച്ചു. അന്ന് രാത്രി മുഴുവന്‍ ഒറ്റക്ക് ആ ക്ലാസില്‍ കഴിയാനാകും കല്‍പ്പന. എല്ലാ കുട്ടികളും സ്‌കൂള്‍ പരിസരം വിട്ട് പോയിട്ടുണ്ടാകും. അപ്പോള്‍ കുഴപ്പക്കാരായ കുട്ടികളെ വിചാരണ ചെയ്യുകയാകും അദ്ദേഹം. പിന്നെ ജിന്നുകളുടെയും പിശാചുക്കളുടെയും പേടിപ്പെടുത്തുന്ന കഥകൂടി പറഞ്ഞെങ്കിലേ മൂപ്പര്‍ക്ക് തൃപ്തിയാകൂ. അപ്പോള്‍ കുട്ടികള്‍ ഭയന്ന് വിറക്കും. കൂട്ട നിലവിളി ഉയരും. അതിന് ശേഷമേ കുറെ താക്കീതുകള്‍ നല്‍കി പറഞ്ഞ് വിടുകയുള്ളൂ. ഇങ്ങനെ സോമന്‍ മാഷിന് മാത്രമുള്ള ലീലാവിലാസങ്ങള്‍ ഒരുപാടുണ്ട്.
ഭയന്നുവിറച്ച എത്രയോ അനുഭവങ്ങള്‍ സോമന്‍ മാഷ് പിടികൂടിയതിനെത്തുടര്‍ന്ന് എനിക്കും ഉണ്ടായിട്ടുണ്ട്. മാഷ്‌ക്ക് കാരണങ്ങള്‍ ഏറെയൊന്നും വേണ്ട. പിടികൂടാന്‍, ശാസിക്കാന്‍, ക്രൂശിക്കാന്‍, കണ്ണുരുട്ടി പേടിപ്പിക്കാന്‍, വടിചുഴറ്റി അലറാന്‍. പക്ഷേ, ഒരിക്കലും ഞങ്ങള്‍ക്കറിയില്ലായിരുന്നു അതെല്ലാം ഞങ്ങളെ പേടിപ്പിക്കാന്‍വേണ്ടി മാത്രം മാഷ് കാണിക്കുന്ന ചില നമ്പരുകളായിരുന്നുവെന്ന്.
പക്ഷേ, പിഞ്ചു മനസ്സുകളില്‍ സോമന്‍ മാഷ് വിതക്കുന്ന ഭീതിയുടെ വിത്തുകള്‍ അപ്പോഴേക്കും വളര്‍ന്ന് വികസിച്ചിരിക്കും. നന്നായി പഠിക്കുന്ന കുട്ടികളെപ്പോലും ആ ഭയം ഗ്രസിച്ചിരിക്കും.
കുട്ടികള്‍ക്ക് ക്ലാസ്സിനിടക്ക് മൂത്രമൊഴിക്കാന്‍ അനുവാദം ചോദിക്കാന്‍ പോലും ഭയമായിരുന്നു. അതുകൊണ്ട് തന്നെ താഴ്ന്ന ക്ലാസ്സുകളിലെ ബെഞ്ചില്‍ പ്രഥമികകൃത്യം നിര്‍വഹിക്കുന്നവര്‍ പതിവായിരുന്നു. എല്ലാം കഴിഞ്ഞ് സമീപത്തിരിക്കുന്ന കുട്ടികളാകും അധ്യാപകരോട് പറയുക. അപ്പോള്‍ മാത്രം മിഴിച്ചുനോക്കുന്നു അധ്യാപകര്‍. ഞാനും അതിന്റെ ഇരയായതിന്റെ ഓര്‍മകളില്‍ ഇന്നും ജാള്യത വന്നുമൂടുന്നു.
ഒന്നാം ക്ലാസ്സില്‍ തന്നെയായിരുന്നു ഞാന്‍.
സോമന്‍ മാഷിന്റെ ഭേദ്യം ചെയ്യലുകള്‍ക്ക് വിധേയമായ ഒരു ദിനത്തിന്റെ പിറ്റേന്നാണെന്നാണ് ഓര്‍മ. വീണ്ടും അദ്ദേഹം ക്ലാസിലെത്തിയിരിക്കുന്നു. ചിരിച്ചും കളിച്ചും ക്ലാസെടുക്കുന്നു. തലേന്നത്തെ സംഭവമെല്ലാം അദ്ദേഹം മറന്നത് പോലെ. എന്നാല്‍ എന്റെ വിറയല്‍ മാഞ്ഞിരുന്നില്ല. ഉച്ചയോടടുത്ത സമയം. എനിക്ക് ഭയങ്കരമായ വയറുവേദന. ഇടവേള കഴിഞ്ഞുള്ള ആദ്യ പീരിയഡില്‍ തുടങ്ങിയതാണ്. ആരോടും പറഞ്ഞില്ല. കടിച്ചു പിടിച്ചു. മാഷിന്റെ ക്ലാസൊന്നും ചെവിയില്‍ കയറുന്നില്ല. എനിക്ക് പുറത്തുപോയേ മതിയാകൂ. കക്കൂസില്‍ ഇരുന്നെങ്കിലേ അതടങ്ങൂ. പക്ഷേ, എന്തുചെയ്യും...?
വേദന സഹിക്കുന്നില്ല. കരച്ചില്‍ വരുന്നു. സങ്കടം വരുന്നു. കണ്ണുകള്‍ നിറയുന്നു. എന്നിട്ടും തുറന്നുപറയാന്‍ നാവ് പൊങ്ങുന്നില്ല. ഒടുവില്‍....
മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും എന്റെ മുഖം അപമാനഭാരത്താല്‍ താഴുകയാണ്. കളിയാക്കി ചിരിച്ച കുട്ടികളുടെയും പുലഭ്യം പറഞ്ഞ ലില്ലി ടീച്ചറുടെയും മുഖം ഞാന്‍ കണ്‍മുമ്പില്‍ കാണുകയാണ്. സ്‌കൂള്‍ കെട്ടിടത്തിലെ ആദ്യ ഹാളില്‍ ആദ്യത്തെ ക്ലാസ് മുറിയിലെ മൂന്നാമത്തെ ബെഞ്ചിലായിരുന്നു എന്റെ.. ഗതിമുട്ടിയപ്പോള്‍ പറ്റിപ്പോയതായിരുന്നു.
എന്നിട്ടും ഒരു കൊലപാതകിയെപ്പോലെ എന്നെ എല്ലാവരും തുറിച്ചുനോക്കി. വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളിയെപ്പോലെ ഞാന്‍ തലതാഴ്ത്തിയിരുന്നു. ആരാച്ചാരുടെ ഊഴവും കാത്ത് നില്‍ക്കുന്നവനെപ്പോലെ ക്ലാസില്‍ വിറപൂണ്ട് നിന്നു. ആകാശം ഇടിഞ്ഞു വീഴുന്ന സോമന്‍ മാഷിന്റെ അലര്‍ച്ചക്കും വിധിതീര്‍പ്പിനുമുള്ള കാത്തിരിപ്പ്. എന്നാല്‍ മാഷ് അലറിവിളിച്ചില്ല. ചൂരല്‍ ചുഴറ്റി വിധി പ്രസ്താവിച്ചില്ല. പകരം വല്ലാത്തൊരു നോട്ടമെന്നെ നോക്കി. പക്ഷേ അതുമതിയായിരുന്നു ഞാന്‍ കൂടുതല്‍ തകര്‍ന്നുപോകാന്‍. ബെഞ്ചില്‍ പ്രാഥമിക കൃത്യം നിര്‍വഹിച്ചു എന്നതിലല്ല അതിന്റെ അതിശയം ഒളിഞ്ഞിരിക്കുന്നത്. ടീച്ചര്‍മാരെയും കുട്ടികളെയും ആശ്ചര്യപ്പെടുത്തിയതും മലത്തിന്റെ നിറമായിരുന്നു.
അതെ കരിക്കട്ടയുടെ നിറം.
സ്‌കൂളിലെ ഒരുകുട്ടി കരിക്കട്ട തൂറിയിരിക്കുന്നു.!
അധ്യാപകര്‍ക്കും മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികള്‍ക്കുമെല്ലാം പറഞ്ഞ് നടക്കാനും ഓര്‍ത്തോര്‍ത്ത് ചിരിക്കാനും ഒരു കഥയായിരിക്കുന്നു. കരിക്കട്ടതൂറിയകുട്ടി. ഏറെ കാലത്തേക്ക് എനിക്കുള്ള വിളിപ്പേരായിരുന്നു അത്. തിരിച്ചറിവിനായി പലരും എന്നെ അങ്ങനെ വിളിച്ചു. സല്‍കീര്‍ത്തി ഇഴഞ്ഞ് നീങ്ങുമ്പോള്‍ ദുഷ്‌കീര്‍ത്തി പാഞ്ഞാണല്ലോ നീങ്ങുക. എല്ലാവരും അറിഞ്ഞു ആ കഥ. അറിയാത്തവര്‍ക്ക് കൂടി വഴിയോരത്ത് നിന്ന് ചിലര്‍ ചൂണ്ടിക്കാണിച്ച് കൊടുത്തു.
ദാ ആ പോണതാ...
പാവം എന്റെ സഹോദരി സുലൈഖ.
ഞാന്‍ ക്ലാസില്‍ ഈ കൃത്യം നിര്‍വഹിച്ചപ്പോള്‍ അത് വൃത്തിയാക്കേണ്ട ഗതികേടുണ്ടായത് അവള്‍ക്കായിരുന്നു. എന്നെ മാത്രമല്ല, അവളെയും വെറുതെവിട്ടില്ല പരിഹാസ കമ്മിറ്റിക്കാര്‍. എത്ര അപമാനം സഹിച്ചുകൊണ്ടായിരിക്കും അവളാ ക്ലാസ് മുറിയില്‍ വന്ന് ... എന്നിട്ടും അവളത് ചെയ്തു.
എത്രയോ സ്ഥലത്തുവെച്ച് ഞാന്‍ അപമാനിക്കപ്പെട്ടു. ഉമ്മയും സഹോദരിയും അപഹാസ്യരായി. എല്ലാം ഈ ഒരു സംഭവത്തിന്റെ പുറത്ത്.
പിന്നെയും വര്‍ഷങ്ങള്‍ കടന്നുപോയി.
കൂടെ പഠിച്ചിരുന്ന സമീറയും ശരീഖയും സഫിയ്യയും സുബൈദയും വിവാഹിതരായി. രണ്ടോ മൂന്നോ കുഞ്ഞുങ്ങളുടെ ഉമ്മമാരായി. അതിന് ശേഷം ഞാന്‍ വീണ്ടും സമീറയെ കണ്ടു. പ്രദേശത്തെ പത്രഏജന്റായിരിക്കുമ്പോള്‍ അവളുടെ വീട്ടില്‍ പത്രമിട്ടപ്പോഴായിരുന്നു ആ കൂടിക്കാഴ്ച. അന്നും അവള്‍ എന്നെ ഓര്‍ത്തെടുത്തത് ഈ കരിക്കട്ട തൂറിയ കഥ പറഞ്ഞ് കൊണ്ടായിരുന്നു.
ഒരുകാര്യം തീര്‍ത്തുപറയട്ടെ. ഇത്രയും വലിയ അപമാന ഭാരം പേറി പതിറ്റാണ്ടുകളോളം എനിക്ക് തലതാഴ്ത്തി നടക്കേണ്ട ഗതികേട് ഉണ്ടാക്കി തന്നതിനു പിന്നില്‍ അധ്യാപകരുടെ ഇടപെടല്‍ തന്നെയായിരുന്നു. പേടിപ്പിച്ചും ഭയപ്പെടുത്തിയും അവര്‍ ഉണ്ടാക്കിയെടുത്ത അകല്‍ച്ചയുടെ വന്‍ മതിലിനോട് ഞാനെങ്ങനെ അടുക്കും...? അവരോട് ഹൃദയം തുറന്ന് സംസാരിക്കാന്‍ എങ്ങനെ ഒരു ആറ് വയസ്സുകാരന് സാധിക്കും...? ആ നിലപാടുകളെ തൂറി തോല്‍പ്പിക്കുകയല്ലാതെ എനിക്ക് മറ്റെന്ത് ചെയ്യാനാകും...?
വാല്‍ കഷ്ണം
കരിക്കട്ട തൂറിയതിന്റെ ഗുട്ടന്‍സ് എനിക്ക് തന്നെ പിടികിട്ടാന്‍ ദിവസങ്ങളെടുത്തു. വീട്ടില്‍ നിന്നും ഞാന്‍ ചിലപ്പോഴെല്ലാം മണ്ണും ചിതലും തിന്നിരുന്നു. ഒരു രസത്തിന് കരിക്കട്ടയേയും കൂടെക്കൂട്ടി. റോഡില്‍ വാഹനങ്ങളില്‍ നിന്ന് തെറിച്ച് വീണ ഗ്രീസ് തിന്നാന്‍ എന്നെ പഠിപ്പിച്ചത് കൂട്ടുകാരന്‍ ചെറിയാപ്പയാണ്. കൂട്ടത്തില്‍ ഞാന്‍ കരിക്കട്ടയും ധാരാളമായി ഉപയോഗിച്ചു. ആരുമറിയാതെ. ആര്‍ക്കും പിടികൊടുക്കാതെ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)






















