18/9/11

എന്തിനാണ്‌ ഇത്തരം ബ്ലോഗ്‌ മീറ്റുകള്‍....?


ആറ്റു നോറ്റാണ്‌ കണ്ണൂരില്‍
ഒരുബ്ലോഗ്‌ മീറ്റ്‌ നടക്കുന്നതറിഞ്ഞ്‌ സുഹൃത്ത്‌ മുഖ്‌താറിനോടൊപ്പം ഒരുരാത്രിയിലെ ഉറക്കവും കളഞ്ഞ്‌ പുലെര്‍ച്ചെ കണ്ണൂരില്‍ വണ്ടിയിറങ്ങുന്നത്‌. ആദ്യമായാണ്‌ സൈബര്‍ ലോകത്തെ മഹാരഥന്‍മാരെയൊക്കെ കാണാമല്ലോ എന്ന ആഗ്രഹത്തോടെ ആ യാത്രക്കൊരുങ്ങിയത്‌. എന്നാല്‍ മഹാഥന്‍മാരാരേയും കണ്ടില്ല. ഫെയ്‌സ്‌ ബുക്ക്‌, ട്വിറ്റര്‍ ഓര്‍ക്കൂട്ട്‌ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളിലെല്ലാം സജീവമായവര്‍ക്കൊക്കെ പ്രവേശമുണ്ടായിരുന്നുവെങ്കിലും ഇവിടെ ബ്ലോഗര്‍മാരെയായിരുന്നു നിറഞ്ഞ്‌ കണ്ടത്‌.
ലൈബ്രറി ഹാളിലെത്തുമ്പോള്‍ സംഘാടകരിലെ ഒന്നോ രണ്ടോ പേര്‍. കുറെ കസേരകളും മൈക്ക്‌ ഓപ്പറേറ്ററും മാത്രം. ഒരു അനുശോചനയോഗത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയില്‍ പരിപാടി വൈകിയാണ്‌ തുടങ്ങിയത്‌. കാട്ടിക്കൂട്ടല്‍ അസോസിയേഷനാണ്‌ സംഘാടകര്‍ എന്ന്‌ പിന്നെയും പിന്നെയും അവര്‍ പ്രഖ്യാപിച്ച്‌ കൊണ്ടേയിരുന്നു.
ചടങ്ങിന്‌ സ്വാഗതമോതേണ്ട മഹാന്‍ ഊണിനുള്ള ഇലയും ചോറുമായി കയറി വന്നു ഉച്ചക്ക്‌.
രാവിലെ ചായ എന്ന ഒന്ന്‌ കണ്ണൂരുകാര്‍ക്ക്‌ പതിവേയില്ലെന്നും തോന്നിപ്പിച്ചു അതെക്കുറിച്ചുള്ള മൗനത്തെ വായിച്ചപ്പോള്‍.
പാളിച്ചകളെ പറ്റി ഇടക്കിടെ പ്രഖ്യാപിക്കുന്ന ദൗത്യം മാത്രം ഒരുമുതിര്‍ന്ന അംഗം നിര്‍വഹിച്ച്‌ കൊണ്ടേയിരുന്നു.
അതൊക്കെ പോകട്ടെ. തങ്ങള്‍ പരാജയപ്പെട്ട ഒരു ജനവിഭാഗത്തിന്റെ പ്രതിനിധികളാണെന്നതായിരുന്നു ചിലരുടെ പ്രഖ്യാപനങ്ങള്‍. (അതായത്‌ കഥയും കവിതയും മറ്റും എഴുതി പത്രമാസികകള്‍ക്ക്‌ അയച്ചുകൊടുത്തിരുന്നു. ഒന്നും പ്രസിദ്ധീകരിച്ച്‌ കണ്ടില്ല. അപ്പോഴാണ്‌ ബ്ലോഗര്‍ എന്ന പുതിയ മേല്‍വിലാസം സ്വന്തമാക്കിയത്‌. ഇത്‌ ബ്ലോഗുകളില്‍ വരുന്നതൊക്കെ ചവറുകളാണെന്ന സന്ദേശം നല്‍കുന്ന തരത്തിലായിരുന്നു. പരാജയപ്പെട്ടവരുടെ ഇടത്താവളമാണ്‌ ബ്ലോഗുകളെന്നും അവര്‍ ഇടക്കിടെ ഓര്‍മപ്പെടുത്തികൊണ്ടേയിരുന്നു.
പരിപാടി എന്നൊന്നും പറഞ്ഞ്‌ കൂടാ. വന്നവരുടെ പരിചയപ്പെടല്‍ മാത്രമാണ്‌ കലാപരിപാടിയിലെ മാസ്റ്റര്‍ പീസ്‌. വ്യക്തമായ അജന്‍ഡയോ നിയമാവലികളോ ഇല്ലാത്ത കൂടിച്ചേരല്‍. അതെന്തിന്‌ വേണ്ടിയാണെന്ന്‌ ചോദിച്ചാല്‍ ഉത്തരമില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും നേട്ടമുണ്ടായോ എന്ന്‌ ചോദിച്ചാല്‍ അതിനുമില്ല ഉത്തരം. ഓണസദ്യയുണ്ട്‌ മടുത്തവരെ വീണ്ടും കയ്യിലെ പൈസ മുടക്കി കണ്ണൂരിലേക്ക്‌ ഓണമുണ്ണാന്‍ ക്ഷണിക്കുകയായിരുന്നു. വന്നവരുടെ എണ്ണം കുറഞ്ഞ്‌പോയതിലുള്ള പരിഭവങ്ങളുടെ കെട്ടഴിക്കുന്നവര്‍ ഈ കൂട്ടായ്‌മക്ക്‌ ചര്‍ച്ചചെയ്യാന്‍ പ്രത്യേക വിഷയമോ പ്രമേയമോ നിശ്ചയിച്ചിരുന്നുവെങ്കില്‍ എത്ര നന്നായേനെ.
ബ്ലോഗ്‌ എന്ന മാധ്യമത്തിന്റെ സാധ്യതയെക്കുറിച്ച്‌ ഒരു ചര്‍ച്ച. ഈ മാധ്യമം നേരിടുന്ന വെല്ലുവിളി. അതിജീവനത്തിന്റെ വഴികള്‍. ബ്ലോഗര്‍മാരുടെ പ്രശ്‌നങ്ങള്‍... അങ്ങനെ എന്തെല്ലാം വിഷയങ്ങള്‍... അവസാനം എന്തെങ്കിലുമൊരു പ്രമേയവും പാസാക്കി ഒരു റിലീസിറക്കിയിരുന്നുവെങ്കില്‍ പത്രങ്ങളില്‍ രണ്ടുകോളം വാര്‍ത്തയെങ്കിലും വന്നേനെ.
ലോക്കല്‍ പേജില്‍ നിന്നും മോചനം കിട്ടുമായിരുന്ന ഒരുവാര്‍ത്ത. കാര്യമായി അവിടെ നടന്നത്‌ ചിലരുടെ കവിതാ വില്‍പ്പന എന്ന സാംസ്‌കാരിക പ്രവര്‍ത്തനം മാത്രമാണ്‌.
ഇതെഴുതുന്നത്‌ ഞാനൊരു ബ്ലോഗറായതുകൊണ്ടല്ല. ആ നിലയില്‍ അറിയപ്പെടാന്‍ ആഗ്രഹവുമില്ല. മറിച്ച്‌ അക്ഷരങ്ങളെ സ്‌നേഹിക്കുകയും അക്ഷരംകൊണ്ട്‌ അന്നമുണ്ണുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ ഇത്തരം കൂട്ടായ്‌മകള്‍ ഇനിയും ഉണ്ടാകണമെന്ന്‌ ആഗ്രഹിക്കുന്ന ഒരാളാണ്‌ ഞാന്‍. ബ്ലോഗറെന്നും എഴുത്തുകാരനെന്നും പത്രപ്രവര്‍ത്തകനെന്നും പറഞ്ഞ്‌ വേര്‍തിരിക്കാതെ അക്ഷര സൗഹൃദങ്ങള്‍ക്ക്‌ പലതും ചെയ്യാനാകുമെന്ന്‌ തിരിച്ചറിയാനായത്‌ കൊണ്ട്‌ കൂടിയാണിത്‌ പറയുന്നത്‌. ടൈംപാസുകളാവരുത്‌ ഇത്തരം മീറ്റുകള്‍. അതോടൊപ്പം പുതിയ ചര്‍ച്ചകളെക്കുറിച്ചും വഴികളെക്കുറിച്ചും ഉറക്കെ ചിന്തിക്കുന്നതിനാകണം. വ്യക്തമായ പ്ലാനും കൃത്യമായ ലക്ഷ്യങ്ങളും ഭേദപ്പെട്ട അജന്‍ഡകളുമില്ലാതെ ആളെക്കൊല്ലാന്‍ ക്ഷണിക്കരുതേ എന്ന്‌ കൂടി ഓര്‍മപ്പെടുത്തുന്നതിനാണ്‌. എല്ലാവര്‍ക്കും നന്മ വരട്ടെ.
ഇത്‌ ദുരുദേശങ്ങളുടെ ഒരു കുറിപ്പല്ലെന്ന്‌ കൂടി അടിവരയിട്ട്‌ പറയട്ടെ.....


23 അഭിപ്രായങ്ങൾ:

  1. എന്തിനാണ്‌ ഇത്തരം ബ്ലോഗ്‌ മീറ്റുകള്‍....?

    മറുപടിഇല്ലാതാക്കൂ
  2. തുറന്നു പറഞ്ഞതു നന്നായി..പിന്നെ ബ്ലോഗ്ഗ് മീറ്റുകള്‍ എഴുത്തിലൂടെ പരസ്പരം അറിയുന്നവര്‍ ഒന്നു നേരിട്ടു ഒത്തുകൂടുക എന്ന ഉദ്ദേശത്തോടെ നടത്തപ്പെടുന്നതു കൊണ്ടാവണം കാര്യപ്രസക്തിനഷ്ടപ്പെടുന്നത്.

    മറുപടിഇല്ലാതാക്കൂ
  3. ശാരീരികമായി, അകലങ്ങളിൽ മാനസികമായി വളരെ അടുപ്പത്തോടെ കഴിഞ്ഞു വരുന്നവരുടെ ആഗ്രഹങ്ങളിലൊന്നായിരിക്കും ഒന്ന് നേരിൽ കാണുക എന്നത്. ആ ഒരാഗ്രഹം സാധിക്കുമെങ്കിൽ, ആ ഒരാഗ്രഹമെങ്കിലും സാധിക്കുമെങ്കിൽ ഓരോ മീറ്റും പൂർണ്ണ വിജയമായി എന്നു പറയാം.അതു തന്നെയാണ്,കണ്ണൂരിലും കണ്ടതും;സംഘാടകർ പ്രതീക്ഷിച്ചതും!രാവിലെ മീറ്റ് ഹാളിലെത്തി ഉച്ചക്ക് പിരിയുന്ന വിരുന്നുകാർക്ക് 10 മിനിട്ട് വീതം നൽകിയാൽ എത്ര പേർക്ക് അവരെയൊന്ന് നേരെ ചൊവ്വേ പരിചയപ്പെടുത്താൻ സാധിക്കും? എത്രയൊക്കെ ശുഷ്കമെന്നാരോപിച്ചാലും,ഏത് ഓണം കേറാ മൂലയിൽ മീറ്റ് വച്ചാലും,കടലും താണ്ടി ആൾക്കാർ വരുന്നത് പിന്നെന്തു പ്രതീക്ഷിച്ചാണ്? ഒരു മീറ്റ് കൊണ്ട് എല്ലാമങ്ങ് അടിമറിക്കാമെന്നോ?
    ഗിന്നസ് ബുക്കിൽ കയറാൻ 2500000/-രൂപ മുടക്കി പൂക്കളമൊരുക്കുന്ന സാഹസത്തിന് പിന്താങ്ങികൾ ഏറെയുണ്ടാകും.നമ്മുടെ അപ്രതീക്ഷിത ദേശീയോത്സവമായ ഹർത്താലിനും കിട്ടും ഏറെ ആളുകൾ,പിന്താങ്ങികളായിട്ട്! അതു പോലെ കുറച്ചാളുകൾ ഒരുമിച്ച് കൂടുന്നതിൽ എന്തു തെറ്റാണുള്ളത്? നമുക്കതങ്ങ് സമ്മതിക്കാം.വരുന്നവർ വരട്ടെ.വരാത്തവർ പോട്ടെ. നമ്മൾ വരുന്നവരുടെ ചെലവൊന്നും എടുക്കേണ്ടല്ലൊ.പിന്നെന്തിനാണീ അനാവശ്യ ആരോപണം? ഇവിടുത്തെ സംഘാടകർ അവർക്കാകുന്നത് ചെയ്തു. അവരുടെ രീതിയിൽ.ഇത് നന്നായില്ലെന്ന് തോന്നുന്നവർ അവരുടെ രീതിയിൽ അജണ്ടയും,ഔപചാരികതയും ഒക്കെയാക്കി മീറ്റ് നടത്ത്.നമുക്കതും കാണാലോ.

    മറുപടിഇല്ലാതാക്കൂ
  4. ബ്ലോഗ് മീറ്റുകൾ ആത്യന്തികമായി സൌഹൃദ മീറ്റുകളാണ്. അവിടെ പത്രക്കാർക്ക് കൊടുക്കാൻ ആഗോളവൽക്കരണത്തിനെതിരായോ, തമോഗർത്തത്തിലെ ഗട്ടറിനെപ്പറ്റിയോ ഉള്ള പ്രസ്താവനകളോ ഉണ്ടാവില്ല. സ്വാഗതമോ അധ്യക്ഷനോ ഉപഹാരമോ ഉണ്ടാവാറില്ല. അതറിയാവുന്നവരാണ് വരുന്നവരെല്ലാം. മീറ്റ് പരിപാടിയുടെ പോസ്റ്റിൽ അതൊക്കെ പറഞ്ഞിട്ടുണ്ട്. പത്ത് മണിക്ക് തുടങ്ങുമെന്ന് പറഞ്ഞ പരിപാടി കൃത്യം പത്ത് മണിക്ക് തുടങ്ങിയിട്ടുണ്ട്. ഒട്ടും ലേറ്റ് അല്ല. പത്ത് മണിയുടെ പരിപാടിക്ക് 8 മണിക്ക് ഹാളിലെത്തിയാൽ മൈക്ക് ഓപ്പറേറ്ററെ കണ്ടതെങ്കിലും ഭാഗ്യം. ബ്ലോഗ് മീറ്റിലെ ചടങ്ങുകൾ നടത്തുന്നതും നിയന്ത്രിക്കുന്നതും പങ്കെടുക്കുന്ന ബ്ലോഗർമാർ തന്നെയാണ്. കൊട്ടാരക്കരയുള്ള ഷെരീഫ്ക്കയായിരുന്നു കണ്ണൂരിലെ മോഡറേറ്ററെന്നത് ശ്രദ്ധിച്ചിരിക്കുമല്ലൊ. ബ്ലോഗ് എന്ന മാധ്യമത്തിന്റെ പ്രചാരണത്തിനു വേണ്ടി സദ്യക്ക് ശേഷം പഠിത്താക്കൾക്ക് വേണ്ടി ഉപകാരപ്രദമായ ക്ലാസ്സുമുണ്ടായിരുന്നു. ഒരു ചായ കിട്ടാത്തതിനു കണ്ണൂരുകാരെ മൊത്തം ആക്ഷേപിക്കുന്ന താങ്കൾ ബ്ലോഗിങ്ങിന്റെ ഭാവിയെപ്പറ്റിയൊക്കെ ഉത്കണ്ഠപ്പെടുന്നത് നല്ല രസായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  5. താങ്കൾ താങ്കളുടെ അഭിപ്രായം തുറന്നു പറഞ്ഞു. അതിനു പ്രതികരണമായി വിധുചോപ്രയും അദ്ദേഹത്തിന്റെ അഭിപ്രായം വളരെ ശക്തമായിത്തന്നെ എഴുതി.
    വ്യക്തമായ പ്ലാനും, കൃത്യമായ ലക്ഷ്യങ്ങളും, ഭേദപ്പെട്ട അജന്‍ഡകളുമില്ലാതെ പോയത് സംഘാടകരുടെ പിഴവ് തന്നെയാണ്.തങ്ങള്‍ പരാജയപ്പെട്ട ഒരു ജനവിഭാഗത്തിന്റെ പ്രതിനിധികളാണെന്നാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിലും അല്പം കാര്യമില്ലേ ?

    ‘ശാരീരികമായി, അകലങ്ങളിൽ മാനസികമായി വളരെ അടുപ്പത്തോടെ കഴിഞ്ഞു വരുന്നവരുടെ ആഗ്രഹങ്ങളിലൊന്നായിരിക്കും ഒന്ന് നേരിൽ കാണുക എന്നത്. ആ ഒരാഗ്രഹം സാധിക്കുമെങ്കിൽ, ആ ഒരാഗ്രഹമെങ്കിലും സാധിക്കുമെങ്കിൽ ഓരോ മീറ്റും പൂർണ്ണ വിജയമായി എന്നു പറയാം‘ വിധുചോപ്രയുടെ ഈ അഭിപ്രായത്തോട് യോജിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  6. താങ്കള്‍ക്കു താങ്കളുടെ അഭിപ്രായ നിര്‍ദേശങ്ങള്‍ അവിടെത്തന്നെ വ്യക്തമായി ധൈര്യമായി പറയാമായിരുന്നു.
    ബ്ലോഗ്‌ പരാജയമായാലും വിജയമായാലും അതിനുപിറകിലെ ആളുകളുടെ ഒരുപാട് നാളത്തെ പരിശ്രമങ്ങളെ നാം കാണാതെപോകരുത്.
    അതിനു പകരം ഇങ്ങനെ ബ്ലോഗില്‍ വിഴുപ്പലക്കിയത് മോശമായി.

    മറുപടിഇല്ലാതാക്കൂ
  7. ഒരുപാട്‌ സാഹിത്യ രാഷ്‌ട്രീയ ക്യാമ്പുകളില്‍ പങ്കെടുക്കുകയും സംഘടിപ്പിക്കുകയും അതിന്റെ മധുരമായ ഓര്‍മകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്യുന്നത്‌ കൊണ്ടാണ്‌ എന്നെ തികച്ചും നിരാശപ്പെടുത്തിയ ഒരു ക്യാമ്പിനെക്കുറിച്ച്‌ പറഞ്ഞത്‌. കിണറ്റിലെ തവളക്ക്‌ കിണര്‍ തന്നെ ലോകമെന്ന്‌ പറയാറുണ്ട്‌. അവിടെ പങ്കെടുത്തവര്‍ക്കും സംഘാടകര്‍ക്കും അത്‌ തന്നെയാണ്‌ ലോക സമ്മേളനങ്ങളുടെ മാര്‍ഗരൂപമെന്ന്‌ അഭിപ്രായമുണ്ടെങ്കില്‍ ആ ധാരണ തിരുത്താനൊന്നും എനിക്ക്‌ ഉദ്ദേശമില്ല.
    എന്റെ അഭിപ്രായങ്ങള്‍ തുറന്ന്‌ പറഞ്ഞിരുന്നു. വെറുതെ ഒരു ഒത്തുചേരലാവരുത്‌ ഈ കൂട്ടായ്‌മ. വിവിധ ദിക്കുകളില്‍ നിന്നെത്തിയവരാണ്‌ നമ്മള്‍. നമുക്ക്‌ മാത്രമായി ചിലത്‌ ചെയ്യാനുണ്ട്‌. ചെയ്യേണ്ടതുമുണ്ട്‌. അത്‌ കൂട്ടായി ചര്‍ച്ചചെയ്യുകയും നടപ്പില്‍ വരുത്തുകയും ചെയ്യണമെന്ന്‌ തന്നെയാണ്‌ ചില ഉദാഹരണങ്ങള്‍ ചൂണ്ടിപറഞ്ഞത്‌. ഹിരോഷിമയില്‍ അണുബോംബിട്ടതിനും വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ തകര്‍ത്തതിനും ഉത്തരം കണ്ടെത്തണമെന്നല്ല.
    ഫലസ്‌തീന്‍ പ്രശ്‌നത്തിന്‌ പരിഹാരമുണ്ടാക്കി മാത്രമേ തിരിച്ച്‌ മടങ്ങാവൂ എന്നുമല്ല.
    ഒരു ചായകിട്ടിയില്ലെന്ന്‌ തമാശയായി സൂചിപ്പിച്ച്‌ പോയയാള്‍ക്ക്‌ പിന്നെ ബ്ലോഗുകളുടെ ഭാവിയെക്കുറിച്ച്‌ ആശങ്കപ്പെടാനാവില്ലെന്ന നിയമമുണ്ടെന്ന്‌ എനിക്കറിയില്ലായിരുന്നു. ക്ഷമിക്കണം സര്‍. അവിടെ മുഴങ്ങിക്കേട്ട അഭിപ്രായം തുറന്ന്‌ പറഞ്ഞെന്നെയുള്ളൂ.
    അറിയാത്ത നാടുകളില്‍ കഴിഞ്ഞ്‌ കൂടുന്നവര്‍ തമ്മില്‍ കാണുന്നതിനെയോ സൗഹൃദം പങ്കുവെക്കുന്നതിനോയോ അല്ല ഞാന്‍ വിമര്‍ശിച്ചത്‌. അതോടൊപ്പം കൃത്യമായ പ്ലാനും ലക്ഷ്യവും അജന്‍ഡയും കൂടി ഉണ്ടെങ്കില്‍ എന്താണ്‌ കുഴപ്പം...?
    അതില്ലാതെ പോയെങ്കില്‍ അത്‌ സംഘാടകരുടെ കുഴപ്പമാണെന്ന്‌ തുറന്ന്‌ പറഞ്ഞെങ്കില്‍ അതാണോ അപരാധം...? അതിന്റെ പേരാണോ വിഴുപ്പലക്കല്‍...?
    എന്ത്‌പേര്‌ ചൊല്ലിവിളിച്ചാലും സാമൂഹികമായ ഒരുപാട്‌ പരിപാടികള്‍ നടത്തിയും നടത്തിച്ചും കുടുംബജീവിതം തന്നെ കളഞ്ഞ്‌കുളിച്ച്‌ മറ്റൊരാളിന്റെ ജീവന്‍രക്ഷിക്കുന്നതിനിടെ പിടഞ്ഞ്‌ മരിച്ച ഒരു മനുഷ്യന്റെ മകനെ പുതിയ ക്യാമ്പ്‌ സംഘടിപ്പിക്കാനൊന്നും വെല്ലുവിളിച്ച്‌ പ്രകോപിപ്പിക്കരുതേ...അതും 15 വര്‍ഷമായി പിതാവിന്റെ പാത പിന്തുടരുകയും ഒരുപാട്‌ പരിപാടികള്‍ നടത്തുകയും നടത്തിക്കുകയും ചെയ്‌ത എന്നെ. മനുഷ്യാവകാശ പ്രവര്‍ത്തനത്തിന്റെ പേരില്‍ സോളിഡാരിറ്റിപോലുള്ള സംഘടന അവാര്‍ഡ്‌ നല്‍കി ആദരിച്ച എന്നെ.... കേരളത്തിലെ സാമൂഹിക പ്രതിബദ്ധതയുള്ള മൂന്ന്‌ പത്രപ്രവര്‍ത്തകരിലൊരാളായി തിരഞ്ഞെടുക്കപ്പെട്ട എന്നെ. ഇതൊക്കെ പറയാന്‍ ഉദ്ദേശിച്ചതല്ല. പറയിപ്പിച്ചതാണ്‌.
    ഒരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ വിമര്‍ശനങ്ങളുണ്ടാകും. കൈയ്യടിയും കിട്ടിയേക്കും. പക്ഷെ കൈയ്യടി മാത്രം പ്രതീക്ഷിച്ച്‌ നടത്തുന്ന സംഘാടകര്‍ കല്ലേറ്‌ കിട്ടുമ്പോള്‍ പ്രകോപിതരാകുകയാണിവിടെ. ആരോഗ്യകരമായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുകയും തുടര്‍ന്ന്‌ നടത്തുന്ന പരിപാടികളില്‍ അതില്ലാതാക്കാനുമല്ലെ ശ്രമിക്കേണ്ടത്‌...? ബ്ലോഗ്‌ മീറ്റിനെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ പിന്നെ എവിടെയാണ്‌ പങ്കുവെക്കേണ്ടത്‌...?
    ആരോഗ്യകരമായ ചര്‍ച്ചയും അതിനുള്ള പരിഹാരവും ഉണ്ടാകുമെന്ന്‌ കരുതിയാണ്‌ ഇങ്ങനെ ഒരുകുറിപ്പെഴുതിയത്‌. അത്‌ ചിലരെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമിക്കുക.

    തെരുവ്‌ തല്ലില്‍ ജയിക്കുന്നവനല്ല ശക്തന്‍...
    പ്രകോപനങ്ങളിലും പ്രലോഭനങ്ങളിലും
    പതറാത്തവനാണ്‌ ശക്തന്‍.

    മറുപടിഇല്ലാതാക്കൂ
  8. സ്നേഹത്തോടെ ഹംസ ആലുങ്കലിൻ , കണ്ണൂർ മീറ്റിന്റെ സംഘാടകൻ എന്ന നിലയിൽ താങ്കൾ പറഞ്ഞ വിമർശനങ്ങൾ ഉൾക്കൊള്ളുന്നു. കണ്ണൂർ മീറ്റ് അനൌൺസ് ചെയ്തതു മുതലുള്ള മീറ്റിന്റെ ഔദ്യോദിക ബ്ലോഗിലുള്ള പോസ്റ്റുകൾ താങ്കൾ വായിച്ചിരിക്കാൻ ഇടയില്ല എന്നാണൂ എനിക്കു തോന്നുന്നത്.. അതിൽ കാര്യങ്ങൾ എല്ലാം വിശദമായി അവതരിപ്പിച്ചിട്ടുണ്ട്. അതു വായിച്ചിരുന്നെങ്കിൽ താങ്കൾ ഇത്തരം ഒരു വിമർശ്ശനം ഉയർത്തില്ലായിരുന്നു കാരണം അതിൽ പറഞ്ഞ പരിപാടികളെല്ലാം 90%ഭംഗിയായി നടത്താൻ കഴിഞ്ഞിട്ടുണ്ട് എന്നുള്ളതു തന്നെയാണു സംഘാടക സമിതിയുടെ വിലയിരുത്തൽ. ഞങ്ങളെ കൊണ്ട് കഴിയുന്ന പരിപാടികളാണു ഞങ്ങൾ ചാർട്ട് ചെയ്തത്. ആ പരിപാടികൾ എല്ലാം നല്ല രീതിയിൽ നടന്നിട്ടും ഉണ്ട്.. പിന്നെ സ്വാഗതം ആശംസിക്കലും മറ്റും മാറിയത് മീറ്റിന്റെ തുടർച്ചയെ ബാധിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നിയില്ല ...പിന്നെ താങ്കൾ ഉദ്ദേശിക്കുന്നതു പോലുള്ള കാര്യമാത്ര പ്രസക്തമായ ഒരു ചർച്ച ചെയ്യാനുള്ള സമയം അവിടെ ഉണ്ടായിരുന്നില്ല എന്നതും സത്യമാണ്. വളരെ ദൂരെ നിന്നും വന്നു ചേർന്ന ബ്ലോഗർമ്മാർക്കെല്ലാം ഒന്നു പരിചയപ്പെടാനും നേരിൽ കാണാനും ഉള്ള ഒരു വേദിയാണു ഈ സൈബർ മീറ്റു കൊണ്ട് ഞങ്ങൾ ഉദ്ദേശിച്ചത്., അതോടൊപ്പം. പുതിയ ബ്ലോഗർമ്മാരെ കൊണ്ടുവരാനുള്ള ഒരു എളിയ പരിശ്രമവും. അതിന്റെ ഭാഗമായി 20ൽ അധികം കോളേജ് കുട്ടികൾക്ക് ബ്ലോഗിനെ കുറീച്ചും സോഷ്യൽ നെറ്റ് വർക്കിനെ കുറിച്ചും, വളരെ നല്ല രീതിയിൽ തന്നെ ക്ലാസ് നൽകാൻ കഴിഞ്ഞിട്ടും ഉണ്ട് അതൊരു പക്ഷെ താങ്കൾ കാണാൻ ഇടയില്ല ഊണിനു ശേഷം താങ്കൾ പോയിരിക്കും എന്നു ഞാൻ കരുതുന്നു. കുട്ടികൾ എല്ലാവരും വളരെ നല്ല ഒരു ക്ലാസായി തന്നെയാണു കാര്യങ്ങളുടെ ഫോളോ അപ് നടത്തിയപ്പോൾ ഞങ്ങളോട് പറഞ്ഞത്. പിന്നെ താങ്കൾ പറഞ്ഞതു പോലുള്ള ചർച്ചകളും ആശങ്കകൾ പങ്കു വെയ്ക്കലും ഒക്കെ നിരന്തരം ബ്ലോഗിൽ തന്നെ നടക്കുന്നുണ്ടല്ലോ... അതു കൊണ്ട് തന്നെയാണൂ അത്തരം ഗൌരവങ്ങൾ കണ്ണൂർ മീറ്റിനു ഭൂഷണമാവില്ല എന്നു തീരുമാനിച്ചതും. വിമർശ്ശനങ്ങൾ ഇനിയും ഉണ്ടാകട്ടെ.. ഇനിയും മീറ്റുകൾ നടത്തുന്നവർക്ക് പോരായ്മകൾ തിരുത്തി മുന്നോട്ട് പോകാനാകട്ടെ . അടച്ചാക്ഷേപിച്ച് നിരുത്സാഹപ്പെടുത്തരുത് ആരും എന്നൊരു അഭ്യർത്ഥന കൂടി മുന്നോട്ടു വയ്ക്കുന്നു. സ്നേഹ പൂർവ്വം ബിജു കൊട്ടില

    മറുപടിഇല്ലാതാക്കൂ
  9. "ഒരുപാട്‌ സാഹിത്യ രാഷ്‌ട്രീയ ക്യാമ്പുകളില്‍ പങ്കെടുക്കുകയും സംഘടിപ്പിക്കുകയും അതിന്റെ മധുരമായ ഓര്‍മകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്യുന്നത്‌ കൊണ്ടാണ്‌ എന്നെ തികച്ചും നിരാശപ്പെടുത്തിയ ഒരു ക്യാമ്പിനെക്കുറിച്ച്‌ പറഞ്ഞത്‌."

    ഇത് തന്നെയാണ് പ്രശ്നം അത്തരം “ഗൌരവ” മീറ്റുകളല്ല ബ്ലോഗ് സംഗമങ്ങള്‍ എന്ന് ചെറായി മിറ്റ് പറഞ്ഞ് വെച്ചിട്ടുണ്ട് എന്നത് ബ്ലോഗ് ചരിത്രത്തില്‍ നിന്ന് വായിച്ചെടുത്തിരുന്നുവെങ്കില്‍ ഇത് പോലെയുള്ള പോസ്റ്റുകള്‍ ഉണ്ടാകുമായിരുന്നില്ല.. “ഗൌരവ” ബ്ലോഗ് ശില്പശാലകളും കേരളത്തില്‍ നടത്തപ്പെടുന്നുണ്ട്. “ഗൌരവം” വേണ്ടവര്‍ അതിന് പോകുക... സൌഹൃദ സംഗമങ്ങള്‍ക്ക് വേണ്ടി ഇത് പോലെയുള്ളവയിലും പോകുക....

    ഇനി ബ്ലോഗ് സംഗമങ്ങള്‍ക്ക് പോകുമ്പോള്‍ ഫ്ലാസ്കില്‍ ചായ എടുക്കുവാന്‍ മറക്കണ്ട... ;)

    മറുപടിഇല്ലാതാക്കൂ
  10. ഹംസയുടെ തുറന്നുപറച്ചിലും സംഘാടകരുടെ അസഹിഷ്ണുതയും.....
    രണ്ടും അല്‍പം കടന്നു പോയോ എന്നു സംശയം.

    മറുപടിഇല്ലാതാക്കൂ
  11. ഇന്നാണ് കണ്ടത്..
    വായിച്ചു (പോസ്റ്റ് മാത്രം)
    ഞാൻ ഇന്നേ വരെ മീറ്റാൻ പോയതെല്ലാം കൂട്ടുകാരെ കാണാനും ഇത്തിരി സന്തോഷിക്കാനും മാത്രം
    എനിക്കവ വേണ്ടുവോളം കിട്ടിയിട്ടുമുണ്ട് നൽകിയിട്ടുമുണ്ട്.

    മീറ്റിലെ പ്രധാന വിഷയം കമന്റിലൂടെ പോസ്റ്റിലൂടെ സംവദിച്ചവരെ ഒന്നു കാണുക, കൂടെ ഇരുന്ന് സംസാരിക്കുക കുറേ ചിരിക്കുക എന്നു വ്യക്തമായി മനസ്സിലാക്കിയതിനാൽ തന്നെ പങ്കെടുത്ത ഒരു മീറ്റും എനിക്ക് ഒരുപാട് ബോറായി തോന്നിയിട്ടില്ലാ.

    ഒരു വലിയ വിഷയത്തെ കുറിച്ചുള്ള ചർച്ചക്കോ കൂലങ്കുഷമായ ആശയ സംവാദത്തിനോ ഉള്ള വേദിയാണ് മീറ്റ് എങ്കിൽ എന്റെ പങ്കാളിത്തം തീർച്ചയായും ഞാൻ മാറ്റിവെക്കും. അതിനുള്ള വേദികൾ സാഹിത്യ വേദിയായി നമുക്ക് തന്നെ തരപ്പെടുത്താം.

    (കണ്ണൂർ മീറ്റിനു പങ്കെടുക്കാൻ കഴിയാതെ പോയതിൽ സങ്കറ്റപ്പെടുന്ന ഒരുവനായി ഇന്നും....!)

    മറുപടിഇല്ലാതാക്കൂ
  12. "15 വര്‍ഷമായി പിതാവിന്റെ പാത പിന്തുടരുകയും ഒരുപാട്‌ പരിപാടികള്‍ നടത്തുകയും നടത്തിക്കുകയും ചെയ്‌ത എന്നെ. മനുഷ്യാവകാശ പ്രവര്‍ത്തനത്തിന്റെ പേരില്‍ സോളിഡാരിറ്റിപോലുള്ള സംഘടന അവാര്‍ഡ്‌ നല്‍കി ആദരിച്ച എന്നെ.... കേരളത്തിലെ സാമൂഹിക പ്രതിബദ്ധതയുള്ള മൂന്ന്‌ പത്രപ്രവര്‍ത്തകരിലൊരാളായി തിരഞ്ഞെടുക്കപ്പെട്ട എന്നെ"

    ഹായ് ഹായ് ..അമ്പട ഞാനേ!

    മറുപടിഇല്ലാതാക്കൂ
  13. അജ്ഞാതന്‍2011, ഒക്‌ടോബർ 4 3:25 PM

    അവിടെ നടന്നത്‌ ചിലരുടെ കവിതാ വില്‍പ്പന എന്ന സാംസ്‌കാരിക പ്രവര്‍ത്തനം മാത്രമാണ്‌.....ഹംസ ആലുങ്കലിന് അവിടെ അതുതന്നെയായിരുന്നില്ലെ പരുപാടി...“കുഞ്ഞാലിയുടെ ജീവിതം “എന്ന താങ്കള്‍ എഴുതിയ പുസതകത്തിന്റെ എടുത്തുപോയ എല്ലാപ്രതിയും അവിടെ വിറ്റുതീര്‍ത്തിട്ടല്ലെ അവിടെനിന്നും പോന്നത്.....

    മാനമുള്ളവനാണേങ്കില്‍ ഇനിയൊരിക്കലും ബ്ലോഗുമീറ്റുകളില്‍ തന്നെ കണ്ടുപോകരുത്...

    മറുപടിഇല്ലാതാക്കൂ
  14. താങ്കളെ കൊണ്ട് ഇങ്ങനെ പറയിച്ചത് എന്താണെന്ന് അറിയില്ല. ബ്ലോഗ്‌ മീറ്റുകളില്‍ ചര്‍ച്ച നടക്കണം എന്ന് തിരൂര്‍ മീറ്റ് പോസ്റ്റില്‍ എഴുതിയ ആളാണ്‌ ഞാന്‍. അന്ന് എല്ലാരും കൂടി കമെന്റിലൂടെ ഉപദേസിച്ചപ്പോ എനിക്ക് കാര്യം പിടികിട്ടി. ബ്ലോഗ്‌ മീറ്റുകള്‍ സൌഹൃദ സംഗമങ്ങള്‍ മാത്രമാണ്. (ഈ മീറ്റ് തുടക്കത്തില്‍ അങ്ങനെ ആയിരുന്നില്ലയെങ്കിലും). മറ്റു ഉദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നല്ല, കാരണം ബ്ലോഗ്‌ ശില്പശാലകള്‍ മിക്കവാറും ബ്ലോഗ്‌ മീറ്റുകളുടെ ഭാഗമായി നടക്കാറുണ്ട്. ഇനിയുള്ള ബ്ലോഗ്‌ മീറ്റുകളില്‍ ഇത്തരം പഠന ക്ലാസുകള്‍ നിര്‍ബന്ധമായും നടത്തുകയും അതിനു കോളേജുകളും ലൈബ്രറികളും സാംസ്കാരിക വേദികളും കേന്ദ്രീകരിച്ചു കൊണ്ട് നല്ല രീതിയില്‍ പ്രചാരണം നല്‍കി നടത്തുകയും ചെയ്യാന്‍ നമ്മള്‍ ശ്രമിക്കണം. രാവിലെ ബ്ലോഗ്‌ മീറ്റും ഉച്ചക്ക് ശേഷം, (അല്ലെങ്കില്‍ മീറ്റിനു സമാന്തരമായി) പരിപാടി നടക്കുന്ന നാട്ടില്‍ ഉള്ളവര്‍ക്ക് അടക്കം ബ്ലോഗിനെ പറ്റി അറിയാനും പഠിക്കാനും അവസരമൊരുക്കുന്ന ഒരു ശില്പശാല കൂടി നടത്തുവാന്‍ സാധിച്ചാല്‍ നല്ലത്. കാരണം അപ്പോള്‍ ബ്ലോഗ്‌ മീറ്റുകള്‍ കൂടുതല്‍ ജനകീയമാവുകയും തുടരെ തുടരെ ഉണ്ടാകുന്ന മീറ്റുകള്‍ ബ്ലോഗ്‌ മീറ്റുകളുടെ തന്നെ പ്രസക്തി ഇല്ലാതാക്കുകയും ചെയ്യുന്ന അവസ്ഥയില്‍ മാറ്റം വരികയും ചെയ്യും. മീറ്റുകള്‍ ജനകീയമാകുമ്പോള്‍ ബ്ലോഗ്‌ ലോകത്തിനു പുറത്തുള്ള, ചെറുപ്പക്കാരും എഴുത്തിന്റെയും വായനയുടെയും അസുഖമുള്ളവരും ഒക്കെ അടങ്ങുന്ന നല്ലൊരു കൂട്ടായ്മയെ മീറ്റിന്റെ സംഘാടനത്തിലും പ്രാതിനിധ്യതിലും ഉറപ്പു വരുത്താനും സാധിക്കും. ഈ കൂട്ടായ്മയില്‍ നിന്ന് നല്ല ബ്ലോഗ്ഗെര്‍മാരും നല്ല ബ്ലോഗ്‌ വായനക്കാരും ഉയര്‍ന്നു വരികയും ചെയ്യും. എഴുത്തിന്റെ വഴി നമുക്കും സാധ്യമാക്കിയ, ഇന്നും ശൈശവത്തില്‍ നില്‍ക്കുന്ന ബൂലോകത്തിന്, നമുക്ക് നല്‍കാവുന്ന ഏറ്റവും വലിയ ഗുരു ദക്ഷിണയാകുമത് . .

    മറുപടിഇല്ലാതാക്കൂ
  15. വലിയ കാര്യങ്ങളൊന്നും പ്രതീക്ഷിക്കാതെ കുറച്ചു വ്യക്തികളെ നേരിട്ടു കാണാനും പരിചയപ്പെടാനുമുള്ള അവസരമാണല്ലോ എന്നു മാത്രം പ്രതീക്ഷിച്ചാണ് ഞാന്‍ കണ്ണൂര്‍ മീറ്റില്‍ പങ്കെടുത്ത്. എന്നെ സംബന്ധിച്ചിടത്തോളം അതു നടക്കുകയും ചെയ്തു.

    പിന്നെ സ്വാഗതം പറയേണ്ട വ്യക്തി ഉച്ചഭക്ഷണം ചമയ്കാന്‍ പോയെങ്കില്‍ അദ്ദേഹം കൊണ്ടുവന്ന ഉച്ചഭക്ഷണം വെട്ടി വിഴുങ്ങുന്നതിനു മുമ്പെങ്കിലും ഈ അഭിപ്രായ വ്യത്യാസം സൂചിപ്പിക്കാമായിരുന്നു.അതു ചെയ്യാതെ ഇപ്പോള്‍ ഇതു പറയുന്നതിലെ ഉദ്ദേശശുദ്ധി എന്താണാവോ... അവിടെ വന്ന മാന്യവ്യക്തികള്‍ പലരും പരസ്പരസ്നേഹവും ബഹുമാനവും പങ്കുവെച്ച് മീറ്റ് അവിസ്മരണീയമായ അനുഭവമാക്കാന്‍ ശ്രമിക്കുമ്പോള്‍ വലിയ ബുജി നാട്യത്തോടെ ആരെയും പരിചയപ്പെടാന്‍ മിനക്കെടാതെ താന്‍ എഴുതിയ പുസ്തകം പ്രചരിപ്പിക്കാന്‍ ബ്ലോഗ് മീറ്റ് ഉപയോഗിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവര്‍ക്ക് ഇങ്ങിനെ ഒക്കെ തോന്നുക സ്വാഭാവികം... പ്രിന്റ് മീഡിയകളില്‍ നിന്നുള്ള ഹംസ ആലുങ്കലിനെപ്പോലുള്ള ആളുകള്‍ക്ക് അത്തരം മീഡിയകളും അതിന്റെ മുതലാളിമാരും ഏറ്റവും വലിയ സംഭവമാണെന്നു തോന്നുക സ്വാഭാവികം. യജമാന ഭക്തികൊണ്ട് സംഭവിക്കുന്നതാണ് അത്.… പ്രിന്റ് മീഡിയകളെക്കാള്‍ താന്‍ ബ്ലോഗെഴുത്തില്‍ തൃപ്തി കാണുന്നു എന്ന് അവിടെ ആരെങ്കിലും പറഞ്ഞാല്‍ അത് ബ്ലോഗെഴുത്തിന്റെ മഹത്വമാണ്. താഴ്മയല്ലെ എന്നു മനസിലാക്കാന്‍ ജേണലിസ്റ്റ് ബുദ്ധിയൊന്നും വേണമെന്നില്ല...

    താങ്കള്‍ ഈ ലേഖനത്തിന്റെ അവസാന ഭാഗത്തെങ്കിലും താങ്കള്‍ക്ക് ബ്ലോഗെഴുത്തിനോടും ബ്ലോഗര്‍മാരോടുമുള്ള പരമപുച്ഛം തുറന്നു കാട്ടിയല്ലോ... നല്ലത്./////

    മറുപടിഇല്ലാതാക്കൂ
  16. >തെരുവ്‌ തല്ലില്‍ ജയിക്കുന്നവനല്ല ശക്തന്‍...
    പ്രകോപനങ്ങളിലും പ്രലോഭനങ്ങളിലും
    പതറാത്തവനാണ്‌ ശക്തന്‍ <

    ഇത് എഴുതിയ താങ്കള്‍ തന്നെ പിന്നെ രണ്ടാമതൊരു തറ പോസ്റ്റ് ഇട്ടത് ?

    ഞാന്‍ മീറ്റില്‍ ഇന്നു വരെ പങ്കെടുത്തിട്ടില്ല.. ഈ വക കാണുമ്പോള്‍ അതൊക്കെ നന്നായി എന്ന് തോന്നുന്നു

    മറുപടിഇല്ലാതാക്കൂ
  17. നിങ്ങളുടെ സദുദ്ദേശത്തെ മാനിക്കുന്നു.. ഇവിടെ കിട്ടിയ പ്രതികരണങ്ങളില്‍ നിന്നും ഒട്ടും വിഭിന്നമല്ലാത്ത ഒരു അഭിപ്രായമാണ് എനിക്കും ഉള്ളത്.. എങ്കിലും നിങ്ങള്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ആ മീറ്റില്‍ നിന്നും കിട്ടാതെ പോയതിലെ നിരാശ കൊണ്ട് പറഞ്ഞതാണ് എന്ന് മനസ്സിലാക്കുന്നു.. ആ അഭിപ്രായസ്വാതന്ത്രത്തെ ഞാന്‍ അംഗീകരിക്കുന്നു.. എങ്കിലും നിങ്ങളുടെ അറിവിലേക്കായി ചിലത് ബോധിപ്പിക്കട്ടെ കൂട്ടുകാരാ.. നമ്മള്‍ ബ്ലോഗേര്‍സ് ഒരു കുടുംബം എന്നുള്ള ഒരു ബോധം ആദ്യം മനസ്സില്‍ ഉണ്ടാക്കുക.. എന്നിട്ട് ചിന്തിക്കൂ..

    സ്വന്തം വീട്ടില്‍ നടക്കുന്ന ഒരു പരിപാടി മോശമായത്തിന്റെ ഉത്തരവാദിത്വം നിങ്ങള്ക്ക് കൂടിയുള്ളതാണ്.. എന്ത് കൊണ്ട് നിങ്ങള്‍ക്കും ആ സംഘാടകരുടെ കൂടെ ആ മീറ്റ്‌ ഭംഗിയാക്കാന്‍ ശ്രമിച്ചു കൂടായിരുന്നു... അവരുടെ ആ വലിയ പ്രയത്നങ്ങളെ എന്തിനു ഇങ്ങനെ ചെറുതായി കണ്ടു.. അതിന്റെ വിജയത്തിനായി നിങ്ങള്‍ക്കും കൂടാമായിരുന്നു.. നിങ്ങള്‍ ബ്ലോഗില്‍ പറഞ്ഞപോലെ ഒരുപാട് പരിപാടികള്‍ സംഘാടനത്തിലൂടെയും കിട്ടിയ ബഹുമതിയിലൂടെയും നേടിയ ജീവിതപരിചയം ഇതില്‍ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ഒരുപക്ഷെ ആ മീറ്റ്‌ നിങ്ങള്‍ മനസ്സില്‍ കരുതിയിരുന്ന പോലെ അതിന്റെ വലിയ വിജയങ്ങള്‍ നേടിയെടുത്താനെ..

    മീറ്റിനിടയില്‍ ബിജു കൊട്ടിലയെ കണ്ടു സംസാരിക്കുമ്പോള്‍ ഞാന്‍ ആദ്യം ഒരു ക്ഷമാപണം നടത്തുകയാണുണ്ടായത്.. ദൂര കൂടുതല്‍ കൊണ്ട് തലേ ദിവസം എത്താന്‍ കഴിയാതിരുന്നതില്‍.. മീറ്റിന്റെ സദ്യവട്ടങ്ങള്‍ ഒരുക്കാന്‍ ഒപ്പം കൂടാന്‍ കഴിയാഞ്ഞതില്‍ .. കുറ്റം പറയുക എളുപ്പമാണ്.. അതിന്റെ പിന്നിലെ അദ്ധ്വാനങ്ങള്‍ കാണാന്‍ കണ്ണിലാതെ പോകരുത് എന്ന് മാത്രം...

    മറുപടിഇല്ലാതാക്കൂ
  18. മീറ്റ് ഇക്കാലത്ത് ഇങ്ങനെയൊക്കെത്തന്നെയല്ലേ?

    മറുപടിഇല്ലാതാക്കൂ
  19. ഞാനും എഴുതി ഒരു കണ്ണൂര്‍ സൈബര്‍ മീറ്റ്‌ ബ്ലോഗ്‌ . എല്ലാവരും വായിക്കാന്‍ എങ്കിലും താല്പര്യം കാണിക്കണം....
    എന്റെ കണ്ണൂര്‍ യാത്ര വിവരണം...

    മറുപടിഇല്ലാതാക്കൂ
  20. ഈ പോസ്റ്റ്‌ ഇന്നാണ് കാണുന്നത്.. എനിക്ക് പറയാനുള്ളത്‌ പ്രദീപ്‌ മാഷ്‌ പറഞ്ഞു. !!!

    മറുപടിഇല്ലാതാക്കൂ
  21. പ്രദീപ്‌ മാഷ്‌ പറഞ്ഞത് തന്നെ ഞാനും പറയുന്നു. . . ഒരു ബ്ലോഗ്ഗര്‍ ഫോണില്‍ വിളിക്കുമ്പോള്‍ നാട്ടില്‍ വരുമ്പോള്‍ ഒന്ന് കാണണം എന്ന് പറയുമ്പോള്‍ അതിനു ഒരു സന്തോഷം ഉണ്ടാവും. . . എല്ലാരും ഒരുമിച്ചു ഒന്ന് കാണുമ്പോള്‍ അതിനു കൂടുതല്‍ സന്തോഷം. . . പൂര്‍വ വിദ്യാര്‍ഥി സംഗമം പോലെ തന്നെയാണ് ബ്ലോഗ്‌ സംഗമവും. . . നാളുകള്‍ കൂടി കൂട്ടുകാരെ കാണുമ്പോള്‍ കുശലാന്വേഷണം നടത്തി സോര പഴയ ഓര്‍മ്മകള്‍ പുതുക്കണോ അതോ ഇന്ത്യയുടെ ഭക്ഷ്യക്ഷാമം തീര്‍ക്കുന്നത് എങ്ങനെ എന്നത് കൂലങ്കുഷമായി ചര്‍ച്ച ചെയ്തു പ്രമേയം പാസ് ആക്കണോ???. .
    ഒരു ബ്ലോഗ്‌ മീറ്റിനു പോലും ഈ തിരക്ക് പിടിച്ച പഠിത്തത്തിനിടയില്‍ പങ്കു കൊള്ളാന്‍ പറ്റാത്ത ഒരു ബ്ലോഗര്‍(!!!!!) എന്നാ നിലയില്‍ സങ്കടത്തോടെ
    സിവില്‍എഞ്ചിനീയര്‍

    മറുപടിഇല്ലാതാക്കൂ
  22. പങ്കെടുത്ത ബ്ലോഗ്ഗേര്‍സിനെ വലിയ പരിചയം
    ഇല്ലാത്ത ശ്രി ഹംസക്ക് അതിലെ സംഘാടന
    രീതി ഇഷ്ടപ്പെടാത്തത് തുറന്നു പറയാന്‍ അവകാശം
    ഉണ്ട്..അദ്ദേഹത്തിന്റെ വാക്കുകളില്‍ വലിയ
    മഹാരഥന്മാരെ ഒന്നും അവിടെ കണ്ടുമില്ല..

    അപ്പോപ്പിന്നെ പരാജയപ്പെട്ട ഒരു വിഭാഗം എന്ന്
    തന്നെ തോന്നുന്നത് ഒരു കുറവ് അല്ലല്ലോ മാഷെ...
    നിങ്ങള്‍ ഒക്കെ അല്ലെ മഹാ രഥന്മാര്‍ ..
    പത്ര പ്രവര്‍ത്തനം വിട്ടു പോന്നു, പിന്നെ വിളിച്ചിട്ടും അങ്ങോട്ട്‌
    പോകാതെ സ്വന്തം വരയുമായി നടക്കുന്ന നൌഷാദ് അകംപാടത്തെ
    പോലെ ഉള്ളവര്‍ ഇപ്പോഴും ഈ മഹാ രഥന്‍മാര്‍ അല്ലാത്ത
    ബ്ലോഗേഴ്സ് പാവങ്ങളുടെ കൂടെ ഉണ്ട് കേട്ടോ...

    പിന്നെ ബ്ലോഗ്ഗേര്‍സിനെ സംബന്ധിച്ചിടത്തോളം വര്‍ഷങ്ങള്‍ ആയി
    കാണാത്ത സ്വന്തം കുടുംബത്തിലെ ഒരന്ഗത്തെ. അല്ലെങ്കില്‍ ഉത്തമ
    സുഹൃത്തിനെ കാണുന്ന സന്തോഷം ആണ്‌ ഈ മീറ്റുകളില്‍..അത്
    അവര്‍ക്കെ മനസ്സിലാകൂ.താങ്ങള്‍ക്ക്‌ ഒട്ടും മനസ്സിലാവൂല്ല.നിങ്ങളുടെ
    സാഹിത്യ സദസ്സുകളില്‍ ഒരിക്കല്‍ എങ്കിലും അങ്ങനെ ഒരു തോന്നല്‍
    ഉണ്ടായിട്ടുണ്ടോ..?
    അത് കൊണ്ടു തന്നെ നിങ്ങളെ ഒട്ടും കുറ്റം പറയാന്‍ മനസ്സ് വരുന്നുമില്ല...

    പ്രശസ്തനായ അങ്ങയുടെ പ്രൊഫൈല്‍ എനിക്ക് രസകരം ആയി
    തോന്നി..കഥാകാരന്‍ ആകണം എന്ന ആഗ്രഹത്തോടെ ജനിച്ചു എന്നോ? !!!
    ആ വാചകം ഒന്ന് തിരുത്തിയാല്‍.. അതോ അങ്ങനെയും ജനിക്കുമോ
    കുട്ടികള്‍?? വെറുതെ ഒരു രസം...സീരിയസ് അല്ല കേട്ടോ..
    എല്ലാവരും അഭിപ്രായങ്ങള്‍ പറയട്ടെ...താമസിച്ചു പോയി ഈ വരവ്..
    എങ്കിലും പുതു വത്സര ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ